വര്‍ത്തമാനകാല പ്രതിസന്ധി പുര കത്തുമ്പോള്‍ കഴുക്കോല്‍ വലിക്കുന്നവരോട്...

ഹാഷിം കാക്കയങ്ങാട്

2017 ജൂലായ് 15 1438 ശവ്വാല്‍ 21

മുമ്പെങ്ങുമില്ലാത്ത വിധം അസ്തിത്വ പ്രതിസന്ധി നേരിടുകയാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ (ഇസ്‌ലാമല്ല). ആര്‍ക്കും എവിടെ വെച്ചും അവരെ തല്ലിക്കൊല്ലാന്‍ അനുവാദം ലഭിച്ച അവസ്ഥയാണുള്ളത്. മുസ്‌ലിമിന്റെ വീടിന് മുന്നില്‍ ഒരു പശുവിന്റെ ജഡം കണ്ടെത്തിയാല്‍, അതല്ലെങ്കില്‍ അവന്റെ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ 100 ഗ്രാം ഇറച്ചിയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ മാത്രം മതി അവന്‍ കൊല്ലപ്പെടാന്‍! ജനാധിപത്യം എന്ന വാക്കിന്റെ അര്‍ഥം ആള്‍ക്കൂട്ടത്തിന്റെ പരമാധിപത്യം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ അധഃപതിച്ചിരിക്കുന്നു. ഓടുന്ന ട്രെയിനിലും തെരുവിലും, എന്തിന് സ്വന്തം വീട്ടിനകത്ത് പോലും പട്ടിയെയും പാമ്പിനെയുമൊക്കെ കൊല്ലുന്നതിലും നിഷ്ഠൂരമായി അവര്‍ അറുകൊല ചെയ്യപ്പെടുന്നു.

അഖ്‌ലാഖും ജുനൈദും അന്‍സാരിയും പിന്നെ പേരറിയാത്ത മറ്റൊരു പാട് സഹോദരങ്ങളും മനസ്സിലെ മായാത്ത നൊമ്പരങ്ങളായി നിലനില്‍ക്കുകയാണ് 

മുസ്‌ലിംകളെ തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവായിക്കാണുന്ന സംഘപരിവാര്‍ ഫാസിസ്റ്റുകളാണ് ഈ ക്രൂരതകള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത്. രാമന്റെ പേരിലായിരുന്നു കഴിഞ്ഞകാലങ്ങളില്‍ ഈ ക്രൂരതയെങ്കില്‍ ഇപ്പോളത് പശുവിന്റെ പേരിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. അടുത്ത അജണ്ട എന്തായിരിക്കണമെന്ന് നാഗ്പൂരിലെ ആസ്ഥാനത്ത് തീരുമാനമായി വരുന്നുണ്ടാകാം.

മുസ്‌ലിം സമുദായം അനുഭവിക്കുന്ന ഈ അസമാധാനത്തിലും അരക്ഷിതാവസ്ഥയിലും വേദനിക്കാത്ത ഒരാള്‍ പോലും ഈ സമുദായത്തിലുണ്ടാവില്ല. മുസ്‌ലിം സംഘടനകളുടെ കാര്യവും അങ്ങനെത്തന്നെയാണ്. വ്യത്യസ്ത വീക്ഷണകോണുകള്‍ വെച്ച് പുലര്‍ത്തുമ്പോഴും പൊതുവിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കുകയെന്ന ഗുണം അവരില്‍ നിന്നും നഷ്ടമായിട്ടില്ല. എല്ലാവരും തങ്ങളെക്കൊണ്ടാവുന്ന രീതിയില്‍ വ്യത്യസ്ത രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തിവരികയാണ് .


ഒളിയജണ്ടകള്‍ ഗുണം ചെയ്യുന്നതാര്‍ക്ക്?

