സ്വൂഫിസവും ഇസ്‌ലാമും തമ്മിലെന്ത്?

അബൂഹാമി ഉഗ്രപുരം

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05

(സ്വൂഫിസവും ഫാസിസവു: 2)

ശക്തമായ ഏകദൈവ വിശ്വാസത്തില്‍ വാര്‍ത്തെടുക്കപ്പെട്ട പ്രവാചകാനുചരന്മാര്‍ക്കോ ഉത്തമരെന്ന് അറിയപ്പെട്ട തലമുറക്കോ ഇത്തരം ഒരു വിഭാഗത്തെ അന്യമായിരുന്നു. ഇമാം അബൂഹനീഫ(റഹി)യുടെ കാലഘട്ടം വരെ മുസ്‌ലിം സമൂഹത്തില്‍ ഇത്തരം ചര്‍ച്ചയേ ഉണ്ടായില്ല.'രാവിലെ സൂഫിയായവന്‍ ഉച്ചയാകുംമുമ്പേ വിഡ്ഢിയാകുമെന്ന'അതികഠിന ഭാഷയിലാണ് ഇമാം ശാഫിഈ(റഹി) ഇത്തരക്കാരെ വിമര്‍ശിച്ചത്. തുടര്‍ന്നു വന്ന അഹ്‌ലുസ്സുന്നയിലെ പണ്ഡിതന്മാര്‍ ഇതേ നിലപാടാണ് സ്വീകരിച്ച്‌പോന്നതും. ഇസ്‌ലാമിന്റെ ചരിത്രവഴിയില്‍ ദര്‍ഗാ പൈതൃകവാദികള്‍ക്ക് സ്ഥാനമില്ലെന്ന് ചുരുക്കം.

സ്വൂഫിസത്തിന്റെ ഉത്ഭവവും വളര്‍ച്ചയും പേര്‍ഷ്യയിലായിരുന്നതിനാല്‍ ശിയാക്കള്‍ക്കിടയില്‍ ശക്തമായ വേരോട്ടം ഇതിനുണ്ടായിരുന്നു. ഒരു ശിയാ ഒരു സ്വൂഫി കൂടിയായിരിക്കും. അമവികളെ പരാജയപ്പെടുത്തി അബ്ബാസീ ഭരണകൂടം നിലവില്‍ വരികയും അറബികളുടെ മേല്‍കോയ്മ അവസാനിക്കുകയും ചെയ്തു. അറബികളോട് പൂര്‍വ വൈരാഗ്യത്തിലായിരുന്ന പേര്‍ഷ്യക്കാര്‍ അബ്ബാസീ ഭരണത്തിന്റെ സിരാകേന്ദ്രങ്ങള്‍ കീഴടക്കി. ഈ വഴിവിട്ട ശിയാബന്ധം മുസ്‌ലിം സമൂഹത്തിലേക്ക് ഇസ്‌ലാം ആട്ടിപ്പുറത്താക്കിയ പല അനാചാരങ്ങളും തിരിച്ചുവരാന്‍ കാരണമായി. ഇസ്‌ലാമിന് അന്യമായ ചിന്താധാരകള്‍ പ്രചരിപ്പിക്കുവാനുള്ള ആസൂത്രിതമായ ശ്രമങ്ങളും ഇക്കാലത്ത് നടന്നു. ഭരണ മേല്‍കോയ്മക്ക് കോട്ടം തട്ടാതിരിക്കുവാന്‍ ഭരണാധികാരികള്‍ ഇവര്‍ക്കു വേണ്ട ഒത്താശകള്‍ കൂടിചെയ്തുപോന്നു. ഇതുവഴിയാണ് ശിയാവിഭാഗത്തിനും അവരുടെ പല വിശ്വാസങ്ങള്‍ക്കും മുസ്‌ലിം സമൂഹത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തുവാന്‍ സാധിച്ചത്.

