മതേതരത്വത്തിന് കത്തി വെക്കുന്ന 'സെന്‍കഥകള്‍'

പി.വി.എ പ്രിംറോസ് 

2017 ജൂലായ് 15 1438 ശവ്വാല്‍ 21

മുല്ലാക്കഥകള്‍, ബുദ്ധ കഥകള്‍, സൂഫീ കഥകള്‍ എന്നിവയയെല്ലാം പോലെഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് സെന്‍കഥകള്‍. നൈമിഷിക ചിരികള്‍ക്കപ്പുറം അനന്തമായ ചിന്തകളാണ് ഇത്തരം കഥകളെല്ലാം മനുഷ്യജീവിതത്തില്‍ ബാക്കിവെക്കുന്നതെങ്കില്‍ വിഡ്ഢിത്തത്തിന്റെ ആധിക്യം കൊണ്ട് പൊട്ടിച്ചിരിക്കാനും സംഘി ബുദ്ധിയെ കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കാനുമുതകുന്നതാണ് കാക്കിക്കുപ്പായമഴിച്ചു വെച്ച് കാവിക്കളസം ധരിച്ച സെന്‍കുമാറിന്റെ നിറം പിടിപ്പിച്ച പുതിയ വര്‍ഗീയ കഥകള്‍.

കേരളത്തില്‍ ജനിക്കുന്ന നൂറില്‍ 42 കുട്ടികള്‍ ജനസംഖ്യയില്‍ 27 ശതമാനം മാത്രമുള്ള മുസ്‌ലിംകളുടേതാണെന്നും 54 ശതമാനം വരുന്ന ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെ മാത്രമേയുള്ളൂവെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും 'സമകാലിക മലയാളം' വാരികയുടെ ഓണ്‍ലൈന്‍ പതിപ്പിലൂടെ ടി.പി സെന്‍കുമാര്‍ ആരോപിച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെ ലൗ ജിഹാദ് എന്ന പേരില്‍ പ്രണയം നടിച്ച് ഇസ്‌ലാമിലേക്ക് വ്യാപകമായ രീതിയില്‍ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ കേരളീയ ജനസംഖ്യയില്‍ സമീപഭാവിയില്‍ വരാവുന്ന മാറ്റം ആശങ്കാജനകമാണെന്നുമാണ് അദ്ദേഹം അഭിമുഖത്തിലും അതിന് നല്‍കിയ വിശദീകരണത്തിലും ആവര്‍ത്തിക്കുന്നത്.

ജൂതന്മാരെ നിഷ്‌കാസനം ചെയ്യാന്‍ ഹിറ്റ്‌ലര്‍ ജര്‍മന്‍ ജനതയെ ഭയപ്പെടുത്തിയതും ഫലസ്തീന്‍ കൈവശപ്പെടുത്താന്‍ ഇസ്രായേല്‍ ചെയ്തതുമെല്ലാം ഇത്തരം ഊതി വീര്‍പ്പിച്ച കണക്കുകളായിരുന്നു എന്നതാണ് വാസ്തവം.

2011ലെ ജാതി സെന്‍സസ് പ്രകാരം കേരള ജനസംഖ്യയില്‍ 1,60,27,412 പുരുഷന്‍മാരും 1,73,78,649 സ്ത്രീകളുമടക്കം 3,34,06,061 പേരടങ്ങിയ 1,82,82,492 പേര്‍ ഹിന്ദുക്കളാണ്. 41,76,255 പുരുഷന്‍മാമാരും 46,97,217 സ്ത്രീകളുമടക്കം 88,73,472 വരുന്ന മുസ്‌ലിംകളാവട്ടെ വെറും 26.56% മാത്രമേ വരുന്നുള്ളൂ. മതംമാറ്റത്തിന്റെയും ലൗ ജിഹാദിന്റെയും ഇല്ലാക്കഥകള്‍ പറഞ്ഞ് ഈ അക്കപ്പെരുക്കങ്ങളിലൂടെ മതേതരമനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തിവെക്കുന്നത് ഏത് ഉന്നത സ്ഥാനീയനായാലും ന്യായീകരിക്കത്തക്കതല്ല. 

