ആദര്‍ശധാരയില്‍ നിന്ന് വ്യതിചലിച്ചവരുടെ ആകുലതകള്‍

അബ്ദുല്‍ മാലിക് സലഫി

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28
ഐക്യവുമായി ബന്ധപ്പെട്ട് കെ.എന്‍.എം നേതാവ് അബ്ദുസ്സലാം സുല്ലമി ശബാബ് വാരികയിലെഴുതിയ ലേഖനത്തോടുള്ള പ്രതികരണം

ഐക്യവുമായി ബന്ധപ്പെട്ട് അബ്ദുസ്സലാം സുല്ലമി ശബാബില്‍ എഴുതിയ ലേഖനം കണ്ടു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെ നിരവധി തിരിമറികളും സത്യത്തിന് നിരക്കാത്ത ആരോപണങ്ങളും കുത്തി നിറച്ചു തന്നെയാണ് ഈ ലേഖനവും അദ്ദേഹം എഴുതിയിയിട്ടുള്ളത്.

ഐക്യത്തോടു കൂടി കെ.എന്‍.എം ഒന്നടങ്കം മടവൂര്‍ വിഭാഗത്തിന്റെ വികലമായ തൗഹീദിലേക്ക് നീങ്ങുകയാണ് എന്നതിനുള്ള അവസാനത്തെ തെളിവാണ് പ്രസ്തുത ലേഖനം. കാര്യകാരണം-അദൃശ്യം-അഭൗതികം വിഷയങ്ങളില്‍ മടവൂര്‍ വിഭാഗത്തിന്റെ വാദങ്ങളിലേക്ക് കെ.എന്‍.എം എത്തി എന്നും അതിനെ എതിര്‍ത്തവരെ നിഷ്‌കരുണം സംഘടനയില്‍ നിന്ന് പുറത്താക്കിയത് ശ്ലാഘനീയമാണെന്നും സുല്ലമി തുറന്നെഴുതിയിരിക്കുകയാണ്. ഇപ്പോള്‍ ശബാബ് കെ.എന്‍.എമ്മിന്റേതാകയാല്‍ ഇതൊരു കുറ്റസമ്മതമായി നമുക്ക് വിലയിരുത്താം. ലയനത്തിനു മുമ്പ് മര്‍ക്കസുദ്ദഅ്‌വ വിഭാഗം കൗണ്‍സിലില്‍ സിഹ്ര്‍ സംബന്ധിച്ച ഒരു പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി കെ.എന്‍.എമ്മുമായി ഉണ്ടാക്കിയത് ഹുദൈബിയ സന്ധിയാണെന്ന് അലി മദനി തുറന്നു പറഞ്ഞ ശബ്ദരേഖ പുറത്തുവിട്ടത് മടവൂര്‍ വിഭാഗം കൗണ്‍സിലര്‍മാര്‍ തന്നെയായിരുന്നുവല്ലോ. അലി മദനി പറഞ്ഞ ഹുദൈബിയാ സന്ധിക്കു ശേഷമുള്ള 'മക്കാവിജയം' മടവൂര്‍ വിഭാഗത്തിന് കുറച്ചു കൂടി അടുത്തെത്തിയിരിക്കുന്നുവെന്നര്‍ഥം.

കെ.എന്‍.എമ്മിലെ ആദര്‍ശബോധമുള്ളവരെ നോക്കുകുത്തികളാക്കി ഐക്യത്തിന്റെ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ തന്നെ ചില സൗന്ദര്യപ്പിണക്കങ്ങള്‍ സംഭവിച്ചതിന്റെ നിരാശ ലേഖനത്തിലുടനീളം മുഴച്ചു നില്‍ക്കുന്നുണ്ട്. ആ നിരാശ മാറ്റാന്‍ വേണ്ടിയാവണം നിരവധി ആരോപണങ്ങള്‍ നെയ്‌തെടുത്ത് മുജാഹിദുകളെ തെറ്റുധരിപ്പിക്കുവാന്‍ ഒരു പാഴ്ശ്രമം നടത്തി നോക്കിയത്. അവ ഓരോന്നായി നമുക്ക് വിശകലനം നടത്താം.

തൗഹീദ് അട്ടിമറിച്ചത് ആര്?

