ദൃഢവിശ്വാസം വെളിച്ചമേകും

അഡ്വ.കെ.എ. അബ്ദുസ്സമദ്, കലൂര്‍

2017 ഏപ്രില്‍ 22 1438 റജബ് 25

ഏതൊരു സല്‍കര്‍മത്തിനും മുന്നോടിയായി നിയ്യത്ത് അഥവാ പ്രസ്തുത കര്‍മത്തിന്റെ ഉദ്ദേശത്തെക്കുറിച്ച് വ്യക്തമായ ധാരണ മനസ്സില്‍ ഉണ്ടായിരിക്കണം. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലത്തെക്കുറിച്ചുളള തേട്ടം മനസ്സില്‍ വേണം. 

പ്രതിസന്ധി അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് മനസ്സ് ശാന്തവും  സ്വച്ഛവുമാക്കി വൈക്കാനുള്ള  ജാഗ്രതാവസ്ഥയിലായിരിക്കണം ജീവിക്കേണ്ടത്. മനസ്സില്‍ വെപ്രാളവും ധിക്കാരവും പകയും നൈരാശ്യവുമെല്ലാം ഉണ്ടാക്കി റബ്ബിനെക്കുറിച്ചുള്ള സ്മരണയില്‍നിന്നകറ്റാന്‍ പിശാച് കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കും. 

ഏതൊരു പുണ്യകര്‍മത്തിനും ഒരുക്കം ആവശ്യമാണ്. നാം അവയവങ്ങള്‍ കൊണ്ട് എന്ത് നിര്‍വഹിക്കുമ്പോഴും പ്രസ്തുത പ്രവൃത്തിയുടെ ചിത്രം ആദ്യം മനസ്സില്‍ തെളിയുന്നുണ്ട്. 

ഉമര്‍(റ)നിവേദനം ചെയ്യുന്ന ഒരു ഹദീഥിന്റെ പ്രസക്ത ഭാഗം കാണുക:''നബി(സ്വ)പറയുന്നതായി ഞാന്‍ കേട്ടു: 'തീര്‍ച്ചയായും  പ്രവര്‍ത്തനങ്ങള്‍ (അല്ലാഹു സ്വീകരിക്കുന്നതും തിരസ്‌കരിക്കുന്നതും) ഉദ്ദേശമനുസരിച്ചാണ്. എല്ലാ മനുഷ്യര്‍ക്കും എന്താണോ അവരവര്‍ ഉദ്ദേശിച്ചത് അതുണ്ടാകും.'' 

അബൂഹുറയ്‌റ(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ''തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ നിങ്ങളുടെ രൂപങ്ങളിലേക്കോ നോക്കുന്നില്ല. എന്നാല്‍ അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കുമാണ്'' (മുസ്‌ലിം).

നിയ്യത്തും ഇഖ്‌ലാസുമാണ് (ഉദ്ദേശവും ആത്മാര്‍ഥതയും) പ്രതിഫലത്തിന്റെ തോത് നിശ്ചയിക്കുന്നത് എന്നര്‍ഥം. 

അറിവാണ് വിശ്വാസത്തെ ദൃഢമാക്കുന്നത്. അതുകൊണ്ട് നിരന്തരം മതവിജ്ഞാനം കരസ്ഥമാക്കിക്കൊണ്ടിരിക്കണം. നേടിയെടുക്കുന്ന ഇല്‍മ് ജീവിതയാത്രയിലെ വെളിച്ചമാകാന്‍ ക്ഷമയും സഹിഷ്ണുതയും ആവശ്യമാണ്. ക്ഷമയില്‍ മികവ് കാണിക്കണമെന്ന് സത്യവിശ്വാസികളോട് വിശുദ്ധ ക്വുര്‍ആന്‍ കല്‍പിക്കന്നു. 

''സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ് കാണിക്കുകയും പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (3:200).

ക്ഷമിച്ചും സഹിച്ചും ജീവിച്ചതിനുള്ള പ്രതിഫലമായി സ്വര്‍ഗം തന്നെ  വാഗ്ദാനം ചെയ്യുന്നു:

''അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടുവസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്'' (76:12).

എന്നാല്‍ പിശാച് മനുഷ്യനെ അക്ഷമനാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ അബദ്ധങ്ങളിലേക്ക് ചാടിക്കാന്‍ നിരന്തരം ദുര്‍ബോധനങ്ങളുമായി അവന്‍ മനുഷ്യന്റെ പിന്നാലെ കൂടുന്നു. ഇത് വിശുദ്ധ ക്വുര്‍ആന്‍ നമുക്ക് മുന്നറിയിപ്പ് തരുന്നുണ്ട്. മനുഷ്യന്റെ ദൗര്‍ബല്യങ്ങളും അലസതയും പിശാച് മുതലെടുക്കുന്നു. അതിര്‍വരമ്പുകള്‍ ലംഘിക്കാന്‍ അവന്‍ കെണിയൊരുക്കിക്കൊണ്ടേയിരിക്കുന്നു.

''പരമകാരുണികന്റെ ഉല്‍ബോധനത്തിന്റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട് അവന്‍ (പിശാച്) അവന്ന് കൂട്ടാളിയായിരിക്കും'' (43:3).

