മതനിരപേക്ഷത കൊല ചെയ്യപ്പെടരുത്

സലീം ബുസ്താനി ചാവക്കാട്

2017 മെയ് 06 1438 ശഅബാന്‍ 9

പൗരാണിക റോമിലെ അധികാര ചിഹ്നമാണ് ഫാഷിയ (fascia). റോമന്‍ ഭടന്റെ കൈയിലെ മുഴുവന്‍ ഇരുമ്പുദണ്ഡുകളുമെന്നാണ് ഈ പദത്തിനര്‍ഥം. രാഷ്ട്രയീം തീര്‍ത്തും അധികാര കേന്ദ്രീകൃതവും അധികാരം ആയുധ ബലത്തിലധിഷ്ഠിതവുമായിരുന്ന ഒരവസ്ഥയുടെ പ്രതീകമാണിത്.

ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനി എഴുതിയ വേല doctrine of fascism എന്ന ലേഖനവും അഡോള്‍ഫ് ഹിറ്റ്‌ലര്‍ എഴുതിയ ആത്മകഥയായ Meinkamphഉം ആണ് ഫാഷിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. ദേശീയമായ അപമാനത്തിന്റെയും നൈരാശ്യബോധത്തിന്റെയും ഫലമായിട്ടായിരുന്നു ഫാഷിസത്തിന്റെയും നാസിസത്തിന്റെയും ഉല്‍ഭവം. ഫാഷിസത്തിന്റെ രാഷ്ട്രീയം കൈയേറ്റങ്ങളും കലാപങ്ങളുമാണ്. 

ഇതുപോലെ ഇന്ത്യന്‍ ഫാഷിസത്തിന്റെ ആധാരം ദേശീയമായ അപദാനത്തെകുറിച്ച വ്യാജവാദങ്ങളാണ്.

ഇന്ത്യയിലെ വര്‍ഗീയതക്ക് നാലായിരത്തിലേറെ വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാനാവും. ആര്യന്മാരുടെ വരവോളം പഴക്കമുണ്ട് അതിന്.  ഇന്ന്  'സംഘ്പരിവാര്‍' എന്ന് വിശേഷിക്കപ്പെടുന്നവരാണ് ഇത് ഒരു ആദര്‍ശമായി കൊണ്ടുനടക്കുന്നത്. വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്കായി അമ്പതോളം സംഘടനകള്‍ ഇന്ന് ഇതിനായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. 

എല്ലാവരുടെയും ലക്ഷ്യം ഒന്ന്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റല്‍. 

രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്ത് കൊണ്ടും ജനാധിപത്യവും മതേതരത്വവും കശാപ്പ് ചെയ്തും രാജ്യസ്‌നേഹത്തിന്റെ മൊത്തക്കുത്തക അവകാശപ്പെടുന്ന ഇക്കൂട്ടരുടെ ക്രൂരതകള്‍ ദിനേന പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. 

ആര്‍.എസ്.എസ്, ബജ്‌രംഗ്ദള്‍, ശിവസേന തുടങ്ങി സംഘത്തിലെ അനുബന്ധ സംഘടനകളൊന്നും ഹൈന്ദവ മതഗ്രന്ഥങ്ങളെ ആശ്രയിച്ചല്ല മുന്നോട്ട് ഗമിക്കുന്നത്. ലോകയുദ്ധങ്ങള്‍ക്ക് കാരണമായ ഫാഷിസത്തില്‍ നിന്നും നാസിസത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഇവ നിലനില്‍ക്കുന്നത്. അധികാരമാണ് പരമമായ ലക്ഷ്യം. 

