ഹാഷിംപുരയിലെ കൂട്ടക്കൊല

മുബാറക് ബിന്‍ ഉമര്‍

2017 ഏപ്രില്‍ 22 1438 റജബ് 25

1987ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന ഒരു കൂട്ടക്കൊലയെ സംബന്ധിച്ച് ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു. 'ഹാഷിംപുര, മെയ്-22' എന്നാണ് പുസ്തകത്തിന്റെ പേര്. ഗ്രന്ഥകാരന്‍ വിഭൂതി നാരായന്‍ റായ് എന്ന മുന്‍ ഐ.പി.എസ്.ഉദ്യോഗസ്ഥന്‍. 1987ല്‍ യു.പി.യിലെ ഗാസിയാബാദ് ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു അദ്ദേഹം.

'ഹാഷിംപുര' എന്ന ഗ്രാമത്തിലാണ് സംഭവം. തൊട്ടടുത്ത സ്ഥലമായ മീറത്തിലെ വര്‍ഗീയ ലഹള ഒതുക്കാന്‍ പട്ടാളം ഇറങ്ങി. 1987 മെയ് 16 നായിരുന്നു അത്. പി.എ.സി എന്നൊരു പൊലീസ് വിഭാഗമുണ്ട്. പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി പണ്ടേ വര്‍ഗീയതക്കും അക്രമങ്ങള്‍ക്കും കുപ്രസിദ്ധി നേടിയവരാണ്. പി.എ.സി ഹെഡ് കോണ്‍സ്റ്റബിള്‍ ഹരിശങ്കറിന്റെ റൈഫിള്‍ മുസ്‌ലിം കലാപകാരികള്‍ തട്ടിയെടുത്തുകൊണ്ടുപോയി. മെയ് 18 നാണ് സംഭവം. അത് കണ്ടെടുത്തത് ഹാഷിംപുരയില്‍ നിന്നാണ്. മെയ് 21ന് ഒരു ബി.ജെ.പി നേതാവിന്റെ ബന്ധുവായ പ്രഭാത് കുമാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ തലവനായി അവിടെ ഉണ്ടായിരുന്ന മേജര്‍ സജീഷ് ചന്ദ്രകൗഷികിന്റെ അനിയനായിരുന്നു കൊല്ലപ്പെട്ട പ്രഭാത് ചന്ദ്രകുമാര്‍. കൊലനടത്തിയത് മുസ്‌ലിംകളാണെന്നാരോപിച്ചുകൊണ്ട് അവരെ ഒരുപാഠം പഠിപ്പിക്കണമെന്ന തീരുമാനം ഉന്നതങ്ങളിലുണ്ടായി. അങ്ങനെയാണ് സാഹചര്യതെളിവുകള്‍ വെളിവാക്കുന്നതെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.

ഹാഷിംപുരയിലെ മുസ്‌ലിംകളെ ഒന്നായി രാത്രിയില്‍ ഒരിടത്തു വിളിച്ചുകൂട്ടി. അവരില്‍ നിന്ന് 42 ചെറുപ്പക്കാരെ തിരഞ്ഞെടുത്ത് വിജനമായൊരിടത്തെത്തിച്ചു. ഓരോരുത്തരെയായി നിഷ്‌കരുണം വെടിവെച്ചു കൊലപ്പെടുത്തി. ഏതോ ഒരു വാഹനം ആ വഴിക്ക് വന്നത് കണ്ട് ബാക്കിയായവരെ മറ്റൊരിടത്തേക്ക് മാറ്റി. അവരെ അവിടെ വെച്ച് കൊന്നുതള്ളി. ലിങ്ക് റോഡ് പൊലീസ് സ്റ്റേഷനതിര്‍ത്തിയിലാണ് ആദ്യസംഭവം. രണ്ടാമത്തേത് മുറാദ് നഗര്‍ സ്റ്റേഷന്‍ പരിധിയിലും.

അന്നവിടെ ജില്ലാ കലക്ടറായിരുന്നത്, ഇന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായ നസീം സെയ്ദി ആയിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന ഗ്രന്ഥകര്‍ത്താവ് വിഭൂതിനാരായന്‍ റായ് കലക്ടറെയും കൂട്ടി സംഭവസ്ഥലത്തെത്തി. ജീവനോടെയുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്താനായി.

ലിങ്ക് റോഡ്, മുറാദ് നഗര്‍ പോലീസ് സ്റ്റേഷനുകളില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പി.എ.സി പ്ലാറ്റൂണ്‍ കമാന്‍ഡര്‍ സുരേന്ദ്രപാല്‍ സിംഗും കൂട്ടരുമാണ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തതെന്ന് മേലാധികാരികളെ അറിയിച്ചു. (യു.പി.മുഖ്യമന്ത്രി വീര്‍ ബഹാദൂര്‍ സിംഗായിരുന്നു അന്ന് ഭരണം നടത്തിയിരുന്നത്). രണ്ട് ദിവസം കഴിഞ്ഞ് രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറി. 

