മൊബൈല്‍ ഫോണില്‍ കുരുങ്ങുന്ന ജീവിതങ്ങള്‍

ദുല്‍ക്കര്‍ഷാന്‍. എ  

2017 ജൂലായ് 15 1438 ശവ്വാല്‍ 21

ഇന്ന് ലോകത്ത് ആശയവിനിമയ രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. ആധുനികരുടെ എല്ലാ താല്‍പര്യങ്ങള്‍ക്കും ഒത്തിണങ്ങിയ ഒരു ഉപകരണം! 

മനുഷ്യ മനസ്സുകളെ കൂട്ടിയിണക്കാനും തമ്മിലകറ്റാനും സ്ഥാപനങ്ങളുടെ ഉന്നമനത്തിനും വ്യാവസായിക രംഗത്തെ കുതിപ്പുകള്‍ക്കും പ്രസ്ഥാനങ്ങളുടെ പുരോഗതിക്കും പാര്‍ട്ടികളുടെ വളര്‍ച്ചക്കും രാജ്യത്തിന്റെ അഭിവൃദ്ധിക്കുമെല്ലാം ഉപയുക്തമായ ഒരു കൊച്ചു ഉപകരണം. ഒരു വീട്ടില്‍ അഞ്ച് അംഗങ്ങളുണ്ടെങ്കില്‍ ആ വീട്ടില്‍ എട്ട് മൊബൈലുകളെങ്കിലും ഉണ്ടാകും എന്നു പറയുന്നതില്‍ അതിശയോക്തി ഒട്ടുമില്ല.

പ്രായ വ്യത്യാസമില്ലാതെ ആര്‍ക്കും ഉപയോഗിക്കാവുന്ന ഈ ഉപകരണം ആധുനിക സാങ്കേതിക വിദ്യകളുടെ വളര്‍ച്ചക്കനുസരിച്ച് അനുദിനം വലിപ്പത്തിലും മോഡലിലും പ്രോഗ്രാമിംഗിലും വര്‍ണത്തിലും വിലയിലുമെല്ലാം മാറ്റത്തിന് വിധേമായിക്കൊണ്ടേയിരിക്കുകയാണ്. ലോകത്തിന്റെ ഏതേതുകോണുകളില്‍ നടക്കുന്ന സംഭവവികാസങ്ങളും അനായാസം തല്‍സമയം ദൃശ്യമാക്കാന്‍ കഴിയുന്ന ആന്‍ഡ്രോയിഡ് ഫോണുകളാണ് യുവാക്കളും കൗമാരക്കാരും ഏറെ ഉപയോഗിക്കുന്നത്.

ഒരു വിശ്വാസി തന്റെ ഫോണ്‍ സംഭാഷണങ്ങളും ഉപയോഗങ്ങളുമൊക്കെ തനിക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കിയ തന്റെ രക്ഷിതാവിന്റെ വിധിവിലക്കുകള്‍ക്ക് അനുസരിച്ചായിരിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലോകത്ത് അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണത്രെ! എത്ര വലിയ ജനക്കൂട്ടത്തിലും തിന്മയില്‍ തനിച്ചാകാന്‍ മൊബൈലിനു കഴിയും. അതില്‍ തിന്മയുടെ വലിയ ചതിക്കുഴികളുണ്ട്. അതിന്റെ ദുരുപയോഗം പ്രായ, ലിംഗഭേദമില്ലാതെ ആളുകളെ വഴിതെറ്റിക്കുന്നുണ്ട്. ഗുണങ്ങളേറെയുണ്ടെങ്കിലും അതിന്റെ ദുരുപയോഗത്തിനാണ് പലരും താല്‍പര്യം കാണിക്കുന്നത്. ''...തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവര്‍ത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ...'' (സൂറഃ യൂസുഫ്: 53). 

