സ്വാലിഹ് (അ)

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 ഒക്ടോബര്‍ 07 1438 മുഹറം 16

വിശുദ്ധ ക്വുര്‍ആനില്‍ സ്വാലിഹ് നബി(അ)ന്റെ പേര് ഒമ്പത് തവണയും അദ്ദേഹത്തിന്റെ ഗോത്രത്തിന്റെ പേരായ 'ഥമൂദ്' എന്നത് 24 തവണയും വന്നിട്ടുണ്ട്. സുഊദി അറേബ്യയിലെ ഹിജാസിന്റെയും തബൂക്കിന്റെയും ഇടയിലെ 'ഹിജ്ര്‍' ആയിരുന്നു അവരുടെ താമസ സ്ഥലം. മദീനയുടെ വടക്ക് ഭാഗത്ത് 400 കിലോ മീറ്റര്‍ അകലെയുള്ള ഈ സ്ഥലം 'മദാഇനു സ്വാലിഹ്' എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നു.

ആദ് സമൂഹത്തിന് ശേഷം വന്ന ഥമൂദുകാര്‍ നാഗരികതയില്‍ മുന്നിട്ടവരായിരുന്നു. ജീവിത സൗകര്യം യഥേഷ്ടം നല്‍കപ്പെട്ടവരായിന്നു അവര്‍. കൃഷിക്ക് ആവശ്യമായ ജലസേചന സൗകര്യങ്ങളാല്‍ അനുഗൃഹീതരായിരുന്നു അവര്‍. നദികളാലും നീരുറവുകളാലും സമ്പന്നമായ നാട്ടില്‍ പര്‍വതങ്ങള്‍ തുരന്ന് വലിയ ഭവനങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിവ് നല്‍കപ്പെട്ട അവര്‍ നല്ല ആരോഗ്യവാന്മാരായിരുന്നു.

ഈ അനുഗ്രഹങ്ങളെല്ലാം നല്‍കപ്പെട്ടിട്ടും ചിന്തിക്കുവാന്‍ അവര്‍ തയ്യാറായില്ല. അനുഗ്രഹദാതാവായ അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടതിന് പകരം അവരുടെ പരമമായ താഴ്മയും വണക്കവും സൃഷ്ടികളിലേക്ക് തിരിച്ചുവിട്ട് വിഗ്രഹാരാധകരും ധിക്കാരികളുമായി അവര്‍ മാറുകയായിരുന്നു. അവരുടെ മുമ്പ് കഴിഞ്ഞുപോയ ആദ് സമൂഹത്തിന്റെ പതനത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും ബഹുദൈവാരാധകരും ധിക്കാരികളുമായി അവര്‍ മാറി! അത്രയധികം ധിക്കാരികളായിരുന്നു അവരെന്നര്‍ഥം. ഇൗ ധിക്കാരികളിലേക്കാണ് അല്ലാഹു സ്വാലിഹ്(അ)നെ നിയോഗിക്കുന്നത്. 

''ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്കു ഒരു ദൈവവുമില്ല''(ക്വുര്‍ആന്‍ 7:73). 

ഏതൊരു പ്രവാചകനെയും ഏതൊരു സമൂഹത്തിലേക്ക് അല്ലാഹു അയച്ചപ്പോഴും ആ പ്രവാചകന്‍തന്റെ ജനതയിലെ മറ്റെല്ലാ ജീര്‍ണതകളെക്കാളും ആദ്യം എതിര്‍ത്തത് സ്രഷ്ടാവില്‍ പങ്കു ചേര്‍ക്കുന്നതിനെയായിരുന്നു. വിശ്വാസ വിശുദ്ധിയിലേക്കുള്ള പ്രബോധനമാണ് പ്രവാചകന്മാര്‍ തുടങ്ങിയത്. സ്വാലിഹ്(അ)യും അവരെ ഏകദൈവാരാധനയിലേക്ക് ആദ്യം ക്ഷണിച്ചു. എന്തുകൊണ്ട് അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന് അവരെ ബോധ്യപ്പെടുത്തുവാന്‍ പരിശ്രമിച്ചു: 

''ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൗധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത് നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ത്ത് നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്'' (ക്വുര്‍ആന്‍ 7:74).

''അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ച് വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അടുത്തു തന്നെയുള്ളവനും (പ്രാര്‍ഥനക്ക്) ഉത്തരം നല്‍കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 11:61).

അല്ലാഹു അവര്‍ക്ക് നല്‍കിയ ഓരോ അനുഗ്രഹവും അവരോട് എടുത്തു പറഞ്ഞ് അല്ലാഹുവിലേക്ക് മടങ്ങുവാനും അവനെ മാത്രം ആരാധിക്കുവാനും അദ്ദേഹം ഉപദേശിച്ചു. ഈ അനുഗ്രഹങ്ങളെല്ലാം എന്നും നിങ്ങളില്‍ നിലനില്‍ക്കും എന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ അത് വ്യാമോഹമാണെന്ന് അവരെ അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു: 

''ഥമൂദ് സമുദായം ദൈവദൂതന്‍മാരെ നിഷേധിച്ചുതള്ളി. അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങളോട് ഞാന്‍ ഇതിന്റെ പേരില്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. ഇവിടെയുള്ളതില്‍ (സമൃദ്ധിയില്‍) നിര്‍ഭയരായിക്കഴിയാന്‍ നിങ്ങള്‍ വിട്ടേക്കപ്പെടുമോ, അതായത് തോട്ടങ്ങളിലും അരുവികളിലും വയലുകളിലും കുല ഭാരംതൂങ്ങുന്ന ഈന്തപ്പനകളിലും. നിങ്ങള്‍ സന്തോഷപ്രമത്തരായിക്കൊണ്ട് പര്‍വതങ്ങളില്‍ വീടുകള്‍ തുരന്നുണ്ടാക്കുകയും ചെയ്യുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. അതിക്രമകാരികളുടെ കല്‍പന നിങ്ങള്‍ അനുസരിച്ചു പോകരുത്; ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും നന്‍മവരുത്താതിരിക്കുകയും ചെയ്യുന്നവരുടെ'' (ക്വുര്‍ആന്‍ 26:141-152).

ഇങ്ങനെയെല്ലാം ഉപദേശിച്ചിട്ടും താക്കീത് നല്‍കിയിട്ടും അവര്‍ക്കൊരു കുലുക്കവും വന്നില്ല. അംഗീകരിക്കാതെ കളവാക്കുകയാണ് അവര്‍ ചെയ്തത്.

''ഥമൂദ് സമുദായം താക്കീതുകളെ നിഷേധിച്ചു കളഞ്ഞു. അങ്ങനെ അവര്‍ പറഞ്ഞു: നമ്മളില്‍ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും. നമ്മുടെ കൂട്ടത്തില്‍ നിന്ന് അവന്നു പ്രത്യേകമായി ഉല്‍ബോധനം നല്‍കപ്പെട്ടു എന്നോ?  അല്ല! അവന്‍ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു'' (ക്വുര്‍ആന്‍ 54:2325).

സ്വാലിഹ്(അ) അവരോട് നടത്തിയ ഉപദേശം അവരുടെ ആഗ്രഹങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അതിലുപരി അവരുടെ വിശ്വാസത്തിനും എതിരായിരുന്നു. അവര്‍ക്ക് ഈ ഉപദേശങ്ങളൊന്നും ദഹിക്കാതെയായി. അവര്‍ അദ്ദേഹത്തോട് ഇപ്രകാരവും പ്രതികരിച്ചു:

''അവര്‍ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ് നീ ഞങ്ങള്‍ക്കിടയില്‍ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിച്ചുവരുന്നതിനെ ഞങ്ങള്‍ ആരാധിക്കുന്നതില്‍ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച് കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങള്‍ അവിശ്വാസജനകമായ സംശയത്തിലാണ്'' (ക്വുര്‍ആന്‍ 11:62).

