കോപാഗ്നിയെ നിയന്ത്രിക്കുക

ഫദ്‌ലുല്‍ ഹഖ് ഉമരി

2017 ജൂലായ് 22 1438 ശവ്വാല്‍ 28

നല്ല മനസ്സും നല്ല മനുഷ്യനും: 7

ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും ഭാഗമായി മനുഷ്യന്‍ മാനസികമായ പല അവസ്ഥകള്‍ക്കും വിധേയമാകുന്നു. പ്രചോദനങ്ങളുടെ ശക്തിക്കനുസരിച്ച് ഈ അവസ്ഥകളിലും ഏറ്റക്കുറച്ചിലുകളുണ്ടാകും.ഇഷ്ടമില്ലാത്തത് കേള്‍ക്കുമ്പോള്‍, താല്‍പര്യമില്ലാത്തത് കാണുമ്പോള്‍ മനഷ്യന്റെ വൈകാരികത ഉണരുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ പേരാണ് കോപം. ചെറിയവരിലും വലിയവരിലും ഏറ്റ വ്യത്യാസമന്യെ കാണപ്പെടുന്ന ഒരു സ്വഭാവമാണ് കോപം. കുടുംബബന്ധങ്ങളെയും സമൂഹത്തെയും നാടിനെയും തന്നെ തകര്‍ത്ത് കളയാന്‍ കാരണമാകുന്ന ഒരു വൈകാരിക രോഗമാണ് കോപം. അനാവശ്യ വാക്കുകളും ആയുധ പ്രയോഗങ്ങളും പ്രതികാര മനസ്സും യുദ്ധങ്ങളുമെല്ലാം കോപത്തിന്റെ ഉല്‍പന്നങ്ങളാണ്. ബന്ധങ്ങള്‍ മുറിയുന്നതും കുടുംബങ്ങള്‍ തകരുന്നതും സമൂഹത്തില്‍ നിന്ദ്യനാകുന്നതുമെല്ലാം കോപത്തിന്റെ ഫലമായുണ്ടാകുന്ന ദോഷങ്ങളായി നാം കാണുന്നു. ദൂരവ്യാപകമായ നാശങ്ങളുടെ കവാടങ്ങള്‍ തുറക്കാനുള്ള ഒരു താക്കോലാണ് കോപം എന്നു വേണമെങ്കില്‍ പറയാം. 

കോപം അടക്കിവെക്കുന്നവരെയാണ് അല്ലാഹു പുകഴ്ത്തിപ്പറഞ്ഞിട്ടുള്ളത്:

''(അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു'' (3:134). 

ഈ സൂക്തത്തില്‍ പറഞ്ഞ മൂന്ന് സ്വഭാവങ്ങളും ഒരു സത്യവിശ്വാസിയുടെ അലങ്കാരമാണ്. പക്ഷേ, ഈ അലങ്കാരം സ്വീകരിക്കുന്നവര്‍ വളരെ വിരളമാണ്. അന്യരുടെമേല്‍ കോപം പ്രകടിപ്പിക്കാനല്ല വിട്ടുവീഴ്ച ചെയ്യുവാനാണ് അല്ലാഹു പറയുന്നത്:

''നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക'' (3:199).  

''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു'' (41:34). 

''മല്‍പ്പിടുത്തത്തില്‍ വിജയിക്കുന്നവനല്ല ശക്തന്‍; മറിച്ച് ദേഷ്യം വരുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കുന്നവനാണ്'' എന്ന പ്രവാചക വചനം ഓര്‍ക്കുക. 

ശക്തന്‍ ആരാണെന്ന സമൂഹത്തിന്റെ സങ്കല്‍പത്തെ ഇത് മാറ്റിമറിക്കുന്നു. മനസ്സിന്റെയും ഹൃദയത്തിന്റെയും ധീരതയാണിവിടെ പ്രവര്‍ത്തിക്കുന്നത്. വിവേകംകൊണ്ട് കോപത്തിന്റെ  നിയന്ത്രിക്കണം. വിനാശകരമാകുന്ന പര്യവസാനത്തെക്കുറിച്ച് ചിന്തിക്കണം. കോപത്തിന്റെ തോതനുസരിച്ച് വൈകാരികത പ്രകടിപ്പിക്കുക എന്നതാണ് ധീരതയുടെ അടയാളമായി ജനങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത്. പക്ഷേ, അത് ഹൃദയത്തിന്റെ രോഗമാണ്. ബുദ്ധിയുടെ കുറവാണ്. ദുര്‍ബലതയും പോരായ്മയുമാണ്. എത്ര പെട്ടെന്ന് കോപം വരുന്നുവോ അത്രത്തോളം മനുഷ്യന്‍ ദുര്‍ബലമാണെന്നര്‍ഥം. സ്ത്രീക്ക് പുരുഷനെക്കാള്‍ വേഗത്തിലാണ് കോപം വരിക. യുവാക്കളെക്കാള്‍ വേഗത്തില്‍ കോപം വരുന്നത് വൃദ്ധന്‍മാര്‍ക്കാണ്. നല്ല വ്യക്തികളെക്കാള്‍ വേഗത്തില്‍ കോപിക്കുന്നത് ചീത്ത സ്വഭാവക്കാരാണ്.  

'അല്ലാഹുവിന്റെ കോപത്തില്‍ നിന്ന് എന്നെ അകറ്റുന്ന കാര്യം എന്താണ് റസൂലേ' എന്ന് അബ്ദുല്ലാഹിബ്‌നു അംറ്(റ) ചോദിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു: ''നീ കോപിക്കരുത്'' (അഹ്മദ്). മറ്റൊരു  വ്യക്തി നബി(സ്വ)യോട് പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകരേ, എനിക്ക് വല്ല ഉപദേശവും നല്‍കിയാലും.'' നബി(സ്വ) പറഞ്ഞു: ''നീ കോപിക്കരുത്.'' അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും നബി(സ്വ) പറഞ്ഞു: ''നീ കോപിക്കരുത്'' (ബുഖാരി).

ഉപദേശം ചോദിച്ചവരോടെല്ലാം 'നീ കോപിക്കരുത്' എന്ന് നബി(സ്വ) പറഞ്ഞതിനെപ്പറ്റി ഇബ്‌നുറജബ് പറയുന്നു: 'ഇതുകൊണ്ട് രണ്ട് ഉപദേശങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒന്ന്, നല്ല സ്വഭാവങ്ങള്‍ സ്വീകരിക്കാനുള്ള ഉപദേശമാണ്. ഔദാര്യത, വിവേകം, ലജ്ജ, വിനയം, സഹനശീലം, ദ്രോഹിക്കാതിരിക്കല്‍, വിട്ടുവീഴ്ച, മാപ്പ്, കോപം അടക്കിവെക്കല്‍, മുഖപ്രസന്നത തുടങ്ങിയവ നല്ല സ്വഭാവങ്ങളാണ്. ഇവയെല്ലാം സ്വീകരിച്ചാല്‍ കോപത്തിന് കാരണമാകുന്ന സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ അവയെ ചെറുക്കാനും തടയാനും കഴിയും. രണ്ട്, കോപം വന്നാല്‍ അതിന്റെ വൈകാരികത പ്രകടിപ്പിക്കരുത്. കോപം നടപ്പിലാക്കാതിരിക്കാന്‍ സ്വന്തത്തോട് ജിഹാദ് ചെയ്യണം. കോപം പറയുന്ന കാര്യങ്ങള്‍ ചെയ്തു പോകരുത്. കാരണം, കോപം മനുഷ്യനിലെ എന്തെങ്കിലും ഒന്നിനെ ഉടമപ്പെടുത്തിയാല്‍ പിന്നെ കല്‍പിക്കുന്നതും നിരോധിക്കുന്നതുമെല്ലാം കോപമായിരിക്കും. കോപം എന്ത് കല്‍പിക്കുകയും നിരോധിക്കുകയും ചെയ്യുന്നുവോ അതുപോലെയായിരിക്കും മനുഷ്യന്‍ പ്രവര്‍ത്തിക്കുക എന്നര്‍ഥം. എന്നാല്‍ കോപത്തിന്റെ കല്‍പനയനുസരിച്ച് മനുഷ്യന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോപത്തിന്റെ തിന്മയുടെ രൂപങ്ങള്‍ അവനില്‍ നിന്ന് അകന്നുപോകാന്‍ തുടങ്ങും. ചിലപ്പോള്‍ കോപം തന്നെ അവനില്‍ നിന്ന് അകന്ന് പോകും. 'നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു' (ക്വുര്‍ആന്‍ 3:133-134)'' (ജാമിഉല്‍ ഉലൂമി വല്‍ഹികം:1/363,364).

കോപം മനുഷ്യന്റെ പ്രകൃതിയില്‍ അല്ലാഹു നിശ്ചയിച്ച കാര്യമാണ്. അത് ഊരിയെടുത്തെറിയാന്‍ സാധ്യമല്ല. എന്നിട്ടും 'കോപിക്കരുത്' എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം കോപത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുതെന്നും കോപത്തിന്റെ ദുസ്സ്വാധീനങ്ങള്‍ പ്രകടിപ്പിക്കരുതെന്നുമാണ്. 

അല്ലാഹുവിന്റെ കോപത്തിന് മനുഷ്യന്റെ കോപപ്രകടനങ്ങള്‍ കാരണമായി മാറും. അല്ലാഹുവില്‍ നിന്ന് അകറ്റാന്‍ അതുമാത്രം മതി. ഇതിന് പുറമെ വ്യക്തിപരമായും സാമൂഹികമായും ഒട്ടനവധി ദോഷങ്ങള്‍ കോപംകൊണ്ടുണ്ട്. അത് മനുഷ്യത്വത്തെ നശിപ്പിക്കുകയും ചിന്തകളെ ഇല്ലാതാക്കികളയും ചെയ്യും. താനെന്ത് പറയുന്നു, എന്ത് പ്രവര്‍ത്തിക്കുന്നു എന്ന് ചിന്തിക്കുക പോലുമില്ല. ഉള്‍കാഴ്ചയാണിവിടെ നഷ്ടപ്പെടുന്നത്. ഒരു കാലത്തും നന്നാക്കാനും തിരിച്ചെടുക്കാനും പറ്റാത്ത ചില സംസാരങ്ങളും സമീപനങ്ങളും ചിലപ്പോള്‍ കോപത്തിലൂടെ വരാറുണ്ട്. 

ഹൃദയത്തെ കോപം ഭിന്നിപ്പിക്കും. സമ്മര്‍ദം കൂട്ടും. ഈ നിലയ്ക്ക് ശാരീരികമായിപ്പോലും ദോഷം ചെയ്യുന്ന കാര്യമാണ് കോപം. കൂട്ടുകാരുടെ വെറുപ്പ്, ശത്രുക്കളുടെ സന്തോഷം, അസൂയാലുക്കളുടെ പരിഹാസം, ജനങ്ങളില്‍ നിന്ദ്യത തുടങ്ങിവയെല്ലാം കോപത്തിന്റെ അനന്തര ഫലങ്ങളാണ്. അവസാനം കുറ്റബോധമാണത് സമ്മാനിക്കുക.

ശത്രുതയും ബന്ധവിഛേദനങ്ങളും വര്‍ധിപ്പിക്കാന്‍ കോപം കാരണമാകുന്നുണ്ട്. ദിനേന എത്രയോകൊലപാതകങ്ങള്‍ കോപാധിക്യത്താല്‍ ലോകത്ത് സംഭവിക്കുന്നുണ്ട്.

