പ്രവാചക ചര്യയുടെ പ്രാധാന്യം

ശമീര്‍ മദീനി

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

പരിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയും അഥവാ സുന്നത്തുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍. അവയുടെ പിന്‍ബലത്തോടു കൂടി ഇസ്‌ലാമികലോകത്തെ ഏതെങ്കിലും ഒരു കാലത്തെ പണ്ഡിതന്മാര്‍ ഐകകണ്‌ഠേ്യന സ്വീകരിച്ച നിലപാടുകളും അഭിപ്രായങ്ങളും 'ഇജ്മാഅ്' എന്ന പേരിലും, നൂതന പ്രശ്‌നങ്ങള്‍ ഗവേഷണപണ്ഡിതന്മാര്‍ ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ തുലനം ചെയ്ത് മതവിധികള്‍ കണ്ടെത്തുന്നത് 'ക്വിയാസ്' എന്നും പേരിലും അറിയപ്പെടുന്നു. ഇസ്‌ലാമിന്റെ ആധികാരിക പ്രമാണങ്ങള്‍ ഏതെല്ലാമെന്ന് അറിയാത്തത് കൊണ്ടോ അജ്ഞത നടിക്കുന്നത് കൊണ്ടോ എന്നറിയില്ല; ക്രൈസ്തവമിഷണറിമാരടക്കമുള്ള ഇസ്‌ലാം വിമര്‍ശകര്‍ പലപ്പോഴും പ്രമാണങ്ങളെയല്ല, ചില വാറോലകെളയാണ് കാര്യമായ രേഖകള്‍ എന്ന നിലയില്‍ എടുത്തുകാണിക്കാറുള്ളത്. 

ക്വുര്‍ആനും സുന്നത്തും ഇസ്‌ലാമികസമൂഹം നിരാക്ഷേപം അടിസ്ഥാനപ്രമാണങ്ങളായി അംഗീകരിച്ചു പോന്നതാണ്. നബി ﷺ യും സ്വഹാബത്തും അവരെ പിന്‍പറ്റിയവരും (താബിഉകള്‍) അവരുടെ ശിഷ്യന്മാരുമൊക്കെ മതവിധികള്‍ കണ്ടെത്താന്‍ ക്വുര്‍നിനെയും സുന്നത്തിനെയുമാണ് ആശ്രയിച്ചിരുന്നത്. വിശുദ്ധ ക്വുര്‍ആനും പ്രശ്‌നപരിഹാരത്തിനായി നിര്‍ദേശിക്കുന്നത് അതാണ്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കെകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും''(4:59).

പക്ഷേ, ആ ഉത്തമ തലമുറകളുടെ മാര്‍ഗത്തിന് വിരുദ്ധമായി പില്‍ക്കാലത്ത് ചിലര്‍ സുന്നത്തിന്റെ പ്രാമാണികതയെയും ആധികാരികതയെയും ചോദ്യംചെയ്യുകയും മുസ്‌ലിം സാധാരണക്കാര്‍ക്കിടയില്‍ തദ്വിഷയകമായി ആശയക്കുഴപ്പങ്ങളുണ്ടാക്കുവാന്‍ ശ്രമിക്കുകയും, ക്വുര്‍ആന്‍ പോരേ, എന്തിനാണ് സുന്നത്ത്, ക്വുര്‍ആന്‍ എല്ലാറ്റിനും വിശദീകരണമല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി സുന്നത്തില്‍ നിന്നും മുസ്‌ലിം ജനസാമാന്യത്തെ അകറ്റുവാന്‍ ബോധപൂര്‍വം ശ്രമം നടത്തുകയും ചെത്തിട്ടണ്ട്. ഇപ്പോഴും ചെയ്യുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ സുന്നത്തിന്റെ  പ്രാമാണികതയെ കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാവുകയാണ്. 

പരമകാരുണികനായ സ്രഷ്ടാവ് അവന്റെ കാരുണ്യത്തിന്റെ ഭാഗമായി  അവതരിപ്പിച്ച ക്വുര്‍ആനിനെ കുറിച്ചും പ്രവാചകനെ കുറിച്ചും ക്വുര്‍ആനില്‍ പലയിടത്തും 'മാര്‍ഗദര്‍ശനം', 'കാരുണ്യം' തുടങ്ങിയ പ്രയോഗങ്ങള്‍ കാണാവുന്നതാണ്. ഉദാഹരണത്തിന് (2:2, 185, 22:67, 21:107).

