മുസ്‌ലിമിന്റെ ആദര്‍ശം
അബൂയഹ്‌യ
2017 ഡിസംബർ 30 1439 റബിഉല്‍ ആഖിര്‍ 12
ഏതു നാട്ടിലാണെങ്കിലും കണിശമായ ചില ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിക്കേണ്ടവനാണ് ഒരു യഥാര്‍ഥ മുസ്‌ലിം. ജീവിതത്തിന്റെ നിഖില മേഖലകളിലും അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകളെ പൂര്‍ണ സംതൃപ്തിയോടെ അവന്‍ അനുസരിക്കേണ്ടതാണ്. അല്ലാഹുവിനോടും റസൂലിനോടും അനുസരണക്കേട് കാണിക്കുന്ന വിഷയത്തില്‍ ഒരാളെയും ഒരു ശരിയായ മുസ്‌ലിം അവര്‍ മാതാപിതാക്കള്‍ ആകട്ടെ, ഭരണാധികാരികള്‍ ആകട്ടെ, മതനേതാക്കള്‍ ആകട്ടെ അനുസരിക്കാന്‍ പാടില്ലാത്തതാണ്. 'സ്രഷ്ടാവിനോട് അനുസരണക്കേട് കാണിക്കുന്ന വിഷയത്തില്‍ സൃഷ്ടികള്‍ക്ക് അനുസരണമില്ല'എന്നാണ് പ്രവാചകന്‍ ﷺ മുസ്‌ലിംകളുടെ ആദര്‍ശമായി പഠിപ്പിച്ചിട്ടുള്ളത്. രാജ്യം ഇസ്‌ലാമികമാവട്ടെ അനിസ്‌ലാമികമാവട്ടെ, കല്‍പിക്കുന്നവര്‍ മുസ്‌ലിംകളാവട്ടെ അല്ലാത്തവരാവട്ടെ, ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ നേതാവോ പണ്ഡിതനോ മുതലാളിയോ മേലുദേ്യാഗസ്ഥനോ ആര് തന്നെയോ ആവട്ടെ, മതം ഇടപെടുന്ന വിഷയങ്ങളില്‍ അഥവാ ക്വുര്‍ആനിന്റെയും ഹദീഥിന്റെയും വ്യക്തമായ നിര്‍ദേശങ്ങള്‍ ഉള്ള വിഷയങ്ങളില്‍ അതിനെ മറികടന്നുകൊണ്ട് മേല്‍പറഞ്ഞവരെ അനുസരിക്കുവാന്‍ ഒരു യഥാര്‍ഥ മുസ്‌ലിമിന് പാടില്ലാത്തതാണ്.
അത്‌കൊണ്ട് തന്നെ ഇസ്‌ലാമിക രാജ്യങ്ങളില്‍ തന്നെയോ അല്ലാത്ത രാജ്യങ്ങളിലോ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായതും ഹറാമായതുമായ ഏതെല്ലാം മേഖലകള്‍ ഉണ്ടോ അതില്‍ നിന്നെല്ലാം സത്യവിശ്വാസികള്‍ മാറിനില്‍ക്കേണ്ടതാണ്. അതിന്റെ പേരില്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ അവര്‍ സഹിച്ചേ മതിയാകൂ. ആരെങ്കിലും അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് അവന്റെ നിയമങ്ങളെ കാത്തുസൂക്ഷിച്ചാല്‍ എല്ലാ പ്രയാസങ്ങളിലും ഒരു എളുപ്പം അല്ലാഹു അവര്‍ക്ക് നല്‍കുകയും അവര്‍ അറിയാത്ത മാര്‍ഗങ്ങളിലൂടെ അല്ലാഹു അവരെ സഹായിക്കുകയും ചെയ്യുന്നതാണ്.
ജീവനു ഭീഷണി നേരിടുകയോ അല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയില്‍ അകപ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ മറ്റു വഴികളെല്ലാം അടയുകയും ഒരു തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അതിനെക്കാള്‍ വലിയ തിന്മയുണ്ടാവുകയും ചെയ്യുെമന്ന് ബോധ്യപ്പെടുന്ന സന്ദര്‍ഭത്തിലല്ലാതെ ഒരു ഹറാമായ കാര്യം ചെയ്യാന്‍ മുസ്‌ലിമിനു അനുവാദമില്ല. എന്നാല്‍ മറ്റു വഴികള്‍ ധാരാളമുണ്ടായിരിക്കെ അതിലേക്കൊന്നും തിരിയാതെ താന്‍ നിര്‍ബന്ധിതനാണ് എന്ന ന്യായം പറഞ്ഞു അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു ത്യാഗത്തിനും തയ്യാറാവാതെ തെറ്റുകള്‍ ചെയ്യുന്നവര്‍ വലിയ തിന്മയാണ് ചെയ്യുന്നത്.