'പ്രാര്‍ഥന തന്നെയാണ് ആരാധന' എന്ന തലക്കെട്ടില്‍ കേരളത്തിന്റെ മുക്കുമൂലകളില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു വരുന്ന മുജാഹിദുകള്‍ക്കെതിരെയാണ് സുല്ലമിയുടെ ആദ്യ വെടി. ആരാധനയും പ്രാര്‍ഥനയും രണ്ടാണ് എന്നവര്‍ പറയുന്നു എന്നതാണ് അദ്ദേഹത്തിന്റെ ആരോപണം. വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തി മാറ്റി തന്റെ വക കളവ് കെട്ടിച്ചമക്കുകയാണിദ്ദേഹം ചെയ്തത്. അല്ലാഹുവിന്റെ ഗ്രന്ഥത്തിലുള്ള ഒരു കാര്യത്തെ കുറിച്ച് അത് ജൂതന്റെ വിശ്വാസമാണെന്ന് എഴുതുകയും, ക്വുര്‍ആനില്‍ ഇല്ലാത്ത കാര്യത്തിന് ആയത്ത് ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇദ്ദേഹത്തില്‍ നിന്ന് ഇതൊക്കെത്തന്നെയാണ് മുജാഹിദുകള്‍ പ്രതീക്ഷിക്കുന്നതും.

കാര്യകാരണബന്ധം, അദൃശ്യം, അഭൗതികം തുടങ്ങിയ വിഷയങ്ങളില്‍ അട്ടിമറി നടത്തി എന്നതാണ് മറ്റൊരു ആരോപണം. മുജാഹിദ് പ്രസ്ഥാനത്തിന്റെ തൗഹീദിനെ കുറിച്ച് പ്രാഥമികജ്ഞാനം നേടിയ ആര്‍ക്കും മടവൂര്‍ വിഭാഗത്തിന് ഉപരി സൂചിത വിഷയങ്ങളില്‍ സംഭവിച്ച വ്യതിയാനത്തെ എളുപ്പത്തില്‍ തിരിച്ചറിയാനാവും. 'ബദ്‌രീങ്ങളെ വിളിച്ച് സഹായം ചോദിക്കാമോ?' എന്ന ചോദ്യത്തിന് കെ.എം മൗലവി നല്‍കിയ മറുപടി കാണുക. ഇതില്‍ നിന്നും മടവൂര്‍ വിഭാഗത്തിന്റെ തൗഹീദും മുജാഹിദ് പ്രസ്ഥാനത്തിന്റെ തൗഹിദും തമ്മിലുള്ള അന്തരം ഏവര്‍ക്കും വ്യക്തമാവും.

അദ്ദേഹം എഴുതി: ''ഒരാള്‍ വ്യസനകരമായ ഒരു കാര്യത്തില്‍ അകപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടുവാന്‍ അപേക്ഷിക്കുക എന്നത് രണ്ട് വിധത്തില്‍ വരാം. 1. സാധാരണയായി സൃഷ്ടികളുടെ കയ്യാല്‍ നടന്നുവരാറുള്ള കാര്യങ്ങളെ കൊണ്ട് സഹായിച്ചു രക്ഷപ്പെടുത്തുവാന്‍, എന്നു വച്ചാല്‍ സാധാരണ കാര്യകാരണ ബന്ധം അനുസരിച്ച് പടപ്പുകള്‍ക്ക് കഴിവുള്ള വഴികളാല്‍ സഹായിച്ച് രക്ഷപ്പെടുത്തുവാന്‍ അപേക്ഷിക്കുക' ഈ വിധത്തില്‍ സൃഷ്ടികളോട് ഇസ്തിഗാസ ചെയ്യല്‍ ജാഇസാണെന്ന് എല്ലാവരും സമ്മതിക്കുന്ന വാസ്തവം ആകുന്നു...'' 2. ഈ വിധം കാര്യങ്ങള്‍ക്ക് പുറമേയുള്ള വിഷയങ്ങളില്‍ പാപങ്ങള്‍ പൊറുക്കുക, ചൊവ്വായ വഴിയിലേക്ക് ചേര്‍ത്ത് തരിക (ഹിദായത്ത് തരിക) മഴയെ ഇറക്കുക. ദീനങ്ങള്‍ ശിഫയാക്കുക ആപത്തുകളെയും ബലാഉകളെയും തട്ടിക്കളയുക, അവയെ നീക്കി രക്ഷപ്പെടുത്തുക, ശത്രുക്കളില്‍ നിന്ന് രക്ഷിച്ച് സഹായിക്കുക, ആദിയായി അല്ലാഹുവിന് മാത്രം ശക്തിയുള്ള അവന്റെ ഖജാനകളില്‍ മാത്രമുള്ള വിഷയങ്ങളില്‍ സാധാരണയില്‍ സൃഷ്ടികളുടെ കയ്യാല്‍ നടന്നുവരാറില്ലാത്ത വഴികളാല്‍, എന്നുവച്ചാല്‍ ഗൈബിയായ (മറഞ്ഞ) മാര്‍ഗങ്ങളില്‍ കൂടി സഹായിച്ച് രക്ഷപ്പെടുത്തുവാന്‍ അപേക്ഷിക്കുക' ഇവ്വിധം ഇസ്തിഗാസ അല്ലാഹുവിനോടല്ലാതെ ചെയ്യുവാന്‍ പാടില്ല എന്നും എല്ലാവരും സമ്മതിക്കും...'' ''അതിനാല്‍ നമ്മുടെ ചോദ്യകര്‍ത്താക്കള്‍ ഇവിടെ ചോദിക്കുന്നത് ആദിയായ സബബുകള്‍ക്കപ്പുറത്തുള്ള എന്നുവച്ചാല്‍ അദൃശ്യലോകത്തെ സംബന്ധിച്ചുള്ള പ്രത്യേക കാരണങ്ങളാല്‍ രക്ഷപ്പെടുത്താനോ സഹായിക്കാനോ അപേക്ഷിക്കുന്നതിനെ കുറിച്ചാണെന്ന് തീര്‍ച്ച തന്നെ...'' ''ഇങ്ങനെ തനിക്കും തന്നെപ്പോലെയുള്ള സൃഷ്ടികള്‍ക്കും കഴിവില്ലാത്ത മാര്‍ഗത്തില്‍ ഒരു കാര്യം നിര്‍വഹിച്ചു തരുവാന്‍ ആരോട് അപേക്ഷിക്കുന്നുവോ, അവരുടെ സന്നിധിയില്‍ ഏറ്റവും അങ്ങേയറ്റമായ താഴ്മ കാണിക്കലും അധികമായ വിധത്തില്‍ അവരെ മഹത്വപ്പെടുത്തലും ഈ അപേക്ഷയില്‍ അടങ്ങിയിട്ടുണ്ടെന്ന് മനുഷ്യബുദ്ധിയുള്ളവരെല്ലാം സമ്മതിക്കും.''(അല്‍മുര്‍ശിദ്. 1935 ഏപ്രില്‍ ഉദ്ധരണി: കെ.എം മൗലവിയുടെ ഫത്‌വകള്‍ പേജ്: 130,131)