സ്വാലിഹ്(അ) അവരുടെത് വല്ലതും കവര്‍ച്ച നടത്തിയോ? ഇല്ല! അവരെ ചതിച്ചിട്ടുണ്ടോ? ഇല്ല! അവരെ ചീത്ത വിളിക്കുകയോ അവരോട് അപമര്യാദയോടെ പെരുമാറുകയോ ചെയ്തിട്ടുണ്ടോ? അതുമില്ല! ഇതെല്ലാം അവര്‍ക്കും അറിയാം. അദ്ദേഹത്തിന്റെ തറവാടിത്തം, വ്യക്തിത്വം, ബുദ്ധി വൈഭവം, സ്വഭാവ ശുദ്ധി എന്നിവയെല്ലാം അവര്‍ക്കിടയില്‍ അറിയപ്പെട്ടതാണ്. അവര്‍ക്ക് അദ്ദേഹത്തില്‍ സല്‍പ്രതീക്ഷയുമുണ്ടായിരുന്നു. പിന്നെ എന്ത് അപരാധമാണ് സ്വാലിഹ്(അ) അവരോട് ചെയ്തത്? 'അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ, അവനല്ലാതെ മറ്റൊരു ആരാധ്യനില്ല. നിങ്ങളും നിങ്ങളുടെ പൂര്‍വ പിതാക്കളും അല്ലാഹുവിനു പുറമെയുള്ളവരെ ആരാധിക്കുന്നുവല്ലോ; അത് വഴികേടാണ്.' ഇത് പറഞ്ഞതിനാലാണ് സ്വാലിഹ് നബി(അ)നെ ജനങ്ങള്‍ കളവ് പറയുന്നവനായി മുദ്രകുത്തിയത്.

ഇത് എല്ലാ പ്രവാചകന്മാരുടെയും അനുഭവമാണ്.  മുഹമ്മദ് നബി ﷺ നാല്‍പത് വയസ്സ് വരെ എല്ലാവര്‍ക്കും സുസമ്മതനും ആദരിക്കപ്പെട്ടവനും ആയിരുന്നു; ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ ആളുകള്‍ മധ്യസ്ഥനായി കണ്ടിരുന്ന സത്യസന്ധനും വിശ്വസ്തനുമായിരുന്നു. മക്കക്കാര്‍ അദ്ദേഹത്തെ 'അല്‍അമീന്‍' (വിശ്വസ്തന്‍) എന്ന് ആദരപൂര്‍വം വിളിച്ചുവെന്ന് ചരിത്രം പഠിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയും വിശ്വസ്തതയും സുതരാം വ്യക്തമാകുന്നു. എന്നാല്‍ സ്രഷ്ടാവായ അല്ലാഹു മാത്രമെ ആരാധ്യനായുള്ളൂവെന്നും സൃഷ്ടികള്‍ ഒന്നും അതിന് പര്യാപ്തരല്ലെന്നും പ്രഖ്യാപിച്ചതിനാല്‍ വിശ്വസ്തനെന്നു വിളിച്ച അതേ ആളുകള്‍ അദ്ദേഹത്തെ  മാരണം ബാധിച്ചവനെന്നും ഭ്രാന്തനെന്നും കവിയെന്നും വിളിച്ച് ആക്ഷേപിക്കുവാനും പരിഹസിക്കുവാനും തുടങ്ങി!

സ്വാലിഹ് നബി(അ)നെ അവര്‍ കള്ളനായി വിളിച്ചപ്പോള്‍ അദ്ദേഹം അവരോട് നല്‍കുന്ന മറുപടി നോക്കുക. 

''അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ,  ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവന്റെ പക്കല്‍നിന്നുള്ള കാരുണ്യം അവനെനിക്ക് നല്‍കിയിരിക്കുകയുമാണെങ്കില്‍; അല്ലാഹുവോട് ഞാന്‍ അനുസരണക്കേട് കാണിക്കുന്ന പക്ഷം അവന്റെ ശിക്ഷയില്‍ നിന്ന് (രക്ഷിച്ചുകൊണ്ട്) എന്നെ സഹായിക്കാനാരുണ്ട്? അപ്പോള്‍ (കാര്യം ഇങ്ങനെയാണെങ്കില്‍) നിങ്ങള്‍ എനിക്ക് കൂടുതല്‍ നഷ്ടം വരുത്തിവെക്കുക മാത്രമെ ചെയ്യൂ''(ക്വുര്‍ആന്‍ 11:63).