സെയ്ദ് ഖാലിദ് റിസ്‌വിയായിരുന്നു ക്രൈം ബ്രാഞ്ചിന്റെ തലപ്പത്ത്. അന്വേഷണമാരംഭിച്ചു. ശരിയായ വഴിക്കല്ല അന്വേഷണം എന്നു മനസ്സിലാക്കാന്‍ അധികമൊന്നും വേണ്ടിവന്നില്ല. ക്രൈം ബ്രാഞ്ച് ഹെഡും കലക്ടറും മുസ്‌ലിംകളായിരുന്നുവെങ്കിലും അവര്‍ക്കൊന്നും ഫലപ്രദമായി ചെയ്യാന്‍ കഴിഞ്ഞില്ല. അവിടുത്തെ എം.പി.മുഹ്‌സ്വിനാ കിദ്വായി കേന്ദ്രമന്ത്രിയുമായിരുന്നു.

ബ്യൂറോക്രസി അതിന്റെ നിറം കാണിക്കുക തന്നെ ചെയ്തു. അന്വേഷണം ഇഴഞ്ഞിഴഞ്ഞുനീങ്ങി. വെള്ളക്കാര്‍ ഇവിടെ വന്ന്, മുസ്‌ലിംകളെയും ഹിന്ദുക്കളെയും ഭിന്നിപ്പിച്ച് ഭരിക്കുന്നത് എങ്ങനെയെന്ന് കാണിച്ചുതന്നതാണല്ലോ. ഈ വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും ശക്തമായ കാണാക്കയറുകള്‍ നിയന്ത്രിക്കുന്നേടത്തോളം ഒന്നും നേരെ ചൊവ്വെ നടക്കുകയില്ലെന്ന് ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.

സയ്യിദ് ശിഹാബുദ്ദീന്‍ എം.പിയും സുബ്രഹ്മണ്യ സ്വാമിയും സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ട സുല്‍ഫീക്കര്‍ നാസിര്‍ എന്ന യുവാവിനെയും കൂട്ടി പത്രസമ്മേളനം നടത്തി. നടന്ന സംഭവങ്ങള്‍ വ്യക്തമായി, വിശദമായി പറഞ്ഞു. പത്രങ്ങള്‍ അവയുടെ 'പങ്ക് വഹിച്ചു' വാര്‍ത്ത ഉള്‍പേജുകളില്‍ ഒതുക്കി.  മേലധികാരികള്‍ സംഭവം നിഷേധിച്ചുകൊണ്ട് പത്രസമ്മേളനം നടത്തി!

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കപ്പെടാതെ കിടക്കുകയായിരുന്നു. രണ്ടുമൂന്നു ദിവസങ്ങള്‍ അങ്ങനെ തന്നെ കിടന്നു. അവിടെ നിന്ന് പെറുക്കിയെടുത്താണ് ആശുപത്രിയില്‍ കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഈ വിവരവും ഒരു പത്രവും റിപ്പോര്‍ട്ട് ചെയ്തില്ല. ഗ്രന്ഥകര്‍ത്താവിന് പരിചയമുള്ള 'നവഭാരത് ടൈംസി'ന്റെ ലേഖകന്‍ അരുണ്‍ വര്‍ധനുമായി ബന്ധപ്പെട്ട് വാര്‍ത്ത കൊടുത്തു. പക്ഷേ, ഒരു വരിപോലും പത്രത്തില്‍ അച്ചടിച്ചുവന്നില്ല. പിന്നീട് മറ്റൊരു പ്രസിദ്ധീകരത്തില്‍ വാര്‍ത്ത വന്നു.

ഇഴഞ്ഞുനീങ്ങിയ അന്വേഷണം ഒമ്പതു വര്‍ഷം നീണ്ടു. പ്രതികളാരും കോടതിയില്‍ ഹാജറാകാന്‍ തയ്യാറായില്ല. നാലുവര്‍ഷമെടുത്തത്രെ പ്രതികള്‍ ഹാജറാവാന്‍. കോടതി നടപടികള്‍ പിന്നെയും നീണ്ടു. അങ്ങനെ ബന്ധുക്കള്‍ സുപ്രീം കോര്‍ട്ടില്‍ ഹരജി നല്‍കി. വിചാരണ ദില്ലി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. സംഭവം നടന്നത് 1987ല്‍. കുറ്റപത്രം സമര്‍പ്പിച്ചത് 1996ല്‍. ദില്ലി സെഷന്‍സ് കോടതിയില്‍ എത്തിയത് 2002ല്‍. നടപടികള്‍ പിന്നെയും നീണ്ടു. 2015ല്‍ വിധിവന്നു! നീണ്ട 28 സംവത്സരങ്ങള്‍ക്കുശേഷം! കോടതി പ്രതികളെ നിരുപാധികം വിട്ടയച്ചു!

