സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

ശഹീറുദ്ദീന്‍ ചുഴലി 

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20

(ഭാഗം: 3)

(ഇമാം ഇബ്‌നുഅബീദാവൂദ്(റഹി)യുടെ 'അല്‍മന്‍ളൂമതുല്‍ ഹാഇയ്യഃ' എന്ന ഗ്രന്ഥത്തിന്റെ ആദ്യ വരിയുടെ വിശദീകരണം)

ഭാഷാപരമായി ബിദ്അത്ത് എന്ന് മുന്‍മാതൃകയില്ലാതെ പുതുതായി ആവിഷ്‌കരിക്കുന്ന കാര്യങ്ങള്‍ക്കാണ് പറയുക. 'ബദീഉസ്സമാവാതി വല്‍ അര്‍ദ്വ്' എന്ന് അല്ലാഹുവിനെ സംബന്ധിച്ച് പറഞ്ഞത് ഈ അര്‍ഥത്തിലാണ്. മുന്‍മാതൃകയില്ലാതെ ആകാശ ഭൂമികളെ പടച്ചവന്‍ എന്നാണ് അതിന്റെ സാരം. ഞാന്‍ പ്രവാചകന്‍മാരില്‍ ആദ്യത്തെ ആളല്ല, പുതിയ ആളല്ല എന്ന് പറയുവാന്‍ നബി ﷺ യോട് അല്ലാഹു കല്‍പിച്ചപ്പോഴും അല്ലാഹു പ്രയോഗിച്ചത് 'ബിദ്അത്ത്' എന്ന പദമാണ്. 

''(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല'' (സൂറഃ അഹ്ഖാഫ്:9).

ഭാഷാ പണ്ഡിതന്മാരെല്ലാം 'ബദഅ' എന്ന ക്രിയക്ക് ഈ അര്‍ഥമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ശറഇല്‍ (മതത്തില്‍) ബിദ്അത്ത് എന്നാല്‍ എന്ത് എന്ന് പ്രവാചകന്‍ ﷺ തന്നെ പഠിപ്പിച്ചിട്ടുണ്ട്. റസൂല്‍ ﷺ പറഞ്ഞു: ''ആരെങ്കിലും ദീനില്‍ (മതത്തി ല്‍) പെടാത്ത വല്ലതും ദീനില്‍ ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്''(ബുഖാരി, മുസ്‌ലിം).

ഇതില്‍ റസൂല്‍ ﷺ ഒരു കാര്യം ബിദ്അത്താകാന്‍ മൂന്ന് കാര്യങ്ങള്‍ വേണമെന്ന് പഠിപ്പിക്കുന്നുണ്ട്:


1. പുതുതായി ഉണ്ടാക്കുക.

2. അത് ദീനില്‍ ചേര്‍ക്കുക.

3. അതിന് പൊതുവായോ പ്രത്യേകമായോ രേഖയില്ലാതിരിക്കുക.

ഈ മൂന്ന് കാര്യങ്ങള്‍ ഒത്തുചേര്‍ന്ന് വന്നാല്‍ അത് ബിദ്അത്താണ്. ഇതേ ആശയത്തില്‍ തന്നെ റസൂല്‍ ﷺ പറഞ്ഞ മറ്റൊരു ഹദീഥ് കൂടി ശ്രദ്ധിക്കുക:

''ആരെങ്കിലും നമ്മുടെ കല്‍പനയില്ലാത്ത ഒരു കാര്യം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്'' (മുസ്‌ലിം)

ശേഷക്കാരായ പണ്ഡിതന്മാരെല്ലാം റസൂല്‍ ﷺ പറഞ്ഞ ഇതേ വിശദീകരണമാണ് ബിദ്അത്തിന് നല്‍കിയിട്ടുള്ളത്. വളരെ പ്രധാനപ്പെട്ട ചില വിശദീകരണങ്ങള്‍ താഴെ കൊടുക്കാം:

