പ്രാര്‍ഥന: അതാകുന്നു ആരാധന

മൂസ സ്വലാഹി, കാര 

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26

ആരാധനാകര്‍മങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ച മുറപ്രകാരവും രീതിയിലും നിലനിര്‍ത്തുക എന്നതാണ് മനുഷ്യജീവിതത്തിന്റെ പ്രഥമലക്ഷ്യം. അല്ലാഹു പറയുന്നു:

''ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല'' (51:56).

മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവോ, വിഭാഗീയതയോ കാണിക്കാതെ മൊത്തത്തിലായാണ് ഇത് സംബന്ധമായ കല്‍പന അല്ലാഹു നല്‍കിയിരിക്കുന്നത്:

''ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്'' (2:21).

അടിസ്ഥാനപരമായി 'ഇബാദത്ത്' എന്താണെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) നിര്‍വചിച്ചതില്‍നിന്നു മനസ്സിലാക്കാം: ''പ്രത്യക്ഷവും, പരോക്ഷവുമായി അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മൊത്തത്തില്‍ പറയുന്ന പേരാണ് ഇബാദത്ത്''(അല്‍ ഉബൂദീയ്യ ഫില്‍ ഇസ്‌ലാം.പേ/4). ശൈഖ് നാസിറുസ്സഅദി(റ) സൂറഃ ഫാതിഹയുടെ വിശദീകരണത്തില്‍ ഇത് എടുത്ത് പറഞ്ഞിട്ടുണ്ട്. പരമമായ വിനയവും താഴ്മയും ഉള്‍ക്കൊണ്ടുള്ള മനസ്സിന്റെ തേട്ടമാകുന്ന പ്രാര്‍ഥന ആരാധനയില്‍ പ്രധാനമാണ്. അല്ലാഹു പറയുന്നു:

''അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന്നു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും'' (31:30).

അല്ലാഹുവിന് കീഴ്‌പ്പെട്ട് ആത്മാര്‍ഥമായി ആരാധന നിര്‍വഹിക്കാനാണ് ഇസ്‌ലാം കല്‍പ്പിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:

''പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. ഞാന്‍ കീഴ്‌പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക് കല്‍പന നല്‍കപ്പെട്ടിരിക്കുന്നു'' (39:11,12).

ഈ കല്‍പന ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഒരു മുസ്‌ലിമിന് അണുഅളവ് ശിര്‍ക്കുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. എന്നാല്‍ പ്രാര്‍ഥനയും ആരാധനയും ഒന്നല്ലെന്നും പ്രാര്‍ഥനയാകുന്ന വിളിയും ആകാത്ത വിളിയുമുണ്ടെന്നും വിശ്വസിച്ച് അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് അനുവദനീയമാണെന്ന് വാദിക്കുന്നവരും പ്രചരിപ്പിക്കുന്നവരും മുസ്‌ലിം സമൂഹത്തിലുണ്ട്. ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളായ ശിയാക്കള്‍ മെനഞ്ഞുണ്ടാക്കിയ പൊള്ളയായ വിശ്വാസാചാരങ്ങളെ അടിമുടി പിന്‍പറ്റി പോരുന്ന സമസ്തവിഭാഗത്തിലെ ചില പണ്ഡിതന്മാര്‍ എഴുതിയത് കാണുക:

''മരിച്ചുപോയ അമ്പിയാക്കള്‍, ഔലിയാക്കള്‍, സ്വാലീഹീങ്ങള്‍ ഇവരുടെ ദാത്ത,് ജാഹ്, ഹഖ്, ബര്‍ക്കത്ത് എന്നിവ കൊണ്ടുള്ള തവസ്സുല്‍ നേരിട്ടുവിളിക്കല്‍, അവരോട് സഹായത്തിന്നപേക്ഷിക്കല്‍, ആസാറ്‌കൊണ്ട് ബര്‍ക്കത്തെടുക്കല്‍ എന്നിവയും മരിച്ചുപോയ മഹാത്മാക്കള്‍ക്കും മറ്റ് മുസ്‌ലിംകള്‍ക്കും കൂലി ലഭിക്കാനായി ധര്‍മം ചെയ്യല്‍, കോഴി, ആട് മുതലായ ധര്‍മം ചെയ്യാന്‍ നേര്‍ച്ചയാക്കല്‍, അവര്‍ക്കു വേണ്ടി ക്വുര്‍ആന്‍ ഓതലും ഓതിപ്പിക്കലും, ക്വബ്ര്‍ സിയാറത്തും, ക്വബ്‌റാളികള്‍ക്ക് സലാം ചൊല്ലലും അവര്‍ക്ക് വേണ്ടിയുള്ള ദുആയും, സിയാറത്തിനായുള്ള യാത്രയും ആയത്ത്, ഹദീഥ്, മുഅള്ളമായ അസ്മാഅ് എന്നിവ കൊണ്ടുള്ള മന്ത്രവും ഉറുക്കും നൂല്‍, വെള്ളം എന്നിവ ജപിച്ചു കൊടുക്കലും, ബുര്‍ദ ഓതി മന്ത്രിക്കലും, ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ തുടങ്ങിയ ശരിയായ ത്വരീഖത്ത് തുടര്‍ച്ചയായും റാതീബും, ത്വരീഖത്ത് ദിക്‌റുകള്‍ചൊല്ലലും ദലാഇലുല്‍ ഖൈറാത്ത്, ഹിസ്ബുന്നബവി, അസ്മാഉന്നബവി, അസ്മാഉല്‍ ബദ്‌രീയ്യീന്‍, ഹിസ്ബുല്‍ ബഹര്‍ മുതലായ ദിക്‌റുകള്‍ പതിവാക്കലും, തസ്ബീഹ്മാല ഉപയോഗിക്കലും, മന്‍ഖൂസ് മുതലായ മൗലിദുകള്‍, ബദ്‌രീയ്യത്ത് ബൈത്ത്,മ ുഹ്‌യിദ്ദീന്‍മാല, രിഫാഈമാല മുതലായ നിരാക്ഷേപം മുസ്‌ലിംകളില്‍ നടന്ന് വരുന്നതും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ഉലമാക്കളാല്‍ ദീനില്‍ അറിയപ്പെട്ടതുമായ കാര്യങ്ങള്‍ മതവിരുദ്ധമാണെന്നോ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളല്ല. അവര്‍ ഖാസി, ഖത്തീബ്, ഇമാം എന്നീ സ്ഥാനത്തേക്ക് അര്‍ഹരുമല്ല.'' (ഇവരെ എന്ത് കൊണ്ട് അകറ്റണം/ചാലിയം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍/പേ:14,15). 

ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തിയുടെ അധ്യക്ഷതയില്‍ 1933ല്‍ ഫറോക്കില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 6-ാം സമ്മേളനം അംഗീകരിച്ചു പാസ്സാക്കിയ എട്ടാം പ്രമേയമാണിത്. 'മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ,' 'ബദ്‌രീങ്ങളേ കാക്കണേ' പോലെ മരിച്ചുപോയ മഹാത്മക്കളെ വിളിച്ച് പ്രാര്‍ഥിക്കല്‍ ശിര്‍ക്കല്ല മുബാഹ്(അനുവദനീയം)ആണെന്ന് സുന്നികള്‍ 'സുന്നി-മുജാഹിദ് വാദപ്രതിവാദ'ത്തിനായി 1974 ജൂണ്‍ 2ന് കുണ്ടുതോട് ചേര്‍ന്ന സംയുക്തയോഗം തീരുമാനിച്ച വ്യവസ്ഥയില്‍ നിന്നാണിത് (കുണ്ടുതോട് വാദപ്രതിവാദം പേജ്/2).

''അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയുടെ ഉദാഹരണം ക്വുര്‍ആനില്‍ കാണിക്കണമെന്നായിരുന്നു മൗലവിയുടെ മറ്റൊരുവാശി. മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കാമെന്ന് ക്വുര്‍ആന്‍കൊണ്ട് തന്നെ എ.പി സ്ഥാപിച്ചപ്പോള്‍ അവിടെയും മൗലവി മുഖം കുത്തി''(ഒ.എം തരുവണ/കൊട്ടപ്പുറം സംവാദം).

''മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണ എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കുന്നത് അനുവദനീയമാണ്''(പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍/ഫതാവാ മുഹ്‌യിസ്സുന്ന-2/പേജ്/38).

''പ്രാര്‍ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബ്‌ലീസിന്റെ പ്രമേയമാണെന്ന് സുന്നി പണ്ഡിതര്‍ വഹാബികളെ തെര്യപ്പെടുത്തി''(ഹാശിം നഈമി/വഴി പിരിഞ്ഞവര്‍ക്ക് എന്തുപറ്റി/പേജ്/37).

ഇസ്‌ലാമിന് തീര്‍ത്തും അന്യമായ വിശ്വാസമാണിത്. എന്തെന്നാല്‍ 'പ്രാര്‍ഥന; അതുതന്നെയാണ് ആരാധന' എന്നതാണ് ഇസ്‌ലാമിന്റെ സന്ദേശം. അല്ലാഹു പറയുന്നു:

''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച''(40:60).

നുഅ്മാനുബ്‌നു ബഷീര്‍(റ)വില്‍ നിന്ന. നബി(സ്വ)പറഞ്ഞു:''പ്രാര്‍ഥന അതാകുന്നു ആരാധന''(തിര്‍മുദി).

വിശ്വാസപരമായി മതരംഗത്തുണ്ടായിരുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടി കെ.എം മൗലവിയുടെ നേതൃത്വത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കാലഘട്ടത്തില്‍ അദ്ദേഹം എഴുതുകയും അന്നത്തെ പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിദ്ധീകരിക്കുകയും ചെയ്ത 'പ്രാര്‍ഥനയും ആരാധനയും' എന്ന പുസ്തകം ആരംഭിക്കുന്നത് തന്നെ ഈ ആയത്ത് കൊണ്ടാണ്. 

