അഹ്‌ലുസ്സുന്നയുടെ മാര്‍ഗം വക്രതയുള്ളതല്ല

മൂസ സ്വലാഹി, കാര

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

ക്വുര്‍ആനും പ്രവാചക ചര്യയും (സുന്നത്ത്) മുറുകെ പിടിച്ച് സച്ചരിതരുടെ മാര്‍ഗത്തെ മാതൃകയായി സ്വീകരിച്ച് നിലകൊണ്ടവര്‍ മാത്രമാണ് എക്കാലത്തും 'അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ' എന്ന വിശേഷണത്തിന് അര്‍ഹര്‍. എന്നാല്‍ ഇസ്‌ലാമില്‍ നിന്ന് വ്യതിയാനം സംഭവിച്ചവരില്‍ അധികവും ഈ നാമത്തെ ചൂഷണം ചെയ്ത്, ഈ വിലാസത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചവരും അതിനായി പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ച്, സല്‍സരണിയെ കളങ്കപ്പെടുത്തി മുന്നേറിയവരുമാണ്. അവരില്‍ മുന്‍നിരയിലുള്ളവരാണ് ശിയാക്കളും സ്വൂഫികളും. പല കാര്യങ്ങളിലും ഇവരുടെ പാത പിന്തുടരുന്നവരാണ് കേരളത്തിലെ സമസ്തക്കാര്‍ എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

2017 ആഗസ്റ്റ് ലക്കം 'സുന്നത്ത്' മാസികയില്‍ പ്രസിദ്ധീകരിച്ച 'അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ' എന്ന ലേഖനത്തില്‍ വന്ന ചില വികലവാദങ്ങളെ ചൂണ്ടിക്കാണിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

'സ്വിറാത്തുല്‍ മുസ്തക്വീം' (ചൊവ്വായ മാര്‍ഗം) എന്നതാണ് അഹ്‌ലുസ്സുന്നയുടെ മാര്‍ഗം. ഇത് അല്ലാഹു നല്‍കിയതും പ്രവാചകന്മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവര്‍ സഞ്ചരിച്ച വഴിയുമാണ്. അല്ലാഹു പറയുന്നു: 

''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (6:153).

''ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക'' (3:106). 

ഈ വചനത്തിന് ഇബ്‌നുഅബ്ബാസ്(റ) നല്‍കിയ വിശദീകരണം കാണുക: ''മുഖം വെളുത്തവര്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയുടെയും മുഖം കറുത്തവര്‍ ബിദ്അത്തിന്റെയും ഭിന്നിപ്പിന്റെയും ആളുകളാണ്'' (ഇബ്‌നു കഥീര്‍ 1:518). 

അബ്ദുല്ലാഹിബ്‌നു അംറ്(റ)വില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: നിശ്ചയം, ബനൂ ഇസ്‌റാഈല്യര്‍ എഴുപത്തി രണ്ട് വിഭാഗങ്ങളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തി മൂന്ന് വിഭാഗങ്ങളായി പിരിയും. ഒന്നൊഴികെ ബാക്കിയെല്ലാം നരകത്തിലായിരിക്കും. അനുചരന്മാര്‍ ചോദിച്ചു: 'ആ വിഭാഗം ആരാണ്?' നബി ﷺ  പറഞ്ഞു: 'ഞാനും എന്റെ അനുചരന്മാരും (സ്വഹാബത്ത്) നിലകൊണ്ട മാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍ ആരാണോ അവര്‍'' (തിര്‍മുദി).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ''ഈ സമൂഹത്തിലും വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഒന്നൊഴികെ എല്ലാം വഴികേടാണ്. അല്ലാഹുവിന്റെ ക്വുര്‍ആനിനെയും നബി ﷺ യുടെ ചര്യയെയും സ്വഹാബത്താകുന്ന ആദ്യതലമുറയെയും താബിഉകളെയും ആധുനികരും പൗരാണികരുമായ മുസ്‌ലിം പണ്ഡിതന്മാരെയും മുറുകെ പിടിക്കുന്ന അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയാണവര്‍'' (ഇബ്‌നു കഥീര്‍ 1:574). 

