ശിയാക്കളും തൗഹീദും

അബ്ദുല്‍ ജബ്ബാര്‍ മദീനി

2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05

(ആരാണ് ശിയാക്കള്‍? ഭാഗം: 5)

തൗഹീദുര്‍റുബൂബിയ്യതും ശിയാക്കളും

സൃഷ്ടിപ്പ്, ഉടമസ്ഥത, നിയന്ത്രണം എന്നീ അല്ലാഹുവിന്റെ പ്രവൃത്തികളില്‍ അവനെ ഏകനാക്കലാണ് തൗഹീദുര്‍റുബൂബിയ്യഃ അഥവാ രക്ഷാകര്‍തൃത്വത്തിലെ ഏകത്വം. സ്രഷ്ടാവും പരിപാലകനും അന്നദാതാവും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും നിയന്ത്രിക്കുന്നവനും അല്ലാഹു ആകുന്നു എന്ന ഒരു ദാസന്റെ വിശ്വാസമാണത്. അതിലൊന്നും അല്ലാഹുവിനു യാതൊരു പങ്കുകാരനും തുല്യനും ഇല്ല തന്നെ.

എന്നാല്‍ ഈ അടിസ്ഥാനങ്ങളില്‍ ശിയാ വിശ്വാസം എന്താണ്? അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തില്‍ തങ്ങളുടെ ഇമാമുകളെ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന ശിയാ വിശ്വാസങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ ഇവിടെ നല്‍കാം.

ഒന്ന്: ഇമാം റബ്ബാണെന്ന ശിയാവിശ്വാസം!

വിശുദ്ധ ക്വുര്‍ആനില്‍ സൂറതുല്‍ കഹ്ഫിലെ 110ാം സൂക്തത്തില്‍ ഇങ്ങനെ കാണാം:

''...തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.''

എന്നാല്‍ ശിയാ ഇമാമും മുഫസ്സിറുമായ അയ്യാശിന്റെ തഫ്‌സീറുല്‍ അയ്യാശിലും മറ്റും ഇതേ ആയത്തിന് ഇപ്രകാരം അര്‍ഥം നല്‍കിയതായി കാണാം: 'അഥവാ ഖിലാഫത്ത് അലിയ്യിന് സമര്‍പ്പിക്കുക. ഖിലാഫത്ത് ഇല്ലാത്തവനെയും അതിന് അര്‍ഹനല്ലാത്തവനെയും അതില്‍ അലിയ്യിനോട് പങ്കുകാരാക്കാവതല്ല.(33)

അല്ലാഹുവിനുള്ള പ്രത്യേകമായ റബ്ബെന്ന നാമത്തെ ഇമാമിനു വകവെക്കുകയും ഇബാദത്ത് ഖിലാഫത്താണെന്ന് ദുര്‍വ്യാഖ്യാനിക്കുകയുമാണ് ഇതിലൂടെ ശിയാമതം ചെയ്യുന്നത്.

രണ്ട്: ഇഹലോകവും പരലോകവും ഇമാമിന്റെ കയ്യിലാണെന്ന വിശ്വാസം

ശിയാക്കളുടെ ഏറ്റവും ആധികാരിക ഗ്രന്ഥമായ 'അല്‍കാഫി'യില്‍ 'ഭൂമി മുഴുവന്‍ ഇമാമിന്' എന്ന ഒരു അധ്യായം തന്നെ കാണാം.(34) ആ അധ്യായത്തിനു താഴെ അബൂ അബ്ദില്ല പറഞ്ഞതായി ഇപ്രകാരം കാണാം: ''താങ്കള്‍ക്കറിയില്ലേ ദുനിയാവും ആഖിറവും ഇമാമിനാണെന്ന്? ഇമാം ഉദ്ദേശിക്കുന്നിടത്ത് അത് വെക്കുന്നു. ഇമാം ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുകയും ചെയ്യുന്നു. അതിന്ന് അല്ലാഹുവില്‍ നിന്ന് ഇമാമിന് അനുവാദമുണ്ട്.''(35)

റുബൂബിയ്യത്തില്‍ അല്ലാഹുവിന് പങ്ക് ചേര്‍ക്കലാണ് ഇതിലൂടെ സംഭവിക്കുന്നത്. വിശുദ്ധ ക്വുര്‍ആനിന്റെ ഒട്ടനവധി വചനങ്ങള്‍ക്ക് വിരുദ്ധവുമാണ് പ്രസ്തുത വിശ്വാസം. ഇഹവും പരവും വാനവും ഭൂമിയുമെല്ലാം അല്ലാഹുവിന്നു മാത്രമാണെന്നറിയിക്കുന്ന ഏതാനും വിശുദ്ധ വചനങ്ങള്‍ കാണുക:

''എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും'' (ക്വുര്‍ആന്‍ 53:25).

''ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക് തന്നെയാണ് മടക്കം'' (ക്വുര്‍ആന്‍ 4:18).

മൂന്ന്: പ്രാപഞ്ചിക സംഭവവികാസങ്ങള്‍ ഇമാമിന്റെ ആജ്ഞയനുസരിച്ചാണെന്ന വിശ്വാസം

ശിയാ ഇമാമായ മജ്‌ലിസീ തന്റെ 'ബിഹാറുല്‍ അന്‍വാര്‍' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ''സമാഅഃ ഇബ്‌നുമഹറാന്‍ പറഞ്ഞതായി നിവേദനം: ഞാന്‍ അബൂഅബ്ദില്ലയുടെ അടുക്കലായിരുന്നു. അപ്പോള്‍ ആകാശത്ത് ഇടിമിന്നലുണ്ടായി. അബൂഅബ്ദില്ല പറഞ്ഞു: ഈ ഇടിയും മിന്നും നിങ്ങളുടെ സ്വാഹിബിന്റെ ആജ്ഞ പ്രകാരമാണ്. ഞാന്‍ ചോദിച്ചു: ആരാണ് നമ്മുടെ സ്വാഹിബ്? അദ്ദേഹം പറഞ്ഞു: അമീറുല്‍മുഅ്മിനീന്‍(അ).''

അമീറുല്‍മുഅ്മിനീന്‍ അലിയ്യി(റ)ന്റെ ആജ്ഞപ്രകാരം എന്നതാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. മറുപടിയേകുന്ന അബൂഅബ്ദില്ല ഇമാം ജഅ്ഫര്‍സ്വാദിക്വുമാണ്. യഥാര്‍ഥത്തില്‍ അലിയ്യും ജഅ്ഫര്‍സ്വാദിക്വും ഇതില്‍നിന്നെല്ലാം നിരുത്തരവാദികളാണ്. കാരണം തൗഹീദുര്‍റുബൂബിയ്യത്തില്‍ അഥവാ രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വത്തില്‍ അല്ലാഹുവിനു പങ്കുകാരനെ ചേര്‍ക്കലാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. മജ്‌ലിസീയെ പോലുള്ളവര്‍ ഇത്തരം അപരാധങ്ങള്‍ അവരില്‍ ആരോപിച്ചതാണ്. ഇടിയും മിന്നും അല്ലാഹുവിന്റെ ആജ്ഞ പ്രകാരമാണെന്ന് അല്ലാഹു തന്നെ വ്യക്തമാക്കുന്നതു നോക്കൂ:

''ഭയവും ആശയും ജനിപ്പിച്ചുകൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നത് അവനത്രെ. (ജല)ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു.''

നാല്: ഇമാമുമാര്‍ക്ക് ഗയ്ബ് അറിയുമെന്ന വിശ്വാസം

'അല്‍കാഫി'യില്‍ 'തങ്ങള്‍ എപ്പോഴാണ് മരിക്കുകയെന്നത് ഇമാമുമാര്‍ അറിയും,' 'ഉണ്ടായതും ഉണ്ടാകാനിരിക്കുന്നതും ഇമാമുമാര്‍ അറിയും,' 'അവര്‍ക്ക് യാതൊന്നും ഗോപ്യമാവുകയില്ല'(36) എന്നീ തലക്കെട്ടുകളുള്ള അധ്യായങ്ങള്‍ തന്നെ കാണാം. ഒരു അധ്യായത്തില്‍ ഇപ്രകാരം ഒരു റിപ്പോര്‍ട്ട് വ്യാജമായി അബൂഅ ബ്ദില്ലയിലേക്ക് ചേര്‍ത്തതു കാണാം. അദ്ദേഹം പറഞ്ഞുവത്രെ: 'ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും ഞാന്‍ അറിയും. സ്വര്‍ഗത്തിലുള്ളതും നരകത്തിലുള്ളതും ഞാന്‍ അറിയും. ഉണ്ടായ തും ഉണ്ടാകാനിരിക്കുന്നതും ഞാന്‍ അറിയും...'(37)

ശിയാ ഇമാമായ മജ്‌ലിസീ തന്റെ 'ബിഹാറുല്‍ അന്‍വാര്‍' എന്ന ഗ്രന്ഥത്തില്‍ ഒരു നിവേദനം വ്യാജമായി ഇമാം ജഅ്ഫര്‍ സ്വാദിക്വിലേക്ക് ചേര്‍ത്തത് ഇപ്രകാരം കാണാം. അദ്ദേഹം പറഞ്ഞുവത്രെ: ''അല്ലാഹുവാണേ സത്യം, പൂര്‍വികരുടെയും പില്‍കാലക്കാരുടെയും വിജ്ഞാനം ഞങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്.'അപ്പോള്‍ അദ്ദേഹത്തോട് അനുചരന്മാരില്‍ ഒരാള്‍ ചോദിച്ചു: 'നിങ്ങളുടെ പക്കല്‍ അദൃശ്യജ്ഞാനവുമുണ്ടോ?' ഇമാം അയാളോട് പറഞ്ഞു: 'നിനക്കു നാശം. നിശ്ചയം ഞാന്‍ പുരുഷന്മാരുടെ മുതുകിലുള്ളതും സ്ത്രീകളുടെ ഗര്‍ഭങ്ങളിലുള്ളതും അറിയുന്നു.'''

