ഉദ്‌ബോധനങ്ങളോടുള്ള സമീപനം

ത്വല്‍ഹത്ത് സ്വലാഹി

2017 ഏപ്രില്‍ 15 1438 റജബ് 18

മനുഷ്യര്‍ വ്യത്യസ്ത തരക്കാരാണ്. വിശ്വാസങ്ങളിലും കര്‍മങ്ങളിലും സംസാരങ്ങളിലും സംസ്‌കാരങ്ങളിലും സ്വഭാവങ്ങളിലും സമീപനങ്ങളിലും ഇടപാടുകളിലും ഇടപഴകലുകളിലുമെല്ലാം ഈ ഭിന്നത നമുക്ക് കാണാന്‍ സാധിക്കും. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിഭിന്നമാണന്നാണല്ലോ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്:

''തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു'' (92:4).

ഇസ്‌ലാമിക നിയമങ്ങള്‍ സ്വീകരിക്കുന്നതിലും പ്രവാചക ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതിലും മനുഷ്യര്‍ വിവിധ രൂപത്തിലുള്ളവരാണ്. ഇസ്‌ലാമികാധ്യാപനങ്ങളെ ചിലര്‍ ആദര്‍ശവും ആവശ്യവുമായി കാണുമ്പോള്‍ മറ്റു ചിലര്‍ ഒരു ആവേശവും ഹരവുമായി മാത്രമാണ് കാണുന്നത്. മറ്റു ചിലരാകട്ടെ കേള്‍ക്കാന്‍ തന്നെ മനസ്സ് കാണിക്കാത്തവരും വേറെ ചിലര്‍ കേട്ടാല്‍ തന്നെ പരിഹസിച്ച് തള്ളുന്നവരുമാണ്.

ചില സമീപനങ്ങള്‍

1. കേള്‍ക്കാന്‍ തന്നെ മനസ്സ് കാണിക്കാത്തവര്‍:

അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പിക്കുമ്പോള്‍ അതിനു ചെവി കൊടുക്കാതെ മാറിപ്പോകുന്ന, എനിക്കൊന്നും കേള്‍ക്കേണ്ട, എന്നൊടൊന്നും ഉപദേശിക്കേണ്ട എന്ന നിലപാട് സ്വീകരിക്കുന്നവര്‍. ഇത് അവിശ്വാസികളുടെ സ്വഭാവമായിട്ടാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.

അല്ലാഹു പറയുന്നു: ''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു. എന്നിട്ട് എന്റെ വിളി അവരുടെ ഓടിപ്പോക്ക് വര്‍ധിപ്പിക്കുക മാത്രമെ ചെയ്തുള്ളൂ. തീര്‍ച്ചയായും, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ അവരുടെ വിരലുകള്‍ കാതുകളില്‍ വെക്കുകയും അവരുടെ വസ്ത്രങ്ങള്‍ മൂടിപ്പുതക്കുകയും അവര്‍ ശഠിച്ചു നില്‍ക്കുകയും കടുത്ത അഹങ്കാരം നടിക്കുകയുമാണ് ചെയ്തത്'' (71:5-7).

കേള്‍ക്കാന്‍ തന്നെ തയ്യാറാകാത്ത, കേട്ടാല്‍ തന്നെ കേള്‍ക്കാത്ത പോലെ മാറിപ്പോകുന്ന ഇത്തരക്കാര്‍ക്ക് അപമാനകരമായ ശിക്ഷയാണ് അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നത്.

ക്വുര്‍ആന്‍ പറുന്നു: ''അത്തരം ഒരാള്‍ക്ക് നമ്മുടെ വചനങ്ങള്‍ ഓതി കേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ അഹങ്കരിച്ച് കൊണ്ട് തിരിഞ്ഞുകളയുന്നതാണ്; അവനത് കേട്ടിട്ടില്ലാത്തപോലെ. അവന്റെ ഇരുകാതുകളിലും അടപ്പുള്ളതുപോലെ. ആകയാല്‍ നീ അവന്ന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്തയറിയിക്കുക''(31:7).

2. കേട്ടു മനസ്സിലാക്കിയാല്‍ തന്നെ പരിഹസിച്ച് തള്ളുന്നവര്‍:

ഇസ്‌ലാമിക നിയമങ്ങളെയും മത ചിഹ്നങ്ങളെയും മത പണ്ഡിതന്മാരെയും പരിഹസിക്കുന്നത് വലിയ പാപമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മത ചിഹ്നങ്ങളെ പരിഹസിക്കല്‍ മതത്തില്‍ നിന്ന് തന്നെ പുറത്ത് പോകാന്‍ കാരണമാകുന്ന തിന്മയാണ്. ഇത്തരക്കാര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ടെന്നാണ് ക്വുര്‍ആനിക പാഠം:

''വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതിക്കേള്‍പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്തത് പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളുക. നമ്മുടെ തെളിവുകളില്‍ നിന്ന് വല്ലതും അവന്‍ അറിഞ്ഞാലോ അവനത് ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ'' (45:79).

''നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്. കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം കല്‍പിക്കുകയും സദാചാരത്തില്‍ നിന്ന് വിലക്കുകയും, തങ്ങളുടെ കൈകള്‍ അവര്‍ പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ധിക്കാരികള്‍'' (9:66,67).

3. കേട്ടിട്ട് ചിലത് മാത്രം സ്വീകരിക്കുന്നവര്‍:

ഉല്‍ബോധനങ്ങളും ഉപദേശങ്ങളുമെല്ലാം ധാരാളമായി കേള്‍ക്കുകയും പഠിക്കുകയും ചെയ്യുമെങ്കിലും ചിലത് മാത്രം സ്വീകരിച്ച് ബാക്കി തള്ളിക്കളയുന്ന സ്വഭാവം ഇസ്‌ലാം അനുവദിക്കുന്നില്ല. തനിക്ക് തോന്നിയതും എളുപ്പമുള്ളതും ഗുണം കിട്ടുന്നതും മാത്രം സ്വീകരിച്ച് പ്രയാസമായി തോന്നുന്നതും അല്‍പം ബുദ്ധിമുട്ടേണ്ടി വരുന്നതുമെല്ലാം മാറ്റിവെക്കുന്ന അവസ്ഥ തീര്‍ത്തും തെറ്റാണ്. അല്ലാഹു പറയുന്നു:

''വിഭജനം നടത്തിക്കളഞ്ഞവരുടെ മേല്‍ നാം ഇറക്കിയത് പോലെത്തന്നെ. അതായത് ക്വുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റിയവരുടെ മേല്‍'' (15:90,91).

'ചിലത് വിശ്വസിക്കുകയും ചിലത് നിഷേധിക്കുകയും ചെയ്യുന്നവരാണിവര്‍' എന്നാണ് ഇമാം ഇബ്‌നു കഥീര്‍ (റഹി) ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ പറയുന്നത്.

ഇത്തരക്കാര്‍ക്ക് കനത്ത താക്കീതുണ്ട്:

''നിങ്ങള്‍ വേദഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചിലത് തള്ളിക്കളയുകയുമാണോ ? എന്നാല്‍ നിങ്ങളില്‍ നിന്ന് അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇഹലോകജീവിതത്തില്‍ അപമാനമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ അതികഠിനമായ ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല'' (2:85).

4. കേള്‍ക്കുകയും പൂര്‍ണമായി അംഗീകരിക്കുകയും ജീവിതത്തില്‍ അംഗീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചയ്യുന്നവര്‍:

ഇസ്‌ലാമിക നിയമങ്ങളിലേക്ക് പൂര്‍ണമായും പ്രവേശിക്കാനാണ് അല്ലാഹു ആവിശ്യപ്പെടുന്നത്:

''സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു'' (2:208).

കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും നന്മ പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്കാണ് സന്തോഷ വാര്‍ത്ത:

''ദുര്‍മൂര്‍ത്തിയെ -അതിനെ ആരാധിക്കുന്നത്- വര്‍ജിക്കുകയും അല്ലാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവര്‍ക്കാണ് സന്തോഷവാര്‍ത്ത. അതിനാല്‍ എന്റെ ദാസന്‍മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍'' (39:17,18).

കേള്‍ക്കുന്നതിനനുസരിച്ച് വിശ്വാസം വര്‍ധിക്കേണ്ടതുണ്ട്:

''അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍'' (8:2).

ഉല്‍ബോധനങ്ങള്‍ കേള്‍ക്കുമ്പോള്‍ കരഞ്ഞുപോകുന്നവരും രോമാഞ്ചം കൊള്ളുന്നവരുമാണ് ഈമാന്‍ വര്‍ധിച്ചവര്‍:

''റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായി നിനക്ക് കാണാം. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ. ഞങ്ങളുടെ രക്ഷിതാവ് സജ്ജനങ്ങളോടൊപ്പം ഞങ്ങളെ പ്രവേശിപ്പിക്കുവാന്‍ ഞങ്ങള്‍ മോഹിച്ച് കൊണ്ടിരിക്കെ, ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിലും ഞങ്ങള്‍ക്ക് വന്നുകിട്ടിയ സത്യത്തിലും വിശ്വസിക്കാതിരിക്കാന്‍ കഴിയും? അങ്ങനെ അവരീ പറഞ്ഞത് നിമിത്തം അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ പ്രതിഫലമായി നല്‍കി. അവരതില്‍ നിത്യവാസികളായിരിക്കും. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലമത്രെ അത്'' (5:83-85).

''അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം...'' (39:23).

അല്ലാഹുവും റസൂലും ഒരു കാര്യം പഠിപ്പിച്ചാല്‍ അത് പൂര്‍ണമായും സ്വീകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം:

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു'' (33:36).

ഉല്‍ബോധനങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കാനും ഉള്‍ക്കൊള്ളാനും അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാവട്ടെ.