പ്രവാചകന്മാര്‍ പാപസുരക്ഷിതര്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 മെയ് 06 1438 ശഅബാന്‍ 9

പ്രവാചകന്മാര്‍ പാപസുരക്ഷിതരാണ്. സാധാരണ പാപം എന്ന് പറയാവുന്നവ ഒന്നും തന്നെ പ്രവാചകന്മാരെ പിടികൂടുകയില്ല. അതില്‍ നിന്ന് അവര്‍ക്ക് അല്ലാഹു സുരക്ഷിതത്വം നല്‍കിയിട്ടുണ്ട്. മോഷണം, വഞ്ചന, വിഗ്രഹങ്ങളുണ്ടാക്കല്‍, അവയെ ആരാധിക്കല്‍, മാരണം ചെയ്യല്‍, മറ്റുള്ളവരെ പരിഹസിക്കല്‍, കളിയാക്കി ചിരിക്കല്‍, കളവ് പറയല്‍... ഇപ്രകാരം മനുഷ്യത്വത്തിന് നിരക്കാത്ത യാതൊന്നുംഅവരില്‍ സംഭവിക്കുകയില്ല.  

ഉല്‍കൃഷ്ട സ്വഭാവത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും യഥാര്‍ഥ ഉദാഹരണങ്ങളായ പ്രവാചകന്മാരെ ബഹുമാനിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന, അല്ലാഹുവിന് ഇഷ്ടമുള്ള മാര്‍ഗത്തിലായി എന്നത് മുസ്‌ലിംകള്‍ക്ക് ലഭിച്ചിട്ടുള്ള വലിയ അനുഗ്രഹമാണ്.

ജൂതെ്രെകസ്തവ റബ്ബിമാര്‍ പ്രവാചകന്മാരെ കുറിച്ച് അവരുടെ വേദങ്ങളില്‍ പ്രവാചകന്മാരില്‍ നിന്ന് സംഭവിക്കാന്‍ പാടില്ലാത്ത (മേല്‍ സുചിപ്പിച്ച) കാര്യങ്ങള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളെ വെച്ച് ന്യായീകരിക്കുവാനാണെന്നേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. വേദപുസ്തകമെന്ന് അവര്‍ അവകാശപ്പെടുന്ന ബൈബിളില്‍ പ്രവാചകന്മാരെ കുറിച്ച് കെട്ടിച്ചമച്ചുണ്ടാക്കിയ കളവുകള്‍ കാണുക: 

നൂഹ് നബി(അ) മദ്യപാനിയായിരുന്നെന്നാണ് ഉല്‍പത്തി പുസ്തകത്തില്‍ പറയുന്നത്. ''നോഹ് കര്‍ഷകനായിരുന്നു. മുന്തിരിത്തോട്ടം ആദ്യമായി നട്ടുപിടിപ്പിച്ചത് അയാളായിരുന്നു. നോഹ് വീഞ്ഞുകുടിച്ച് ലഹരി ബാധിച്ച് നഗ്‌നനായി കൂടാരത്തില്‍ കിടന്നു. പിതാവിന്റെ നഗ്‌നത കണ്ടിട്ട് കാനാന്റെ പിതാവായ ഹാം വെളിയില്‍ ചെന്ന് മറ്റു രണ്ടു സഹോദരന്മാരോട് വിവരം പറഞ്ഞു. ശേമും യാഫേത്തും കൂടി ഒരു വസ്ത്രം എടുത്ത് ഇരുവരുടെയും തോളുകളിലിയി ഇട്ട്, പിറകോട്ട് നടന്ന് ചെന്ന് പിതാവിന്റെ നഗ്‌നത മറച്ചു'''(ഉല്‍പത്തി 9:20-23). 

എന്നാല്‍ ക്വുര്‍ആന്‍ നൂഹ് നബി(അ)നെ തന്റെ ആളുകള്‍ കളിയാക്കുന്ന വേളയില്‍ അവര്‍ക്ക് നല്‍കിയ മറുപടി ഇപ്രകാരം എടുത്തുദ്ധരിക്കുന്നു:

 ''അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളെ, എന്നില്‍ ദുര്‍മാര്‍ഗമൊന്നുമില്ല. പക്ഷേ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു''(7:61).