വ്യക്തിജീവിതത്തിലെ വ്യത്യസ്തങ്ങളായ മേഖലകളിലേക്ക് കൃത്യമായ വിധികളും വിലക്കുകളും നല്‍കുന്ന മതമാണ് ഇസ്‌ലാം. വിവാഹം, വിവാഹ മോചനം, അനന്തരാവകാശ സ്വത്തിന്റെ വിതരണം, ഇടപാടുകള്‍, കരാറുകള്‍, കച്ചവട രംഗങ്ങള്‍ തുടങ്ങി ധാരാളം മേഖലകളിലേക്കുള്ള വ്യക്തിനിയമങ്ങള്‍ ഇസ്‌ലാം മുന്നോട്ടു വെക്കുന്നുണ്ട്. അത്തരം മേഖലകളില്‍ ഇസ്‌ലാമിന്റെ അഥവാ ശരീഅത്തിന്റെ നിയമത്തെ മറികടക്കാനോ മനുഷ്യനിര്‍മിത നിയമങ്ങളുടെ സാധ്യതകള്‍ തേടി പോകാനോ ഒരു മുസ്‌ലിമിന് പാടില്ലാത്തതാണ്.
മേല്‍ പറഞ്ഞ മേഖലകളില്‍ പൂര്‍ണമായും ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കുവാന്‍ മുസ്‌ലിംകള്‍ ശ്രദ്ധിക്കണം എന്ന് മാത്രമല്ല പ്രസ്തുത വിഷയങ്ങളില്‍ വല്ല തര്‍ക്കവിതര്‍ക്കങ്ങളും ഉണ്ടായാല്‍ ഇസ്‌ലാമികമായി അതിനു പരിഹാരം കാണുകയും ശരീഅത്തിലെ നിയമ പ്രകാരം വിധിനടത്തുന്ന ഇസ്‌ലാമിക കേന്ദ്രങ്ങളെയോ അല്ലെങ്കില്‍ ശരീഅഃ കോടതികളെയോ സമീപിക്കുകയും ചെയ്യേണ്ടതാണ്. ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാം അനുസരിച്ചു ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉള്ളതുപോലെ തന്നെ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച 'മുസ്‌ലിം വ്യക്തി നിയമമനുസരിച്ച്' കാര്യങ്ങള്‍ തീര്‍പ്പാക്കുവാനുള്ള അധികാരവും അവകാശവും കോടതികള്‍ക്കുണ്ട്. ഏതാണ്ടെല്ലാ വിഷയങ്ങളിലും ഇസ്‌ലാമിക ശരീഅത്ത് പ്രകാരം മുന്നോട്ടു പോകാന്‍ ഇന്ത്യയിലെ ഒരു മുസ്‌ലിമിന് സാധിക്കുന്നതാണ്. അവ ഉപയോഗപ്പെടുത്തുവാന്‍ മുസ്‌ലിംകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നാം നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനെക്കാള്‍ നല്ല വിധികര്‍ത്താവില്ല. ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ടുവെക്കുന്ന നിയമങ്ങളെക്കാള്‍ നല്ല നിയമങ്ങളുമില്ല.
