മതം, ആത്മീയത, ചൂഷണം

അബ്ദുല്‍ മാലിക് സലഫി

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

ആത്മാമാവ്, മനസ്സ് എന്നിവയെ ഇന്നും മനുഷ്യന് പൂര്‍ണാര്‍ഥത്തില്‍ ഗ്രഹിക്കുവാന്‍ സാധിച്ചിട്ടില്ല. ആത്മാവിനെക്കുറിച്ചുള്ള അന്വേഷണത്തിന് യുഗങ്ങളുടെ പഴക്കമുണ്ട്. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പഠനങ്ങളും ഇന്നും അവിരാമം തുടരുന്നുണ്ട്. ആത്മാവിനെക്കുറിച്ച് ഏറെ അന്ധവിശ്വാസങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്നുമുണ്ട്. 

ഇസ്‌ലാം ഈ വിഷയത്തില്‍ ഒരു വെളിച്ചം നല്‍കുന്നുണ്ട്. നബി ﷺ യോട് ആത്മാവിനെ ക്കുറിച്ച് അന്വേഷിച്ച ഒരു സംഘം ജൂതന്മാര്‍ക്ക് മറുപടിയായി അവതരിച്ച ക്വുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: ''നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല'''(ക്വുര്‍ആന്‍ 17;85). ശാസ്ത്ര പുരോഗതിയുടെ ഉത്തുംഗതയില്‍ നാം എത്തിയിരിക്കുന്നു എന്ന് അഭിമാനിക്കുന്ന വര്‍ത്തമാനകാലത്തും ആത്മാവിനെക്കുറിച്ചുള്ള ക്വുര്‍ആനിലെ ഈ പരാമര്‍ശം തികച്ചും കൃത്യവും സൂക്ഷ്മവുമാണെന്ന് തെളിയിച്ച് നിലനില്‍ക്കുന്നു. ആത്മാവിനെക്കുറിച്ച് അല്ലാഹുവിന് മാത്രമാണ് കൃത്യമായി അറിയുക, അറിവില്‍ നിന്ന് സ്വല്‍പമല്ലാതെ മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിട്ടില്ല എന്നത് നാള്‍ക്കുനാള്‍  കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. സത്യത്തില്‍ വിശുദ്ധ ക്വുര്‍ആനിന്റെ ദൈവികതക്ക് ഒരു തെളിവുകൂടിയാണ് ഈ സൂക്തം. ആത്മാവ് എന്ന സൃഷ്ടിക്ക് അസ്തിത്വമുണ്ടെന്നും അതിന്റെ വിശദ രൂപം നമുക്ക് അജ്ഞാതമാണെന്നും ശാസ്ത്രം ഇന്ന് പറയുമ്പോള്‍, ആയിരത്തി നാനൂറില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വുര്‍ആന്‍ ഇത് പറഞ്ഞിട്ടുണ്ടെങ്കില്‍, അതൊരു മനുഷ്യനിര്‍മിത സൃഷ്ടിയല്ല എന്ന്  തീര്‍ച്ചയാണ്.


ആത്മീയതയും ഭൗതികവാദവും

ആത്മമാവിനെ അംഗീകരിക്കുന്നവര്‍ക്കാണ് ആത്മീയതെക്കുറിച്ച് സംസാരിക്കാനാവുക. ഭൗതികവാദികള്‍ ആത്മാവിനെ നിഷേധിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ആത്മാവിനെക്കുറിച്ചോ, ആത്മീയതയെക്കുറിച്ചോ, ആത്മാവിന്റെ വിമലീകരണത്തെ സംബന്ധിച്ചോ ഭൗതികവാദത്തില്‍ ചര്‍ച്ചയില്ല. അതേസമയം മതങ്ങള്‍ ആത്മാവിനെ അംഗീകരിക്കുന്നുണ്ട്. ആത്മീയതയുടെ ഭാഗത്തിനാണ് മതങ്ങള്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ലോകജനതയില്‍ മഹാഭൂരിപക്ഷവും ആത്മീയത അന്വേഷിക്കുന്നവരും ആത്മീയതയില്‍ ജീവിത സംതൃപ്തി കണ്ടെത്തുന്നവരുമാണ്. ഭൗതിക വാദത്തിന്റെ പല പരാജയ കാരണങ്ങളില്‍ ഒന്ന് ഇതാണ്. മനുഷ്യന് ജീവവായു പോലെ ആവശ്യമായ ആത്മീയ ഭൂമികയെ ഊഷരമായി നിര്‍ത്തുമ്പോള്‍ സംഭവിക്കുന്നത് നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള അതിര്‍വരമ്പ് നേര്‍ത്തുവരിക എന്നതാണ്.  അങ്ങനെ സദാചാരപരമായ അപചയം സംഭവിക്കുന്നു. വൈവാഹിക ജീവിതത്തിലെ  വിശുദ്ധി നഷ്ടപ്പെടുന്നു. മനസ്സമാധാനം നഷ്ടപ്പെടുന്നു. അവസാനം ഒരു തുള്ളി ആശ്വാസവും തേടി ജീവിതത്തിന്റെ അവസാന കാലത്ത് ആത്മീയചൂഷകരുടെ കേന്ദ്രങ്ങളില്‍ അഭയം തേടി ജീവിതം ഹോമിക്കുന്ന അവസ്ഥയിലേക്കെത്തിച്ചേരുന്നു.