ഇബ്‌റാഹീം(അ)നെ കുറിച്ച് ഭാര്യയെ ക്രൂരമായി മര്‍ദിക്കുവാന്‍ കൂട്ടുനിന്ന ആളെന്ന നിലക്കുള്ള വിവരണം ഉല്‍പത്തി 16:6ല്‍ കാണാം. സത്യസന്ധനും സന്മാര്‍ഗ നിഷ്ഠനുമായ ഒരാളില്‍ നിന്ന്, തന്റെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി സ്വന്തം ഭാര്യയെ അന്യപുരുഷന്റെ കിടപ്പറയിലേക്ക് അയക്കുക എന്ന പ്രവര്‍ത്തിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുവാന്‍ കഴിയുമോ? എന്നാല്‍ ഉല്‍പത്തി പുസ്തകം 12-ാം അധ്യായം നല്‍കുന്ന ഇബ്‌റാഹീമിനെക്കുറിച്ച വിവരണം ഒരു ധാര്‍മിക വ്യക്തിത്വത്തിന് നിരക്കുന്നതല്ല. 

എന്നാല്‍ ഇബ്‌റാഹീം(അ)നെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് അദ്ദേഹത്തിന്റെ മഹത്ത്വത്തെ ലോകജനതക്ക് മാതൃകയാകും വിധമാണ്: 

''തീര്‍ച്ചയായും ഇബ്‌റാഹീം അല്ലാഹുവിന് കീഴ്‌പെട്ടു ജീവിക്കുന്ന നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ, തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും''(16:120-122).

ലോകത്ത് ആദ്യമായി സ്വവര്‍ഗരതി പ്രത്യക്ഷപ്പെട്ടത് മഹാനായ ലൂത്വ്(അ)ന്റെ ജനതയിലായിരുന്നു. അല്ലാഹു എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചത് ഇണകളായിട്ടാണ്. ലൈംഗിക മോഹം തീര്‍ക്കാന്‍ എതിര്‍ ലിംഗത്തിലുള്ളവരെ സമീപിക്കുന്ന പ്രകൃതത്തിലാണ് അല്ലാഹു എല്ലാ ജീവികളെയും സൃഷ്ടിച്ചത്. മനുഷ്യനും ലൂത്വ്(അ)ന്റെ കാലം വരെ ഈ പ്രക്രിയതന്നെയാണ് സ്വീകരിച്ചത്. എന്നാല്‍ ഇവര്‍ അതിന് വിരുദ്ധമായി പുരുഷന്‍ പുരുഷനെ സ്വീകരിക്കുകയാണ് ചെയ്തത്. അതിനെതിരില്‍ അദ്ദേഹം പ്രതികരിച്ചത് ക്വുര്‍ആന്‍ പറയുന്നത് കാണുക:

''ലൂത്വിനെയും (നാം അയച്ചു). അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ  എന്ന്  പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കുക, ഇവര്‍ പരിശുദ്ധി പാലിക്കുന്ന ആളുകളാകുന്നു എന്നു പറഞ്ഞതു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി''(7:80-82). 

