സ്വന്തമായി എന്തുണ്ടിവിടെ?

എസ്‌.എ ഐദീദ്‌ തങ്ങൾ

2017 ഫെബ്രുവരി 18 1438 ജമാദുൽ അവ്വൽ 23

“ജനങ്ങൾക്ക്‌ അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട്‌ തിരിഞ്ഞുകളയുന്നവരാകുന്നു” (അൽഅമ്പിയാഅ​‍്‌: 1).

അല്ലാഹുവിനെക്കുറിച്ചോർക്കുന്നതിലും അവന്റെ കൽപനകൾ യഥാവിധി അനുസരിക്കുന്നതിലും അശ്രദ്ധമാണ്‌ അധിക പേരുടെ ഹൃദയവും. അനാവശ്യ കാര്യങ്ങളിൽ വ്യാപൃതനായി ദേഹേഛക്കടിമപ്പെട്ട്‌ ഇഹപരജീവിതത്തിൽ നഷ്ടം മാത്രം ക്ഷണിച്ച്‌ വരുത്തുകയാണ്‌ പലരും. കുറച്ചൊക്കെ ദൈവഭയവും ധർമനിഷ്ഠയുമൊക്കെയുള്ള വിശ്വാസികളെ പോലും ചതിയിൽപ്പെടുത്താവുന്ന വിധം അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്‌ ആശകളും സ്വാർഥതകളും അധികാര മോഹങ്ങളുമായി ഈ ദുൻയാവ്‌! അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയിൽ നിന്ന്‌ അശ്രദ്ധനാക്കുന്ന ഈ മഹാവിപത്തിൽ നിന്ന്‌ രക്ഷപ്പെടാൻ ഒരാൾക്ക്‌ സാധിച്ചാൽ അവൻ വിജയിച്ചു.

ആയുസ്സും ആരോഗ്യവം സമയവും എന്തിന്‌ വേണ്ടി ചെലവഴിച്ചു എന്ന്‌ ഓരോരുത്തരും ചോദിക്കപ്പെടും എന്ന പ്രവാചക മൊഴി പഠിച്ചുവെച്ചവർ, മരണാനന്തരം ശാശ്വതമായ ഒരു ജീവിതമുണ്ടെന്ന്‌ ബോധ്യപ്പെട്ട്‌ സ്വർഗീയ ജീവിതം ലക്ഷ്യമായി സ്വീകരിച്ചവർ ആയുരാരോഗ്യവും സമയവും പ്രസ്തുത ലക്ഷ്യപ്രാപ്തിക്ക്‌ ഉതകും വിധം വിനിയോഗിക്കുന്നുണ്ടോയെന്ന്‌ ഒരാത്മ പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അല്ലാഹുവിനോട്‌ മാത്രമാണ്‌ പ്രാർഥിക്കേണ്ടത്‌ എന്ന സംശയമുക്തമായ ആദർശം ഉൾക്കൊള്ളുമ്പോഴും -ജീവിത പ്രതിസന്ധികൾ നേരിടുമ്പോൾ നമ്മുടെ കൈകൾ അല്ലാഹുവിലേക്ക്‌ ഉയരാറുണ്ടോ? കഠിനമായ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ നാം സർവസ്വവും അവനിൽ ഭരമേൽപിക്കാറുണ്ടോ? ദിനരാത്രങ്ങളിൽ ചെയ്ത്‌ കൂട്ടുന്ന കുറ്റങ്ങളെയോർത്ത്‌ അർധരാത്രിയിൽ എഴുന്നേറ്റിരുന്ന്‌ കണ്ണീരൊഴുക്കാറുണ്ടോ? അനാവശ്യങ്ങൾ കേൾക്കേണ്ടി വരുമ്പോൾ, കാണേണ്ടി വരുമ്പോൾ പശ്ചാത്താപ ബോധമുദിക്കാറുണ്ടോ? പറയാൻ തുടങ്ങിയ പരദൂഷണം പടച്ചവനെയോർത്ത്‌ വേണ്ടെന്ന്‌ വെക്കാറുണ്ടോ? നമസ്കാരത്തിലേക്ക്‌ വരൂ, വിജയത്തിലേക്ക്‌ വരൂ എന്ന വിളി മുഴങ്ങിക്കേൾക്കുമ്പോൾ ചെയ്യുന്ന ജോലി എന്തായാലും അതെല്ലാം മാറ്റിവെച്ച്‌ നമസ്കാരത്തിനായി പള്ളിയിലേക്ക്‌ കാലടികൾ വെക്കാറുണ്ടോ? മാതാപിതാക്കളെ യഥാവിധി അനുസരിക്കുന്നുണ്ടോ? ശിർക്ക്‌,ബിദ്അത്തുകളിൽ നിന്നെല്ലാം പൂർണമായും മോചനം നേടിയിട്ടുണ്ടോ? പലിശ,ലോട്ടറി, കളവ്‌, വഞ്ച, അസൂയ, പക, വിദ്വേഷം, കോപം എന്നിവയിൽ നിന്നെല്ലാം മനസ്സും ശരീരവും പരിശുദ്ധമാക്കിവെച്ചിട്ടുണ്ടോ? അതെ എന്നാണ്‌ ഉത്തരമെങ്കിൽ നാം വിജയിച്ചു.