ഇന്ത്യയില്‍ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് വിധിക്കുന്ന കോടതികള്‍ ഉള്ളതു പോലെ തന്നെ അപ്രകാരമല്ലാതെ പൊതു നിയമമനുസരിച്ച് വിധിക്കുന്ന കോടതികളുമുണ്ട്. മുസ്‌ലിംകള്‍ ഒരിക്കലും ഇസ്‌ലാമിക നിയമമനുസരിച്ച് തീര്‍പ്പാക്കുവാന്‍ സാധിക്കുന്ന വിഷയങ്ങളില്‍ ശരീഅത്തിനെ മാറ്റി വെച്ച് ഇസ്‌ലാമികേതര നിയമങ്ങളുടെ പിന്നാലെ പോയിക്കൂടാ. അപ്രകാരം സംഭവിച്ചാല്‍ അത് വലിയ തിന്മയായിത്തീരും എന്ന് മാത്രമല്ല ചില സന്ദര്‍ഭങ്ങളില്‍ അത് അയാളെ മുനാഫിക്വാക്കി മാറ്റുകയോ ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്തു കൊണ്ടുപോവുകയോ ചെയ്യുന്നതാണ്. അത് എപ്രകാരമാണ്, അല്ലെങ്കില്‍ എന്തുകൊണ്ടാണ് എന്നൊക്കെ നമുക്ക് വിശദമായി പരിശോധിക്കാം.
ഒന്ന്: അറിവില്ലായ്മ
ഏതൊരു വിഷയത്തിലെയും അറിവില്ലായ്മ ആ വിഷയത്തില്‍ അതിക്രമം പ്രവര്‍ത്തിക്കാന്‍ ഒരാള്‍ക്ക് കാരണമായിത്തീരുന്നതാണ്. 'മനുഷ്യന്‍ അറിവില്ലാത്തവനും അതിക്രമിയുമാണ്'(33:72) എന്ന ക്വുര്‍ആനിക വചനം നല്‍കുന്ന സൂചനയതാണ്. താന്‍ വിശ്വസിക്കുന്ന മതമായ ഇസ്‌ലാമിന്റെ മഹത്ത്വമോ അല്ലാഹുവിന്റെയും റസൂലിന്റെയും വിധികളുടെ അന്യൂനതയോ വലിപ്പമോ അവര്‍ക്കറിയില്ല. ക്വുര്‍ആനിന്റെയും ഹദീഥിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കണ്ടതിന്റെ പ്രാധാന്യവും അവര്‍ക്കറിയില്ല. അത്‌കൊണ്ട് തന്നെ അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനകളോടോ ഇസ്‌ലാമിക നിയമങ്ങളോടോ ആദരവോ ബഹുമാനമോ അവര്‍ക്കില്ല. അത്തരം ആളുകള്‍ ജീവിതത്തിലെ മറ്റു മേഖലകളെന്ന പോലെ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് വിധി നടത്തപ്പെടേണ്ട രംഗങ്ങളിലും അതിനെ മാറ്റി നിര്‍ത്തുന്നതായി കാണാം. അങ്ങനെ ജീവിതത്തില്‍ ഇസ്‌ലാമിക മാര്‍ഗനിര്‍ദേശങ്ങളെ മറികടന്നുകൊണ്ടുള്ള അയാളുടെ ജീവിതം അയാളെ അധര്‍മകാരിയും അക്രമിയുമാക്കിത്തീര്‍ക്കുന്നു. ഇഹലോകത്തും പരലോകത്തും വലിയ നഷ്ടങ്ങളാണ് അവരെ കാത്തുനില്‍ക്കുന്നത്. 'ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍' (5:45) എന്ന ക്വുര്‍ആന്‍ സൂക്തം വിധിക്കുന്നവര്‍ക്ക് മാത്രം ബാധകമായതല്ല; മറിച്ച് അത്തരം വിധികള്‍ തേടി പോകുന്നവര്‍ക്കും ബാധകമാണ്. പലപ്പോഴും അജ്ഞതയാണ് ഇതിനു കാരണമായിത്തീരുന്നത്. ഏതൊരു തിന്മയും ഒരാളുടെ ഈമാനിലും ഇസ്‌ലാമിലും കുറവ് വരുത്തുന്നതാണ്. അതിനാല്‍ മുസ്‌ലിംകള്‍ ഇസ്‌ലാമിക ശരീഅത്തിന്റെ മഹത്ത്വം പഠിച്ചു മനസ്സിലാക്കുകയും മുസ്‌ലിം ഉമ്മത്തിനെ ഇത്തരം വിഷയങ്ങളില്‍ ബോധവല്‍ക്കരിക്കാന്‍ മതപണ്ഡിതന്മാരും പ്രബോധകന്മാരും പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.
