സോഷ്യല്‍ മീഡിയ വിശ്വാസിയെ നാശത്തിലേക്ക് നയിക്കുന്നുവോ?

അബ്ദുല്‍ മുസ്വവ്വിര്‍

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2

ഇസ്‌ലാമിക പ്രബോധനരംഗം മുന്‍പത്തെക്കാളുമുപരി ചലനാത്മകമാണിന്ന്. പണ്ഡിതന്മാര്‍, അതില്‍ തന്നെ വളരെ എണ്ണപ്പെട്ട ചിലര്‍ മാത്രം നടത്തിയിരുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ജനകീയമായി മാറി. ശരാശരി മതബോധമുള്ള  മിക്കവരും തങ്ങളെക്കൊണ്ട് കഴിയുന്ന രീതിയില്‍ ഈ രംഗത്ത് സജീവമായി ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അവസ്ഥയാണെങ്ങും. പ്രത്യേകിച്ച്, സോഷ്യല്‍ മീഡിയയുടെ അതിവേഗത്തിലുള്ള കടന്നുകയറ്റം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടും പാവും നല്‍കി.  

കൈയിലിരിക്കുന്ന മൊബൈല്‍ ഫോണിന്റെ സെര്‍ച്ച് ബട്ടണില്‍ വിരലൊന്നമര്‍ത്തിയാല്‍ ലോകത്തുള്ള സര്‍വ വിവരങ്ങളും നമ്മുടെ മുന്നിലേക്ക് ഒന്നൊന്നായി തെളിഞ്ഞുവരുന്ന രീതിയില്‍ വിവര സാങ്കേതിക വിദ്യ കുതിപ്പ് തുടരുകയാണ്. പ്രൈമറി വിദ്യാഭ്യാസം പോലും ലഭിക്കാത്ത പലരും വര്‍ഷങ്ങളോളം കിതാബോതിയവരെപ്പോലും കവച്ചുവെക്കുന്ന പ്രാഗത്ഭ്യം തെളിയിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഉസ്താദ് പറയുന്നത് മുഴുവന്‍ അപ്പടി വിഴുങ്ങിയിരുന്ന കാലമൊക്കെ പഴങ്കഥയായിത്തുടങ്ങി. മതത്തില്‍ ആര് എന്ത് പറഞ്ഞാലും അതിന് തെളിവ് ചോദിക്കുന്ന തരത്തിലേക്ക് സാധാരണക്കാര്‍ മാറി. 

ഈ നന്മകളെയൊക്കെ തകര്‍ത്തു തരിപ്പണമാക്കുന്ന ഗുരുതരമായ ചില തിന്മകളും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. ഒരിക്കലും ഒരു വിശ്വാസിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത തരത്തിലുള്ള പദപ്രയോഗങ്ങളും പരിഹാസ ശരങ്ങളും ആക്ഷേപവാക്കുകളുംകൊണ്ട് മുഖരിതമാണിന്ന് സോഷ്യല്‍ മീഡിയ. ആദര്‍ശപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തിവിദ്വേഷത്തിലേക്ക് വഴിമാറുന്ന അതിദാരുണമായ അവസ്ഥയാണ് നാമിന്ന് കാണുന്നത്. മനസ്സില്‍ തോന്നുന്നതെന്തും കൊണ്ട് പോയി ഛര്‍ദിക്കാനുള്ള ഇടമായി വാട്‌സാപ്പും ഫെയ്‌സ്ബുക്കും മാറിക്കഴിഞ്ഞു. മറ്റു ചിലരാകട്ടെ ചില പണ്ഡിതരുടെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളെപ്പോലെയാണ്. പണ്ഡിതന്മാരുടെയും മറ്റും പച്ചയിറച്ചി തെരുവു നായ്ക്കളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും കടിച്ചുപറിക്കുമ്പോള്‍ പോസ്റ്റ് ചെയ്തവന്‍ നോക്കുന്നത് തന്റെ പോസ്റ്റിന് എത്ര ലൈക് കിട്ടി എന്ന് മാത്രമായിരിക്കും! ഈ പണ്ഡിതന്മാര്‍ അറിഞ്ഞിട്ട് പോലുമുണ്ടാവില്ല തങ്ങളുടെ പേരില്‍ കാട്ടിക്കൂട്ടുന്ന ഈ തോന്ന്യാസങ്ങള്‍! ക്വബ്ര്‍ ശിക്ഷയും പരലോകവുമൊക്കെ മറ്റുള്ളവര്‍ക്ക് മാത്രമുള്ളതാണ്, തങ്ങള്‍ക്കതൊന്നുമില്ല എന്നാണോ ഈ കൂട്ടര്‍ ധരിച്ചുവെച്ചിട്ടുള്ളത് എന്ന് േതാന്നിപ്പോകും ഇതൊക്കെ കാണുമ്പോള്‍.