ഇതാണ് എക്കാലത്തും മുജാഹിദുകളുടെ നിലപാട്. ഇതില്‍ നിന്ന് മടവൂര്‍ വിഭാഗം തെറ്റിയതാണ് പ്രശ്‌നങ്ങളുടെ മൂല കാരണം.

കെ.എം മൗലവിയുടെ വാക്കുകളെ നമുക്കിങ്ങനെ സംഗ്രഹിക്കാം:

1. സൃഷ്ടികളുടെ കയ്യാല്‍ നടന്നുവരാറുള്ള കാര്യങ്ങളാണ് കാര്യകാരണങ്ങള്‍.

2. സൃഷ്ടികളുടെ കയ്യാല്‍ നടന്നുവരാറില്ലാത്തതാണ് മറഞ്ഞ വഴി.

3. കാര്യകാരണബന്ധങ്ങള്‍ക്ക് പുറത്തുള്ളതിനെയാണ് മറഞ്ഞ വഴി (ഗൈബിയായ) എന്ന് പറയുക.

4. അത്തരം തേട്ടങ്ങള്‍ പ്രാര്‍ഥനയാണ്.

5. അത് സൃഷ്ടികളിലൊരാള്‍ക്കും കഴിയാത്ത കാര്യമാണ്. അപ്പോള്‍ സൃഷ്ടികളുടെ കഴിവിനപ്പുറമുള്ളത് തേടലാണു പ്രാര്‍ഥന.

6) ഇത്തരം സന്ദര്‍ഭത്തിലാണ് അങ്ങേയറ്റത്തെ താഴ്മ കാണിക്കലും അധികമായ വിധത്തില്‍ അവരെ മഹത്വപ്പെടുത്തലും ഉണ്ടാവുന്നത്.

7) ബുദ്ധിയുള്ളവര്‍ക്കൊന്നും ഇതില്‍ സംശയമുണ്ടാവില്ല.

ഇത്രയും വ്യക്തമായ ആദര്‍ശം മുജാഹിദുകള്‍ പറഞ്ഞതിനെ കുറിച്ചാണ് സുല്ലമി അത് ജല്‍പനങ്ങളാണ് എന്നു പറഞ്ഞത്.

ഈ തൗഹീദില്‍ നിന്ന് മടവൂര്‍ വിഭാഗം വഴിമാറി. അവര്‍ പറഞ്ഞു: ''അദൃശ്യവഴി എന്നാല്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കപ്പുറമുള്ളത് എന്നാണ്.''(സെന്‍സിംഗ്, 2007 ഏപ്രില്‍, സലാം സുല്ലമിയുടെ അഭിമുഖം)