എന്നാല്‍ ഇതിനൊക്കെയിടയിലും ചില ജമാഅത്ത് സുഹൃത്തുക്കള്‍ സ്വീകരിച്ച നിലപാട് തീര്‍ത്തും അല്‍പത്തരം നിറഞ്ഞതായിപ്പോയി എന്ന് പറയേണ്ടി വരുന്നതില്‍ വിഷമമുണ്ട്. ഈയവസരവും തങ്ങളുടെ സലഫീ വിരോധം പ്രകടിപ്പിക്കാന്‍ തന്നെയാണ് അവര്‍ ഉപയോഗപ്പെടുത്തുന്നത്! സോഷ്യല്‍ മീഡിയയില്‍ മാത്രം പ്രത്യക്ഷപ്പെട്ട് തങ്ങളുടെ മേല്‍വിലാസം അറിയിക്കുന്നതില്‍ മിടുക്കരായ, സലഫീ വിരുദ്ധത മാത്രം കൈമുതലാക്കിയ ചിലരാണ് ഇതില്‍ മുന്‍പന്തിയില്‍.

സലഫീ പള്ളിയില്‍ ഈദ് ഖുത്ബയില്‍ അഖ്‌ലാഖും ജുനൈദും ഹാദിയയുമൊക്കെ കടന്നുവന്നത് കേട്ട് ചിലര്‍ അന്തം വിട്ട് പോയത്രെ! സാമൂഹിക വിഷയങ്ങള്‍ സലഫികള്‍ കൈകാര്യം ചെയ്യുകയോ? അവര്‍ക്ക് രാഷ്ട്രീയമില്ലല്ലോ! കേവലം പള്ളി മൂലയില്‍ ദീനിനെ ചുരുട്ടിക്കൂട്ടിയവരെങ്ങനെയാണ് മിമ്പറുകളിലൂടെ ഫാസിസത്തെ കുറിച്ച് സംസാരിക്കുക? അങ്ങനെ പോകുന്നു ചിലരുടെ സംശയങ്ങള്‍!

ഇത്തരം സങ്കുചിത പരിഹാസങ്ങള്‍ നടത്തേണ്ട സമയമാണോ ഇത് എന്നാരെങ്കിലും ചോദിച്ചാല്‍  ഉത്തരം അത് ചെയ്യുന്നത് ഞങ്ങള്‍ ജമാഅത്തുകാരാകുമ്പോള്‍ ഞങ്ങള്‍ക്കത് ഇബാദത്താണ് എന്നാകുന്നു!

മറ്റൊരാള്‍ പറഞ്ഞത് ജമാഅത്തിന്റെ പള്ളിയില്‍ ഈദ് ഖുത്ബ കേട്ട ഒരു സലഫീസുഹൃത്തിന്റെ മൗനനൊമ്പരത്തെ കുറിച്ചാണ്. അക്ബറിനും സാകിര്‍ നായിക്കിനും വേണ്ടി ഖത്വീബ് പ്രാര്‍ഥിച്ചപ്പോള്‍ ആ സലഫീ സുഹൃത്ത് പറഞ്ഞ് പോയത് 'ഇത് നിങ്ങള്‍ക്ക് മാത്രം സാധിക്കുന്ന കാര്യ'മാണെന്നാണ് പോലും! ഒരു സലഫീ പള്ളിയിലും ജമാഅത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നത് അദ്ദേഹം കേട്ടിട്ടില്ലെന്നും എന്നാല്‍ ജമാഅത്ത് മിമ്പറുകള്‍ സലഫികള്‍ക്ക് വേണ്ടി പ്രാര്‍ഥനയുയര്‍ത്തിയത് അവരുടെ ഹൃദയ വിശാലതയുടെ തെളിവായും പ്രസ്തുത വ്യക്തി പറഞ്ഞുവത്രെ! 

