പ്രവാചകന്മാരും മുഅ്ജിസത്തുകളും

ഹുസൈന്‍ സലഫി, ഷാര്‍ജ 

2017 ഏപ്രില്‍ 08 1438 റജബ് 11

അല്ലാഹു പ്രവാചകന്മാരെ മനുഷ്യരിലേക്ക് അയച്ചപ്പോഴൊക്കെയും ഒരു വിഭാഗം ജനങ്ങള്‍ അവരെ അവിശ്വസിക്കുകയും നിഷേധിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഈ സന്ദര്‍ഭത്തില്‍ നിഷേധികള്‍ക്ക് ഇവര്‍ അല്ലാഹുവിന്റെ ദൂതന്മാര്‍ തന്നെയാണെന്ന് തെളിയിക്കാനായി അല്ലാഹു അവരിലൂടെ പ്രകടമാക്കുന്ന, ഒരു സൃഷ്ടിക്കും ചെയ്യാന്‍ കഴിയാത്തതും അല്ലാഹുവിനു മാത്രം ചെയ്യാന്‍ കഴിയുന്നതുമായ കാര്യങ്ങളാണ് മുഅ്ജിസത്തുകള്‍. നബിമാരിലൂടെ അല്ലാഹു പ്രകടമാക്കിയ ധാരാളം മുഅ്ജിസത്തുകള്‍ പ്രമാണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തില്‍ അല്ലാഹു പ്രകടമാക്കിയ മുഅ്ജിസത്തിന് ഉദാഹരണം കാണുക: നബിയും സ്വഹാബിമാരും ഒരു യാത്രയിലാണ്. കുടിക്കാനും കുളിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും വെള്ളം ഇല്ലാതെ വന്നപ്പോള്‍ അവരോട് നബി(സ്വ) ഉള്ള വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ആ പാത്രത്തില്‍ അവിടുത്തെ കൈ വെച്ചു. പാത്രത്തിലെ വെള്ളം അധികരിച്ചു. സ്വഹാബിമാര്‍ അവരുടെ എല്ലാ ആവശ്യങ്ങളും നിര്‍വഹിച്ചിട്ടും വെള്ളം ബാക്കിയായി.

മറ്റൊരിക്കല്‍ ഭക്ഷണമില്ലാതിരുന്നപ്പോള്‍ അവിടുന്ന് സ്വഹാബിമാരോട് ഉള്ള ഭക്ഷണം കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും അവിടുത്തെ കൈ ഭക്ഷണത്തില്‍ വെക്കുകയും ചെയ്തപ്പോള്‍ അതില്‍ വര്‍ധനവുണ്ടായതും കാണാം. എന്നാല്‍ ഇതെല്ലാം കണ്ടും അറിഞ്ഞും മനസ്സിലാക്കിയ നബി(സ്വ) വെള്ളമോ ഭക്ഷണമോ ഇല്ലാത്ത സന്ദര്‍ഭത്തില്‍ ഇപ്രകാരം ചെയ്യുകയോ, നബിയോട് ഇപ്രകാരം ചെയ്യാന്‍ അനുചരന്മാര്‍ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. കാരണം, അവര്‍ക്കറിയാം ഇത് നബി(സ്വ)യുടെ ഇഷ്ടപ്രകാരം അവിടുത്തേക്ക് ചെയ്യാന്‍ കഴിയുന്നതല്ല. മുഅ്ജിസത്ത് റസൂല്‍(സ്വ)യുടെ കഴിവായിരുന്നെങ്കില്‍ ശത്രുക്കള്‍ നബിയെയും അനുയായികളെയും ഉപരോധിച്ചപ്പോള്‍ അവര്‍ ശഅ്ബ് അബീത്വാലിബ് മലയില്‍ അഭയം തേടുകയും പച്ചിലയും വെള്ളവും കുടിച്ച് മാസങ്ങളോളം ജീവക്കേണ്ടി വരികയും ചെയ്യുമായിരുന്നില്ല.

അഹ്‌സാബ്(ഖന്തക്വ്) യുദ്ധത്തില്‍ വിശന്ന് അവശരായപ്പോള്‍ സ്വഹാബിമാര്‍ ഒരു കല്ല് വയറില്‍ വെച്ച് കിടങ്ങ് കുഴിക്കുമ്പോള്‍ നബി(സ്വ) രണ്ട് കല്ല് വെച്ച് കെട്ടിയാണ് കിടങ്ങ് കുഴിച്ചത്.

