പ്രവാചകന്മാര്‍ ഉല്‍കൃഷ്ടരാണ്

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 മെയ് 13 1438 ശഅബാന്‍ 16

പ്രവാചകന്മാര്‍ ഉല്‍കൃഷ്ടരാണ്. ജൂതെ്രെകസ്തവര്‍ വിശ്വസിക്കുന്നത് പോലെയുള്ള അധാര്‍മിക ജീവിതം നയിച്ചവരോ, മ്ലേഛ സ്വഭാവക്കാരോ ആയിരുന്നില്ല. അങ്ങനെ പ്രവാചകന്മാരെ കുറിച്ച് വിശ്വസിക്കാനേ പാടില്ല. അവര്‍ മനുഷ്യരാണല്ലോ. എന്നാല്‍ പ്രവാചകന്മാരുടെജീവിതത്തില്‍ സംഭവിച്ച പല വാക്കുകളെയും പ്രവര്‍ത്തനങ്ങളെയും അല്ലാഹു തിരുത്തിയിട്ടുണ്ട്. അവരുടെ പ്രവാചകത്വം എന്ന പദവിക്ക് യോജിക്കാത്ത വല്ലതും അവരില്‍ നിന്ന് വന്നാല്‍ ഉടനെ അല്ലാഹു അവരെ ഓര്‍മപ്പെടുത്തുകയും അവര്‍ അല്ലാഹുവിനോട് അങ്ങേയറ്റം പൊറുക്കലിനെ ചോദിക്കുകയും പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്ത് അവരുടെ അല്ലാഹുവിങ്കലേക്കുള്ള സാമീപ്യം വര്‍ധിപ്പിക്കുകയും ചെയ്യും.  ഇപ്രകാരം ചില സന്ദര്‍ഭങ്ങളില്‍ അവരില്‍ നിന്ന് വന്ന അശ്രദ്ധയും അല്ലാഹു അവരെ ഓര്‍മപ്പെടുത്തിയതും അവര്‍ അവനിലേക്ക് ഖേദിച്ചു മടങ്ങിയതും കാണുക:

ആദം(അ)

''...ആദം തന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും അങ്ങനെ പിഴച്ചുപോകുകയും ചെയ്തു'' (20:121).

അല്ലാഹു അദ്ദേഹത്തോടും ഭാര്യ ഹവ്വയോടും സ്വര്‍ഗത്തിലെ ഒരു വൃക്ഷത്തെ സമീപിക്കരുതെന്ന് പറഞ്ഞിരുന്നു. പക്ഷേ, പിശാചിന്റെ ദുര്‍മന്ത്രണത്തില്‍ പെട്ട് അവര്‍ വഞ്ചിക്കപ്പെടുകയായിരുന്നു. വിലക്കപ്പെട്ട മരത്തിന്റെ കനി ഭക്ഷിച്ചതിനെയാണ് അനുസരണക്കേടായും പിഴവായും വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളില്‍ നിന്ന് വന്ന അബദ്ധം പിന്നീട് തിരിച്ചറിയുകയും റബ്ബിനോട് പൊറുക്കലിനെ തേടുകയും ചെയ്തു. ക്വുര്‍ആന്‍ അവര്‍ നടത്തിയ പ്രാര്‍ഥന വ്യക്തമാക്കുന്നത് കാണുക:

''അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തു തരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും''(7:23). അങ്ങനെ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു.

നൂഹ്(അ)

നൂഹ്(അ) മകനെ രക്ഷപ്പെടുത്താന്‍ വേണ്ടി അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ഥിച്ചു:

''നൂഹ് തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെ മകന്‍ എന്റെ കുടുംബാംഗങ്ങളില്‍ പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യമാണ് താനും. നീ വിധികര്‍ത്താക്കളില്‍ വെച്ച് ഏറ്റവും നല്ല വിധികര്‍ത്താവുമാണ്'' (11:45).

അല്ലാഹു ഈ പ്രാര്‍ഥനക്ക് നല്‍കിയ മറുപടി എന്തായിരുന്നു?

''അവന്‍(അല്ലാഹു) പറഞ്ഞു: നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ആവശ്യപ്പെടരുത്. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്'' (11:46).

