ശിയാക്കളുടെ അനിസ്‌ലാമിക വാദങ്ങള്‍

അബ്ദുല്‍ ജബ്ബാര്‍ മദീനി

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20

(ആരാണ് ശിയാക്കള്‍? ഭാഗം: 3)

മുത്അഃ വിവാഹം

തികച്ചും ഇസ്‌ലാമിക വിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളും വെച്ചുപുലര്‍ത്തുന്നവരാണ് ശിയാക്കള്‍. ക്വുര്‍ആനിലും പ്രവാചക ചര്യയിലും യാതൊരു തെളിവുമില്ലാത്ത കാര്യങ്ങള്‍ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കി പ്രാമാണികമെന്ന് വരുത്തുവാന്‍ ശിയാക്കള്‍ക്ക് യാതൊരു മടിയുമില്ല. ശിയാക്കള്‍ക്കിടയിലെ ഒരു വൃത്തികെട്ട അനാചാരമാണ് മുത്അഃ വിവാഹം. നിര്‍ണിത അവധി വെച്ചുള്ള താല്‍ക്കാലിക വിവാഹമാണത്. 'ഇന്ന സംഖ്യക്ക് ഒരു നിര്‍ണിത കാലം ഞാന്‍ നിന്നെ സുഖിക്കുവാന്‍ ഉപയോഗിക്കുന്നു'എന്ന് ഒരു പുരുഷന്‍ തനിക്കു വിവാഹം അനുവദനീയമായ ഒരു പെണ്ണിനോട് പറയലോടെ മുത്അഃ വിവാഹമായി.

ഏറ്റവും നല്ല സമ്പ്രദായവും ശ്രേഷ്ഠകര്‍മവുമായിട്ടാണ് ശിയാക്കള്‍ മുത്അഃ ആചരിക്കുന്നത്. മുത്അഃ വിവാഹത്തിന്റെ മഹത്ത്വം സ്ഥാപിക്കുവാന്‍ തിരുനബി ﷺ യുടെ പേരില്‍ വ്യാജ ഹദീഥുകള്‍വരെ അവര്‍ നിര്‍മിച്ചിട്ടുണ്ട്. പ്രസ്തുത വിഷയത്തില്‍ ശിയാ നിര്‍മിതങ്ങളായ ഏതാനും വ്യാജ ഹദീഥുകള്‍ കാണുക:

''വല്ലവനും ഒരു മുഅ്മിനായ പെണ്ണിനെക്കൊണ്ട് മുത്അഃ യിലൂടെ സുഖമെടുത്താല്‍ അവന്‍ എഴുപതു തവണ കഅ്ബഃ സിയാറത്ത് ചെയ്തതു പോലെയാണ്.''(11)

''വല്ലവനും ഒരു തവണ മുത്അഃ നടത്തിയാല്‍ അവന്‍ ജബ്ബാറായ അല്ലാഹുവിന്റെ കോപത്തില്‍നിന്ന് നിര്‍ഭയനായി. വല്ലവനും രണ്ടു തവണ മുത്അഃ നടത്തിയാല്‍ അവന്‍ പുണ്യാളന്മാരോടൊപ്പം മഹ്ശറയില്‍ ഒരുമിച്ചു കൂട്ടപ്പെടും. വല്ലവനും മൂന്നു തവണ മുത്അഃ നടത്തിയാല്‍ അവന്‍ സ്വര്‍ഗം എന്നോടൊപ്പം പങ്കിടും.(12)

''വല്ലവനും ഒരു തവണ മുത്അഃ നടത്തിയാല്‍ അവന്റെ പദവി ഹുസയ്‌നിന്റെ പദവിയാണ്. വല്ലവനും രണ്ടു തവണ മുത്അഃ നടത്തിയാല്‍ അവന്റെത് ഹസനിന്റെ ദറജഃയാണ്. വല്ലവനും മൂന്നു തവണ മുത്അഃനടത്തിയാല്‍ അവന്റെത് അലിയ്യി (റ)ന്റെ ദറജഃയാണ്. വല്ലവനും നാലു തവണ മുത്അഃ നടത്തിയാല്‍ അവന്റെത് എന്റെ ദറജഃയാണ്.''(13)