വ്യാജ ആത്മീയതയിലേക്ക് ആളുകളെ നയിക്കുന്നതില്‍, ചൂഷകന്മാര്‍ക്കുള്ളത് പോലെ ഒരു പങ്ക് ഭൗതികവാദികള്‍ക്കും ഉണ്ട് എന്നത് ഒരു നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്.

ഭൗതിക വാദത്തിന്റെ തലതൊട്ടപ്പന്മാരായിരുന്ന പലരും അവസാനകാലത്ത് ആത്മീയതയെ അന്വേഷിച്ചിരിന്നു എന്നതും ഒരു സത്യമാണ്.


ആത്മീയതയും ഇസ്‌ലാമും

ആത്മീയദാഹം തീര്‍ക്കാന്‍ മനുഷ്യര്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതെല്ലാം നൈമിഷികവും, വ്യാജവും ആയിരിക്കും. കാരണം, ആത്മാവിനെ പടച്ച സ്രഷ്ടാവിന്റെ ആത്മീയ നിര്‍ദേശങ്ങളല്ല അവയൊന്നും. ഇവിടെയാണ് ഇസ്‌ലാം വേറിട്ടുനില്‍ക്കുന്നത്. ഇസ്‌ലാമിലെ ആത്മീയത കുറ്റമറ്റതാണ്. കാരണം മറ്റൊന്നുമല്ല, ആത്മാവിനെ പടച്ചവന്‍ തന്നെയാണ് ആത്മീയ നിര്‍ദേശങ്ങളും നല്‍കിയിട്ടുള്ളത്. അഥവാ അല്ലാഹുവിന്റെ മാര്‍ഗ നിര്‍ദേശങ്ങളാണ് ഇസ്‌ലാമിലെ ആത്മീയയുടെ കാതല്‍. തപിക്കുന്ന ഹൃദയങ്ങള്‍ക്ക് ഇസ്‌ലാമില്‍ ആശ്വാസമുണ്ട്. വേദനിക്കുന്ന മനസ്സുകള്‍ക്ക് ഇസ്‌ലാം പരിഹാരമാണ്. അസ്വസ്ഥതയും മനോവിഷമങ്ങളും ഇസ്‌ലാമിന്റെ ആത്മീയ തീരത്ത് അലിഞ്ഞ് ഇല്ലാതാകും. ജീവിതത്തില്‍ സര്‍വതോന്മുഖമായ സംതൃപ്തിയാണ് ഇസ്‌ലാം നല്‍കുന്ന ആത്മീയ നര്‍ദേശങ്ങളുടെ പ്രത്യേകത.

ആത്മാവിനെ വിമലീകരിക്കുക എന്നതാണ്  ജീവിതത്തിന്റെ ലക്ഷ്യമായും സ്വര്‍ഗപ്രവേശനത്തിനുള്ള അടിസ്ഥാനമായും ഇസ്‌ലാം നിര്‍ദേശിക്കുന്നത്. കുറ്റപ്പെടുത്തുന്ന മനസ്സ് (അന്നഫ്‌സുല്ലവ്വാമഃ), തിന്മ കല്‍പിക്കുന്ന മനസ്സ് (അമ്മാറതുന്‍ ബിസ്സൂഅ്), സമാധാന മടഞ്ഞ ആത്മാവ് (അന്നഫ്‌സുല്‍ മുത്മഇന്നഃ) എന്നിങ്ങനെ മൂന്ന് തരം മനസ്സുകളെ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. മനസ്സുകളെ ഇഛകളില്‍ നിന്ന് വിശുദ്ധമാക്കുമ്പോഴേ മനുഷ്യന് ആത്മീയതയുടെ ശരിയായ വഴി തുറന്ന് കിട്ടുകയുള്ളു. അല്ലാഹു പറയുന്നു: ''അപ്പോള്‍ ഏതൊരാള്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ ഇഛയില്‍ നിന്ന് വിലക്കുകയും ചെയ്തുവോ (അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതം'' (ക്വുര്‍ആന്‍ 79:40,41).