'എന്റെ ജനങ്ങളേ, നിങ്ങള്‍ക്കെന്ത് പറ്റി? ഞാന്‍ എന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവിനെ അടിസ്ഥാനമാക്കിയല്ലേ നിങ്ങളോട് സംസാരിക്കുന്നത്?! അവനാകട്ടെ എനിക്ക് ആവശ്യമായ ജീവിത സൗകര്യങ്ങളെല്ലാം ഒരുക്കിത്തന്നവനുമാണ്. അതിലൊന്നും മറ്റാര്‍ക്കും യാതൊരു പങ്കുമില്ല. ഇനി നിങ്ങളുടെ വാക്കുകള്‍ കേട്ട് അതിനനുസരിച്ച് ഞാന്‍ ഈ മാര്‍ഗത്തില്‍ നിന്ന് മാറിയാല്‍ ആ റബ്ബില്‍ നിന്ന് എനിക്ക് വരുന്ന പരീക്ഷണങ്ങളില്‍ നിന്നും ശിക്ഷകളില്‍ നിന്നും എന്നെ സഹായിക്കാന്‍ ആരുണ്ട്?' എന്നെല്ലാം സ്വാലിഹ്(അ) ആ ജനതയോട് ചോദിച്ചു.

അല്ലാഹുവിന്റെ ദീനിന് പ്രാധാന്യം നല്‍കി ജീവിക്കുന്നവരെ ഐഹിക ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ കാണിച്ച് പ്രലോഭിപ്പിക്കുമ്പോള്‍ ധീരതയോടെ സത്യത്തിന്റെ കൂടെ നില്‍ക്കാന്‍ സാധിക്കണം. അതാണ് പ്രവാചകന്‍ സ്വാലിഹ്(അ)ന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.  

സ്വാലിഹ്(അ) തൗഹീദിന്റെ സന്ദേശവുമായി മുന്നോട്ട് ഗമിക്കുകയാണ്. സമൂഹത്തില്‍ രണ്ട് ചേരികള്‍ രൂപപ്പെട്ടു.

''നിങ്ങള്‍ അല്ലാഹുവെ (മാത്രം) ആരാധിക്കുക എന്ന ദൗത്യവുമായി ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ അവര്‍ അനേ്യാന്യം വഴക്കടിക്കുന്ന രണ്ട് കക്ഷികളായിത്തീരുന്നു'' (ക്വുര്‍ആന്‍ 27:45).

ഏത് കാലഘട്ടത്തിലും സത്യത്തിന്റെ ശബ്ദം ഒരു നാട്ടില്‍ ഉദ്‌ഘോഷിക്കുമ്പോള്‍ സത്യത്തിന്റെ കൂടെ നില്‍ക്കുന്ന ഒരു വിഭാഗവും സത്യത്തിന്റെ എതിരാളികളായ ഒരു വിഭാഗവും ഉരുത്തിരിയും. 

സ്വാലിഹ്(അ)ന്റെ കൂടെയുള്ള വിശ്വാസികള്‍ ദുര്‍ബലരായിരുന്നു. ഇതും സത്യത്തിന്റെ ഒരു പ്രത്യേകതയാണ്. അല്ലാഹുവിന്റെ ദീനിനെ ആദ്യം പുല്‍കാന്‍ തയ്യാറാവുക സാധാരണക്കാരാകും. സമ്പന്നര്‍ക്ക് പലതും ആലോചിക്കുവാനുണ്ടാകും. അഭിമാനവും തറവാടിത്തവും ജനസ്വാധീനവും നഷ്ടപ്പെടുമോ എന്നവര്‍ ഭയക്കും. പാവങ്ങളായ സാധാരണ ജനങ്ങള്‍ക്ക് അതൊന്നും ചിന്തിക്കേണ്ടതില്ലല്ലോ. സമ്പന്നരില്‍ ഭയലേശമന്യെ സത്യം സ്വീകരിക്കുന്നവര്‍ ഇല്ല എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. 

സ്വാലിഹ്(അ)ന്റെ കൂടെയുള്ള അണികളെ പ്രമാണിമാര്‍ പിന്തിരിപ്പിക്കാന്‍ ശക്തമായ ശ്രമം നടത്തി. 