''അവര്‍ക്ക് നാം ചില കൂട്ടുകാരെ ഏര്‍പെടുത്തി കൊടുത്തു. എന്നിട്ട് ആ കൂട്ടാളികള്‍ അവര്‍ക്ക് തങ്ങളുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അലംകൃതമായി തോന്നിച്ചു. ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവര്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തില്‍ ഇവരുടെ മേലും (ശിക്ഷയെപറ്റിയുള്ള) പ്രഖ്യാപനം സ്ഥിരപ്പെടുകയുണ്ടായി. തീര്‍ച്ചയായും അവര്‍ നഷ്ടം പറ്റിയവരായിരുന്നു'' (41:25).

ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള പിശാചുക്കളെയാണ് ഇതില്‍കൂട്ടാളികള്‍ എന്ന് പറഞ്ഞിരിക്കുന്നത്!

മനസ്സിന്റെ അതീവ ജാഗ്രതാവസ്ഥയിലൂടെ മാത്രമെ പിശാചിനെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ. സംഗീതം പോലുള്ളവ  മനസ്സിന്റെ  ജാഗ്രതാവസ്ഥയെ ദുര്‍ബലമാക്കിക്കളയും. അപ്പോള്‍ മറവിയാകുന്ന ആയുധം പിശാചും അവന്റെ കൂട്ടാളികളും ചേര്‍ന്ന് പ്രയോഗിക്കുന്നു. അങ്ങനെ നമ്മള്‍ റബ്ബിന്റെ സ്മരണവിട്ട് അകലന്നു!

മരണത്തോടെ സത്യവിശ്വാസിക്കുണ്ടാകുന്ന സ്വര്‍ഗീയ അനുഭൂതിയും വിചാരണനാള്‍ കഴിഞ്ഞുള്ള സ്വര്‍ഗ പ്രവേശവുമെല്ലാം ഉള്‍ക്കണ്ണുകൊണ്ട് കാണാനും അനുഭവിക്കാനും പര്യാപ്തമായ വിധം അല്ലാഹുവിലുള്ള വിശ്വാസം ദൃഢമാക്കി നിലനിര്‍ത്തണം. എങ്കില്‍ മാത്രമെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്തും സഹിക്കാനും ക്ഷമിക്കാനുമുള്ള കരുത്തുണ്ടാവുകയുള്ളു.

വിശ്വാസം ഉള്ളില്‍ തട്ടുമ്പോള്‍ അത് നമുക്ക് ആത്മവിശ്വാസം പകര്‍ന്നുതരും. അങ്ങനെ മനസ്സ് എന്തിനും ഏതിലും സമാശ്വാസം തരുമ്പോഴാണ് ഈമാന്‍ ആസ്വാദ്യകരമാവുക.

അല്ലാഹുവിനെ രക്ഷിതാവായും ഇസ്‌ലാമിനെ മതമായും മുഹമ്മദ് നബി(സ്വ)യെ പ്രവാചകനായും തൃപ്തിപ്പെട്ടവന്‍ ഈമാനിന്റെ മാധുര്യം ആസ്വദിച്ചുവെന്ന് തിരുനബി(സ്വ) നമ്മെ അറിയിച്ചതാണല്ലോ..!

''സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു''(44:51). 

''സുരക്ഷിതത്വ ബോധത്തോട് കൂടി എല്ലാവിധ പഴങ്ങളും അവര്‍ അവിടെ വെച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഔദാര്യമത്രെ അത്. അത് തന്നെയാണ് മഹത്തായ ഭാഗ്യം''(44:55-57).

''തീര്‍ച്ചയായും സ്വര്‍ഗവാസികള്‍ അന്ന് ഓരോ ജോലിയിലായിക്കൊണ്ട് സുഖമനുഭവിക്കുന്നവരായിരിക്കും. അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും'' (36:55,56).

അല്ലാഹു പറഞ്ഞതായി നബി(സ്വ) അരുളിയിരിക്കുന്നു: ''എന്റെ സദ്‌വൃത്തരായ  ദാസന്മാര്‍ക്ക് ഞാന്‍ ഒരു കണ്ണും കാണാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു മനുഷ്യഹൃദയവും ഭാവനയില്‍ കൊണ്ടുവരാത്തതും ഒരുക്കിവെച്ചിരിക്കുന്നു.'' ശേഷം നബി(സ്വ) വിശുദ്ധ ക്വുര്‍ആനിലെ 32-ാം അധ്യായത്തിലെ 17-ാം വചനം  പാരായണം ചെയ്തു: ''എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചതിന് പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കുവേണ്ടി രഹസ്യമായിവെക്കപ്പെട്ടിട്ടുള്ളതെന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല''(ബുഖാരി).

സ്വര്‍ഗത്തിലെ സുഖാസ്വാദനങ്ങള്‍ അകക്കണ്ണുകൊണ്ട് അനുഭവിക്കാന്‍ കഴിയുന്ന  സത്യവിശ്വാസി അശ്രാന്ത പരിശ്രമത്തിലൂടെ ലക്ഷ്യം സാക്ഷാത്കരിക്കുക തന്നെ ചെയ്യും.