കഅ്ബയുടെ നിര്‍മാണം

ഹുസൈന്‍ സലഫി, ഷാര്‍ജ 

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20

(ഇബ്‌റാഹീം നബി(അ): 7)

ഇബ്‌റാഹീം നബി(അ) മകന്‍ ഇസ്മാഈലി(അ)ന്റെ അടുത്ത് വന്ന് പോയ കാര്യമാണ് നാം വിശദീകരിച്ചത്. വീണ്ടും ഒരിക്കല്‍ പിതാവ് മകന്റെ അടുക്കല്‍ ചെന്നു. അന്നേരം ഇസ്മാഈല്‍(അ) സംസമിന്റെ അടുത്തുള്ള ഒരു വൃക്ഷത്തിനു താഴെ അമ്പ് ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. പിതാവിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് എഴുന്നേറ്റ് ചെന്നു. (പരസ്പരം കണ്ടുമുട്ടുമ്പോള്‍) പിതാവും പുത്രനും െചയ്യുന്നതെല്ലാം അവര്‍ ചെയ്തു. പിന്നീട് ഇബ്‌റാഹീം(അ) പറഞ്ഞു: 'ഇസ്മാഈല്‍, അല്ലാഹു എന്നോട് ഒരു കാര്യം (ചെയ്യുവാന്‍) കല്‍പിച്ചിരിക്കുന്നു.' ഇസ്മാഈല്‍(അ) പറഞ്ഞു: 'താങ്കളുടെ റബ്ബ് താങ്കളോട് പറഞ്ഞത് ചെയ്തുകൊള്ളുക.' ഇബ്‌റാഹീം(അ) ചോദിച്ചു: 'നീ എന്നെ സഹായിക്കുമോ?' ഇസ്മാഈല്‍(അ) പറഞ്ഞു: 'ഞാന്‍ താങ്കളെ സഹായിക്കുന്നതാണ്.' അവര്‍ താമസിച്ചിരുന്ന സ്ഥലത്തിനടുത്ത് ഉയര്‍ന്നുനില്‍ക്കുന്ന ചെറിയ മണ്‍കൂനകളുടെചുറ്റും ചൂണ്ടിക്കാണിച്ചകൊണ്ട് ഇബ്‌റാഹീം(അ) പറഞ്ഞു: 'അല്ലാഹു എന്നോട് ഇവിടെ ഒരു ഭവനം നിര്‍മിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു.' അങ്ങനെ ഇരുവരും അതിനടുത്ത് ഭവനത്തിനുള്ള തൂണുകള്‍ ഉയര്‍ത്തി. ഇസ്മാഈല്‍(അ) കല്ല് കൊണ്ടുവരുന്നു. ഇബ്‌റാഹീം(അ) നിര്‍മിക്കുന്നു. അങ്ങനെ കെട്ടിടം ഉയരത്തിലായി. ഇസ്മാഈല്‍(അ) ഒരു കല്ല് കൊണ്ടുവന്ന് (പിതാവിന്) വെച്ചുകൊടുത്തു. അദ്ദേഹം (പിതാവ്) അതില്‍ കയറിനിന്ന് നിര്‍മാണം തുടരുന്നു. ഇസ്മാഈല്‍(അ) അദ്ദേഹത്തിന് കല്ലുകള്‍ കൈമാറുന്നു. അവര്‍ ഇരുവരും ഇപ്രകാരം പറയുന്നുമുണ്ട്: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നും നീ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണല്ലോ.' നബി ﷺ പറയുകയാണ്: ''അങ്ങനെ അവര്‍ ഇരുവരും (അത്) നിര്‍മിക്കുകയാണ്. ആ ഭവനത്തിന് ചുറ്റും നടന്നുകൊണ്ട് അവര്‍ ഇരുവരും പറയുന്നുണ്ട്: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നും നീ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാണല്ലോ'' (ബുഖാരി).

ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ സ്ഥലത്ത് പരിശുദ്ധമായ ഭവനമാണുണ്ടാക്കുന്നത്. അതും അല്ലാഹുവിന്റെ കല്‍പന പ്രകാരം. എന്നിട്ടും ഇത് സ്വീകരിക്കണേ എന്ന് ഇരുവരും പ്രാര്‍ഥിക്കുന്നു. അത്രയും ആത്മാര്‍ഥതയും പ്രതിഫലേഛയും അവര്‍ക്കുണ്ടായിരിന്നു എന്നര്‍ഥം.