അഹ്‌ലുസ്സുന്നയുടെ ശരിയായ ആദര്‍ശം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സലഫികളെ ചില ക്വദ്‌രിയ്യാക്കള്‍, ഖവാരിജുകള്‍, ജബ്‌രിയ്യാക്കള്‍, റാഫിളിയ്യാക്കള്‍, മുര്‍ജിയ്യാക്കള്‍, മുഅ്തസിലികള്‍ എന്നീ വ്യതിയാന കക്ഷികളുടെ കൂടെ ചേര്‍ക്കാന്‍ തത്രപ്പെടുന്ന 'സുന്നത്ത്' ലേഖകന്റെ വാക്കുകള്‍ കാണുക: ''അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ എന്നത് ഇസ്‌ലാം എന്നതിന്റെ ഒരു പര്യായനാമം മാത്രമാണ്. ഖവാരിജുകള്‍, മുഅ്തസിലത്ത്, വഹാബികള്‍ എന്നു പറയുന്നത് പോലെയുള്ള ഒരു കക്ഷി എന്നല്ല'' (സുന്നത്ത് മാസിക, 2017 ആഗസ്റ്റ്, പേജ് 22).

'കേരള ജംഇയ്യത്തുല്‍ ഉലമ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ' എന്ന പേരില്‍ ആദ്യത്തെ പണ്ഡിതസഭ രൂപീകരിച്ച് അഹ്‌ലുസ്സുന്നയുടെ മാര്‍ഗം പിന്തുടര്‍ന്ന് കേരളത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചവര്‍ക്ക് നേരെയാണ് ഈ പിഴിചാരല്‍!

സമസ്ത വിഭാഗങ്ങള്‍ക്ക് തീരെയില്ലാത്ത ഒന്നിനെ അവരിലേക്ക് ചേര്‍ത്തിപ്പറയാനാണ് ലേഖകന്റെ അടുത്ത ശ്രമം: ''ചുരുക്കത്തില്‍ ക്വുര്‍ആന്‍ മനസ്സിലാക്കാന്‍ നബിചര്യയും സ്വഹാബത്തിന്റെ ജീവിതവും പരിശോധിക്കുന്നവര്‍ സുന്നികളും ക്വുര്‍ആനിനെ നേരിട്ട് വ്യാഖ്യാനിക്കുന്നവര്‍ ബിദഈ കക്ഷികളുമാണ്'' (സുന്നത്ത് മാസിക, പേജ്:22). 

സുന്നികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കേരളത്തിലെ സുന്നി പ്രസ്ഥാനക്കാരെയാണെങ്കില്‍ അതൊരു വിരോധാഭാസമാണ്. 'ക്വുര്‍ആന്‍ മനസ്സിലാക്കാന്‍ നബിചര്യയും സ്വഹാബത്തിന്റെ ജീവിതവും പരിശോധിക്കുന്ന സ്വഭാവം സമസ്തയുടെ ആരംഭം മുതല്‍ ഇതുവരെ അവര്‍ സ്വീകരിക്കാത്ത ഒന്നാണ്. അതാണ് തങ്ങള്‍ക്ക് ഉണ്ടെന്ന് ലേഖകന്‍ അവകാശപ്പെടുന്നത്. പ്രമാണങ്ങള്‍ സ്വികരിക്കുന്നേടത്ത് ഈ നിലപാട് ഇവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ ശിര്‍ക്ക് ബിദ്അത്തുകള്‍ സ്ഥാപിക്കുവാന്‍ ഇവരുടെ പണ്ഡിതന്മാര്‍ ക്വുര്‍ആന്‍ വചനങ്ങളെയും ഹദീഥുകളെയും ദുര്‍വ്യാഖ്യാനിക്കുമായിരുന്നില്ല. ക്വബ്‌റാരാധനയെയും ജാറപൂജയെയും മരണാനന്തര അനാചാരങ്ങളെയും ഇസ്‌ലാമിന്റെ ലേബലില്‍ പ്രചരിപ്പിക്കുമായിരുന്നില്ല. ബിദ്അത്ത് ചെയ്യുന്നവരെയാണ് ബിദ്ഈ കഷികള്‍ എന്ന് പറയുക. ആ പേരിനര്‍ഹര്‍ ഒട്ടനവധി ബിദ്അത്തുകള്‍ ചെയ്യുന്ന ഇക്കൂട്ടര്‍ തന്നെയല്ലേ? 

