മുദ്രവെച്ച ഹൃദയങ്ങള്‍

അന്‍വര്‍ അബൂബക്കര്‍

2017 ജൂലായ് 22 1438 ശവ്വാല്‍ 28

അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ ഗുണകാംക്ഷയോടെ ക്ഷണിക്കുന്നവരാണ് സത്യവിശ്വാസികള്‍. പ്രസ്തുത ക്ഷണത്തെ സ്വീകരിക്കുന്നവരും നിരാകരിക്കുന്നവരുമായി ധാരാളം ആളുകള്‍ സമൂഹത്തില്‍ജീവിക്കുന്നു. മരണാനന്തരം വിജയവും പരാജയവും ദൈവികബോധനത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്നതുമായാണ് ബന്ധപ്പെട്ടുകിടക്കുന്നതെന്ന് തിരിച്ചറിഞ്ഞവര്‍ക്ക് ഈ സന്ദേശം സ്വീകരിക്കാത്തവരുടെ പരലോകജീവിതത്തെ കുറിച്ച് സങ്കടമുണ്ടാകും. അല്ലാഹുവില്‍നിന്നും വന്നെത്തിയ സത്യങ്ങള്‍ നിഷേധിക്കാന്‍ അജ്ഞതയായിരിക്കും പലപ്പോഴും ഇത്തരം ആളുകളില്‍ കാരണമായി ഭവിക്കാറുളളത്. പ്രവാചകന്‍മാര്‍ നല്‍കിയ സദുപദേശങ്ങളും താക്കീതുകളും ഇവരുടെ മനസ്സ് മാറാന്‍ പര്യാപ്തമായവയാണ്.

സത്യം എന്താണെന്ന് മനസ്സിലാക്കിയിട്ടും പിന്നെയും ബോധപൂര്‍വം അതിനെ മറച്ചുവെക്കുകയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവരുടെ സ്ഥിതി മറ്റൊന്നാണ്. അവര്‍ക്ക് ക്വുര്‍ആന്‍ നല്‍കുന്ന താക്കീത് പ്രയോജനപ്പെടുകയില്ല. സ്രഷ്ടാവ് നല്‍കുന്നഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാതിരിക്കുകയും അതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും വിമുഖത കാണിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും സന്മാര്‍ഗം പ്രാപിക്കുകയില്ല. അവരെക്കുറിച്ച് അല്ലാഹു പറഞ്ഞു: ''സത്യനിഷേധികളായ ഒരു കൂട്ടര്‍, അവര്‍ക്ക് നീ താക്കീത് നല്‍കിയാലും, നീ അവര്‍ക്ക് താക്കീത് നല്‍കിയില്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല'' (ക്വുര്‍ആന്‍ 2:6).

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന കാലഘട്ടത്തില്‍അടുത്തവരും ഉറ്റവരുമായവര്‍ ദൈവികബോധനത്തില്‍ വിശ്വസിക്കാത്തതിന്റെ പേരില്‍ പ്രവാചകന് അങ്ങേയറ്റത്തെ ഉത്കണ്ഠയും പ്രയാസവും അനുഭവപ്പെട്ടിരുന്നു. ക്വുര്‍ആനിലെ ചില സൂക്തങ്ങള്‍ നബി(സ്വ)യുടെ ഈ പ്രയാസത്തെ കുറിച്ച് എടുത്തുപറഞ്ഞിട്ടുണ്ട്.

മനഃപൂര്‍വം ദൈവികമാര്‍ഗം അവഗണിക്കുന്നവര്‍ ഇനി വിശ്വസിക്കുന്നവരല്ലെന്ന കാര്യം അല്ലാഹു വെളിപ്പെടുത്തുമ്പോള്‍, അവരെപ്പറ്റിയുള്ള മനഃപ്രയാസങ്ങളും അതിന്റെ ഉത്തരവാദിത്തങ്ങളും പ്രവാചകന് വഹിക്കേണ്ടിവരില്ലെന്ന സമാധാനം അത് നല്‍കുന്നു.

''അവരുടെ ഹൃദയങ്ങള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്. അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്'' (ക്വുര്‍ആന്‍ 2:7).