മുസ്‌ലിം സമൂഹത്തിലേക്ക്

ശിയാക്കളാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ പടര്‍ന്ന വരണ്ട ആശയങ്ങളില്‍ ഏറെ സ്വാധീനം നേടിയ ഒന്നാണ് സ്വൂഫിസം. ഭരണകക്ഷിയില്‍ ഉണ്ടായിരുന്ന ശക്തമായ ശിയാസ്വാധീനവും പുരോഹിതന്‍മാരുടെ രംഗ പ്രവേശനവും മതത്തിന്റെ മറവില്‍ പ്രമാണബദ്ധമല്ലാത്ത നവീന ചിന്താപ്രസ്ഥാനങ്ങള്‍ ഉടലെടുത്തതുമെല്ലാം ഇതിന് കാരണങ്ങളായി. പുറമെ മുസ്‌ലിം സമൂഹത്തിന് കാലങ്ങള്‍കൊണ്ടുണ്ടായ മന്ദിപ്പുകളും ഭരണാധികാരികളുടെ വഴിവിട്ട ഭരണക്കൂത്തുകളില്‍ മനംമടുത്ത ജനങ്ങളും എല്ലാംകൂടിയായപ്പോള്‍ സ്വൂഫിശൈഖുമാരിലും അവരുടെ പര്‍ണശാലകളിലും മുസ്‌ലിം സമൂഹം ഭക്തി സായൂജ്യരാകുവാനും കൂടുതല്‍ സ്വാധീനം നേടുവാനും കാരണങ്ങളായി.

അബ്ബാസീ ഭരണം തകര്‍ത്തുള്ള താര്‍ത്താരികളുടെ ആക്രമണവും തുടര്‍ന്നുണ്ടായസംഭവവികാസങ്ങളില്‍സ്വൂഫികള്‍ കൂട്ടത്തോടെ മുസ്‌ലിം രാജാക്കന്മാര്‍ ഭരിക്കുന്ന ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് അഭയം പ്രാപിച്ചതും ലോക മുസ്‌ലിം സമൂഹത്തില്‍ ഇവര്‍ ഇത്രയധികം സ്വാധീനം ചെലുത്താനുള്ള മറ്റൊരു കാരണമായിത്തീര്‍ന്നു. ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഇതിനു വലിയ ഉദാഹരണങ്ങളാണ്.

നവോത്ഥാനത്തിന്റെ വഴിയില്‍

ചിന്തയെ മൂടിക്കെട്ടി അന്ധമായ അനുകരണമത(തക്വ്‌ലീദ്)ത്തില്‍ വിശ്വസിക്കുന്ന മുസ്‌ലിം സമൂഹത്തെ പ്രമാണബദ്ധമായി ചിന്തിപ്പിച്ചെടുക്കുകയാണ് സലഫിന്റെ പാത (സ്വഹാബത്തിന്റെയും സജ്ജനങ്ങളായ പൂര്‍വസൂരികളുടെയും പാത) പിന്‍പറ്റിയവര്‍ ചെയ്തത്. മുസ്‌ലിം സമൂഹത്തില്‍ മതപരമായും ഐഹികമായുമുള്ള അപചയങ്ങള്‍ വ്യാപിക്കുമ്പോഴും പ്രമാണവിരുദ്ധാശയങ്ങള്‍ തലപൊക്കിയപ്പോഴുമൊക്കെ പരിഷ്‌കര്‍ത്താക്കളുടെ ശബ്ദം ഉയര്‍ന്നു വന്നിട്ടുണ്ട്. ഉത്തമ സമൂഹത്തിന്റെ നിര്‍മിതിക്കായി കാലാനുസരണം വന്ന അപചയങ്ങള്‍ തിരുത്തി മാതൃകാ സമുദായമായി മുസ്‌ലിംകളെ തിരിച്ചു വഴിനടത്താന്‍ ഇവര്‍ക്ക് സാധിച്ചു.

