ഇസ്‌ലാമിക ചരിത്രം ഒരു അവലോകനം

മുഹമ്മദ് സ്വാദിഖ് മദീനി 

2017 ഏപ്രില്‍ 01 1438 റജബ് 04

ഇന്നിന് ഗുണപാഠവും മാര്‍ഗദര്‍ശനവുമാണ് ഇന്നലെകള്‍. ഇന്ന് നാളത്തെ ചരിത്രമാണ്. മുന്‍ഗാമികളുടെ സാമൂഹികവും സാംസ്‌കാരികവുമായ ജീവിതരേഖകള്‍ നമുക്ക് ചിന്തിക്കുവാനുള്ള വക നല്‍കുന്നു. അവരിലെ നന്മകള്‍ പകര്‍ത്തുവാനും അവരുടെ നാശത്തിന് ഹേതുവായ കാര്യങ്ങളില്‍നിന്ന് അകലുവാനും അവരെക്കാള്‍ ഉന്നതിയിലേക്ക് കുതിക്കുവാനും ചരിത്ര പഠനത്തിലൂടെ സാധിക്കുന്നു.

ചരിത്ര പഠനം വളരെ പ്രാധാന്യമുള്ള വിഷയമാണ്. അസത്യങ്ങള്‍ കൂട്ടിക്കുഴച്ച ചരിത്ര വിവരണങ്ങള്‍ പുതുതലമുറയെ വഴിതെറ്റിക്കും എന്നതില്‍ സംശയമില്ല. ചരിത്രകാരനായ അമേരിക്കകാരന്‍ സി.എല്‍.റൗസ് 1962ല്‍ എഴുതിയ 'ചരിത്രം: സ്വാധീനവും അതിന്റെ ഫലങ്ങളും' എന്ന ഗ്രന്ഥത്തില്‍ പറഞ്ഞു: ''ഏതെങ്കിലും ഒരു കാലത്ത് ലോക രാഷ്ട്രങ്ങളെ ഭരിക്കുവാന്‍ അമേരിക്ക ഉദ്ദേശിക്കുന്നുവെങ്കില്‍ അമേരിക്കയിലെ ഭരണാധികാരികളോട് ഞാന്‍ പറയുന്നു; നിങ്ങള്‍ അമേരിക്കയിലെ സ്‌കൂളുകളിലും കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും വളരെ പ്രാധാന്യത്തോടുകൂടി ചരിത്രം പഠിപ്പിക്കുകയും നല്ല പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ അതിന് തെരഞ്ഞെടുക്കുകയും രാഷ്ട്രീയ, സൈനിക, സാമൂഹ്യ ആസ്ഥാനങ്ങളിലെ ഉന്നത തലങ്ങളിലേക്ക് ചരിത്രത്തില്‍ നൈപുണ്യം നേടിയവരെ മാത്രം തെരഞ്ഞെടുക്കുകയും വേണം.''

ഫാസിസ്റ്റ് തീവ്രവാദ സംഘടനകള്‍ അവരുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കുവാനായി ചരിത്രത്തെ തലകീഴായി മറിക്കുന്നത് ഈ തത്ത്വം അനുസരിച്ചാണ്. ചരിത്ര സത്യങ്ങളായി ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പലതും അയാഥാര്‍ഥ്യങ്ങളാണ് എന്ന് നാം മനസ്സിലാക്കണം. മതപരമോ രാഷ്ട്രീയമോ ആയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ചരിത്ര സത്യങ്ങളില്‍ കളവുകള്‍ തിരുകിക്കയറ്റിയ ചരിത്രകാരന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. തെറ്റും ശരിയും കൂട്ടിക്കലര്‍ത്തി ചരിത്ര രചനകള്‍ നടത്തുകയും യഥാര്‍ഥ ദിശാസൂചികകള്‍ നല്‍കാതിരിക്കുകയും ചെയ്തവരും അവരിലുണ്ട്. ശ്രദ്ധയാകര്‍ഷിക്കുവാനായി അതിശയോക്തികള്‍ കലര്‍ത്തി ചരിത്രം രചിച്ചവരും കുറവല്ല.

