തവസ്സുല്‍ ശരിയും തെറ്റും

മൂസ സ്വലാഹി, കാര

2017 ഡിസംബർ 30 1439 റബിഉല്‍ ആഖിര്‍ 12

'തവസ്സുലിന്റെ വകഭേദങ്ങള്‍' എന്ന പേരില്‍ 2017 നവംബന്‍ ലക്കം 'സുന്നത്ത്' മാസികയില്‍ വന്ന ലേഖനത്തിലെ തെറ്റിദ്ധരിപ്പിക്കലും ദുര്‍വ്യാഖ്യാനങ്ങളും കണ്ടപ്പോള്‍ പ്രതികരിക്കല്‍ അനിവാര്യമാണെന്ന് തോന്നിയതിനാലാണ് ഈ കുറിപ്പ് എഴുതുവാന്‍ തുനിഞ്ഞത്. 

തവസ്സുല്‍ എന്നത് ഒരു ആരാധനാകര്‍മമാണ്. ഇത് ആരാധനാകര്‍മങ്ങളിലുള്ളതായി പ്രമാണങ്ങള്‍ പഠിപ്പിച്ചതാണ്. അത് എങ്ങനെയായിരിക്കണമെന്നും വ്യക്തമാക്കിത്തന്നിട്ടുണ്ട്. 

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം (വസ്വീല) തേടുകയും, അവന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം'' (ക്വുര്‍ആന്‍ 5:35).

അല്ലാഹുവിനെ അനുസരിച്ചും സല്‍കര്‍മങ്ങള്‍ നിലനിര്‍ത്തിയും അവനിലേക്ക് അടുക്കുക എന്നതാണിതിന്റെ താല്‍പര്യമെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്‌ലാം പഠിപ്പിച്ചതും നിര്‍ദേശിച്ചതുമായ തവസ്സുലിന്റെ പ്രധാന വഴികള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നമുക്കിങ്ങനെ മനസ്സിലാക്കാം:

1). അല്ലാഹുവിന്റെ ഉല്‍കൃഷ്ടമായ നാമങ്ങള്‍ കൊണ്ടും അവന്റെ വിശേഷണങ്ങള്‍ കൊണ്ടുമുള്ള തവസ്സുല്‍. അല്ലാഹു പറയുന്നു: ''അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും'' (ക്വുര്‍ആന്‍ 7:180). 

അല്ലാഹുവിന്റെ ഉല്‍കൃഷ്ടമായ നാമങ്ങള്‍ അവന്റെ വിശേഷണങ്ങളായതിനാല്‍ തന്നെ അവന്റെ ഉന്നതമായ വിശേഷണങ്ങള്‍ ഇതില്‍ ഉള്‍പെടുന്നു. 

''(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍...'' (ക്വുര്‍ആന്‍ 17:110). 

അനസ്(റ)വില്‍ നിന്ന്: ''വല്ലകാര്യവും നബി ﷺ യെ പ്രയാസപ്പെടുത്തിയാല്‍ 'എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായവനേ, നിന്റെ കാരുണ്യം കൊണ്ട് ഞാന്‍ നിന്നോട് സഹായം തേടുന്നു' എന്ന് പറയാറുണ്ടായിരുന്നു'' (തിര്‍മിദി).

2. വിശ്വാസവും സല്‍കര്‍മങ്ങളും മുന്‍നിര്‍ത്തിയുള്ള തവസ്സുല്‍: അല്ലാഹുവേ, നിന്നിലുള്ള വിശ്വാസവും ഇഷ്ടവും നിന്റെ പ്രവാചകനെ പിന്‍പറ്റുന്നത് കാരണത്താലും നീ എനിക്ക് പൊറുത്തുതരേണമേ എന്ന നിലയ്ക്കുള്ള തേട്ടമാണിത്.

അല്ലാഹു പറയുന്നു: (3:193) ''ഞങ്ങളുടെ രക്ഷിതാവേ, സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍ എന്നു പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളുടെ തിന്മകള്‍ ഞങ്ങളില്‍ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. പുണ്യവാന്‍മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ'' (ക്വുര്‍ആന്‍ 3:193).