മുഹമ്മദ് നബി ﷺ ക്ക്  ക്വുര്‍ആന്‍ അവതരിപ്പിച്ച് കൊടുത്തതിലൂടെ അതിന്റെ ശരിയായ വിവരണവും പ്രയോഗവും കൂടി ആ മഹത് ജീവിതത്തില്‍ നിന്ന് നാം തേടണമെന്നാണ് ക്വുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്. അല്ലാഹു പറയുന്നു:''അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കികൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്''(16:64).

''വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു.) നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും''(16:44)

നബി ﷺ  തന്റെ പ്രവാചകത്വാനന്തരമുള്ള ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ജീവിതത്തിലൂടെ ക്വുര്‍ആനിന്റെ പ്രയോഗികരൂപം സമര്‍പിക്കുകയായിരുന്നു. നബി ﷺ യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം തുടങ്ങി അവിടുത്തെ ജീവിതചര്യയാണ് സുന്നത്ത് എന്നത് കൊണ്ട് സാങ്കേതികമായി അര്‍ഥമാക്കുന്നത്. അത് നബി ﷺ യില്‍ നിന്ന് നേരിട്ട് മനസ്സിലാക്കിയ സ്വഹാബികള്‍ തങ്ങളുടെ ശിഷ്യന്മാര്‍ക്ക് പകര്‍ന്നുകൊടുത്തു; അവര്‍ അവരുടെ ശിഷ്യന്മാരിലേക്കും. അങ്ങനെയാണ് പ്രസ്തുത സുന്നത്തുകള്‍ നമ്മുടെ കൈകളിലേക്ക് സുരക്ഷിതമായി എത്തിച്ചേര്‍ന്നത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരക്ക് 'സനദ്' എന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആശയത്തിന് 'മത്‌ന്' എന്നുമാണ് സാങ്കേതിക ഭാഷ്യം. ഓര്‍മശക്തിയും ഗ്രഹണപാടവവും സത്യസന്ധതയുമെല്ലാം ഒത്തിണങ്ങിയ യോഗ്യന്മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥുകള്‍ക്കെ പണ്ഡിതന്മാര്‍ പ്രാമാണികത കല്‍പിക്കുന്നുള്ളൂ. മറിച്ച് സ്വീകാര്യതയുടെ പ്രസ്തുത യോഗ്യതകളില്‍ വീഴ്ച്ച വരുന്ന, നിവേദകപരമ്പര മുറിഞ്ഞ് പോയതോ ഗ്രഹണപാടവവും ഓര്‍മശക്തിയും കുറഞ്ഞവരോ വ്യാജവാദികളോ മറ്റോ ഉദ്ധരിക്കുന്നതായ ഹദീഥുകളെ അസ്വീകാര്യമായി, ദുര്‍ബല ഹദീഥുകളായി പ്രഖ്യാപിച്ച് മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്.

അത്ഭുതാവഹവും ശാസ്ത്രീയവുമായ ഹദീഥ് നിദാനശാസ്ത്രത്തിന്റെ സൂക്ഷ്മതലങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലാണ്. ഇസ്‌ലാം വിമര്‍ശകരായ ഓറിയന്റലിസ്റ്റുകള്‍ പോലും പ്രസ്തുത യാഥാര്‍ഥ്യം തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 


ഇസ്‌ലാമിന്റെ വ്യതിരിക്തത

ദൈവിക ഗ്രന്ഥമായ പരിശുദ്ധ ക്വുര്‍ആന്‍ അതിന്റെ പ്രായോഗികമാതൃക സുന്നത്തിലൂടെ സമര്‍പ്പിക്കുമ്പോള്‍ ഇസ്‌ലാം മറ്റു മത-പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ദൈവിക വെളിപാടിന്റെ പിന്‍ബലത്തില്‍ എഴുതപ്പെട്ടതെന്ന് അവകാശപ്പെടുന്ന ഇതര മതഗ്രന്ഥങ്ങള്‍ക്കൊന്നും പ്രായോഗിക ജീവിതമാതൃക എടുത്ത് കാണിക്കാനില്ല. എന്നാല്‍ മുഹമ്മദ് നബി ﷺ യുടെ ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ അധ്യാപനങ്ങളും മാതൃകകളും രേഖപ്പെടുത്തിവെക്കപ്പെട്ടിട്ടുണ്ട്. 