അന്വേഷണവും വിചാരണയുമൊക്കെ പ്രതികളെ രക്ഷിക്കാനായിരുന്നോ? ഈ കടുത്ത അന്യായത്തിനും തുല്യതയില്ലാത്ത അക്രമത്തിനും മൂകസാക്ഷിയായ ഗ്രന്ഥകാരന്‍ ഒരു പ്രായശ്ചിത്തമെന്ന നിലക്കാണ് ഈ പുസ്തകമെഴുതിയതെന്ന് വ്യക്തമാക്കുന്നുണ്ട്. 'ഇങ്ങനെയൊരു പ്രായശ്ചിത്തമെങ്കിലും ചെയ്തില്ലെങ്കില്‍ മരണശേഷം കുഴിമാടത്തില്‍ എനിക്ക് സമാധാനത്തോടെ കിടക്കാന്‍ കഴിയില്ല' എന്ന് സങ്കടപ്പെടുന്നുണ്ട് വിഭൂതിനാരായന്‍ റായ്!

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് നമ്മുടെ ഇന്ത്യ. സ്വേഛാധിപത്യ രാഷ്ട്രമല്ല. കമ്യൂണിസത്തിന്റെ ഇരുമ്പുമറയോ രാജാധിപത്യത്തിന്റെ ഉരുക്കുമുഷ്ഠിയോ ഇവിടെയില്ല. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സര്‍ക്കാറാണിവിടെ. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ജനങ്ങള്‍ ജനപ്രതിനിധികളെ തിരഞ്ഞെടുക്കും. അവരില്‍ ഭൂരിപക്ഷം കിട്ടിയവര്‍ സര്‍ക്കാറുണ്ടാക്കും. 

ഭൂമുഖത്തെ ഏറ്റവും വലുതും മഹത്തരവുമായ ഭരണഘടനയാണ് നമ്മുടേത് എന്ന് കൊട്ടിഘോഷിക്കപ്പെടുന്നു. ജനങ്ങളാണ് പരമാധികാരികള്‍ എന്ന് പേര്‍ത്തും പേര്‍ത്തും രാഷ്ട്രീയക്കാര്‍ നമ്മെ ഉദ്‌ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കോടതിയും പൊലീസും നിയമവും നീതിന്യായവും നടപ്പാക്കാനാണെന്നാണ് വെപ്പ്. 'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടുകൂടാ' എന്നാണത്രെ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ആണിക്കല്ല്. നിരപരാധി രക്ഷപ്പെടണം, കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണം എന്നതാണല്ലോ നീതി. 42 യുവാക്കളെ കൊല ചെയ്ത സംഭവത്തില്‍ പ്രതികളെ നിരുപാധികം വിട്ടയക്കലാണോ നീതി? രക്ഷപ്പെടാന്‍ പഴുതുകളൊരുക്കിയവരും പ്രതികളോടൊപ്പം ശിക്ഷിക്കപ്പെടേണ്ടതല്ലേ?

യു.പി ഇന്ന് എറ്റവും വലിയ വര്‍ഗീയവാദിയുടെ കൈകളിലാണ്. ഒന്നല്ല ഒരായിരം ഹാഷിംപുരകള്‍ ആവര്‍ത്തിച്ചാലും അവിടെയുള്ള മുസ്‌ലിംകള്‍ക്ക് ചെറുത്തു നില്‍ക്കാന്‍ കഴിയില്ല. കാരണം അത്രകണ്ട് അവര്‍ സംഘപരിവാറിന്റെ അടിമകളായി മാറിയിരിക്കുന്നു. അവര്‍ക്കിന്ന് അവിടെ പശുവിന്റെ ചാണകത്തിന്റെ വിലപോലുമില്ല. അരുതാത്തതൊന്നും നടക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. 

മരണാനന്തരം ഒരു ജീവിതമുണ്ടെന്നും ആ ജീവിതത്തില്‍ മാത്രമാണ് യഥാര്‍ഥ നീതി നടപ്പാക്കുക എന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. കാശും സ്വാധീനവും ഉണ്ടെങ്കില്‍ ഇവിടെ എന്തും നടത്താം. പൂര്‍ണമായ, കണിശമായ നീതി ദൈവത്തിന്റെ കോടതിയില്‍ മാത്രം.