ക്വുര്‍ആന്‍ ഒരു ചരിത്ര പുസ്തകമല്ലെങ്കിലും ആദം നബി(അ) മുതലുള്ള ചരിത്രത്തിന്റെ പല താളുകളും അത് നമുക്ക് അറിയിച്ചുതരുന്നു. മനുഷ്യ സൃഷ്ടിപ്പ്, നൂഹ് നബി(അ)ന്റെ കാലത്തെ പ്രളയം; ആദ്, ഥമൂദ്, ഇറം അസ്ഹാബുല്‍ ഐകത്ത് എന്നീ സമൂഹങ്ങളുടെ നാശം, പ്രവാചകന്മാരുടെ ജീവിതത്തിലെ വിവധ പരീക്ഷണങ്ങള്‍, ഗുഹാവാസികള്‍, ദുല്‍കര്‍നൈന്‍, ബനൂഇസ്‌റാഈല്യര്‍, മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍... അങ്ങനെ ഒരുപാട് കാര്യങ്ങള്‍.

പ്രവാചകന്റെ ഇരുപത്തിമൂന്ന് വര്‍ഷ കാലത്തിനിടയിലെ വാക്കും പ്രവൃത്തിയും അംഗീകാരവുമടങ്ങുന്ന കാര്യങ്ങളുടെ ലിഖിതരൂപമാണല്ലോ 'ഹദീഥ്.' പ്രവാചക ചരിത്രം കേവലം ചരിത്രം മാത്രമല്ല മറിച്ച് മതപരമായ നിയമ നിര്‍ദേശങ്ങള്‍ കൂടിയാണ്. നബി(സ്വ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലാത്ത ഹദീഥുകള്‍ അദ്ദേഹത്തിലേക്ക് ചേര്‍ത്തിപ്പറയാന്‍ പാടില്ല എന്നതുപോലെ തന്നെ ഇല്ലാത്ത കാര്യങ്ങള്‍ പ്രവാചക ചരിത്രത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനും പാടില്ല. അതിനാല്‍തന്നെ ഹദീഥുമായി ബന്ധമില്ലാത്തവര്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളെക്കാള്‍ സത്യസന്ധരും വിശ്വസ്തരുമായ ഹദീഥ് പണ്ഡിതന്മാര്‍ എഴുതിയ ചരിത്ര ഗ്രന്ഥങ്ങളാണ് സ്വീകാര്യം. ഇമാം ബുഖാരിയുടെ അത്താരീഖുല്‍ കബീര്‍, ഇമാം ദഹബിയുടെ താരീഖുല്‍ ഇസ്‌ലാം, സിയറു അഅ്‌ലാമിന്നുബലാഅ്, സുയൂത്വിയുടെ താരീഖുല്‍ ഖുലഫാഅ് എന്നീ ഗ്രന്ഥങ്ങളാണ് അബുല്‍ ഫറജുല്‍ അസ്ഫഹാനിയുടെ അല്‍അഗാനി, യാഖൂത്തുല്‍ ഹമവിയുടെ മുഅ്ജമുല്‍ ഉദബാഅ് എന്നീ ചരിത്ര കൃതികളെക്കാള്‍ ഉത്തമം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ വിരചിതമായ പല ചരിത്ര രചനകളും വിഷലിപ്തമാണ്. കാരണം ഈ കാലയളവിലെ ചരിത്ര പണ്ഡിതന്മാരില്‍ പലരും ഇസ്‌ലാമിന്റെ ശത്രുക്കളായ ഓറിയന്റിലിസ്റ്റുകളും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുമായിരുന്നു. അവരാകട്ടെ തങ്ങളുടെ ആശയത്തിനനുസരിച്ചാണ് അവരുടെ പേനകള്‍ ചലിപ്പിച്ചത്.

ഇസ്‌ലാമിക ചരിത്രത്തെ പഠിക്കുന്ന ഒരാള്‍ക്ക് പ്രധാനമായും അതിനെ മൂന്ന് ഘട്ടങ്ങളായി മനസ്സിലാക്കാവുന്നതാണ്.