അങ്ങനെയാണ് മലക്കും ജിന്നുമെല്ലാം കാര്യകാരണ ബന്ധങ്ങള്‍ക്ക് പുറത്താണ് എന്ന പുത്തന്‍വാദം കേരളക്കര ശ്രവിച്ചത്. കാരണം അവയെ നാം കാണുന്നില്ലല്ലോ. അതോടുകൂടി എന്തു സംഭവിച്ചു എന്നു ചോദിച്ചാല്‍, മലക്കോ ജിന്നോ മനുഷ്യജീവിതത്തില്‍ ഇടപെടും എന്ന് വിശ്വസിച്ചാല്‍ തന്നെ ശിര്‍ക്ക് സംഭവിക്കും എന്ന അത്യധികം വിചിത്രമായ തൗഹീദിലേക്ക് മടവൂര്‍ വിഭാഗം എത്തി. അവര്‍ എഴുതി. ''മലക്കുകള്‍ക്കും ജിന്നുകള്‍ക്കും നമ്മെ സഹായിക്കുവാന്‍ സാധിക്കുമെന്ന് വല്ലവനും വിശ്വസിച്ചാല്‍ അവന്റെ വിശ്വാസത്തില്‍ ശിര്‍ക്കും കുഫ്‌റും സംഭവിക്കുന്നു.''(തൗഹീദും നവ യാഥാസ്ഥിതികരുടെ വ്യതിയാനവും, പേജ്: 11, യുവത)

അപ്പോള്‍ സിഹ്‌റില്‍ ശൈത്വാന്‍ സാഹിറിനെ സഹായിക്കുന്നതോ എന്ന ചോദ്യം വന്നപ്പോഴാണ് അങ്ങിനെ സഹായിക്കുന്നില്ല, സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കാണ് എന്ന മുന്‍ഗാമികള്‍ക്കോ പിന്‍ഗാമികള്‍ക്കോ പരിചയമില്ലാത്ത വാദം (വിചിന്തനം 2007 ഫെബ്രുവരി 3, കടപ്പാട്) അവര്‍ക്കു പറയേണ്ടി വന്നത്. അതേസമയം അന്ന് കെ.എന്‍.എം ഈ വാദത്തെ എതിര്‍ത്തു. അപ്പോള്‍ എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി (റഹി) അടക്കമുള്ള മുജാഹിദുകള്‍ മുശ്‌രിക്കാണ് എന്നാണ് മടവൂര്‍ വിഭാഗം പ്രതികരിച്ചത്.(സെന്‍സിംഗ്, 2007 ഏപ്രില്‍)

ഇപ്പോഴും അവരതില്‍ ഉറച്ചു നില്‍ക്കുന്നു എന്നതിന്റെ മൂന്ന് തെളിവുകളാണിപ്പോള്‍ പുറത്തുവന്നത്.

1. മടവൂര്‍ വിഭാഗത്തിന്റെ കൗണ്‍സിലില്‍ അലി മദനി നടത്തിയ പ്രസംഗത്തില്‍ ഐക്യത്തെ കുറിച്ച് പറഞ്ഞത്, ഇത് ഹുദൈബിയാ സന്ധിയാണെന്നാണ്. മുസ്‌ലിംകളും മുശ്‌രിക്കുകളും തമ്മിലാണല്ലോ പ്രസ്തുത കരാര്‍ ഉണ്ടായത്.

2. ഐക്യസമ്മേളനത്തിന്റെ മൂന്ന് ദിവസങ്ങള്‍ക്കു ശേഷം (23.12.16) പുറത്തിറങ്ങിയ ശബാബില്‍ നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്നു വിശ്വസിക്കല്‍ ശിര്‍ക്കാണ് എന്നെഴുതി.

3. 17.02.17ലെ ശബാബില്‍ ഈ വികല തൗഹീദ് വീണ്ടും ആവര്‍ത്തിച്ചു.

അത് കെ.എന്‍.എം അംഗീകരിച്ചു എന്നും സുല്ലമി എഴുതി. ശബാബ് ഇപ്പോള്‍ ഔദ്യോഗികമായതിനാല്‍ അത് ശരിയാവും എന്ന് നമുക്ക് കരുതാം. അങ്ങനെയാണെങ്കില്‍ മുജാഹിദുകളുടെ തൗഹീദില്‍ നിന്ന്, സമസ്തക്കാര്‍ ഉണ്ടാക്കിയ 'അഭൗതിക കഴിവുകള്‍ അല്ലാഹു അല്ലാത്തവര്‍ക്കും ഉണ്ട് എന്ന 'തൗഹീദി'(?!)ലേക്ക് ഇവര്‍ എത്തിപ്പെട്ടിരിക്കുന്നു, തീര്‍ച്ച. ബുദ്ധിയുള്ളവര്‍ ചിന്തിക്കട്ടെ!

മുജാഹിദുകള്‍ ഐക്യവിരോധികളോ?