അല്ലാഹു പറയുന്നു: ''തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്). അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും''(ക്വുര്‍ആന്‍ 6:159). 

ഇബ്‌നുകഥീര്‍(റഹി) പറയുന്നു: ''അല്ലാഹുവിന്റെ ദീനിനെ ഭിന്നിപ്പിച്ച് അതിനെതിരായവര്‍ക്കെല്ലാം ഈ സൂക്തം ബാധകമാണ്. നിശ്ചയം, അല്ലാഹു നേര്‍മാര്‍ഗവും സത്യദീനുമായി പ്രവാചകനെ നിയോഗിച്ചു. അതിന്റെ നിയമം ഒന്നാണ.് ഭിന്നതയോ, അഭിപ്രായ വ്യത്യാസമോ അതിലില്ല. അതിനെതിരായി ആരെങ്കിലും നിന്നാല്‍ അത് വഴികേടും അജ്ഞതയും അഭിപ്രായങ്ങളും ദേഹേഛകളും മാത്രമാണ്. പ്രവാചകന്‍ ﷺ  അതിനെതൊട്ട് വിട്ടുനില്‍ക്കുന്നവനാണ്''(ഇബ്‌നുകഥീര്‍ 2:263). 

ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി(റ)പറയുന്നു: ''അഹ്‌ലുസ്സുന്നത്തി വല്‍ജമാഅക്ക് വിരുദ്ധമായി എന്തെങ്കിലും ഒന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവനാണ് പുത്തന്‍വാദി'' (ഫത്ഹുല്‍ ബാരി, 2:10-13).

സമസ്തക്കാര്‍ അഅ്‌ലുസ്സുന്നയുടെ വഴിയിലല്ലെന്ന് ബോധ്യമാക്കാന്‍ ലേഖകന്‍ നടത്തിയ ദുര്‍വ്യാഖ്യാനം  മതിയാകുന്നതാണ്: ''മരണപ്പെട്ടവര്‍ കേള്‍ക്കുമെന്നും ക്വബ്‌റടക്കപ്പെട്ടവര്‍ പുറത്തുകൂടെ നടക്കുന്നവരുടെ കാലിന്റെ ശബ്ദം പോലും കേള്‍ക്കുമെന്നുമെല്ലാം സ്വഹീഹുല്‍ ബുഖാരിയിലടക്കം സ്ഥിരപ്പെട്ട ഹദീഥുകള്‍ കാണാം. ബദ്‌റില്‍ കൊല്ലപ്പെട്ട ക്വുറൈശി പ്രമുഖരെ പേരെടുത്ത് വിളിച്ച് നബി ﷺ  അവരോട് സംസാരിച്ചപ്പോള്‍ ആത്മാവില്ലാത്ത അവര്‍ ഇത് കേള്‍ക്കുമോ എന്ന് ഉമര്‍(റ) സംശയമുന്നയിച്ചപ്പോള്‍ അവര്‍ നിങ്ങളെക്കാള്‍ കേള്‍ക്കുമെന്ന തരത്തില്‍ നബി ﷺ  മറുപടി കൊടുത്തതും ബുഖാരിയിലുണ്ട്''(പേജ്: 23)