ഈ രണ്ട് മഹാന്മാരും കഅ്ബ നിര്‍മിക്കുന്നതിനു മുമ്പ് അവിടെ കഅ്ബ ഉണ്ടായിരുന്നോ ഇല്ലേ എന്ന എന്ന ഒരു ചര്‍ച്ച പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പരിശുദ്ധ ക്വുര്‍ആനിലോ സ്വഹീഹായ ഹദീഥുകളിലോ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും നിര്‍മിക്കുന്നതിനുമുമ്പേ അവിടെ കഅ്ബ  ഉണ്ടായിരുന്നു എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടില്ല. മലക്കുകള്‍ മുമ്പേ അവിടെ കഅ്ബ നിര്‍മിച്ചിരുന്നെന്നും പിന്നീട് ആദം(അ) നിര്‍മിച്ചുവെന്നും അതിനു ശേഷം പലരുടെയും കൈകളാല്‍ നിര്‍മിക്കപ്പെടുകയും പിന്നീട് അതിന് നാശം സംഭവിക്കുകയും ചെയ്തുവെന്നും ആ സ്ഥലത്ത് തന്നെ പിന്നീട് ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും  കഅ്ബ നിര്‍മിക്കുകയാണുണ്ടായതെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍ ഉണ്ട്. ഈ അഭിപ്രായം പൂര്‍ണമായും ശരിയെന്നോ ശരിയല്ലെന്നോ പറയുവാന്‍ കഴിയില്ല.

മുഹമ്മദ് നബി ﷺ യുടെ കാലത്ത് കഅ്ബയുടെ പുനര്‍ നിര്‍മാണം നടന്നിട്ടുണ്ട്. അവിടുന്ന് നബിയാകുന്നതിന് അഞ്ചുവര്‍ഷം മുമ്പാണത്. ശക്തമായ വെള്ളപ്പൊക്കത്തില്‍ കഅ്ബയുടെ ഭിത്തികള്‍ക്ക് ബലക്ഷയം സംഭവിച്ചു. ആ സന്ദര്‍ഭത്തില്‍ പൊളിച്ചു പണിയണോ കേടുപാടുകള്‍ തീര്‍ക്കണോ എന്ന ചര്‍ച്ച നടന്നു. കഅ്ബ പൊളിക്കുവാന്‍ വന്ന അബ്‌റഹത്തിനും ൈസന്യത്തിനും ലഭിച്ച ശിക്ഷയെക്കുറിച്ച് മക്കക്കാര്‍ക്ക് അറിയാമല്ലോ. ആയതിനാല്‍ പൊളിക്കുവാന്‍ അവര്‍ ഭയന്നു. കേടുപാടുകള്‍ തീര്‍ത്താല്‍ മതി എന്ന അഭിപ്രായമുയര്‍ന്നു. അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: 'നമ്മുടെ വീടിന് ബലക്ഷയം സംഭവിച്ചാല്‍ കേടുപാടുകള്‍ നികത്തുകയാണോ ചെയ്യുക , അതോ പൊളിച്ച് പുതിക്കിപ്പണിയുകയോ?' അവര്‍ പറഞ്ഞു: 'പൊളിച്ച് പുതുക്കിപ്പണിയും.' അപ്പോള്‍ അയാള്‍ പറഞ്ഞു: 'എങ്കില്‍ അതിനെക്കാള്‍ വലുതാണ് അല്ലാഹുവിന്റെ ഭവനം. അബ്‌റഹത്ത് വന്നത് കഅ്ബ പൊളിച്ച് നശിപ്പിക്കുവാനാണല്ലോ. നമ്മള്‍ പൊളിക്കുന്നത് നശിപ്പിക്കുവാനല്ല, പുതുക്കി കെട്ടുറുപ്പുള്ളതാക്കുവാനല്ലേ? അതിനാല്‍ നമുക്ക് അല്ലാഹുവിന്റെ ശിക്ഷയാന്നും ലഭിക്കില്ല.' 

നമുക്ക് കഅ്ബ പൊളിച്ച് പുതിയത് പണിയാം എന്ന് വലീദ്ബ്‌നു മുഗീറ തീരുമാനമാക്കി. പൊളിച്ച് പുനര്‍നിര്‍മിക്കാം എന്ന് അഭിപ്രായം പറഞ്ഞ ആളോട് തന്നെ പൊളിക്കുന്നതിന് തുടക്കം കുറിക്കുവാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു. പൊളിക്കാന്‍ തുടങ്ങുമ്പോള്‍ വല്ല വിപത്തും സംഭവിക്കുന്നുണ്ടോ ഇല്ലേ എന്ന് അറിയാനായിരുന്നു ഇത്. മുശ്‌രിക്കുകളായിരുന്നെങ്കിലും കഅ്ബയെ അവര്‍ എന്നും ആദരിച്ചും ബഹുമാനിച്ചും അതിന്റെ പവിത്രത കാത്തുസൂക്ഷിച്ചുമാണ് പോന്നിരുന്നത്. അവിടെവെച്ച് യാതൊരു അക്രമവും നടത്താന്‍ അവര്‍ ധൈര്യം കാണിച്ചിരുന്നില്ല. കാരണം ഇബ്‌റാഹീം നബി(അ)യുടെ കാലം മുതലേ അത് ഹറമാ(പവിത്രമാ)ണ്. 