ഡി.ജി.പി നിയമനത്തെ ചൊല്ലി നടന്ന വിവാദ സമയത്ത് സെന്‍കുമാറിന്റെ സംഘി ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരോക്ഷ പ്രയോഗങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് സെന്‍കുമാറിന്റെ വര്‍ഗീയ പരാമര്‍ശങ്ങളും ആര്‍.എസ്.എസ് യോഗങ്ങളിലെ അദ്ദേഹത്തിന്റെ സ്ഥിര സാന്നിധ്യവുമെല്ലാം അടയാളപ്പെടുത്തുന്നത്. 

ലൗ ജിഹാദ്: പഴകിപ്പുളിച്ച പ്രണയ കഥ

പഠന-മനനങ്ങളെ ആധാരമാക്കി രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന മതം മാറ്റങ്ങളെ തടയിടാനായി, സംഘ്പരിവാര്‍ തിരക്കഥയെഴുതി കൃസ്ത്യന്‍ സംഘടനകള്‍ ഓശാന പാടി വളരെ ആസൂത്രിതമായി തുടക്കം കുറിച്ച ഗൂഢാലോചനയുടെ ഫലമായാണ് 'ലൗ ജിഹാദ്' എന്ന സംഞ്ജ കേരളത്തില്‍ ഉടലെടുത്തത്. എന്നാല്‍ അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസിന്റെ സത്യസന്ധമായ ഇടപെടലുകള്‍ കൊണ്ടും കോടതിയുടെ പക്വമായ സമീപനം കൊണ്ടും ഫയല്‍ ചുരുട്ടി മാളത്തിലൊളിച്ച അന്നത്തെ വര്‍ഗീയവാദികള്‍ക്ക് തല പൊക്കാനുള്ള അവസരം നല്‍കുകയാണ് സെന്‍കുമാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. 

2009 സെപ്തംബറിലാണ് പ്രണയം നടിച്ച് മതംമാറ്റിയെന്നതിന് ഷെഹന്‍ഷ, സിറാജുദ്ദീന്‍ എന്നിവര്‍ക്കെതിരെ ജസ്റ്റിസ് ശങ്കരന്റെ ബെഞ്ചില്‍ കേസ് വരുന്നത്. പ്രസ്തുത വിഷയത്തില്‍ നടക്കുന്ന സംഘടിതശ്രമങ്ങളെ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഡിജിപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കോടതി മൂന്നാഴ്ച സമയം നല്‍കി ഉത്തരവിട്ടു. ഒക്‌ടോബര്‍ 22ന് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമൃഷ്ട അജണ്ടയുള്ള ഒരു സംഘടനയും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഈ രംഗത്ത് സംഘടിതമുന്നേറ്റങ്ങളൊന്നും നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് കോടതി, സംശയത്തിന്റെ ആനുകൂല്യം നല്‍കി പഠിക്കാനും വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെടുകയും, കോടതിയുടെ എട്ട് ചോദ്യങ്ങള്‍ക്കടക്കം വിശദമായ മറുപടി നംവംബര്‍ 9ന് ഡിജിപി  രണ്ടാമത് നല്‍കുകയുമുണ്ടായി. ഇത് കൂടാതെ നേരത്തെ കോടതി ആവശ്യപ്പെട്ട പ്രകാരം ഡിസംബര്‍ ഒന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നു. കേരളത്തിലോ ഇതര സംസ്ഥാനങ്ങളിലോ ഇത്തരത്തിലുള്ള ഒരൊറ്റ കേസും നിലനില്‍ക്കുന്നില്ല എന്നതായിരുന്നു കേന്ദ്രറിപ്പോര്‍ട്ടിന്റെയും സംക്ഷിപ്തം.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം നിലനില്‍ക്കെ, കേരളത്തില്‍ നാലായിരം പേര്‍ പ്രണയത്തിന്റെ പേരില്‍ മതംമാറിയിട്ടുണ്ടെന്നും അതില്‍ 2800 കേസുകളില്‍ പെണ്‍കുട്ടികളെയാണ് മതംമാറ്റിയതെന്നുമുള്ള ജസ്റ്റിസ് ശങ്കരന്റെ കോടതി പരാമര്‍ശം വിവാദമായി. എന്നാല്‍, ഹൈക്കോടതി ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ മുന്‍ കോടതിവിധി സ്റ്റേ ചെയ്യുകയും കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തതോടെയാണ് പ്രണയ മതംമാറ്റവുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയുടെ ഭാഗത്തു നിന്നുള്ള ഇടപെടലുകള്‍ക്ക് വിരാമമായത്.