നിഷേധവും ധിക്കാരവും നിറഞ്ഞവരുടെ ഹൃദയങ്ങളിലേക്ക് അല്ലാഹുവില്‍നിന്നുള്ള ദൃഷ്ടാന്തങ്ങളും താക്കീതുകളും ഉപദേശങ്ങളും പ്രവേശിക്കുകയില്ല. അവരുടെ ഹൃദയങ്ങള്‍ക്ക് അക്കാരണത്താല്‍തന്നെ അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്. ഒരു കത്തിന് മുദ്രവെച്ചാല്‍അതോടുകൂടി അതിന് ഭദ്രതയും അന്തിമരൂപവുമായി. പിന്നീടതിലേക്ക് ഒന്നും കൂട്ടിച്ചേര്‍ക്കുവാനോ ഒഴിവാക്കുവാനോ സാധിക്കുകയില്ല. അതുപോലെയാണ് അല്ലാഹു മുദ്രവെച്ച ഹൃദയങ്ങള്‍. അജ്ഞതകൊണ്ട് ദൈവികമാര്‍ഗം നിഷേധിച്ചവരെക്കുറിച്ചല്ലñ ഈ പരാമര്‍ശം; സത്യം ഗ്രഹിച്ചിട്ടും ധിക്കാരപൂര്‍വം അത് പരിത്യജിക്കുന്നവരാണവര്‍. തിന്മ ബാധിച്ച അവരുടെ ഹൃദയം മരവിച്ചു കഴിഞ്ഞിരിക്കുകയാണ്.

മുഹമ്മദ് നബി(സ്വ) പറഞ്ഞു: ''പായ ഇഴകളാല്‍ ചുറ്റപ്പെട്ടതുപോലെ ഹൃദയം പരീക്ഷണങ്ങളാല്‍ വലയം ചെയ്യപ്പെട്ടുകൊണ്ടിരിക്കും. തിന്മòബാധിച്ച മനസ്സില്‍ഒരു കറുത്ത പുള്ളി വീഴും. അങ്ങനെ അത് വ്യാപിച്ച് ഹൃദയം മുഴുവന്‍ കറുത്ത മുദ്രവെക്കപ്പെട്ട അവസ്ഥയിലെത്തും. അങ്ങനെയവന്‍ നന്മയെ അംഗീകരിക്കുകയോ തിന്മയെ തള്ളിപ്പറയുകയോ ഇല്ല; അവന്റെ ആഗ്രഹങ്ങളോട് യോജിക്കുന്നവ അല്ലാതെ'' (മുസ്‌ലിം).

സ്രഷ്ടാവില്‍നിന്നുളള ഉത്‌ബോധനങ്ങള്‍ നിഷേധിക്കുന്നത് വലിയ തിന്മയാണ്. പ്രസ്തുത തിന്മ ഹൃദയം മുഴുവന്‍ കറുത്ത മുദ്രവെക്കപ്പെട്ട അവസ്ഥയിലായാല്‍ പിന്നീടതില്‍നിന്നുളള മോചനം പ്രയാസകരമാണ്. ''നിങ്ങള്‍ ചിന്തിച്ച് നോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിന്‍മേല്‍ അവന്‍ മുദ്രവെക്കുകയും ചെയ്താല്‍ അല്ലാഹുവല്ലാതെ ഏതൊരു ആരാധ്യനാണ് നിങ്ങള്‍ക്കത് കൊണ്ടുവന്ന് തരാനുള്ളത്?'' (ക്വുര്‍ആന്‍ 6:46).

പരിചിന്തനാര്‍ഹമായ ഒരു ചോദ്യമാണിത്! അല്ലാഹു നല്‍കിയ ഹൃദയവും കണ്ണും കാതും ഉപയോഗപ്പെടുത്തി സ്രഷ്ടാവിനെ മനസ്സിലാക്കുവാനും അവന്റെ കല്‍പനകള്‍ അനുസരിക്കുവാനും സന്നദ്ധമാകേണ്ടവനാണ് മനുഷ്യന്‍. ഈ അനുഗ്രഹങ്ങളൊന്നും ഉപയോഗിക്കാതെ അവനെ നിഷേധിക്കുന്നതും അവന്റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിക്കുന്നവരും അല്ലാഹുവിന്റെ ഈ ചോദ്യത്തെക്കുറിച്ച് ഉറ്റാലോചിക്കേണ്ടതുണ്ട്.

സത്യനിഷേധികളുടെ ഹൃദയങ്ങള്‍ക്ക് മുദ്രവെച്ചിട്ടുണ്ടെന്നതിന്റെ ഉദ്ദേശ്യം അവരുടെ മനസ്സിലേക്ക് സത്യവിശ്വാസം പ്രവേശിക്കാത്ത രൂപത്തില്‍ആദ്യമേ തന്നെ അല്ലാഹു മുദ്ര പതിപ്പിച്ചിട്ടുണ്ട്, അതുകൊണ്ട്. അവര്‍ക്ക് സത്യവിശ്വാസം സ്വീകരിക്കാന്‍ കഴിയാതെ വരുന്നു എന്നാണോ? ഒരിക്കലും അങ്ങനെയല്ല. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃയുടെ പണ്ഡിതന്‍മാര്‍ ക്വുര്‍ആനില്‍നിന്നും തെളിവുകള്‍ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം പഠിപ്പിച്ചു തന്നിട്ടുണ്ട്. ഉദാഹരണത്തിന്, ബനൂ ഇസ്‌റാഈല്യര്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് വിധേയരായ കാരണം. അല്ലാഹു പറയുന്നു:

''എന്നിട്ട് അവര്‍ കരാര്‍ ലംഘിച്ചതിനാലും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചതിനാലും, അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തിയതിനാലും, തങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ് എന്ന് അവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു). തന്നെയുമല്ല, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു ആ മനസ്സുകളുടെ മേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍ അല്‍പമായിട്ടല്ലാതെ അവര്‍ വിശ്വസിക്കുകയില്ല'' (ക്വുര്‍ആന്‍ 4:155).

ഇതുപോലെ, മനുഷ്യരുടെ ഹൃദയങ്ങള്‍ മുദ്രകുത്തപ്പെടാന്‍ കാരണമാക്കിയത് അവരുടെ സത്യനിഷേധം മാത്രമാണെന്നത് അറിയിക്കുന്ന വേറെയും സൂക്തങ്ങള്‍ ക്വുര്‍ആനിലുണ്ട്.

''വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങള്‍ സംശയത്തിലായിക്കൊണ്ടേയിരുന്നു. എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞു. അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു. അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു'' (ക്വുര്‍ആന്‍ 40:34,35).

'മൂസാ തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് എന്നെഉപദ്രവിക്കുന്നത്? ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല''(ക്വുര്‍ആന്‍ 61:5).

ആരംഭത്തില്‍ മനുഷ്യര്‍ കാണിച്ച ധിക്കാരസ്വഭാവം അവര്‍ തുടര്‍ന്നുപോയതിനാലാണ് അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുക്കളഞ്ഞതെന്ന് ഈ സൂക്തങ്ങളെല്ലാം സ്പഷ്ടമായി അറിയിക്കുന്നു.

''ഇതില്‍ (ക്വുര്‍ആനില്‍) ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത് പോലെത്തന്നെ (ഇപ്പോഴും) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും'' (ക്വുര്‍ആന്‍ 6:110).

''അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം. നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും. സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്. അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം. അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്. എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല. അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വികന്മാരുടെ ഐതിഹ്യങ്ങളാണെന്ന്. അല്ല; പക്ഷേ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു'' (ക്വുര്‍ആന്‍ 83: 6-14).

നന്മòതിന്മകള്‍ പ്രവര്‍ത്തിക്കാന്‍ യാതൊരു സ്വാതന്ത്ര്യവും നല്‍കാതെ മനുഷ്യരുടെ മുഴുവന്‍ കര്‍മങ്ങള്‍ അല്ലാഹു സൃഷ്ടിക്കുകയും അതുവഴി മനുഷ്യനെ നിര്‍ബന്ധിക്കുകയുമാണ് അല്ലാഹു ചെയ്തതെന്നവാദം ജഹ്മികളുടേതായിരുന്നു. ഈ വാദം പില്‍കാലത്ത് സ്വൂഫികളും ഇല്‍മുല്‍കലാമിലെ ജബരിയ്യാ വിഭാഗക്കാരുമൊക്കെ ഏറ്റെടുക്കുകയും അത് പരക്കെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനെയൊക്കെ അടിസ്ഥാനപരമായി ഖണ്ഡിക്കുവാന്‍ അഹ്‌ലുസ്സുഃയുടെ പണ്ഡിതന്മാര്‍ക്ക് സാധിച്ചിട്ടുണ്ട്; അവര്‍ അതിനായി ഉദ്ധരിച്ചിട്ടുളള തെളിവ് കൂടിയാണ് മേല്‍ സൂക്തങ്ങള്‍.

മനുഷ്യന് അല്ലാഹു സ്വാതന്ത്ര്യവും ഉദ്ദേശവും ഇച്ഛാശക്തിയും നല്‍കിയിട്ടുണ്ട്. അല്ലാഹു ഹൃദയത്തിന് മുദ്രവെക്കുന്ന അവസ്ഥക്ക് മുമ്പ് ഈ കാര്യങ്ങളെല്ലാം ശരിയായ നിലയ്ക്ക് ഉപയോഗിക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്.