സ്രഷ്ടാവില്‍ ഭരമേല്‍പിക്കുക

ഫദ്‌ലുല്‍ ഹഖ് ഉമരി

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05

മതം അനുവദിച്ചതായ കാരണങ്ങള്‍ ചെയ്യുകയും ഒപ്പം കാര്യങ്ങള്‍ അല്ലാഹുവില്‍ ഏല്‍പിക്കുകയും ചെയ്യുന്നതിനാണ് തവക്കുല്‍ (ഭരമേല്‍പിക്കല്‍) എന്ന് പറയുന്നത്. രണ്ടു പടയങ്കി ധരിച്ചുകൊണ്ടാണ് നബി ﷺ ഉഹ്ദിലേക്കിങ്ങിയത്. 'എനിക്ക് എന്റെ റബ്ബ് മതി; ഭരമേല്‍പിക്കാന്‍ അവന്‍ എത്രയോ നല്ലതാണ്' എന്നത് തവക്കുലിന്റെ ഒരു വചനമാണ്.

ലോകത്തുള്ള എല്ലാ കാര്യങ്ങളും നടക്കുന്നത് അല്ലാഹുവിന്റെ കല്‍പനപ്രകാരവും കണക്ക് (ക്വദ്‌റ്) അനുസരിച്ചുമാണ്. അവന്‍ ഉദ്ദേശിച്ചത് ഉണ്ടാകും. അല്ലാത്തത് ഇല്ല. ആകാശ ഭൂമികൡ അവനെ പരാജയപ്പെടുത്തുന്ന ഒന്നും തന്നെയില്ല.

തവക്കുലിന്റെ ഇനങ്ങള്‍

1. അല്ലാഹുവിന്ന് മാത്രം കഴിയുന്ന കാര്യങ്ങളിലുള്ള തവക്കുല്‍. ഇത് മരിച്ചവരില്‍ ഏല്‍പിച്ചാല്‍ (ഗുണം ലഭിക്കാനും ദോഷം തടയാനും) ശിര്‍ക്കാണ്. ഉദാഹരണമായി ഒരു സ്വൂഫി ശൈഖ് തന്റെ മുരീദിനെ ഒരു വഴിക്ക് പറഞ്ഞയക്കുമ്പോള്‍ അവനോട് പറയുന്നു: 'യാത്രയില്‍ നിനക്ക് വല്ല പ്രയാസവും ബാധിച്ചാല്‍ എന്നെ ഓര്‍ത്താല്‍ മതി.'

2. ജീവനുള്ള, ഹാജറുള്ള ആളുകളില്‍ മാത്രം (ഭൗതിക ഘടകങ്ങളില്‍) ഏല്‍പിക്കല്‍. ഇതും പാടില്ലാത്തതാണ്. ഉദാഹരണമായി: ഒരു കച്ചവടക്കാരന്‍ തന്റെ വിജയത്തിന്റെ അടിസ്ഥാനം തന്റെ സിദ്ധിയും യുക്തിയും കഴിവും മാത്രമായി കാണുന്നു. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥി തന്റെ മനഃപാഠശക്തിയില്‍ മാത്രം അവലംബമര്‍പിക്കുന്നു.

3. അടിസ്ഥാനപരമായി എല്ലാം അല്ലാഹുവില്‍ ഏല്‍പിക്കുകയും ഭൗതികമായി നാം നിര്‍വഹിക്കേണ്ടുന്ന കാര്യങ്ങളുമായി (കാരണങ്ങളുമായി) ബന്ധപ്പെടുകയും ചെയ്യുക.

ഉദാഹരണം: കച്ചവടക്കാരന്‍ തന്റെ ബുദ്ധിയും യുക്തിയും കഴിവും ഉപയോഗിക്കണം; അതോടൊപ്പം അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും വേണം. വിദ്യാര്‍ഥി നന്നായി പഠിക്കണം, മനഃപാഠമാക്കണം;  അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും വേണം.

തവക്കുല്‍ ഒരു ആരാധനയാണ്. അതിനാല്‍ തന്നെ ഒരു വ്യക്തിയോടും 'ഞാന്‍ നിന്നില്‍ ഭരമേല്‍പിച്ചിരിക്കുന്നു' എന്ന് പറയാന്‍ പാടില്ല. കാരണം തവക്കുലില്‍ സൃഷ്ടിക്ക് ഒരുപങ്കും ഇല്ല. ഈ നിലയ്ക്ക് കാര്യങ്ങള്‍ ഏറ്റെടുക്കുവാന്‍ മനുഷ്യന് കഴിയുകയുമില്ല.