കഅ്ബ പുതുക്കിപ്പണിയുവാനായി പൊളിക്കുവാന്‍ തുടങ്ങി. ആ അവസരത്തില്‍ മുഗീറ പറയുന്നുണ്ട,് 'അല്ലാഹുവേ, നല്ലതേ ഞങ്ങള്‍ ഉദ്ദേശിക്കുന്നുള്ളൂ' എന്ന്. പൊളിക്കുന്നത് കൊണ്ട് കുഴപ്പമൊന്നും സംഭവിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം എല്ലാവരോടും അതില്‍ പങ്കുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് പേടി നീങ്ങിയിട്ടില്ല. അവര്‍ പറഞ്ഞു: 'ഞങ്ങള്‍ പങ്കെടുക്കാന്‍ ആയിട്ടില്ല. നീ രാത്രി പോയിട്ട് ഒന്ന് ഉറങ്ങൂ. എന്നിട്ട് വല്ലതും സംഭവിക്കുന്നുണ്ടോ എന്ന് ഞങ്ങളൊന്ന് നോക്കട്ടെ. നേരം വെളുത്ത ശേഷം നിന്നെ നല്ല ആരോഗ്യത്തിലും നല്ല അവസ്ഥയിലുമെല്ലാം ഞങ്ങള്‍ കണ്ടാല്‍ ഞങ്ങള്‍ കഅ്ബ പൊളിക്കുവാന്‍ തയ്യാറാകാം.' അവര്‍ അതിന് കാത്തിരുന്നു. അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല. അങ്ങനെ എല്ലാവരും ചേര്‍ന്ന് പൊളിക്കുവാന്‍ തുടങ്ങി. തറയുടെ ഭാഗം വരെ പൊളിച്ചു. പിന്നീട് നിര്‍മാണം തുടങ്ങി. 

നിര്‍മാണത്തിന് സാമ്പത്തികമായ ചെലവുണ്ട്. അത് എവിടെ നിന്ന് കിട്ടും?  അവര്‍ അത് എല്ലാവരില്‍ നിന്നും സംഭരിക്കുവാന്‍ തീരുമാനിച്ചു. പക്ഷേ, അവര്‍ ഒരു നിബന്ധന കര്‍ശനമാക്കി; ഹലാലല്ലാത്ത ഒരു തുട്ടുപോലും ഇതിലേക്ക് ആരും സംഭാവന നല്‍കരുത്! എന്നിട്ട് അവര്‍ പറഞ്ഞു: 'ഒരു വേശ്യയുടെ മഹ്‌റോ, പലിശയുമായുള്ള മുതലോ, ചൂതാട്ടം നടത്തുന്നവരുടെ മുതലോ, മോഷണം നടത്തിയവന്റെ മുതലോ വേണ്ട.' കാരണം പരിശുദ്ധ ഗേഹത്തിന്റെ പുനര്‍നിര്‍മാണമാണ് നടക്കുന്നത്. അതിന് പരിശുദ്ധമായ സമ്പാദ്യം തന്നെ വേണം എന്നതായുരുന്നു അവരുടെ നിലപാട്. ഈ കണിശതയിലൂടെ പണം സ്വരൂപിച്ചപ്പോള്‍ ഇബ്‌റാഹീം ﷺ പണിതിരുന്ന അത്ര വലുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. അങ്ങനെ ഇന്നും നാം കാണുന്ന വലുപ്പത്തില്‍ അത് അവര്‍ പൂര്‍ത്തിയാക്കി. ബാക്കി ഭാഗം, കഅ്ബയുടെ ഭാഗം തന്നെയാണെന്ന് അറിയാനായി ഒരു ആര്‍ച്ചിന്റെ രൂപം അവിടെ അവര്‍ ഉണ്ടാക്കി വെച്ചു. അതിനുള്ളിലൂടെ ത്വവാഫ് പാടില്ല. കാരണം, കഅ്ബഃയുടെ ഉള്ളിലൂടെ ത്വവാഫ് പാടില്ല. 

ഒരിക്കല്‍ നബി ﷺ യോട് ആഇശ(റ) പറഞ്ഞു: 'നബിയേ, എനിക്ക് കഅ്ബയുടെ അകത്ത് കയറി നമസ്‌കരിക്കണം.' അവിടുന്ന് അരുളി: 'ഹിജ്‌റില്‍ നമസ്‌കരിച്ചുകൊള്ളുക. നിശ്ചയമായും അത് കഅ്ബയാണ്' (അബൂദാവൂദ്, തിര്‍മിദി).