തങ്ങള്‍ നിര്‍മിച്ചുണ്ടാക്കുന്ന ചില കൃത്രിമ 'ആത്മീയ മാര്‍ഗങ്ങള്‍' സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന പൗരോഹിത്യമാണ് ഏത്കാലത്തും ശരിയായ ആത്മീയ രംഗത്ത് വിലങ്ങുകള്‍ സൃഷ്ടിച്ചിട്ടുള്ളത്. പണ്ഡിത വേഷധാരികളെ ആത്മാര്‍ഥമായി വിശ്വസിക്കുന്ന പൊതുജനങ്ങള്‍  വഞ്ചിക്കപ്പെടുകയാണ് ചെയ്യാറുള്ളത്. 

ഒരു വിശ്വാസി വീട്ടില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ പ്രാര്‍ഥിക്കുന്ന പ്രാര്‍ഥനയില്‍ ഒന്ന് ''ഞാന്‍ സ്വയം വിഡ്ഢിയാകുന്നതില്‍ നിന്നും മറ്റുള്ളവര്‍ എന്നെ വിഡ്ഢിയാക്കുന്നതില്‍ നിന്നും ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു'' എന്നാണ്. നബി ﷺ യെ വളരെ മോശമായ രീതിയില്‍ ആക്ഷേപിച്ചിരുന്ന അബൂഇസ്സ എന്നു പേരുള്ള ജാഹിലീ കവി ബദ്‌റില്‍ ബന്ദിയായി പിടിക്കപ്പെട്ടു. ദയനീയമായ രീതിയില്‍ അയാള്‍ നബി(റ)യുടെ മുമ്പില്‍ കേണു. ഇനി മേലില്‍ പ്രവാചകനെതിരെ ഒന്നും പറയില്ല എന്ന കരാറില്‍ നബി ﷺ  അയാളെ വിട്ടയച്ചു. എന്നാല്‍, ഉഹ്ദില്‍ അയാള്‍ വീണ്ടും ബന്ദിയാക്കപ്പെട്ടു. ആദ്യത്തേതു പോലെ അയാള്‍ തന്റെ അടവുപയറ്റാന്‍ ശ്രമിച്ചു. അന്നേരം നബി ﷺ  പറഞ്ഞു: 'ഒരു വിശ്വാസിക്ക് ഒരു മാളത്തില്‍ നിന്ന്  രണ്ടു പ്രാവശ്യം വിഷം തീണ്ടില്ല.' ഇതൊരു സന്ദേശമാണ്. വിശ്വാസികളെ നിരന്തരം ഒരാള്‍ക്കും വഞ്ചിക്കാനാവില്ല എന്ന സന്ദേശം. ഭൗതിക-മത രംഗങ്ങളിലെല്ലാം ഇതിന് പ്രസക്തിയുണ്ട്.


പൗരോഹിത്യം ഇടപെടുന്നു

യഥാര്‍ഥ മതദര്‍ശനങ്ങളെ മതാനുയായികളില്‍ നിന്ന് മറച്ചുപിടിച്ചാണ് ഏത്കാലത്തും ഏത് മതത്തിലെ പൗരോഹിത്യവും ചൂഷണത്തിന് മുതിരാറുള്ളത്. ജൂത ക്രിസ്ത്യാനികള്‍ക്ക് സംഭവിച്ച അബദ്ധങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി അല്ലാഹു പറഞ്ഞത് ''അവര്‍ പണ്ഡിത പുരോഹിതരെ റബ്ബുകളാക്കി'' (9:31) എന്നാണ്. 

ഇതിന് സമാനമായ കാര്യം മുസ്‌ലിം സമൂഹത്തിലും സംഭവിച്ചേക്കാം. അതില്‍ ജാഗ്രത വേണം. അല്ലാഹു അക്കാര്യം ഇങ്ങനെയാണുണര്‍ത്തിയത്: ''സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു'' (ക്വുര്‍ആന്‍ 4:34). 

ജനങ്ങളെ സത്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തി അവരെ സാമ്പത്തിക ചൂഷണത്തിന് വിധേയരാക്കുക എന്നതാണ് പുരോഹിത വര്‍ഗത്തിന്റെ അജണ്ട എന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. ഇക്കാര്യത്തിന് നമ്മള്‍ ഇന്ന് സാക്ഷികളാണല്ലോ. പ്രമാണങ്ങള്‍ക്ക് ബാഹ്യാര്‍ഥവും ആന്തരികാര്‍ഥവുമുണ്ട്, ആന്തരികാര്‍ഥം പണ്ഡിതന്മാരില്‍ നിന്നു പഠിക്കണം, ത്വരീക്വത്തില്‍ ചേരാതെ അറിവ ലഭിക്കില്ല, ശൈഖ് പറയുന്നതാണ് മതം... തുടങ്ങി നിരവധി ദുര്‍ബോധനങ്ങള്‍ നടത്തി പ്രമാണങ്ങളില്‍ നിന്ന് ജനത്തെ ദൂരെ നിര്‍ത്തുക എന്നത് ഇന്നിവിടെ ആസൂത്രിതമായി നടന്നുവരുന്നുണ്ട്. ചൂഷണത്തിന് മണ്ണൊരുക്കുവാനാണ് പൗരോഹിത്യം ഇത്തരം പുകമറകള്‍ സൃഷ്ടിക്കുന്നത്. അല്ലാഹുവിനോട് ഇടയാളന്മാരില്ലാതെ നമുക്ക് ചോദിക്കുവാന്‍ എന്തര്‍ഹത എന്നും അവര്‍ വിശ്വാസികളോട് ചോദിക്കുന്നു. മഹാന്മാരുടെ മധ്യസ്ഥതയില്ലാത്തവന്‍ പിഴച്ചവനാണ് എന്നും പൗരോഹിത്യം തട്ടിവിടാറുണ്ട്. 

'എന്റെ അടിമകള്‍ എന്നെക്കുറിച്ച് ചോദിച്ചാല്‍ ഞാനവരുടെ സമീപസ്ഥനാണ്' (2:186) എന്ന ക്വുര്‍ആന്‍ വചനമൊന്നും ഇവര്‍ക്ക് പ്രമാണമല്ല! ഇങ്ങനെയുള്ള പ്രമാണ വചനങ്ങളുടെ ശരിയായ ആശയം ജനങ്ങളെ അവര്‍ പഠിപ്പിക്കുകയുമില്ല. ദാഹിച്ച് വെള്ളം ചോദിച്ച് വരുന്നവന് വിഷം നല്‍കുന്നവന്റെ റോളിലാണ് ഇത്തരം ചൂഷകന്മാരുള്ളത്. 'അല്ലാഹു ട്രാന്‍സ്‌ഫോര്‍മര്‍ പോലെയാണ്, ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് നേരിട്ട് വൈദ്യുതി സ്വീകരിക്കാന്‍ കഴിയാത്തതുപോലെ അല്ലാഹുവിനോട് നമുക്ക് നേരിട്ട് അടുക്കുവാന്‍ കഴിയില്ല' എന്നൊക്കെ ഇവര്‍ ഉദാഹരണം പറയാറുള്ളത് ചൂഷണത്തിന്റെ അവസരം നഷ്ടപ്പെടാതിരിക്കുവാന്‍ വേണ്ടിയാണ്. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വശത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ന വസ്തുത ജനങ്ങള്‍ മനസ്സിലാക്കിയാല്‍ ചൂഷണം നടക്കില്ലല്ലോ. അല്ലാഹുവിനും സൃഷ്ടികള്‍ക്കുമിടയില്‍ പൗരോഹിത്യം സൃഷ്ടിച്ച വിടവ് നികത്തുവാനും ആളുകളെ അല്ലാഹുവിലേക്ക് അടുപ്പിക്കുവാനുമാണ് പ്രവാചകന്മാര്‍ പരിശ്രമിച്ചിരുന്നത്. മരങ്ങള്‍, വള്ളികള്‍, കല്ലുകള്‍, ജാറങ്ങള്‍, വിഗ്രഹങ്ങള്‍, പ്രവാചകന്മാര്‍, തുടങ്ങിയ യാതൊരു 'മധ്യസ്ഥന്മാര്‍' മുഖേനയുമല്ലാതെ അല്ലാഹുവിലേക്കടുക്കുവാന്‍ മനുഷ്യന് സാധിക്കുമ്പോഴാണ് വിജയം ലഭിക്കുക എന്ന അടിസ്ഥാന അറിവാണ് പ്രമാണങ്ങള്‍ പകര്‍ന്നുനല്‍കുന്നത്.