നബി(സ്വ) ഒരിക്കല്‍ അനുയായികളോട് ചോദിച്ചു: ''പാപ്പരായവന്‍ ആരാണെന്ന് നിങ്ങള്‍ക്കറിയുമോ?'' സ്വഹാബികള്‍ പറഞ്ഞു: ''തന്റെ കൈയില്‍ ഒരു ദീനാറോ വിഭവമോ ഇല്ലാത്തവന്‍ ആണ് ഞങ്ങളില്‍ പാപ്പരായവര്‍.'' അപ്പോള്‍ നബി(സ്വ) പറഞ്ഞു: ''എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഒരുവനാകുന്നു; അവന്‍ നമസ്‌കാരവും നോമ്പും സകാത്തുമൊക്കെയായി പരലോകത്ത് വരും. പക്ഷേ, അവന്‍ ഒരാളെ  ആക്ഷേപിച്ചിട്ടുണ്ട്. മറ്റൊരാളുടെ ധനം അന്യായമായി ഭക്ഷിച്ചിട്ടുണ്ട്. മറ്റൊരാളുടെ രക്തം ചിന്തിയിട്ടുണ്ട്. മറ്റൊരാളെ അക്രമിച്ചിട്ടുണ്ട്. ഇതിനെല്ലാം പകരമായി അയാളുടെ നന്മകളില്‍ നിന്നും അവര്‍ക്ക് നല്‍കപ്പെടും. എന്നിട്ടും അയാളുടെ പാപങ്ങള്‍ ബാക്കിയാവുകയാണെങ്കില്‍ അവരുടെ പാപങ്ങളില്‍ നിന്ന് ഇവന് നല്‍കപ്പെടും. അവസാനം അയാള്‍ നരകത്തിലേക്ക് വലിച്ചെറിയപ്പെടും''(തിര്‍മിദി).

ചിലര്‍ കിട്ടിയ സന്ദേശങ്ങള്‍ സത്യമാണോ അസത്യമാണോ അര്‍ധസത്യമാണോ എന്നൊന്നും നോക്കാതെ ഫൊര്‍വേഡ് ചെയ്യാനുള്ള തിരക്കിലാണ്. ആയിരങ്ങള്‍ ഷെയര്‍ ചെയ്ത ശേഷമായിരിക്കും കാര്യം കളവാണ് എന്നറിയുന്നതും പരിതപിക്കുന്നതും. ഇത്തരക്കാര്‍ ''കേട്ടതെല്ലാം പറയല്‍ തന്നെ ഒരാള്‍ക്ക് കളവായി മതിയാകുന്നതാണ്'' (മുസ്‌ലിം) എന്ന നബിവചനം ഓര്‍ക്കേണ്ടതുണ്ട്. 

പ്രത്യക്ഷത്തില്‍ യാതൊരു തിന്മയും ചെയ്യാത്തവര്‍ എന്നു മാത്രമല്ല, നന്മകളൊരുപാട് ചെയ്യുന്നവരാണ് പലരും. പക്ഷേ, മറ്റുള്ളവരുടെ അഭിമാനം വ്രണപ്പെടുത്തി പരലോകം നഷ്ടപ്പെടുത്തുന്ന പണിയെടുത്തിട്ട് ഈ നന്മകള്‍കൊണ്ടെന്ത് കാര്യം? തെറ്റുകള്‍ പറ്റാത്തവരായി പ്രവാചകന്മാര്‍ മാത്രമെ ഉണ്ടാവുകയുള്ളൂ. പക്ഷേ, തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്നത് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാകുന്നു. 'ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം അതിന്റെ ഇഴകള്‍ ഓരോന്നായി ഉടച്ച സ്ത്രീയെപ്പോലെയാകരുത് നിങ്ങള്‍' എന്ന് വിശുദ്ധ ക്വുര്‍ആന്‍ സൂറതുന്നഹ്‌ലിലെ 92-ാം വചനത്തില്‍ നമ്മെ ഉണര്‍ത്തുന്നത് നാം മറക്കരുത്. 

സാമൂഹ്യ മാധ്യമങ്ങളും അല്ലാഹു നമുക്ക് നല്‍കിയ കഴിവുകളുമെല്ലാം നന്മയില്‍ മാത്രം ഉപയോഗപ്പെടുത്തി സ്വര്‍ഗം കരസ്ഥമാക്കുന്ന യഥാര്‍ഥ വിശ്വാസികളായി മാറുവാന്‍ നാം പരിശ്രമിക്കേണ്ടതുണ്ട്.