മറ്റൊരാള്‍ പറഞ്ഞത് സലഫികള്‍ക്ക് ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ല എന്നാണ്. ഉടലിന് മുകളില്‍ തല ഉണ്ടാവുമോ എന്ന ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴും സലഫികള്‍ ചെയ്യുന്നത് നിസ്സാരമായ കാര്യങ്ങളാണ്. ഉദാഹരണം: നിസ്‌കാരത്തിലെ കൈ കെട്ട്, താടി നീട്ടല്‍, പുരുഷന്മാരുടെ വസ്ത്രത്തിന്റെ ഇറക്കം, സുബ്ഹിലെ ഖുനൂത്ത്, ജിന്ന് ബാധ, സിഹ്ര്‍... തുടങ്ങിയവ. നവോത്ഥാന പ്രസ്ഥാനം എന്നവകാശപ്പെടുന്നവര്‍ ഇത്തരം തര്‍ക്കങ്ങളില്‍ അഭിരമിച്ച് സമയം കളയുകയാണെന്നും മുസ്‌ലിം പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് കൈകാര്യം ചെയ്യാന്‍ ജമാഅത്ത് മാത്രമെ ഇവിടെയുള്ളൂ എന്നുമാണ് അദ്ദേഹം അവകാശവാദമുന്നയിക്കുന്നത്. ചുരുക്കത്തില്‍ ഫാഷിസ്റ്റുകളെ പ്രതിരോധിക്കുന്നതിലും മറ്റും സലഫികള്‍ക്ക് യാതൊരു റോളുമില്ല എന്നാണ് അവരുടെയൊക്കെ വാദം.

ബാബരി മസ്ജിദിന്റെ പതന സമയത്ത് 'മതം മനുഷ്യ സൗഹാര്‍ദത്തിന്' എന്ന പ്രമേയത്തില്‍ പാലക്കാട് കോട്ടമൈതാനിയിയില്‍ നടക്കാനിരുന്ന മുജാഹിദ് സംസ്ഥാന സമ്മേളനം നിര്‍ത്തിവെക്കാന്‍ കേന്ദ്രം ഓര്‍ഡറിട്ട ശേഷം അത് തിരുത്തി, നടത്താന്‍ തന്നെ ഓര്‍ഡര്‍ ലഭിക്കത്തക്കവിധം മാതൃകായോഗ്യമായ പ്രവര്‍ത്തനം നടത്തുന്ന മുജാഹിദുകളോടാണിത് പറയുന്നത്! 

എല്ലാം വാദത്തിന് വേണ്ടി സമ്മതിച്ചു എന്ന് തന്നെ വെക്കുക. അപ്പോഴും ജമാഅത്തിനെ തുറിച്ച് നോക്കുന്ന ചില ഭൂതകാല ചരിത്രങ്ങളുണ്ട്. വൈദേശികാധിപത്യത്തില്‍ ഭാരതം ഞെരിഞ്ഞമര്‍ന്നിരുന്ന കാലഘട്ടങ്ങളില്‍ അവരില്‍ നിന്നും ഈ നാടിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ ഹിന്ദുവും മുസ്‌ലിമും കൈകോര്‍ത്ത് പിടിച്ച് മുന്നേറിയപ്പോള്‍ അതിന് തുരങ്കം വെച്ചവരാണ് ജമാഅത്തെ ഇസ്‌ലാമി എന്നത് വീണ്ടും ഓര്‍മിപ്പിക്കേണ്ടി വന്നതില്‍ വിഷമമുണ്ട്. മൗലാനാ അബുല്‍ കലാം ആസാദ്, വക്കം മൗലവി, സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍ തുടങ്ങിയ സലഫീ ആശയക്കാരായ പണ്ഡിതന്മാര്‍ സ്വാതന്ത്ര്യ സമരം മുസ്‌ലിമിന്റെ മതപരമായ ബാധ്യതയാണെന്ന് പ്രഖ്യാപിച്ച് അതിന്റെ മുന്നണിപ്പോരാളികളായപ്പോള്‍ അതില്‍ നിന്നും സമുദായത്തെ പിന്തിരിപ്പിക്കാനാണ് ജമാഅത്തും മൗദൂദി സാഹിബും ശ്രമിച്ചിട്ടുള്ളത് എന്നാര്‍ക്കാണറിഞ്ഞ് കൂടാത്തത്? ലാത്ത പോയി മനാത്ത വരുന്നത് പോലെയുള്ള വ്യത്യാസം മാത്രമെ ബ്രിട്ടീഷ്‌കാര്‍ പോയി ഇന്ത്യന്‍ ഗവണ്‍മെന്റ് വരുന്നതിലുള്ളൂ എന്ന് വാദിച്ചവരുടെ ഇപ്പോഴത്തെ മാറ്റം എന്ത് കൊണ്ടും പ്രശംസനീയം തന്നെയാണ്.