''അദ്ദേഹത്തിന്റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി കരുതപ്പെട്ടവരോട് (അതായത്) അവരില്‍ നിന്ന് വിശ്വസിച്ചവരോട് പറഞ്ഞു: സ്വാലിഹ് തന്റെ രക്ഷിതാവിങ്കല്‍ നിന്ന് അയക്കപ്പെട്ട ആള്‍ തന്നെയാണെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്'' (ക്വുര്‍ആന്‍ 7:75).

പ്രമാണിമാരായ ആ ശത്രുക്കള്‍ പാവങ്ങളും ബലഹീനരുമായ വിശ്വാസികളോട് ചോദിക്കുന്നത് സ്വാലിഹ് റബ്ബില്‍ നിന്നും നിയുക്തനായവന്‍ തന്നെയാണെന്ന് നിങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നുവോ എന്നാണ്. അതിന് വിശ്വാസികള്‍ നല്‍കിയ മറുപടി അവരുടെ വിശ്വാസ ദാര്‍ഢ്യതയും ധീരതയും നമുക്ക് അറിയിച്ച് തരുന്നുണ്ട്. വിശ്വസിക്കുന്നുവോ എന്ന ചോദ്യത്തിന് 'അതെ' എന്ന ഒറ്റ വാചകത്തില്‍ മറുപടി നല്‍കി അവസാനിപ്പിക്കാതെ ഇനിയൊരു ചോദ്യം വരാതിരിക്കത്തക്ക വിധത്തില്‍ 'അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്' എന്ന മറുപടി നല്‍കി. അന്നേരം ഇതായിരുന്നു ആ ജനതയുടെ മറുപടി. 

''അഹങ്കാരം കൈക്കൊണ്ടവര്‍ പറഞ്ഞു: നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള്‍ തീര്‍ത്തും നിഷേധിക്കുന്നവരാണ്'' (7:76).

സ്വാലിഹ്(അ)യില്‍ വിശ്വസിച്ചവരെ അദ്ദേഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തെ ശകാരിക്കുവാനും ആക്ഷേപ വാക്കുകള്‍ കൊണ്ടും കുത്തുവാക്കുകള്‍ കൊണ്ടും പ്രഹരിക്കുവാനുമായി അവരുടെ ശ്രമം. 'സ്വാലിഹേ, നിന്റെ ഈ പുതിയ വര്‍ത്തമാനം കുടുംബത്തിലും സമൂഹത്തിലും ഉണ്ടായിരുന്ന ഐക്യം ഇല്ലാതാക്കി. നിലവില്‍ അനുഭവിക്കുന്ന ക്ഷാമവും വരള്‍ച്ചയും എല്ലാം നീ കാരണം ഉണ്ടായതാണ്. നിനക്കും നിന്റെ കൂടെയുള്ളവര്‍ക്കും എന്തോ ദുഃശകുനം പിടിപെട്ടിട്ടുണ്ട്...' എന്നെല്ലാം അവര്‍ പറഞ്ഞു. 

''അവര്‍ പറഞ്ഞു: നീ മൂലവും നിന്റെ കൂടെയുള്ളവര്‍ മൂലവും ഞങ്ങള്‍ ശകുനപ്പിഴവിലായിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ശകുനം അല്ലാഹുവിങ്കല്‍ രേഖപ്പെട്ടതത്രെ. അല്ല, നിങ്ങള്‍ (ദൈവികമായ) പരീക്ഷണത്തിന് വിധേയരാകുന്ന ഒരു ജനതയാകുന്നു'' (ക്വുര്‍ആന്‍ 27:47).

നാട്ടിലെ ക്ഷാമത്തിനും വരള്‍ച്ചക്കും കാരണക്കാര്‍ ഞാനോ എന്നില്‍ വിശ്വസിച്ചവരോ അല്ല. മറിച്ച്, നിങ്ങളുടെ അവിശ്വാസവും അഹങ്കാരവും ധിക്കാരവുമാണെന്നും അല്ലാഹു നിങ്ങളെ പരീക്ഷിക്കുകയാണെന്നും സ്വാലിഹ്(അ) അവര്‍ക്ക് മറുപടി നല്‍കി.