മതവിഷയങ്ങളില്‍ അഭിപ്രായക്കാരും(റഅ്‌യ്) അനുമാനകരും(ക്വിയാസ്) വഴിവിട്ട സ്വാധീനം ചെലുത്തിത്തുടങ്ങിയപ്പോള്‍ കര്‍മശാസ്ത്ര രംഗത്ത് ഇയര്‍ന്നുവന്ന ഇമാം ശാഫിഈ (ഹിജ്‌റ രണ്ട്), ഹദീഥുകളിലെ നെല്ലും പതിരും വേര്‍തിരിച്ച് മനസ്സിലാക്കി നല്‍കുന്നതിലും ഹദീഥ് സ്വീകാര്യതക്ക് വളരെ സൂക്ഷ്മവും പ്രബലവുമായ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിലും അഗ്രേസരനായ ഇമാം ബുഖാരി (ഹിജ്‌റ മൂന്ന്),യുക്തിചിന്തയിലൂടെയുംതത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുംമതത്തെ ദുര്‍വ്യാഖ്യാനിച്ച് നൂതന ആശയങ്ങള്‍ ഭരണകര്‍ത്താക്കളെ സ്വാധിച്ച് ഇസ്‌ലാമിന്റെ പേരില്‍ കടത്തിക്കൊണ്ടുവന്നവര്‍ക്ക് എതിരെ ആഞ്ഞടിച്ചും വിശ്വാസ കാര്യങ്ങളില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചുംരംഗത്തുവന്ന ഇമാമുസ്സുന്ന ഇമാം അഹ്മദ് ബിന്‍ ഹന്‍ബല്‍ (ഹി: നാല്) തുടങ്ങിയവരെല്ലാം ഈ ശ്രേണിയിലെ ചിലരാണ്.

ഒരേ സമയം താര്‍ത്താരികളെയും ക്രിസ്ത്യാനികള്‍, നാസ്തികര്‍, ശിയാക്കള്‍, സ്വൂഫികള്‍ മറ്റു നൂതന ചിന്താഗതിക്കാരായ മുഅ്തസിലുകള്‍, അശ്അരി, ജബ്‌രി തുടങ്ങി ഇസ്‌ലാമിക വിശ്വാസ കര്‍മ സംസ്‌കൃതിയിലെല്ലാം അള്ളിപ്പിടിച്ച അനിസ്‌ലാമിക തത്ത്വശാസ്ത്രങ്ങള്‍ക്കെതിരെയും ഒരു പുരുഷായുസ്സ് മുഴുവന്‍ അഹോരാത്രം പരിശ്രമിച്ച അഹ്‌ലുസ്സുന്നഃയുടെ മഹാപണ്ഡിതവര്യനായിരുന്നു ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ. അദ്ദേഹത്തിന്റെ അറിവിന്റെയും പ്രവര്‍ത്തനത്തിന്റെയും പ്രഭ മുസ്‌ലിം ലോകത്ത് വെളിച്ചം വീശിയപ്പോള്‍ പുത്തന്‍ ആശയങ്ങള്‍ തമസ്സില്‍ മാഞ്ഞു. സ്വൂഫിസത്തിനും സ്വൂഫികളാല്‍ സ്വാധീനിക്കപ്പെട്ട് മുസ്‌ലിംകളില്‍ കടന്നു കൂടിയ അനാചാരങ്ങള്‍ക്കും മങ്ങലേല്‍ക്കുവാന്‍ തുടങ്ങി.

ശൈഖുല്‍ ഇസ്‌ലാമിനു ശേഷം ധാരാളം നവോത്ഥാന നായകര്‍ ലോകത്ത് കടന്നുവന്നു. ഇബ്‌നുല്‍ ഖയ്യിം,ശൈഖ് മുഹമ്മദ് ബ്‌നുല്‍ അബ്ദുല്‍ വഹാബ്,ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി,ശഹീദ് അഹ്മദ് എന്നിവര്‍ ഇതില്‍ ചിലരാണ്. ഇവരുടെ നവോത്ഥാന സംരംഭങ്ങള്‍ മുസ്‌ലിം ലോകത്ത് മാറ്റങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ ഒറ്റയായും സംഘടിതമായും രൂപംകൊണ്ടു. അറബ് ലോകത്തും ഇന്ത്യാ ഉപഭൂഖണ്ഡങ്ങളിലും പശ്ചിമേഷ്യ,ഈജിപ്ത് മറ്റു ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയിലുമെല്ലാം ഈ ചലനം വ്യവസ്ഥാപിതമായി തന്നെ മുന്നോട്ടു നീങ്ങി.

സലഫികള്‍ പ്രതിക്കൂട്ടിലേക്ക്!

ഫ്രഞ്ച് വിപ്ലവത്തോടെ യൂറോപ്യന്‍ യൂണിയന്‍ ഉണര്‍ന്ന് കഴിഞ്ഞിരുന്നു. ലോകരാജ്യങ്ങളെ പിടിച്ചടക്കിയും സമ്പത്ത് കൊള്ളയടിച്ചും മത്സരിച്ച് മുന്നേറുന്ന കൊളോണിയല്‍ സാമ്രാജ്യങ്ങള്‍ മുസ്‌ലിംകള്‍ക്കിടയിലെ ഈ നവജാഗരണം ഭയന്നു. വരും നൂറ്റാണ്ടുകള്‍ ഇസ്‌ലാമിന്റെതാണെന്ന് മനസ്സിലാക്കിയ പാശ്ചാത്യലോകം ഒരു ഭാഗത്ത് ഇസ്‌ലാം ഭീതി സൃഷ്ടിച്ചും മറുഭാഗത്ത് ഇസ്‌ലാമിക മിസ്റ്റിസത്തെ വാനോളം പുകഴ്ത്തിയും തിരശ്ശീലക്ക് പിന്നില്‍ ആസൂത്രണ പൂര്‍വം പ്രവര്‍ത്തിച്ചുകൊണ്ടിരിരുന്നു. ലോകത്തെ കൊള്ളയടിച്ചും ചൂഷണം ചെയ്തും രാജ്യങ്ങളെ വെട്ടിപ്പിടിച്ച് കോളനികളാക്കിയും മുന്നേറിയ യൂറോപ്യന്‍ യൂണിയനും കൈ്രസ്തവ മിഷനറി പ്രവര്‍ത്തകരും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ഈ മുന്നേറ്റം ഭീതിയോടെയാണ് കണ്ടത്. മുസ്‌ലിം നവോത്ഥാന ഗര്‍ജനങ്ങള്‍ സാമ്രാജ്യശക്തികളുടെ കോട്ട കൊത്തളങ്ങളെ വിറപ്പിച്ചു.

അറബ് ലോകത്ത് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹ്ഹാബിന്റെ നവോത്ഥാന മുന്നേറ്റവും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവിയുടെ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായ നവജാഗരണവും തുടര്‍ന്ന് ശാഹ് ഇസ്മായില്‍, ശാഹ് അഹ്മദ് ശഹീദ് എന്നിവരിലൂടെ ഉണ്ടായ സംഘടിത നീക്കങ്ങളും എല്ലാം യൂറോപ്യന്‍ കോളനികള്‍ക്കും സ്വൂഫികള്‍ക്കും ഒരേപോലെ പരാജയങ്ങളും തകര്‍ച്ചയും ഉണ്ടാക്കി.

ഇതിനെ വളരെ ആസൂത്രിതമായിത്തന്നെ സാമ്രാജ്യത്വം നേരിട്ടു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം സ്വീകരിച്ച ഇവര്‍ ക്വബ്ര്‍ പൂജകരായ സ്വൂഫികളെയും സ്വൂഫീ ആശയക്കാരെയും തന്നെ തെരഞ്ഞടുത്തു. സൃഷ്ടിപൂജയില്‍ അഭിരമിക്കുന്ന ഇക്കൂട്ടര്‍ എന്നും ഇവരോടൊപ്പം കൂട്ടുകൂടിയ ചരിത്രമാണുള്ളത്. ഇന്ന് ഫാസിസത്തോടുള്ള അതേ നയം മുമ്പ് മുതല്‍ക്കേ ക്രൈസ്തവ സാമ്രാജ്യത്വവുമായി അവര്‍ പുലര്‍ത്തിപ്പോന്നിരുന്നു. സ്വൂഫികളുടെ ദര്‍ഗാ സംസ്‌കാരം അംഗീകരിക്കാത്തവര്‍'വഹാബി'കളാണെന്നും അവര്‍ പാരമ്പര്യ നിഷേധികളാണെന്നും വരുത്തിത്തീര്‍ത്ത് അവരെ മുസ്‌ലിം സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തുവാന്‍ സാമ്രാജ്യത്വ ബുദ്ധികള്‍ക്ക് പ്രയാസം ഉണ്ടായില്ല. പിന്നീട് മുസ്‌ലിം ലോകത്തിന്റെ നാനാഭാഗത്തുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ തടയിടാന്‍ സ്വൂഫികളെ ചൂഷക കൊളോണിയല്‍ സാമ്രാജ്യത്വം നന്നായി ഉപയോഗിച്ചു. ഇരുകൂട്ടര്‍ക്കും പൊതുശത്രു ഒന്നുതന്നെ. അല്ലാത്തവരൊക്കെ വഹാബികളും സലഫികളും തീവ്രവാദികളുമെല്ലാമായി മാറി!

ശവകുടീര പൂജയെ എതിര്‍ക്കുന്ന'വഹാബിസം' പൈതൃകത്തെ തള്ളിയവരും നൂതനാശയക്കാരുമാണെന്നുംസ്വൂഫി ചിന്താധാരകളെ എതിര്‍ക്കുന്ന മുസ്‌ലിം പണ്ഡിതന്‍മാരും സംഘടനകളും മതമൗലികവാദികളും അസഹിഷ്ണുത പുലര്‍ത്തുന്ന തിവ്രവാദികളുമാണെന്നും വരുത്തിത്തീര്‍ക്കുവാന്‍ ഇരുകൂട്ടരും സംഘടിതമായി പണ്ട് മുതല്‍ക്കേ ശ്രമിച്ചുപോരുന്നു. പൂര്‍വികരായ സജ്ജനങ്ങളുടെ പാത പിന്‍പറ്റണം എന്നു പറയുന്ന സലഫികളെ അസമാധാനത്തിന്റെ വക്താക്കളായി തെറ്റുധരിപ്പിച്ച് നവോത്ഥാന ശബ്ദത്തെ മൂടിക്കെട്ടുവാന്‍ ശ്രമിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സ്വൂഫികളും സ്വൂഫീ ആശയം സ്വീകരിച്ചവരും ഈ നവോത്ഥാന സരണിക്കെതിരെ ഒറ്റയായും സംഘടിതമായും നിലയുറപ്പിച്ചു. ഇത്തരക്കാര്‍ക്ക് നവാബ്,ബഹദൂര്‍ പട്ടങ്ങള്‍ നല്‍കിയും എല്ലാ വിധ സൗകര്യങ്ങളും നല്‍കി ആദരിച്ചും സാമ്രാജ്യത്വ ശക്തികള്‍ കൂടെ നിര്‍ത്തി. അതേസമയം കൊളോണിയല്‍ ശക്തികള്‍ക്കെതിരെ പടനയിച്ച പണ്ഡിന്മാര്‍ക്കും സ്വാതന്ത്ര്യപോരാളികള്‍ക്കുമെതിരില്‍ 'കാഫിര്‍'ഫത്‌വകള്‍ പുറപ്പെടുവിച്ചും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെ മതവിരുദ്ധ സമരമായും പ്രഖ്യാപിച്ച് പൗരോഹിത്യം സാമ്രാജ്യത്വത്തിന് ഓശാന പാടി പ്രീണിപ്പിച്ചു.

ഇത് ആഗോളതലത്തില്‍ മെനെഞ്ഞുണ്ടാക്കുന്ന സാമ്രാജ്യത്വ ഭീകരതാ പ്രതിഭാസമാണ്. തൗഹീദിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ യഥാര്‍ഥ ചൈതന്യം ലോകത്ത് പരന്നുകഴിഞ്ഞാല്‍ അടിത്തറയില്ലാത്ത മതദര്‍ശന പ്രസ്ഥാനങ്ങള്‍ക്കും ലോകത്തെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന ഭൗതിക സാമ്രാജ്യത്വ ശക്തികള്‍ക്കും കനത്ത പരാജയമേല്‍ക്കേണ്ടിവരുമെന്ന് നന്നായറിയുന്നവരാണ് ഇത്തരം നവോത്ഥാന ചലനങ്ങള്‍ക്കെതിരെ ആരോപണം നടത്തുന്നവര്‍. ഈ തൗഹീദ് ജാഗരണത്തിനെതിരെ പ്രതിരോധം സൃഷ്ടിക്കുവാന്‍ ശവകുടീര പൂജകരായ സ്വൂഫികളെയും അവരുടെ അനുയായി വൃന്ദങ്ങളെയും അവസരോചിതം ഉപയോഗപ്പെടുത്തി. അതിനനുസരിച്ച് വളരെ ദീര്‍ഘദൃഷ്ടിയോടെ തന്നെ ചരിത്രത്തെ സൃഷ്ടിച്ചും വളച്ചൊടിച്ചും കുതന്ത്രങ്ങള്‍ മെനഞ്ഞും കള്ളക്കഥകളുണ്ടാക്കിയെടുത്തു. ഈ ഭീകരതക്ക് താങ്ങും തണലുമായി നിന്ന കൂട്ടുകെട്ട് പൈതൃകമാണ് ദര്‍ഗ അസോസിയേഷനുകള്‍ക്ക് പറയാനുള്ളത്. വരും നൂറ്റാണ്ട് ഇസ്‌ലാമിന്റെതാണെന്ന് മനസ്സിലാക്കിയ പാശ്ചാത്യലോകം ഒരു ഭാഗത്ത് ഇസ്‌ലാം ഭീതി സൃഷ്ടിച്ചും മറുഭാഗത്ത് ഇസ്‌ലാമിക മിസ്റ്റിസത്തെ കുറിച്ച് വാനോളം പുകഴ്ത്തിയും തിരശ്ശീലക്ക് പിന്നില്‍ ആസൂത്രണപൂര്‍വം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