തെരഞ്ഞെടുപ്പും വോട്ടിംഗും സര്‍ക്കാരുദ്യോഗവുമൊക്കെ ശിര്‍ക്കും കുഫ്‌റുമായി പ്രഖ്യാപിച്ച് മാറി നിന്നവരാണ് ജമാഅത്തുകാര്‍. അന്നൊക്കെയും മുസ്‌ലിംകള്‍ക്ക് പക്വമായ രാഷ്ട്രീയം പഠിപ്പിച്ച് കൊടുത്ത് അവരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ആയിരക്കണക്കിന് സര്‍ക്കാരുദ്യോഗസ്ഥന്മാരെ സമുദായത്തിന് സംഭാവന ചെയ്യുകയും ചെയ്ത സലഫികള്‍ക്കാണ് ഇവര്‍ രാഷ്ട്രീയം പഠിപ്പിക്കുന്നത്!

സലഫീ പള്ളികളിലെ മിമ്പറുകള്‍ ജുനൈദിനും അഖ്‌ലാഖിനും ഹാദിയക്കും വേണ്ടി സംസാരിച്ചത് എന്തോ പുതിയ കാര്യമായിട്ടാണ് ജമാഅത്ത് സുഹൃത്തുക്കള്‍ക്ക് അനുഭവപ്പെട്ടതെങ്കില്‍ അതിന് മൂന്ന് കാരണങ്ങളാണുണ്ടാവുക. ഒന്നുകില്‍ ജീവിതത്തിലാദ്യമായിട്ടായിരിക്കും അവര്‍ സലഫികളുടെ ഖുത്ബ കേട്ടിട്ടുണ്ടാവുക. അല്ലെങ്കില്‍ ഖുത്ബക്ക് പോയിട്ട് അവര്‍ ഉറങ്ങിയിട്ടുണ്ടാകും. അതുമല്ലെങ്കില്‍ കേവലം മുന്‍ധാരണ. സ്വാതന്ത്ര്യസമര ചരിത്രമൊന്നും 'വിപ്ലവ'പ്പാര്‍ട്ടിക്ക് അറിയുകയില്ല എന്നാണോ നമ്മള്‍ കരുതേണ്ടത്? 

മഅ്ദനിയോട് ആദര്‍ശപരമായി കടുത്ത ഭിന്നത നിലനിന്നപ്പോഴും അദ്ദേഹം അന്യായമായി തുറുങ്കിലടക്കപ്പെട്ടപ്പോള്‍ അത് അനീതിയാണെന്ന് ഉറക്കെ വിളിച്ച് പറയാന്‍ സലഫീ മിമ്പറുകള്‍ ഇതിന് മുമ്പും ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട് എന്നറിയാത്തവരാണോ ജമാഅത്ത് സുഹൃത്തുക്കള്‍? പവിത്രമായൊരു ആരാധനാ കര്‍മത്തെ കേവലം രാഷ്ട്രീയപരവും സംഘടനാപരവുമായ പോപ്പുലാരിറ്റിക്ക്  വേണ്ടി തെരുവിലേക്ക് വലിച്ചിഴക്കലാണ് സമുദായ സ്‌നേഹമെന്ന് ആരെങ്കിലും ധരിച്ച് പോയിട്ടുണ്ടെങ്കില്‍ അത്തരമൊരു സ്‌നേഹം സലഫികള്‍ക്കില്ല എന്ന് മനസ്സിലാക്കിക്കൊള്ളുക.

