മുന്നൊരുക്കം നടത്തിയാല്‍ ഖേദിക്കേണ്ടി വരില്ല

നൗഷാദ് അഞ്ചല്‍

2017 ഒക്ടോബര്‍ 07 1438 മുഹറം 16

മരണത്തോടുകൂടി മനുഷ്യജീവിതം അവസാനിക്കുന്നില്ല. ഒടുക്കമില്ലാത്ത മറ്റൊരു ജീവിതത്തിലേക്കുള്ള പ്രയാണമാണ് ഐഹിക ജീവിതം. ആ ജീവിതത്തിലേക്കുള്ള പ്രവേശനമാണ് മരണം. ആ ജീവിതം സുഖകരമാകുന്നതിന് ആവശ്യമായ സമ്പത്ത് തയ്യാറാക്കുകയത്രെ മനുഷ്യന്റെ ഈ താല്‍ക്കാലിക ജീവിതത്തിന്റെ ലക്ഷ്യമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്.

ഇഹലോകം കര്‍മ വേദിയാണ്. നന്മയും തിന്മയും ചെയ്യാന്‍ അവസരമുള്ള കര്‍മവേദി.

''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവരുമാകുന്നു'' (ക്വുര്‍ആന്‍ 67:2).

ഇവിടെ നമുക്ക് തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം അല്ലാഹു തന്നിട്ടുണ്ട്:

''തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു'' (ക്വുര്‍ആന്‍ 76:3).

ആരെങ്കിലും അല്ലാഹുവും അവന്റെ റസൂലും കാണിച്ച് തന്നിട്ടുള്ള നേര്‍വഴി തെരഞ്ഞെടുത്താന്‍ അവന്‍ വിജയിച്ചു. അവന് സ്വര്‍ഗം പ്രതിഫലമായുണ്ട്. ആരെങ്കിലും പൈശാചിക പ്രേരണയാലും സ്വന്തം ഇച്ഛകളുടെ പൂര്‍ത്തീകരണത്തിനായും തെറ്റായ വഴി സ്വീകരിച്ചാല്‍ അവന്‍ പരാജയപ്പെട്ടു. അവന് നരകം പ്രതിഫലമായുണ്ട്. 

സത്യവിശ്വാസം സ്വീകരിക്കാത്തതിന്റെയും സല്‍കര്‍മങ്ങള്‍ ചെയ്യാത്തതിന്റെയും പേരില്‍ മനുഷ്യന്‍ ഖേദിക്കേണ്ടി വരുന്ന ചില സന്ദര്‍ഭങ്ങളെ കുറിച്ച് അല്ലാഹു നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.


മരണം വന്നെത്തുമ്പോള്‍

''അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്) തിരിച്ചയക്കേണമേ. ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കവാന്‍ കഴിയത്തക്ക വിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്'' (ക്വുര്‍ആന്‍ 23:99,100).

മരണസമയം എത്തുമ്പോള്‍ തങ്ങളെ ഭൂമിയിലേക്ക് ഒന്നുകൂടി മടക്കിത്തരേണമേ എന്ന് അല്ലാഹുവിനോട് അവര്‍ കേണപേക്ഷിക്കുന്നതാണ്. മടക്കിത്തന്നാല്‍, മുമ്പ് തങ്ങള്‍ വരുത്തിയ വീഴ്ചകളെല്ലാം നികത്തി സല്‍ക്കര്‍മം ചെയ്യാമെന്ന് സങ്കടപ്പെട്ട് പറയും. എന്നാല്‍ അത് കേവലം ഒരു വാക്യം മാത്രം. അവരത് വ്യഥാ ഉരുവിടുന്നുവെന്നല്ലാതെ ഒരു പ്രയോജനവും ആവാക്ക് മൂലം ലഭിക്കുവാനില്ല. മരണത്തില്‍നിന്ന്  'വല്ലവിധേനയും' രക്ഷപ്പെടാന്‍  സാധ്യമല്ലല്ലോ. 

അവിശ്വാസികള്‍ മാത്രമല്ല, സല്‍കര്‍മങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന സത്യവിശ്വാസികളും  മരണസമയത്ത് ഖേദിക്കേണ്ടി വരുമെന്ന് അല്ലാഹു ക്വുര്‍ആനിലൂടെ മനസ്സിലാക്കിത്തരുന്നുണ്ട്. 

''നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും: എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്'' (ക്വുര്‍ആന്‍ 63:10).

ജീവിതകാലത്ത് നല്ല മാര്‍ഗത്തില്‍ ധനം ചെലവാക്കുവാന്‍ മനസ്സു കാണിക്കാത്തവര്‍ മരണവേളയില്‍ ഖേദിക്കുമെന്നും ആ ഖേദം കൊണ്ട് യാതൊരു ഫലവും ലഭിക്കുകയില്ലെന്നും അല്ലാഹു മുന്നറിയിപ്പു നല്‍കുകയാണിതിലൂടെ.


അന്ത്യദിനം സംഭവിക്കുമ്പോള്‍

''മനുഷ്യര്‍ക്ക് ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത്‌നല്‍കുക. അക്രമം ചെയ്തവര്‍ അപ്പോള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ ഞങ്ങള്‍ക്ക് നീ സമയം  നീട്ടിത്തരേണമേ. എങ്കില്‍ നിന്റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്‍കുകയും ദൂതന്മാരെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തുകൊള്ളാം. നിങ്ങള്‍ക്കു (മറ്റൊരു ലോകത്തേക്ക്) മാറേണ്ടിവരില്ലെന്ന് നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? (എന്നായിരിക്കും അവര്‍ക്ക് നല്‍കപ്പെടുന്ന മറുപടി.)'' (ക്വുര്‍ആന്‍ 14:44).

മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവര്‍ അന്ത്യനാളിലെ ശിക്ഷാനുഭവങ്ങള്‍ കാണുമ്പോള്‍, തങ്ങളെ കുറിച്ചു കാലത്തേക്കെങ്കിലും ഒന്നുകൂടി ഇഹലോകത്തേക്കു മടക്കിത്തന്നെങ്കില്‍, തങ്ങള്‍ സത്യമാര്‍ഗവും സത്യവിശ്വാസവും സ്വീകരിച്ചു നന്നായിക്കൊള്ളാമെന്ന് കേണപേക്ഷിക്കും. അതുകൊണ്ട് ഒരു ഫലവും അവര്‍ക്കു ലഭിക്കുവാന്‍ പോകുന്നില്ല. അതിന് ഇടവരുത്താതെ നേരത്തെത്തന്നെ സൂക്ഷിക്കണമെന്ന് അവരെ താക്കീതു ചെയ്യാന്‍ അല്ലാഹു നബി ﷺ യോടു കല്‍പിക്കുകയാണ്.

അല്ലാഹുവിനെ കണ്ട് മുട്ടുമ്പോള്‍

ഇഹത്തിലേക്കു ഒന്നുകൂടി മടക്കി അയച്ചുതന്നാല്‍ തങ്ങള്‍ സല്‍ക്കര്‍മികളായിക്കൊള്ളാമെന്ന് അധര്‍മകാരികളായി ജീവിച്ചവര്‍ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ കേണപേക്ഷിച്ച് കൊണ്ടിരിക്കും. എന്നാല്‍ അവിടെ വെച്ചുള്ള ഖേദപ്രകടനത്തിന് യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു:

''കുറ്റവാളികല്‍ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട് ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ച് കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അതെന്തൊരു കാഴ്ചയായിരിക്കും!)'' (ക്വുര്‍ആന്‍ 32:12).

''...ആകയാല്‍ നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്ന കാര്യം നിങ്ങള്‍ മറന്നുകളഞ്ഞതിന്റെ ഫലമായി നിങ്ങള്‍ ശിക്ഷ ആസ്വദിച്ച് കൊള്ളുക. തീര്‍ച്ചയായും നിങ്ങളെ നാം മറന്നുകളഞ്ഞിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിന്റെ ഫലമായി ശാശ്വതമായ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക'' (ക്വുര്‍ആന്‍:32:13,14).


നരകം കാണിക്കപ്പെടുമ്പോള്‍

''...അപ്രകാരം അവരുടെ കര്‍മങ്ങളെല്ലാം അവര്‍ക്ക് ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കും...'' (ക്വുര്‍ആന്‍ 2:167).

തങ്ങള്‍ക്ക് ലഭിക്കുവാന്‍ പോകുന്ന കഠിനമായ ശിക്ഷകള്‍ കണ്‍മുമ്പില്‍ കാണുമ്പോള്‍, തങ്ങള്‍ ചെയ്തിരുന്ന അക്രമങ്ങളെക്കുറിച്ച് അവര്‍ക്ക് ഖേദം തോന്നും. വമ്പിച്ച അപമാനത്തിന്റ ആ സന്ദര്‍ഭത്തില്‍  അവര്‍ തങ്ങളുടെ ഖേദം കഴിയുന്നത്ര മറച്ചുപിടിക്കുവാന്‍ ശ്രമിക്കും:

''അക്രമം പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളത് മുഴുവന്‍ കൈവശമുണ്ടായിരുന്നാല്‍ പോലും അതയാള്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു. ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിയനുസരിച്ച് തീര്‍പുകല്‍പിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല'' (ക്വുര്‍ആന്‍ 10:54).

പക്ഷേ, അതിനുശേഷം ഖേദവും വ്യസനവും ഒതുക്കിവെക്കുവാന്‍ കഴിയാതെ അവര്‍ പരസ്യമായിത്തന്നെ സങ്കടം വിളിച്ചു പറയുന്നതാണ്, വിലപിക്കുന്നതാണ്!

''...എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ കളിയാക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ'' (ക്വുര്‍ആന്‍ 39:56).

''അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നിര്‍ഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങള്‍ വഴിപിഴച്ച ഒരു ജനവിഭാഗമായിപ്പോയി'' (ക്വുര്‍ആന്‍ 23:106).

''അവര്‍ നരകത്തിങ്കല്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍ അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ (ഇഹലോകത്തേക്ക്) ഒന്നു തിരിച്ചയക്കപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്യുമായിരുന്നു. അല്ല, അവര്‍ മുമ്പ് മറച്ചുവെച്ചുകൊണ്ടിരുന്നത് (ഇപ്പോള്‍) അവര്‍ക്ക് വെളിപ്പെട്ടിരിക്കുന്നു. തിരിച്ചയക്കപ്പെട്ടാല്‍ തന്നെയും അവര്‍ എന്തില്‍ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്ക് തന്നെ അവര്‍ മടങ്ങിപ്പോകുന്നതാണ്. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാകുന്നു'' (ക്വുര്‍ആന്‍ 6:27,28).

അവരെയും അവരുടെ സ്ഥിതിഗതികളെയും സംബന്ധിച്ച് അവരെക്കാള്‍ അറിയുന്നവനാണല്ലോ അല്ലാഹു. നരകശിക്ഷ കണ്ണില്‍ കാണുന്ന അവസരത്തില്‍, ഞങ്ങളെ ഒന്നുകുടി ഐഹിക ജീവിതത്തിലേക്ക് മടക്കിത്തന്നിരുന്നെങ്കില്‍ നന്നായിരുന്നു; എന്നാല്‍ ഞങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചേനെ എന്നും മറ്റും അവര്‍ വിലപിക്കുകയും വ്യാമോഹിക്കുകയും ചെയ്യും. അവര്‍ മുമ്പ് മൂടിവെച്ചും നിഷേധിച്ചും കൊണ്ടിരുന്നതിന്റെ ഫലം അനുഭവത്തില്‍ വെളിപ്പെട്ടു കണ്ടത് കൊണ്ടുണ്ടായ ഒരു പ്രതികരണം മാത്രമാണത്. അവരെ ഇഹലോകത്തേക്ക് മടക്കിഅയച്ചാലും പഴയ സമ്പ്രദായം തന്നെ ആവര്‍ത്തിക്കുകയായിരിക്കും അവര്‍ ചെയ്യുക. 


നരകശിക്ഷ അനുഭവിക്കുമ്പോള്‍

''അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പറത്തയക്കണമേ. (മുമ്പ്) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മം ചെയ്തുകൊള്ളാം. (അപ്പോള്‍ അല്ലാഹു പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല'' (ക്വുര്‍ആന്‍ 35:37)

നരകത്തില്‍ കിടന്ന് അലമുറയിട്ട് കരഞ്ഞുകൊണ്ട് ഖേദം പ്രകടിപ്പിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന മറുപടി ഇപ്രകാരമായിരിക്കും:

''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതില്‍ നിന്ന് പുറത്ത് കൊണ്ടുവരേണമേ. ഇനി ഞങ്ങള്‍ (ദുര്‍മാര്‍ഗത്തിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും. അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ അവടെത്തന്നെ നിന്ദ്യരായിക്കഴിയുക. നിങ്ങള്‍ എന്നോട് മിണ്ടിപ്പോകരുത്'' (ക്വുര്‍ആന്‍: 23:107,108).

''അതിനാല്‍ ഞങ്ങള്‍ക്കൊന്നു മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍. എങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു'' (ക്വുര്‍ആന്‍: 26:102)

മുശ്‌രിക്കുകളോ, അവിശ്വാസികളോ മാത്രമല്ല ഈ വിധം ഖേദപ്രകടനങ്ങള്‍ നടത്തുക എന്നും  അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നതിലും സല്‍കര്‍മങ്ങള്‍ ചെയ്യുന്നതിലും വീഴ്ച വരുത്തിയിട്ടുള്ള വിശ്വാസികളും ഖേദിക്കേണ്ടി വരുമെന്നും അല്ലാഹു വ്യക്തമാക്കുന്നുണ്ടെന്നത് ഗൗരവത്തോടെ നാം മനസ്സിലാക്കേണ്ടതുണ്ട്.

പിന്നീട് ഖേദിക്കാതിരിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴാണ് നടത്തേണ്ടത്. അതിന് വേണ്ടിയാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചതും.

''നിങ്ങള്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട ഏറ്റവും ഉത്തമമായത് നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക'' (ക്വുര്‍ആന്‍ 39:55).

''എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായും ഞാന്‍ കളിയാക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്'' (ക്വുര്‍ആന്‍ 39:55).

''അല്ലെങ്കില്‍ ശിക്ഷ നേരില്‍ കാണുന്ന സന്ദര്‍ഭത്തില്‍ എനിക്കൊന്ന് മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ സദ്‌വൃത്തരുടെ കൂട്ടത്തില്‍ ആകുമായിരുന്നു എന്ന് പറഞ്ഞേക്കുമെന്നതിനാല്‍'' (ക്വുര്‍ആന്‍ 39:55).