പൂര്‍വികരായ മൂന്നുപേര്‍ ഗുഹയില്‍ അകപ്പെട്ടപ്പോള്‍ അവര്‍ക്ക് നേരിടേണ്ടിവന്ന അപകടത്തില്‍ നിന്ന് രക്ഷപ്രാപിക്കുവാന്‍ അവര്‍ ഓരോരുത്തരായി തങ്ങള്‍ ചെയ്ത നന്മകളെ മുന്‍നിര്‍ത്തി അല്ലാഹുവിനോട് തേടിയതായും അതില്‍ നിന്ന് രക്ഷപ്പെട്ടതായും നബി ﷺ  പറഞ്ഞു തന്ന സംഭവം ഇതിന് ഉത്തമ ഉദാഹരണമാണ്. ഇബ്‌നു ഉമര്‍(റ)വില്‍ നിന്നും ഇമാം ബുഖാരി(റഹി)യും ഇമാം മുസ്‌ലിം(റഹി)യും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെയ്ത നന്മകളെ മുന്‍നിര്‍ത്തി നാം അല്ലാഹുവിനോട് നടത്തുന്ന തേട്ടത്തിന് അവന്‍ ഉത്തരം നല്‍കുമെന്നത് പ്രമാണങ്ങളിലൂടെ വ്യക്തമായതാണ്. 

ഇതിനെ 'സുന്നത്ത്' ലേഖകന്‍ ചോദ്യം ചെയ്യുന്നത് കാണുക: ''എന്നാല്‍ പുത്തന്‍വാദികള്‍ സ്വന്തം അമലിനെ തവസ്സുലാക്കുന്നത് അംഗീകരിക്കുന്നു. മഹാന്മാരെ തവസ്സുലാക്കുന്നത് നിരാകരിക്കുകയും അതാണ് മക്കാമുശ്‌രിക്കുകള്‍ ചെയ്ത ശിര്‍ക്ക് എന്ന് വാദിക്കുകയും ചെയ്യുന്നു. ഇത് സൃഷ്ടി പൂജയെന്നാണ് ഈ വാദത്തിന് ഇക്കൂട്ടര്‍ നിരത്തുന്ന ന്യായം. ഇത് എത്രമാത്രം നിരര്‍ഥകമാണെന്ന് നമുക്ക് പരിശോധിക്കാം. സൃഷ്ടികളെ തവസ്സുലാക്കാതെ അമലുകളെ തവസ്സുലാക്കാം എന്ന വാദം തന്നെ വൈരുധ്യമാണ്. നമ്മള്‍ അല്ലാഹുവിന്റെ സൃഷ്ടിതന്നെയാണല്ലോ'' (സുന്നത്ത് മാസിക, 2017 നവംബര്‍, പേജ്: 42).

ഇവിടെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയുള്ള ഇസ്‌ലാം അനുവദിച്ച തേട്ടത്തെ ചൂണ്ടിക്കാണിച്ച് മരണപ്പെട്ടവര്‍ എന്ന സൃഷ്ടികളെ -അവര്‍ ആരുമാകട്ടെ- ഇടയാളന്മാരാക്കിയും അല്ലാതെയുമുള്ള ഇസ്‌ലാം വിരോധിച്ച തവസ്സുലിനെ മുന്തിക്കാനുള്ള കിണഞ്ഞ പരിശ്രമമാണ് ലേഖകന്‍ നടത്തുന്നത്. 

അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞ സമയങ്ങളിലും സ്ഥലങ്ങളിലും വെച്ച് പ്രാര്‍ഥിക്കല്‍ പെട്ടെന്ന് ഉത്തരം കിട്ടാന്‍ കാരണമാണ്. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ, അവ ഉദ്ധരിച്ച് വിലക്കപ്പെട്ട തവസ്സുലിനെ സ്ഥാപിക്കുവാന്‍ നോക്കുന്നത് ശരിയല്ല. 