ഉടനെ നൂഹ്(അ) അതില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങി. അദ്ദേഹം പ്രാര്‍ഥിച്ചത് കാണുക:

''അദ്ദേഹം(നൂഹ്) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തു തരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും''(11:47).

മൂസാ(അ)

മൂസാ(അ)യുടെ കക്ഷിയില്‍ പെട്ടയാളും ശത്രുപക്ഷത്തുള്ള ഒരാളും തമ്മിലുണ്ടായ ഒരു പ്രശ്‌നത്തില്‍ മൂസാ(അ) ഇടപെട്ടപ്പോള്‍ തന്റെ ശത്രുഭാഗത്തില്‍ പെട്ട ആള്‍ക്കെതിരില്‍ തന്റെ കക്ഷിയില്‍ പെട്ടയാളെ സഹായിക്കുന്ന സന്ദര്‍ഭത്തില്‍ തന്റെ ഇടികൊണ്ട് അയാള്‍ മരണപ്പെട്ടു. ഇത് മൂസാ(അ) അറിഞ്ഞുകൊണ്ട് ചെയ്തതായിരുന്നില്ല. അബദ്ധത്തില്‍ കൊല്ലപ്പെടുകയാണ് ചെയ്തത്. എന്നിരുന്നാലും താന്‍ ഒരു കൊലചെയ്തതില്‍ അദ്ദേഹം ദുഃഖിതനായി. അദ്ദേഹം അതിനെക്കുറിച്ച് പറയുന്നത് കാണുക:

''മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു'' (28:15).

തുടര്‍ന്ന് അദ്ദേഹം പ്രാര്‍ഥിച്ചു: ''...എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (28:16).

''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് അനുഗ്രഹം നല്‍കിയിട്ടുള്ളതു കൊണ്ട് ഇനി ഒരിക്കലും ഞാന്‍ കുറ്റവാളികള്‍ക്കു സഹായം നല്‍കുന്നവനാവുകയില്ല'' (28:17).

ദാവൂദ്(അ) എടുത്ത ഒരു തീരുമാനത്തില്‍ തനിക്ക് അപാകത സംഭവിച്ചത് മനസ്സിലായപ്പോള്‍ അദ്ദേഹം നടത്തിയ പ്രാര്‍ഥന കാണുക:

''തുടര്‍ന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചു മടങ്ങുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന് നാമത് പൊറുത്തു കൊടുത്തു'' (38:24,25).

മുഹമ്മദ് നബി(സ്വ) എടുത്ത ചില തീരുമാനങ്ങളെയും സമീപനങ്ങളെയും അല്ലാഹു തിരുത്തിയിട്ടുണ്ട്. അതില്‍ പെട്ടവയാണ് നാം മുമ്പ് സൂചിപ്പിച്ച രണ്ട് സംഭവങ്ങള്‍. നബി(സ്വ) അനുവദനീയമായത് വ്യക്തിപരമായി നിഷിദ്ധമാക്കിയ സന്ദര്‍ഭത്തില്‍; അല്ലാഹു ചോദിക്കുന്നു:

''ഹേ, നബിയേ! അല്ലാഹു നിനക്ക് അനുവദനീയമാക്കിയതിനെ നീ എന്തിനു നിഷിദ്ധമാക്കുന്നു? നീ നിന്റെ ഭാര്യമാരുടെ പ്രീതിയെ തേടുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (66:1).

ബദ്‌റില്‍ ബന്ദികളാക്കിയവര്‍ക്കെതിരില്‍ നടപടി സ്വീകരിക്കുന്ന സന്ദര്‍ഭത്തില്‍ നബി(സ്വ) എടുത്ത തീരുമാനത്തെ അല്ലാഹു തിരുത്തിയിട്ടുണ്ട്. നബി(സ്വ) മക്കയിലെ പ്രമാണിമാരൊത്ത് സംസാരിക്കവെ അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ) നബി(സ്വ)യുടെ അടുത്ത് വന്നു. നബി(സ്വ) ആ സ്വഹാബിയോട് വേണ്ടത്ര പരിഗണന കാണിച്ചില്ല എന്നതിനാല്‍ അല്ലാഹു തിരുത്തി. അതാണ് സൂറഃ അബസയുടെ തുടക്കത്തിലുള്ളത്.

''അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു. അദ്ദേഹത്തിന്റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍. (നബിയേ,) നിനക്ക് എന്തറിയാം?  അയാള്‍ (അന്ധന്‍) ഒരുവേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ. അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്‌തേക്കാമല്ലോ. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ; നീ അവന്റെ നേരെ ശ്രദ്ധ തിരിക്കുന്നു. അവന്‍ പരിശുദ്ധി പ്രാപിക്കാതിരുന്നാല്‍ നിനക്കെന്താണ് കുറ്റം? എന്നാല്‍ (അല്ലാഹുവിനെ) ഭയപ്പെട്ടുകൊണ്ട് നിന്റെ അടുക്കല്‍ ഓടി വന്നവനാകട്ടെ, അവന്റെ കാര്യത്തില്‍ നീ അശ്രദ്ധ കാണിക്കുന്നു.''

അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ)വിലേക്ക് ശ്രദ്ധ തിരിച്ചാല്‍ മക്കയിലെ പ്രമാണിമാര്‍ ചര്‍ച്ചയില്‍നിന്ന് പിന്തിരിയാനും അത് അവരുടെ സത്യത്തിലേക്കുള്ള വരവിന് തടസ്സമാകാനും സാധ്യതയുള്ളതിനാല്‍ മാത്രമാണ് നബി(സ്വ) അങ്ങനെ ചെയ്തത് എന്ന്പ്രത്യേകം ഓര്‍ക്കുക. എന്നിട്ടും അല്ലാഹു അദ്ദേഹത്തെ തിരുത്തി.

പ്രവാചകന്മാര്‍ മനുഷ്യരാണെന്ന് നാം തെളിവുകളുടെ വെളിച്ചത്തില്‍ മനസ്സിലാക്കിയതാണ്. മനുഷ്യരായതിനാല്‍ തന്നെ അവരില്‍ വന്ന ഇത്തരം വീഴ്ചകള്‍ പിന്നീട് അവരില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടില്ല. അവര്‍ക്കതെല്ലാം അല്ലാഹു പൊറുത്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാലും പ്രവാചകന്മാര്‍ നടത്തിയ പ്രാര്‍ഥനകള്‍ നോക്കൂ, വലിയ തെറ്റ് ചെയ്തവരുടെ പ്രാര്‍ഥനപോലെയുണ്ട് അവരുടെ പ്രാര്‍ഥന. അതവരുടെ വിനയത്തിന്റെയും താഴ്മയുടെയും അത്യുന്നത പദവിയാണ് നമുക്ക് അറിയിച്ച് തരുന്നത്.

അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കുന്ന സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ യാതൊരു വീഴ്ചയും അവര്‍ വരുത്തിയിട്ടില്ല. മനുഷ്യര്‍ എന്ന നിലക്ക് ചില മറവിയും പേടിയുമെല്ലാം ബാധിക്കുന്നവരായിരുന്നു പ്രവാചകന്മാര്‍. എന്നാല്‍ ഈ മറവിയും ഭയവും അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്‍ക്ക് കൈമാറുന്നതില്‍ തെല്ലും അവരെ ബാധിച്ചിട്ടില്ല.

ഇബ്‌റാഹീം നബി(അ)ന്റെ അടുക്കല്‍ മലക്കുകള്‍ മനുഷ്യ രൂപത്തില്‍ അതിഥികളായി വരികയും അവരെ അദ്ദേഹം മാന്യമായി സല്‍ക്കരിക്കുകയും ചെയ്തു. ഭക്ഷണം അവര്‍ക്ക് മുന്നിലേക്ക് നീട്ടിയപ്പോള്‍ അവര്‍ അത് കഴിക്കാതെ കണ്ടതില്‍ അദ്ദേഹത്തിന് ഭയം ഉണ്ടായതും (11:70), മൂസാ(അ)യോട് അല്ലാഹു തന്റെ കയ്യിലുണ്ടായ വടി നിലത്തിടാന്‍ പറഞ്ഞപ്പോള്‍ അത് പാമ്പായ സമയത്ത് അദ്ദേഹം പേടിച്ചതും(20:21) ക്വുര്‍ആന്‍ നമുക്ക് വിവരിച്ച് തരുന്നുണ്ട്. ഇപ്രകാരം തന്നെ അവര്‍ക്ക് ദേഷ്യം ഉണ്ടാവാറുമുണ്ട്. മൂസാ(അ) തന്റെ ജനതയില്‍ ശിര്‍ക്ക് കണ്ടപ്പോള്‍ (അവരോടുള്ള സ്‌നേഹം കാരണം) കോപാകുലനാവുകയും ഹാറൂന്‍(അ)ന്റെ താടിക്ക് പിടിക്കുകയും ചെയ്തത് 20:83-94 വരെയുള്ള വാക്യങ്ങളില്‍ കാണാം. നബി(സ്വ)യുടെ മുഖം ഖുത്വുബ നടത്തുന്ന ചില സന്ദര്‍ഭങ്ങളില്‍ ദേഷ്യത്താല്‍ ചുവക്കാറുണ്ടായിരുന്നുവെന്ന് ഹദീഥില്‍ കാണാം.