മുജാഹിദുകളെ ഐക്യവിരോധികളായി ചിത്രീകരിക്കാന്‍ സുല്ലമി ആവുന്നതും പരിശ്രമിച്ച് നോക്കിയിട്ടുണ്ട്. ഒരു ഭാഗത്ത് കെ.എന്‍.എം ആദര്‍ശം ശിര്‍ക്കാണെന്ന് എഴുതുക. മറുഭാഗത്ത് ഐക്യം എന്ന ഫോര്‍മുല ഉയര്‍ത്തിക്കാട്ടുക. ഈ കാപട്യത്തെ മുജാഹിദുകള്‍ ചോദ്യം ചെയ്തിട്ടുണ്ട്. അപ്പോള്‍ അതിനെ ഐക്യവിരോധമെന്ന് പറഞ്ഞ് മുതലക്കണ്ണീരൊഴുക്കിയത് കൊണ്ട് ജനം അത് വിശ്വസിക്കാന്‍ പോവുന്നില്ല. ആദര്‍ശ ഐക്യമാണ് വേണ്ടത്; അതു നടക്കണം എന്നു തന്നെയാണ് മുജാഹിദുകള്‍ ആഗ്രഹിക്കുന്നത്. ആദര്‍ശമൊന്നാവാതെ ഐക്യപ്പെട്ടതിന്റെ പൊല്ലാപ്പുകള്‍ എന്താണെന്ന് കേരളക്കര നന്നായി അറിഞ്ഞു കൊണ്ടിരിക്കുന്നുമുണ്ട്.

മുഖം മറക്കല്‍, ഇഅ്തിദാലിലെ കൈ കെട്ട്, മുഷ്ടി ചുരുട്ടി എഴുന്നേല്‍ക്കല്‍... തുടങ്ങിയ വിഷയങ്ങള്‍ ആരും ഉന്നയിക്കുന്നില്ലല്ലോ എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു പരാതി. യഥാര്‍ഥത്തില്‍ ഇതൊന്നും വിവാദ വിഷയങ്ങളേ അല്ല. അഭിപ്രായ ഭിന്നതക്ക് സാധ്യതയുള്ള കര്‍മശാസ്ത്ര വിഷയങ്ങളാണ്. വിവാദ മില്ലാത്ത വിഷയങ്ങളെ വലിച്ചിട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് വിഷയത്തിന്റെ മര്‍മത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്.

സിഹ്‌റ്, കണ്ണേറ്, സംസം, ഹജറുല്‍ അസ്‌വദ്, മിഅ്‌റാജ്, ഖബര്‍ ശിക്ഷ, മസീഹുദജ്ജാല്‍, ബദ്‌റില്‍ മലക്കുകള്‍ ഇറങ്ങിയത്, സ്വിറാത്ത്, മീസാന്‍... തുടങ്ങിയ അഖീദയുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ നിഷേധിക്കുന്നതാണിവിടെ പ്രശ്‌നം. അതിന് മറപിടിക്കാന്‍ കര്‍മശാസ്ത്ര രംഗത്തെ കാര്യങ്ങള്‍ വിവാദമാക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്.

മാത്രവുമല്ല, രണ്ട് റക്അത്തുള്ള നമസ്‌കാരത്തിലെ ഇരുത്തം, ഇഅ്തിദാലിലെ കൈ കെട്ടല്‍, വിരലനക്കല്‍, സുബ്ഹിക്കു ശേഷം പള്ളിയിലിരിക്കല്‍, മുഷ്ടി ചുരുട്ടി എഴുന്നേല്‍ക്കല്‍, സ്വഫില്‍ അടുപ്പിച്ച് നില്‍ക്കല്‍... തുടങ്ങി നിരവധി സംഗതികള്‍ ഹദീസുകളില്‍ വന്നതുമാണ്.

എന്നാല്‍ ഇതൊന്നും ചെയ്യാത്തതിന്റെ പേരില്‍ ഇവിടെ ആരും ആരെയും ആക്ഷേപിച്ചിട്ടുമില്ല. അവര്‍ മുശ്‌രിക്കാണെന്ന് മുദ്ര കുത്തിയിട്ടുമില്ല. ഇവിടുത്തെ യഥാര്‍ഥ വിഷയം അതല്ല. പല കാര്യങ്ങളും നിഷേധിക്കുന്നു; അംഗീകരിക്കുന്നവരുടെ മേലില്‍ ശിര്‍ക്കാരോപിക്കുന്നു. അവരെ ബഹുദൈവ വിശ്വാസികളാക്കുന്നു. ഇതു രണ്ടുമെങ്ങനെയാണ് തുല്യമാവുന്നത്?

മാത്രവുമല്ല, ഉപരിസൂചിത കാര്യങ്ങള്‍ ചെയ്യുന്നവര്‍ ഇപ്പോഴത്തെ കെ.എന്‍.എമ്മില്‍ തന്നെ ധാരാളമുണ്ട്. അപ്പോള്‍ ഈ വിമര്‍ശനം സ്വന്തം പ്രസ്ഥാനത്തില്‍ പെട്ടവര്‍ക്കു കൂടി ബാധകമായ കാര്യം ലേഖകന്‍ ശ്രദ്ധിക്കാതെ പോയത് മോശമായി.