രോഗിയെ സന്ദര്‍ശിക്കാനെത്തുന്നവര്‍ വാട്ട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ലയിച്ച് രോഗിയെയും കുടുംബത്തെയും പ്രയാസപ്പെടുത്തുന്നു, മയ്യിത്ത് സന്ദര്‍ശിക്കുന്നവരുടെ മുഖഭാവങ്ങള്‍ മൊബൈല്‍ ക്യാമറയിലൂടെ ഒപ്പിയെടുക്കുന്നു, ആക്‌സിഡന്റ് പറ്റിയവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ ദയനീയ രംഗങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ തല്‍സമയം അപ്‌ലോഡ് ചെയ്ത് ലൈക്കുകളുടെയും ഷെയറുകള്‍കളുടെയും എണ്ണമെടുത്ത് നിര്‍വൃതി കൊള്ളുന്നവര്‍, എന്തിനേറെ, ബോര്‍ഡില്‍ എഴുതുന്നതിനിടെ ചോക്ക് താഴെവീണതെടുക്കാന്‍ കുനിഞ്ഞ അധ്യാപികയുടെ ഫോട്ടോ എടുത്ത് ഷെയര്‍ ചെയ്ത വിദ്യാര്‍ഥികള്‍... ഇതെല്ലാം നല്‍കുന്ന സന്ദേശമെന്താണ്? കാരുണ്യവും നന്മയും വറ്റിവരണ്ട തരിശുനിലങ്ങളായി മാറ്റിയിരിക്കൊണ്ടിരിക്കുന്നു അനിയന്ത്രിതമായ മൊബൈല്‍ ഉപയോഗം ഇന്നത്തെ യുവ മനസ്സുകളെ എന്ന് വിലയിരുത്തേണ്ടിവരുന്നു.

സംസാരത്തില്‍ മിതത്വവും സൂക്ഷ്മതയും പാലിക്കുക. അറിയാതെ വരുന്ന മിസ്ഡ് കോളുകളും റോംഗ് നമ്പറുകളും പിന്നീട് വലിയ ദുരന്തങ്ങളിലേക്ക് യുവതികളെയും വിദ്യാര്‍ഥിനികളെയും വീട്ടമ്മമാരെയുമൊക്കെ  എത്തിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. വിവാഹമോചനങ്ങളും ആത്മഹത്യകളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു!

താന്‍ കാണുന്നതും കേള്‍ക്കുന്നതും സംസാരിക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നുവെന്നും വളരെ കൃത്യമായി അതെല്ലാം രേഖപ്പെടുത്തുന്നുണ്ട് എന്നും ബോധമുള്ള ഒരാള്‍ക്ക് മൊബൈല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യമല്ല.

അല്ലാഹു പറയുന്നു: ''വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നുകൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം. അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല'' (സൂറഃ ക്വാഫ്: 17,18).

അല്ലാഹുവിന്റെ നിരീക്ഷണത്തില്‍ നിന്ന് ഒരു സെക്കന്റ് പോലും ഒഴിഞ്ഞുമാറാന്‍ ഒരാള്‍ക്കും കഴിയില്ല. പാതിരാത്രികളില്‍ റൂമിന്റെ വാതിലടച്ച്, ജനാലകളുടെ കര്‍ട്ടണ്‍ ശരിയാക്കി, കറങ്ങുന്ന ഫാനിന്റെ വേഗത കൂട്ടി, ശബ്ദം പുറത്ത് പോകാതിരിക്കാന്‍ ചെവിയിലേക്ക് ഹെഡ്‌സെറ്റ് ഘടിപ്പിച്ച്  അശ്ലീല സൈറ്റുകളില്‍ വിരാജിക്കുകയും എല്ലാം ആസ്വദിച്ച് കഴിയുമ്പോള്‍ മറ്റുള്ളവരുടെ കണ്ണില്‍പെടാതിരിക്കാന്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്റെ ഈ വചനം ഓര്‍ത്താല്‍ നല്ലത്:

അല്ലാഹു പറയുന്നു: ''അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചുവെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല...'' (സൂറഃ അന്നിസാഅ്: 108).

''കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ മറച്ച് വെക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു'' (സൂറഃ അല്‍ഗാഫിര്‍:19).