ലൂത്വ്(അ)നെ വിശുദ്ധനും നീതിമാനും ധര്‍മനിഷ്ഠനുമായി ക്വുര്‍ആന്‍ പരിചയപ്പെടുത്തുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം അധാര്‍മികവും മ്ലേഛവുമായിരുന്നെന്ന് ലോകത്തിന് പരിചയപ്പെടുത്തുകയാണ് ബൈബിള്‍ ചെയ്യുന്നത്: ''ലോത്തിന്റെ മൂത്തപുത്രി ഇളയവളോട് പറഞ്ഞു: നമ്മുടെ പിതാവ് വൃദ്ധനായിരിക്കുന്നു. ഭൂമിയിലെ നടപ്പനുസരിച്ച് നമ്മോട് ഇണചേരുവാന്‍ ഭൂമിയിലെ ഒരു പുരുഷനും ഇല്ല. വാ, നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. പിതാവിനോടൊപ്പം ശയിച്ച് പിതാവില്‍ നിന്ന് സന്തതികളെ നേടാം! അന്നു രാത്രി അവര്‍ പിതാവിനെ വീഞ്ഞു കുടിപ്പിച്ചു. മൂത്ത പുത്രി അകത്ത് ചെന്ന് പിതാവിനോടൊപ്പം ശയിച്ചു. അവള്‍ എപ്പോള്‍ വന്നു ശയിച്ചെന്നോ എപ്പോള്‍ എഴുന്നേറ്റ് പോയെന്നോ ഒന്നും അയാള്‍ അറിഞ്ഞില്ല. അടുത്ത ദിവസം മുത്തവള്‍ ഇളയവളോട് പറഞ്ഞു: ഇന്നലെ ഞാന്‍ പിതാവിനോടൊപ്പം ശയിച്ചു. ഇന്നു രാത്രിയും നമുക്ക് പിതാവിനെ വീഞ്ഞ് കുടിപ്പിക്കാം. അനന്തരം നീ അകത്തുപോയി പിതാവിനൊപ്പം ശയിച്ച് നമ്മുടെ പിതാവിലൂടെ നമുക്ക് സന്തതികളെ നേടുക. അന്നു രാത്രിയും അവര്‍ പിതാവിനെ വീഞ്ഞ് കുടിപ്പിച്ചു. ഇളയ പുത്രി എഴുന്നേറ്റ് ചെന്ന് അയാളുടെ കൂടെ ശയിച്ചു. അവള്‍ എപ്പോള്‍ വന്നു ശയിച്ചെന്നോ എപ്പോള്‍ എഴുന്നേറ്റ് പോയെന്നോ ഒന്നും അയാള്‍ അറിഞ്ഞില്ല. അങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും പിതാവിനാല്‍ ഗര്‍ഭവതികളായി'' (ഉല്‍പത്തി 19:31-36).

യഅ്ക്വൂബ്(അ)നെ സദ്‌വൃത്തരില്‍ പെട്ടയാളായിട്ടാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്: ''അദ്ദേഹത്തിന് നാം ഇസ്ഹാക്വിനെ പ്രദാനം ചെയ്തു. പുറമെ (പൗത്രന്‍) യഅ്ക്വൂബിനെയും. അവരെയെല്ലാം നാം സദ് വൃത്തരാക്കിയിരിക്കുന്നു''(21:72). 

എന്നാല്‍ അദ്ദേഹം സ്വന്തം സഹോദരനെ ചതിച്ച് പിതാവായ ഇസ്ഹാക്വില്‍ നിന്ന് ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത ആളായാണ് ഉല്‍പത്തി (27:19-22) പരിചയപ്പെടുത്തുന്നത്. തന്റെ ഭാര്യാപിതാവിന്റെ കാലി സമ്പത്ത് മുഴുവന്‍ ഒരു സൂത്രമുപയോഗിച്ച് കൈവശപ്പെടുത്തിയതും(ഉല്‍പത്തി 30:37-43), മക്കളെ കൊണ്ട് നഗരം കൊള്ള ചെയ്യിച്ചതുമെല്ലാം (ഉല്‍പത്തി 34:25-31) യാക്കോബിന്റെ പ്രവൃത്തികളായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്! 

ഇസ്‌റാഈല്‍ സന്തതികളിലേക്ക് നിയോഗിതനായ മൂസാ(അ) തന്റെ ജനതയോട് അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും പ്രവാചകനായ എന്നെ നിങ്ങള്‍ അനുസരിക്കണമെന്നും പറഞ്ഞതിനാല്‍ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങള്‍ ഏറെയാണ്. (പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുമ്പോള്‍ ആ ഭാഗം നമുക്ക് വായിക്കാം). ഇവിടെ നാം മനസ്സിലാക്കുന്നത് മറ്റൊരു കാര്യമാണ്. മൂസാ(അ) തൗറാത്ത് വാങ്ങാനായി പോയപ്പോള്‍ അവരില്‍ നിന്ന് സാമിരിയെന്ന ദുഷ്ടന്‍ ഒരു കാളക്കുട്ടിയെ നിര്‍മിക്കുകയും അതിനെ ആരാധിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും അതിനെതിരില്‍ മൂസാ(അ) രോഷാകുലനാകുകയും തന്റെ സഹോദരന്‍ ഹാറൂനിനോട് ദേഷ്യപ്പെട്ട് താടിക്ക് പിടിച്ചതുമെല്ലാം ക്വുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.  