ഒന്ന്: മുഹമ്മദ് നബി(സ്വ)യുടെ മുമ്പുണ്ടായിരുന്ന ചില പ്രവാചകന്മാരുടെയും അവരുടെ സമുദായങ്ങളുടെയും ചരിത്രം. മുന്‍ സമൂഹങ്ങളുടെ ചരിത്രം ഇസ്‌ലാമിക ചരിത്രത്തിലേക്ക് ചേര്‍ക്കാന്‍ കാരണം, ക്വുര്‍ആനിലോ ഹദീഥിലോ കഴിഞ്ഞുപോയ പ്രവാചകന്മാരെ സംബന്ധിച്ചും അവരുടെ സമൂഹങ്ങളെ കുറിച്ചും വന്നതിനാലാണ്. നൂഹ്(അ) ഇബ്‌റാഹീം(അ), മൂസാ(അ) മുതലായ പ്രവാചകന്മാര്‍, അവരെ ധിക്കരിച്ച ആളുകള്‍ക്കുണ്ടായ പതനങ്ങള്‍ തുടങ്ങിയവ ഇതില്‍ പെടുന്നു.

രണ്ട്: മുഹമ്മദ് നബി(സ്വ)യുടെ ചരിത്രം.

മൂന്ന്: നാല് ഖലീഫമാരുടെയും ഉമവി, അബ്ബാസി തുടങ്ങിയ ഭരണകൂടങ്ങളുടെയും മൊത്തത്തിലുള്ള ചരിത്രം.

ഇസ്‌റാഈലിയാത്ത്

പ്രവാചകാഗമനത്തിന് മുമ്പ് അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്ന മരുഭൂവാസികളായ ജൂത- ക്രൈസ്തവര്‍ തങ്ങളുടെ മതത്തെ സംബന്ധിച്ച് മനസ്സിലാക്കിയതും അവരുടെ യുദ്ധ ചരിത്രങ്ങളുമെല്ലാം തങ്ങള്‍ മുസ്‌ലിമായതിന് ശേഷം റിപ്പോര്‍ട്ട് ചെയ്തതിനാണ് ഇസ്‌റാഈലിയാത്ത് എന്ന് പറയുന്നത്. ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും കാണപ്പെടുന്ന ഇത്തരം ചരിത്ര സംഭവങ്ങളെ മൂന്ന് തരത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഒന്ന്: ഇസ്‌റാഈലിയാത്ത് സനദോടുകൂടി ഉദ്ധരിച്ചവര്‍. സനദുകള്‍ (നിവേദക പരമ്പര) സഹിതം രേഖപ്പെടുത്തിയതിനാല്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ചു എന്നവര്‍ മനസ്സിലാക്കി. ഇസ്‌റാഈലിയാത്തുകളെ സനദ് സഹിതം നിവേദനം ചെയ്തവരില്‍പെട്ടയാളാണ് ഇബ്‌നുജരീര്‍ അത്ത്വബ്‌രി.

രണ്ട്: സനദുകള്‍ രേഖപ്പെടുത്താതെ ലഭിച്ചത് മുഴുവനായി എഴുതിയവര്‍. അക്കാരണത്താല്‍ സത്യവും അസത്യവും കൂടിക്കുഴഞ്ഞ ചരിത്ര ശകലങ്ങളില്‍നിന്നും യഥാര്‍ഥ വശം മനസ്സിലാക്കുവാന്‍ അവരുടെ ഗ്രന്ഥങ്ങളില്‍നിന്നും സാധിക്കാതെയായി.

മൂന്ന്: ക്വുര്‍ആന്‍ വ്യാഖ്യാനത്തിന് ഇസ്‌റാഈലിയാത്തുകള്‍ സ്വീകരിക്കാതിരിക്കുകയും അവയെ ശക്തമായി എതിര്‍ക്കുകയും ചെയ്ത ശൗക്കാനി, റശീദുരിദാ, ആലൂസി തുടങ്ങിയ പണ്ഡിതന്മാരെപോലുള്ളവര്‍.

ഇസ്‌റാഈലിയാത്തിനോടുള്ള സമീപനം

ഒന്ന്: സ്വീകാര്യമായവ.

ക്വുര്‍ആനിനോടും പ്രവാചക തിരുമൊഴികളോടും അനുകൂലമായി വന്നവ സ്വീകാര്യമായ ഇസ്‌റാഈലിയാത്തിന്റെ ഗണത്തിലാണ് ഉള്‍പ്പെടുക.

രണ്ട്: അസ്വീകാര്യമായവ.