രണ്ട്: ധിക്കാരം
അല്ലാഹുവിന്റെയും റസൂലിന്റെയും വിധികളുടെ മഹത്ത്വം മനസ്സിലാക്കിയിട്ടും ഇസ്‌ലാമിക ശരീഅത്തിന്റെ സ്ഥാനം ഉള്‍ക്കൊണ്ടിട്ടും സ്വാര്‍ഥതാല്‍പര്യങ്ങളുടെ പേരിലോ ഭൗതികമായ നേട്ടങ്ങള്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ ആരോടെങ്കിലുമുള്ള വെറുപ്പോ വിദ്വേഷമോ തീര്‍ക്കാന്‍ വേണ്ടിയോ ഇസ്‌ലാമിക നിയമങ്ങളെ മാറ്റിവെക്കുന്നവര്‍ കടുത്ത ധിക്കാരികളും അനുസരണം കെട്ടവരുമാണെന്ന് പറയേണ്ടതില്ലല്ലോ. 'ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് ധിക്കാരികള്‍' (5:47) എന്ന ക്വുര്‍ആന്‍ വചനം ഇവിടെയും വിധിക്കുന്നവര്‍ക്ക് മാത്രം ബാധകമായതല്ല; മറിച്ച് നേരത്തെ പറഞ്ഞ കാരണങ്ങളുടെ പേരില്‍ അത്തരം വിധി തേടി പോകുന്നവര്‍ക്കും ബാധകമാണ്. അപ്പോള്‍ വിധിക്കുന്നവരും ആ വിധി തേടി പോകുന്നവരും ധിക്കാരികളായിത്തീരും. ഇവരും ശക്തമായ ഉല്‍ബോധനം നല്‍കപ്പെടേണ്ടവര്‍ തന്നെ.
മൂന്ന്: അവിശ്വാസം
ഇത് നാം നേരത്തെ സവിസ്തരം വിശദീകരിച്ചതാണ്. ഒരാള്‍ അല്ലഹുവിന്റെയും റസൂലിന്റെയും വിധിയെക്കാള്‍ നല്ല വിധിയാണ് എന്നു വിശ്വസിച്ചുകൊണ്ടോ അല്ലെങ്കില്‍ അല്ലാഹുവിന്റെ വിധിയോടു തുല്യം നില്‍ക്കുന്നതാണ് എന്ന് കരുതിക്കൊണ്ടോ അല്ലെങ്കില്‍ ഇസ്‌ലാമിക ശരീഅത്ത് തനിക്കു ബാധകമല്ല എന്ന് വിശ്വസിച്ചു കൊണ്ടോ ഇസ്‌ലാമികേതര നിയമങ്ങളുടെ പിന്നാലെ പോയാല്‍ അയാള്‍ ഇസ്‌ലാമിക മില്ലത്തില്‍ നിന്ന് പുറത്തുപോകുന്ന കുഫ്‌റാണ് ചെയ്യുന്നത്. അവര്‍ അറിവില്ലാത്തവരാണെങ്കില്‍ പഠിപ്പിക്കപ്പെടണം. തൗബ ചെയ്യുകയും വേണം. അറിഞ്ഞിട്ടും മേല്‍ വിശ്വാസത്തില്‍ ഉറച്ചുനിന്നാല്‍ അവര്‍ ശരിയായ കാഫിറുകള്‍ തന്നെ ആയിത്തീരും. മുസ്‌ലിംകള്‍ വളരെ ഗൗരവത്തില്‍ കാണേണ്ടുന്ന വിഷയമാണിത്.
നാല്: ശിര്‍ക്ക്
ഇതും നാം നേരത്തെ പ്രതിപാദിച്ചു. അല്ലാഹു ഹറാമാക്കിയത് ഹലാലാക്കുവാനും അവന്‍ ഹലാലാക്കിയത് ഹറാമാക്കുവാനും മറ്റൊരാള്‍ക്ക് -അവര്‍ ആരുതന്നെയാവട്ടെ- അവകാശമുണ്ടെന്ന് വിശ്വസിച്ചുകൊണ്ടു അല്ലാഹുവിന്റെ വിധിയെ മറികടക്കല്‍. ഇതവര്‍ക്കുള്ള ഇബാദത്തും ശിര്‍ക്കുമാണെന്നു പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇക്കാര്യവും മുസ്‌ലിംകള്‍ ഗൗരവത്തിലെടുക്കേണ്ടതാണ്.