സുല്ലമിയുടെ പരിഭാഷയും മുജാഹിദ് പ്രസ്ഥാനവും

തന്റെ ബുഖാരി പരിഭാഷക്ക് മുജാഹിദ് പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ല എന്ന് സുല്ലമി തുറന്നെഴുതിയിരിക്കുന്നു! അല്‍ഹംദുലില്ലാഹ്! കാലങ്ങളായി മുജാഹിദുകള്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്ന കാര്യമാണത്. മുജാഹിദുകള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത ഒട്ടനവധി സംഗതികള്‍ അതിലുണ്ടായിരുന്നു. സംസം, ദജ്ജാല്‍, ഖബര്‍ ശിക്ഷ, മിഅറാജ്, നുസൂല്‍, ഹജറുല്‍ അസ്‌വദ്, സിഹ്‌റ്, കണ്ണേറ്, സ്വിറാത്ത്... തുടങ്ങിയ നിരവധി കാര്യങ്ങളെ നിഷേധിക്കുന്ന ഈ പരിഭാഷ മുജാഹിദ് ആദര്‍ശത്തിന് കടകവിരുദ്ധമാണെന്ന് സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കപ്പെട്ടു. എന്നാല്‍, ഇത്രയും കാലം അതിനെ ന്യയീകരിക്കുകയും സുല്ലമിയെ ഒറ്റപ്പെടുത്താന്‍ സമ്മതിക്കില്ല എന്നുപറഞ്ഞ് ഈ തെറ്റുകളെ സംരക്ഷിക്കുകയായിരുന്നു മടവൂര്‍ വിഭാഗം. ഇപ്പോള്‍ ബോധോദയമുണ്ടായതു നല്ലതു തന്നെ.

എന്നാല്‍, സുല്ലമി തന്റെ ബുഖാരി പരിഭാഷയിലൂടെ പുറത്തുവിട്ട അതേ കാര്യങ്ങള്‍ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ ശബാബ്, അത്തൗഹീദ് എന്നിവയിലൂടെയും പുറത്തു വന്നിട്ടുണ്ട്. സുല്ലമിക്ക് തന്റെ പരിഭാഷയെ വേണമെങ്കില്‍ തള്ളാം. പക്ഷെ സംഘടന ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത് സംഘടയാണ് മാറ്റി പറയേണ്ടത്. അത് ഈ നിമിഷം വരേക്കും ഉണ്ടായിട്ടില്ല. അതു കൊണ്ട് സുല്ലമിയുടെ പരിഭാഷ തോട്ടിലെറിഞ്ഞാല്‍ തങ്ങള്‍ രക്ഷപ്പെടും എന്നാരും കരുതേണ്ടതില്ല.

സിഹ്‌റ് (ശബാബ്, 2014 ഏപ്രില്‍ 4), ഖബര്‍ ശിക്ഷ (ശബാബ്, 2011 ഏപ്രില്‍ 11 ), സംസം (2015 ആഗസ്ത് 14), ഹജറുല്‍ അസ്‌വദ് (ശബാബ് 2015 ആഗസ്ത് 7), കണ്ണേറ് (ശബാബ് 2016 മെയ് 13), സംഗീതം ഹലാലാക്കല്‍ (അത്തൗഹീദ് 2011 നവംബര്‍), അഭൗതിക ശക്തി അല്ലാഹു മാത്രമോ? (ശബാബ് 2013 ജൂലൈ 13), നുസൂല്‍ (ശബാബ് 2009 ജൂലൈ 10), ഖബറുല്‍ ആഹാദ് വിശ്വാസത്തിനു പറ്റില്ല (2016 മെയ് 13), പിശാച് ആലങ്കാരികം (2014 ഡിസംബര്‍ 12), തബര്‍റുക് നിഷേധം (2012 മാര്‍ച്ച് 30), മിഅ്‌റാജ്, സ്വിറാത്ത് (സലഫികള്‍ ജല്‍പനങ്ങളും വസ്തുതയും യുവത പേജ് 15,50,51) ഇതെല്ലാം സുല്ലമിയും അനുയായികളും എഴുതി ഔദ്യോഗികമായി തന്നെ പ്രസിദ്ധീകരിച്ചതാണ്. ഇതിലെല്ലാം വ്യക്തമായ നിഷേധങ്ങളാണുള്ളത്. ഇതെല്ലാം തള്ളിപ്പറഞ്ഞ് സമൂഹത്തോട് മാപ്പു പറഞ്ഞാലല്ലാതെ മുജാഹിദുകള്‍ പിന്‍വാങ്ങുന്ന പ്രശ്‌നമില്ല. ഇവിടെ വ്യക്തികള്‍ അല്ല വിഷയം ആദര്‍ശമാണ്.