ലേഖകന്‍ തുടരുന്നു: ''ഇനി സ്ഥലത്തെയും സമയത്തേയും എല്ലാവരും തവസ്സുലാക്കുന്നുണ്ട്. ഹറമില്‍ പോയി പ്രാര്‍ഥിക്കുന്നതും അവിടെ തന്നെ മക്വാമു ഇബ്‌റാഹീം, സംസം കിണര്‍, സ്വഫ-മര്‍വ, അറഫ, മിന തുടങ്ങിയ സ്ഥലങ്ങളില്‍ ചെന്നു പ്രത്യേകം പ്രാര്‍ഥിക്കുന്നതും ആ സ്ഥലങ്ങളെ അല്ലാഹുവിലേക്ക് അടുക്കാന്‍ വേണ്ടി തവസ്സുലാക്കലാണല്ലോ. ഇതുപോലെ റമദാന്‍ മാസം, വെള്ളിയാഴ്ച ദിവസം, അര്‍ധരാത്രി തുടങ്ങിയ സമയങ്ങളില്‍ പ്രാര്‍ഥിക്കുന്നതും സമയത്തെ തവസ്സുലാക്കുന്നതിന്റെ ഭാഗമാണ്. സ്ഥലവും സമയവും സൃഷ്ടിയല്ലേ? ബിദഇകളുടെ വാദം നിലനില്‍ക്കുന്നതല്ല എന്നു വ്യക്തം'' (പേജ്: 42).

 ഇത്തരം സന്ദര്‍ഭങ്ങളെ നബി ﷺ  പഠിപ്പിച്ചു എന്നത് അമ്പിയാക്കളെയും ഔലിയാക്കളെയും അവരുടെ മരണത്തിന്ന് ശേഷം ഇടയാളന്മാരാക്കുന്നതിന് രേഖയാകുമോ? ഹദീഥുകളുടെ താല്‍പര്യം എന്തെന്ന് വിശദീകരിക്കാതെയുള്ള തെറ്റിദ്ധരിപ്പിക്കല്‍ മാത്രമാണിത്. സ്വഹാബത്തില്‍ നിന്നോ, ശേഷക്കാരായ അഹ്‌ലുസ്സുന്നയുടെ പണ്ഡിതരില്‍ നിന്നോ ഇത്തരം ഹദീഥുകളെ എടുത്തുകാട്ടി സമസ്തക്കാര്‍ വിശ്വസിക്കുന്ന പോലെയുള്ള ഒരു തവസ്സുലിനെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. 

3. ജീവിക്കുന്ന നല്ലവരുടെ പ്രാര്‍ഥന കൊണ്ടുള്ള തവസ്സുല്‍: ഒരു മുസ്‌ലിം തന്റെ ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും, ക്വുര്‍ആനിലും സുന്നത്തിലും അറിവ് നേടി ജീവിതത്തില്‍ നന്മയും സൂക്ഷ്മതയും കാത്ത് സൂക്ഷിക്കുന്നവര്‍ തന്റെ അടുക്കലുണ്ടെങ്കില്‍ അവരോട് തനിക്ക് ബാധിച്ച ഇന്ന പ്രയാസം നീങ്ങിക്കിട്ടാന്‍ നിങ്ങള്‍ റബ്ബിനോട് പ്രാര്‍ഥിക്കണമെന്ന് ആവശ്യപ്പെടുന്ന രീതിയാണിത്. അനസ് (റ)വില്‍ നിന്ന് ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിമും ഉദ്ധരിച്ച, വെള്ളിയാഴ്ച ദിവസം നബി ﷺ  ഖുത്വുബ നിര്‍വഹിച്ച് കൊണ്ടിരിക്കെ മഴക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ഥിക്കുവാന്‍ അവശ്യപ്പെട്ട സംഭവം ഇതിന് വ്യക്തമായ തെളിവാണ്. അല്ലാഹുവിനോട് തനിക്ക് വേണ്ടി ആവശ്യപ്പെടാന്‍ പറയുന്ന രീതിയാണിത്. മരണപ്പെട്ടവരെ ഇടയാളന്മാരാക്കി അല്ലാഹുവിനോട് തേടുന്ന ശിര്‍ക്കന്‍ പ്രവണതയെ ന്യായീകരിക്കാനുള്ള തെളിവ് ഇതിലിെല്ലന്ന് പ്രത്യേകം മനസ്സിലാക്കണം.

പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതായ ഇടതേട്ടത്തിന്റെ ഈ വഴികളെ അംഗീകരിക്കുക എന്നതല്ല സമസ്ത വിഭാഗങ്ങളുടെ സ്വഭാവം. മക്കാമുശ്‌രിക്കുകള്‍ പ്രവാചകന്മാരുടെയും മഹത്തുക്കളുടെയും ബിംബങ്ങളുണ്ടാക്കി അവയെല്ലാം ഞങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുക്കലുള്ള ശുപാര്‍ശകരാണ് എന്ന വിശ്വാസത്തോടെ അവയെ ആരാധിച്ചിരുന്നു. ഇത് പോലെ ഇസ്‌ലാം നിഷിദ്ധമാക്കിയതും പ്രമാണങ്ങള്‍ പഠിപ്പിക്കാത്തതുമായ അമ്പിയാ-ഔലിയാക്കളുടെ ഹഖ്, ജാഹ്, ബര്‍കത്ത് കൊണ്ടുള്ള തേട്ടമാണ് ഇവര്‍ക്കിഷ്ടം. വല്ലാത്ത കഷ്ടം തന്നെ!

സുന്നത്ത് ലേഖകന്‍ വീണ്ടും എഴുതുന്നു: ''മഹാന്മാരുടെ ഹഖ്, ജാഹ് ബര്‍കത്ത് എന്നിവ തവസ്സുലാക്കി പ്രാര്‍ഥിക്കുന്ന പതിവുണ്ട്. അങ്ങനെയുള്ള പദവികളൊന്നും ആര്‍ക്കും അല്ലാഹുകൊടുത്തിട്ടില്ലെന്നും അത്തരം സ്ഥലങ്ങള്‍ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുന്നത് തനിച്ച ശിര്‍ക്കാണെന്നുമാണ് കേരളവഹാബികള്‍ വാദിച്ചു കൊണ്ടിരിക്കുന്നത്'' (പേജ്: 42).

പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും അല്ലാഹു നല്‍കിയതായ സ്ഥാനങ്ങളെയും പദവികളെയും ഒന്നൊഴിയാതെ സലഫികള്‍ വിശ്വസിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എന്നാല്‍ തന്നിഷ്ടങ്ങള്‍ക്ക് വേണ്ടി അവയെ ദുര്‍വ്യാഖ്യാനിക്കുന്നില്ല. സമസ്തക്കാര്‍ പഠിപ്പിക്കുന്ന നിലയ്ക്കുള്ള തവസ്സുലില്‍ വിശ്വസിക്കണമെങ്കില്‍ ആയത്തുകളെയും സ്വഹീഹായ ഹദീഥുകളെയും ദുര്‍വ്യാഖ്യാനിക്കണം. ദുര്‍ബലവും നിര്‍മിതവുമായ കഥകളെ ആശ്രയിച്ച് പണ്ഡിതന്മാരുടെ പേരില്‍ കളവുകള്‍ പ്രചരിപ്പിക്കണം. അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്നവര്‍ക്ക് അതിന് സാധ്യമല്ല എന്നേ പറയാനുള്ളൂ.

'സുന്നത്തു'കാരന്‍ കാണിച്ച ഒരു കടുത്ത ദുര്‍വ്യാഖ്യാനം കാണുക: ''വിശുദ്ധ ക്വുര്‍ആന്‍ സൂറഃ അര്‍റൂമിന്റെ 47ാം സൂക്തത്തില്‍ മുഅ്മിനീങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ ഹഖ് ഉണ്ടെന്ന് പറയുന്നു. സൂറഃ മര്‍യം 31ല്‍ ഈസാ നബി ബര്‍ക്കതുള്ളവരാണെന്നും സൂറ ആലു ഇംറാന്‍ 45ല്‍ ഈസാ നബിക്ക് ജാഹ് ഉണ്ടെന്നും പറയുന്നു'' (പേജ്: 42). 