സ്വാലിഹ്(അ)നോട് അവര്‍ പറഞ്ഞു: ''നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. അതിനാല്‍ നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ വല്ല ദൃഷ്ടാന്തവും കൊണ്ട് വരൂ'' (ക്വുര്‍ആന്‍ 26:54)

മുഫസ്സിറുകള്‍ പറഞ്ഞു: 'ഥമൂദുകാര്‍ എല്ലാവരും ഒരുമിച്ചു കൂടി. അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ സ്വാലിഹ്(അ) അവരുടെ അടുക്കല്‍ ചെന്നു. എന്നിട്ട് അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും അവരെ താക്കീത് നല്‍കുകയും അവരെ ഉപദേശിക്കുകയും അവരോട് കല്‍പിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ അദ്ദേഹത്തോട് പറഞ്ഞു: ഈ പാറയില്‍ നിന്ന് -അവര്‍ അവിടെയുള്ള പാറയിലേക്ക് ചൂണ്ടി- ഇന്നയിന്ന ഗുണങ്ങളുള്ള ഒരു ഒട്ടകത്തെ പുറത്ത് കൊണ്ടു വന്നാല്‍ (ഞങ്ങള്‍ വിശ്വസിക്കാം). അവര്‍ ആ ഒട്ടകത്തിന്റെ വിശേഷണങ്ങളും പേരുകളുമൊക്കെ പറഞ്ഞു. അപ്പോള്‍ അവരോട് പ്രവാചകന്‍ സ്വാലിഹ്(അ) പറഞ്ഞു: നിങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം നിങ്ങള്‍ ചോദിച്ചത് ഞാന്‍ നിങ്ങള്‍ക്ക് നല്‍കി ഉത്തരം ചെയ്താല്‍ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടു വന്നതില്‍ വിശ്വസിക്കുകയും ഞാന്‍ അയക്കപ്പെട്ടതില്‍ നിങ്ങള്‍ എന്നെ സത്യപ്പെടുത്തുകയും ചെയ്യുമോ? അവര്‍ പറഞ്ഞു: അതെ. അങ്ങനെ അദ്ദേഹം അവരില്‍ നിന്ന് അതിന്ന് കരാര്‍ വാങ്ങി.  പിന്നീട് അദ്ദേഹം അദ്ദേഹത്തിന്റെ നമസ്‌കാര സ്ഥലത്തേക്ക് പോയി. അല്ലാഹു അദ്ദേഹത്തിന് തോന്നിച്ച അത്ര സമയം അദ്ദേഹം നമസ്‌കരിച്ചു. പിന്നീട് അവര്‍ ആവശ്യപ്പെട്ടതിന് അവര്‍ക്ക് ഉത്തരം നല്‍കാനായി അല്ലാഹുവിനോട് അദ്ദേഹം പ്രാര്‍ഥിച്ചു. അപ്പോള്‍ അല്ലാഹു ആ കല്ലിനോട് വലിയ ഒരു ഒട്ടകത്തെ പുറത്ത് കൊണ്ടുവരാന്‍ കല്‍പിച്ചു... അങ്ങനെ അവരില്‍നിന്ന് ധാരാളം പേര്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ധാരാളം പേര്‍ അവരുടെ അവിശ്വാസത്തിലും അവരുടെ വഴികേടിലും അവരുടെ ധിക്കാരത്തിലും നിലനിന്നു.'

എന്താണ് ഇവിടെ സംഭവിച്ചത്? അവര്‍ ദൃഷ്ടാന്തം ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടത് നല്‍കിയാല്‍ വിശ്വസിക്കുമോ എന്ന് ചോദിച്ചു. അതെ എന്ന് അവര്‍ ഉത്തരം നല്‍കി. പക്ഷേ, ആവശ്യം യാഥാര്‍ഥ്യമായപ്പോള്‍ മറ്റു പലതും പറഞ്ഞ് അവര്‍ ഒഴിഞ്ഞു മാറി. ചിലരെല്ലാം വിശ്വസിച്ചെങ്കിലും മഹാഭൂരിഭാഗവും അതില്‍ അവിശ്വസിക്കുകയാണ് ചെയ്തത്. 