ചൂഷണത്തിന്റെ വിവിധ രൂപങ്ങള്‍

മനുഷ്യന്റെ ആവശ്യകതയെയാണ് ചൂഷകന്മാര്‍ മുതലെടുക്കാറുള്ളത്. ഏത്‌രംഗത്തുള്ള ചൂഷണങ്ങളിലും ഈയൊരു സംഗതി നമുക്ക് കാണുവാനാകും. വിദ്യാഭ്യാസ രംഗവും ചികിത്സാ രംഗവുമെല്ലാം ഇന്ന് വ്യവസായവത്കരിക്കപ്പെടുകയും ലാഭം കൊയ്‌തെടുക്കുന്ന മേഖലകളായി മാറുകയും ചെയ്തിട്ടുള്ളതുപോലെ ആത്മീയ രംഗവും മാറിയിരിക്കുന്നു. എല്ലാ മതങ്ങളിലും ഇത്തരം ചൂഷകര്‍ പിടിമുറുക്കിയിട്ടുണ്ടെന്ന് കാണുവാന്‍ സാധിക്കും. കൈനോട്ടക്കാര്‍, ജ്യോതിഷികള്‍, ഇസ്മിന്റെ പണിക്കാര്‍, ജാറ നടത്തിപ്പുകാര്‍, ആള്‍ ദൈവങ്ങള്‍, സിദ്ധന്മാര്‍, സ്‌നേഹ ശുശ്രൂഷകന്മാര്‍... തുടങ്ങിയവര്‍ സമൂഹത്തില്‍ വിവിധ തരത്തിലുള്ള ചൂഷണത്തിന്റെ അമ്പാസിഡര്‍മാരാണ്. ഉറുക്ക്, തകിട്, അത്ഭുത മോതിരം, വ്യാജ തിരുശേഷിപ്പുകള്‍ തുടങ്ങിയവ ചൂഷണത്തിന്റെ മാധ്യമങ്ങളാണ്. 

ഇത്തരം ചൂഷകന്മാര്‍ തങ്ങളുടെ സാമ്പത്തിക ശേഷി ഉപയോഗിച്ച് ഭരണ കേന്ദ്രങ്ങളെ വരെ സ്വാധീനിക്കുന്നു. വോട്ടുചോര്‍ച്ച ഭയന്ന് പലപ്പോഴും രാഷ്ട്രീയക്കാരും ഇത്തരക്കാര്‍ക്കെതിരെ ശബ്ദിക്കാറില്ല. ഒരുവേള ഇത്തരം കേന്ദ്രങ്ങളിലെ വിവിധ പരിപാടികളില്‍ നിറസാന്നിധ്യമായി അവര്‍ ഉണ്ടാവുകയും ചെയ്യും. ആള്‍ദൈവങ്ങളുടെ അതിരില്ലാത്ത വരുമാനത്തിന്റെ സ്രോതസ്സുകളൊന്നും ആരും അന്വേഷിക്കാറില്ല. ആത്മീയ ചൂഷണ കേന്ദ്രങ്ങളുടെ ഓഡിറ്റിംങ്ങ് ഒരു സര്‍ക്കാറും അവശ്യപ്പെടാറുമില്ല. പലപ്പോഴും സമൂഹത്തിലെ ഉന്നതരെന്ന് കരുതപ്പെടുന്നവരുടെ പിന്‍ബലത്തിലാണ് ഇത്തരം ചൂഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാറുള്ളത്. ആണ്ടുതോറും നടന്നുവരുന്ന ഉറൂസ് മാമാങ്കങ്ങള്‍, അപ്പവാണിഭങ്ങള്‍, സ്വലാത്ത് വാര്‍ഷികങ്ങള്‍, സ്വലാത്ത് സമ്മേളനങ്ങള്‍... ഇതെല്ലാം ചൂഷണത്തിന്റെ ആധുനിക മോഡലുകളാണെന്ന് ആര്‍ക്കാണറിയാത്തത്? 