ഏതൊരു കാര്യവും അല്ലാഹുവില്‍ ഏല്‍പിച്ചാല്‍ അത് ഇഹപര വിജയത്തിന്റെ അടിസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഐക്കല്ല്, ഏലസ്സ്, ഉറുക്ക്, മാരണക്കാര്‍ തുടങ്ങിയവയിലൊന്നും കാര്യങ്ങള്‍ ഏല്‍പിക്കാന്‍ പാടില്ല. ഇഹലോകവും പരലോകവും അതിലൂടെ നഷ്ടപ്പെടും. ഐക്കല്ലും ഏലസ്സും ഒക്കെയാണ് ദുരിതങ്ങളെ അകറ്റുന്നതെന്ന് വിശ്വസിച്ചാല്‍ ആ വിശ്വാസം വലിയ ശിര്‍ക്കില്‍ പെട്ടതാണ്. ഐക്കല്ലുകള്‍ കാരണങ്ങളും അല്ലാഹു മുസബ്ബിബുമാണെന്ന് (കാരണം നിശ്ചയിച്ചവര്‍) വിശ്വസിച്ചാല്‍ അത് ചെറിയ ശിര്‍ക്കുമാണ്.

രോഗം വരുന്നതിന് മുമ്പ് ഐക്കല്ലും ഏലസ്സും കെട്ടല്‍ രോഗം വന്നതിനു ശേഷം കെട്ടുന്നതിനെക്കാള്‍ ഗൗരവമുള്ളതാണ്. കാരണം, അല്ലാഹുവിന്റെ തീരുമാനങ്ങളെ മറികടക്കാന്‍ ഉപാധികള്‍ കണ്ടെത്തുകയാണിത്. ഐക്കല്ല്, ഏലസ്സ് തുടങ്ങിയവയുടെ രൂപത്തിലുള്ള ആഭരണങ്ങള്‍ ചിലര്‍ ധരിക്കാറുണ്ട് ഭംഗിക്ക് വേണ്ടിയാണിത് ചെയ്യുന്നത്. ചിലര്‍ കൈകളില്‍ ഈതിക്കെട്ടുന്ന നൂലിനോട് സാദൃശ്യമുള്ള റിംഗുകള്‍ ധരിക്കാറുണ്ട്; ഹറാമിന്റെ പരിധിയിലാണിതുവരുക. കാരണം ശിര്‍ക്കിന്റെ ആളുകളോടും ശിര്‍ക്കിന്റെ അടയാളങ്ങളോടും സാദൃശ്യപ്പെടലാണിത്.

അല്ലാഹുവോ റസൂലോ പഠിപ്പിക്കാത്ത ദിക്‌റുകള്‍ ഉള്‍ക്കൊള്ളിച്ച ചില പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ആ പുസ്തകങ്ങള്‍ കൈയില്‍ പിടിച്ച് നടന്നാല്‍ രോഗങ്ങള്‍ മാറുമെന്നും മുസ്വീബത്തുകള്‍ തടയപ്പെടുമെന്നും പ്രചരിപ്പിക്കുകയും ചെയ്യുന്നു! ഒരു അടിസ്ഥാനവുമില്ലാത്തതും ശുദ്ധമായ കളവുമാണിത്. ഇത്തരം കൃതികളില്‍ അല്ലാഹുവല്ലാത്തവരോടുള്ള പ്രര്‍ഥനകളും ജിന്നു പിശാചുക്കളുടെ നാമങ്ങളും ചില കളങ്ങളും വരകളുമൊക്കെ കാണാറുണ്ട്. ഇതാകട്ടെ ശിര്‍ക്കുമാണ്.

രാവിലെയും വൈകുന്നേരവുമായി നബി ﷺ ചൊല്ലാന്‍ പഠിപ്പിച്ചിട്ടുള്ള ദിക്‌റുകളും പ്രാര്‍ഥനകളും പതിവാക്കലാണ് എല്ലാവിധ പൈശാചിക ബാധകളില്‍നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം. അല്ലാഹു പറയുന്നു: 

''വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന്ന് (പിശാചിന്) യാതൊരു അധികാരവുമില്ല; തീര്‍ച്ച'' (16:99).

ക്വുര്‍ആന്‍ വചനങ്ങള്‍ എഴുതിയവയും പലകാരണങ്ങളാല്‍ ശരീരത്തില്‍ കെട്ടല്‍ അനുവദനീയമല്ല.

1. ശിര്‍ക്കിലേക്കുള്ള വഴിയെ തടയാന്‍.

2. മലമൂത്ര വിസര്‍ജന സ്ഥലങ്ങളിലേക്ക് അവയും ധരിച്ചുകൊണ്ടാണ് പോകുന്നത്.

ക്വുര്‍ആന്‍ വചനങ്ങള്‍ പിഞ്ഞാണത്തില്‍ എഴുതി അത് കുടിക്കുന്ന ഏര്‍പാട് ചിലരിലുണ്ട്. ഇതും അനുവദനീയമല്ല. അല്ലാഹുവിന്റെ വചനത്തെ നിന്ദിക്കലാണിത്. (ഇബ്‌നു ഉസൈമീന്‍. ഫതാവല്‍ അക്വീദ, പേജ്: 596).

തവക്കുലിന് എതിരായ ഒരു കാര്യമാണ് ശകുനം നിശ്ചയിക്കുന്നത്. പക്ഷികള്‍, നിറങ്ങള്‍, വ്യക്തികള്‍, നമ്പറുകള്‍ മാസങ്ങള്‍ തുടങ്ങിയ പലതും ജനങ്ങള്‍ ശകുനമായി കാണുന്നു. ഒറ്റമൈന, ചുമരിലെ ചിലയ്ക്കുന്ന പല്ലി, 13ാം നമ്പര്‍ തുടങ്ങിയവ ദുശ്ശകുനമായി ജനങ്ങള്‍ കാണുന്നവയ്ക്കുദാഹരണങ്ങളാണ്. കൂമന്‍ മൂളുന്നതും കാക്ക കുറുകുന്നതും മരണത്തിന്റെയും വിപത്തിന്റെയും അടയാളമായി കാണുന്നവരുണ്ട്. ഇതെല്ലാം പൊള്ളയായ വിശ്വാസങ്ങളാണ്. പക്ഷികള്‍ അല്ലാഹുവിന്റെ സൃഷ്ടികളാണ്. അല്ലാഹുവിന്റെ ക്വദ്‌റില്‍ (വിധിയില്‍) മാറ്റം വരുത്തുവാന്‍ ഒരു ശബ്ദത്തിനും സാധ്യമല്ല. ഈസാ നബി(അ)യെ കുരിശിലേറ്റിയവര്‍ 13 പേരാണെന്നതാണത്രെ 13ാം നമ്പറിനെ ശകുനമായി കാണാനുള്ള കാരണം! (ഈസാ നബിയെ ആരും കുരിശിലേറ്റിയിട്ടില്ല എന്നത് മറ്റൊരു വസ്തുത). 

 ''പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്'' (ക്വുര്‍ആന്‍ 9:51).

മുഹര്‍റ മാസത്തിലെ ആദ്യത്തെ 10 ദിവസങ്ങളും മറ്റു മാസങ്ങളിലെ ചില ദിവസങ്ങളും ശകുനമായി ഇത്തരം ആളുകള്‍ കാണുന്നു. ഇത്തരം അന്ധവിശ്വാസങ്ങളില്‍നിന്നെല്ലാം ഒരു സത്യവിശ്വാസി മുക്തനാകേണ്ടതുണ്ട്. എല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കുകയും അവനെ മാത്രം ഭയപ്പെടുകയും ചെയ്യുക. മുഹര്‍റം മാസത്തില്‍ വിവാഹം നടന്നാല്‍ ജനിക്കുന്ന സന്താനങ്ങള്‍ ജീവിതത്തില്‍ ദോഷമായി ഭവിക്കും എന്ന് വിശ്വസിക്കുന്നവരുമുണ്ട്. എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിട്ടുള്ള അല്ലാഹുവില്‍ ഭരമേല്‍പിച്ച് ഉപരി സൂചിത അന്ധവിശ്വാസങ്ങളില്‍ നിന്നെല്ലാം പിന്മാറുകയാണ് ഒരു സത്യവിശ്വാസി ചെയ്യേണ്ടത്.

സമാധാനചിത്തനായി ഒരു വിശ്വാസി കഴിയണമെന്നാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. അതിന് അവന്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കുന്നവനായിരിക്കണം. യാത്ര, കച്ചവടം, വിവാഹം, ജോലി തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ രണ്ടു റക്അത്ത് നമസ്‌കരിച്ച്, ഇസ്തിഖാറയുടെ (ഉചിതമായ തീരുമാനമെടുക്കുവാനുള്ള) പ്രാര്‍ഥന നിര്‍വഹിച്ച് അല്ലാഹുവില്‍ തവക്കുല്‍ ചെയ്ത് കര്‍മം നിര്‍വഹിച്ചു തുടങ്ങുകയാണ് ഒരു സത്യവിശ്വാസി ചെയ്യേണ്ടത്. തീര്‍ച്ചയായും അവന്റെ മനസ്സ് വിശാലമാവുകയും ആശ്വാസവും സമാധാനവും ലഭിക്കുകയും ചെയ്യും. എല്ലാ ചലനങ്ങളെയും എല്ലാ ശബ്ദങ്ങളെയും ദുഃശകുനമായിക്കണ്ട് പേടിച്ച് നടക്കുന്നവന് ഒരിക്കലും നിര്‍ഭയത്വവും സമാധാനവും ഉണ്ടാവുകയില്ല.

ഇസ്തിഖാറയുടെ പ്രാര്‍ഥനക്ക് ശേഷം ആഹ്ലാദകരമായ കാര്യം അനുഭവപ്പെട്ടാല്‍ റബ്ബിനെ സ്തുതിക്കുക. അനിഷ്ടകരമായതാണ് സംഭവിച്ചതെങ്കില്‍ അല്ലാഹു രേഖപ്പെടുത്തിയതില്‍ തൃപ്തിയടയുകയും ക്ഷമിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക.

''അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്ത് തന്നിരിക്കെ അവന്റെ മേല്‍ ഭരമേല്‍പിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കെന്തു ന്യായമാണുള്ളത്? നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ മേലാണ് ഭരമേല്‍പിക്കുന്നവരെല്ലാം ഭരമേല്‍പിക്കേണ്ടത്'' (ക്വുര്‍ആന്‍ 14:12).