പച്ചയായ ദുര്‍വ്യാഖ്യാനം മാത്രമല്ല ശുദ്ധമായ കളവുമാണിത്. ക്വബ്‌റടക്കപ്പെട്ടവര്‍ കാലിന്റെ ശബ്ദം കേള്‍ക്കുമെന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിച്ച ഹദീഥുകള്‍ വ്യക്തമാക്കുന്നത് മറമാടിയതിന് ശേഷം മുന്‍കര്‍, നകീര്‍ മലക്കുകള്‍ വരുന്നതിന് മുമ്പുള്ള അവസ്ഥയാണ്. അത് റബ്ബിന്റെ തീരുമാന പ്രകാരമാണ് നടക്കുന്നത്. മരണപ്പെട്ടവരോട് സഹായം തേടിയാല്‍ അവര്‍ കേള്‍ക്കുമെന്നല്ല അതില്‍ പറയുന്നത്. ബദ്‌റില്‍ കൊല്ലപ്പെട്ട ക്വുറൈശി പ്രമുഖരെ പേരെടുത്ത് വിളിച്ച് നബി ﷺ  അവരോട് സംസാരിച്ചത്   നബി ﷺ യുടെ മുഅ്ജിസത്തിന്റെ ഭാഗവും അവര്‍ക്ക് ശിക്ഷയെന്ന നിലയിലും അവര്‍ക്ക് ഖേദമുണ്ടാക്കുവാന്‍ എന്ന നിലയിലുമാണ്. 'ഞാന്‍ പറയുന്നത് ഇപ്പോള്‍ അവര്‍ കേള്‍ക്കുന്നു' എന്നാണ് നബി ﷺ  പറഞ്ഞത്. ഇമാം മുസ്‌ലിം ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ ''എന്നാല്‍ അവര്‍ക്കിപ്പോള്‍ മറുപടി പറയാന്‍ സാധിക്കില്ല'' എന്ന് കൂടി കാണാം. ഈ രണ്ടു ഹദീഥുകളെയും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅയുടെ പൗരാണികരും ആധുനികരുമായ പണ്ഡിതന്മാരില്‍ ആരും തന്നെ സമസ്തക്കാരെ പോലെ മരണപ്പെട്ടവരോട് പ്രാര്‍ഥിക്കുവാന്‍ തെൡവാക്കിയിട്ടില്ല. 'ആത്മാവില്ലാത്ത അവര്‍ ഇത് കേള്‍ക്കുമോ എന്ന് ഉമര്‍(റ) സംശയമുന്നയിച്ചു' എന്ന് ലേഖകന്‍ തന്നെ എഴുതിയിട്ടുണ്ട്. മരണപ്പെട്ടവര്‍ സാധാരണ നിലയില്‍ കേള്‍ക്കില്ല എന്ന് മനസ്സിലാക്കിയവരായിരുന്നു സ്വഹാബികള്‍ എന്നല്ലേ ഇതില്‍നിന്ന് മനസ്സിലാകുന്നത്? നബി ﷺ  അങ്ങനെയാണ് അവരെ പഠിപ്പിച്ചത്എന്ന് വ്യക്തം. അതുകൊണ്ടാണ് 'ഇപ്പോള്‍' അവര്‍ കേള്‍ക്കും എന്ന് മറുപടി കൊടുത്തതും. 

'സുന്നത്ത്' ലേഖകന്‍ എഴുതുന്നു: ''അഹ്‌ലുസ്സുന്നയല്ലാത്ത ഏത് കക്ഷികളെ കുറിച്ച് പഠിച്ചാലും സ്വന്തമായി ചില ആശയങ്ങള്‍ പടച്ചുണ്ടാക്കി അതിനനുസൃതമായി ക്വുര്‍ആനിനെ വ്യാഖ്യാനിക്കുകയും എതിരായി തോന്നുന്ന പ്രമാണങ്ങളെയെല്ലാം തള്ളിക്കളയുകയും ചെയ്യുന്ന സമീപനം സ്വീകരിച്ചതായി നമുക്ക് കാണാം''(പേജ്:23). 

ഇപ്പറഞ്ഞത് തികച്ചും സമസ്തക്ക് യോജിക്കുന്ന വിശേഷണമാണ്. അഹ്‌ലുസ്സുന്നയുടെ മാര്‍ഗം യഥാവിധി പിന്‍പറ്റി ജീവിക്കുന്നവര്‍ മുജാഹിദുകളാണ്. സ്വന്തമായി ആശയങ്ങള്‍ പടച്ചുണ്ടാക്കുകയും അതിനനുസൃതമായി ക്വുര്‍ആനിനെ വ്യാഖ്യാനിക്കുകയും എതിരായി തോന്നുന്ന പ്രമാണങ്ങളെയെല്ലാം തള്ളിക്കളയുകയും ചെയ്യുന്ന സമീപനം സ്വീകരിക്കുന്നവര്‍ സമസ്തകാരാണെന്ന് ഉദാഹരണസഹിതം തെളിയിക്കുവാന്‍ നമുക്ക് കഴിയും.