ദിവസത്തിന്റെ ഭൂരിഭാഗവും വാട്ട്‌സാപ്പിലും ഫെയ്‌സ് ബുക്കിലും ചെലവഴിക്കുന്നവരെ നമുക്ക് കാണാന്‍ സാധിക്കും. ഭാര്യയോടും മക്കളോടുമുള്ള ബാധ്യതകള്‍ പോലും നിര്‍വഹിക്കാതെ സമയവും ആരോഗ്യവും സമ്പത്തും പാഴാക്കിക്കളയുകയാണിവര്‍.

നബി(സ) പറഞ്ഞു:''രണ്ട് അനുഗ്രഹങ്ങള്‍; മനുഷ്യരില്‍ അധികപേരും അതില്‍ വഞ്ചിതരായിരിക്കുന്നു. ആരോഗ്യവും ഒഴിവുസമയവും.''

എന്ത് കണ്ടാലും ഏത് കേട്ടാലും ന്യായവും അന്യായവും നോക്കാതെ, നന്മയും തിന്മയും ഏതെന്ന് ചിന്തിക്കാതെ പ്രതികരിക്കുന്ന വിരല്‍തുമ്പുകള്‍ വിളിച്ചോതുന്നത് മനസ്സിന്റെ മരവിപ്പിനെയാണ്. അവയവങ്ങള്‍ സാക്ഷിപറയുന്ന ലോകത്ത് നമ്മുടെ കണ്ണും കാതും കയ്യും നമുക്കെതിരാവുന്നതിനെ നാം കരുതിയിരിക്കേണ്ടതുണ്ട്.

അല്ലാഹു പറയുന്നു: ''അന്ന് നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്'' (സൂറഃ യാസീന്‍:65).

ഈ ഒരു വിപത്തില്‍ പെട്ടവര്‍ പലപ്പോഴും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്താറുണ്ടെങ്കിലും വീണ്ടും വീണ്ടും അവരുടെ മനസ്സുകളെ ഇത്തരം തിന്മകളുടെ കരാളഹസ്തങ്ങള്‍ പിടിമുറുക്കുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ആത്മാര്‍ഥവും ബോധപൂര്‍വവുമായ ശ്രമങ്ങള്‍ വിജയിക്കാതിരിക്കില്ല. അതിനുള്ള ചില പരിഹാരമാര്‍ഗങ്ങള്‍ താഴെ പറയുന്നു:

1. അല്ലാഹുവിനെ സൂക്ഷിക്കുക.

2. പശ്ചാത്തപിക്കുക, ആവര്‍ത്തിക്കില്ല എന്ന് തീരുമാനമെടുക്കുക.

3. നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുക. പുരുഷന്മാര്‍ സാധിക്കുന്നതും പള്ളിയിലെ ജമാഅത്തില്‍ പങ്കെടുക്കുക.

4. രാത്രി നമസ്‌കാരം നിര്‍വഹിക്കുക.

5. ക്വുര്‍ആന്‍ പാരായണം പതിവാക്കുക.

6. സുന്നത്ത് നോമ്പ് അനുഷ്ഠിക്കുക.

7. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുക.

8. മത വിജ്ഞാന സദസ്സുകളില്‍ പങ്കെടുക്കുക.

9. തിന്മയുടെ സാഹചര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുക.

10. ആവശ്യത്തിന് മാത്രം ഫോണ്‍ ഉപയോഗിക്കുക.

11. ഫോണ്‍ ഉപയോഗത്തിന് നിശ്ചിത സമയം വെക്കുക.

12. ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക. 

ഫോണ്‍ ഉപയോഗം പാടെ വര്‍ജിക്കുക എന്നതല്ല പറഞ്ഞതിന്റെ പൊരുള്‍. ആവശ്യങ്ങള്‍ക്ക് മാത്രംവിളിക്കുക. സോഷ്യല്‍ മീഡിയകളില്‍ നിശ്ചിത സമയം മാത്രം വിനിയോഗിക്കുക. അവയെ ഇസ്‌ലാമിക പ്രബോധനത്തിനും ജനങ്ങളുടെ നന്മക്കും വേണ്ടി ഉപയോഗിക്കുക.