പ്രതികാര ദാഹത്തിന്റെ പേരില്‍ ഹൃദയത്തിലെ രക്തം തിളക്കലാണ് ഒരര്‍ഥത്തില്‍ കോപം.  കോപം മനുഷ്യസഹജമാണെന്ന് പറഞ്ഞല്ലോ. എന്നാല്‍ അതിന്റെ പ്രതിഫലനങ്ങള്‍ നമ്മുടെ ബുദ്ധിയെയും ദീനിന്റെ നിയമങ്ങളെയും വിട്ടുകടന്ന് നിയന്ത്രണാതീതമാകരുത്. നന്മയും തിന്മയും വേര്‍തിരിച്ച് പ്രവര്‍ത്തിക്കാവുന്നതിലപ്പുറമാകരുത്. ചിന്താമണ്ഡലത്തെയും വീക്ഷണശേഷിയെയും മറിക്കടക്കുന്നതാകരുത്. 

സത്യത്തിനു വേണ്ടി കോപിക്കാം. അത് അനിവാര്യമാണ്. നബി(സ്വ) സ്വന്തം കാര്യത്തില്‍ പ്രതികാരത്തിനിറങ്ങാറില്ല. എന്നാല്‍ മതത്തിന്റെ പവിത്രതകള്‍ കളങ്കപ്പെടുത്തപ്പെട്ടാല്‍ മൗനം പാലിക്കാറുമില്ല. രണ്ട് കാര്യങ്ങള്‍ മുന്നില്‍ വന്നാല്‍ അതില്‍ ലളിതമായതിനെ തിരഞ്ഞെടുക്കും; അത് കുറ്റകരമായ കാര്യമല്ല എങ്കില്‍. കുറ്റകരമായ കാര്യമാണെങ്കില്‍ അതില്‍ നിന്ന് ഏറ്റവും അകന്നു  നില്‍ക്കുന്നയാള്‍ നബി(സ്വ)യായിരിക്കും.    

ഇഷ്ടമില്ലാത്ത ഒരു കാര്യം കണ്ടാല്‍ അത് നബി(സ്വ)യുടെ മുഖത്ത് പ്രകടമാകുമായിരുന്നു (ബുഖാരി, മുസ്‌ലിം).

ചുരുക്കത്തില്‍, നിയന്ത്രണാതീതമായ കോപം ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളില്‍ ഒന്നാണ്. ചികിത്സ അനിവാര്യമായ മോശപ്പെട്ട സ്വഭാവമാണ്. അത് ഹൃദയത്തില്‍ പക നിറയ്ക്കും. ഉള്ളില്‍ പലതും മറച്ചു വെക്കും. 

കോപത്തിന് പലകാരണങ്ങളുണ്ട്. അത് മനസ്സിലാക്കി വേണം ചികിത്സ നടത്താന്‍. അഹങ്കാരം, ദുരഭിമാനം, അമിത തമാശ, പരിഹാസം, അത്യാഗ്രഹം ഇവയെല്ലാം മനുഷ്യനെ കോപത്തിലേക്കെത്തിക്കാറുണ്ട്. ഇതില്‍ നിന്നെല്ലാം മുക്തമായ മനസ്സ് ഉണ്ടാക്കിയെടുക്കലാണ് പരിഹാരം. കോപം വന്നാല്‍, കോപം അടക്കിവെക്കുന്നവര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലം ഓര്‍ക്കുക. കോപിക്കുന്നവര്‍ക്കുള്ള ശിക്ഷയെക്കുറിച്ചോര്‍ക്കുക. 'ഞാന്‍ എന്റെ ഭത്യനെ അടിക്കാറുണ്ട്' എന്ന് അബൂമസ്ഊദ്(റ) നബി(സ്വ)യോട് പറഞ്ഞപ്പോള്‍ 'നിനക്ക് ഈ ഭൃത്യനില്‍ ഉള്ള കഴിവിനെക്കാള്‍ നിന്റെ കാര്യത്തില്‍ അല്ലാഹുവിന് കഴിവുണ്ട്' എന്ന് നബി(സ്വ) അദ്ദേഹത്തെ ഉണര്‍ത്തിയത് (മുസ്‌ലിം) നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.