പ്രവാചകന്മാരോട് (വിശിഷ്യാ മുഹമ്മദ്(സ്വ)യോട്) സഹായം തേടാന്‍ ചിലര്‍ പറയുന്ന ന്യായം അദ്ദേഹത്തിന് മുഅ്ജിസത്തുണ്ട് എന്നതാണ്. നബിമാരിലൂടെ മുഅ്ജിസത്ത് പ്രകടമാകുന്നത് അവരോട് തേടാനല്ല, മുഅ്ജിസത്തിന്റെ ഉടമയായ അല്ലാഹുവിനോട് തേടാനാണ് പ്രചോദനം നല്‍കുന്നത്. പ്രവാചകന്മാരുടെ അനുയായികള്‍ പ്രവാചകന്മാരില്‍ മുഅ്ജിസത്ത് കണ്ടപ്പോള്‍ അവരുടെ തൗഹീദ് ദൃഢമാവുകയായിരുന്നു. സ്വഹാബിമാര്‍ ആരും ക്ഷാമകാലത്ത് അദ്ദേഹത്തോട് 'നബിയേ ഭക്ഷണം ഇല്ല, ഭക്ഷണം നല്‍കണേ' എന്നോ വരള്‍ച്ചയുടെ സമയത്ത് 'നബിയേ വെള്ളം തരണേ' എന്നോ ചോദിച്ചില്ല. മറിച്ച് അവര്‍ ജീവിച്ചിരിപ്പുള്ള നബിയുടെ മുന്നില്‍ വന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ചെയ്തിരുന്നത്. നബി(സ്വ) കേള്‍ക്കാത്ത, അറിയാത്ത ദൂരത്തുനിന്ന് അവര്‍ നബിയെ വിളിച്ചിട്ടുമില്ല. ഇതാണ് അഹ്‌ലുസ്സുന്നയുടെ വഴി.

മൂസാ(അ)ന്റെ കയ്യിലൂണ്ടായിരുന്ന വടി കൊണ്ട് സമുദ്രത്തിലടിച്ചപ്പോള്‍ സമുദ്രം പിളര്‍ന്നതു നമുക്കെല്ലാവര്‍ക്കുമറിയാം. ഇതുപോലെ ഓരോ പ്രവാചകനും വ്യത്യസ്ത മുഅ്ജിസത്തുകളായിരുന്നു അല്ലാഹു നല്‍കിയിരുന്നത്. ഇതൊന്നും അവരല്ല ചെയ്തിരുന്നത.് പിന്നെ ആരാണ്? അല്ലാഹു! പ്രവാചകന്മാര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ല. അവര്‍ക്കുപോലും അറിയില്ല എന്ത് സംഭവിക്കുമെന്ന്. അല്ലാഹു വഹ്‌യ് നല്‍കും, നബിമാര്‍ കല്‍പിക്കപ്പെടുന്നത് പോലെ ചെയ്യും. അവരിലൂടെ അല്ലാഹു ഉദ്ദേശിച്ചത് പ്രകടമാക്കുകയും ചെയ്യും. മൂസാ(അ) സമുദ്രത്തിലടിക്കുമ്പോള്‍ അദ്ദേഹത്തിന് അറിയില്ല അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന്. കാരണം അദ്ദേഹത്തിന് അതില്‍ യാതൊരു പങ്കുമില്ലായിരുന്നു. നബി(സ്വ)യുടെ ഏറ്റവും വലിയ മുഅ്ജിസത്ത് വിശുദ്ധ ക്വുര്‍ആനാണ്. അതില്‍ നബി(സ്വ)ക്ക് എന്ത് പങ്കാണുള്ളത്? ഒരു അക്ഷരം പോലും അദ്ദേഹത്തിന്റെ സ്വന്തം വകയായി അതില്‍ ഇല്ല. മുഅ്ജിസത്ത് എല്ലാം അല്ലാഹുവിന്റെതാണ്. അതിനാല്‍ മുഅ്ജിസത്ത് നല്‍കപ്പെടുന്നവരോടല്ല; മുഅ്ജിസത്ത് നല്‍കുന്നവനായ അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിക്കേണ്ടത്, സഹായം തേടേണ്ടത്.