ഇസ്‌ലാമിക പ്രമാണങ്ങളോട് എതിരായി നില്‍ക്കുന്നവ അസ്വീകാരവും തെളിവിന് സ്വീകരിക്കാന്‍ പറ്റാത്തവയുമാണ്.

മൂന്ന്: മൗനം പാലിക്കേണ്ടവ.

ഇസ്‌റാഈലിയാത്തില്‍ വന്ന കാര്യങ്ങള്‍ പ്രമാണങ്ങളോട് അനുകൂലമായോ പ്രതികൂലമായോ വരാത്ത രൂപത്തിലാണെങ്കില്‍ അവയെ സ്വീകരിക്കുവാനും തള്ളിക്കളയുവാനും പാടില്ല; മറിച്ച് അവയെക്കുറിച്ച് മൗനം ദീക്ഷിക്കുകയാണ് വേണ്ടത്.

അബൂഹുറയ്‌റ(റ)യില്‍നിന്നും നിവേദനം: ജൂതന്മാര്‍ തൗറാത്ത് ഹീബ്രുവില്‍ വായിക്കുകയും മുസ്‌ലിംകള്‍ക്ക് അത് അറബിയില്‍ വ്യാഖ്യാനിക്കുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'അവരെ നിങ്ങള്‍ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. അവരോട് പറയുക; ഞങ്ങള്‍ അല്ലാഹുവിലും ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അവതരിപ്പിച്ചതും വിശ്വസിച്ചിരിക്കുന്നു'' (ബുഖാരി).

അബ്ദുല്ലാഹ് ഇബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ)വില്‍നിന്നും നിവേദനം. നബി(സ്വ) പറഞ്ഞു: ''ഒരു ആയത്തെങ്കിലും നിങ്ങള്‍ എന്നില്‍നിന്നും എത്തിക്കുക. ബനൂഇസ്‌റാഈല്യരില്‍ നിന്നും നിങ്ങള്‍ ഉദ്ധരിച്ചു കൊള്ളുക; വിരോധമില്ല. ആരെങ്കിലും എന്റെമേല്‍ കളവ് കെട്ടിപ്പറഞ്ഞാല്‍ അവന്റെ ഇരിപ്പിടം അവന്‍ നരകത്തില്‍ ഒരുക്കട്ടെ'' (ബുഖാരി).

ചരിത്ര ഗ്രന്ഥങ്ങള്‍

ഇന്ന് നമുക്ക് മുമ്പിലുള്ള പ്രധാന ചരിത്ര ഗ്രന്ഥങ്ങള്‍ ഇബ്‌നു ഹിശാമിന്റെ സീറത്തുറസൂല്‍, ഇബ്‌നു ജരീര്‍ അത്ത്വബ്‌രിയുടെ അഖ്ബാറുല്‍ മുലൂക്, ഇബ്‌നു കഥീറിന്റെ അല്‍ബിദായതു വന്നിഹായ, ഇമാം ദഹബിയുടെ താരീഖുല്‍ ഇസ്‌ലാം…തുടങ്ങിയവയാണ്. പ്രസ്തുത കൃതികളൊക്കെയും മുന്‍ഗാമികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിരചിതമായതാണ്.

മുആവിയ(റ)വിന്റെ ഭരണ കാലത്ത് ഇസ്‌ലാമിക ചരിത്രം രേഖപ്പെടുത്തുവാന്‍ അദ്ദേഹം ആഗ്രഹിക്കുകയും അതിനുവേണ്ടി യമനിലെ സ്വന്‍ആയില്‍നിന്നും ഉബൈദ് ഇബ്‌നു ശരിയ്യ അല്‍ജുര്‍ഹുമിയെ കൊണ്ടുവരികയും അദ്ദേഹം കിതാബുല്‍ മുലൂകി വഅഖ്ബാറുല്‍ മാളീന എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. ഹിജ്‌റ 105ല്‍ മരണമടഞ്ഞ അബാന്‍ ഇബ്‌നു ഉഥ്മാന്‍ ഇബ്‌നു അഫ്ഫാന്‍ റസൂല്‍(സ്വ)യുടെ ചരിത്രത്തെ സംബന്ധിച്ച് ചിലത് രേഖപ്പെടുത്തി. അതില്‍ അദ്ദേഹം പ്രവാചക ജീവിതത്തെ സംബന്ധിച്ച് വന്ന ഹദീഥുകള്‍ ക്രോഡീകരിച്ചു. വഹബ്ഇബ്‌നു മുനബ്ബഹ് (മരണം ഹി: 110), ഇസാം ഇബ്‌നു ഉമര്‍ ഇബ്‌നു ഖത്താദ(120), ശുറഹ്ബീല്‍ ഇബ്‌നു സഅ്ദ്(123), ഇബ്‌നു ശിഹാബ് അസ്‌സുഹ്‌രി (124), അബ്ദുല്ലാഹ് ഇബ്‌നു അബീബകര്‍ ഇബ്‌നു ഹസം (135) തുടങ്ങിയവരെല്ലാം ഇസ്‌ലാമിക ചരിത്ര രചനയില്‍ പ്രത്യേക സംഭാവനകള്‍ നല്‍കിയവരാണ്.