നിസ്സാര കാര്യങ്ങളില്‍ തര്‍ക്കിച്ച് സമയം കളയുന്നവരാണ് സലഫികളെന്ന ആരോപണത്തില്‍ പുതുതായി യാതൊന്നുമില്ലാത്തത് കൊണ്ട് തന്നെ അതിന് പ്രത്യേകിച്ച് മറുപടിയൊന്നും വേണമെന്ന് തോന്നുന്നില്ല. എങ്കിലും അവരറിയാന്‍ വേണ്ടി പറയുകയാണ്; ഈ വിഷയം സലഫികള്‍ വേണ്ട സമയത്ത് വേണ്ടത് പോലെ കൈകാര്യം ചെയ്യുക തന്നെ ചെയ്യും. ലക്ഷക്കണക്കിനാളുകള്‍ പടച്ച റബ്ബിന്റെ സൃഷ്ടികളെ വിളിച്ച് പ്രാര്‍ഥിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ നിലനില്‍ക്കുമ്പോള്‍ ഏതെങ്കിലും പശു പ്രേമിയുടെ കൈകൊണ്ട് അവര്‍ കൊല്ലപ്പെടുന്നതിന് മുമ്പ്  അവര്‍ക്ക് ഏകദൈവ വിശ്വാസം പഠിപ്പിച്ച് കൊടുക്കുന്നതിന്  തന്നെയാണ് അവര്‍ ഒന്നാം സ്ഥാനം നല്‍കുന്നത്. ഉടലില്‍ നിന്നും തലവേര്‍പെടുത്തപ്പെട്ടാലും മുവഹ്ഹിദായിട്ടാണ് അവന്‍ മരിക്കുന്നതെങ്കില്‍ ദുന്‍യാവ് മാത്രമെ അവന്ന് നഷ്ടമാവുകയുള്ളൂ, അല്ലാത്ത പക്ഷം അവന്റെ ഇരു ലോകവും നഷ്ടപ്പെടും. ഇതാണ് ഈ വിഷയത്തില്‍ സലഫികളുടെ സുചിന്തിതമായ നിലപാട്. ജിന്നിന്റെ പേരില്‍ സലഫികളെ കളിയാക്കുന്നതിന് മുമ്പ് ആഗോള നേതാവായ ഹസനുല്‍ ബന്ന തന്റെ ശിഷ്യന്റെ ഭാര്യയുടെ ശരീരത്തില്‍ നിന്നും ജിന്നിനെ അടിച്ചിറക്കിയ കഥയെങ്കിലും ഒന്ന് വായിക്കണം. 

ശിര്‍ക്ക്, തൗഹീദ് വിഷയങ്ങള്‍ പോലും നിസ്സാരമായിക്കണ്ട് പന്നിയിറച്ചിയോട് ക്വുര്‍ആന്‍ ചേര്‍ത്തു പറഞ്ഞ ശിര്‍ക്കന്‍ ഭക്ഷണം (നേര്‍ച്ചച്ചോറ്) ഞാന്‍ കഴിച്ചു എന്ന് പരസ്യമായി സോഷ്യല്‍ മീഡിയയില്‍ എഴുതി ജാറപൂജകരെ സന്തോഷിപ്പിച്ച സ്വന്തം പ്രവര്‍ത്തകനെ ഒന്നു തിരുത്താന്‍ ഒരു നേതൃത്വമുണ്ടായില്ല എന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു.

സുന്നത്തുകളോട് പരമപുച്ഛ മനസ്സ് നിലനില്‍ക്കുന്ന ചില ജമാഅത്ത് സുഹൃത്തുക്കള്‍ (എല്ലാവരുമല്ല, സുന്നത്ത് സ്‌നേഹികള്‍ ക്ഷമിക്കുക) അത് മാറ്റിത്തരാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം എന്ന് മാത്രമെ താടി, വസ്ത്രം തുടങ്ങിയവയെ കുറിച്ചുള്ള പരാമര്‍ശങ്ങളെ സംബന്ധിച്ച് പറയുന്നുള്ളൂ. മ്യൂസിക് വിഷയത്തില്‍ ഹദീഥിനെ തള്ളുന്നവര്‍ക്കെതിരേ റമദാന്‍ ക്ലാസില്‍ ആഞ്ഞടിച്ച ജമാഅത്ത് പണ്ഡിതന്റെ ശബ്ദം ഒറ്റപ്പെട്ടതാണെങ്കിലും പ്രതീക്ഷാര്‍ഹമാണ്.