ശിയാമതത്തിന്റെ പാപരത്വം മനസ്സിലാക്കുവാനാണ് അവരാല്‍ നിര്‍മിക്കപെട്ട വ്യാജമായ മൂന്ന് നിവേദനങ്ങള്‍ മുകളില്‍ നല്‍കിയത്. മുത്അഃ വിവാഹത്തെ ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടുണ്ട് എന്നതാണ് വസ്തുത. പ്രസ്തുത യാഥാര്‍ഥ്യം ശിയാ ഗ്രന്ഥങ്ങള്‍ വരെ ഉദ്ധരിച്ചിട്ടുമുണ്ട്.

''അല്ലാഹുവിന്റെ റസൂല്‍ ﷺ ഖയ്ബര്‍ യുദ്ധദിനം നാടന്‍ കഴുതയുടെ മാംസവും മുത്അഃ വിവാഹവും ഹറാമാക്കി.''(14)

മുത്അഃ വിവാഹത്തെകുറിച്ച് അബൂഅബ്ദില്ല ചോദിക്കപ്പെട്ടു: 'അപ്പോള്‍ അദ്ദേഹം പറഞ്ഞു: താങ്കള്‍ താങ്കളുടെ ശരീരം അതുകൊണ്ട് മലീമസമാക്കരുത്.''(15)


മുസ്വ്ഹഫു ഫാത്വിമഃ

മുസ്വ്ഹഫുഫാത്വിമഃ എന്നപേരില്‍ ഒരു ക്വുര്‍ആന്‍ തങ്ങളുടെ പക്കലുണ്ടെന്ന് ശിയാക്കള്‍ വിശ്വസിക്കുന്നു. ശിയാക്കളുടെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ അല്‍കാഫിയില്‍ ഇമാം ജ അ്ഫര്‍സ്വാദിക്വിലേക്ക് വ്യാജമായി ചേര്‍ത്ത്—ശീഈ നേതാവ് കുലയ്‌നി പറയുന്നു:

''നിശ്ചയം, ഞങ്ങളുടെ അടുക്കല്‍ മുസ്വ്ഹഫു ഫാത്വിമഃയുണ്ട്. ഞാന്‍ ചോദിച്ചു: എന്താണ് മുസ്വ്ഹഫു ഫാത്വിമഃ? ഇമാം പറഞ്ഞു: അതാണു മുസ്വ്ഹഫ്. അതില്‍ നിങ്ങളുടെ ഈ ക്വുര്‍ആനിന്റെ മൂന്ന് ആവര്‍ത്തിയുണ്ട്. അല്ലാഹുവാണെ സത്യം, നിങ്ങളുടെ ക്വുര്‍ആനില്‍നിന്നുള്ള ഒരു അക്ഷരം പോലും അതിലില്ല.''(16)

ശീഇകളുടെ തന്നെ മറ്റു ചില ഗ്രന്ഥങ്ങളില്‍ ഇപ്രകാരമുണ്ട്:

''മുസ്വ്ഹഫു ഫാത്വിമഃയില്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നുള്ള യാതൊന്നുമില്ല. അവര്‍ക്കു നല്‍കപ്പെട്ടത് എന്താണോ അതു മാത്രമാണത്.''(17)

വലുപ്പത്തില്‍ മുസ്വ്ഹഫിനെക്കാള്‍ മികവു പുലര്‍ത്തുകയും വിഷയത്തില്‍ വ്യതസ്തത പുലര്‍ത്തുകയും ചെയ്യുന്നതാണ് അവരുടെ മുസ്വ്ഹഫെന്ന വാദവും അവര്‍ക്കുണ്ട്.(18)

ശിയാക്കളുടെ ഇത്തരം വ്യാജവാദങ്ങളില്‍നിന്ന് ഫാത്വിമ(റ)യും അലിയ്യും(റ) നബികുടുംബവും നിരുത്തരവാദികളാണ്. അല്ലാഹുവിന്റെ വചനമായ വിശുദ്ധ ക്വുര്‍ആന്‍ സത്യസമ്പൂര്‍ണവും നിത്യചൈതന്യവും സര്‍വര്‍ക്കും സര്‍വകാലത്തേക്കുമുള്ള മാര്‍ഗദര്‍ശനവും വഴികാട്ടിയുമാണെന്നിരിക്കെ മറ്റൊരു മുസ്വ്ഹഫില്‍ വിശ്വസിക്കേണ്ട യാതൊരു ആവശ്യവും ആര്‍ക്കുമില്ല; തീര്‍ച്ച.