സുന്നീ പണ്ഡിതരില്‍ പ്രധാനിയായിരുന്ന അബ്ദുര്‍റഹ്മാന്‍ മഖ്ദൂമി പൊന്നാനി തന്റെ തഫ്‌സീറിലും  ഈ സത്യം തുറന്നെഴുതിയത് കാണുക: ''പ്രാര്‍ഥന ഒരു ആരാധനയാണ് എന്ന് മാത്രമല്ല പ്രാര്‍ഥനയില്ലാത്തതൊന്നും ആരാധനയാവുകയില്ല. പ്രാര്‍ഥനയും ആരാധനയും അല്ലാഹുവിനോട് മാത്രം. പ്രാര്‍ഥിക്കുക; അവന്‍ നമുക്കുത്തരം ചെയ്യും. അഹങ്കാരികള്‍ മാത്രമെ അല്ലാഹുവിനെ ആരാധിക്കാനും അവനോട് പ്രാര്‍ഥിക്കാനും വിസമ്മതം കാണിക്കുകയുള്ളൂ. ശാശ്വതവും നിന്ദ്യവുമായ നരകീയ ജീവിതമാണവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്''(ക്വുര്‍ആന്‍ പരിഭാഷയും,വ്യാഖ്യാനവും 2/1032).

ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ഒരു പോലെ സമൂഹത്തെ കേള്‍പിച്ച ഈ സത്യം നബി(സ്വ)യും തന്റെ സമൂഹത്തില്‍ പ്രഖ്യാപിച്ചു. അല്ലാഹു പറയുന്നു:

''(നബിയേ,) പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല'' (72:20).

പരമ കാരുണികന്റെ യഥാര്‍ഥ അടിമകള്‍ റബ്ബിനോട് മാത്രം പ്രാര്‍ഥിക്കുന്നവരാണെനും ക്വുര്‍ആന്‍ വ്യക്തമാക്കുന്നു: 

''അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും''(25:68).

പ്രാര്‍ഥന അല്ലാഹു അല്ലാത്തവരോടുമാകാം എന്ന് വാദിക്കുന്നതിനും വിശ്വസിക്കുന്നതിനും യാതൊരുവിധ തെളിവുമില്ലെന്ന് പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു: 

''വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം- അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ- അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച'' (23:117).

പ്രാര്‍ഥനയില്‍ ശിര്‍ക്കെന്ന മായം കലര്‍ത്താന്‍ ദുര്‍ന്യായങ്ങള്‍ നിരത്താന്‍ പരിശ്രമിക്കുന്നവര്‍ ക്വുര്‍ആനിന്റെ താക്കീത് കണ്ടില്ലെന്ന് നടിക്കുകയാണ്. അല്ലാഹു പറയുന്നു:

''അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും'' (46:5,6).

അല്ലാഹു മാത്രമാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും. ഒരു സൃഷ്ടിക്കും അതില്‍ പങ്കില്ല. സൃഷ്ടികളുടെ അറിവിനും കേള്‍വിക്കും പരിധിയും പരിമിതിയുമുണ്ട്. എന്നിട്ടും പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ മുസ്‌ലിം സമൂഹത്തില്‍ പെട്ടവര്‍ പ്രമാണവിരുദ്ധവാക്കുകള്‍ കേട്ട് ജാറങ്ങളിലും മക്വ്ബറകളലും ചെന്ന് സുജൂദ് ചെയ്ത് പ്രാര്‍ഥിക്കുന്നു. നാട്ടിവെച്ച കല്ലിനെയും മരത്തെയും പൂജിക്കുന്നു. തെറ്റിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നു. അഥവാ അത് മനസ്സിലാക്കുന്നതില്‍നിന്ന് അവരെ പുരോഹിതന്മാര്‍ തടയുന്നു. അടിമകളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കാത്തിരിക്കുന്ന സ്രഷ്ടാവുണ്ടല്ലോ എന്നറിയാത്തതാണ് ഏറ്റവും വലിയ അജ്ഞത. അല്ലാഹു പറയുന്നു:

''നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്'' (2:186).

പ്രാര്‍ഥന എന്ന ഇബാദത്ത് അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ച് കൊടുക്കുന്നത് തീര്‍ത്തും തൊറ്റാണെന്ന് ബോധ്യമാക്കിത്തരാന്‍ ലളിതമായ ഉദാഹരണങ്ങളാണ് അല്ലാഹു നടത്തിയീട്ടുള്ളത്. അല്ലാഹു പറയുന്നു:

''അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു'' (13:14).

''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ'' (22:73).

''അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍''(29:41).

ഇത്രമേല്‍ ഇസ്‌ലാം പ്രാധാന്യം നല്‍കിയതിനെ വളരെ  നിസ്സാരമായി കണ്ട് വന്‍ പാപമായ ശിര്‍ക്കിന്റെ വഴി വെട്ടിത്തെളിക്കാന്‍ പ്രമേയങ്ങളും ഫത്‌വകളുമിറക്കുന്നവര്‍ക്ക്  പരലോക രക്ഷയെക്കാള്‍ പ്രാധാന്യം ഇഹലോകനേട്ടമായിരിക്കും എന്നല്ലാതെ മറ്റെന്ത് പറയാന്‍!