ഇമാം ഇബ്‌നു റജബ് അല്‍ ഹമ്പലി(റഹി)യുടെ വിശദീകരണം: അദ്ദേഹം തന്റെ പ്രസിദ്ധ ഗ്രന്ഥമായ ജാമിഉല്‍ ഉലൂമി വല്‍ഹികം എന്ന ഗ്രന്ഥത്തില്‍ മേല്‍ സൂചിപ്പിച്ച ഹദീസ് വിശദീകരിക്കവെ പറഞ്ഞു: ''ബിദ്അത്ത് എന്നാല്‍ ശരീഅത്താണെന്നറിയിക്കുന്ന രേഖകളൊന്നുമില്ലാത്ത, പുതുതായി ഉണ്ടായ കാര്യങ്ങളാണ്. ഇനി ശരീഅത്തില്‍ പെട്ടതാണെന്നറിയിക്കുന്ന വല്ല രേഖയുമുണ്ടെങ്കില്‍ അത് ശറഇല്‍ ബിദ്അത്തല്ല ഭാഷാപരമായി ബിദ്അത്തെന്ന് പറയുമെങ്കിലും'' (ജാമിഉല്‍ ഉലൂം). 

റസൂല്‍ ﷺ പറഞ്ഞ അതേ വിശദീകരണമാണ് ഇമാം ഹമ്പലിയും നല്‍കിയിട്ടുള്ളത്. ബിദ്അത്തിന്റെ വിശദീകരണം പറയുന്നിടത്ത് പണ്ഡിതന്‍മാരെല്ലാവരും ശ്രദ്ധിച്ച ഒരു കാര്യമാണ് പൊതുവായോ പ്രത്യേകമായോ രേഖയുണ്ടോ എന്നത്. പൊതുവായോ പ്രത്യേകമായോ രേഖയുണ്ടെങ്കില്‍ അത് ബിദ്അത്തല്ല. തെളിവില്ലായെങ്കിലാണ് ബിദ്അത്താവുക.

ബിദ്അത്തിനെ വിശദീകരിച്ച മറ്റൊരു പണ്ഡിതനാണ് ഇമാം ശാത്വിബി(റഹി). അദ്ദേഹം തന്റെ വിശ്വ പ്രസിദ്ധ ഗ്രന്ഥമായ അല്‍ ഇഅ്തിസ്വാമില്‍ പറഞ്ഞു: ''ശറഇയ്യായ പ്രവര്‍ത്തനങ്ങളോട് സാദൃശ്യമുള്ളവ ചെയ്യുമ്പോള്‍ ശറഇയ്യായ കാര്യങ്ങള്‍ ചെയ്യുന്ന പ്രതീതിയോടെ ചെയ്യുന്ന, ദീനില്‍ ഉണ്ടാക്കപ്പെട്ട മാര്‍ഗത്തിനാണ് ബിദ്അത്ത് എന്ന് പറയുക.''

ഇവിടെ ഇമാം ശാത്വിബി, ഇബ്‌നു റജബുല്‍ ഹമ്പലി പറയാത്ത ഒരു കാര്യം എടുത്തു പറഞ്ഞു: അത് 'ചെയ്യുന്നതിലൂടെ പ്രതിഫലം ആഗ്രഹിക്കുക' എന്നതാണ്; 'ശറഇയ്യായ കാര്യങ്ങള്‍ ചെയ്യുന്ന പ്രതീതിയോടെ' എന്നതുകൊണ്ട്ïഅതാണുദ്ദേശിക്കുന്നത്. ഇത് റസൂല്‍ ﷺ പഠിപ്പിച്ച മൂന്ന് കാര്യങ്ങളില്‍ രണ്ടാമത്തേതിന്റെ കീഴില്‍ വരുന്നതാണ്. കാരണം, ദീനില്‍ ചേര്‍ക്കുമ്പോള്‍ സ്വാഭാവികമായും പ്രതിഫലം ആഗ്രഹിക്കും. സ്വാഭാവികമായതിന്റെ പേരിലോ ദീനില്‍ ചേര്‍ക്കുക എന്ന് പറയുന്നതിലൂടെ ആ അര്‍ഥവുംകിട്ടും എന്നത് കൊണ്ടോ ആവണം ഇമാം ഇബ്‌നു റജബുല്‍ ഹമ്പലി അത് പറയാതിരുന്നത്. മാത്രവുമല്ല, ബിദ്അത്തിന്റെ പ്രധാന മാനദണ്ഡം തന്നെ അതിന് ദീനില്‍ തെളിവുണ്ടോ ഇല്ലേ എന്നതാണ്.

ബിദ്അത്തിന് വിശദീകരണം നല്‍കിയ മറ്റൊരു പണ്ഡിതനാണ് ഇമാം ഹാഫിദ്വ് ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി (റഹി). അദ്ദേഹം തന്റെ ലോക പ്രശസ്ത ഗ്രന്ഥമായ ഫത്ഹുല്‍ ബാരിയില്‍ റസൂല്‍ ﷺ യുടെ 'എല്ലാ ബിദ്അത്തുകളും വഴികേടാണ്' എന്ന വാചകം വിശദീകരിച്ച് കൊണ്ട് പറഞ്ഞു: ''അതായത് ദീനില്‍ പൊതുവായോ പ്രത്യേകമായോ തെളിവില്ലാത്ത പുതുതായി ഉണ്ടായ കാര്യമാണ് ബിദ്അത്ത്.''

റസൂല്‍ ﷺ യുടെ 'പുതുതായി ഉണ്ടായ കാര്യങ്ങളെ സൂക്ഷിക്കുക' എന്ന വാചകത്തെ വിശദീകരിച്ചും അദ്ദേഹം പറഞ്ഞു: ''അതു കൊണ്ടുള്ള ഉദ്ദേശം ദീനില്‍ യാതൊരു രേഖയുമില്ലാത്ത പുതുതായി ഉണ്ടായ കാര്യങ്ങളാണ്. ദീനിന്റെ ഭാഷയില്‍ അതിന് ബിദ്അത്ത് എന്നാണ് പറയുക. എന്നാല്‍ ശറഇല്‍ രേഖയുള്ള കാര്യമാണെങ്കില്‍ അത് ബിദ്അത്തല്ല താനും.''

ഇമാം ഹാഫിദ്വിന്റെ ഈ വാക്കുകളിലൂടെ ബിദ്അത്ത് എന്താണെന്ന് വ്യക്തമാണ്. റസൂല്‍ ﷺ ബിദ്അത്തിനെക്കുറിച്ച് പറഞ്ഞ അതേ ആശയമാണ് ഈ പണ്ഡിതന്മാരെല്ലാം വിശദീകരിച്ചതെന്ന് വ്യക്തം. 

ഇബ്‌നു ഉസൈമീന്‍ (റഹി) പറഞ്ഞു: ''ബിദ്അത്തെന്നാല്‍ വിശ്വാസത്തിലോ കര്‍മത്തിലോ പ്രവാചകന്‍ ﷺ യും സ്വഹാബത്തും നിലകൊണ്ട പാതയ്‌ക്കെതിരായുള്ള പുതുതായ കാര്യങ്ങളാണ്'' (ശറഹു ലുംഅത്തുല്‍ ഇഅ്തിക്വാദ്).

വളരെ സംക്ഷിപ്തവും എന്നാല്‍ വിശാലമായ അര്‍ഥമുള്ളതുമായ ഒരു വിശദീകരണമാണിത്. ഇതുപോലെ വിശദീകരണം നല്‍കിയ മറ്റൊരു പണ്ഡിതനാണ് ഹാഫിദ്വുല്‍ ഹകമീ. അദ്ദേഹം മആരിജുല്‍ ക്വുബൂല്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞു: ''ബിദ്അത്തെന്നാല്‍ അല്ലാഹു അനുവദിക്കാത്തതും പ്രവചാകനോ സ്വഹാബത്തോ നിലകൊള്ളാത്തതുമായ കാര്യം ശറആക്കലാണ്.'' 

ഈ പറഞ്ഞ വിശദീകരണങ്ങളൊന്നും വൈരുധ്യം പുലര്‍ത്തുന്നില്ല. എല്ലാം വൈവിധ്യങ്ങളുള്ള വിശദീകരണങ്ങളാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ബിദ്അത്തെന്നാല്‍ പൊതുവായോ പ്രത്യേകമായോ രേഖയില്ലാത്ത, പ്രവാചകന്റെയും സ്വഹാബത്തിന്റെയും മാര്‍ഗത്തിനെതിരായ പുതിയ കാര്യങ്ങള്‍ അല്ലാഹുവിന്റെ ദീനില്‍ നിയമമാക്കലാണ്. അല്ലാഹുവാണ് ഏറെ അറിയുന്നവന്‍.

ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെറ്റുന്നവര്‍ ചെന്നെത്തുന്നത് ബിദ്അത്തിലാണ് എന്നതിനാല്‍ ബിദ്അത്തിനെ സംബന്ധിച്ച് ഒരല്‍പം കാര്യഗൗരവത്തോടെ വിശദീകരിക്കേണ്ടതുണ്ട്.

ജനങ്ങള്‍ ഒരു കാലത്ത് ഒറ്റ സമൂഹമായിരുന്നു. പിന്നീടവര്‍ ഭിന്നിച്ച് സത്യത്തില്‍ നിന്നും വ്യതിചലിച്ച് വിഭിന്ന കക്ഷികളായി മാറി.

അല്ലാഹു പറയുന്നു: ''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്‌സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു'' (ക്വുര്‍ആന്‍ 2:213).

അങ്ങനെ അവസാന പ്രവാചകന്‍ മുഹമ്മദ് ﷺ യെ അല്ലാഹു നിയോഗിക്കുമ്പോള്‍ ജനങ്ങള്‍ വ്യക്തമായ വഴികേടിലായിരുന്നു. കല്ലുകളെയും മരങ്ങളെയും ജിന്നുകളെയും മലക്കുകളെയും നക്ഷത്രങ്ങളെയും ജോത്സ്യന്മാരെയും പിശാചുക്കളെയും മറ്റും ആരാധിക്കുന്നവരായിരുന്നു. അവരില്‍ തത്ത്വജ്ഞാനികളും കവികളും പ്രാസംഗികരും ഭക്തന്മാരുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും അവര്‍ക്ക് വെളിച്ചം നല്‍കാന്‍ പര്യാപ്തമായിരുന്നില്ല. നബി ﷺ യുടെ വരവോടു കൂടി അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുട്ടില്‍ കഴിഞ്ഞവര്‍ സത്യവിശ്വാസത്തിന്റെയും സദാചാരത്തിന്റെയും വെളിച്ചത്തിലേക്ക് വഴി നടക്കുകയുണ്ടായി. അങ്ങനെ റസൂല്‍ ﷺ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. നല്ല ഒരു തലമുറയെ വാര്‍ത്തെടുത്തു. അദ്ദേഹത്തിന്റെ വിയോഗത്തിന് മുമ്പ് തെളിമയാര്‍ന്ന മാര്‍ഗം അവര്‍ക്ക് അദ്ദേഹം വരച്ചു കാണിച്ചു. അങ്ങനെ സ്വഹാബാക്കള്‍ ക്വുര്‍ആനിനെയും സുന്നത്തിനെയും മൂലപ്രമാണങ്ങളാക്കി ദീന്‍ മനസ്സിലാക്കുകയും അതിനെ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്തു. അവരില്‍ പിഴച്ചവരുണ്ടായില്ല. ദീനിനെ വളച്ചൊടിച്ചവരോ വിതണ്ഡ വാദക്കാരോ അവരില്‍ തലപൊക്കിയില്ല. അതെ, അവര്‍ നേരായ പാതയില്‍ തന്നെയായിരുന്നു. അടിസ്ഥാനപരമായി അവര്‍ ഐക്യത്തിലും സത്യത്തിലുമായിരുന്നു. 

എന്നാല്‍ ഉസ്മാന്‍(റ)വിന്റെ ഭരണ കാലത്ത് ചില തല്‍പര കക്ഷികള്‍ ഇസ്‌ലാമിലേക്ക് രംഗ പ്രവേശനം നടത്തി. കുഴപ്പങ്ങളുണ്ടാക്കി മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പും ചേരിതിരിവുമുണ്ടാക്കി.

ഈ ഭിന്നിപ്പിന്റെ മുഖ്യധാരയിലുണ്ടായിരുന്നവര്‍ രണ്ട് കൂട്ടരാണ്.

1. ഇസ്‌ലാമിനെ നശിപ്പിക്കുവാന്‍ വേണ്ടി ഒരുങ്ങിപ്പുറപ്പെട്ട അസൂയാലുക്കള്‍.

2. ദേഹേഛക്കാരും അനാചാരക്കാരും.

ഖേദകരമെന്ന് പറയട്ടെ, ഇവരുടെ ഈ ദുഷ് പ്രവര്‍ത്തനത്തെ അറിവില്ലാത്തവരും തുടക്കക്കാരും വഞ്ചിക്കപ്പെട്ട ചില സാധാരണക്കാരും പിന്താങ്ങി. അങ്ങനെ ഈ ഉമ്മത്തിലും വിഭിന്ന കക്ഷികള്‍ ആരംഭം കുറിക്കുകയുണ്ടായി.


ബിദ്ഇകളില്‍ നേതൃത്വത്തിലുള്ളവര്‍

ബിദ്ഈ കക്ഷികളില്‍ പെട്ട പ്രധാനികളായ ചിലരെ സംബന്ധിച്ച് നമുക്ക് ചെറിയ തോതില്‍ മനസ്സിലാക്കാം. എല്ലാ ബിദ്ഈ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനം ചില പ്രധാന വിഭാഗങ്ങളിലേക്കാണ് മടങ്ങുന്നത്.


1) ഖവാരിജുകള്‍

 അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയില്‍ നിന്നും വിഘടിച്ച് പുറത്തുപോയ ആദ്യവിഭാഗമാണ് ഇവര്‍. ഇവരോട് സ്വഹാബാക്കള്‍ സംവാദം നടത്തുകയും തെളിവ് നിരത്തുകയും ചെയ്തിട്ടുണ്ട്. ചിലര്‍ മടങ്ങി, പശ്ചാതപിച്ചു. ബാക്കിയുള്ളവരോട് സ്വഹാബത്തിന് യുദ്ധംചെയ്യേണ്ടി വന്നിട്ടുണ്ട്. 


2) ശീഈകള്‍ 

ഖവാരിജുകളുടെ രംഗപ്രവേശനത്തിന് ശേഷം തൊട്ടുപിറകില്‍ വന്ന മറ്റൊരു കക്ഷിയാണ് ശീഈകള്‍ (ശിയാക്കള്‍). അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതനാണ് ഇതിന്റെ സ്ഥാപകന്‍. എല്ലാ ഫിത്‌നകളുടെയും ചെങ്കോല്‍ വഹിച്ച ദുഷ്ടന്‍. ഇവരോടും സ്വഹാബാക്കള്‍ ശക്തമായി എതിര്‍ത്തു നിന്നിട്ടുണ്ട്.


3) ക്വദ്‌രികള്‍

സ്വഹാബാക്കളുടെ കാലഘട്ടത്തിന്റെ അവസാന സമയത്ത് രംഗപ്രവേശനം ചെയ്തവരാണ് ക്വദ്‌രികള്‍. ഇവരോടും സ്വഹാബാക്കളുടെ നിലപാട് തഥൈവ. ഇവരോട് എതിരിടുന്നതില്‍ സ്വഹാബാക്കള്‍ കാര്‍ക്കശ്യം കാണിച്ചു. ഇവരില്‍നിന്ന് പൂര്‍ണമായും ഒഴിവാകുവാന്‍ അവര്‍ കല്‍പിച്ചു. 

ഗീലാന്‍ അദ്ദിമശ്കീ എന്ന ഇവരുടെ നേതാവിനെ ചില താബിഈങ്ങളുടെ ഫത്‌വ പ്രകാരം ഉമവീ ഭരണാധികാരി ഹിശാമി ബ്‌നു അബ്ദില്‍ മാലിക് വകവരുത്തുക വരെയുണ്ടായി. 


4) ജഹ്മികള്‍

സ്വഹാബാക്കളുടെ കാലശേഷം അല്‍ ജുഹ്ദിബിനു ദിര്‍ഹമിന്റെയും ശിഷ്യന്‍ ജഹ്മിബ്‌നു സ്വഫ് വാന്റെയും കരങ്ങളാല്‍ സ്ഥാപിതമായ ബിദ്ഈ കക്ഷിയാണ് അല്ലാഹുവിന്റെ സ്വിഫാത്ത് (വിശേഷണങ്ങള്‍) നിഷേധികളായ ഇവര്‍. എന്നാല്‍ മുസ്‌ലിം സമൂഹം ഇവരോടും ശക്തമായ നിലപാടിലായിരുന്നു. ഈ രണ്ടു നേതാക്കന്മാരും പിന്നീട് വധിക്കപ്പെടുകയാണുണ്ടായത്.


5) മുഅ്തസിലികള്‍

അതേസമയം രംഗത്തുവന്ന മറ്റൊരു ബിദ്ഈ കക്ഷിയാണിത്. ഹസനുല്‍ ബസ്വരി(റഹി)യുടെ ശിഷ്യന്മാരായ വാസിലു ബ്‌നു അത്വാഉം അംറു ബ്‌നു ഉബൈദും അദ്ദേഹത്തോട് ഈമാനിന്റെ വിഷയത്തില്‍ തെറ്റിപ്പിരിഞ്ഞാണ് ഈ ചിന്താഗതി രൂപപ്പെടുന്നത്. ഹസനുല്‍ ബസ്വരി(റ)യോട് തെറ്റിപ്പിരിഞ്ഞതിനാലാണ് ഇവര്‍ മുഅ്തസിലികള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടത്.

ഈമാനിന്റെ വിഷയത്തിലാണ് തെറ്റിയതെങ്കിലും പിന്നീട് ക്വദ്‌റിനെയും സ്വിഫാത്തിനെയും നിഷേധിക്കുന്നിടത്തേക്ക് അവരെത്തി. ഇവരുടെ മുന്‍ തലമുറകളോടുള്ള അതേ സമീപനമാണ് അഹ്‌ലുസ്സുന്ന ഇവരോടും സ്വീകരിച്ചത്.


6) മുര്‍ജിയാക്കള്‍

ഖവാരിജീ, മുഅ്തസിലീ ചിന്താഗതികള്‍ക്ക് നേര്‍വിപരീതമായ വാദവുമായി രംഗത്ത് വന്നരാണിവര്‍. ഇവരില്‍ അഹ്‌ലുസ്സുന്ന കുഫ്ര്‍ വിധിച്ചവരും വഴികേടിലാണെന്ന് പറഞ്ഞവരുമുണ്ട്. അഹ്‌ലുസ്സുന്നയുടെ ഇവരോടുള്ള സമീപനവും മറ്റൊന്നായിരുന്നില്ല എന്നര്‍ഥം.

ഈ ആറ് വിഭാഗക്കാരാണ് ബിദ്ഇകളില്‍ പ്രധാനികള്‍. ഇവരില്‍ മുഅ്തസിലികളും ക്വദ്‌രികളും ഏകദേശം തുല്യ വാദക്കാരാണ്. ഈ പിഴച്ച ചിന്താധാരകളുടെ ബാക്കിപത്രങ്ങളായ മറ്റു വിഭാഗങ്ങള്‍ പില്‍ക്കാലത്ത് രംഗപ്രവേശനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരോടുള്ള അഹ്‌ലുസ്സുന്നയുടെ നിലപാട് സുവ്യക്തവും സുതാര്യവുമായിരുന്നു. ഇവരോടുള്ള സമീപനം എക്കാലത്തും ഒന്നായിരുന്നു.

(തുടരും)