യഥാര്‍ഥ മുസ്വ്ഹഫിനോട് കെട്ടിലുംമട്ടിലും മികവു പുലര്‍ത്തുന്ന മറ്റൊരു മുസ്വ്ഹഫ് തങ്ങളുടെ പക്കലുണ്ടെന്നാണല്ലോ ശിയാ ജല്‍പനം. താഴെ വരുന്ന വിശുദ്ധ വചനങ്ങളില്‍ വിശുദ്ധ ക്വുര്‍ആനിനുള്ള മഹത്ത്വങ്ങളും വര്‍ണനകളും നോക്കൂ. വചനങ്ങള്‍ ഇതു പോലെ ധാരാളമാണ്.

''തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചതു തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതുംകൊണ്ട് നിന്റെ ഹൃദയത്തില്‍ ഇറങ്ങിയിരിക്കുന്നു. നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്'' (ക്വുര്‍ആന്‍ 26:192-195).

''...എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്‌പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരി പ്പിച്ചിരിക്കുന്നത്''(ക്വുര്‍ആന്‍ 16:89).

''(തീര്‍ച്ചയായും ഈ ഉല്‍ബോധനം തങ്ങള്‍ക്കു വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടംപറ്റിയവര്‍ തന്നെ). തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിന്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്'' (ക്വുര്‍ആന്‍ 41:41,42).


അല്‍ബറാഅഃ

അബൂബകര്‍(റ), ഉമര്‍(റ), ഉഥ്മാന്‍(റ), മുആവിയ(റ) എന്നിവരില്‍ നിന്ന് ഒഴിയലും അവരെ ശത്രുക്കളായി കാണലും ശപിക്കലുമാണ് അല്‍ബറാഅഃ. അത് ശിയാഇസത്തിന്റെ നിര്‍ബന്ധ ഘടകവുമാണ്. ശീഈ ഇമാമായ മുഹമ്മദ് ബാക്വിര്‍ മജ്‌ലിസീ തന്റെ അല്‍ ഇഅ്തിക്വാദാത്ത് എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ''അബൂബക്ര്‍, ഉമര്‍, ഉഥ്മാന്‍, മുആവിയ എന്നിവരില്‍ നിന്ന് ഒഴിയല്‍ ഇമാമിയ്യാ ദീനിന്റെ അഭിവാജ്യഘടകമാണ്.''(19)

മജ്‌ലിസീ തന്റെ'ഹക്ക്വുല്‍ യക്വീന്‍''എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു:'''ബറാഅഃയുടെ വിഷയത്തില്‍ ഞങ്ങളുടെ ആദര്‍ശം എന്തന്നാല്‍, അബൂബക്ര്‍, ഉമര്‍, ഉഥ്മാന്‍, മുആവിയ, എന്നീ നാലു വിഗ്രഹങ്ങളില്‍നിന്നും ആഇശ, ഹഫ്‌സ്വ, ഹിന്ദ്, ഉമ്മുല്‍ഹകം എന്നീ സ്ത്രീകളില്‍നിന്നും അവരുടെ അനുയായികളില്‍നിന്നും അനുഭാവികളില്‍നിന്നും ഞങ്ങള്‍ ഒഴിവാകലാകുന്നു. അവരാകുന്നു ഭൂമിക്ക് ഉപരിയില്‍ ഏറ്റവും നീചമായ സൃഷ്ടികള്‍''(20)