മലയാളക്കരയും സാക്ഷിയാവുന്നു

പ്രവാചക കാലത്തു തന്നെ ഇസ്‌ലാമിനെ വരവേറ്റ കേരളം ലോകത്തു നടന്ന ചരിത്രവേലിയേറ്റങ്ങള്‍ക്ക് സാക്ഷിയാവുകയും അതില്‍ പങ്കാളികളാവുകയും ചെയ്തു. പല രാജ്യങ്ങളില്‍ നിന്നായി വന്ന പണ്ഡിതന്‍മാരും നേതാക്കളും കേരളത്തിലെ ജനസമൂഹത്തിന് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തു.അത് ജാതി, വര്‍ഗ, വര്‍ണ വ്യത്യാസമില്ലാതെ ജനങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചു.

അസ്തിത്വം നഷ്ടപ്പെട്ട താഴ്ന്ന ജാതിക്കാര്‍ സ്വാഭാവികമായും ആഗ്രഹിച്ച സ്വാതന്ത്ര്യം ഇസ്‌ലാം സ്വീകരണത്തോടുകൂടി നേടി. ക്വുര്‍ആനും ഹദീഥും പഠിച്ച ഒരു സമൂഹമായി മാറുവാനുള്ള അവസരം ലഭിക്കാത്തവരാണിവരില്‍ അധികവും. പില്‍ക്കാലത്ത് മുസ്‌ലിംലോകത്തുണ്ടായ സ്വൂഫീ സ്വാധീനം ഈ മുസ്‌ലിം ജനതയിലും ഉണ്ടായി.

പിന്നീട് മതത്തില്‍ സ്വൂഫീ ആചാരങ്ങള്‍ നിറഞ്ഞുനിന്നു. നേര്‍ച്ചകളുംശവകുടീരങ്ങളുംപൂജിക്കലും വലിയ്യ്, ബീവിമാര്‍ തുടങ്ങി നിലവിളക്കും എണ്ണത്തിരിയുംമാട്ടുംമാരണവുംവരവും പോക്കും കതീനയും വെടിമരുന്നും ഒരു ഭാഗത്ത്; പക്ഷിപ്പാട്ടും,കുപ്പിപ്പാട്ടും,മാലമൗലീദുകളും മറ്റൊരു ഭാഗത്ത്. ഇെതല്ലാം വിശ്വസിച്ചും പഠിച്ചും പഠിപ്പിച്ചും ജീവിക്കുന്ന സമൂഹവും പൗരോഹിത്യവും. ഈ വഴിവിട്ട ആശയങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ചും പൗരോഹിത്യത്തെ തുറന്ന് കാണിച്ചും തൗഹീദിന്റെ പാത കാണിച്ചുകൊടുത്തും കേരളത്തിലും നവോത്ഥാനത്തിന്റെ കാറ്റ് വീശി. അങ്ങനെ മുസ്‌ലിം ലോകത്തുണ്ടായ നവജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളവും സാക്ഷിയായി.

1800ന്റെ അന്ത്യപാദത്തില്‍ സയ്യിദ് സനാഉല്ല മക്തിതങ്ങള്‍ ഒരേസമയം ക്രൈസ്തവ മിഷനറി ആദര്‍ശ പ്രചാരണത്തിനെതിരില്‍ ചെറുത്തുനിന്നും പൗരോഹിത്യ ചൂഷണത്തിനെതിരെ ശബ്ദിച്ചും മുസ്‌ലിം നവോത്ഥാനകൈരളിക്ക് തുടക്കംകുറിച്ചു. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും ആപതിച്ച മുസ്‌ലിം സമൂഹത്തെ വിശ്വാസ ചൂഷണം ചെയ്ത് ക്രൈസ്തവ പാതിരിമാര്‍ ഇസ്‌ലാമിനെയും പ്രവാചകനെയും ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഒത്താശയോടു കൂടി അവഹേളിച്ചും തെറിവിളിച്ചും നാടുനീളെ മിഷനറി പ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ ഇവര്‍ക്കെതിരില്‍ ശക്തമായ പടനയിച്ച മക്തിതങ്ങള്‍ക്കെതിരെ കുഫ്ര്‍ ഫത്‌വ ഇറക്കി. സ്വൂഫി പുരോഹിതന്മാര്‍ ക്രൈസ്തവ ബ്രിട്ടീഷ്‌കൊളോണിയന്മാര്‍ക്കും പാതിരിമാര്‍ക്കും ഒപ്പം നിന്ന് ചരിത്രം ആവര്‍ത്തിച്ചു. ഇത്തരം പ്രവൃത്തികള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇന്ത്യാരാജ്യത്തുടനീളം ബ്രിട്ടീഷുകാരും പൗരോഹിത്യവും ഇതേ ബന്ധം ഉപയോഗപ്പെടുത്തി നവോത്ഥാന ചലനങ്ങളെ തടയിടാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഉത്തരേന്ത്യയിലെ മിഷനറിമാരുടെ ഉറക്കം കെടുത്തിയ മൗലാന അമൃതസരിക്കെതിരെ ഇതേ കുഫ്ര്‍ തന്ത്രം പ്രയോഗിച്ചത് മറ്റൊരുദാഹരണമാണ്. സമൂഹത്തെ അേധാഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ശ്രമിച്ചവരെയെല്ലാം വഹാബികള്‍, സലഫികള്‍ എന്നീ മുദ്രകുത്തി അകറ്റുവാന്‍ ശ്രമിച്ചു.

കേരളത്തിലെ മുസ്‌ലിംകളില്‍ സാമൂഹ്യ പുരോഗതിയും സൈ്വര്യജീവിതവും ആഗ്രഹിച്ച ഒരുപറ്റം സമുദായ സ്‌നേഹികള്‍ ഹമദാനി ശൈഖിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച നിഷ്പക്ഷ സംഘം പിന്നീട് കേരള മുസ്‌ലിം ഐക്യ സംഘമെന്നപേരില്‍1922ല്‍ വിപുലമായ രൂപത്തില്‍ പുനഃ സംഘടിപ്പിച്ച് കേരളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മഹത്തായ പ്രസ്ഥാനമായി മാറി. എന്നാല്‍ മുസ്‌ലിം അനൈക്യത്തിലും അന്ധവിശ്വാസത്തിലും മുതലെടുപ്പ് നടത്തിയിരുന്ന വിഭാഗങ്ങള്‍ക്ക് ഈ സംഘത്തെ എതിര്‍ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു.

ഉത്തരേന്ത്യയില്‍ നേരത്തെതന്നെ ആരംഭിച്ച ഈ നവോത്ഥാന മുന്നേറ്റം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കേരളത്തില്‍ തുടക്കംകുറിച്ചത്. കേരളത്തിന് സുഊദി ഗവണ്‍മെന്റുമായുള്ള ബന്ധം ഉണ്ടാകുന്നതിനു മുമ്പ് തന്നെ ഈ നവോത്ഥാന ചലനങ്ങള്‍ക്ക് വഹാബിസം എന്ന പേര് ആഗോളതലത്തിലെന്നപോലെ ഇവിടെയും ഉണ്ടായി. സാമ്രാജ്യത്വ ശക്തികള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഇസ്‌ലാമിക മുന്നേറ്റത്തിന് ഈ പേര് നല്‍കിയിരുന്നു. ദര്‍ഗാസംസ്‌കാരം ഇസ്‌ലാമികമല്ല എന്ന് പറയുന്നവര്‍ പൈതൃക പാരമ്പര്യത്തെ തള്ളിയ നൂതന ആശയക്കാരാണെന്ന് വരുത്തിവെച്ച് മുസ്‌ലിം നവജാഗാരണത്തെ തടയിടാന്‍ സാമ്രാജ്യത്വത്തിനു സാധിച്ചു.

കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപീകരണത്തിന്റെ രണ്ടു വര്‍ഷത്തിനു ശേഷം ഇതിനെ പിളര്‍ത്തി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘം ഇതേ സ്വൂഫിചിന്താധാരകളെ സംരക്ഷിക്കുവാനുള്ളതും തങ്ങള്‍ പൈതൃക പാരമ്പര്യവാദികളാണെന്ന് വിശേഷിപ്പിക്കുവാനുമുള്ളതുമായിരുന്നു. ഇതിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍ തികഞ്ഞ സ്വൂഫിയും ബ്രിട്ടീഷുകാരുമായി അടുത്തബന്ധം സ്ഥാപിച്ചിരുന്ന വ്യക്തി കൂടിയുമായിരുന്നുവെന്ന് കൂട്ടിവായിക്കുമ്പോള്‍ ചരിത്രം കേരളമണ്ണിലും ആവര്‍ത്തിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കാം. വഹാബികള്‍ എന്നു മുദ്രകുത്തിയ നവോത്ഥാനനായകര്‍ അന്ന് ബ്രിട്ടീഷ് ഗവണമെന്റിനെതിരെ സമരത്തിലേര്‍പെട്ടിരിക്കുമ്പോള്‍ ഇദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം മതവിരുദ്ധമായാണ് കണ്ടത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ എതിരാളിയായി നിലയുറപ്പിച്ചതോടെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രിയങ്കരനായി മുല്ലക്കോയ തങ്ങള്‍ മാറിയതും സ്മരണീയമാണ്.

അപ്പോള്‍ സമസ്തയും സമസ്തയെ പ്രതിനിധീകരിക്കുന്നവരും സ്വൂഫി സമ്മേളനത്തില്‍ പങ്കെടുക്കുന്നതുംസ്വൂഫി സമ്മേളനങ്ങളില്‍ രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെയും മറ്റും നേതാക്കള്‍ പങ്കെടുക്കുന്നതും കൂട്ടുകൂടുന്നതും ചരിത്രത്തിന്റെ പുനരാവര്‍ത്തനം എന്നല്ലാതെ മറ്റൊന്നുമല്ല. ഈ ബന്ധങ്ങള്‍ ഇനിയും തുടര്‍ന്ന് കൊണ്ടിരിക്കും.

സമീപഭാവിയില്‍ സ്വൂഫിസത്തിന്റെ മറവില്‍ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സ്വാര്‍ഥമോഹത്തില്‍ ഫാസിസ്റ്റുകളുമായി ചങ്ങാത്തം കൂടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കും. വരും ദിവസങ്ങളില്‍ ഫാസിസത്തിനനുകൂലമായ മതവിധികളും ഇവരില്‍നിന്നും നമുക്ക് പ്രതീക്ഷിക്കാം. ഈ സ്വാര്‍ഥകൂട്ടുകെട്ടില്‍ പങ്കുകൊള്ളാത്തവരൊക്കെ ഇവരുടെ കണ്ണില്‍ 'സലഫി'കള്‍ അഥവാ 'ഭീകരവാദി'കളുമായിരിക്കും.


വാല്‍കഷ്ണം:

മുസ്‌ലിം സംഘടനകള്‍ ഒന്നടങ്കം ഭീകരതയെ അപലപിച്ചതിനുശേഷവും മുസ്‌ലിംകളെ ഭീകരതയുമായി ബന്ധിപ്പിക്കുവാനുള്ള ശ്രമം ആഗോളതലത്തിലും ഇന്ത്യയിലും ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ആഗോളതലത്തില്‍ സാമ്രാജ്യത്വ ദാസ്യവും ഇന്ത്യയില്‍ ഹിന്ദുത്വ ഫാസിസ്റ്റ് പ്രീണനവും മുഖ്യ അജണ്ടയാക്കിയ സ്വൂഫിസത്തിന്റെ നിലപാടും,സ്വൂഫിസത്തെ സുഖിപ്പിക്കുന്ന ഫാസിസ്റ്റ് അജണ്ടയും തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ വിലനല്‍കേണ്ടിവരും എന്ന്അന്ധമായ സലഫീ വിരോധത്തില്‍'സ്വൂഫീസൗന്ദര്യം' ആസ്വദിക്കുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.