മുഹമ്മദ് നബി ﷺ യുടെ കാലത്തും സമാനമായ സംഭവം നടന്നിട്ടുണ്ട്. അദ്ദേഹത്തോട് ശത്രുക്കള്‍ പറഞ്ഞു: 'മുഹമ്മദേ.. നീ സത്യസന്ധനാണെങ്കില്‍ ചന്ദ്രനെ ഞങ്ങള്‍ക്കൊന്ന് രണ്ടായി പിളര്‍ത്തി കാണിച്ച് തരണം.' അപ്പോള്‍ നബി ﷺ അവരോട് ചോദിച്ചു: 'ഈ ചന്ദ്രനെ ഞാന്‍ രണ്ട് പകുതികളാക്കി കാണിച്ചു തന്നാല്‍ നിങ്ങള്‍ എന്നെ വിശ്വസിക്കുമോ?' അവര്‍ പറഞ്ഞു: 'അതെ, ഞങ്ങള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ എന്താണ് തടസ്സം?' അപ്പോള്‍ നബി ﷺ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ചന്ദ്രന്റെ രണ്ട് പകുതിയുടെ ഇടയിലൂടെ അബൂക്വുബൈസ് എന്ന പര്‍വതം അവര്‍ കാണുന്നത് വരെ അല്ലാഹു ചന്ദ്രനെ രണ്ട് പകുതികളാക്കി പിളര്‍ത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: 'നീ വലിയ സിഹ്ര്‍ തന്നെയാണ് കൊണ്ടുവന്നിട്ടുള്ളത്.' ക്വുര്‍ആന്‍ ഇത് സംബന്ധമായി പറഞ്ഞത് ഇപ്രകാരമാണ്: ''ആ (അന്ത്യ)സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞുകളയുകയും ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും'' (ക്വുര്‍ആന്‍ 54:1,2).

അല്ലാഹു മുഹമ്മദ് നബി ﷺ ക്ക് നല്‍കിയ മുഅ്ജിസത്തില്‍ (ദൈവിക ദൃഷ്ടാന്തം) പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രസ്തുത സംഭവം. സ്വഹീഹുല്‍ ബുഖാരി അടക്കമുള്ള പ്രസിദ്ധ ഹദീഥ് ഗ്രന്ഥങ്ങളില്‍ നമുക്ക് ഈ സംഭവം കാണാവുന്നതാണ്. എന്നാല്‍ മതത്തിന്റെ പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട പലതിനെയും തങ്ങളുടെ പരിമിത ബുദ്ധികൊണ്ട് അളന്ന് സ്വീകരിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നവര്‍ക്ക് ഈ സംഭവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. 'ചന്ദ്രന്‍ രണ്ടായി പിളരുകയോ? അതൊന്നും സംഭവ്യമല്ല' എന്നാണ് അവരുടെ നിലപാട്! 

അപ്പോള്‍ ക്വുര്‍ആനില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനക്കുറിച്ച് എന്ത് പറയും? അതിനുള്ള മറുപടി 'അത് ആലങ്കാരികം' ആണ് എന്നത്രെ! എങ്ങനെ ഇവര്‍ക്ക് ഇങ്ങനെ പച്ചയായ സത്യത്തെ നിഷേധിക്കാനും പരിഹസിക്കാനും സാധിക്കുന്നു! ശഹാദത്ത് കലിമ അഥവാ സാക്ഷ്യവാക്യം നിഷ്‌കളങ്കമായി ചൊല്ലിയ ഒരു മുസ്‌ലിമിന് തൗഹീദിനെതിരിലും സുന്നത്തിനെതിരിലും സംസാരിക്കുവാനോ ചിന്തിക്കുവാനോ എങ്ങനെയാണ് കഴിയുക? ഇതാണ് മതപ്രമാണങ്ങളെ തങ്ങളുടെ പരിമിതമായ ബുദ്ധികൊണ്ട് അളക്കുന്നത് കൊണ്ടുള്ള അപകടം. (തുടരും)