എന്നാല്‍ എക്പ്രസ് ഹൈവേ, കൊക്കക്കോള പോലുള്ള ഭൗതിക വിഷയങ്ങളില്‍ സംവാദം വരെ വെച്ചവര്‍ തൗഹീദ് എന്ന അടിസ്ഥാന വിഷയത്തെ നിസ്സാരമാക്കിയപ്പോള്‍ ശിര്‍ക്കന്‍ ചോറ് (കടപ്പാട്: പരലോകം ക്വുര്‍ആനില്‍ എഥന്ന കെ.സി അബ്ദുല്ല മൗലവിയുടെ പുസ്തകം) തിന്നുന്ന അവസ്ഥയില്‍ അണികളെത്തി.

ഒരു ഭാഗത്ത് ഫാസിസ്റ്റ് വിരുദ്ധത ഇടതടവില്ലാതെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുക, മറ്റൊരു ഭാഗത്ത് സംഘികളെ വിളിച്ച് സല്‍ക്കരിക്കുകയും ചെയ്യുക എന്ന വൈരുധ്യം നിലവില്‍ ജമാഅത്തിന് മാത്രം അവകാശപ്പെട്ടതാണ്. സംഘപരിവാറിന്റെ മാനസപുത്രനായ രാഹുല്‍ ഈശ്വര്‍ അവര്‍ക്ക് സ്വീകാര്യനാകുന്നതിന്റെ രസതന്ത്രം എന്താണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. വിശ്വസിച്ച മതമനുസരിച്ച് ജീവിക്കാന്‍ വിടാതെ സംഘപരിവാര്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഹാദിയ വിഷയം കത്തി നിന്ന ഈ റമദാനിലും ഇഫ്താര്‍ വിരുന്നൊരുക്കി സംഘി നേതാക്കളെ സല്‍ക്കരിച്ചവര്‍ മറ്റുള്ളവര്‍ക്ക് ഫാസിസ്റ്റ് വിരുദ്ധത പഠിപ്പിക്കാന്‍ ഇനിയും മിനക്കെടരുതെന്നപേക്ഷിക്കുന്നു.

ചുരുക്കത്തില്‍, ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്കിടയില്‍ പരമാവധി ഒന്നിച്ച് നിന്ന് കൊണ്ട് അതിനെ മറികടക്കാനാണ് നാം ശ്രമിക്കേണ്ടത് . ആരുടെയും ആത്മാര്‍ഥതയെ ചോദ്യം ചെയ്ത് ആളാവാനല്ല നാം ശ്രമിക്കേണ്ടത്. നമ്മളെല്ലാത്തവരൊക്കെയും വെറും മണ്ടന്മാരാണെന്ന അഹങ്കാരവുമല്ല നമുക്ക് വേണ്ടത്. അടിയുറച്ച വിശ്വാസവും മനമുരുകിയ പ്രാര്‍ഥനയും അതോടൊപ്പം സമാധാനവാദികളായ ഭൂരിപക്ഷമതത്തിലെ ഭൂരിപക്ഷമാളുകളെയും ചേര്‍ത്തുപിടിച്ച് ഈ വിപല്‍ ഘട്ടത്തെ ആസൂത്രണ പാടവത്തോടെ ചെറുത്ത് തോല്‍പിക്കാനുള്ള യജ്ഞത്തില്‍ ഒരൊറ്റ മനസ്സോടെ നാം മുന്നേറുക. അല്ലാഹു നമ്മെ വിജയിപ്പിക്കുക തന്നെ ചെയ്യും.