തെരഞ്ഞെടുപ്പ് കാലത്ത് വിശ്വാസികളെ കൂടെ നിര്‍ത്തുന്നതിന് വേണ്ടിയാണ് മതത്തെയും മതചിഹ്നങ്ങളെയും സംഘ്പരിവാര്‍ ഉപയോഗിക്കുന്നത്. സംഘ്പരിവാറിന്റെ താത്വികാചാര്യനും സ്ഥാപകനേതാക്കളില്‍ പ്രമുഖനുമായ ഗോള്‍വാള്‍ക്കര്‍ എഴുതുന്നത് കാണുക, ''ജര്‍മന്‍ വംശാഭിമാനം കാത്തുസൂക്ഷിക്കുന്നതിന് സെമിറ്റിക് വംശങ്ങളെ (ജൂതന്മാരെ) നിര്‍മാര്‍ജനം ചെയ്യുക വഴി ജര്‍മനി ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. വംശശുദ്ധി അതിന്റെ ഉന്നതിയില്‍ പ്രകടമാക്കപ്പെട്ടിരിക്കുകയാണിവിടെ. വേരുകളിലെത്തുന്ന വ്യത്യാസങ്ങളുള്ള വംശങ്ങളും സംസ്‌കാരങ്ങളും ആഴത്തില്‍ പോയി ഒന്നായിത്തീരുക എന്നത് മാത്രം അസാധ്യമാണെന്നും ജര്‍മനി കാണിച്ചുകൊടുത്തു. ഹിന്ദുസ്ഥാനില്‍ നമുക്ക് പഠിക്കാനുള്ള മികച്ച പാഠമാണിത്'' (M.S.Golwalkar, We or our Nation hood Defined, Bharath Publications, Nagpur, 1939, Page.35). 

ആട്ടിന്‍തോലണിഞ്ഞ രാജ്യസ്‌നേഹം

സദാസമയവും രാജ്യസ്‌നേഹത്തെപ്പറ്റി ഊറ്റം കൊള്ളുകയും ന്യൂനപക്ഷങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയുന്നവരുടെ ദേശസ്‌നേഹം ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ വികൃതരൂപമാണ്.

1942-ല്‍ ഗാന്ധിജി ക്വിറ്റ് ഇന്ത്യാ സമരത്തിന് ആഹ്വാനം ചെയ്ത് സര്‍ക്കാര്‍ ജോലികള്‍ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഹിന്ദുമഹാ സഭയുടെ അധ്യക്ഷന്‍ സവര്‍ക്കര്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തു: ''ഞാന്‍ ഈ അവസരത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി ഒരു വ്യക്തമായ നിര്‍ദേശം നല്‍കുന്നു. ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള ഉദ്യോഗമോ സ്ഥാനമോ സര്‍ക്കാര്‍ തലത്തില്‍ വഹിക്കുന്നുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയാ യും അതില്‍ ഉറച്ചുനില്‍ക്കണമെന്നും തങ്ങളുടെ കൃത്യനിര്‍വഹണം നല്ല രൂപത്തില്‍ അനുഷ്ഠിക്ക ണമെന്നും കല്‍പിക്കുന്നു'' (R.A.Ravi shankar.  The Real Savarkar, Front line, July 20, 2002).

ദേശീയ പതാകയും ഫാഷിസ്റ്റുകളും
 

ഗോള്‍വാള്‍ക്കര്‍ എഴുതുന്നു: ''അന്തിമമായി രാഷ്ട്രം മുഴുവന്‍ കുങ്കുമപ്പതാകയെ നമിക്കുമെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വിസിക്കുന്നു'' (M.S.Golwalkar. Buch of Thoughts, Bangalore, 1996, Page.237).

വിചാരധാരയില്‍ അദ്ദേഹം എഴുതിയത് കാണുക: ''നമുക്ക് വേണ്ടി നമ്മുടെ നേതാക്കള്‍ ഒരു പുതിയ പതാക നിര്‍മിച്ചിരിക്കുകയാണ്. അവരെന്തിനാണ് അത് ചെയ്തത്? അത് വെറും വ്യതിചലനവും അനുകരണവുമാണ്. സുവര്‍ണ ഭൂതകാലമുള്ള, പ്രാചീനവും മഹത്തരവുമായ രാഷ്ട്രമാണ് നമ്മുടേത്. അന്ന് നമുക്ക് സ്വന്തം പതാക ഇല്ലായിരുന്നോ? തീര്‍ച്ചയായും ഉണ്ടായിരുന്നു. പിന്നെ എന്ത് കൊണ്ടാണ് 

നമ്മുടെ മനസ്സില്‍ ഈ സമ്പൂര്‍ണ ശൂന്യത?'' (M.S.Golwalkar. Buch of Thoughts, Bangalore, 1996, Page.237).