സ്വഹാബികളെ ആക്ഷേപിക്കുന്ന പ്രവണത ഏറെ ഹീനവും അത്തരക്കാരുടെ ലക്ഷ്യം തീര്‍ത്തും മോശവുമാണ്. ഇതിലൂടെ ശിയാക്കള്‍ നേടിയതും നേടിക്കൊടുത്തതും പ്രവാചക നിന്ദയാണെന്ന് ഇമാം മാലിക് വ്യക്തമാക്കുന്നു: 'തിരുനബി ﷺ യെ ആക്ഷേപിക്കുവാന്‍ മാത്രമാണ് സ്വഹാബികളെ ആക്ഷേപിക്കു ന്നവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ അവര്‍ക്ക് അതിന് സാധിച്ചില്ല. അപ്പോള്‍, നബി മോശക്കാരനാണ്; അദ്ദേഹം നന്നായിരുന്നുവെങ്കില്‍ അനുയായികളും നന്നാകുമായിരുന്നു എന്ന് പറയപ്പെടുവാനായി അവര്‍ സ്വഹാബത്തിനെ ആക്ഷേപിക്കുകയുണ്ടായി.'(21)

സ്വഹാബികളെ അദരിക്കലും ബഹുമാനിക്കലുമാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാമിക ആദര്‍ശം. തിരുദൂതരുടെ ﷺ കല്‍പന നോക്കൂ:

''എന്റെ സ്വഹാബികളെ നിങ്ങള്‍ ആദരിക്കണം. കാരണം അവര്‍ നിങ്ങളില്‍ ഉത്തമരാണ്.''(22)

സ്വഹാബികളെ ശകാരിക്കുന്നത് പോലും വിലക്കപ്പെട്ട കാര്യമാണ്. അപ്പോള്‍ അവരെ ശപിക്കുന്നതും അവരോട് ശത്രുത പുലര്‍ത്തുന്നതും ഏത്ര ഗൗരവതരമാണ്. അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ പറഞ്ഞു:

''എന്റെ സ്വഹാബികളില്‍ ആരെയും നിങ്ങള്‍ ശകാരിക്കരുത്. കാരണം, നിങ്ങളില്‍ ഒരാള്‍ ഉഹുദ് മലയോളം സ്വര്‍ണം (ദാനമായി) ചെലവഴിച്ചാല്‍ അത് അവരില്‍ ഒരാള്‍ (ദാനമായി ചെലവഴിച്ച) ഒരു മുദ്ദിനോളം അല്ലെങ്കില്‍ അര മുദ്ദിനോളം എത്തുകയില്ല'' (ബുഖാരി).


അല്‍ബദാഅ്

ശിയാഇസത്തിന്റെ മറ്റൊരു അടിസ്ഥാനവും അതിരുവിട്ട് അവര്‍ സമര്‍ഥിക്കുന്ന ഒരു വിഷയവുമാണ് അല്ലാഹുവിന് അല്‍ബദാഅ് ഉണ്ട് എന്നത്. അറിവിനെ അജ്ഞത മുന്‍കടക്കലും അറിവ് പുതുതായി ഉണ്ടാകലുമാണ് അല്‍ബദാഅ് എന്ന പ്രയോഗം അര്‍ഥമാക്കുന്നത്. അല്ലാഹുവിനെ സംബന്ധിച്ച് അസംഭവ്യമായ, അറിവില്ലായ്മയും അജ്ഞതയും അല്ലാഹുവിന് അനി വാര്യമാക്കലാണ് ഇതിലൂടെ ശിയാക്കള്‍ ലക്ഷ്യമാക്കുന്നത്. എഴുപത് വര്‍ഷം കൊണ്ട് ഭരണവും രാഷ്ട്രവും തങ്ങളുടെ കീഴിലാകുമെന്ന് ശിയാ ശെയ്ഖുമാര്‍ അനുയായികളെ മോഹിപ്പിച്ചിരുന്നു. മോഹം പൂവണിയാത്തതില്‍ ആകുലപ്പെട്ട അനുയായികളെ പിടിച്ചു നിര്‍ത്തുവാനും പ്രതിസന്ധി തരണം ചെയ്യുവാനും നേതാക്കള്‍ പടച്ച ജല്‍പനം മാത്രമാണ് ബദാഅ്. തങ്ങളുടെ വാഗ്ദാനത്തെ മാറ്റിത്തിരുത്തേണ്ട കാര്യങ്ങള്‍ അല്ലാഹുവിന് ബോധ്യപ്പെട്ടു എന്ന് അവര്‍ തട്ടിവിടുകയും ചെയ്തു. ബദാഇന്റെ ആധികാരികതെയെ കുറിച്ച് ശിയാ ശെയ്ഖായ കുലെയ്‌നിയും മറ്റും പറയുന്നു: ''മദ്യം നിഷിദ്ധമാക്കിക്കൊണ്ടും അല്ലാഹുവിന് ബദാഅ് സ്ഥാപിക്കാനുമല്ലാതെ അല്ലാഹു യാതൊരു നബിയെയും ഒരിക്കലും നിയോഗിച്ചിട്ടില്ല.''(23)