പക്ഷേ, ഈ തിരിച്ചറിവുംഅഭിമാനബോധവും ഉണ്ടാകേണ്ടതിന് പകരം ഇസ്‌ലാമിന്റെ ആധികാരികപ്രമാണവും വിശുദ്ധക്വുര്‍ആനിന്റെ പ്രായോഗികവിവരണവുമായ സുന്നത്തിന്റെ കാര്യത്തില്‍ വിമര്‍ശനങ്ങളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നവര്‍ ഇസ്‌ലാമിന്റെ ശത്രുക്കളോ മിത്രങ്ങളോ എന്ന് ആത്മാര്‍ഥമായി ചിന്തിക്കുക.

നബി ﷺ  എന്ത് പറയുന്നു, ചെയ്യുന്നു എന്നൊന്നും നോക്കേണ്ടതില്ല; ക്വുര്‍ആനായി ഓതിത്തരുന്ന വചനങ്ങള്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്നല്ല വിശുദ്ധക്വുര്‍ആന്‍ പറയുന്നത്. അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കിയ, ക്വുര്‍ആനിന്റെ പ്രഥമ സംബോധിതരായ സ്വഹാബത്തും ആ രീതിയല്ല സ്വീകരിച്ചത്. സല്‍സ്വഭാവത്തിന്റെ ഉത്തമമാതൃകയും വഴികാട്ടിയുമായി ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ പ്രവാചകന്റെ ജീവിതമാതൃകകള്‍ ഓരോന്നും സസൂക്ഷ്മം ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു അനുചരന്മാര്‍. 

നബി ﷺ യെക്കുറിച്ച് അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു''(68:4). വിശ്വാസികളോട് അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്...''(33:21) 

കാരണം നബി ﷺ  അല്ലാഹുവില്‍നിന്നുള്ള ദിവ്യബോധനത്തെ (വഹ്‌യ്)യാണ് പിന്‍പറ്റുന്നത്. ''അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.''(53:3,4)

ദിവ്യബോധനങ്ങളെ കൈവിട്ട് സ്വന്തമായി എന്തെങ്കിലും കടത്തിക്കൂട്ടാന്‍ നബി ﷺ ക്ക് പോലും അവകാശമില്ല. ആദ്യകാലത്ത് നമസ്‌കാരവേളയില്‍ ക്വിബ്‌ലയായി (പ്രാര്‍ഥനാ ദിശയായി) ഫലസ്തീനിലെ ബൈതുല്‍ മുക്വദ്ദിസിന്റെ നേര്‍ക്ക് തിരിയുവാനായിരുന്നു നബി ﷺ ക്ക് കിട്ടിയ നിര്‍ദേശം. അതിന്റെ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും വരെയുണ്ടായി. തന്റെ ആദര്‍ശപിതാവിനാല്‍ പടുത്തുയര്‍ത്തപ്പെട്ട മക്കയിലെ വിശുദ്ധ കഅ്ബയിലേക്ക് പ്രാര്‍ഥനവേളയില്‍ തിരിയാനുള്ള ആഗ്രഹം നബി ﷺ ക്കുണ്ടായിരുന്നു. പക്ഷേ, അല്ലാഹുവിന്റെ നിര്‍ദേശം വരുന്നത് വരെ പ്രവാചകന്‍ ﷺ  അപ്രകാരം ചെയ്തില്ല എന്ന ചരിത്രയാഥാര്‍ഥ്യം അതിനൊരു ഉദാഹരണം മാത്രമാണ്. പ്രസ്തുത വിഷയകമായി അല്ലാഹു പറയുന്നത് കാണുക:

 ''(നബിയേ) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ക്വിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖംതിരിക്കേണ്ടത്. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല'' (2:144).

അങ്ങനെ നബി ﷺ  നിര്‍വഹിച്ച ആ മഹത്തായ ദൗത്യത്തിന് അല്ലാഹുവിന്റെ അംഗീകാരവും തൃപ്തിയും ലഭിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: ''അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്റെ പാതയിലേക്ക്. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്'' (42:52,53).