കാവിക്കൊടിയെ നെഞ്ചേറ്റുന്ന കാവി ഭക്തര്‍ക്കെങ്ങനെ ദേശീയ പതാകയെ അംഗീകരിക്കാനാവും? പാശ്ചാത്യ രാജ്യങ്ങളുടെ വിവിധ ഭരണഘടനകളിലെ വിവിധ അനുഛേദങ്ങള്‍ വിളക്കിച്ചേര്‍ത്ത സങ്കരവും ഭാരിച്ചതുമാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് വിശ്വസിക്കുന്നവരുടെ ദേശസ്‌നേഹത്തിന്റെ പേരിലള്ള മുറവിളികള്‍ അഭിസാരികയുടെ ചാരിത്ര്യപ്രസംഗം പോലെയാണ്. ദേശീയ ഗാനത്തിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കിയും ഗോവധത്തിന്റെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കിയും മുന്നേറുന്നവര്‍ക്ക് ഓശാനപാടാന്‍ ചില സ്വൂഫി നേതാക്കള്‍ രംഗത്ത് വന്നതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യം കാലക്രമേണയെങ്കിലും പുറത്തുവരാതിരിക്കില്ല.  

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവ സാന്നിധ്യമറിയിച്ച് ജീവനും സമ്പത്തും രാഷ്ട്രത്തിന് സമര്‍ക്കാന്‍ തയ്യാറായ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ അധിനിവേശം നടത്തിയ ബ്രിട്ടീഷുകാരുടെ ചാരന്മാരായി പണിയെടുത്തവരുടെ മുന്നില്‍ ദേശക്കൂറ് തെളിയിക്കേണ്ടിവരുന്നതിലെ വിരോധാഭാസം ചെറുതല്ല. ഇന്ത്യന്‍ ഭരണഘടന 

അനുശാസിക്കുന്ന രീതിയില്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വകവെച്ച് കൊടുത്ത്, അന്യന്റെ ജീവനും സമ്പത്തിനും നേരെ ഭീഷണിയുയര്‍ത്താതിരിക്കുന്നതും പരസ്പരം സൗഹാര്‍ദത്തോടും സഹവര്‍ത്തിത്വത്തോടും 

കൂടി ജീവിക്കുന്നതും രാഷ്ട്രസ്‌നേഹമാണ്; അതിലുപരി രാജ്യപുരോഗതിക്കത് അനിവാര്യവുമാണ്. അതിന് തയ്യാറില്ലാത്തവര്‍ക്കെന്ത് രാജ്യസ്‌നേഹമാണുള്ളതന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിക്കേണ്ടതുണ്ട്.

ആദര്‍ശ പ്രബോധനം ദേശവിരുദ്ധമോ?

ഫാഷിസം അതിന്റെ കുന്തമുനകള്‍ ഇസ്‌ലാമിക പ്രബോധകര്‍ക്ക് മേലും ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയും വാളോങ്ങി ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്ന വര്‍ത്തമാനകാല സാഹചര്യം എല്ലാം വിശ്വാസികളും മുഖവിലക്കെടുക്കണം. വിശ്വാസിയെ അവന്റെ യഥാര്‍ഥ വിശ്വാസ-കര്‍മ-സാംസ്‌കാരിക മൂല്യങ്ങളില്‍ നിന്നും തെറ്റിച്ച് സമൂഹത്തില്‍ നിന്ന് ഉള്‍വലിയാനും അപകര്‍ഷതയോടെ ജീവിക്കാനും പ്രേരിപ്പിക്കുവാനുള്ള ശ്രമങ്ങളെ ബുദ്ധിപൂര്‍വം നേരിടേണ്ടതുണ്ട്. 

വംശീയാധിപത്യമോഹങ്ങള്‍ സൃഷ്ടിക്കുന്ന അപകടകരമായ ഉന്മാദമാണ് ഫാഷിസത്തിന്റെ മനഃശാസ്ത്രം. ഇത്തരം ചിന്താധാരക്കാര്‍ അധികാരത്തിലേറുമ്പോഴാണ് ഏതുരാജ്യത്തിലും ഭീകരമായ ഫാഷിസ്റ്റ് തേര്‍വാഴ്ചകള്‍ നടക്കുന്നത്. ഇന്ത്യയെപ്പോലുള്ള ബഹുസ്വര ജനാധിപത്യരാജ്യത്ത് വര്‍ഗീയ അജണ്ട എങ്ങനെ നന്നായി നടപ്പിലാക്കാന്‍ കഴിയുമെന്ന് പഠന മനനങ്ങള്‍ നടത്തി രംഗത്തിറങ്ങുന്നവരെ പ്രതിരോധിക്കാന്‍ മതത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്.  ഹിന്ദുക്കളുടെ മനസ്സില്‍ മുസ്‌ലിം വിദ്വേഷത്തിന്റെ വിത്ത് പാകുക എന്നതാണ് സംഘ്പരിവാറിന്റെ പോളിസി. 

വ്യാജവാദങ്ങളും കപടപരിവേഷങ്ങളുമാണ് എക്കാലത്തും എവിടെയും ഫാഷിസത്തിന്റെ മുഖമുദ്ര. അവരുടെ ദുഷ്‌ചെയ്തികള്‍ക്കും അക്രമങ്ങള്‍ക്കുമുള്ള ന്യായീകരണം ഗീബല്‍സിയന്‍ നുണകള്‍ തന്നെ. ഉത്തരേന്ത്യയില്‍ അടുത്ത കാലത്തായി നടന്ന വര്‍ഗീയ കലാപങ്ങളുടെയും കൊപാതകങ്ങളുടെയുമെല്ലാം തുടക്കം നുണപ്രചാരണങ്ങളായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. 

കോര്‍പ്പറേറ്റ് ഭീമന്മാരുടെ കള്ളപ്പണം സ്വീകരിച്ചും പാക്ക് ചാരസംഘടനയായ ഐ.എസ്.ഐ യില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപ്പറ്റിയും 'ദേശക്കൂറ്' കാണിച്ചവര്‍ ആരാണെന്ന് വ്യക്തമായിക്കഴിഞ്ഞതാണ്. നിലനില്‍പിനും നേട്ടങ്ങള്‍ക്കും വേണ്ടി വര്‍ഗീയതയെ താലോലിക്കുകയും വര്‍ഗീയവാദികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നത് ആരായാലും അറിയുക; ഒരു രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ നശിപ്പിക്കാനും സ്വയം നശിക്കാനുമാണ് നിങ്ങള്‍ പണിയെടുക്കുന്നത്. 

തീവ്രവാദം ഏതും എതിര്‍ക്കപ്പെടേണ്ടതാണ്. അതില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ല. ഒരു രാജ്യത്തും അതുണ്ടായിക്കൂടാ. ഐ.എസ് എന്ന ഇസ്‌ലാം വിരുദ്ധ തീവ്രവാദ സംഘടനയെ ലോകമുസ്‌ലിംകള്‍ ഒരുപോലെ എതിര്‍ക്കുന്നത് ശ്രദ്ധേയമാണ്. 

കേരളത്തിലും എല്ലാവിധ തീവ്രചിന്താഗതികള്‍ക്കുമെതിരെ മുസ്‌ലിംകള്‍ ശബ്ദിക്കുന്നുണ്ട്. വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ തീവ്രാദങ്ങള്‍ക്കെതിരായി ഏറ്റവും ആദ്യം പ്രതികരിക്കുകയും ബോധവല്‍കരണം നടത്തുകയും ചെയ്യുന്ന കൂട്ടായ്മയാണ്. വിശുദ്ധ ക്വുര്‍ആനും പ്രവാചക ചര്യയുമാകുന്ന പ്രമാണങ്ങളിലേക്ക് മടങ്ങാനും അവയിലെ ആശയാദര്‍ശങ്ങള്‍ പ്രയോഗവല്‍കരിക്കാനും മുസ്‌ലിം സമുദായം തയ്യാറാവണം. ഒപ്പം ബഹുസ്വരതയുടെ നേര്‍ക്കുള്ള ഏത് ആക്രമണത്തെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പക്ഷത്തുനിന്ന് നേരിടാന്‍ നിര്‍ഭയത്വത്തോടെ മുന്നില്‍ നില്‍ക്കുകയും വേണം.