പ്രവാചകന്മാരും അദൃശ്യകാര്യങ്ങളും

അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രമാണെന്ന് ക്വുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ കാണാം. അത് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. സൃഷ്ടികളില്‍ ഒരാള്‍ക്കും അദൃശ്യം അറിയില്ല. എന്നാല്‍ പ്രവാചകന്മാര്‍ ചിലപ്പോള്‍ അദൃശ്യകാര്യങ്ങള്‍ അറിയാറുണ്ട്. അതും അവര്‍ സ്വന്തം അറിയുന്നതല്ല, അല്ലാഹു വഹ്‌യിലൂടെ അറിയിക്കുന്നതാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

''അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതനുമല്ലാതെ..''(72:26,27).

ഈ വചനം അറിയിക്കുന്നത് അദൃശ്യജ്ഞാനം അല്ലാഹുവിനു മാത്രമെ അറിയൂ, പ്രവാചകന്മാര്‍ അദൃശ്യത്തില്‍ നിന്ന് വല്ലതും പറയുന്നുണ്ടെങ്കില്‍ അത് അല്ലാഹു അറിയിച്ചുകൊടുക്കുന്നത് മാത്രമാണ് എന്നാണ്. അതിനാല്‍ പ്രവാചകന്മാര്‍ ജനങ്ങളോട് പറഞ്ഞത് ഞങ്ങള്‍ക്ക് അദൃശ്യം അറിയില്ലെന്നാണ്. നൂഹ് (അ) പറഞ്ഞത് കാണുക:

''അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യമറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണെന്ന് പറയുന്നുമില്ല...''(11:31).

നബി(സ്വ)ക്കും അദൃശ്യമറിയില്ലെന്ന് തന്നെയാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. നബിയോട് അല്ലാഹു പറയുവാനായി കല്‍പിക്കുന്നത് കാണുക:

''പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണെന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല'' (6:50).

അല്ലാഹു അല്ലാത്തവര്‍ (പ്രവാചകന്മാര്‍ പോലും) അദൃശ്യജ്ഞാനം അറിയില്ലെന്ന് പറയുമ്പോള്‍ തല്‍പരകക്ഷികള്‍ ഈ ആയത്തുകളെ ദുര്‍വ്യാഖ്യാനിക്കുന്നത് അവരുടെ കൃതികളില്‍ നിന്ന് ഇപ്രകാരം വായിക്കാം. അവര്‍ എഴുതുന്നു: ''അല്ലാഹുവിന്റെ ഖജാന എന്റെ പക്കലുണ്ട്. പക്ഷേ, ഞാനത് നിങ്ങളോട് പറയുന്നില്ല. അല്ലാഹു എനിക്ക് അദൃശ്യജ്ഞാനം തന്നിട്ടുണ്ട്. പക്ഷേ, അത് ഞാന്‍ നിങ്ങളോട് പറയുന്നില്ല. വലിയത് പറഞ്ഞ് പൊങ്ങച്ചം കാണിക്കുന്നില്ലെന്നര്‍ഥം. ഇതല്ലേ മൗലവി സാഹിബേ ഒന്നാം പ്രമാണം പറഞ്ഞത്?'' (കൊട്ടപ്പുറം സുന്നി-മുജാഹിദ് സംവാദം, പേജ് 62).

നോക്കൂ, എന്തൊരു ദുര്‍വ്യഖ്യാനം! നബിമാര്‍ക്ക് അദൃശ്യജ്ഞാനം അറിയില്ലെന്നല്ലേ മേല്‍സൂക്തങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ആദം(അ)യെയും ഹവ്വ(റ)യെയും സ്വര്‍ഗത്തില്‍ നിന്ന് ഇബ്‌ലീസ് വഞ്ചിച്ച് പുറത്താക്കിയില്ലേ? അവര്‍ക്ക് അദൃശ്യം അറിയുമായിരുന്നെങ്കില്‍ വഞ്ചനയില്‍ പെടുമായിരുന്നോ? ഇബ്‌റാഹീം(അ), ലൂത്വ്(അ) എന്നിവരുടെ അടുത്ത് മലക്കുകള്‍ മനുഷ്യ രൂപത്തില്‍ വന്നപ്പോള്‍ അവര്‍ക്കത് മനസ്സിലാക്കാന്‍ സാധിച്ചില്ല. കാരണം അവര്‍ക്ക് അദൃശ്യമറിയില്ലായിരുന്നു. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍. (ഇന്‍ശാ അല്ലാഹ്, പ്രവാചകന്മാരുടെ ചരിത്രം വിവരിക്കുന്നിടത്ത് ഇക്കാര്യങ്ങള്‍ വിശദമാക്കാം). നബി(സ്വ)ക്ക് അദൃശ്യജ്ഞാനം അറിയില്ലെന്നതിലേക്ക് വെളിച്ചം നല്‍കുന്ന ഒരു നബിവചനം കാണുക:

ഉമ്മുസലമ(റ)ല്‍ നിന്ന്. പ്രവാചകന്‍(സ്വ) പറഞ്ഞു: ''നിശ്ചയം ഞാനൊരു മനുഷ്യനാണ്. നിങ്ങള്‍ എന്നെ ന്യായവാദങ്ങളുമായി സമീപിക്കുന്നു. നിങ്ങളില്‍ ചിലര്‍ മറ്റുള്ളവരെക്കാള്‍ ന്യായവാദങ്ങള്‍ സ്ഥാപിക്കുന്നതില്‍ സമര്‍ഥനായിരിക്കും. അങ്ങനെ ഞാന്‍ കേള്‍ക്കുന്നതനുസരിച്ച് അയാള്‍ക്കനുകൂലമായി വിധിക്കും. ഇപ്രകാരം ഞാന്‍ (ശരിക്കും മനസ്സിലാക്കാന്‍ കഴിയാതെ) ഒരാള്‍ക്ക് തന്റെ സഹോദരന്റെ അവകാശം വിധിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ ഞാന്‍ അവന് നരകത്തിന്റെ ഒരു വിഹിതമാണ് വീതിച്ചു നല്‍കിയത്'' (ബുഖാരി 7169, മുസ്‌ലിം 1713).

നബി(സ്വ)ക്ക് അദൃശ്യമറിയും എന്ന് പറയുന്നവന്‍ കളവാണ് പറയുന്നതെന്നാണ് ആഇശ(റ) പറയുന്നത്.

ആഇശ(റ)യില്‍ നിന്ന്. അവര്‍ പറഞ്ഞു: ''ആരെങ്കിലും നിന്നോട് നബി(സ്വ) നാളത്തെ കാര്യങ്ങളറിയും എന്ന് പറഞ്ഞാല്‍ (നീ മനസ്സിലാക്കണം) തീര്‍ച്ചയായും അവന്‍ കളവാണ് പറഞ്ഞത.് അല്ലാഹു പറയുന്നു: നബിയേ പറയുക ആകാശ ഭൂമികളില്‍ അദൃശ്യമറിയുന്നവന്‍ അല്ലാഹുവല്ലാതെ ഒരാളുമില്ല'' ( ബുഖാരി).

പ്രവാചകന്മാര്‍ സല്‍സ്വഭാവികള്‍

അല്ലാഹു ആരെയാണോ പ്രവാചകനായി തെരഞ്ഞടുക്കാന്‍ ഉദ്ദേശിക്കുന്നത് അവരെ അവന്‍ നല്ല സ്വഭാവത്തിന്റെ വക്താക്കളാക്കിയിരുന്നു. അവര്‍ക്ക് നുബുവ്വത്ത് ലഭിക്കുന്നതിന് മുമ്പ് ജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. കാരണം അവര്‍ കളവ് പറയാറില്ലായിരുന്നു. നബി(സ്വ)യുടെ സ്വഭാവത്തെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക: 'തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു'(68:4).

നബി(സ്വ)യുടെ സ്വഭാവം ശത്രുക്കളെ പോലും ആകര്‍ഷിക്കുന്നതായിരുന്നു. സ്വഫ്‌വാനുബ്‌നു ഉമയ്യഃ(റ) പറയുന്നത് കാണുക:

''അല്ലാഹുവാണ് സത്യം! റസൂല്‍(സ്വ) എനിക്ക് ധാരാളം നല്‍കി. അദ്ദേഹം എനിക്ക് ഏറെ കോപമുള്ളവനായിരുന്നു. അദ്ദേഹം എനിക്ക് പിന്നെയും നല്‍കിക്കൊണ്ടിരുന്നു. അങ്ങനെ അദ്ദേഹം എനിക്ക് ഏറെ പ്രിയങ്കരനായിത്തീര്‍ന്നു'' (മുസ്‌ലിം). സ്വഫ്‌വാന്‍(റ) ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് നബി(സ്വ)യോട് അങ്ങേയറ്റത്തെ ദേഷ്യം വെച്ച് നടക്കുന്നയാളായിരുന്നു. എന്നാല്‍ അദ്ദേഹത്തെ നബിയുടെ സ്വഭാവഗുണങ്ങള്‍ ആകര്‍ഷിക്കുകയും തല്‍ഫലമായി അദ്ദേഹം ഇസ്‌ലാമിലേക്ക് വരികയുമായിരുന്നു.