ബഹുദൈവാരാധന: ഇസ്‌ലാമിന് പറയാനുള്ളത്

ഉസ്മാന്‍ പാലക്കാഴി

2017 ഒക്ടോബര്‍ 07 1438 മുഹറം 16

വിശ്വാസങ്ങളിലധിഷ്ഠിതമായ കര്‍മങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദൈവത്തിലും ദൈവദൂതന്മാരിലും പരലോകത്തിലുമൊന്നും വിശ്വാസമില്ലാത്ത കേവല കര്‍മങ്ങള്‍ ഇസ്‌ലാമികദൃഷ്ട്യാ ഫലശൂന്യമാണ്. ഏകദൈവവിശ്വാസത്തിലൂന്നിയ ഏകദൈവാരാധനയാണ് ഇസ്‌ലാമിന്റെ അടിസ്ഥാനസിദ്ധാന്തം. സാങ്കേതികമായി 'തൗഹീദ്' (ഏകദൈവത്വം) എന്നു പറയുമ്പോള്‍ വിവക്ഷിക്കുന്നത് അതാണ്. അഥവാ ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട്. സര്‍വചരാചരങ്ങളെയും പടച്ച് പരിപാലിക്കുന്ന സഗുണസമ്പൂര്‍ണനാണവന്‍. അസ്തിത്വത്തിലും ഗുണവിശേഷണങ്ങളിലുമൊക്കെ അവന്‍ ഏകനും അദ്വിതീയനുമാണ്. അവന് മാത്രമര്‍പ്പിക്കേണ്ടതാണ് സൃഷ്ടികളുടെ ആരാധനകള്‍ മുഴുവന്‍. 

സര്‍വശക്തനും പരമകാരുണികനുമായ സൃഷ്ടികര്‍ത്താവിനെ അവന്‍ സ്വയം പരിചയപ്പെടുത്തിയ പേരാണ് 'അല്ലാഹു' എന്നത്. ആ പേരില്‍ തന്നെ അദ്വിതീയത ഉള്‍ക്കൊള്ളുന്നുവെന്നതാണ് വാസ്തവം. അല്ലാഹു എന്ന പദത്തിന് സ്ത്രീലിംഗരൂപമോ പുല്ലിംഗ രൂപമോ ബഹുവചനമോ ഇല്ല. പലരും തെറ്റുധരിച്ചിരിക്കുന്ന് 'അല്ലാഹു' എന്നത് 'മുസ്‌ലിംകളുടെ ദൈവാണ്' എന്നാണ്. അറബികളുടെയോ മുസ്‌ലിംകളുടെയോ മാത്രം ദൈവമല്ല, മറിച്ച് സര്‍വ ചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവും സംരക്ഷകനുമാണ് അല്ലാഹു എന്നാണ് ഇസ്‌ലാമിന്റ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യ(സുന്നത്ത്)യും പഠിപ്പിക്കുന്നത്. 

എണ്ണിയാലൊടുങ്ങാത്തത്ര അനുഗ്രഹങ്ങള്‍ മനുഷ്യന് ചൊരിഞ്ഞു കൊടുക്കുന്ന ആ ഏകദൈവത്തെ ആരാധിക്കുവാനാണ് ഇസ്‌ലാം മനുഷ്യരെ ഉദ്‌ബോധിപ്പിക്കുന്നത്. 

''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത(നാഥനെ). അതിനാല്‍  (ഇതെല്ലാം) അറിഞ്ഞ്‌കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്'' (ക്വുര്‍ആന്‍ 2:21,22). 

ഇതില്‍ നിന്ന് വ്യതിചലിച്ച് അല്ലാഹുവിന്റെ സൃഷ്ടികളെയോ മനുഷ്യന്‍ കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളെയോ വിളിച്ച് പ്രാര്‍ഥിക്കുന്നതും അവര്‍ക്ക് മുമ്പില്‍ ആരാധനകളും നേര്‍ച്ച വഴിപാടുകളും അര്‍പ്പിക്കുന്നതും അത്യന്തം ഗുരുതരമായ പാതകമായിട്ടാണ് ഇസ്‌ലാം കാണുന്നത്. 

അല്ലാഹുവിന് പുറമെ മറ്റുള്ളവരെ വിളിച്ച് പ്രാര്‍ഥിക്കുന്നത് ബഹുദൈവാരാധനയാണെന്നും (ശിര്‍ക്ക്) മഹാപാതകമാണെന്നും ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച'' (ക്വുര്‍ആന്‍ 40:60). 

''ലുക്വ്മാന്‍ തന്റെ മകന് സദുപദേശം നല്‍കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു'' (ക്വുര്‍ആന്‍ 31:13). 

അത് പൊറുക്കപ്പെടാത്ത അപരാധമായിട്ടാണ് ക്വുര്‍ആന്‍ വിവരിക്കുന്നത്: ''തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു'' (ക്വുര്‍ആന്‍ 4:116).  

ബഹുദൈവാരാധന സ്വര്‍ഗപ്രവേശനം അസാധ്യമാക്കുന്നതും നരകയാതനക്ക് അര്‍ഹമാക്കുന്നതുമായ ഗുരുതര പാപമാണെന്ന് ക്വുര്‍ആനിലൂടെ അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട്. 

''...അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല...(ക്വുര്‍ആന്‍ 5:72). 

മാത്രമല്ല, സകല സല്‍കര്‍മങ്ങളെയും നിഷ്ഫലമാക്കുന്ന അപകടകാരികൂടിയാണ് വിഗ്രഹാരാധനയടക്കമുള്ള ബഹുദൈവാരാധനയെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.  

നിരവധി പ്രവാചകന്മാരുടെ ചരിത്രം വിവരിച്ചുകൊണ്ട് ക്വുര്‍ആനില്‍ അല്ലാഹു ഇപ്രകാരം പറയുന്നു:

''അതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അത് മുഖേന തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു. അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു'' (ക്വുര്‍ആന്‍ 6:88). 

അതിനാല്‍ സര്‍വപ്രവാചകന്മാരും അവരുടെ പ്രബോധിത സമൂഹത്തോട് അതീവ ഗൗരവത്തോടെ ആദ്യമുണര്‍ത്തിയത് ഇക്കാര്യത്തെക്കുറിച്ചായിരുന്നു. ഓരോ പ്രവാചകന്റെയും ചരിത്ര വിവരണത്തിനിടയില്‍ ഖുര്‍ആന്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പ്രവാചകന്മാരുടെ പ്രവാചകത്വത്തിലേക്ക് സൂചിപ്പിച്ചുകൊണ്ട് അക്കാര്യം ഒന്നുകൂടി ഊന്നിപ്പറഞ്ഞത് കാണാം.

''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)'' (16:36).

''ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (21:25). 

പ്രബോധനത്തിന്റെ മുന്‍ഗണനാക്രമത്തിലേക്ക് വ്യക്തമായ ദിശാബോധം നല്‍കിക്കൊണ്ട് മുഹമ്മദ് നബി ﷺ തന്റെ അനുചരനായ മുആദ്ബ്‌നു ജബല്‍ (റ)നെ ജൂതക്രൈസ്തവരുള്ള യമനിലേക്ക് അയച്ചപ്പോള്‍ നല്‍കിയ ഉപദേശത്തിലും ഇക്കാര്യം കാണാവുന്നതാണ്:

''നിശ്ചയം, നീ വേദം നല്‍കപ്പെട്ട ഒരു ജനവിഭാഗത്തിലേക്കാണ് പോകുന്നത്. അതിനാല്‍ നീ അവരെ ക്ഷണിക്കേണ്ടത്, ആരാധന അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും (ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍റസൂലുല്ലാഹ്) എന്ന സത്യസാക്ഷ്യത്തിലേക്കായിരിക്കണം''(ബുഖാരി). 

ഏകദൈവാരാധനയുടെ മഹത്ത്വമുദ്‌ഘോഷിക്കുന്ന ക്വുര്‍ആന്‍ ബഹുദൈവവിശ്വാസത്തിന്റെയും ബഹുദൈവാരാധനയുടെയും നിരര്‍ഥകത കൂടി വ്യക്തമാക്കുന്നുണ്ട്. ഏകനായ സത്യദൈവത്തിന്റെ കണിശമായ നിയമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടാണ് പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ ഏതൊരു വസ്തുവും ചലിച്ചുകൊണ്ടിരിക്കുന്നത് എന്നുണര്‍ത്തുന്ന ക്വുര്‍ആന്‍ ബഹുദൈവത്വത്തിന്റെ അസാംഗത്യമുണര്‍ത്തിക്കൊണ്ട് പറയുന്നു:

 ''ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു'' (ക്വുര്‍ആന്‍ 21:22).

സര്‍വശക്തനും പരമകാരുണികനുമായ അല്ലാഹുവിനോട് ആവശ്യങ്ങളും സങ്കടങ്ങളും പറഞ്ഞ് കൊണ്ട് പ്രാര്‍ഥിക്കുന്നതിലെ സാംഗത്യവും യുക്തിഭദ്രതയും സദ്ഫലങ്ങളും മനസ്സിലാക്കാന്‍ പ്രയാസമില്ല. എന്നാല്‍  പ്രാര്‍ഥിക്കുന്ന മനുഷ്യരെപ്പോലെ തന്നെ ദൈവത്തിന്റെ സൃഷ്ടികളായ ദൈവേതര ശക്തികളോട് പ്രാര്‍ഥിക്കുകയും അവര്‍ക്ക് മുമ്പില്‍ ആരാധനകളര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അത് എന്ത് മാത്രം ബാലിശമാണ്! ക്വുര്‍ആന്‍ ഉണര്‍ത്തുന്നത് കാണുക:

''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ'' (22:73).

 സത്യദൈവമായ അല്ലാഹുവിന് പുറമെ വിളിച്ച് പ്രാര്‍ഥിക്കപ്പെടുന്ന ഏതൊന്നിന്റെയും സ്ഥിതി ദുര്‍ബലതകള്‍ കൊണ്ടും ന്യൂനതകള്‍കൊണ്ടും ബന്ധിതമാണെന്ന് കാണാം. 

അവര്‍ സൃഷ്ടികളും അല്ലാഹുവിന്റെ അടിമകളുമാണ്. അവര്‍ക്കുപോലും മറ്റുള്ളവരുടെ സഹായമാവശ്യമാണ്; എന്നിരിക്കെ മറ്റുള്ളവരെ സഹായിക്കാന്‍ അവര്‍ക്കെങ്ങിനെ സാധിക്കും? അവര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള കഴിവുകളില്‍ പരിമിതിയുണ്ട്. കാഴ്ച, കേള്‍വി, അറിവ് മുതലായവ ഉദാഹരണം മാത്രം. 

അല്ലാഹു പറയുന്നു: ''അവര്‍ പങ്കുചേര്‍ക്കുന്നത് യാതൊന്നും സൃഷ്ടിക്കാത്തവരെയാണോ? അവര്‍ (ആ ആരാധ്യര്‍) തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്. അവര്‍ക്കൊരു സഹായവും ചെയ്യാന്‍ അവര്‍ക്ക് (പങ്കാളികള്‍ക്ക്) സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്കു തന്നെ അവര്‍ സഹായം ചെയ്യുന്നതുമല്ല. നിങ്ങള്‍ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അവര്‍ നിങ്ങളെ പിന്‍പറ്റുന്നതുമല്ല. നിങ്ങള്‍ അവരെ ക്ഷണിച്ചിരുന്നാലും, നിങ്ങള്‍ നിശ്ശബ്ദത പാലിച്ചിരുന്നാലും നിങ്ങള്‍ക്ക് സമമാണ്. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍. അവര്‍ക്ക് നടക്കാന്‍ കാലുകളുണ്ടോ? അവര്‍ക്ക് പിടിക്കാന്‍ കൈകളുണ്ടോ? അവര്‍ക്ക് കാണാന്‍ കണ്ണുകളുണ്ടോ? അവര്‍ക്ക് കേള്‍ക്കാന്‍ കാതുകളുണ്ടോ? (നബിയേ) പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട് എനിക്കെതിരായി തന്ത്രങ്ങള്‍ പ്രയോഗിച്ച് കൊള്ളുക. എനിക്ക് നിങ്ങള്‍ ഇടതരേണ്ടതില്ല'' (7:191-195). 

മഹാന്മാരായ ദൈവദാസന്മാരോ പ്രവാചകന്മാരോ പഠിപ്പിക്കാത്ത ആശയമാണ് ബഹുദൈവാരാധാനയെന്നതിനാല്‍ അവര്‍ ബഹുദൈവാരാധകരുടെ ശത്രുക്കളായിട്ടായിരിക്കും പുനരുത്ഥാന നാളില്‍ വരികയെന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു: 

''അല്ലാഹുവിനു പുറമെ, ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും'' (ക്വുര്‍ആന്‍ 46:5,6).

കണിശമായ ഏകദൈവാരാധന നടത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത ദൈവദൂതന്മാരെ തന്നെ കാലാന്തരത്തില്‍ വിളിച്ചുതേടപ്പെടുന്ന വിരോധാഭാസമാണ് ചരിത്രത്തില്‍ നാം കാണുന്നത്. തന്റെ മുന്‍ഗാമിയായ ദൈവദൂതന്റെ ആശയാദര്‍ശങ്ങളിലേക്ക് ക്ഷണിക്കുവാനായി മറ്റൊരു പ്രവാചകന്‍ വരുമ്പോഴേക്കും ഏതാനും പതിറ്റാണ്ടുകളുടെ വ്യത്യാസത്തില്‍ ആ പ്രവാചകന്റെ പോലും വിഗ്രഹം ആരാധിക്കപ്പെടുന്ന അവസ്ഥ! അതിന്റെ പേരില്‍ ആ സമൂഹത്തിന്റെ പരിഹാസങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും വിധേയരാവുന്ന പ്രവാചകന്മാര്‍! 

വിഗ്രഹം വെച്ചുകൊണ്ടായാലും അല്ലാതെയായാലും അല്ലാഹുവിനെയല്ലാതെ വിളിച്ച് പ്രാര്‍ഥിക്കുന്നതും ആരാധിക്കുന്നതും ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ബഹുദൈവാരാധന(ശിര്‍ക്ക്)യും ഗുരുതരമായ പാതകവുമാണ്. പ്രവാചകന്മാരഖിലവും അത്തരം ബഹുദൈവാരാധനകളുടെ പ്രതിയോഗികളായിരുന്നു. ശുദ്ധമായ ഏകദൈവാരാധനയാണ് അവര്‍ വിളംബരം ചെയ്തത്. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ മുസ്‌ലിംകളുടെതായി നിരവധി ശവകുടീരങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമൊക്കെയുണ്ടല്ലോ, അവിടങ്ങളിലൊക്കെ ദൈവേതരരോടുള്ള പ്രാര്‍ഥനകളും ആരാധനകളുമല്ലേ നടക്കുന്നത്, ഇത് ശരിയാണോ എന്ന സംശയം സ്വാഭാവികമാണ്. 

വിശുദ്ധ ക്വുര്‍ആനിന്റെയും പ്രവാചക ചര്യയുടെയും ഉപദേശങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള വ്യക്തമായ തിന്മയാണ് അവയൊക്കെ എന്നതാണ് അതിനുള്ള മറുപടി. മുന്‍കാല ചരിത്രത്തിലേതു പോലെ പ്രവാചകാധ്യാപനങ്ങളും അവിടുത്തെ അനുചരന്മാരുടെ പാതയും കൈവിടുമ്പോഴുണ്ടാകുന്ന സ്വാഭാവിക വ്യതിയാനമാണ് ശവകുടീര പൂജകരിലും സംഭവിക്കുന്നത്. 

കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതും (ത്വവാഫ്) 'ഹജറുല്‍ അസ്‌വദ്' എന്ന കറുത്ത കല്ലിനെ ചുംബിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്ന ഹജ്ജ് കര്‍മത്തിന്റെ ഭാഗമാണല്ലോ, അത് വിഗ്രഹാരാധനയല്ലേ എന്ന് ചില വിമര്‍ശകര്‍ ചോദിക്കാറുണ്ട്. 

അല്ല, എന്നാണുത്തരം. വിഗ്രഹാരാധകര്‍ വിഗ്രഹങ്ങളെ സംബന്ധിച്ച് കരുതുന്നതു പോലെ ഏതെങ്കിലും മഹാന്മാരുടെ പ്രതിരൂപങ്ങളായിട്ടല്ല ഒരു മുസ്‌ലിമും കഅ്ബയെയും ഹജറുല്‍ അസ്‌വദിനെയും കാണുന്നത്. മറിച്ച് ലോകത്ത് ആദ്യമായി, ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനായി നിര്‍മിക്കപ്പെട്ട കഅ്ബയെ ആദരപൂര്‍വം നബി ﷺ ത്വവാഫ്(പ്രദക്ഷിണം) ചെയ്യുകയും അതിന്റെ ഒരു മൂലയിലുള്ള ഹജറുല്‍ അസ്‌വദിനെ ചുംബിക്കുകയും ചെയ്തത് മാതൃകയാക്കി ആ പ്രവാചകനെ പിന്‍പറ്റിക്കൊണ്ടുള്ള ഒരു ആദരവ് പ്രകടിപ്പിക്കല്‍ മാത്രം. അല്ലാതെ കഅ്ബക്കോ ഹജറുല്‍ അസ്‌വദിനോ മുസ്‌ലിംകള്‍ ആരാധനയര്‍പ്പിക്കുന്നില്ല. അവയോട് വിളിച്ച് പ്രാര്‍ഥിക്കുന്നില്ല. അവയുടെ നാഥനായ അല്ലാഹുവിനെയാണവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നത്. (ഹജ്ജിന്റെ കര്‍മങ്ങളില്‍ മഹാനായ ഇബ്‌റാഹീം നബി(അ)യുടെ ചരിത്ര സ്മരണകള്‍ ഉണ്ടായിട്ടുകൂടി അതിലൊരിടത്തും അദ്ദേഹത്തോടോ മറ്റേതെങ്കിലും മഹത്തുക്കളോടോ ഉള്ള പ്രാര്‍ഥനകളും ആരാധനകളുമില്ലായെന്നത് പ്രത്യേകം ശ്രദ്ധേയമാണ്). 

മുഹമ്മദ് നബി ﷺ യുടെ അനുചരനായ, ഇസ്‌ലാമിക ഭരണകൂടത്തിന്റെ രണ്ടാം ഖലീഫയായിരുന്ന മഹാനായ ഉമറുബ്‌നുല്‍ ഖത്വാബി(റ)ന്റെ വാക്കുകളിലൂടെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. കഅ്ബയെ പ്രദക്ഷിണം ചെയ്തുകൊണ്ട് ഹജറുല്‍ അസ്‌വദിനെ നോക്കി അദ്ദേഹം ഇപ്രകാരം പറഞ്ഞു: ''അല്ലാഹുവാണെ സത്യം! നീ ഒരു കല്ലാണെന്ന കാര്യം എനിക്കറിയാം. യാതൊരു ഉപകാരമോ ഉപദ്രവമോ വരുത്താന്‍ കഴിയാത്ത കല്ല്. അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് നബി ﷺ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കുമായിരുന്നില്ല'' (ബുഖാരി). 

ലോകത്തൊരിടത്തും ഒരു മുസ്‌ലിമിന് പ്രദക്ഷിണം നടത്താനും ചുംബിക്കാനും ഇതല്ലാതെ മറ്റൊരിടവും ഇസ്‌ലാമിക പ്രമാണങ്ങള്‍ പരതിയാല്‍ കാണാന്‍ സാധിക്കില്ല എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുക. കാര്യം ഇങ്ങനെയാണെന്നിരിക്കെ കഅ്ബാ പ്രദക്ഷിണത്തിലും ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിലും വിഗ്രഹാരാധന ദര്‍ശിക്കുന്നത് നീതിയുക്തമല്ല.