ഇസ്‌ലാമിക യുദ്ധ ചരിത്രം കാര്യമായും രേഖപ്പെടുത്തിയത് ഹിജ്‌റ 141ല്‍ മരണമടഞ്ഞ മൂസ ഇബ്‌നു ഉഖ്ബ, മഅ്മര്‍ അറാശിദ് (150), മുഹമ്മദ് ഇബ്‌നു ഇസ്ഹാഖ് (151) എന്നിവരാണ്. ഇസ്‌ലാമിക ചരിത്ര രചനയിലെ പൗരാണികനും പ്രസിദ്ധനുമാണ് 207ല്‍ മരണമടഞ്ഞ അല്‍വാഖിദി. ഇബ്‌നു ഹിശാമിന്റെ സീറയുടെ റിപ്പോര്‍ട്ടുകളെല്ലാം ഇബ്‌നു ഇസ്ഹാഖ് വഴിയാണ്.

ത്വബ്‌രിയുടെ ചരിത്ര ഗ്രന്ഥം

ഹിജ്‌റ 310ല്‍ മരണമടഞ്ഞ പ്രസിദ്ധ ക്വുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ ഇബ്‌നുജരീര്‍ അത്ത്വബ്‌രിയുടെ ചരിത്ര ഗ്രന്ഥത്തിന്റെ പേര് താരീഖുല്‍ അഖ്ബാരി വല്‍മുലൂക് എന്നാണ്. സൃഷ്ടിപ്പിന്റെ തുടക്കം മുതല്‍ ഹിജ്‌റ 302 വരെയുള്ള ചരിത്രമാണ് അതില്‍ അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നത്. പ്രസ്തുത ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ അദ്ദേഹം പറയുന്നു: നമ്മുടെ ഈ ഗ്രന്ഥം വായിക്കുന്നവന്‍ അറിയേണ്ട വസ്തുത; ഇതില്‍ ഞാന്‍ പറഞ്ഞതിനെല്ലാമുള്ള അവലംബം ഞാന്‍ നിവേദനം ചെയ്ത കാര്യങ്ങളാണ്. അത് എനിക്ക് റിപ്പോര്‍ട്ട് ചെയ്തവരിലേക്ക് ഞാന്‍ ചേര്‍ക്കുകയാണ്. ഇതിലെ ചില വാര്‍ത്തകള്‍ മുന്‍കഴിഞ്ഞുപോയ ചിലരില്‍ നിന്നാണ്. ഇത് വായിക്കുന്നവന്‍ ഒരുപക്ഷേ, പ്രസ്തുത സംഭവങ്ങള്‍ വെറുക്കുകയും അത് കേള്‍ക്കുന്നതില്‍ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്‌തേക്കാം. കാരണം അവ ശരിയല്ലാത്ത അടിസ്ഥാനരഹിതമായവയാണ്.എങ്കില്‍ അവര്‍ അറിയട്ടെ, അവയൊന്നും നാം കൊണ്ടുവന്നതല്ല. നമ്മോട് റിപ്പോര്‍ട്ട് ചെയ്തവരാണ് അത് ഉദ്ധരിച്ചത്. അത് എനിക്ക് ലഭിച്ചതുപോലെ ഞാന്‍ രേഖപ്പെടുത്തി എന്ന് മാത്രം.