എന്നാല്‍ അല്ലാഹുവിലേക്ക് ഒരിക്കലും ചേര്‍ക്കപ്പെടുവാന്‍ പാടില്ലാത്ത കടുത്ത അപരാധമാണ് അല്‍ബദാഅ്. ജൂതായിസത്തിന്റെ സൃഷ്ടിയും സംഭാവനയും ജൂതനായ ഇബ്‌നു സബഇന്റെ പ്രചാരണവുമാണത്. അതാകട്ടെ വിശുദ്ധക്വുര്‍ആനിന് കടകവിരുദ്ധമായ ചിന്തയാണ് താനും. അല്ലാഹു പറയുന്നു:

''(നബിയേ) നീ വല്ല കാര്യത്തിലും ഏര്‍പെടുകയോ, അതിനെപ്പറ്റി ക്വുര്‍ആനില്‍നിന്ന് വല്ലതും ഓതിക്കേള്‍പിക്കുകയോ, നിങ്ങള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങളതില്‍ മുഴുകുന്ന സമയത്ത് നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല. ഭൂമിയിലോ ആകാശ ത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്റെ രക്ഷിതാവി(ന്റെ ശ്രദ്ധയി)ല്‍ നിന്ന് വിട്ടുപോകുകയില്ല. അതിനെക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി ഇല്ല'' (ക്വുര്‍ആന്‍ 10:61).

 

ത്വീനത്ത്

പൊതുജനങ്ങളില്‍നിന്ന് മറച്ചുവെക്കുവാന്‍ ശിയാക്കള്‍ അന്യോന്യം ഉപദേശിക്കുന്ന അവരുടെ വിശ്വാസവും രഹസ്യ വാര്‍ത്തയുമാണ് അക്വീദതുത്ത്വീനഃ.

പ്രസ്തുത ശീഈ വിശ്വാസത്തെ ഇപ്രകാരം സംഗ്രഹിക്കാം: മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ ശിയാക്കള്‍ ഒരു മണ്ണില്‍നിന്നും സുന്നികള്‍ മറ്റൊരു മണ്ണില്‍നിന്നും സൃഷ്ടിക്കപ്പെട്ടു. ഈ മണ്ണുകളില്‍ കൂടിക്കലരല്‍ നടന്നിട്ടുണ്ട്. അതിനാല്‍ ശിയാക്കളില്‍ കാണപ്പെടുന്ന തെറ്റുകുറ്റങ്ങള്‍ സുന്നീ മണ്ണിന്റെ കലര്‍പ്പുകാരണത്താലാണ്. സുന്നികളില്‍ കാണപ്പെടുന്ന നന്മയും വിശ്വാസ്യതയും ശിയാമണ്ണിന്റെ കലര്‍പ്പു കാരണത്താലുമാണ്. അന്ത്യനാളായാല്‍ ശിയാക്കളുടെ പാപങ്ങളും തിന്മകളും അഹ്‌ലുസ്സുന്നഃയുടെ മേല്‍ വെക്കപ്പെടും. അഹ്‌ലുസ്സുന്നഃയുടെ നന്മകള്‍ ശിയാക്കള്‍ക്ക് നല്‍കപ്പെടുകയും ചെയ്യും.(24)