അത് സമ്പൂര്‍ണമാണ്. അല്ലാഹു തൃപ്തിപ്പെട്ടതുമാണ്. ''ഇന്നേ ദിവസം ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തീകരിച്ച് തരികയും എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തരികയും ചെയ്തിരിക്കുന്നു''(5:3).


സുന്നത്ത് നിഷേധി ഇസ്‌ലാമിന്റെ ശത്രു

ക്വുര്‍ആനിന്റെ വചനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കൂടുതല്‍ കൂടുതല്‍ തെളിച്ചവും വെളിച്ചവും നല്‍കുന്ന പ്രവാചകചര്യ (സുന്നത്ത്) കയ്യൊഴിക്കണമെന്ന് പറയുന്നവര്‍ ക്വുര്‍ആനിന്റെ അനുയായിയല്ല ശത്രുവാണ്, എന്ന് മനസ്സിലാക്കണമെങ്കില്‍ ക്വുര്‍ആന്‍ തന്നെ മനസ്സിരുത്തി അര്‍ഥം ഗ്രഹിച്ച് ഒരാവര്‍ത്തി വായിച്ചു നോക്കിയാല്‍ മതി. കാരണം ക്വുര്‍ആന്‍ പഠിപ്പിക്കുന്നത് നബി ﷺ യെ പിന്‍പറ്റാനാണ്. അല്ലാഹുവിനോടൊപ്പം റസൂലിനെയും അനുസരിക്കാന്‍ നിരവധി സൂക്തങ്ങളിലൂടെ ക്വുര്‍ആന്‍ ആവശ്യപ്പെടുന്നു: ''ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!'' (4:69). 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുക...'' (8:20). 

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു'' (33:36). 

''...നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക...'' (59:7). 

മുഹമ്മദ് നബി ﷺ യുടെ വിധിവിലക്കുകളെയും അധ്യാപനങ്ങളെയും അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്യാത്തവര്‍ യഥാര്‍ഥ വിശ്വാസികളല്ലെന്നും ക്വുര്‍ആന്‍ ഉണര്‍ത്തുന്നു: ''ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല'' (4:65).

മുഹമ്മദ് നബി ﷺ യെ അനുസരിക്കല്‍ വാസ്തവത്തില്‍ അല്ലാഹുവിനോടുള്ള അനുസരണമാണ്. കാരണം അല്ലാഹുവാണ് അദേഹത്തെ പ്രവാചകനായി അയച്ചത്. ആ പ്രവാചകനെ ധിക്കരിക്കല്‍ അല്ലാഹുവിനെ ധിക്കരിക്കലുമാണ് അല്ലാഹു പറയുന്നു: ''(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല'' (4:80).

''തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്'' (48:10).

സുന്നത്തിനെ കയ്യൊഴിക്കുന്നവര്‍ക്ക് ക്വുര്‍ആന്‍ ഉദ്ധരിക്കാനുള്ള ധാര്‍മികാവകാശം പോലുമില്ല. കാരണം, ക്വുര്‍ആന്‍ ഇന്ന് കാണുന്ന ക്രമത്തില്‍ ക്രോഡീകരിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തത് നബി ﷺ യുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ്. ക്വുര്‍ആനിന്റെ അവതരണക്രമത്തിലല്ല ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് സാരം. ആദ്യമവതരിപ്പിച്ച സൂക്തങ്ങള്‍ 96-ാം അധ്യായത്തിലാണുള്ളത്. അല്ലാഹുവില്‍ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തില്‍ നബി ﷺ  നിര്‍ദേശിച്ചത് പ്രകാരം സ്വഹാബത്ത് അപ്രകാരം രേഖപ്പെടുത്തി എന്നാണ് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നതും മുസ്‌ലിംകള്‍ വിശ്വസിക്കുന്നതും. എന്നാല്‍ 'സുന്നത്ത് വേണ്ട, ക്വുര്‍ആന്‍ മതി' എന്ന് പറയുന്നവര്‍ക്ക് ഈ കാര്യം എങ്ങനെ സ്വീകാര്യമാവും? ക്വുര്‍ആനിലെവിടെയും ഇന്ന അധ്യായത്തിന് ശേഷം ഈ അധ്യായം എന്ന ക്രമം വിശദീകരിക്കുന്നില്ലല്ലൊ. വിരോധാഭാസമെന്നു പറയട്ടെ, എന്നിട്ടും സുന്നത്ത്‌നിഷേധികള്‍ ഇത്രാമത്തെ അധ്യായത്തിലെ ഇത്രാമത്തെ സൂക്തമെന്നൊക്കെ പറയുകയും എഴുതുകയും ചെയ്യാറുണ്ട്. 

