സത്യവിശ്വാസികളുടെ മാര്‍ഗം

ഫദ്‌ലുല്‍ ഹഖ് ഉമരി

2017 ഡിസംബർ 30 1439 റബിഉല്‍ ആഖിര്‍ 12

അല്ലാഹുവിന്റെ തൃപ്തിയിലേക്കും അവന്റെ സ്വര്‍ഗത്തിലേക്കുമെത്തിക്കുന്ന ഒരു വഴി സത്യവിശ്വാസികള്‍ക്കും പിശാചിന്റെ തൃപ്തിയിലേക്കും നരകത്തിലേക്കുെമത്തിക്കുന്ന മറ്റൊരു വഴി കുറ്റവാളികള്‍ക്കുമുണ്ട്. സത്യവിശ്വാസികള്‍ പ്രവേശിക്കേണ്ട വഴി ഏതാണെന്ന് അല്ലാഹു വളരെ വ്യക്തമായി പഠിപ്പിക്കുകയും തന്റെ അടിമകളെ അതിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. അതിലൂടെ സ്വര്‍ഗത്തിലത്താമെന്ന സന്തോഷവാര്‍ത്തയും അല്ലാഹു അറിയിച്ചിട്ടുണ്ട്. സ്വര്‍ഗാവകാശികള്‍ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കുകയും സത്യവിശ്വാസികളുടെ മാര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. മരണംവരെ അവരതില്‍ നിലകൊള്ളുകയും ചെയ്യും.

നബി ﷺ യുടെ കൂടെ ജീവിച്ച,് അവിടുത്തെ അധരങ്ങളില്‍നിന്ന് വഹ്‌യിന്റെ പാഠങ്ങള്‍ നേരിട്ടുകേട്ട,് സമ്പത്തും ശരീരവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിച്ച്, നാടും വീടും കുടുംബവും അല്ലാഹുവിനു വേണ്ടി വലിച്ചെറിഞ്ഞ് സ്വര്‍ഗത്തിനു വേണ്ടി മാത്രം ജീവിച്ച, നബി ﷺ യുടെ സ്വഹാബികളാണ് സത്യവിശ്വാസികളില്‍ മുന്‍പന്തിയിലുള്ളവര്‍. അല്ലാഹു അവരെ പരിചയപ്പെടുത്തുന്നത് കാണുക:

''മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം'' (അത്തൗബ 100).

എന്നാല്‍ ഈ മുന്‍കടന്നവരായ വിശ്വാസികള്‍ സ്വീകരിച്ചിട്ടില്ലാത്ത വിശ്വാസങ്ങളും ആദര്‍ശങ്ങളും കര്‍മാനുഷ്ഠാനങ്ങളും വല്ലവനും സ്വീകരിച്ചാല്‍ തീര്‍ച്ചയായും അത് നരകത്തിലേക്കുള്ള വഴിയാണ്: 

''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!'' (അന്നിസാഅ് 115).

തെളിഞ്ഞതും ശുദ്ധവുമായ സ്രോതസ്സില്‍നിന്ന് ദീന്‍ പഠിച്ചവരാണ് സ്വഹാബികള്‍. വാക്കിലൂടെയും പ്രവൃത്തിയിലൂെടയും അംഗീകാരത്തിലൂടെയുമുള്ള പ്രവാചകന്റെ ചര്യകളെ അവര്‍ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തി. തന്റെ പ്രവാചകന്റെ അനുചരന്മാരായും ദീനിന്റെ പ്രചാരകരായും അല്ലാഹു അവരെ തിരഞ്ഞെടുത്തു. അവരെപ്പോലെ മതപരമായ അറിവുള്ളവര്‍ വേറെയില്ല. അവരുടെ ഹൃദയം പോലെ ശുദ്ധീകരിക്കപ്പെട്ടവ വേറെയില്ല. അതുകൊണ്ടുതന്നെ അവരുടെ മഹത്ത്വമറിയുകയും അവരുടെ കാലടിപ്പാടുകളെ പിന്‍പറ്റുകയും വേണം എന്നാണ് ഇബ്‌നു മസ്ഊദ്(റ) പറഞ്ഞിട്ടുള്ളത്. കാരണം തികച്ചും െചാവ്വായ പാതയില്‍ നിലകൊണ്ടവരായിരുന്നു അവര്‍. ഈ സ്വഹാബത്തിന്റെ സവിശേഷതകള്‍ അല്ലാഹു ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു:

''അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു'' (അല്‍ഹശ്ര്‍ 8-10).

''ജനങ്ങളില്‍ ഏറ്റവും നല്ലവര്‍ എന്റെ നൂറ്റാണ്ടാണ്. പിന്നെ അവരെ തുടര്‍ന്നുള്ളവര്‍. പിന്നെ അവരെ തുടര്‍ന്നുള്ളവര്‍്. അതിനുശേഷം ചില ആളുകള്‍ വരും. അവരുടെ സാക്ഷ്യം സത്യത്തെ മറികടക്കുന്നതും അവരുടെ സത്യം ചെയ്യല്‍ സാക്ഷ്യത്തെ മറികടക്കുന്നതുമായിരിക്കും'' (സ്വഹീഹുല്‍ ജാമിഅ് 3290).

ഈ മുന്‍ഗാമികള്‍ സത്യമാര്‍ഗത്തിലായിരുന്നു എന്നതിനാല്‍ അവരുടെ മാര്‍ഗം പിന്‍പറ്റാനും നബി ﷺ  നമ്മോട് കല്‍പിച്ചിട്ടുണ്ട്. നബി ﷺ  ഒരു ദിവസം സ്വഹാബികളോട് ഒരു പ്രസംഗം നടത്തി. അതുകേട്ട് അവരുടെ ഹൃദയങ്ങള്‍ പിടക്കുകയും കണ്ണുകള്‍ കരയുകയും ചെയ്തു. സ്വഹാബികള്‍ പറഞ്ഞു: 'പ്രവാചകരേ, ഇതൊരു വിടവാങ്ങല്‍ പ്രസംഗം പോലെയുണ്ടല്ലോ. അതുകൊണ്ട് വല്ല വസ്വിയ്യത്തും തരൂ'. നബി ﷺ  പറഞ്ഞു: 'അല്ലാഹുവിനെ സൂക്ഷിക്കണമെന്നും അബ്‌സീനിയക്കാരനായ ഒരു അടിമ നിങ്ങളുടെ അമീറായി നിശ്ചയിക്കപ്പെട്ടാല്‍ പോലും കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും നിങ്ങളെ ഞാന്‍ ഉപദേശിക്കുന്നു. എനിക്കു ശേഷം നിങ്ങള്‍ ജീവിക്കുകയാണെങ്കില്‍ ഒരുപാട് ഭിന്നതകള്‍ കാണാം. അപ്പോള്‍ നിങ്ങള്‍ എന്റെ സുന്നത്തിനെയും എന്റെ സച്ചരിതരായ ഖുലഫാഉര്‍റാശിദുകളുടെ ചര്യയെയും മുറുകെ പിടിക്കുക. അണപ്പല്ലുകൊണ്ട് അവയെ കടിച്ചുപിടിക്കുക. പുതിയ കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും എല്ലാ ബിദ്അത്തും വഴികേടിലാകുന്നു'' (രിയാദുസ്സ്വാലിഹീന്‍-അല്‍ബാനിയുടെ തഹ്ക്വീക്വ്, പേജ് 161). 

'എന്റെ സമുദായം 73 വിഭാഗമായി ഭിന്നിക്കും. ഒരു വിഭാഗം ഒഴിച്ച് ബാക്കിയെല്ലാം നരകത്തിലാണ്. ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട മാര്‍ഗമത്രെ അത്' എന്നും നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്.

അതിനാല്‍ സ്വര്‍ഗം ആഗ്രഹിക്കുന്നവര്‍ സ്വഹാബത്തിന്റെ മാര്‍ഗം സ്വീകരിക്കുക. ഏറ്റക്കുറച്ചിലുകളില്ലാതെ അല്ലാഹുവിനെ ആരാധിച്ചവരാണവര്‍. ആരാധനക്കര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും അല്ലാഹു മാത്രമാണ് സര്‍വത്തിന്റെയും സ്രഷ്ടാവും ഉടമസ്ഥനും നിയന്താവുമെന്നും അല്ലാഹുവിന് ചില നാമവിശേഷണങ്ങള്‍ ഉണ്ടെന്നും അവര്‍ ഉറച്ചുവിശ്വസിക്കുകയും അവയുടെ അനിവാര്യതകളനുസരിച്ചുകൊണ്ട് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. നിഷേധമോ വ്യാഖ്യാനമോ രൂപപ്പെടുത്തലോ സാദൃശ്യപ്പെടുത്തലോ ഇല്ലാതെ അല്ലാഹുവും അവന്റെ റസൂലും അല്ലാഹുവിനുണ്ടെന്നു പറഞ്ഞ എല്ലാ വിശേഷണങ്ങളിലും അവര്‍ വിശ്വസിച്ചു. അല്ലാഹു തആലാ അവന്റെ മഹത്ത്വത്തിന് യോജിക്കുന്ന വിധത്തില്‍ അര്‍ശില്‍ ഉപവിഷ്ടനായി, രാത്രിയുടെ മൂന്നില്‍ രണ്ടു കഴിഞ്ഞാല്‍ അവന്‍ ഒന്നാനാകാശത്തേക്ക് ഇറങ്ങിവരും, സ്വര്‍ഗക്കാര്‍ അല്ലാഹുവിനെ നേരിട്ടു കാണും തുടങ്ങി അല്ലാഹുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവര്‍ നബി ﷺ  പഠിപ്പിച്ച അതേ നേര്‍പാതയില്‍ നിലകൊണ്ടു. അല്ലാഹു എല്ലാം അറിയുന്നവനാണ്. സൃഷ്ടികളുടെ ക്വദ്‌റുകള്‍ അവന്‍ മുമ്പേ എഴുതിവെച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ച് മാത്രമെ ലോകത്തുള്ള ഏതൊരു കാര്യവും നടക്കുകയുള്ളൂ. തുടങ്ങിയ വിശ്വാസകാര്യങ്ങളില്‍ ലവലേശം പോലും അവര്‍ക്കു പിഴച്ചില്ല. അറിവോടും ഉള്‍ക്കാഴ്ചയോടും അവര്‍ അല്ലാഹുവിനെ ആരാധിച്ചു. പ്രവാചക ചര്യകളെ അവര്‍ സ്‌നേഹിക്കുകയും മുറുകെ പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. സുന്നത്തുകളെ സ്‌നേഹിച്ചവരെയും അവര്‍ സ്‌നേഹിച്ചു. ബിദ്അത്തിനെയും അതിന്റെ ആളുകളെയും അവര്‍ വെറുത്തു. സദുപദേശത്തോടെയും ഉള്‍ക്കാഴ്ചയോടെയും തൗഹീദിന് പ്രാധാന്യം നല്‍കിക്കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ജനങ്ങളെ അവര്‍ ക്ഷണിച്ചു. പാപംചെയ്തവരെ കാഫിറുകളായി ചിത്രീകരിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തില്ല. തൗഹീദിനു വേണ്ടി അവര്‍ യുദ്ധം ചെയ്തു. അല്ലാഹുവിനു വേണ്ടി അവര്‍ രക്തസാക്ഷികളായി. യുദ്ധക്കളത്തില്‍ പോലും നിങ്ങള്‍ ചതിക്കരുത്, ശവശരീരങ്ങള്‍ ചിന്നഭിന്നമാക്കരുത്, കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തരുത് തുടങ്ങിയ ഉപദേശങ്ങള്‍ അക്ഷരംപ്രതി അവര്‍ പാലിച്ചു.

വിശ്വാസത്തിലും കര്‍മങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലുമെല്ലാം ഈ സ്വഹാബികളാകട്ടെ നമ്മുടെ മാതൃക. അവരുടെ മാര്‍ഗത്തിലൂടെയല്ലാതെ വിജയം നേടുക നമുക്ക് സാധ്യമല്ല. എന്നാല്‍ അറിയുക, ഈ ശുദ്ധമായ മന്‍ഹജിന്റെ ശത്രുക്കള്‍ ഇന്ന് ചുറ്റിലുമുണ്ട്. അവര്‍ നമ്മെ തെറ്റിക്കാന്‍ ശ്രമിക്കും. ശിയാക്കളും മുഅ്തസിലിയാക്കളും ഖവാരിജുകളും ക്വദ്‌രിയാക്കളുമെല്ലാം രൂപംകൊണ്ടതും സുന്നത്ത് ജമാഅത്തിന്റെ മാര്‍ഗത്തില്‍ നിന്നും തെറ്റിപ്പോയതും സ്വഹാബത്തിന്റെ മാര്‍ഗം ൈകവിട്ടതിനാലാണ്. ഇത്തരക്കാരുടെ ആശയംവഹിച്ച് നടക്കുന്നവരും അതിലേക്ക് ക്ഷണിക്കുന്നവരും സമൂഹത്തില്‍ ഒട്ടേറെയാണ്. ഇത്തരക്കാരുടെ വിഷയത്തില്‍ നാം എപ്പോഴും ജാഗരൂകരായിരിക്കേണ്ടതുണ്ട്.