ആ ആര്‍ച്ച് രൂപത്തിലുള്ള ഭാഗത്തിന് ആളുകള്‍ ഹിജ്‌റ് ഇസ്മാഈല്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. അത് ശരിയല്ല. ഹിജ്‌റ് എന്നേ നാം പഠിപ്പിക്കപ്പെട്ടിട്ടുള്ളൂ. ഹജ്‌റ് ഇസ്മാഈല്‍ എന്നത് ആരോ ഉണ്ടാക്കിയതാണ്. ചിലര്‍ അതിനെ പറ്റി വിശ്വസിക്കുന്നത് അവിടെയാണ് ഇസ്മാഈല്‍(അ)ന്റെ ക്വബ്‌റ് എന്നാണ്. മറ്റു ചിലര്‍ എഴുപത് നബിമാരുടെ ക്വബ്‌റ് അവിടെയുണ്ടെന്നാക്കി. ഇതെല്ലാം അടിസ്ഥാന രഹിതമായ വിശ്വാസങ്ങളാണ്.  

മക്കക്കാരുടെ കഅ്ബ പുതുക്കിപ്പണിയല്‍ തുടരുകയാണ്. അന്നേരം ഹജറുല്‍ അസ്‌വദ് ആര് അതിന്റെ സ്ഥാനത്ത് വെക്കും എന്നതില്‍ അവര്‍ക്കിടയില്‍ തര്‍ക്കമായി. ഓരോ ഗോത്രത്തലവന്മാരും അവരവരുടെ നാമം  നിര്‍ദേശിച്ചു. തര്‍ക്കമായി. ഇനി ആരാണോ ഇവിടേക്ക് ആദ്യം വരുന്നത്, അവരുടെ നിര്‍ദ്ദേശം നമുക്ക് അംഗീകരിക്കാം എന്ന തീരുമാനത്തില്‍ അവര്‍ എത്തി. അല്ലാഹുവിന്റെ വിധി പ്രകാരം 35 വയസ്സ് പ്രായമുള്ള അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന് ജനങ്ങള്‍ വിളിക്കുന്ന മുഹമ്മദ് ﷺ ആണ് അവിടേക്ക് അന്നേരം കടന്നുവന്നത്. അന്ന് അവിടുന്ന് നബി ആയിട്ടില്ല. അവര്‍ അദ്ദേഹത്തോട് ആവശ്യം അറിയിച്ചു. അവിടുന്ന് ഒരു തുണി കൊണ്ടുവരാന്‍ അവരോട് പറഞ്ഞു. എന്നിട്ട് ആ തുണിയുടെ മധ്യത്തില്‍ ഹജറുല്‍ അസ്‌വദ് വെക്കുകയും, ഗോത്രത്തലവന്മാരോട് തുണിയുടെ അറ്റം പിടിച്ച് പൊക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇനി ആര് വെക്കും ഹജറുല്‍ അസ്‌വദ് അതിന്റെ സ്ഥാനത്ത്? എല്ലാം അല്ലാഹുവിന്റെ തീരുമാനമായിരുന്നു. അവിടുന്ന് തന്നെ ആ കല്ല് തുണിയില്‍ നിന്നും എടുത്ത് അതിന്റെ സ്ഥാനത്ത് സ്ഥാപിച്ചു. 

മക്കാവിജത്തിന് ശേഷം നബി ﷺ ക്ക് ഒരു ആഗ്രഹം. കഅ്ബ പുനര്‍നിര്‍മാണത്തില്‍ ക്വുറൈശികള്‍ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിത രൂപത്തിന് ഒന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. അവര്‍ ഇരുവരും കഅ്ബ പണിതപ്പോള്‍ നിലത്തുനിന്ന് തന്നെ അതിലേക്ക് പ്രവേശിക്കാവുന്ന രൂപത്തിലുള്ള ഒരു വാതിലായിരുന്നു അതിനുണ്ടായിരുന്നത്. പുറത്ത് കടക്കാനും അപ്രകാരം ഒരു വാതില്‍ ഉണ്ടായിരുന്നു. ക്വുറൈശികള്‍ അത് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് നന്നായി ഉയര്‍ത്തിയാണ് സ്ഥാപിച്ചത്. മറ്റൊരു മാറ്റം, കഅ്ബയുടെ നാല് ചുമരുകളുടെ വലുപ്പക്കുറവായിരുന്നു.  സമ്പത്തിന്റെ കുറവു കാരണം, കഅ്ബ പുനര്‍നിര്‍മാണത്തിന് ഇബ്‌റാഹീം(അ) പണിത അതേ അടിത്തറയില്‍ പണിയാന്‍ ക്വുറൈശികള്‍ക്കായില്ലല്ലോ. അതിനാല്‍ അവര്‍ മാറ്റി നിര്‍ത്തിയ ഭാഗം ഉള്‍പെടുത്തിക്കൊണ്ടും അവര്‍ അതിന് വരുത്തിയ മാറ്റങ്ങള്‍ ഇല്ലാതാക്കിയും ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിതത് പോലെത്തന്നെ അതൊന്ന് പൂര്‍ണമായി പണിതാലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ  ആഗ്രഹം. കഅ്ബയുടെ നാല് മൂലകള്‍ക്കും വ്യത്യസ്ത പേരുകളാണല്ലോ ഉള്ളത്. ഒന്ന്, ഹജറുല്‍ അസ്‌വദ് നില്‍ക്കുന്ന മൂല. രണ്ട,് റുക്‌നുല്‍ യമാനി. മൂന്ന്, റുക്‌നുല്‍ ഇറാക്വി. നാല് റുക്‌നുശ്ശാമി. അവസാനം പറഞ്ഞ രണ്ട് മൂലകളുടെ ഭിത്തിയുടെ മുകള്‍ ഭാഗത്താണ് മഴയോ മറ്റോ കാരണത്താല്‍ കഅ്ബയുടെ മുകളിലുള്ള വെള്ളം താഴെക്ക് ഒഴുക്കാനായി പാത്തിയുള്ളത്. അവിടുന്ന് ആഗ്രഹിക്കുന്നത് പോലുള്ള ഒരു പ്രവര്‍ത്തനം ഇനി കഅ്ബയുടെ കാര്യത്തില്‍ ചെയ്യണമെങ്കില്‍ ഈ ഭാഗങ്ങളെല്ലാം പൊളിക്കുകയും വേണം. പൊളിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ അതൊരു സംസാര വിഷയമാകുകയും ചെയ്യും. അതോടൊപ്പം സാമ്പത്തികമായ ഞെരുക്കവും അതിന് തടസ്സമായിരുന്നു.

