ഇസ്‌ലാം: സംസ്‌കാരത്തിന്റെ സൗന്ദര്യം

ഡോ. സി.മുഹമ്മദ് റാഫി

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06

സത്യവിശ്വാസം കേവലം ചൊല്ലിപ്പറയുന്ന പദങ്ങളില്‍ നില്‍ക്കേണ്ട ഒന്നല്ല എന്ന നിര്‍ബന്ധ ബുദ്ധി പ്രകടിപ്പിച്ചിട്ടുള്ള മതമാണ് ഇസ്‌ലാം. ഒരു വിശ്വാസി സാക്ഷ്യവാക്യങ്ങളിലൂടെ (ശഹാദത്ത് കലിമകള്‍) ഏറ്റെടുക്കുന്നത് ദൈവ മാര്‍ഗത്തിലുള്ള സബൂര്‍ണ അര്‍പ്പണമാണെന്നും തുടര്‍ന്നുള്ള ജീവിതം ആ അര്‍പ്പണത്തിന്റെ നേര്‍ സാക്ഷ്യമായിത്തീരുവാന്‍വേണ്ടി അവന്‍ ത്യാഗപരിശ്രമങ്ങള്‍ ചെയ്യണമെന്നുമാണ് മതം പഠിപ്പിക്കുന്നത്.

സമ്പൂര്‍ണവും തുല്യതയില്ലാത്തതുമായ സംസ്‌ക്കാരത്തിന്റെ ഉടമയായിത്തീരുവാനാണ് ഓരോ വിശ്വാസിയെയും മതം പ്രേരിപ്പിക്കുന്നത്. അക്കുട്ടത്തില്‍ സത്യസന്ധതയ്ക്ക് നല്‍കുന്ന പ്രാധാന്യം ഏറെ സവിശേഷമാണ്. അകവും പുറവും ഒരുപോലെ സുതാര്യമായ സ്ഫടിക സമാനനായിരിക്കണം വിശ്വാസി. അവന് മറച്ചുവെക്കേണ്ടതോ, നിഗൂഢമായി കൊണ്ടുനടക്കേണ്ടതോ ആയ കാര്യങ്ങളൊന്നുമില്ല മതത്തില്‍.

മനുഷ്യരുടെ മുന്നില്‍ മാതൃകായോഗ്യമായ ജീവിതം നയിക്കേണ്ടതിനും മതത്തെ ശരിയായ നിലയില്‍  ജനങ്ങള്‍ക്ക് എത്തിക്കുന്നതിനുമായി നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടെ ഗുണങ്ങള്‍ പറയുന്നിടത്ത് ഒന്നാം സ്ഥാനത്ത് വരുന്നത് അവരുടെ സത്യസന്ധത തന്നെയാണ്. അല്ലാഹു പറയുന്നതിങ്ങനെ: ''സത്യവും കൊണ്ട്‌വരുകയും അതില്‍ വിശ്വസിക്കുകയും ചെയ്തതാരോ അത്തരക്കാര്‍ തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവര്‍'' (ക്വുര്‍ആന്‍ 39:33).

''വേദഗ്രന്ഥത്തില്‍ ഇബ്‌റാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു'' (ക്വുര്‍ആന്‍ 19:41).

ഇസ്ഹാക്വ്(അ)നെ കുറിച്ച് അല്ലാഹു പറയുന്നതിങ്ങനെ: ''നമ്മുടെ കാരുണ്യത്തില്‍ നിന്നും അവര്‍ക്ക് നാം നല്‍കുകയും അവര്‍ക്ക് നാം ഉന്നതമായ സല്‍കീര്‍ത്തി ഉണ്ടാക്കുകയും ചെയ്തു'' (ക്വുര്‍ആന്‍ 19:50).

ഇസ്മാഈല്‍ നബി(അ)യെ കുറിച്ച് പറയുന്നു: ''വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു'' (ക്വുര്‍ആന്‍ 19:54).

ഇദ്‌രീസ്(അ)യെ കുറിച്ച് പറയുന്നു: ''വേദഗ്രന്ഥത്തില്‍ ഇദ്രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു'' (ക്വുര്‍ആന്‍ 19:56).

മുഹമ്മദ് നബി ﷺ മക്കയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ ഹിര്‍ഖല്‍ രാജാവുമായുള്ള കൂടിക്കാഴ്ചയില്‍ അബൂസുഫ്‌യാന്‍; മുഹമ്മദ് നബിയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുന്നിടത്ത് ഇപ്രകാരം കാണാം: 

ഹിര്‍ഖല്‍ ചോദിച്ചു: ''മുഹമ്മദ് എന്താണ് നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്?''

അബൂസുഫ്‌യാന്‍ പറയുന്നു: ''അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ യാതൊന്നിനെയും പങ്ക് ചേര്‍ക്കരുതെന്നുമാണദ്ദേഹം പ്രധാനമായും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ പറഞ്ഞുതന്ന മാര്‍ഗം ഉപേക്ഷിക്കണമെന്നാണും പറയുന്നു. നമസ്‌കാരം നിലനിര്‍ത്തുവാന്‍ കല്‍പിക്കുന്നു. സത്യസന്ധത പുലര്‍ത്തുവാനും കുടുംബ ബന്ധംചേര്‍ക്കുവാനും സദാചാര നിഷ്ട പുലര്‍ത്തുവാനും അദ്ദേഹം ഞങ്ങളോട് കല്‍പിക്കുന്നു'' (ബുഖാരി, മുസ്‌ലിം).

സത്യവിശ്വാസികളോട് ക്വുര്‍ആനിന്റെ കല്‍പന ഇപ്രകാരമാണ്: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 9:119).

ജീവിത വഴിയില്‍ കൃത്യത കാത്തു സൂക്ഷിച്ചവര്‍ എത്തിച്ചേരുക സത്യസന്ധരായി ജീവിച്ചവരുടെ കൂടെ സ്വര്‍ഗത്തിലായിരിക്കുമെന്നും ക്വുര്‍ആന്‍ അറിയിക്കുന്നു: 

''ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!'' (ക്വുര്‍ആന്‍ 4:69).

സത്യസന്ധത ആത്യന്തികമായി വിശ്വാസിയെ സ്വര്‍ഗത്തിലേക്കാണെത്തിക്കുക. 

ഇബ്‌നു മസ്ഊദ്(റ) നിവേദനം: നബി ﷺ പറഞ്ഞു: ''നിങ്ങള്‍ സത്യസന്ധരായി ജീവിക്കുക സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ഒരു വ്യക്തി ജീവിതത്തിലുടനീളം സത്യസന്ധത പുലര്‍ത്തിയാല്‍ അല്ലാഹുവിന്റെ അടുക്കല്‍ അയാള്‍ ''സ്വിദ്ദീക്വ്'' (സത്യസന്ധന്‍) എന്ന് രേഖപ്പെടുത്തപ്പെടും. നിങ്ങള്‍ കളവിനെ സൂക്ഷിക്കണം. കളവ് അധര്‍മത്തിലേക്കും അധര്‍മം നരകത്തിലേക്കും നിങ്ങളെ എത്തിക്കും. കളവ് ശീലമാക്കുന്നവന്‍ ''കദ്ദാബ്'' (കള്ളംപറയുന്നവന്‍) എന്ന് റബ്ബിന്റെ അടുക്കല്‍ എഴുതപ്പെടുന്നവനായി മാറും'' (ബുഖാരി, മുസ്‌ലിം).

വിശ്വാസത്തെയും കാപട്യത്തെയും വേര്‍തിരിക്കുന്നതിലെ പ്രധാന അടയാളമായി റസൂല്‍ ﷺ എടുത്തു പറഞ്ഞത് സത്യസന്ധതയില്‍  വരുന്ന കലര്‍പിനെ കുറിച്ചാണ്. അനസ് ബിന്‍ മാലിക്(റ) നിവേദനം: ''മൂന്ന് കാര്യങ്ങള്‍ ആരിലുണ്ടോ നിശ്ചയം അവന്‍ കപടനാണ്. സംസാരിച്ചാല്‍ കളവ് പറയുക, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുക, വിശ്വസിച്ചാല്‍ ചതിക്കുക'' (ബുഖാരി, മുസ്‌ലിം).

ജീവിതത്തിലെ സകല പ്രതിസന്ധികളോടും പോരാടുവാനുള്ള മനസ്സും ആര്‍ജവവും സ്വായത്തമാക്കിയവനു മാത്രമെ ഇന്ന് സത്യസന്ധമായി ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ. ലോകം ഏറ്റവും ദുഷിച്ച ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത.് സകല രംഗത്തും അഴിമതിയും കെടുകാര്യസ്ഥതയും കപടതയും പല്ലിളിച്ചുകാട്ടുന്ന അവസ്ഥ! ഭരണ രംഗങ്ങളില്‍ വിശ്വാസ്യതയോ, സത്യസന്ധതയോ കാണിക്കാത്ത ഭരണകര്‍ത്താക്കള്‍, ഉദേ്യാഗസ്ഥ വൃന്ദങ്ങള്‍; സാമൂഹിക രംഗത്ത് സത്യസന്ധതയില്ലാത്ത സമുദായ നേതാക്കള്‍, ഭാരവാഹികള്‍; കച്ചവട രംഗത്ത് എങ്ങനെയെല്ലാം കൊള്ളലാഭം കൊയ്യാമെന്ന് മാത്രം നോക്കുന്ന കച്ചവടക്കാര്‍; കുടുംബ രംഗത്ത് സദാചരബോധവും ധാര്‍മികതയും കൈമോശം വന്നു പോകുന്ന രക്ഷിതാക്കള്‍, കൗമാരപ്രായക്കാര്‍... തുടങ്ങി മതരംഗത്തുപോലും സത്യസന്ധതയില്ലാത്തവര്‍ വര്‍ധിച്ചു വരുന്ന കാലവും ലോകവും! ഇവിടെ സത്യസന്ധനായി ജീവിക്കുക എന്നത് തന്നെ വലിയ ത്യാഗമായി മാറുകയാണ്. ജീവിതത്തില്‍ സത്യവും സുതാര്യതയും കൈമുതലാക്കുന്നവര്‍ക്ക് മുന്നില്‍ ഇസ്‌ലാം വെക്കുന്ന ഗുണങ്ങളെ നമുക്ക് ഇങ്ങനെ വേര്‍തിരിക്കാം:

1) സത്യസന്ധത നന്മയുള്ള മനസ്സിന്റെ അടയാളവും സ്വര്‍ഗവഴിതുറക്കുന്ന കാര്യവുമാണ്. കാപട്യം നരകപാതയാണ് ഒരാള്‍ക്കുമുന്നില്‍ തുറക്കുന്നത്.

2) കപടവിശ്വാസത്തിന്റെയും സത്യവിശ്വാസത്തിന്റെയും അതിര്‍വരമ്പുകളിലോന്നാണ് സത്യസന്ധത.

3) ജീവിത പ്രതിസന്ധികളില്‍ നിന്നുള്ള മോചനവും പ്രാര്‍ഥനകള്‍ക്ക് ഉത്തരവും പരാജയങ്ങളില്‍ നിന്നുള്ള വിജയവും സത്യസന്ധത ഒരാള്‍ക്ക് നേടിക്കൊടുക്കുന്നു.

4) നന്മകളുള്ള വഴിയില്‍ സഞ്ചരിക്കുവാന്‍ അല്ലാഹു സത്യവാന് തൗഹീദ് നല്‍കുന്നു.

5) ഇഹലോകത്തും പരലോകത്തും നല്ല പര്യവസാനം ലഭിക്കുന്നു.

6) ജനങ്ങളുടെ വിശ്വാസവും പ്രശംസയും എപ്പോഴും ലഭ്യമാകുന്നു.

7) സമ്പാദ്യത്തില്‍ അല്ലാഹുവിന്റെ ബര്‍കത്ത് (വര്‍ധനവ്) കിട്ടുന്നു, നന്മകള്‍ വര്‍ധിപ്പിക്കാനാകുന്നു.

8) ഐഹികവും പാരത്രികവുമായ നന്മകള്‍ ലഭിക്കുവാനുള്ള അടിസ്ഥാന കാരണം.

9) മനഃസംതൃപ്തി.

10) അല്ലാഹുവിന്റെ വിശിഷ്ട സദസ്സിലെ പ്രത്യേക അനുമോദനം.