സുല്ലമിയുടെ പരിഭാഷക്ക് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ല എന്ന് തെളിയിക്കാന്‍, അതു കെ.എന്‍.എം അല്ല പ്രസിദ്ധീകരിച്ചത് എന്ന ന്യായം പറഞ്ഞത് ശരിയായില്ല. ആരു പ്രസിദ്ധീകരിച്ചാലും സത്യമേ എഴുതാവൂ, പറയാവൂ എന്നതാണല്ലോ ഒരു വിശ്വാസിയുടെ നയം. ഉസ്മാന്‍ ഡോക്ടറുടെയും ഉമര്‍ മൗലവിയുടെയും അമാനി മൗലവിയുടെയുമൊന്നും പല കൃതികളും കെ.എന്‍.എം അല്ല പ്രസിദ്ധീകരിച്ചത് എന്നത് കൊണ്ട് അവക്കൊന്നും മുജാഹിദ് ആദര്‍ശവുമായി ഒരു ബന്ധവുമില്ല എന്നു പറയാനാവുമോ? ബുദ്ധിയുള്ളവരാരും അതു പറയില്ല. ഔദ്യോഗികമായി എഴുതുന്നത് മാത്രം ആദര്‍ശപരമായാല്‍ മതി, അതല്ലാത്തതില്‍ ഏത് നിഷേധവും എഴുതാം എന്നതാണ് തന്റെ നയമെങ്കില്‍ സുല്ലമി അത് തുറന്നു പറയണം. സുല്ലമിയുടെ ഗ്രന്ഥങ്ങള്‍ വായിക്കുന്ന സാധാരണക്കാരന്‍ വിചാരിക്കുന്നത് ഇതെല്ലാം ദീനാണെന്നാണ്. മാത്രമല്ല, സുല്ലമിയുടെ ബുഖാരി പരിഭാഷയുടെ പരസ്യം വരുന്നത് ശബാബിലും, അത് വില്‍പന നടത്തുന്നത് സുല്ലമിയുടെ അനുകൂലികളുമാണ്. അവരെയെല്ലാം കബളിപ്പിക്കുന്നതായിപ്പോയി ഈ കുറ്റസമ്മതം.

അബ്ദുസ്സലാം സുല്ലമിയുടെ കൃതികളില്‍ സംഭവിച്ച പല അബദ്ധങ്ങളും അന്നുതന്നെ പല പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചതും തിരുത്താന്‍ ആവശ്യപ്പെട്ടതുമാണ്. പക്ഷേ, അദ്ദേഹമത് ചെവിക്കൊണ്ടില്ല. ജാമിഅ നദ്‌വിയ്യയില്‍ ചെന്ന് വരെ തിരുത്തണമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, തിരുത്താന്‍ അദ്ദേഹം തയാറായില്ല. ഇതിന് ഇന്നും ജീവിച്ചിരിക്കുന്ന സാക്ഷികളുണ്ട്.

ബുഖാരീ പരിഭാഷയില്‍ കൊടുത്ത അടിക്കുറിപ്പുകള്‍ വിജ്ഞാനവര്‍ധനവിന് മുന്‍ഗാമികളുടെ ഉദ്ധരണികള്‍ എടുത്തു കൊടുക്കുക മാത്രമാണ് ചെയ്തത് എന്ന പരാമര്‍ശവും വസ്തുതാപരമല്ല. ഒരു ഉദാഹരണം. ഹദീസ് നമ്പര്‍ 5196ന്റെ അടിക്കുറിപ്പില്‍ സുല്ലമി എഴുതി: ''സ്വിറാത്ത് പാലം ഇല്ലെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.'' ഇതില്‍ ഒരു മുന്‍ഗാമിയെയും അദ്ദേഹം ഉദ്ധരിച്ചിട്ടില്ല. അങ്ങനെയാരും മുമ്പ് പറഞ്ഞിട്ടുമില്ല.