പ്രണയ മതംമാറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയിലെത്തി കൃത്യം ഒരു മാസത്തിനകം തന്നെ കാത്തോലിക് ബിഷപ്പ് കൗണ്‍സിലിന്റെ സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ജോണി കൊച്ചുപറമ്പിലിന്റേതായി 'പ്രണയമത തീവ്രവാദം; മാതാപിതാക്കള്‍ ജാഗരൂഗരാകണം' എന്ന തലക്കെട്ടില്‍ ഒരു ജാഗ്രതാ നോട്ടീസ് പുറത്തിറങ്ങി. 2005 മുതല്‍ കേരളത്തില്‍ നാലായിരത്തിലേറെ പെണ്‍കുട്ടികള്‍ പ്രണയത്തില്‍ കുടുങ്ങി മതം മാറിയിട്ടുണ്ടെന്നും, മംഗലാപുരത്തെ ഒരു നഴ്‌സിംഗ് വിദ്യാര്‍ഥിനിയിലൂടെയാണ് ഇതിന് തുടക്കം കുറിച്ചതെന്നും, ഇങ്ങനെ മതം മാറുന്നവര്‍ക്കായി ബൈക്കും മൊബൈല്‍ഫോണും മുതല്‍ പരീക്ഷാ ഫീസ് വരെ നല്‍കുന്നുണ്ടെന്നും, വിനോദയാത്രയുടെ പേരു പറഞ്ഞ് റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് അശ്ലീല സിഡിയാക്കി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുണ്ടെന്നും, അവസാനം പെണ്‍വാണിഭക്കാര്‍ക്ക് കൈമാറിയോ യതീംഖാനയിലെ വേലക്കാരിയാക്കിയോ കയ്യൊഴിയുന്നുവെന്നും തുടങ്ങി പൈങ്കിളി നിലവാരത്തിലുള്ള കഥകളാണ് പ്രസ്തുത നോട്ടീസിലുള്ളത്. സംഘ്പരിവാര്‍ ഒരു പടികൂടി കടന്ന് പ്രണയത്തിലൂടെ മതം മാറിയ നാലായിരത്തോളം പേര്‍ അതിര്‍ത്തികടന്ന് പാക്കിസ്ഥാനിലേക്ക് പോയെന്നും അവിടെ തീവ്രവാദ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും വരെ പറഞ്ഞുവെച്ചു. ഐസിസില്‍ ചേരാന്‍ അഫ്ഗാനിലേക്ക് പോകാനാണ് ലൗ ജിഹാദ് നടത്തി മതം മാറുന്നതെന്നുള്ള സെന്‍കുമാറിന്റെ പരാമര്‍ശം പോലെ തന്നെ തമാശക്ക് വക നല്‍കുന്നവയായിരുന്നു അന്നത്തെ ആരോപണങ്ങളും.