ആഇശ(റ)യോട് അവിടുന്ന് ഈ ആഗ്രഹം ഇടയ്ക്കിടക്ക് പങ്കുവെക്കാറുണ്ട്. അവിടുന്ന് പറഞ്ഞു: 'ആഇശാ, നിന്റെ ജനത ജാഹിലിയ്യത്തില്‍ നിന്നും വന്ന പുതിയ കാലമാണിത്. കഅ്ബയുടെ ആ ചുമരുകള്‍ അതില്‍ ഞാന്‍ പ്രവേശിപ്പിക്കുവാനും (അവര്‍ ഉയര്‍ത്തിയ) വാതില്‍ ഭൂമിയോട് ഒട്ടുന്ന രൂപത്തില്‍ ആക്കുവാനും അവരുടെ ഹൃദയത്തില്‍ വല്ല വെറുപ്പും ഉണ്ടാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു' (ബുഖാരി).

മക്കാ വിജയത്തിന് ശേഷം ഇങ്ങനെ ഒരു പണിക്ക് അവിടുന്ന് തയ്യാറാകുന്ന പക്ഷം പുതിയതായി ഇസ്‌ലാമിലേക്ക് വന്നവരില്‍ അത് വിഷമവും സംശയവും ഉളവാക്കിയേക്കും. 'കഅ്ബയെ ബഹുമാനിക്കുന്നുവെന്ന് വാദിക്കുന്ന ഈ മുഹമ്മദ് മക്ക വിജയിച്ചടക്കിയപ്പോള്‍ ആദ്യം ചെയ്തത് കഅ്ബഃ പൊളിക്കലാണ്' എന്ന് അവര്‍ പറഞ്ഞേക്കും.

നബി ﷺ അങ്ങനെ ഒരു പുതുക്കിപ്പണിയലിന് തയ്യാറാകുന്നത് തെറ്റാണോ?  അല്ല! പക്ഷേ, ഒരു നന്മ പിന്നീട് വലിയ കുഴപ്പത്തിന് നിമിത്തമാകുമെന്ന് ഭയപ്പെട്ട് പ്രവാചകന്‍ ﷺ അതില്‍ നിന്നും പിന്മാറുകയാണ് ചെയ്തത്. ഈ സംഭവത്തില്‍ നിന്ന് പണ്ഡിതന്മാര്‍ 'ഒരു നന്മ നടപ്പാക്കുന്നതിലൂടെ അതിനെക്കാള്‍ വലിയ കുഴപ്പം വരുന്നുവെങ്കില്‍ ആ നന്മയെ മാറ്റി നിര്‍ത്താം' എന്ന ഒരു കാര്യം നിര്‍ധാരണം ചെയ്‌തെടുത്തിട്ടുണ്ട്.  ഇതിനര്‍ഥം എല്ലാ സത്യവും മൂടിവെക്കണമെന്നോ, ജനങ്ങളുടെ ഇഷ്ടത്തിനൊപ്പിച്ച് ദീനിനെ വളച്ചൊടിക്കണമെന്നോ നല്ല കാര്യം ചെയ്യരുതെന്നോ അല്ല. കഅ്ബ അങ്ങനെ തന്നെ (ക്വുറൈശികള്‍ നിര്‍മിച്ചത് പോലെ) നിലനില്‍ക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഒരു നഷ്ടവും മതത്തിനില്ല. എന്നാല്‍ ആ മഹാന്മാരായ പ്രവാചകന്മാര്‍ കെട്ടിപ്പടുത്തുയര്‍ത്തിയത് പോലെ ഒന്ന് കാണുക എന്ന ആഗ്രഹം അവിടുന്ന് പ്രകടിപ്പിച്ചുവെന്ന് മാത്രം. 

കാലം കുറെ പിന്നിട്ടു. റസൂല്‍ ﷺ വഫാതായി. ശേഷം ഖുലഫാഉര്‍റാശിദുകളായ അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ),അലി(റ) തുടങ്ങിയവരുടെ ഖിലാഫത്തും കഴിഞ്ഞു. പിന്നീട് ഹസന്‍(റ), മുആവിയ(റ) എന്നിവരുടെ ഭരണവും കഴിഞ്ഞു. ശേഷം യസീദിന്റെ കാലത്ത് മക്കയിലെ അമീറായിരുന്ന അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) കഅ്ബ പുതുക്കിപ്പണിയുവാന്‍ ആഗ്രഹിച്ചു. അത് ഹിജ്‌റ 64ല്‍ ആയിരുന്നു. അങ്ങനെ അദ്ദേഹം അതിനായി കൂടിയാലോചന നടത്തി. അദ്ദേഹം പറഞ്ഞു:

'ജനങ്ങളേ, കഅ്ബയുടെ കാര്യത്തില്‍ (ഞാന്‍ നിങ്ങളോട് അഭിപ്രായം ചോദിക്കുന്നു) എനിക്ക് നിങ്ങള്‍ നിര്‍ദേശം നല്‍കണം. ഞാന്‍ അത് പൊളിച്ച് പുതുക്കിപ്പണിയുകയാണ് (അതാണ് എന്റെ അഭിപ്രായം). അല്ലെങ്കില്‍ അതിന് ബലക്ഷയം വന്നിടം നന്നാക്കുകയാണ്.' ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: 'എനിക്ക് അതില്‍ വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ട്. ജനങ്ങളെല്ലാം മുസ്‌ലിമായപ്പോഴും ആ ഭവനം അങ്ങനെ തന്നെയല്ലേ? ജനങ്ങളെല്ലാം മുസ്‌ലിമായപ്പോഴും ആ കല്ലുകളെല്ലാം അങ്ങനെ തന്നെയല്ലേ? നബി ﷺ നിയോഗിക്കപ്പെടുമ്പോഴും അവയെല്ലാം അങ്ങനെ തന്നെയല്ലേ? അത് അങ്ങനെ തന്നെ വിട്ട്, കേട് പാടുകള്‍ വന്ന ഭാഗം നന്നാക്കുവാനാണ്  ഞാന്‍ അഭിപ്രായപ്പെടുന്നത്.' അപ്പോള്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) പറഞ്ഞു: 'നിങ്ങളില്‍ ഒരാളുടെ ഭവനം കത്തിയമര്‍ന്നാല്‍ അത് പുതുക്കുന്നത് നിങ്ങള്‍  ഇഷ്ടപ്പെടില്ലേ? അപ്പോള്‍ അല്ലാഹുവിന്റെ ഭവനമോ?' (അതല്ലേ അതിനെക്കാള്‍ പ്രധാനം എന്നര്‍ഥം). 

അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന് പ്രവാചകന്‍ ﷺ ക്ക് ഉണ്ടായത് പോലെയുള്ള ഒരു ആഗ്രഹം ഉണ്ടായി. അഥവാ, ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിത അതേ വലുപ്പത്തിലും, രണ്ട് വാതിലുകളുള്ളതും, വാതിലുകള്‍ ഭൂമിയോട് സമനിരപ്പായതുമായി നിര്‍മിക്കുവാനാണ് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ആഗ്രഹം പ്രകടിപ്പിച്ചത്. അതിനായി അദ്ദേഹം പ്രമുഖരുമായി ചര്‍ച്ച ചെയ്തു. കൂട്ടത്തില്‍ പ്രമുഖനായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)വും ഉണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം പൊളിച്ച് പണിയേണ്ട, കേടുപാടുകള്‍ തീര്‍ത്താല്‍ മതി എന്നതായിരുന്നു.  

പിന്നീട് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ഇപ്രകാരം അറിയിച്ചു: 'ഞാന്‍ എന്റെ റബ്ബിന്റെ മുന്നില്‍ മൂന്ന് തവണ ഇസ്തിഖാറത്തിന്റെ നമസ്‌കാരം നിര്‍വഹിച്ചു. എന്നിട്ട് ഞാന്‍ തീരുമാനമെടുത്തിരിക്കുന്നത്, അത് ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും മാറ്റി ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിതത് പോലെ നിര്‍മിക്കുവാനാണ്.' 

അങ്ങനെ അദ്ദേഹം അപ്രകാരം ചെയ്യുവാന്‍ തീരുമാനിച്ചു. വല്ലതും സംഭവിക്കുമോ എന്ന് ജനങ്ങള്‍ക്ക് പേടിയായി. അങ്ങനെ ഒരാള്‍ ഒരു കല്ല് മാറ്റി.  ഒന്നും സംഭവിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും അതില്‍ പങ്കെടുത്തു. നിര്‍മാണം തുടങ്ങിയപ്പോള്‍ കഅ്ബഃയുടെ നാല് ഭാഗവും തുണികൊണ്ട് മറച്ചു. നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ അത് അവിടെ നിന്നും എടുത്തില്ല. അങ്ങനെ അദ്ദേഹം ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പണിതത് പോലെ പുനര്‍നിര്‍മിച്ചു. അദ്ദേഹം പറഞ്ഞു: ''നബി ﷺ (ഇപ്രകാരം) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്ന് ആഇശ(റ) പറഞ്ഞിട്ടുണ്ട്: 'നിന്റെ ജനത അടുത്ത കാലത്താണ് കുഫ്‌റില്‍ നിന്നും ഇസ്‌ലാമിലേക്ക് വന്നത്. അതിനാലാണ് ഞാന്‍ കഅ്ബയെ ഇബ്‌റാഹീമും(അ) ഇസ്മാഈലും(അ) പണിതത് പോലെ പണിയാന്‍ മുതിരാത്തത്. അത് പോലെ എന്റെ അടുത്ത് അത് പൂര്‍ത്തിയാക്കുവാനുള്ള സാമ്പത്തിക ശേഷിയുമില്ല, അതിനാലാണ് ഇബ്‌റാഹീമും(അ) ഇസ്മാഈലും(അ) പണിതത് പോലെ അത് നിര്‍മിക്കാന്‍ ഞാന്‍ തുനിയാത്തത്.' എന്നാല്‍ ഇന്ന് അതിന് ചെലവഴിക്കാനുള്ള സാമ്പത്തിക ശേഷി എനിക്കുണ്ട്, ജനങ്ങളെ പേടിക്കേണ്ടുന്ന സാഹചര്യവും ഇല്ലാതെയായി. ഇസ്‌ലാം അവരുടെ ഹൃദയത്തില്‍ രുഢമൂലമായിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഇത് അപ്രകാരം പണിയുകയാണ്.'' 

അങ്ങനെ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ)വിന്റെ കാലത്ത് ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും ഉണ്ടാക്കിയ പോലെ കഅ്ബ പുനര്‍ നിര്‍മിച്ചു. അത് ഹിജ്‌റ 64ല്‍ ആയിരുന്നുവെന്ന് നാം പറഞ്ഞുവല്ലോ. എന്നാല്‍ ഇതിന്റെ പേരില്‍ പ്രശ്‌നം ഉടലെടുത്തു. കുഴപ്പം അദ്ദേഹത്തിന്റെ വധത്തില്‍ വരെ എത്തിച്ചേര്‍ന്നു. ഹജ്ജാജ്ബ്‌നു യൂസുഫിന്റെ കൈകളാല്‍ ഹിജ്‌റ 73ല്‍ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.

പിന്നീട് ഹജ്ജാജായിരുന്നു അവിടത്തെ ഭരണാധികാരി. അദ്ദേഹം അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) പണിതതെല്ലാം പൊളിച്ചു മാറ്റി. നബി ﷺ യുടെ കാലത്തുണ്ടായിരുന്നത് പോലെ അത് പണിയുകയും ചെയ്തു.

ഹജ്ജാജിന്റെ കാലശേഷം അബ്ബാസീ ഭരണ കാലം എത്തിയപ്പോള്‍ മഹ്ദി എന്ന് പറയുന്ന ഭരണാധികാരിയുടെ കാലത്ത് അന്ന് ജീവിച്ചിരിപ്പുള്ള മഹാപണ്ഡിതനായ ഇമാം മാലിക്ബ്‌നു അനസ്(റ)വിനോട് ഗവര്‍ണര്‍, എന്ത് ചെയ്യണം, ഇത് മാറ്റി പഴയ രൂപത്തിലേക്ക് തന്നെ ആക്കിയാലോ എന്ന് കൂടിയാലോചന നടത്തി. ഇമാം മാലിക്(റ) പറഞ്ഞു:

'അതിനെ (അങ്ങനെ തന്നെ) വിടാനാണ് ഞാന്‍ അഭിപ്രായപ്പെടുന്നത്.' അദ്ദേഹം ചോദിച്ചു: 'എന്ത് കൊണ്ട്?'  അദ്ദേഹം പറഞ്ഞു: 'ഭരണാധികാരികള്‍ ഒരാള്‍ പൊളിക്കുന്നു, മറ്റൊരാള്‍ പണിയുന്നു. ഇങ്ങനെ അതിനെ ഒരു കളിപ്പാട്ടമായി സ്വീകരിച്ചാല്‍ ആളുകളുടെ ഹൃദയത്തില്‍ നിന്ന് ആ ഭവനത്തെ തൊട്ടുള്ള ആ ഭയം നീങ്ങും എന്ന് ഞാന്‍ പേടിക്കുന്നു...' അങ്ങനെ ഇന്ന് നാം കാണുന്നത് പോലെ അത് ഒഴിവാക്കപ്പെട്ടു.

ഇന്ന് നിലവിലുള്ളത് കഅ്ബഃയുടെ രൂപം നബി ﷺ യുടെ കാലത്ത് ക്വുറൈശികള്‍ പണിത രൂപമാണ്. അതാവട്ടെ, ഹജ്ജാജ് പണിതതുമാണ്.

ഇനി ഒരു കാലത്ത് കഅ്ബ തകര്‍ക്കപ്പെടുമെന്ന് പ്രവാചകന്‍ ﷺ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അഥവാ ആ കാലത്ത് കഅ്ബയുടെ ആവശ്യം ജനങ്ങള്‍ക്കില്ലാതെയാകും. അന്ന് അത് തകര്‍ക്കപ്പെടും. 

'എതേ്യാപ്യയില്‍ നിന്നുള്ള, രണ്ട് കണങ്കാലുകളും ചെറുതായുള്ള ഒരാള്‍ കഅ്ബഃ പൊളിക്കും' (ബുഖാരി, മുസ്‌ലിം). 

വീണ്ടും അവിടുന്ന് അരുളി: 'ഞാന്‍ അവനെ നോക്കിക്കാണുന്നവനെ പോലെയാണിപ്പോള്‍. കറുത്ത, തുടകള്‍ക്കിടയില്‍ അകല്‍ച്ചയുള്ളവനാണവന്‍. അവന്‍ ഓരോ കല്ലുകളും നീക്കി നീക്കി അത് പൊളിച്ചു മാറ്റും' (ബുഖാരി). ഇത് ഈസാ നബി(അ)യുടെ ആഗമനത്തിന് ശേഷമായിരിക്കും സംഭവിക്കുക എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അന്ന് ഏറ്റവും മോശപ്പെട്ടവരുള്ള, അല്ലാഹു എന്ന് പറയാന്‍ പോലും ആളില്ലാത്ത കാലമാകും. 'ഏറ്റവും വലിയ നികൃഷ്ടന്മാരിലല്ലാതെ അന്ത്യദിനം സംഭവിക്കില്ല' എന്ന് അവിടുന്ന് നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ. 

ഇബ്‌റാഹീം(അ) ജനങ്ങള്‍ക്കിടയില്‍ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് എത്ര വ്യക്തവും സരളവുമായ ശൈലിയിലാണ് പ്രബോധനം നടത്തിയതെന്ന് നമ്മള്‍ മനസ്സിലാക്കി. എന്നാല്‍ മക്കാ മുശ്‌രിക്കുകള്‍ അദ്ദേഹത്തോടും ഇസ്മാഈ ല്‍(അ)നോടുമുള്ള സ്‌നേഹം, ബഹുമാനം, ആദരവ് എന്നെല്ലാം പറഞ്ഞ് അവരോട് സഹായം തേടുകയും കഅ്ബയില്‍ തന്നെ അവരുടെതടക്കം പലരുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. 

മക്കാ മുശ്‌രിക്കുകള്‍ ഇബ്‌റാഹീം നബി(അ)യോട് പ്രാര്‍ഥിക്കുക മാത്രമല്ല ചെയ്തിരുന്നത്, അദ്ദേഹത്തെ കൊണ്ട് ഭാഗ്യ പരീക്ഷണങ്ങളും നടത്തിയിരുന്നു. ഈ ജാഹിലിയ്യത്തെല്ലാം നബി ﷺ കഅ്ബയില്‍ നിന്നും പിഴുതെറിഞ്ഞു. നബി ﷺ ഈ സമുദായത്തില്‍ നിന്ന് ഇത്തരം അന്ധവിശ്വാസങ്ങള്‍ പിഴുതെറിഞ്ഞിട്ടുണ്ടെങ്കിലും ഇന്നും നമ്മുടെ സമൂഹത്തില്‍ ഈ ജാഹിലീ വിശ്വാസം കൊണ്ടുനടക്കുന്നവരുണ്ട്. ശകുനവും ദുശ്ശകുനവും അല്ലാഹു നിശ്ചയിച്ചിട്ടില്ല. ഇത്തരം വിശ്വാസങ്ങളെല്ലാം അല്ലാഹുവിലുള്ള വിശ്വാസത്തിലെ പോരായ്മയെയാണ് സൂചിപ്പിക്കുന്നത്.

ഭാഗ്യ പരീക്ഷണങ്ങള്‍ ഇന്ന് വ്യത്യസ്തമായ രൂപത്തില്‍ നാടുകളില്‍ വ്യാപകമാണ്. ലോട്ടറിയും, ചൂതാട്ടവുമെല്ലാം ഇതിന്റെ ഭാഗമാണ്. ഇതെല്ലാം തന്നെ ഇസ്‌ലാം വിലക്കിയതുമാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക: 

''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?'' (ക്വുര്‍ആന്‍ 5:90,91).