ഇസ്‌ലാമിന്റെ മധ്യമ സമീപനം

മുഹമ്മദലി വാരം

2017 ഡിസംബർ 30 1439 റബിഉല്‍ ആഖിര്‍ 12

പരസ്പരം കാണുമ്പോള്‍ 'നിങ്ങള്‍ക്ക് ദൈവത്തിങ്കല്‍ നിന്നുള്ള സമാധാനമുണ്ടാകട്ടെ' എന്ന് അഭിവാദ്യമര്‍പിക്കുന്നവനാണ് മുസ്‌ലിം. ദിനേന പലവുരു ചെയ്യുന്ന നമസ്‌കാരം 'നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ' എന്ന വാക്കോടെ അവസാനിപ്പിക്കുകയും നമസ്‌കാരം കഴിഞ്ഞയുടന്‍ 'അല്ലാഹുവേ, നീയാണ് ശാന്തി (രക്ഷ), നിന്നില്‍ നിന്ന് മാത്രമാണ് ശാന്തി' എന്ന സ്തുതികീര്‍ത്തനം നടത്തുകയും ചെയ്യുന്നവനാണ് മുസ്‌ലിം.

 ഇങ്ങനെ സമാധാനവും നിര്‍ഭയത്വവും ആഗ്രഹിക്കുകയും അതിന്നായി ജഗന്നിയന്താവിനോട് തേടുകയും ചെയ്യുന്ന ഒരു ഇസ്‌ലാം മത വിശ്വാസിക്കെങ്ങിനെ തീവ്രവാദത്തിന്റെയും ആളുകള്‍ക്ക് മടുപ്പും വെറുപ്പുമുണ്ടാക്കുന്ന കാര്‍ക്കശ്യത്തിന്റെയും വക്താവാകുവാന്‍ സാധിക്കും? ഉത്തമസമൂഹമായി ലോകര്‍ക്ക് മാതൃകയായി ജീവിക്കേണ്ടവരാണ് മുസ്‌ലിംകള്‍. 

അല്ലാഹു പറയുന്നു: ''അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി...'' (ക്വുര്‍ആന്‍ 2:143).

അതായത് നബി ﷺ ക്ക് അനുചരന്മാര്‍ സാക്ഷികളാണ്. അവര്‍ ഇതര ജനങ്ങള്‍ക്കും സാക്ഷികളാണ്. ആ പാത പിന്‍പറ്റുന്ന ഇന്നത്തെ മുസ്‌ലിംകള്‍ മാനവരാശിക്ക് മാതൃകയായി നിലകൊള്ളേണ്ടവരാണന്നതില്‍ സംശയമില്ല.

പ്രബോധന ദൗത്യത്തിനായി യമനിലേക്ക് അയക്കവെ ശിഷ്യന്മാരായ മുആദ് ഇബ്‌നു ജബലി(റ)നും അബൂമൂസല്‍ അശ്അരി(റ)ക്കും നബി ﷺ  കൊടുത്ത ഉപദേശത്തില്‍ പെട്ടതാണ് 'നിങ്ങള്‍ രണ്ടുപേരും കാര്യങ്ങള്‍ എളുപ്പമുള്ളതാക്കുക പ്രയാസമുണ്ടാക്കരുത്. ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക, വെറുപ്പിക്കരുത്' എന്നത്. ഏതൊരു ജനതയിലേക്ക് സന്ദേശവാഹകരെ അയക്കുമ്പോഴും നബി ﷺ  ഇത്തരത്തില്‍ ഉപദേശം നല്‍കാറുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. 

ശൈഖ് ഉഥൈമീന്‍(റഹി) മേല്‍പറഞ്ഞ 'എളുപ്പമാക്കുക' എന്നതിനെ വിശദീകരിച്ചുകൊണ്ട് രിയാദുസ്സ്വാലിഹീനിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു: 'അതായത് എളുപ്പത്തിലേക്കും ലളിതമായതിലേക്കും പ്രവേശിക്കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലും അതല്ലാത്ത കാര്യങ്ങളിലും ഉണ്ടാകേണ്ട അടിസ്ഥാനം അതാണ്. ഇപ്രകാരമായിരുന്നു നബി ﷺ  അദ്ദേഹത്തിന്റെ ചര്യയില്‍.  രണ്ട് കാര്യം തിരഞ്ഞെടുക്കുവാനുള്ള അവകാശം അദ്ദേഹത്തിനു ലഭിച്ചാല്‍ അവയില്‍ വിഷമരഹിതമായതല്ലാതെ തിരഞ്ഞെടുക്കാറുണ്ടായിരുന്നില്ല.'