തൊട്ടാല്‍ പൊട്ടുന്ന നിരവധി സംഭവ വികാസങ്ങളിലൂടെ കേരളം കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴും വളരെയധികം സമചിത്തതയോടെയും ക്രാന്തദര്‍ശിത്വത്തോടെയും പ്രതികരിച്ച പക്വതയുള്ള മത നേതാക്കന്മാരുടെ നടപടിയില്‍ അരിശം പൂണ്ട വര്‍ഗീയശക്തികളുടെ ഗീര്‍വാണങ്ങളായി മാത്രം ഒതുങ്ങിയിരുന്ന ഈ വിഷയം സമൂഹത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കൂടി ഏറ്റുപിടിച്ചതിലൂടെയാണ് പൊതുസമൂഹം അന്ന് ഇത് ചര്‍ച്ചയാക്കുന്നത്. സംഘ്പരിവാര്‍ സഹശയനക്കാരായ മാധ്യമങ്ങള്‍ മാത്രമല്ല, മലയാള സുപ്രഭാതത്തിന്റെ മൊത്തക്കുത്തകക്കാരും പത്രത്തറവാട്ടിലെ മുത്തശ്ശിമാരും വരെ ഇല്ലാത്ത പ്രണയ മതംമാറ്റത്തിന് വല്ലാത്ത തെളിവുകളുമായി തുടര്‍ലേഖനങ്ങളെഴുതിത്തുടങ്ങിയതോടെ കേരളം സ്‌തോഭജനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങിപ്പോകുന്നു എന്ന പ്രതീതി കൈവന്നു; രാജ്യത്ത് മുസ്‌ലിംകള്‍ സംശയത്തോടെ വീക്ഷിക്കപ്പെടുന്ന സാഹചര്യം സംജാതമായി; ഒരുമിച്ച് കലാലയങ്ങളില്‍ പോയിരുന്നവര്‍ക്കിടയില്‍ പോലും സംശയത്തിന്റെ കരിമ്പുക കനത്തു. ഇസ്‌ലാമില്‍ അഭയം കണ്ടത്തിയ ഇതര മതസ്ഥരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡുകള്‍ നടന്നു. പലരെ കുറിച്ചും ആനുകാലികങ്ങള്‍ കഥകള്‍ നെയ്തു. സത്യസന്ധമായി കാര്യങ്ങളെ സമീപിച്ച മാധ്യമങ്ങള്‍ അന്വേഷണോദ്യോഗസ്ഥരുടെ സംശയത്തിന്റെ കരിനിഴലിലായി. അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വരെ പ്രണയ മതംമാറ്റ സംഘടിതശക്തികളുടെ വാര്‍ത്തകളെ ശരിവെച്ച് സംസാരിച്ചത് മുസ്‌ലിം സമുദായത്തെ ആകമാനം അരക്ഷിതാവസ്ഥയിലാക്കി. കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭയിലേക്കും പൊന്നാനിയിലെ മഊനത്തുല്‍ ഉലൂമിലേക്കും ഹിന്ദുതീവ്രവാദികള്‍ മാര്‍ച്ചുകള്‍ നടത്തി. ഇത്തരം മുസ്‌ലിം സ്ഥാപനങ്ങളുടെയും സ്ഥാപനാധികാരികളുടെയും ദേശക്കൂറ് ചോദ്യം ചെയ്യപ്പെട്ടു. 

ഡി.ജി.പിയുടെയും കോടതിയുടെയും കൃത്യമായ ഇടപെടല്‍ മൂലം അന്ന് സത്യസന്ധമായ തീര്‍പ്പ് വരികയും മലയാളികളുടെ മതേതരമനസ്സ് കൂടുതല്‍ ദൃഢമാവുകയും ചെയ്തു. അത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കി കേരളത്തെ കലാപകലുഷിതമാക്കി മാറ്റാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ക്ക് വളം വെക്കുന്ന അനേകം ആസൂത്രിത പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പുതിയതാണ് സെന്‍കുമാറിന്റെ പുതിയ വിഷലിപ്ത വചനങ്ങള്‍. വ്യക്തമായ തെളിവുകളുള്ള വിഷയമാണെങ്കില്‍ സര്‍വീസിലിരിക്കെ അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. അല്ലാത്തപക്ഷം സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന സമയത്ത് തന്റെ ജോലിയില്‍ കൃത്യവിലോപം നടത്തിയതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണദ്ദേഹം.

ബാലിശമായ ഇത്തരം ജല്‍പനങ്ങളെ സമൂഹം വിശ്വസിച്ചുകളയുമെന്ന അതിമോഹമൊന്നും ഇത് പ്രചരിപ്പിച്ചവര്‍ക്കുണ്ടായിക്കൊള്ളണമെന്നില്ല. ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചുതുടങ്ങുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ അനാവശ്യഭീതി വളര്‍ത്താനും സമൂഹത്തില്‍ ഛിദ്രത വളര്‍ത്താനും അതുവഴി ഭൂരിപക്ഷ വര്‍ഗീയതയെ പ്രോജ്വലിപ്പിച്ച് നിര്‍ത്തി മതേതരവോട്ടുകളെ ഭിന്നിപ്പിച്ച് ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിച്ച് ഭരണം പിടിച്ചെടുക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സര്‍വീസാനന്തര 'സേവനങ്ങളില്‍' കണ്ണംനട്ട് അത്തരക്കാരുടെ വീണ്‍വാക്കുകള്‍ വിശ്വസിച്ചാല്‍ അതിന് മതേതരസമൂഹം നല്‍കേണ്ടി വരുന്ന വില സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ളവന്റെ ലാഭ-നഷ്ടക്കണക്കിന്റെ കള്ളിയില്‍ കൊള്ളിക്കാന്‍ കഴിയുന്നതിനുമപ്പുറമായിരിക്കുമെന്ന് ചിന്തിച്ചാല്‍ നന്നാവും.