സുന്നത്തിന്റെ അഭാവത്തില്‍ ആചാരാനുഷ്ഠാനങ്ങളിലും നിര്‍ബന്ധമായ ആരാധനകര്‍മങ്ങളില്‍ പോലും ഒരു ഏകഭാവമുണ്ടാവില്ല. അല്ലാഹു അംഗീകരിച്ചതും തൃപ്തിപ്പെട്ടതുമായ സുന്നത്തും അവന്‍ വെറുക്കുന്നതും അംഗീകരിക്കാത്തതുമായ ബിദ്അത്തുകളും വേര്‍തിരിച്ചറിയാന്‍ കഴിയാതെ വരും. തന്നിഷ്ടപ്രകാരം ആചാരാനുഷ്ഠാനങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് ആളുകളെ നയിക്കലായിരിക്കും

 

സുന്നത്ത് നിഷേധത്തിന്റെ മറ്റൊരു അനന്തരഫലം. 

ഒരു വിശ്വാസി മറ്റുള്ളവരോട് എങ്ങനെയെല്ലാം പെരുമാറണമെന്നും എന്തെല്ലാം കടമകളും കടപ്പാടുകളും അവനുണ്ട് എന്നും വ്യക്തമായി വിശദീകരിക്കുന്നതും നബി ﷺ യുടെ ജീവിതമാതൃകയായ സുന്നത്തിലൂടെയാണ്. നബി ﷺ യുടെ ശരിയായ ജീവിതചര്യകള്‍ പഠിക്കുന്ന ആര്‍ക്കും അവയുടെ വെളിച്ചവും മഹത്ത്വവും ബോധ്യപ്പെടുന്നതാണ്. എന്നാല്‍ ഇവയൊക്കെ മാറ്റി നിര്‍ത്തിക്കൊണ്ട് ക്വുര്‍ആന്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്ന പുത്തന്‍വാദം ക്വുര്‍ആനിനെ അവഗണിക്കലാണ്. ദൈവിക മാര്‍ഗദര്‍ശനത്തില്‍ നിന്ന് ജനങ്ങളെ തടയുന്ന പൈശാചിക ശ്രമമാണത് എന്ന കാര്യം വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്. 

ക്വുര്‍ആനില്‍ എല്ലാമുണ്ടല്ലോ പിന്നെയെന്തിനാണ് സുന്നത്ത് എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നവരോട് നമുക്ക് പറയാനുള്ളതിതാണ്. അതെ, ക്വുര്‍ആനിലെല്ലാമുണ്ട്. അതില്‍പെട്ടതാണ്, ക്വുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയ പ്രവാചക മാതൃക(സുന്നത്ത്) സ്വീകരിക്കുക എന്ന കണിശമായ നിര്‍ദേശവും. 

ക്വുര്‍ആനിന്റെ വിവരണവും പ്രായോഗികരൂപവുമാണ് സുന്നത്ത്. അവ രണ്ടും പരസ്പര പൂരകങ്ങളാണ്. അവ രണ്ടും മുറുകെ പിടിച്ച് ജീവിക്കുവാനാണ് വിശ്വാസികളോട് അല്ലാഹും റസൂലും പഠിപ്പിച്ചത്. ക്വുര്‍ആനിന്റെ പ്രഥമ സംബോധിതരും അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കിയവരുമായ സ്വഹാബത്ത് അടക്കമുള്ള പൂര്‍വികര്‍ ക്വുര്‍ആനോടൊപ്പം സുന്നത്തും സ്വീകരിക്കുകയും അതിന്റെ പഠനത്തിനും പ്രചാരണത്തിനുമായി അതുല്യമായ സേവനങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെയെല്ലാം പാതയ്ക്കു വിരുദ്ധമായി സുന്നത്ത് കയ്യൊഴിക്കണമെന്ന നൂതനവാദം ഇസ്‌ലാമിന്റെ ശത്രുക്കളുടെ സൃഷ്ടിയാണ്. അതിനാല്‍ അത്തരം വഴികേടുകള്‍ക്കെതിരില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ!