വിസ്മയിപ്പിക്കുന്ന വിശുദ്ധ ക്വുര്‍ആന്‍ 

ഫദ്‌ലുല്‍ ഹഖ് ഉമരി

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

പ്രവാചകന്‍ ﷺ യുടെ ഏറ്റവും വലിയ മുഅ്ജിസത്ത് വിശുദ്ധ ക്വുര്‍ആനാണ്. ഓരോ പ്രവാചകന്റെയും മുഅ്ജിസത്തുകള്‍ അവരുടെ സമൂഹത്തിന്റെ അവസ്ഥക്ക് യോജിച്ചതായിരിക്കും. ഫിര്‍ഔനിന്റെ സമൂഹത്തില്‍ മാരണവും മായാജാലവും വ്യാപകമായതിനാലാണ് രൂപംമാറുന്ന വടിയുമായി മൂസാനബി(അ) നിയോഗിതനാകുന്നത്. അത് അവരുടെ പാമ്പുകളെ വിഴുങ്ങിക്കളഞ്ഞു. അവര്‍ അത്ഭുതസ്തബ്ധരായി. അദ്ദേഹം പ്രകടിപ്പിച്ചത് സിഹ്‌റല്ലെന്നും യാഥാര്‍ഥ്യമാണെന്നും അവര്‍ തിരിച്ചറിഞ്ഞു. 

''അപ്പോള്‍ ജാലവിദ്യക്കാര്‍ സാഷ്ടാംഗത്തിലായി വീണു. അവര്‍ പറഞ്ഞു: ലോകരക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതായത് മൂസായുടെയും ഹാറൂന്റെയും രക്ഷിതാവില്‍. അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് അനുവാദം തരുന്നതിന് മുമ്പായി നിങ്ങള്‍ അവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും ഇവന്‍ നിങ്ങള്‍ക്ക് ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവന്‍ തന്നെയാണ്. വഴിയെ നിങ്ങള്‍ അറിഞ്ഞുകൊള്ളും. തീര്‍ച്ചയായും നിങ്ങളുടെ കൈകളും നിങ്ങളുടെ കാലുകളും എതിര്‍വശങ്ങളില്‍നിന്നായിക്കൊണ്ട് ഞാന്‍ മുറിച്ചുകളയുകയും, നിങ്ങളെ മുഴുവന്‍ ഞാന്‍ ക്രൂശിക്കുകയും ചെയ്യുന്നതാണ്''(ശുഅറാഅ് 46-49).

വൈദ്യം വ്യാപകമായിരുന്ന കാലഘട്ടത്തിലാണ് ഈസാനബി(അ) ജീവിച്ചത്. അതുകൊണ്ട് തന്നെ വൈദ്യന്മാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അല്ലാഹുവിന്റെ അനുമതിയോടെ വെള്ളപ്പാണ്ടുകാര്‍ക്കും കുഷ്ഠരോഗികള്‍ക്കും ശമനം നല്‍കിക്കൊണ്ടും മരിച്ചവരെ ജീവിപ്പിച്ചുകൊണ്ടും കളിമണ്ണ് കൊണ്ട് പക്ഷിയുടെ രൂപം പോലുള്ളത് ഉണ്ടാക്കി അതില്‍ ഊതി പക്ഷിയായിത്തീരുന്ന ദൃഷ്ടാന്തംകൊണ്ടും അദ്ദേഹംനിയോഗിക്കപ്പെട്ടു. ഇത് അല്ലാഹുവില്‍നിന്നുള്ളതാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.

സാഹിത്യത്തിന്റെയും ഭാഷാ നൈപുണ്യത്തിന്റെയും ഉന്നതികൡ വിരാജിക്കുന്നവര്‍ അറബികള്‍ക്കിടയിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്വുര്‍ആനെന്ന മുഅ്ജിസത്ത് അവരെ അത്ഭുതപ്പെടുത്തുമാറ് അവതീര്‍ണമായി. ക്വുര്‍ആനിന്റെ സവിശേഷത അല്ലാഹു പറയുന്നു: 

''അതിന്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്''(ഫുസ്സ്വിലത്ത് 42).

കാലം എത്ര മുന്നോട്ട് കുതിച്ചാലും എന്നും അവശേഷിക്കുന്ന മുഅ്ജിസത്താകുന്നു ഇത്. സര്‍വ ജനങ്ങള്‍ക്കുമുള്ള ദൈവിക സന്ദേശങ്ങളുടെ പര്യവസാനമായിക്കൊണ്ട് അതിമഹത്തായ ഈ മുഅ്ജിസത്ത് അല്ലാഹു അവതരിപ്പിച്ചു. എല്ലാ കാലത്തും പാരായണം ചെയ്യപ്പെടുന്നതും പഠന വിധേയമാക്കപ്പെടുന്നതുമായ മുഅ്ജിസത്താകുന്നു വിശുദ്ധ ക്വുര്‍ആന്‍. ഇത് അല്ലാഹുവിന്റെ കലാമാണെന്നും മനുഷ്യന്റെ വാക്കുകളല്ലെന്നും വിശ്വാസികള്‍ മനസ്സിലാക്കുന്നു. ഇത്‌പോലൊന്ന് കൊണ്ടുവരാന്‍ മനുഷ്യരെയും ജിന്നുകളെയും അല്ലാഹു വെല്ലുവിളിച്ചിട്ടുണ്ട്. അല്ലെങ്കില്‍ പത്ത് സൂറത്ത്, അല്ലെങ്കില്‍ ഒരു സൂറത്ത്... പ്രവാചക ﷺ ന്റെ നിയോഗമനം മുതല്‍ ഇന്നുവരെ ആര്‍ക്കും അതിനു സാധിച്ചിട്ടില്ല. ഇനിയൊട്ടുമത് സാധിക്കുകയുമില്ല. കഴിഞ്ഞ കാലഘട്ടങ്ങളില്‍ നബി ﷺ ക്കും ഇസ്‌ലാമിനും ഒട്ടനവധി ശത്രുക്കളുണ്ടായിട്ട് പോലും അതിനു കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അല്ലാഹു പറയുന്നു:

 ''നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ക്വുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റെത്‌പോലുള്ള ഒരു അധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്). നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്‌നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്'' (അല്‍ബക്വറ 23-24).

ക്വിയാമത്ത് നാള്‍ വരേക്കുള്ള വെല്ലുവിളിയാണിത്. അല്ലാഹു വീണ്ടും പറയുന്നു:

''അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചു പറഞ്ഞതാണ് എന്ന് അവര്‍ പറയുകയാണോ? അല്ല, അവര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ അവര്‍ സത്യവാന്‍മാരാണെങ്കില്‍ ഇതുപോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ''(ത്വൂര്‍ 33,34).

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ പറയുന്നു: ''മക്കയിലായിരുന്നു ഈ വെല്ലുവിളി. കാരണം യൂനുസ്, ഹൂദ്, ത്വൂര്‍ എന്നീ സൂറത്തുകള്‍ മക്കയില്‍ അവതീര്‍ണമായവയാണ്. ഹിജ്‌റക്ക് ശേഷം മദീനയിലും വെല്ലുവിളി ആവര്‍ത്തിച്ചു. അതാണ് സൂറതുല്‍ ബക്വറയിലെ (മുകളില്‍ നാം സൂചിപ്പിച്ച) വചനം. 

രണ്ടു കാര്യങ്ങളാണിവിടെ ചിന്താവിഷയമാകുന്നത്:

1. 'നിങ്ങളത് ചെയ്തില്ലെങ്കില്‍ ഇനി ഒരിക്കലുമതിന് സാധ്യമല്ല. അതുകൊണ്ട് നരകത്തെ നിങ്ങള്‍ സൂക്ഷിക്കുക' എന്ന പരാമര്‍ശം. ഇതുപോലൊന്ന് കൊണ്ടുവരാന്‍ സാധ്യമല്ലെന്നും ഈ ക്വുര്‍ആന്‍ സത്യമാണെന്നും ബോധ്യപ്പെട്ടാല്‍ അതിനെ നിഷേധിക്കുന്നതില്‍ അല്ലാഹുവെ ഭയപ്പെടുക. നിഷേധികള്‍ക്ക് താക്കീത് ചെയ്തിട്ടുള്ള ശിക്ഷ നിങ്ങളെ പിടികൂടും.

2. 'ഒരിക്കലുമതിന് സാധ്യമല്ല' എന്ന പരാമര്‍ശം. അതെ, ഭാവികാലത്ത് ഒരിക്കലും അതുപോലൊരു സൂറത്ത് കൊണ്ടുവരാന്‍ സാധ്യമല്ല.

അല്ലാഹു നബി ﷺ യോട് പറയുന്നു: ''(നബിയേ,) പറയുക: ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും'' (ഇസ്‌റാഅ് 88).

പരസ്പരം സഹകരിച്ചും സഹായിച്ചും എല്ലാവരും ഒന്നടങ്കം ഒരുമിച്ച് കൂടിയാലും സാധ്യമല്ലെന്ന അറിയിപ്പാണ് അല്ലാഹു നല്‍കുന്നത്. സര്‍വ സൃഷ്ടികളോടുമള്ള വെല്ലുവിളിയാണിത്. ക്വുര്‍ആന്‍ കേട്ട എല്ലാവരും ഈ വെല്ലുവിളി കേട്ടിട്ടുണ്ട്. എല്ലാവരും അതറിഞ്ഞിട്ടുണ്ട്. എന്നിട്ടും അതുപോലൊന്ന് ആരും ഇതുവരെ കൊണ്ടുവന്നിട്ടില്ല.