പ്രവാചകന്മാര്‍ക്ക് മനുഷ്യര്‍ എന്ന നിലയില്‍ മറവി സംഭവിക്കാറുള്ളത് സ്വാഭാവികമാണ്. ഒരു സംഭവം കാണുക:

അബൂഹുറയ്‌റ(റ)വില്‍ നിന്ന്. അദ്ദേഹം പറഞ്ഞു: ''ഒരിക്കല്‍ നബി(സ്വ) ഞങ്ങളെയും കൊണ്ട് ഉച്ചക്ക് ശേഷമുള്ള രണ്ട് നമസ്‌കാരങ്ങളിലൊന്ന് നമസ്‌കരിച്ചു -ഇബ്‌നു സീരീന്‍ പറയുന്നു: അബൂഹുറയ്റ അതിന്റെ പേര് പറഞ്ഞിരുന്നു. പക്ഷേ, ഞാന്‍ മറന്നു- അങ്ങനെ നബി(സ്വ) ഞങ്ങളെയും കൊണ്ട് രണ്ട് റക്അത്ത് നമസ്‌കരിച്ചു. പിന്നീട് സലാം വീട്ടി. അങ്ങനെ പള്ളിയിലെ ഒരു പലകയില്‍ ദേഷ്യമുള്ളവനെ പോലെ വലത് കൈ ഇടതു കയ്യിന്മേലായി വെച്ച് ചാരി നിന്നു. അവിടുത്തെ വിരലുകള്‍ക്കിടയില്‍ കോര്‍ക്കുന്നുമുണ്ട്. തന്റെ വലത് കവിള് ഇടതു കൈപ്പത്തിയുടെ പുറം ഭാഗത്ത് വെച്ചു. പള്ളിയുടെ വാതിലുകളിലൂടെ ധൃതി കാണിക്കുന്ന ആളുകള്‍ പുറത്ത് വന്ന് അവര്‍ പരസ്പരം ചോദിച്ചു: 'നമസ്‌കാരം ചുരുക്കപ്പെട്ടോ?' അവിടെയുള്ളവരുടെ കൂട്ടത്തില്‍ അബൂബക്ര്‍(റ)വറും ഉമര്‍(റ)വും ഉണ്ടായിരുന്നു. പക്ഷേ, (റക്അത്തുകള്‍ കുറഞ്ഞതിനെ പറ്റി) നബിയോട് ചോദിക്കാന്‍ അവര്‍ക്ക് ഭയമായിരുന്നു. ആ കൂട്ടത്തില്‍ 'ദുല്‍യദൈനി' എന്ന് വിളിക്കപ്പെടാറുള്ള, കൈക്ക് നീളമുള്ള ഒരാള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ മറന്നതാണോ അതല്ല നമസ്‌കാരം ചുരുക്കപ്പെട്ടതാണോ?'. (നബി(സ്വ) പറഞ്ഞു: 'ഞാന്‍ മറന്നിട്ടില്ല, ചുരുക്കിയിട്ടുമില്ല.' ദുല്‍യദൈന്‍ പറഞ്ഞത് പോലെ തന്നെയാണോയെന്ന് നബി(സ്വ) ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: 'അതെ.' അങ്ങനെ അവിടുന്ന് മുന്നോട്ട് വന്നു. അങ്ങനെ ഉപേക്ഷിച്ചത് നമസ്‌കരിച്ചു...''  (ബുഖാരി: 482). മറ്റൊരു റിപ്പോര്‍ട്ട് കാണുക