ദൃശ്യപ്രപഞ്ചത്തിലുള്ള അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച്‌ ചിന്തിക്കുകയും അവന്റെ അപാരമായ കഴിവുകൾക്ക്‌ മുന്നിൽ വിനയാന്വിതരാവുകയും തങ്ങളുടെ തെറ്റുകളിൽ പശ്ചാതപിക്കുകയും നരക ശിക്ഷയിൽ നിന്ന്‌ രക്ഷിക്കണേ എന്ന്‌ പ്രാഥിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണ്‌ സത്യവിശ്വാസികൾ.

“തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകൾ മാറി മാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ” (3: 190,191).

അല്ലാഹുവിലും പരിശുദ്ധക്വുർആനിലും പ്രവാചകന്മാരിലും വിശ്വസിക്കുന്നു എന്ന്‌ പറയുന്ന പലരിലും ആ വിശ്വാസം അവരുടെ നാവുകളിൽ മാത്രമേ കാണാറുള്ളു എന്നതാണ്‌ വസ്തുത. ദേഹേഛക്ക്‌ അടിമപ്പെട്ട്‌ ആരാധനാകർമങ്ങൾ വിസ്മരിച്ച്‌ വിലപ്പെട്ട സമയം പലതരം വിനോദങ്ങളിൽ നശിപ്പിച്ച്‌ കഴിയുന്നവരെത്ര!

നല്ലൊരു വീടുണ്ടാക്കണം; അതാണെന്റെ ലക്ഷ്യം എന്ന്‌ പറയുന്ന ആൾക്ക്‌ വീടിന്റെ പണി പൂർത്തിയായിക്കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ആ വീട്ടിലേക്ക്‌ വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങി കൂട്ടുന്നതായിരിക്കും. അതും കഴിഞ്ഞാൽ, അടുത്ത ലക്ഷ്യം ഒരു ലക്ഷ്വറി കാറ്‌ വാങ്ങലായിരിക്കും. ഇങ്ങനെ ഒരിക്കലും അവസാനിക്കാത്ത മോഹങ്ങളും പ്രതീക്ഷകളുമായി ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്ന്‌ പോകുന്നത്‌ മനുഷ്യൻ അറിയുന്നതേയില്ല!

ഭൗതികലോകത്ത്‌ നല്ല വീടും വാഹനവുമടക്കമുള്ള അനുഗ്രഹങ്ങൾ പലതും സ്വന്തമാക്കിയാലും സത്യത്തിൽ മനുഷ്യന്‌ `സ്വന്തമായി` എന്ന്‌ പറയാൻ ഈ ദുൻയാവിൽ എന്താണുള്ളത്‌? വീട്‌, സ്വത്ത്‌, ഭാര്യ... ഇതൊക്കെ എത്രകാലം സ്വന്തമാണെന്ന്‌ പറയാൻ കഴിയും?

എത്രയെത്ര ഭാര്യമാർ ഭർത്താവിനെ ചതിക്കുന്നു; അന്യപുരുഷനുമായി ഒളിച്ചോടുന്നു! ഭാര്യമാരാൽ ഭർത്താക്കന്മാരും ഭർത്താക്കന്മാരാൽ ഭാര്യമാരും കൊലചെയ്യപ്പെടുന്ന വാർത്തകൾ നാം ദിനേന കേൾക്കുന്നു. മക്കളുടെ കൈകളാൽ മാതാപിതാക്കൾ കൊല്ലപ്പെടുന്നു. താൻ ലാളിച്ചു വളർത്തിയ മകന്റെ കൈകൾ കൊണ്ടായിരിക്കും തന്റെ അന്ത്യമെന്ന്‌ സ്വപ്നത്തിൽ പോലും അവർ കരുതിയിട്ടുണ്ടാകുമോ? മരണത്തോടെ ബന്ധവും സ്വന്തവും ഇല്ലാതാവുകയല്ലേ? അവകാശികൾ വേറെയായിത്തീരുകയല്ലേ?

ഗൾഫിൾ ചോരനീരാക്കി നേടിയ സമ്പാദ്യമെല്ലാം തന്റെ സ്വപ്ന വീടിനായി ചെലവഴിച്ച്‌ ഒടുവിൽ വീടിന്റെ പണി പൂർത്തിയാകുമ്പോഴായിരിക്കും ആ കോൺക്രീറ്റ്‌ കെട്ടിടം തകർന്നോ മറ്റോ ഉടമസ്ഥൻ മരണപ്പെടുന്നത്‌. പുത്തൻ കാറ്‌ രജിസ്ട്രേഷന്‌ വേണ്ടി കൊണ്ടുപോകുമ്പോഴായിരിക്കും അപകടത്തിൽപെട്ടു ഉടമസ്ഥന്റെ അന്ത്യം സംഭവിക്കുന്നത്‌.

അപ്പോൾ നമുക്ക്‌ സ്വന്തം എന്ന്‌ പറയാനായി എന്തുണ്ടിവിടെ? താൽക്കാലികമായിട്ടല്ലാതെ നമുക്ക്‌ എന്തുണ്ടിവിടെ? ഉത്തരം ഒന്നേ ഒന്ന്‌ മാത്രം. നമ്മുടെ വിശ്വാസവും സൽകർമങ്ങളും മാത്രം! അത്‌ മാത്രമെ ശാശ്വതമായി നമ്മുടേതായിത്തീരുകയുള്ളൂ. അതിലൂടെയാണ്‌ സ്വർഗത്തിലെത്താൻ കഴിയുക. ഒരാൾ സ്വർഗസ്ഥനായി കഴിഞ്ഞാൽ പിന്നെ സ്വർഗത്തിലാരൊക്കെയുണ്ടോ അവരൊക്കയും അവന്റെ സ്വന്തക്കാരും കൂട്ടുകാരുമായിരിക്കും! ഒരിക്കലും വിട്ടുപിരിയാത്തവർ. സ്വർഗപ്രാപ്തി അത്ര എളുപ്പമല്ല. അതിന്‌ നേരത്തെ പറഞ്ഞതുപോലെ സത്യവിശ്വാസവും സൽകർമങ്ങളും അനിവാര്യമാണ്‌. അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ പതറാതെ ജീവിക്കുവാൻ സാധിക്കുകയും വേണം.

“ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്നത്‌ കൊണ്ട്‌ മാത്രം തങ്ങൾ പരീക്ഷണത്തിന്‌ വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന്‌ മനുഷ്യർ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്‌. അപ്പോൾ സത്യം പറഞ്ഞവർ ആരെന്ന്‌ അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും“ (29:2,3).

നമ്മുടെ വിശ്വാസം സത്യസന്ധമാണോ, അതിൽ ആത്മാർഥതയുണ്ടോ, സൽകർമങ്ങൾ ചെയ്യുന്നത്‌ മറ്റുള്ളവരെ ബോധിപ്പിക്കാനും സമൂഹത്തിൽ മാന്യത നേടാനുമാണോ? അല്ലാഹു കനിഞ്ഞ്‌ നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക്‌ നന്ദികാണിക്കുന്നുണ്ടോ? അല്ലാഹുവിന്റെ മാർഗത്തിൽ ത്യാഗം ചെയ്യാൻ തയ്യാറുണ്ടോ? അതെ, ഇതെല്ലാം പരീക്ഷണമാണ്‌!

എന്നാൽ താങ്ങാൻ കഴിയുന്ന പരീക്ഷണങ്ങളേ അല്ലാഹു നമുക്ക്‌ നൽകൂ. അടിയുറച്ച വിശ്വാസവും ക്ഷമയും വേണമെന്നു മാത്രം. ഏത്‌ പരീക്ഷണത്തിലും പതറാതെ പിടിച്ചുനിന്ന്‌ എല്ലാം റബ്ബിൽ നിന്നാണെന്ന പൂർണ വിശ്വാസത്തോടെ അല്ലാഹുവിൽ ഭരമേൽപിക്കുന്ന വിശ്വാസിയുടെ ഹൃദയം അതോടെ ശാന്തമാകുന്നു. അത്‌ ശുദ്ധീകരിക്കപ്പെടുന്നു. അങ്ങനെ ശുദ്ധീകരിക്കപ്പെട്ട ഹൃദയവും സമാധാനമടഞ്ഞ ആത്മാവുമായി മരണമടയുന്ന സത്യവിശ്യാസികൾക്കായി അല്ലാഹു ഒരുക്കി വെച്ച ആഹ്ളാദത്തിന്റെ കേദാരമാണ്‌ പരിശുദ്ധമായ സ്വർഗം.

അത്‌ നേടിയെടുക്കണമെന്ന്‌ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക്‌ ഭൗതികജീവിതത്തിലെ യാതൊരു കാര്യവും തടസ്സമാവുകയില്ല. താൻ സമ്പാദിച്ചതൊന്നും തനിക്ക്‌ ഉപകാരപ്പെടാത്ത, ഉറ്റവരും ഉടയവരുമൊന്നും കൂട്ടിനില്ലാത്ത, എല്ലാവരും അവനവന്റെ കാര്യം മാത്രം നോക്കുന്ന ഒരു ദിനം വരാനിരിക്കുന്നു.

“അതായത്‌ സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കൽ ചെന്നവർക്കൊഴികെ” (26:88,89).

ആ നാളിൽ തനിക്കു തുണയേകുക തന്റെ സൽകർമങ്ങൾ മാത്രമാണ്‌. അതിനാൽ ആ ദിവസത്തിനുവേണ്ടി മുന്നൊരുക്കം നടത്തുക:

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താൻ നാളേക്ക്‌ വേണ്ടി എന്തൊരു മുന്നൊരുക്കമാണ്‌ ചെയ്തുവെച്ചിട്ടുള്ളതെന്ന്‌ നോക്കിക്കൊള്ളട്ടെ. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു” (59:18).