അഞ്ച്: നിഫാക്വ്
പ്രത്യക്ഷത്തില്‍ മുസ്‌ലിമായി നടിക്കുകയും തന്റെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ വിഷയങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങളെ സ്വീകരിക്കുകയും എന്നാല്‍ തന്റെ താല്‍പര്യത്തിനു എതിരാണെന്ന് തോന്നിയാല്‍ ഇസ്‌ലാമിനെ തള്ളിപ്പറഞ്ഞു മറ്റു നിയമങ്ങളുടെ പിന്നാലെ പോവുകയും ചെയ്യുന്നവരുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ മുസ്‌ലിംകളല്ല. ചില താല്‍പര്യങ്ങളുടെ പേരില്‍ മുസ്‌ലിംകളായി നടിക്കുന്നു എന്ന് മാത്രം. ഇവരുടെ കാപട്യം കുഫ്‌റിന്റെ കാപട്യമാണ്. അല്ലാഹു തആലാ വളരെ ഗൗരവപൂര്‍വം താക്കീത് നല്‍കിയ വിഷയമാണത്.
അല്ലാഹു പറയുന്നു: ''അവര്‍ പറയുന്നു; ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്. പിന്നെ അതിന് ശേഷം അവരില്‍ ഒരു വിഭാഗമതാ പിന്‍മാറിപ്പോകുന്നു. അവര്‍ വിശ്വാസികളല്ല തന്നെ. അവര്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും അവര്‍ വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു. ന്യായം അവര്‍ക്ക് അനുകൂലമാണെങ്കിലോ അവര്‍ അദ്ദേഹത്തിന്റെ (റസൂലിന്റെ) അടുത്തേക്ക് വിധേയത്വത്തോട് കൂടി വരികയും ചെയ്യും. അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതല്ല അവര്‍ക്ക് സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്റെ റസൂലും അവരോട് അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? അല്ല, അവര്‍ തന്നെയാകുന്നു അക്രമികള്‍. തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍. അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട് സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ് വിജയം നേടിയവര്‍'' (ക്വുര്‍ആന്‍ 24:47-52).
''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ജല്‍പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുര്‍മൂര്‍ത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. വാസ്തവത്തില്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുവാനാണ് അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നു. അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം. എന്നാല്‍ സ്വന്തം കൈകള്‍ ചെയ്ത് വെച്ചതിന്റെ ഫലമായി അവര്‍ക്ക് വല്ല ആപത്തും ബാധിക്കുകയും അനന്തരം അവര്‍ നിന്റെ അടുത്ത് വന്ന് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് കൊണ്ട് ഞങ്ങള്‍ നന്മയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും? അത്തരക്കാരുടെ മനസ്സുകളില്‍ എന്താണുള്ളതെന്ന് അല്ലാഹുവിന്നറിയാം. ആകയാല്‍ (നബിയേ,) അവരെ വിട്ട് തിരിഞ്ഞുകളയുക. അവര്‍ക്ക് സദുപദേശം നല്‍കുകയും അവരുടെ മനസ്സില്‍ തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 4:59-63).
മേല്‍ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്ന് തന്നെ വിഷയങ്ങളുടെ ഗൗരവം മനസ്സിലാക്കാവുന്നതാകുന്നു. (വിശദ വിവരങ്ങള്‍ക്ക് മുഹമ്മദ് അമാനി മൗലവി പ്രസ്തുത വചനങ്ങള്‍ക്ക് നല്‍കിയ വിശദീകരണം പരിശോധിക്കുക).
ആറ്: വെറുപ്പ്
ഇതും കുഫ്‌റിന്റെ അഥവാ അവിശ്വാസത്തിന്റെ മറ്റൊരു ഇനമാണ്. അല്ലാഹു അവതരിപ്പിച്ച നിയമങ്ങളോട് വെറുപ്പ് തോന്നുക. അത് എല്ലാ വിഷയങ്ങളോടും ഉണ്ടാവണമെന്നില്ല. മറിച്ച് അല്ലാഹു അവതരിപ്പിച്ച ഏതെങ്കിലും വിഷയങ്ങളോട് വെറുപ്പ് തോന്നുകയും അത്തരം വിഷയങ്ങളില്‍ ഇസ്‌ലാമികേതര നിയമങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ അതും കുഫ്‌റായിത്തീരുന്നു. ഒരാള്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുന്ന കാരണങ്ങളില്‍ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ ഗൗരവത്തില്‍ എണ്ണിയ വിഷമാണിത്.