അബ്ദുല്ലാഹ്(റ) നിവേദനം: ''നബി(സ്വ) ഒരിക്കല്‍ നമസ്‌കരിച്ചപ്പോള്‍ എന്തോ അല്‍പം വര്‍ധിപ്പിച്ചു. അല്ലെങ്കില്‍ ചുരുക്കി. എന്നിട്ട് സലാം ചൊല്ലിയപ്പോള്‍ അദ്ദേഹത്തോട് ആരോ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, നമസ്‌കാരത്തില്‍ പുതുതായി വല്ലതും സംഭവിച്ചിട്ടുണ്ടോ?' അവിടുന്ന് ചോദിച്ചു: 'അതെന്താണ്?' അവര്‍ പറഞ്ഞു: 'താങ്കള്‍ ഇന്നിന്ന രൂപത്തിലാണ് നമസ്‌കരിച്ചത്.' ഉടനെ തിരുമേനി(സ്വ) ക്വിബ്‌ലയെ അഭിമുഖീകരിച്ച് കാലുകള്‍ മടക്കിയിരുന്ന് രണ്ട് സുജൂദ് ചെയ്യുകയും ശേഷം സലാം ചൊല്ലുകയും ചെയ്തു. എന്നിട്ട് ഞങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു: 'നമസ്‌കാരത്തില്‍ പുതുതായി വല്ല മാറ്റവും സംഭവിച്ചാല്‍ ഞാനത് നിങ്ങളെ അറിയിക്കുന്നതാണ്. എന്നാല്‍ തീര്‍ച്ചയായും ഞാന്‍ ഒരു മനുഷ്യനാണ്. നിങ്ങള്‍ക്ക് മറവി സംഭവിക്കുന്നത് പോലെ എനിക്കും മറവി സംഭവിക്കുന്നതാണ്. അതിനാല്‍ എനിക്ക് മറവി സംഭവിച്ചാല്‍ നിങ്ങള്‍ അത് എന്നെ ഓര്‍മിപ്പിക്കുക. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നമസ്‌കാരത്തില്‍ സംശയം തോന്നിയാല്‍ അവന്‍ ഉറപ്പായത് എടുക്കുകയും നമസ്‌കാരം പൂര്‍ത്തിയാക്കുകയും പിന്നെ രണ്ട് സൂജൂദ് ചെയ്യുകയും ചെയ്തു കൊള്ളട്ടെ'' (മുസ്‌ലിം: 572).

നബി(സ്വ)ക്ക്  വഫാത്താകാന്‍ സമയത്ത് പല ഘട്ടങ്ങളിലും ബോധം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഈ മറവിയോ ബോധക്ഷയമോ അവിടുത്തെ അല്ലാഹു ഏല്‍പിച്ച ഏതെങ്കിലും ദൗത്യം ലോകത്തെ അറിയിക്കേണ്ടതില്‍ ബാധിച്ചിട്ടില്ല. അല്ലാഹു നബി(സ്വ)യെ ഏല്‍പിച്ചത് മുഴുവനും നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഇതില്‍ സംശയം ഉണ്ടാകുവാന്‍ പാടില്ല. 

പ്രവാചകന്മാര്‍ പാപ സുരക്ഷിതരാണ്. ഈ പദവി അല്ലാഹു പ്രവാചകന്മാര്‍ക്കല്ലാതെ നല്‍കിയിട്ടില്ല. ശിയാക്കള്‍ അവരുടെ ഇമാമുകളിലും ഈ പദവി ചാര്‍ത്തിയിട്ടുണ്ട്. ഇത് അംഗീകരിക്കാത്തവരില്‍ അവര്‍ കുഫ്‌റും ആരോപിച്ചിട്ടുണ്ട്. ചില സൂഫികളും അവരുടെ ശൈഖുമാരിലും ഔലിയാക്കളിലും ഈ പദവി ചാര്‍ത്തിയിട്ടുണ്ട്. ഇത് അഹ്‌ലുസ്സുന്നഃയുടെ വിശ്വാസമല്ല.