നബി ﷺ യെ നിയോഗിച്ചതു മുതല്‍ ഈ വെല്ലുവിളി ഇന്നുവരെയും നിലനില്‍ക്കുന്നു. നബി ﷺ  നിയോഗിക്കപ്പെട്ടപ്പോള്‍ എല്ലാവരും കാഫിറുകളായിരുന്നു. നിയോഗമനത്തിന് ശേഷം വളരെ കുറച്ച് പേര്‍ നബി ﷺ യെ പിന്‍പറ്റി. സത്യനിഷേധികളാകട്ടെ പ്രവാചകന്‍ ﷺ യുടെ വാക്കുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരായിരുന്നു. തങ്ങളാലാവുന്ന എല്ലാ മാര്‍ഗവും അതിനവര്‍ വിനിയോഗിച്ചിരുന്നു. നബി ﷺ യോട് പല അദൃശ്യകാര്യങ്ങളും ചോദിക്കുന്നതിന് മുമ്പ് വേദക്കാരിലേക്ക് പോവുകയും ചോദിക്കുകയും ചെയ്തിരുന്നു. യൂസുഫ് നബി(അ)യുടെയും അസ്വ്ഹാബുല്‍ കഹ്ഫിന്റെയും ദുല്‍ക്വര്‍നൈനിയുടെയും കഥകകള്‍ അങ്ങനെ ചോദിച്ചതില്‍ പെട്ടവയാണ്. മുഹമ്മദ് നബി ﷺ യെ കുറിച്ച് അവര്‍ പറയുന്ന അപരാധങ്ങളില്‍ ഐക്യമുണ്ടാക്കുന്നതിന് വേണ്ടി അവര്‍ പരസ്പരം സംഘം ചേര്‍ന്നിരുന്നു. പ്രവാചകന്‍ ﷺ യെ ഭ്രാന്തന്‍, മാരണക്കാരന്‍, ജ്യോത്സ്യന്‍, കവി.... തുടങ്ങി പലതും അവര്‍ വിളിച്ചിരുന്നു.

ക്വുര്‍ആനിന്റെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള വെല്ലുവിളി അവരുടെ വാദമുഖങ്ങളെ പിച്ചിച്ചീന്തി. കാരണം, അവര്‍ക്കതിന് കഴിയുമായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവരത് ചെയ്യുമായിരുന്നു. ഏതായാലും ഈ ക്വുര്‍ആന്‍ പോലൊന്ന് കൊണ്ടുവരാന്‍ ഭൂമിയിലുള്ള സര്‍വരും അശക്തരാണെന്ന് ബോധ്യപ്പെട്ട് കഴിഞ്ഞു. 

അനുയായികള്‍ വളരെ വിരളമായ ഒരു കാലത്താണ് ശക്തവും ഖണ്ഡിതവുമായ ഭാഷയില്‍ മക്കയില്‍ ഈ വെല്ലുവിളിയുമായി നബി ﷺ  കടന്നുവരുന്നത്. തന്റെ വിശ്വാസദൃഢതയാണ് നബി ﷺ  ഇതിലൂടെ വ്യക്തമാക്കിയത്. നബി ﷺ ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു വെല്ലുവിളി നടത്തുമായിരുന്നില്ല. കാരണം ആരെങ്കിലും ഇങ്ങനെ ഒന്ന് കൊണ്ടുവന്നാല്‍ പ്രവാചകനെ വിശ്വസിച്ചതില്‍ നിന്നും ആളുകള്‍ പിന്‍മാറിപ്പോകുമായിരുന്നു. എന്നാല്‍ ഇത്രമാത്രം ഉറപ്പോടെ നബി ﷺ  അത് പ്രഖ്യാപിച്ചുവെങ്കില്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള അറിയിപ്പോടെയാണ് ഇത് എന്നതില്‍ ഒരു സംശയവുമില്ല. മനുഷ്യ കഴിവിന്നതീതമാണെന്ന് ഉറച്ച അറിവുണ്ടായാലല്ലാതെ അത് മനുഷ്യര്‍ക്ക് സാധിക്കുകയില്ലെന്ന് തുറന്ന് പറയാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല. ഈ അറിവ് തന്നെ ക്വുര്‍ആന്‍ മുഅ്ജിസത്താണെന്ന കാര്യം വ്യക്തമാക്കുന്നു.

പല കാരണങ്ങളാല്‍ ക്വുര്‍ആന്‍ മുഅ്ജിസത്താണ്. പദപ്രയോഗങ്ങള്‍, ക്രമീകരണം, പദങ്ങള്‍ നല്‍കുന്ന ആശയങ്ങളിലെ സാഹിത്യ സമ്പുഷ്ടി, കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ കാര്യങ്ങളുടെ പരാമര്‍ശം എന്നിങ്ങനെ അനേകമനേകം കാര്യങ്ങളെടുത്താല്‍ എല്ലാ നിലക്കും ക്വുര്‍ആന്‍ അമാനുഷിക ഗ്രന്ഥം തന്നെയാണ് എന്ന് ബോധ്യമാകും.