ഇസ്‌ലാം എന്ന സമാധാനത്തെ അസമാധാനത്തിലേക്ക് നയിക്കുന്ന തീവ്രതയെ അല്ലാഹുവും അവന്റെ പ്രവാചകനും ഇഷ്ടപ്പെടുകയില്ലെന്നതില്‍ സംശയമില്ല. സ്രഷ്ടാവിന് 'കീഴ്‌പെട്ട്' ജീവിക്കുന്ന മുസ്‌ലിമിന്ന് യോജിക്കുന്ന രീതിയല്ല അത്. വേദക്കാരോട് അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുക:

''പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. മുമ്പേ പിഴച്ചു പോകുകയും ധാരാളം പേരെ പിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്'' (ക്വുര്‍ആന്‍ 5:77 ).

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ)വില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥില്‍ 'കാര്‍ക്കശ്യം പലര്‍ത്തുന്നവര്‍ (തീവ്രത പുലര്‍ത്തുന്നവര്‍) നശിക്കട്ടെ' എന്ന് നബി ﷺ  മൂന്ന് തവണ ആവര്‍ത്തിച്ചു പറഞ്ഞതായി കാണാം. 

ഇമാം നവവി എഴുതി: 'തീവ്രത എന്നാല്‍ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും മതത്തിന്റെ അതിര്‍ത്തി ലംഘിച്ചു തീവ്രതയേറി അഗാധതയിലാവുക എന്നതാണ്' (ശറഹു മുസ്‌ലിം). 

ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി: 'കാര്യങ്ങളില്‍ കടുപ്പമാക്കുക എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് മതത്തിലുള്ള അതിര് വിട്ട് കടക്കുക എന്നുള്ളതാണ്. തീവ്രതയാകട്ടെ മതത്തിന്റെ ചട്ടക്കൂട് വിട്ടുകൊണ്ടുള്ള കാര്‍ക്കശ്യത്തെ അറിയിക്കുന്നു.'

ഇസ്‌ലാമിന്റെ മിതത്വ നിലപാടില്‍ നിന്ന് തെന്നിമാറുന്ന സകല പുഴുത്തുകളെയും തുടക്കത്തിലെ മതം അതിന്റെ വേരറുത്ത് പിഴുതുമാറ്റിയിട്ടുണ്ട്.

ജാബിര്‍(റ)വില്‍ നിന്ന് മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നു: ''മുആദ്ബ്‌നു ജബല്‍(റ) നബി ﷺ യുടെ കൂടെനമസ്‌കരിച്ചു. പിന്നീട് തന്റെ ജനതയിലേക്ക് ചെന്നുകൊണ്ട് അവര്‍ക്ക് ഇമാമായി സൂറത്തുല്‍ ബക്വറ ഓതി നമസ്‌കരിച്ചു. അന്നേരം ഒരാള്‍ ആ നമസ്‌കാരത്തില്‍നിന്നും വിട്ടകന്ന് ലഘുവായി ഓതി നമസ്‌കരിച്ചു. മുആദ്(റ) ഈ വിവരം അറിഞ്ഞു. അദ്ദേഹം പറഞ്ഞു: 'അയാള്‍ കപടവിശ്വാസിയാണ്.' ഈ വിവമറിഞ്ഞ അയാള്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ കൈകള്‍കൊണ്ട് അധ്വാനിച്ചും കാലികളെക്കൊണ്ട് തേവിനനച്ചും ജീവിക്കുന്ന ആളുകളാണ്. ഇന്നലെ മുആദ് സൂറത്തുല്‍ ബക്വറ ഓതിയാണ് നമസ്‌കരിച്ചത്. അന്നേരം ഞാന്‍ ആ നമസ്‌കാരത്തില്‍ നിന്ന് വിട്ടുനിന്നു. അതിനാല്‍ ഞാന്‍ കപടവിശ്വാസിയാണെന്ന് മുആദ് പറഞ്ഞിരിക്കുന്നു.'' നബി ﷺ  പറഞ്ഞു: ''ഓ മുആദ്! നീ വലിയൊരു കുഴപ്പക്കാരനാണോ? (മൂന്ന് തവണ ഇത് പറഞ്ഞു) ജനങ്ങള്‍ക്ക് ഇമാമായി നില്‍ക്കുമ്പോള്‍ താങ്കള്‍ വശ്ശംസി വദുഹാഹാ, സബ്ബിഹിസ്മ റബ്ബികല്‍ അഅ്‌ലാ പോലുള്ളവ പാരായണം ചെയ്യുക.'' 

അബൂമസ്ഊദി(റ)ല്‍ നിന്ന് ബുഖാരിയില്‍ വന്നിട്ടുള്ള ഒരു സംഭവം: ''ഒരാള്‍ വന്ന് നബി ﷺ യോട് പരാതിപ്പെട്ടു: 'ഇന്നയാള്‍ നമസ്‌കാരം ദീര്‍ഘിപ്പിക്കുന്നത് നിമിത്തം ഞാന്‍ സുബ്ഹി നമസ്‌കാരത്തിന് വൈകിയാണ് ചെല്ലുന്നത്.' ഒരു ഉപദേശത്തിലും അന്നത്തെക്കാള്‍ നബി ﷺ  കുപിതനായത് ഞാന്‍ കണ്ടിട്ടില്ല എന്ന് ഇബ്‌നുമസ്ഊദ്(റ) ഓര്‍ക്കുന്നു. ശേഷം റസൂല്‍ ﷺ  പറഞ്ഞു: 'ഹേ, ജനങ്ങളേ, നിങ്ങളിലുണ്ട് ആളുകളെ വെറുപ്പിക്കുന്നവര്‍. അതിനാല്‍ നിങ്ങളില്‍ ആരെങ്കിലും ജനങ്ങള്‍ക്ക് ഇമാമാകുന്ന പക്ഷം ചുരുക്കി നമസ്‌കരിക്കട്ടെ. കാരണം അവന്റെ പിന്നില്‍ വൃദ്ധരും ദുര്‍ബലരും മറ്റാവശ്യങ്ങള്‍ക്കു പോകേണ്ടവരും ഉണ്ടാകും.''

'ദീര്‍ഘമായി നമസ്‌കരിക്കണമെന്നുദ്ദേശിച്ചാണ് ഞാന്‍ നമസ്‌കാരത്തില്‍ പ്രവേശിക്കുക. അന്നേരം കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കും. ആ സമയത്ത് ഉമ്മയുടെ കഠിനമായ വിഷമം മനസ്സിലാക്കി ഞാന്‍ നമസ്‌കാരം വേഗം തീര്‍ക്കും' എന്ന് നബി ﷺ  പറഞ്ഞതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. 

ഇസ്‌ലാമിലെ കര്‍മാനുഷ്ഠാനങ്ങളില്‍ പ്രധാനമായ നമസ്‌കാരത്തില്‍ പോലും; അത് സംഘമായി നിര്‍വഹിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് മതം നിഷ്‌കര്‍ശിക്കുന്നു എന്നിരിക്കെ മറ്റെന്ത് തെളിവാണ് കാര്‍ക്കശ്യവര്‍ജനത്തിന് നമുക്ക് ലഭിക്കേണ്ടത്? ജമാഅത്ത് നിസ്‌കാരത്തിന്റെ ദൈര്‍ഘ്യം കാരണത്താല്‍ അതില്‍ പങ്കെടുക്കാതെ ഒറ്റയ്ക്ക് നമസ്‌കരിച്ച വ്യക്തിയോട് ഒന്നും പറയാതെ ആ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ തന്റെ പ്രഗത്ഭനായ അനുചരനോട് ''നീ വലിയ കുഴപ്പമുണ്ടാക്കുന്നവനാണോ'' എന്ന് ശകാരിച്ചു ഗുണദോഷിക്കുന്ന പ്രവാചകന്‍! ഇമാം നമസ്‌കാരം ദീര്‍ഘിപ്പിക്കുന്നതിനാല്‍ ഞാന്‍ സുബ്ഹിക്ക് വൈകിയേ എത്താറുള്ളൂ എന്ന് പറഞ്ഞ വ്യക്തിയോട് മറുത്തൊന്നും പറയാതെ അതിനു കാരണക്കാരനായ ഇമാമുമാര്‍ 'ആളുകളെ വെറുപ്പിക്കുന്നവരാണ്' എന്ന് പ്രഖ്യാപിച്ച പ്രവാചകന്‍! ചെറിയ കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ ജമാഅത്തില്‍ പങ്കെടുക്കുന്ന അവരുടെ ഉമ്മമാര്‍ക്ക് പ്രയാസമുണ്ടാകുമല്ലോ എന്ന് കരുതി നമസ്‌കാരം ലഘൂകരിക്കുന്ന പ്രവാചകന്‍! മതത്തെ പഠിച്ചറിയുന്നവര്‍ക്ക് ഇസ്‌ലാമിന്റെ മധ്യമ നിലപാടും ജനങ്ങളെ ബുദ്ധമുട്ടിക്കുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന സന്ദേശവുമല്ലേ മഹാനായ പ്രവാചകന്‍ ﷺ  ഇതിലൂടെയെല്ലാം നമ്മെ പഠിപ്പിക്കുന്നത്?!

മറ്റൊരു പ്രധാന ആരാധന കര്‍മമായ നോമ്പിനെപ്പറ്റി പറയുമ്പോള്‍ അല്ലാഹു പറഞ്ഞത് കാണുക:

''...ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്തുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കുവാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല...(ക്വുര്‍ആന്‍ 2:185).

പ്രവാചകന്റെ ദൗത്യമായി അല്ലാഹു ചൂണ്ടിക്കാട്ടിയത് കാണുക: ''അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 7:157).

സുസ്ഥിര സമാധാന സങ്കേതമായ സ്വര്‍ഗലോകത്തേക്ക് മുഴുവന്‍ ജനങ്ങളെയും ക്ഷണിക്കുവാനുള്ള ദൗത്യവുമായാണ് മുഹമ്മദ് നബി ﷺ  ആഗതനായത്. അതുകൊണ്ട് തന്നെ അസമാധാനത്തിന്റെയും അശാന്തിയുടെയും അടയാളമായ തീവ്രതയും അതിരുകവിയലും ഒരിക്കലും അംഗീകരിച്ചില്ല. കാരണം അത് നാശവും മടുപ്പുമാണ്. അത് ഉന്മൂലനവും സങ്കുചിതത്വവുമാണ്. ആയതിനാല്‍ അത്തരം ഭാരങ്ങളും വിലങ്ങുകളും ജനതയില്‍ നിന്ന് ഇറക്കിവെക്കുവാനാണ് അല്ലാഹു വിശേഷിപ്പിച്ചതുപോലെ അദ്ദേഹം പ്രയത്‌നിച്ചത്.

അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ്(റ) പറയുകയാണ്: ''ഞാന്‍ രാത്രിയില്‍ നമസ്‌കരിക്കുകയും തുടര്‍ച്ചയായി നോമ്പെടുക്കുകയും ചെയ്യുന്ന കാര്യം നബി ﷺ  അറിഞ്ഞു. അങ്ങനെയിരിക്കെ എന്റെയടുത്തേക്ക് ആളെ അയച്ചു (ഞാനുമായി കണ്ടുമുട്ടി). തിരുമേനി ﷺ  പറഞ്ഞു: 'നീ എന്നും നോമ്പെടുക്കുകയും എല്ലാ രാത്രിയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്യുന്നു എന്ന് എനിക്ക് വിവരം കിട്ടിയിരിക്കുന്നു. അങ്ങനെ ചെയ്യരുത്. താങ്കളുടെ കണ്ണുകളോട് താങ്കള്‍ക്ക് കടമകളുണ്ട്. താങ്കളുടെ ശരീരത്തോട് താങ്കള്‍ക്ക് കടപ്പാടുകളുണ്ട്. താങ്കളുടെ ഭാര്യയോട് താങ്കള്‍ക്ക് ബാധ്യതയുണ്ട്. താങ്കളെ സന്ദര്‍ശിക്കുന്നവരോടും കടപ്പാടുകളുണ്ട്'' (മുസ്‌ലിം, നസാഈ).

ആഇശ(റ)യില്‍ നിന്ന് നിവേദനം: ''പ്രവാചകന്‍ ﷺ  ഒരിക്കല്‍ അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവിടെ ഒരു സ്ത്രീയുണ്ടായിരുന്നു. നബി ﷺ ചോദിച്ചു: 'ഇവള്‍ ആരാണ്?' അവള്‍ ഇന്നവളെന്ന് പറഞ്ഞശേഷം ആഇശ(റ) അവളുടെ നമസ്‌കാരത്തെക്കുറിച്ച് വര്‍ണിക്കാന്‍ തുടങ്ങി. നബി ﷺ  പറഞ്ഞു: 'നിര്‍ത്തൂ! നിങ്ങള്‍ക്ക് സാധിക്കുന്നവമാത്രം അനുഷ്ഠിക്കുക. അല്ലാഹു തന്നെയാണ് സത്യം! നിങ്ങള്‍ക്ക് മടുക്കുകയല്ലാതെ അല്ലാഹുവിന് മടുക്കുകയില്ല.''

അനസ്(റ)വില്‍ നിന്ന്: ''ഒരിക്കല്‍ പ്രവാചകന്‍ ﷺ  പള്ളിയില്‍ കടന്നു വന്നപ്പോള്‍ രണ്ട് തൂണുകള്‍ക്കിടയില്‍ ഒരു കയര്‍ നീട്ടിയിട്ടതായി കണ്ടു. അവിടുന്ന് ചോദിച്ചു: 'ഇത് ആരുടെ കയറാണ്?' അവര്‍ പറഞ്ഞു: 'ഇത് സൈനബിന്റെ കയറാണ്. ക്ഷീണിച്ച് തളര്‍ന്നാല്‍ അവര്‍ അതില്‍ പിടിച്ചു നില്‍ക്കും.' നബി ﷺ  പറഞ്ഞു: 'അത് അഴിച്ചു മാറ്റുക. നിങ്ങള്‍ ഉന്മേഷമുള്ളപ്പോള്‍ നമസ്‌കരിക്കുക. ക്ഷീണിച്ചാല്‍ ഉറങ്ങുക'' (ബുഖാരി).

മതത്തിന്റെ കാതലായ ആരാധനകളില്‍ പോലും പോലും പക്വമാര്‍ന്ന മിതത്വനിലപാട്; ഇത് ഇസ്‌ലാമിന്റെ സവിശേഷതയാണ്. 

പ്രവാചക സ്‌നേഹം മുസ്‌ലിമിന് നിര്‍ബന്ധമാണ്. തിരുമേനിയെ സ്‌നേഹിക്കാത്തവന്‍ യഥാര്‍ഥ മുസ്‌ലിം അല്ല. എന്നാല്‍ നബി ﷺ യെ സ്‌നേഹിക്കുന്ന വിഷയത്തിലും ഒരു മധ്യമ നിലപാട് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. 

നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ മര്‍യമിന്റെ പുത്രന്‍ ഈസയെ നസ്വാറാക്കള്‍ അമിതമായി പുകഴ്ത്തിയതുപോലെ എന്നെ പുകഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്റെ ഒരു ദാസന്‍ മാത്രമാകുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ ദാസനും അവന്റെ ദൂതനും എന്നു പറഞ്ഞുകൊള്ളുക'' (ബുഖാരി, മുസ്‌ലിം). 

ഈസാനബി(അ) പുകഴ്ത്തുന്നതില്‍ അവര്‍ അതിരുകവിഞ്ഞു. ആ തീവ്രത അവരെ കൊണ്ടെത്തിച്ചത് അദ്ദേഹം ദൈവപുത്രനാണെന്ന് എന്ന വാദത്തിലേക്കായിരുന്നു. തന്റെ കാര്യത്തില്‍ അത് സംഭവിക്കാതിരിക്കുവാന്‍ നബി ﷺ  ജാഗ്രത കാണിച്ചു.  ഒരു പ്രവാചകന്‍ മാത്രമാണോ? അല്ല, അല്ലാഹുവിന്റെ ദാസനും കൂടിയാണ്. ദാസന്‍ മാത്രമാണോ? അല്ലേയല്ല, പ്രവാചകനും കൂടിയാണ്. 

''നീ(അഹങ്കാരിത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചു കളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുകയും നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 31:18,19).

''നിന്റെ പ്രാര്‍ഥന നീ ഉച്ചത്തിലാക്കരുത്. അത് പതുക്കെയുമാക്കരുത്. അതിനിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക'' (ക്വുര്‍ആന്‍ 17:110).

''നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (ക്വുര്‍ആന്‍ 2:190).

''ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടയ്ക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍'' (ക്വുര്‍ആന്‍ 25:67).

ധൂര്‍ത്തും പൊങ്ങച്ചവും കലരാത്ത മിതമായ വേഷവും മിതമായ ഭക്ഷണവും ഇസ്‌ലാം അഭികാമ്യമായി കരുതുന്നു. ആരാധനാവേളയില്‍ നഗ്‌നരോ അര്‍ധനഗ്‌നരോ ആകുന്നതാണ് നല്ലത് എന്ന പ്രാകൃത ചിന്ത ഇസ്‌ലാം തിരുത്തി: 

''ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും നിങ്ങള്‍ക്കലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചു കൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാത് നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല'' (ക്വുര്‍ആന്‍ 7:31).

മൗന വ്രതം ഇസ്‌ലാം പഠിപ്പിക്കുന്നില്ല; അനാവശ്യമായി സംസാരിക്കുക എന്നതും. അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ''സംസാരത്തിലും പ്രവര്‍ത്തനത്തിലും അതിരു കവിയുന്നവര്‍ നശിച്ചിരിക്കുന്നു.'' അവിടുന്ന് ഇത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു. (മുസ്‌ലിം).

സ്‌നേഹം, വിവാഹം, സംസാരം, വേഷം, ഭക്ഷണം, പ്രാര്‍ഥന, യുദ്ധം, ചെലവഴിക്കല്‍, ഉപദേശം, ഇടപാടുകള്‍ തുടങ്ങി എല്ലാ രംഗത്തും ഇസ്‌ലാമിന്റെ സമീപന രീതി മധ്യമമാണ്. തീവ്രതയുടെ ക്ഷീണമോ നാശമോ, ലാഘവത്വത്തിന്റെ വീഴ്ചവരുത്തലോ ജീര്‍ണതയോ ഇസ്‌ലാം സമ്മതിക്കുന്നില്ല. മതത്തില്‍ ഉടലെടുത്ത ഛിദ്രതകള്‍ക്കും കക്ഷിത്വങ്ങള്‍ക്കും കാരണമായി ഭവിച്ചത് അതിന്റെ മധ്യമ സരണിയില്‍ നിന്ന് പലരും വ്യതിചലിച്ചു പോയതാണ്. മഹാന്മാരോടുള്ള അതിരുവിട്ട സ്‌നേഹവും ബഹുമാനവും ക്വബ്‌റാരാധനയിലേക്കും മറ്റും വഴിതെളിച്ചെങ്കില്‍; വ്യക്തമായ തെളിവുകളെ പോലും അവഗണിക്കുന്ന സമീപനരീതി പച്ചയായ കുഫ്‌റിലേക്കും ബിദ്അത്തിലേക്കും വഴി നടത്തിച്ചു. 

റസൂല്‍ ﷺ യുടെ ഹജ്ജ് സമയത്ത് നടന്ന ഒരു സംഭവം ഇബ്‌നു അബ്ബാസ്(റ) വിവരിക്കുന്നു: ''അക്വബയുടെ പ്രഭാതത്തില്‍ ഒട്ടകപ്പുറത്തിരുന്ന് റസൂല്‍ ﷺ  പറഞ്ഞു: 'എനിക്ക് കല്ല് എടുത്തു തരൂ.' അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഏഴ് കല്ലുകള്‍ എടുത്തു കൊടുത്തു. അവ ചെറിയ ഉരുളന്‍ കല്ലുകളായിരുന്നു.' റസൂല്‍ ﷺ  അത് കൈപ്പത്തിയിലിട്ട് കുലുക്കിക്കൊണ്ട് പറഞ്ഞു: 'ഇതുപോലുള്ളവ കൊണ്ട് എറിയുക.' ശേഷം അദ്ദേഹം അരുളി: 'ജനങ്ങളേ, മതത്തില്‍ അതിരുകവിയലിനെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം നിങ്ങളുടെ മുന്‍ഗാമികളെ നശിപ്പിച്ചത് മതത്തിലെ അതിരുകവിച്ചിലാണ്'' (നസാഈ, ഇബ്‌നുമാജ).

പയര്‍ മണിയെക്കാള്‍ അല്‍പം വലിപ്പം കൂടിയ കൊച്ചു കല്ലുകള്‍ കൊണ്ടാണ് ജംറകളില്‍ എറിയേണ്ടത്. വലിയ ഉരുളന്‍ കല്ല് കൊണ്ടോ കടുകളമണിപോലുള്ള നന്നേ ചെറിയവ കൊണ്ടോ ആകാവതല്ല. ചെരിപ്പ്, കുട എന്നിവ കൊണ്ടും എറിഞ്ഞുകൂടാ. 

'ഞാന്‍ രാത്രി മുഴുവനും നമസ്‌കരിക്കു'മെന്ന് പറഞ്ഞ വ്യക്തിയെയും 'ഞാന്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കു'മെന്ന പറഞ്ഞയാളെയും 'ഞാന്‍ വിവാഹം കഴിക്കാതെ ആരാധനകള്‍ക്കായി മാറിനില്‍ക്കും' എന്ന് പറഞ്ഞ മനുഷ്യനെയും വിളിച്ചുവരുത്തി നബി ﷺ  പറഞ്ഞു: 'നിങ്ങളാണോ ഇത്തരത്തില്‍ പറഞ്ഞത്? അറിയണം, അല്ലാഹുവാണെ സത്യം! ഞാന്‍ നോമ്പു നോല്‍ക്കുകയും ഒഴിവാക്കുകയും നമസ്‌കരിക്കുകയും ഉറങ്ങുകയും വിവാഹം കഴിക്കുകയുമൊക്കെ ചെയ്യുന്നു. എന്റെ ചര്യ ഇഷ്ടപ്പെടാത്തവര്‍ എന്നില്‍പെട്ടവനല്ല' (ബുഖാരി, മുസ്‌ലിം).

ഇതാണ് അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ  പഠിപ്പിച്ച മതം, അല്ലാഹു മനുഷ്യര്‍ക്ക് തൃപ്തിപ്പെട്ടു നല്‍കിയ മതം. ആരാധനയില്‍ തീവ്രതകാണിച്ച് സന്യാസം സ്വീകരിക്കുവാനോ ബ്രഹ്മചാരിയാകുവാനോ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. പൗരോഹിത്യവും ഇസ്‌ലാമിന് അന്യം. 

മുഹമ്മദ് നബി ﷺ  പറഞ്ഞു: 'മതം വളരെ ലളിതമാണ്. അതിനെ പ്രയാസമാക്കുന്നവനെ അത് പരാജയപ്പെടുത്തുക തന്നെ ചെയ്യും. അതിനാല്‍ നിങ്ങള്‍ കര്‍മങ്ങളെ ശരിയായരീതിയിലാക്കുക, അടുപ്പിക്കുക, സന്തോഷഭരിതരാക്കുക. വൈകുന്നേരവും രാവിലെയും രാത്രിയില്‍ അല്‍പഭാഗവും ആരാധന ചെയ്ത് രക്ഷിതാവിന്റെ സഹായം തേടുക' (മുസ്‌ലിം).

നബി ﷺ  പറഞ്ഞു: ''അല്ലയോ ആഇശാ, അല്ലാഹു സൗമ്യനാണ്. അവന്‍ സൗമ്യത ഇഷ്ടപ്പെടുന്നു. പാരുഷ്യത്തിന് നല്‍കാത്തത് അവന്‍ സൗമ്യതയ്ക്ക് നല്‍കുന്നു. മറ്റൊന്നിനും നല്‍കാത്തത് അവന്‍ സൗമ്യതയ്ക്ക് നല്കും'' (മുസ്‌ലിം).

പ്രമാണങ്ങള്‍ പഠിപ്പിക്കുന്നതാണ് യഥാര്‍ഥ മിതത്വ നിലപാട്. എന്നാല്‍ അതിരുകവിയലിന്റെ പുകമറ സൃഷ്ടിച്ച് വിശുദ്ധ ക്വുര്‍ആനും തിരുചര്യയും മുറുകെ പിടിച്ചു ജീവിക്കുന്നവരെ നിരൂപണം ചെയ്ത് തീവ്രത കണ്ടെത്തുവാന്‍ പാടുപെടുന്ന ചിലരുണ്ടിന്ന്. നീട്ടിവളര്‍ത്തിയ താടിയും നെരിയാണിയുടെ മേലെയുള്ള വസ്ത്രവും അത്തരക്കാര്‍ക്ക് പരിധിവിടലും തീവ്രതയുമായേക്കാം. ഖേദകരമെന്ന് പറയട്ടെ, അത്തരം 'നിരീക്ഷകന്‍മാരില്‍' കൂടുതലും 'മുസ്‌ലിംകളില്‍' പെട്ടവര്‍ തന്നെയാണ് എന്നുള്ളതാണ് ഏറെ ശ്രദ്ധേയം. വാസ്തവത്തില്‍ ഭൂരിഭാഗം മുസ്‌ലിംകളും പ്രവാചക ചര്യയെ തങ്ങളുടെ ജീവിതം കൊണ്ട് തിരസ്‌കരിക്കുന്നു എന്നു കരുതി മുഹമ്മദ് നബി ﷺ  സ്വന്തം അനുയായികളോട് കല്‍പിച്ച ഒരു കാര്യം സ്വന്തം ജീവിതത്തില്‍ പകര്‍ത്തുന്നവരെ ചിലര്‍ 'വേറിട്ടൊരു ജീവികളായി' നോക്കിക്കാണുന്നതിന്റെ യഥാര്‍ഥത്തിലുള്ള ഉത്തരവാദിത്തംആര്‍ക്കാണ്? പ്രവാചക സുന്നത്തിനെ വലിച്ചെറിഞ്ഞ മുസ്‌ലിംകള്‍ക്കു തന്നെയല്ലേ? 

തങ്ങളുടെ ആണ്‍കുട്ടികളെ വളരെ ചെറുപ്പത്തില്‍തന്നെ ചേലാകര്‍മം ചെയ്യിക്കുന്നവരാണ് മുസ്‌ലിംകള്‍. അതവര്‍ അവരുടെ മതചര്യയുടെ ഭാഗമായി കാണുന്നു എന്നതുകൊണ്ടാണത്. അതിനാല്‍ തന്നെ അതിന്റെ പേരില്‍ ശൈശവ പീഡനം നടത്തുന്നു എന്ന ആരോപണം ഉയരാറേയില്ല. ഇനി, വളരെ ന്യൂനാല്‍ ന്യൂനപക്ഷം മുസ്‌ലിംകള്‍ മാത്രമെ തങ്ങളുടെ കുട്ടികള്‍ക്ക് ചേലാകര്‍മം നടത്തുന്നുള്ളൂ എങ്കില്‍ എന്തൊക്കെ കോലാഹലങ്ങളായിരിക്കും സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുക. 'ശൈശവ പീഡനത്തിന്റെ' പേരില്‍ മുതലക്കണ്ണീര്‍ നാട്ടില്‍ ഒഴുകും. ഭൂരിപക്ഷവും അത് ചെയ്യാതിരിക്കെ ചിലര്‍ മാത്രം ചെയ്യുന്നതിന്റെ പിന്നിലുള്ള രഹസ്യങ്ങള്‍ കണ്ടെത്തുവാന്‍ ചാനലുകളില്‍ അന്തിച്ചര്‍ച്ചകള്‍ പൊടിപൊടിക്കും. പക്ഷേ, ഒന്നും സംഭവിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അത് മുസ്‌ലിം സമുദായത്തിന്റെ മതവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് സകലരും കാണുന്നത്. അതുപോലെ എല്ലാ പ്രവാചകചര്യകളും മതമായി മുസ്‌ലിംകള്‍ ഒന്നടങ്കം അനുഷ്ഠിക്കുകയും ആചരിക്കുകയും ചെയ്താല്‍  ഒരു വിവാദത്തിനും ഇവിടെ പ്രസക്തിയുണ്ടാകില്ല.

മതത്തിലെ അതിരു കവിയലുകളെ തീവ്രമായി കണ്ട മതം ഇസ്‌ലാമല്ലാതെ വേറെ ഏതാണുള്ളത്? തീവ്രത എന്താണെന്ന് വ്യക്തമായി അത് അതിന്റെ അനുയായികളെ പഠിപ്പിച്ചിരിക്കെ പിന്നെ എങ്ങനെ അവര്‍ക്ക് അതില്‍ നിന്ന് തെന്നിമാറുവാന്‍ സാധിക്കും? യഥാര്‍ഥ ഇസ്‌ലാം മത വിശ്വാസിക്കെങ്ങനെ ഇസ്‌ലാമിക് തീവ്രവാദി (സമാധാന തീവ്രവാദി എന്നര്‍ഥം!) എന്ന വിളിപ്പേരില്‍ ഊറ്റം കൊള്ളുവാനാകും? ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന വ്യക്തികളും കൂട്ടായ്മകളും മാധ്യമങ്ങളും അവരുടെ അറിവില്ലായ്മ കൊണ്ടോ ശത്രുതയാലോ ഇസ്‌ലാമിനെ തീവ്രതയുടെ മതമായി പ്രചരിപ്പിക്കുന്നുവെങ്കില്‍ അതിന് ഇസ്‌ലാം എങ്ങനെ ഉത്തരവാദിയാകും?  

''ആകയാല്‍ നീ കല്‍പിക്കപ്പെട്ടതു പോലെ നീയും നിന്നോടൊപ്പം (അല്ലാഹുവിങ്കലേക്ക്) മടങ്ങിയവരും നേരായ മാര്‍ഗത്തില്‍ നിലകൊള്ളുക. നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കരുത്. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്'' (ക്വുര്‍ആന്‍ 11:112).