അല്ലാഹു പറയുന്നു: ''അവിശ്വസിച്ചവരാരോ, അവര്‍ക്ക് നാശം. അവന്‍ (അല്ലാഹു) അവരുടെ കര്‍മങ്ങളെ പാഴാക്കികളയുന്നതുമാണ്. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്ത് കളഞ്ഞു. അപ്പോള്‍ അവരുടെ കര്‍മങ്ങളെ അവന്‍ നിഷ്ഫലമാക്കിത്തീര്‍ത്തു'' (ക്വുര്‍ആന്‍ 47:8,9).
''അത്, അല്ലാഹു അവതരിപ്പിച്ചത് ഇഷ്ടപ്പെടാത്തവരോട് ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ കല്‍പന അനുസരിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുള്ളത് കൊണ്ടാണ്. അവര്‍ രഹസ്യമാക്കി വെക്കുന്നത് അല്ലാഹു അറിയുന്നു. അപ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചു കൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി! അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും അവന്റെ പ്രീതി അവര്‍ ഇഷ്ടപ്പെടാതിരിക്കുകയുമാണ് ചെയ്തത്. അതിനാല്‍ അവരുടെ കര്‍മങ്ങളെ അവന്‍ നിഷ്ഫലമാക്കികളഞ്ഞു'' (ക്വുര്‍ആന്‍ 47:26,28).
മേല്‍ പറഞ്ഞ ആറു കാര്യങ്ങളില്‍ ചിലത് മറ്റു ചിലതിനെക്കാള്‍ ഗൗരവമേറിയതാണെങ്കിലും എല്ലാം വളരെ മോശമാണ് എന്ന കാര്യത്തില്‍ സംശയമേതുമില്ല. ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന കാര്യങ്ങളുടെ ഗൗരവം പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിന്റെ താഴെ ഉള്ളതും വലിയ കുഫ്‌റല്ലെങ്കിലും അവിശ്വാസത്തിന്റെ മറ്റൊരു ഇനമായ ചെറിയ കുഫ്‌റായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒരു യഥാര്‍ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാം ഗൗരവപ്പെട്ടത് തന്നെ. ആയതിനാല്‍ മുസ്‌ലിംകള്‍ ഒരു കാരണവശാലും ഇസ്‌ലാമിക ശരീഅത്തനുസരിച്ച് തീര്‍പ്പാക്കാന്‍ സാധിക്കുന്ന ഒരു വിഷയത്തില്‍ മറ്റ് നിയമങ്ങള്‍ തേടി പോകാന്‍ പാടില്ലാത്തതാണ്.
എന്നാല്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ പൊതുനിയമമനുസരിച്ച് വിധിക്കുന്ന കോടതികളെ സമീപിക്കാന്‍ മുസ്‌ലിംകള്‍ക്ക് അനുവാദമുണ്ട്.
ഒന്ന്: ശരീഅത്ത് നിയമമനുസരിച്ച് തീര്‍പ്പാക്കാന്‍ ഒരു നിലയ്ക്കും അവസരമില്ലാത്തതും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരേപോലെ ബാധകവുമായ വിഷയങ്ങളില്‍ നമുക്ക് അവകാശപ്പെട്ട നീതി നേടിയെടുക്കാന്‍ പൊതുനിയമമനുസരിച്ച് വിധിക്കുന്ന കോടതികളെ സമീപിക്കാവുന്നതാകുന്നു. 