ഈ ത്വീനത്ത് വിശ്വാസത്തെ സ്ഥാപിക്കുന്ന അറുപത് ശിയാ നിര്‍മിത നിവേദനങ്ങള്‍ അവരുടെ ഗ്രന്ഥങ്ങളിലുണ്ട്. ശിയാ ഇമാമുമാരായ കുലയ്‌നിയുടെ ഉസ്വൂലുല്‍കാഫി, മുഹമ്മദ് ബാക്വിര്‍ മജ്‌ലിസിയുടെ ബിഹാറുല്‍ അന്‍വാര്‍, ഇബ്‌നുബാബവയ്ഹിയുടെ ഇലലുശ്ശറാഇഅ,് നിഅ്മതുല്ലാ അല്‍ജസാഇരിയുടെ അല്‍ അന്‍വാറുന്നുഅ്മാനിയ്യഃ എന്നീ ഗ്രന്ഥങ്ങളിലാണ് പ്രസ്തുത റിപ്പോര്‍ട്ടകളുള്ളത്.

മദ്യപാനം, വ്യഭിചാരം, കൊള്ളയടി, കൊലപാതകം, സ്വവര്‍ഗരതി, പലിശ തിന്നല്‍ തുടങ്ങിയ വന്‍പാപങ്ങള്‍ ശിയാക്കള്‍ ചെയ്യുന്നതിനെ കുറിച്ചും നമസ്‌കാരം, നോമ്പ,് സകാത് തുടങ്ങിയ പുണ്യകര്‍മങ്ങള്‍ ശിയാക്കള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ചും ചോദിക്കപ്പെട്ടപ്പോള്‍ അത് സുന്നീ മണ്ണിന്റെ കലര്‍പ്പു കാരണത്താലാണ് എന്ന് ഇമാമുമാര്‍ മറുപടി നല്‍കിയതും ശിയാക്കളുടെ പാപങ്ങളും അവരില്‍നിന്നു വന്നുപോയ ഉപേക്ഷകളും അന്ത്യനാളില്‍ സുന്നികളുടെമേല്‍ വഹിക്കപ്പെടുമെന്ന് ഇമാമുമാര്‍ ആശ്വസിപ്പിച്ചതും ഔദ്യോഗിക ശിയാഗ്രന്ഥങ്ങളായ മജ്‌ലിസിയുടെ ബിഹാറുല്‍ അന്‍വാര്‍, ഇബ്‌നുബാബവയ്ഹിയുടെ ഇലലുശ്ശറാഇഅ് നിഅ്മത്തുല്ലാ അല്‍ജസാഇരിയുടെ അല്‍അന്‍ വാറുന്നുഅ്മാനിയ്യഃ എന്നിവയില്‍ കാണാം.(25)

ഇസ്‌ലാമികമായ ശുദ്ധ പ്രകൃതിയിലാണ് അല്ലാഹു മനുഷ്യരെയെല്ലാം സൃഷ്ടിച്ചിരിക്കുന്നത് എന്ന ആദര്‍ശത്തിനും പ്രമാണങ്ങള്‍ക്കും വിരുദ്ധമാണ് ഈ ത്വീനത്ത് വിശ്വാസം. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറയുന്നത് നോക്കൂ:

''ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം'' (ക്വുര്‍ആന്‍ 30:30).

അല്ലാഹു ആജ്ഞാപിച്ചതനുസരിച്ച് തിരുദൂതര്‍ ﷺ പഠിപ്പിച്ച ഒരു തിരുമൊഴി ഇപ്രകാരമുണ്ട്:

''തീര്‍ച്ചയായും എന്റെ അടിമകളെ മുഴുവന്‍ ഞാന്‍ ഋജുമാര്‍ഗികളായി(മുസ്‌ലിംകളായി)ട്ടാണ് സൃഷ്ടിച്ചത്. എല്ലാ കുട്ടികളും ഫിത്വ്‌റതി(ഇസ്‌ലാമില്‍)ലാണ് ജനിക്കുന്നത്.''

മറ്റൊരു റിപ്പോര്‍ട്ടില്‍: ''ഈ (ഇസ്‌ലാമിക)മില്ലത്തിലല്ലാതെ (ഒരാളും ജനിക്കുന്നില്ല)'' എന്നാണുള്ളത്.

ശിയാക്കളുടെ പാപങ്ങളും തിന്മകളും സുന്നികള്‍ വഹിക്കുമെന്നതും സുന്നികളുടെ നന്മകളെല്ലാം ശിയാക്കള്‍ക്ക് നല്‍കപ്പെടുമെന്നതും ത്വീനത്ത് വിശ്വാസത്തില്‍ പെട്ടതാണെന്ന് ശിയാഗ്രന്ഥങ്ങളുടെ സന്ദേശമാണെന്ന് ഉണര്‍ത്തിയല്ലോ. എന്നാല്‍ ഇത് ദൈവികനീതിക്ക് നിരക്കാത്തതും സല്‍ബുദ്ധിയോടും സല്‍പ്രകൃതിയോടുമുള്ള സംഘട്ടനവും പ്രമാണങ്ങള്‍ക്ക് നിരക്കാത്ത വിതണ്ഡവാദവുമാണ്.

''...ഏതൊരാളും ചെയ്തുവെക്കുന്നതിന്റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും.ഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം ചുമക്കുന്നതല്ല'' (ക്വുര്‍ആന്‍ 6:164).

''പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല'' (ക്വുര്‍ആന്‍ 17:15).

''പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും, അവന്റെ പ്രയത്‌നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. (അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?)'' (ക്വുര്‍ആന്‍ 53:38-40).

 

റഫറന്‍സ്:

11. ഹുസെയ്ന്‍ മൗസവിയുടെ കശ്ഫുല്‍ അസ്‌റാര്‍, പേ: 35.

12. മന്‍ ലാ യഹ്ദ്വുറുഹുല്‍ ഫക്വീഹ് വാ: 3, പേ: 366.

13. സയ്യിദ്ഫത്ഹുല്ലാഹ് അല്‍കാസാനി, തഫ്‌സീര്‍ മന്‍ഹജുസ്സ്വാദിക്വീന്‍ പേ: 356.

14. വസാഇലുശ്ശീഅഃ വാ: 14 പേ: 441, ഇസ്തിബ്‌സ്വാര്‍, വാ:3 പേ: 142.

15. ബിഹാറുല്‍അന്‍വാര്‍ വാ: 110, പേ: 318.

16. അല്‍കാഫി, കുലയ്‌നി, വാ:1, പേ: 239.

17. ബിഹാറുല്‍അന്‍വാര്‍. വാ: 48, പേ: 26, ബസ്വാഇറുദ്ദറജാത് പേ: 43.

18. അശ്ശാഫീ ശറഹുഉസ്വൂലില്‍കാഫി. വാ:3പേ: 197

19. അല്‍ഇഅ്തിക്വാദാത്ത്, പേ: 90.

20. ഹക്ക്വുല്‍യക്വീന്‍ പേ: 519.

21. അസ്സ്വാരിമുല്‍ മസ്‌ലൂല്‍ 580.

22. മുസ്‌നദ് അഹ്മദ്, സുനനുന്നസാഈ, മുസ്തദ്‌റക് ഹാകിം.

23. അല്‍കാഫി, കുലയ്‌നി, വാ: 1 പേ: 148, ബിഹാറുല്‍ അന്‍വാര്‍. വാ: 4, പേ: 108.

24. ഉസ്വൂലുമദ്ഹബിശ്ശീഅഃ ഇഥ്‌നാ അശരിയ്യഃ, നാസ്വിര്‍ അലി ക്വഫാരി പേ: 995

25. ബിഹാറുല്‍ അന്‍വാര്‍ വാ: 5, പേ: 233, ഇലലുശ്ശറാഇഅ്. പേ: 490, 491. അല്‍അന്‍വാറുന്നുഅ്മാനിയ്യ, വാ: 1, പേ: 287. (തുടരും)