മരിച്ച വ്യക്തി തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ സ്വന്തം പിതാവിന്റെ മയ്യിത്ത് മറമാടാതിരിക്കാന്‍ മാത്രം അന്ധവിശ്വാസത്തിന്റെ പുതപ്പിനുള്ളില്‍ സമൂഹത്തെ മൂടിക്കിടത്തുന്നതില്‍ ചൂഷകന്മാര്‍ വിജയിച്ചിട്ടുണ്ട്. തങ്ങളെ പ്രവാചകരെപ്പോലെ ഉയര്‍ത്തിക്കാട്ടുന്ന അനുയായിവൃന്ദങ്ങളെ പടച്ചുണ്ടാക്കുന്നതിലും പുരോഹിതന്മാര്‍ വിജയിച്ചു കഴിഞ്ഞു. ത്വരീക്വത്തിന്റെ പേരില്‍ സ്വന്തം ഭാര്യയെ ശൈഖിന് കാഴ്ചവയ്ക്കുവാന്‍ പോലും തയ്യാറാകുന്നവരുണ്ടത്രെ! 'തിരുകേശം' സൂക്ഷിക്കുവാനുള്ള നാല്‍പതു കോടിയുടെ പള്ളിയെ കുറിച്ച് യാതൊരു വിവരവുമില്ല. 'വിലായത്തിന്റെ' വ്യാജപ്പട്ടം ഇന്ന് വിപണിയില്‍ സുലഭമാണ്. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചവരെ 'വലിയ്യാക്കി' മുദ്രകുത്തുന്ന ഏജന്‍സി തന്നെ ചില പുരോഹിതന്മാരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയിക്കത്തക്ക വിധത്തില്‍ 'വലിയ്യു'കളുടെ ജാറങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം ചൂഷകരെ തുറന്നു കാണിക്കേണ്ട മാധ്യമങ്ങള്‍ പക്ഷേ, ഇത്തരക്കാര്‍ക്ക് വിപണി ഒരുക്കിക്കൊടുക്കുന്ന തിരക്കിലാണ്. 'മന്‍സില്‍ മഫാസു'കളുടെ എപ്പിസോഡുകള്‍ അവസാനിക്കാത്തത് അതുകൊണ്ടാണ്. പണമാണ് എല്ലാവര്‍ക്കും ആവശ്യം. പക്ഷേ, ഈ ചൂഷകന്മാരുടെ പണക്കൊതിമൂലം വിശ്വാസികള്‍ക്ക് നഷ്ടമാകുന്നത് പണവും മാനവും പരലോകവുമാണ്.


ബോധവല്‍ക്കരണം അനിവാര്യം

ചൂഷകന്മാരുടെ ആത്മീയ വിപണിയില്‍ നിന്ന് ജനങ്ങളെ യഥാര്‍ഥ ആത്മീയ തീരത്തേക്ക് തിരിച്ച് വിളിക്കുക എന്ന ശ്രമകരമായ ദൗത്യം സമൂഹത്തിലെ സുമനസ്സുകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. ചൂഷകന്മാരുടെ നീരാളിപ്പിടുത്തത്തില്‍ ഞെരിഞ്ഞമര്‍ന്നുകൊണ്ടിരിക്കുന്ന ആത്മീയദാഹികള്‍ക്ക് ശരിയുടെ തെളിനീര്‍ നല്‍കേണ്ടതുണ്ട്. കാലം അതാണ് ആവശ്യപ്പെടുന്നത്. രാഷ്ട്രീയ, പണ സ്വാധീനങ്ങള്‍ ഉപയോഗിച്ച് ചൂഷകന്മാര്‍ തിമര്‍ത്താടുമ്പോള്‍, അവരെ നേരിടുവാന്‍ ചിലപ്പോള്‍ നന്മയെ സ്‌നേഹിക്കുന്നവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. ചൂഷിത വര്‍ഗത്തെ സ്‌നേഹബുദ്ധ്യാ ബോധവല്‍കരിക്കുക എന്നത് സാധ്യമാകുന്നതും ചെയ്യാവുന്നതുമായ വഴിയാണ്. അതാണ് പ്രവാചകന്മാര്‍ നടത്തിയത്. അതുതന്നെയാണ് ഇക്കാലത്തെ പ്രബോധകരും നടത്തേണ്ടത്. ആ ദൗത്യമാണ് മുജാഹിദ് പ്രബോധക സംഘമായ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ഏറ്റെടുത്തിട്ടുള്ളത്. 'ആത്മീയ ചൂഷണത്തിനെതിരെ ബോധവല്‍ക്കരണം' എന്ന പരിപാടി അതിന്റെ ഭാഗമാണ്. സമൂഹത്തിലെ സുമനസ്സുകള്‍ ഈ ദൗത്യത്തില്‍ പങ്കാളികളാവേണ്ടതുണ്ട്.