'സാധിക്കുന്നത്ര നന്മ നടപ്പാക്കുക, സാധിക്കുന്നത്ര തിന്മയെ തടയുക'എന്ന തത്ത്വപ്രകാരമാണത്. തനിക്കവകാശപ്പെട്ട ഒരു നീതി പൂര്‍ണമായോ ഭാഗികമായോ നേടിയെടുക്കാന്‍ നാട്ടിലെ നിയമമനുസരിച്ച് ഒരാള്‍ക്ക് സാധിക്കുമെങ്കില്‍ ഇത് നേടിയെടുക്കുന്നതില്‍ നിന്ന് ഇസ്‌ലാം അയാളെ വിലക്കുന്നില്ല. അത്‌പോലെ താന്‍ അനുഭവിക്കുന്ന ഒരു ഉപദ്രവത്തെ പൂര്‍ണമായോ ഭാഗികമായോ തടയാന്‍ സാധിക്കുമെങ്കില്‍ അതിനു സഹായിക്കുന്ന പൊതുനിയമത്തെ ഉപയോഗപ്പെടുത്തുന്നതിനെയും ഇസ്‌ലാം വിലക്കുന്നില്ല. ഇസ്‌ലാമിക ശരീഅത്തനുസരിച്ച് വിധി തീര്‍പ്പാക്കാന്‍ അവസരമില്ലാത്ത സന്ദര്‍ഭത്തില്‍ മാത്രമാണിത് ബാധകമാവുക. 'രണ്ടു തിന്മകളില്‍ താരതമ്യേന വലിയ തിന്മയെ ഒഴിവാക്കാന്‍ ചെറിയ തിന്മയെ സ്വീകരിക്കുക,' 'വലിയ നന്മയെ സ്ഥാപിക്കാന്‍ താരതമ്യേന ചെറിയ നന്മയെ അവഗണിക്കുക' തുടങ്ങിയ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ അടിസ്ഥാനങ്ങള്‍ വെച്ചുകൊണ്ടാണ് പണ്ഡിതന്മാര്‍ ഇത് വിശദീകരിച്ചിട്ടുള്ളത്. മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ട നന്മകള്‍ അവര്‍ക്ക് ഒരു കാരണവശാലും തടയപ്പെടാതിരിക്കുവാനും അന്യായമായി അവര്‍ ഉപദ്രവിക്കപ്പെടാതിരിക്കുവാനും അത് മാത്രമേയുള്ളൂ മാര്‍ഗം. അത്തരം നിര്‍ബന്ധിത ഘട്ടങ്ങളില്‍ പൊതുനിയമത്തെ മുസ്‌ലിംകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കില്‍ അവര്‍ ഭരണകൂടത്താലും ജനങ്ങളാലും അനീതിക്ക് വിധേയമാക്കപ്പെടും എന്ന കാര്യത്തില്‍ സംശയമേതുമില്ല.
രണ്ട്: ഇസ്‌ലാമിക ശരീഅത്തനുസരിച്ച് വിധി തീര്‍പ്പാക്കുവാന്‍ അവസരമുണ്ടെങ്കിലും എതിര്‍കക്ഷി മുസ്‌ലിമല്ലെങ്കില്‍; അല്ലെങ്കില്‍ മുസ്‌ലിമാണ്, പക്ഷേ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് കാര്യം തീര്‍പ്പാക്കാന്‍ താല്‍പര്യമില്ലാത്ത അക്രമിയാണെങ്കില്‍, അത്തരം സന്ദര്‍ഭങ്ങളില്‍ പൊതുകോടതിയെ സമീപിക്കാന്‍ ഒരാള്‍ നിര്‍ബന്ധിതനാകുന്നു. ഇവിടെയും നേരത്തെ പറഞ്ഞ തത്ത്വമാണ് ബാധകമാവുക. 'പരമാവധി നന്മ നേടിയെടുക്കുക, പരമാവധി തിന്മയെ തടയുക' തുടങ്ങിയ നിയ്യത്തോട് കൂടിയാണ് അയാള്‍ അത് ചെയ്യേണ്ടത്. ഇല്ലെങ്കില്‍ തനിക്കവകാശപ്പെട്ട നീതി പൂര്‍ണമായോ ഭാഗികമായോ അയാള്‍ക്ക് നഷ്ടപ്പെടും. അന്യായമായി അയാള്‍ ഉപദ്രവിക്കപ്പെടുകയും ചെയ്യും. ഇതൊഴിവാക്കാന്‍ നിര്‍ബന്ധിത ഘട്ടങ്ങളില്‍ പൊതുനിയമത്തെ സമീപിക്കാന്‍ ഇസ്‌ലാം ഒരാള്‍ക്ക് അനുവാദം നല്‍കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാതെ നേരത്തെ നാം വിശദീകരിച്ച ആറു കാരണങ്ങളാല്‍ ഇസ്‌ലാമികേതര നിയമങ്ങള്‍ തേടി പോകാന്‍ ഒരു മുസ്‌ലിമിനെ ഇസ്‌ലാം ഒരിക്കലും അനുവദിക്കുന്നില്ല എന്ന് നാം സഗൗരവം മനസ്സിലാക്കുക. സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ.