കാനഡയില്‍ നിന്ന് ഒരു 'മനുഷ്യശബ്ദം'

മുഹമ്മദ് അജ്മല്‍ സി

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19

''ഇപ്പോഴത്തെ കണക്കനുസരിച്ച് ക്യൂബക്ക് ഇസ്‌ലാമിക് സെന്ററില്‍ ആരാധനകള്‍ നിര്‍വഹിക്കുന്ന ആറ് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. മറ്റനേകം പേര്‍ക്ക് ഗുരുതര പരിക്കേറ്റിരിക്കുന്നു. ഒരുകൂട്ടം നിരപരാധികള്‍ തങ്ങള്‍ പിന്തുടരുന്ന വിശ്വാസം കാരണത്താല്‍ ഉന്നം വെക്കപ്പെട്ടിരിക്കുന്നു. അതെ, ഇതൊരു തീവ്രവാദി ആക്രമണമാണ്!''

ക്യൂബക്കിലെ മുസ്‌ലിം പള്ളിയില്‍ നമസ്‌കാരവേളയില്‍ ആറ് വിശ്വാസികളെ നിഷ്‌കരുണം വെടിവച്ച് കൊന്ന സംഭവത്തോട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയാണ് മുകളില്‍ കൊടുത്തത്. മുസ്‌ലിം വിരുദ്ധതയില്‍ അധിഷ്ഠിതമായി ലോകമെങ്ങും വര്‍ധിച്ചു വരുന്ന ഇത്തരം ആക്രമണങ്ങളെ 'മുസ്‌ലിംകള്‍ക്കെതിരായ തീവ്രവാദം' എന്ന് ഒരു പാശ്ചാത്യ രാഷ്ട്രത്തലവന്‍ വിശേഷിപ്പിക്കുന്നത് ഇതാദ്യമായാണ്. അതിനാല്‍ തന്നെ ജസ്റ്റിന്‍ ട്രൂഡോയുടെ ഈ പ്രസ്താവന വളരെ ശ്രദ്ധേയവും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്.

കപട മതേതരവാദികളും ജനാധിപത്യ വാദികളും നാട് ഭരിക്കുന്ന കാലഘട്ടത്തില്‍ ട്രൂഡോ തന്റെ പ്രഖ്യാപനത്തിലൂടെ വലിയൊരു വിപ്ലവത്തിനാണ് നാന്ദി കുറിച്ചിരിക്കുന്നത്.

അലക്‌സാണ്ടര്‍ ബിസോണേറ്റ് എന്ന 27കാരനാണ് പള്ളിയിലേക്ക് തോക്കുമായി കയറിച്ചെന്ന് വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തനി വംശീയവാദിയും വലതുപക്ഷ തീവ്രവാദിയും ഇസ്‌ലാമോഫോബിയുമായ ബിസോണേറ്റ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലുടെ സ്വയം വിശേഷിപ്പിച്ചത് ക്രിസ്ത്യന്‍ ക്രൂസോഡര്‍ എന്നാണ്! പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത ആരാധകനുമാണിയാള്‍. അയല്‍രാജ്യമായ കാനഡയില്‍ നടന്ന ആക്രമണത്തോട് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ പ്രതികരിക്കുകയോ അനുശോചനം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിലെ ലൂവ് മ്യൂസിയത്തില്‍ മുസ്‌ലിം തീവ്രവാദി എന്ന് സംശയിക്കപ്പെടുന്ന ഒരജ്ഞാതന്‍ കത്തിയുമായി പട്ടാളക്കാരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെ അപലപിച്ച് കൊണ്ട് ഉടനെ തന്നെ ട്രംപ് ട്വിറ്റ് ചെയ്തു! അപരാധിയുടെയും ഇരയുടെയും ദേശവും ഭാഷയും മതവും പരിഗണിച്ച ശേഷം മാത്രം രാഷ്ട്രത്തലവന്മാര്‍ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്ന കാലഘട്ടം വളരെ ഭയാനകം തന്നെ! ഇത്തരമൊരു ലോകത്ത് ജസ്റ്റീസ് ട്രൂഡോയുടെ സമീപനങ്ങളും നിലപാടുകളും മാതൃകാപരമാണ്.

ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരുടെയും അഭയാര്‍ഥികളുടെയും ആഗമനം നിരോധിച്ചയുടനെ ട്രൂഡോ ണലഹരീാല ീേ ഇമിമറമ ഹാഷ് ടാഗുമായി 'വൈവിധ്യമാണ് ഞങ്ങളുടെ ശക്തി' എന്ന് ട്വിറ്റ് ചെയ്യുകയും അഭയാര്‍ഥികള്‍ക്ക് സ്വാഗതമരുളുകയുമാണ് ചെയ്തത്. സമത്വവും മതനിരപേക്ഷതയും ബഹുസ്വര സമൂഹത്തില്‍ പൂര്‍ണാര്‍ഥത്തില്‍ ഉള്‍കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ട്രൂഡോയെ പോലുള്ള ഭരണാധികാരികളെ കാലം ആവശ്യപ്പെടുന്നു. പാര്‍ലമെന്റിലെ തന്റെ ഐതിഹാസികമായ പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത് ഇപ്രകാരണാണ്:

''ഈ കുറ്റകൃത്യങ്ങള്‍ നിര്‍വഹിക്കുന്നവരുടെ ഉദ്ദേശ്യം നമ്മുടെ നിശ്ചയദാര്‍ഢ്യത്തെ പരീക്ഷിക്കലും മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തലുമാണ്. അവര്‍ നമ്മെ വിഭജിക്കാന്‍ ഉദ്ദേശിക്കുന്നു. നമ്മുടെ ഇടയില്‍ വിദ്വേഷവും ഭിന്നതയും നട്ടുവളര്‍ത്താന്‍ ആഗ്രഹിക്കുന്നു. നാം നമ്മുടെ മനസ്സുകളെ അടക്കില്ല; ഹൃദയങ്ങള്‍ തുറന്നു വെക്കുന്നു. മുസ്‌ലിം വിശ്വാസികളായ പത്ത് ലക്ഷത്തിലധികം വരുന്ന കാനഡക്കാരോട് ഞാന്‍ പറയുന്നു. ഞങ്ങള്‍ നിങ്ങളുടെ കുടെയുണ്ട്. നിങ്ങളുടെ കൂടെ മുന്നരക്കോടി കാനഡക്കാരുടെ ഹൃദയവും തകര്‍ന്നിരിക്കുന്നു. അറിയുക, ഞങ്ങള്‍ നിങ്ങളെ വിലമതിക്കുന്നു. കഴിഞ്ഞ രാത്രിയിലെ മുസ്‌ലിം സമൂഹത്തിനെതിരായ ഹീനകൃത്യം കാനഡക്കെതിരായ തീവ്രവാദ ആക്രമണമാണ.് കാരണം ഇത് നിങ്ങളുടെ രാജ്യമാണ്. ഞങ്ങള്‍ നിങ്ങളുടെ കൂടെ ദുഃഖിക്കുന്നു, നിങ്ങളുടെ കൂടെ പ്രതിരോധിക്കുന്നു, നിങ്ങളെ സ്‌നേഹിക്കുന്നു, ഞങ്ങള്‍ നിങ്ങളുടെ കൂടെ നില്‍ക്കുന്നു.''

അതെ, മനുഷ്യത്വം മരവിക്കാത്ത ഭരണാധികാരികള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന് ജസ്റ്റീസ് ട്രൂഡോ തെളിയിച്ചിരിക്കുന്നു.