ഈ വചനങ്ങളില്‍ 'ഹഖന്‍,' 'മുബാറകന്‍,' 'വജീഹന്‍' എന്നീ പ്രയോഗങ്ങള്‍ കണ്ടപ്പോള്‍ ലേഖകന്‍ വിചാരിച്ചത് തങ്ങള്‍ കൊണ്ടുനടക്കുന്ന വികല വിശ്വാസത്തെ സ്ഥാപിക്കാന്‍ തെളിവായല്ലോ എന്നാണ്. അല്ലാഹുവിന്റെ മേല്‍ കടുത്ത കളവാണ് ഇവര്‍ കെട്ടിച്ചമച്ചിരിക്കുന്നത്. ഈ ആയത്തുകളുടെ യഥാര്‍ഥ ഉദ്ദേശ്യമെന്തെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും വ്യക്തമാകും. ഉത്തമതലമുറയില്‍ ജീവിച്ച ഒരാള്‍ പോലും ഈ വചനങ്ങളെ ഇങ്ങനെ മനസ്സിലാക്കിയിട്ടില്ല. അഹ്‌ലുസ്സുന്നയുടെ മുഫസ്സിറുകളില്‍ ആരും തന്നെ ഈ അര്‍ഥത്തില്‍ വിശദീകരിച്ചിട്ടില്ല. ഇസ്‌ലാം അംഗീകരിക്കുന്ന തവസ്സുലിന് പോലും ഇത് തെളിവല്ല. പിന്നെ എങ്ങനെയാണ് ദീനില്‍ ഇല്ലാത്ത ഒന്നിന് ഈ ആയത്തുകള്‍ ബലം നല്‍കുക? ആ വചനങ്ങള്‍ ഒന്ന് കണ്ട് വിലയിരുത്തുക:

സൂറഃ അര്‍റൂം 47ാം വചനം: ''നിനക്ക് മുമ്പ് പല ദൂതന്മാരെയും അവരുടെ ജനതയിലേക്ക് നാം നിയോഗിച്ചിട്ടുണ്ട്. എന്നിട്ട് വ്യക്തമായ തെളിവുകളും കൊണ്ട് അവര്‍ (ദൂതന്‍മാര്‍) അവരുടെയടുത്ത് ചെന്നു. അപ്പോള്‍ കുറ്റകരമായ നിലപാട് സ്വീകരിച്ചവരുടെ കാര്യത്തില്‍ നാം ശിക്ഷാനടപടി സ്വീകരിച്ചു. വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു.''  

ഇതില്‍ ബാധ്യത എന്നതിന് ഹക്ക്വന്‍ എന്ന് പദമാണുള്ളത്. ഇതിനെ ലേഖകന്‍ (ദുര്‍)വ്യാഖ്യാനിക്കുന്നത് 'മുഅ്മിനീങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുക്കല്‍ ഹഖ് ഉണ്ടെന്ന് പറയുന്നു' എന്നാണ്! അങ്ങനെ ഹഖ് കൊണ്ട് തവസ്സുലാക്കാന്‍ തെളിവുണ്ടാക്കി!

സൂറഃ മര്‍യം 31ാം വചനം: ''ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.''

ഇതില്‍ 'എന്നെ അവന്‍ അനുഗൃഹീതനാക്കിയിരിക്കുന്നു' (വ ജഅലനീ മുബാറകന്‍) എന്നതില്‍ ഇസാനബി(അ)യുടെ ബര്‍കത്ത് കൊണ്ട് തവസ്സുലാക്കുവാന്‍ തെളിവ് കണ്ടെത്തിയ ലേഖകനെ സമ്മതിക്കണം. കാരണം ലോകത്ത് ഇന്നേവരെ ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത കാര്യമാണിത്. ഏതായാലും ബര്‍കത്ത് കൊണ്ട് തവസ്സുലാക്കാനുള്ള തെളിവും ലേഖകന്‍ കണ്ടെത്തി!

ആലുഇംറാന്‍ 45ാം വചനം: ''മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര്‍ മര്‍യമിന്റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്ത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും.''

ഇതില്‍ മഹത്ത്വമുള്ളവന്‍ എന്നതിന് 'വജീഹന്‍' എന്ന പദമാണ് ക്വുര്‍ആനിലുള്ളത്. ഇതില്‍നിന്ന് 'ജാഹ്' കൊണ്ട് തവസ്സുലാക്കുവാനുള്ള തെളിവും ലേഖകന്‍ മെനഞ്ഞെടുത്തിരിക്കുന്നു. വായനക്കാര്‍ നിഷ്പക്ഷമായി പ്രസ്തുത വചനങ്ങള്‍ മനസ്സിരുത്തി വായിച്ചു നോക്കുക. 

അല്ലാഹു ഉണര്‍ത്തിയത് എത്ര ശരി: 

''അവര്‍ വിളിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു). അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു'' (ക്വുര്‍ആന്‍ 17:57).