വിഗ്രഹം ഉണ്ടാക്കിയതറിഞ്ഞതില്‍ അങ്ങേയറ്റം ദേഷ്യപ്പെട്ട മൂസാ(അ)നെ കുറിച്ച് പുറപ്പാട് പുസ്തകം 32:16 വരെയുള്ള വചനങ്ങളില്‍ പറയുന്നത് മോശ സീനായ് പര്‍വതത്തിലേക്ക് പോയ അവസരത്തില്‍ ഇസ്രാഈല്യര്‍ക്ക് അവരുടെ ആവശ്യപ്രകാരം സ്വര്‍ണം കൊണ്ട് കാളക്കുട്ടിയെ നിര്‍മിച്ച് ആരാധിക്കാനായി നല്‍കിയത് മോശയുടെ കൂട്ടാളിയും പ്രവാചകനുമായ അഹറോണായിരുന്നുവെന്നാണ്. 

ദാവൂദ്(അ)നെ കുറിച്ച് പറയുന്നത് കാണുക: ''ഒരു ദിവസം ദാവീദ് തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നത് കണ്ടു. ദാവീദ് ആളയച്ച് അവളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്റെ പടയാളിയായ ഊറിയായുടെ ഭാര്യ ബത്‌ശേബയാണ് അതെന്ന് മനസ്സിലായി. ദൂതന്മാരെ അയച്ച് ദാവീദ് അവളെ തന്റെ കടപ്പറയിലേക്ക് വരുത്തി. ദാവീദ് അവളോടൊപ്പം ശയിച്ചു. സ്വഭവനത്തിലേക്ക് മടങ്ങിയ അവള്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ദാവീദിനെ അറിയിച്ചു. ഈ സമയത്ത് യുദ്ധഭൂമിയിലായിരുന്ന ഊറിയായെ ദാവീദ് കൊട്ടാരത്തിലേക്ക് വരുത്തി. അയാളെ സ്വഗൃഹത്തിലേക്ക് പറഞ്ഞയച്ച് തന്റെ കുഞ്ഞിന്റെ  പിതൃത്വം പടയാളിയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. പക്ഷേ, ഊറിയാ തന്റെ വീട്ടില്‍ പോകാന്‍ തയ്യാറായില്ല... ആ ശ്രമം പരാജയപ്പെട്ടു.

പിറ്റേന്ന് പ്രഭാതത്തില്‍ ദാവീദ് ഊറിയായെ യുദ്ധ ഭൂമിയിലേക്ക് പറഞ്ഞയച്ചു. അയാളുടെ കൈവശം സേനാ നായകനായ യോവാബിന് ഒരു ഒരു കത്തും കൊടുത്തുവിട്ടു. കത്തില്‍ ദാവീദ് ഇപ്രകാരമെഴുതി: പൊരിഞ്ഞ യുദ്ധം നടക്കുന്നിടത്ത് മുന്‍ നിരയില്‍ ഊറിയായെ നിര്‍ത്തുക. പിന്നീട് അയാളില്‍ നിന്ന് പിന്തിരിയുക. അയാള്‍ വെട്ടേറ്റ് വീണ് മരിക്കണം'' (2 ശാമുവേല്‍ 11:15).

കല്‍പന പോലെ സേനാ നായകന്‍ പ്രവര്‍ത്തിച്ചു. ഊറിയാ കൊല്ലപ്പെട്ടു. വിലാപ കാലത്തിനു ശേഷം ഊറിയായുടെ ഭാര്യയെ ദാവീദ് തന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. അവള്‍ അദ്ദേഹത്തിന്റെ  ഭാര്യയാവുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. 

ദാവീദിന്റെ മക്കള്‍ നടത്തിയ തോന്നിവാസങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്നാണ് പഴയ നിയമം പറയുന്നത്. ഒരു മകനായ അമ്‌നോന്‍ കാമാന്ധത നിമിത്തം സഹോദരിയായിരുന്ന താമാറിനെ ബലാല്‍സംഗം ചെയ്തു (2 ശാമുവേല്‍ 13:114). മറ്റൊരു മകനായ അബ്ശലോം സ്വന്തം പിതാവിന്റെ ഭാര്യമാരെ പ്രാപിച്ചു (2 ശാമുവേല്‍ 16:20-23). ദാവീദ് ഇതെല്ലാം നോക്കി നിന്നുവെന്നും അവര്‍ക്കെതിരായി യാതൊന്നും ചെയ്തില്ലെന്നുമാണ് ശാമുവേല്‍ പുസ്തകങ്ങള്‍ വായിച്ചാല്‍ തോന്നുക.

സുലൈമാന്‍ നബി(അ)യിലും ഇതുപോലെയുള്ള ദുര്‍വൃത്തികള്‍ യഹൂദികള്‍ ആരോപിച്ചിട്ടുണ്ട്. 1 രാജാക്കന്മാര്‍ 11:37 നോക്കിയാല്‍ അന്യജാതിക്കാരായ സ്ത്രീകളുടെ സമ്മര്‍ദത്തിനു വഴങ്ങി  അന്യദേവതമാരെ ആരാധിച്ചിരുന്ന വ്യക്തിയായി സോളമനെ യഹൂദ റബ്ബിമാര്‍ വികൃതമാക്കിയത് കാണാന്‍ സാധിക്കും. എന്നാല്‍ സുലൈമാന്‍(അ)യെ കുറിച്ച് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത് കാണുക.

''ദാവൂദിനും സുലൈമാനും നാം വിജ്ഞാനം നല്‍കുകയുണ്ടായി. 'തന്റെ വിശ്വാസികളായ ദാസന്മാരില്‍ മിക്കവരെക്കാളുും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സ്തുതി' എന്ന് അവര്‍ ഇരുവരും പറയുകയും ചെയ്തു''(27:15).

''ദാവൂദിന് നാം സുലൈമാനെ (പുത്രന്‍) പ്രദാനം ചെയ്തു. വളരെ നല്ല ദാസന്‍! ദീര്‍ച്ചയായും അദ്ദേഹം (അല്ലാഹുവിങ്കലേക്ക്) ഏറ്റവും അധികം ഖേദിച്ചു മടങ്ങുന്നവനായിരുന്നു''(സ്വാദ്: 30).

ക്ഷിപ്രകോപിയായും മദ്യപാനിയായും മാതൃബഹുമാനമില്ലാത്ത ആളുമായാണ് ഈസാനബി(അ)യെ സുവിശേഷ പുസ്തകം (ബൈബിള്‍) പരിചയപ്പെടുത്തുന്നത്. സ്വന്തം മാതാവിനെ 'ഹേ! സ്ത്രീയേ!' എന്ന് ഈസാ(അ) വിളിക്കുന്നതായി യോഹന്നാന്‍ സുവിശേഷം 2:5ല്‍ കാണാം. അല്ലാഹു പരിചയപ്പെടുത്തിത്തരുന്ന ഈസാ(അ) ആരാണെന്ന് കാണുക:

''(അവന്‍ എന്നെ) എന്റെ മാതാവിനോട് നല്ല  നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുനാക്കിയിട്ടില്ല''(19:32).  

നോക്കൂ..! എന്തുമാത്രം വിചിത്രവും നീചവുമായ പ്രവര്‍ത്തനങ്ങളാണ് പ്രവാചകന്മാരുടെ മേല്‍ യഹൂദ റബ്ബിമാര്‍ കെട്ടിവെച്ചിട്ടുള്ളത്. ഇതെല്ലാം നാം മുകളില്‍ സൂചിപ്പിച്ചത് പോലെ, തങ്ങളുടെ നീചവൃത്തികള്‍ക്ക് മഹാന്മാരുടെ പിന്തുണയുണ്ടെന്ന് വാദിക്കാനാണെന്നേ മനസ്സിലാക്കുവാന്‍ സാധിക്കുയള്ളൂ.

പ്രവാചകന്മാര്‍ ആരായിരുന്നെന്ന് ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക: 

''അവരെ നാം നമ്മുടെ കല്‍പന പ്രകാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തിരിക്കുന്നു. നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും നമസ്‌കാരം മുറപോലെ നിര്‍വഹിക്കണമെന്നും സകാത്ത് നല്‍കണമെന്നും നാം അവര്‍ക്ക് ബോധനം നല്‍കുകയും ചെയ്തു. നമ്മെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്'(21:73). 

18 നബിമാരുടെ പേര് പറഞ്ഞതിന് ശേ     ഷം അല്ലാഹു നബിയോട് പറയുന്നു: ''...അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്നുകൊള്ളുക''(6:90). 

''തീര്‍ച്ചയായും (പ്രവാചകന്മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതി കാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമാകുന്നു''(21:90).