സ്വിറാത്തുമായി തന്നെ ബന്ധപ്പെട്ട മറ്റൊരു ഹദീസിന് അദ്ദേഹം എഴുതിയ അടിക്കുറിപ്പ് നോക്കാം: ''പരിശുദ്ധ ക്വുര്‍ആനിന്റെ അടിസ്ഥാന തത്ത്വങ്ങളും നരകത്തെ കുറിച്ചും അതിലേക്കുള്ള പ്രവേശനത്തെ കുറിച്ചും മറ്റും ക്വുര്‍ആന്‍ നല്‍കുന്ന വിവരണങ്ങളും മനുഷ്യന്റെ പ്രാഥമിക ബുദ്ധിയും മറ്റുള്ള സ്ഥിരപ്പെട്ട ഹദീസുകളും മുന്നില്‍ വച്ച് കൊണ്ട് പണ്ഡിതന്മാര്‍ ഈ ഹദീസിനെ വിമര്‍ശിക്കാന്‍ സാധ്യതയുണ്ട്.'' നോക്കൂ! മുന്‍ഗാമികളുടെ വിമര്‍ശനങ്ങള്‍ എടുത്തുദ്ധരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത് എന്നു പറഞ്ഞയാള്‍, മുന്‍ഗാമികള്‍ ആരും ഒരു വിമര്‍ശനവും പറയാതെ തന്നെ വിമര്‍ശനത്തിന് സാധ്യതയുണ്ട് എന്ന് സ്വയം വിമര്‍ശനമുന്നയിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ മുന്‍ഗാമികളുടെ വിമര്‍ശനം അല്ല അദ്ദേഹം പലപ്പോഴും ഉദ്ധരിക്കുന്നത്. സ്വന്തം വക തന്നെയാണ്. അതാവട്ടെ, അധികവും ചേകനൂര്‍, സി.എന്‍ എന്നിവര്‍ ഉന്നയിച്ച കാര്യങ്ങളുമാണ്!

സ്വഹാബത്തിനിടയിലെ ഭിന്നതയും കെ.എന്‍.എമ്മിലെ ഭിന്നതയും

കെ.എന്‍.എമ്മിനുള്ളിലുള്ള ഇപ്പോഴത്തെ ഭിന്നതയെ ന്യായീകരിക്കാന്‍ സ്വഹാബത്തിനിടയിലുണ്ടായിരുന്ന മസ്അലാപരമായ ഭിന്നതയെ സുല്ലമി വലിച്ചിഴക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്വഹാബത്ത് എല്ലാവരും ഗവേഷണപാടവമുള്ള പണ്ഡിതന്മാരാണ്. സ്വാഭാവികമായും അവര്‍ക്കിടയില്‍ തെളിവുകള്‍ ഗ്രഹിക്കുന്ന വിഷയത്തില്‍ വ്യത്യസ്ത രീതികള്‍ ഉണ്ടാവും. ബനൂ ഖുറൈളയില്‍ നിന്നല്ലാതെ അസര്‍ നമസ്‌കരിക്കരുത് എന്ന് പ്രവാചകന്‍(സ) പറഞ്ഞപ്പോള്‍ രണ്ട് രീതിയില്‍ സ്വഹാബത്ത് അതിനെ സ്വീകരിച്ചത് പോലെ. ഒരു വിഭാഗം അതിനെ അക്ഷരാര്‍ഥത്തില്‍ സ്വീകരിച്ചു. മറ്റൊരു വിഭാഗം അതിലെ ആശയം സ്വീകരിച്ചു. ഇരു വിഭാഗത്തെയും പ്രവാചകന്‍ ആക്ഷേപിച്ചില്ല.

അങ്ങനെയാണോ കെ.എന്‍.എമ്മിലുള്ള വിഷയങ്ങള്‍? ഇസ്‌ലാമിലെ അറിയപ്പെട്ട പലതിനെയും നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഒരു വിഭാഗം, ഇതിനെ എതിര്‍ക്കുന്ന മറ്റൊരു കൂട്ടം! മറുവിഭാഗം ശിര്‍ക്കിലാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം! ശിര്‍ക്കിലല്ല എന്നു പറയുന്ന മറ്റൊരു സംഘം! ഇതിനെ എങ്ങനെയാണ് സ്വഹാബത്തിലേക്ക് മുട്ടിക്കുക?! യഥാര്‍ഥത്തില്‍ ഇത് സ്വഹാബത്തിനെ അവഹേളിക്കലാണ്. അതുകൊണ്ട് ശരാശരി ബുദ്ധിയുള്ള മുജാഹിദുകള്‍ ചിന്തിക്കട്ടെ!

അവസാനമായി ഒരു കാര്യം കൂടി പറയട്ടെ; മറ്റുള്ളവരില്‍ ശിര്‍ക്കും കുഫ്‌റും ആരോപിക്കുന്ന തിരക്കിനിടയില്‍ തങ്ങള്‍ ശിര്‍ക്കിന്റെ വല്ല വാദങ്ങളിലും എത്തിയിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തുന്നത് എല്ലാവര്‍ക്കും നല്ലതാണ്. അല്ലാഹുവല്ലാത്ത അഭൗതിക ശക്തികളുണ്ട്, അഭൗതികമായി ഇടപെടുന്നവന്‍ അല്ലാഹു മാത്രമല്ല, തുടങ്ങിയ വാദങ്ങളുടെയൊക്കെ ഗൗരവം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. സത്യത്തിന്റെ കൂടെ നില്‍ക്കാന്‍ അല്ലാഹു സഹായിക്കട്ടെ.

(ആമീന്‍)