അദൃശ്യജ്ഞാനം അല്ലാഹുവിനു മാത്രമാണെന്നറിയിക്കുന്ന ഏതാനും വിശുദ്ധ വചനങ്ങള്‍ക്ക് ഘടക വിരുദ്ധവും തനി ശിര്‍ക്കുമാണ് ശിയാ വിശ്വാസം. അല്ലാഹു പറയുന്നതു നോക്കൂ:

''(നബിയേ) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യമറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല'' (ക്വുര്‍ആന്‍ 27: 65).

മുഹമ്മദ് നബി ﷺ യുടെ വിഷയത്തില്‍ വരെ അല്ലാഹു അറിയിക്കുന്നത് നോക്കൂ:

''...അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല...''(ക്വുര്‍ആന്‍ 11:31).

''(നബിയേ) പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക്

അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു...'' (ക്വുര്‍ആന്‍ 7:188).

ശിയാക്കളും തൗഹീദുല്‍ ഉലൂഹിയ്യതും

ആരാധനയില്‍ അല്ലാഹുവിനെ ഏകനാക്കലാകുന്നു തൗഹീദുല്‍ ഉലൂഹിയ്യഃ അഥവാ ആരാധനയിലുള്ള ഏകത്വം. ദുആഅ് (പ്രാര്‍ഥന), ബലി, നേര്‍ച്ച, നമസ്‌കാരം, റജാഅ്(പ്രതീക്ഷ), ഖൗഫ് (ഭയം), സഹായാര്‍ഥന, തവക്കുല്‍ (ഭരമേല്‍പിക്കല്‍) തുടങ്ങിയുള്ള ഇബാദത്തുകള്‍ അല്ലാഹുവിനു മാത്രവും നിഷ്‌കളങ്കവുമാക്കുക. അവയില്‍ അവന് യാതൊരു പങ്കുകാരെയും സ്വീകരിക്കാതിരിക്കുക.

ശിയാക്കള്‍ ഇസ്‌ലാമിന്റെ ഈ അലംഘനീയമായ ആദര്‍ശത്തെ കാത്തുസൂക്ഷിച്ചവരോ പാലിച്ചവരോ അല്ല. തൗഹീദിന്റെ കടക്കല്‍ കത്തിവെക്കുന്ന ധാരാളം രചനകളും കര്‍മ മുറകളും അവര്‍ക്കുണ്ട്. ഏതാനും ഉദാഹരണങ്ങള്‍ കാണുക:

ഒന്ന്: തങ്ങളുടെ ഇമാമുമാര്‍ സ്രഷ്ടാവിനും സൃഷ്ടികള്‍ക്കുമിടയില്‍ ഇടയാളന്മാരെന്ന വിശ്വാസം

ശിയാ ശെയ്ഖായ മജ്‌ലിസീ തന്റെ 'ബിഹാറുല്‍ അന്‍വാര്‍' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ''ഇമാമുമാര്‍ റബ്ബിനുള്ള മറകളാകുന്നു. അവര്‍ റബ്ബിനും സൃഷ്ടികള്‍ക്കുമിടയില്‍ മധ്യവര്‍ത്തികളുമാകുന്നു.''(38)

ഇദ്ദേഹം ഈ ഗ്രന്ഥത്തിലെ ഒരു അധ്യായത്തിന് പേര് നല്‍കിയതു തന്നെ 'ജനങ്ങള്‍ ഇമാമുമാരെക്കൊണ്ടല്ലാതെ ഹിദായത്തിലവാവുകയില്ല, ഇമാമുമാര്‍ സ്രഷ്ടാവിനും സൃഷ്ടികള്‍ക്കും ഇടയില്‍ മധ്യവര്‍ത്തികളാകുന്നു, ഇമാമുമാരെ അറിഞ്ഞവര്‍ മാത്രമെ സ്വര്‍ഗത്തില്‍ പ്രവേശിക്കൂ എന്നീ വിഷയങ്ങളുടെ അധ്യായം'(39)എന്നതാണ്.

രണ്ട്: ക്വബ്‌റാളികളോടുള്ള ഇസ്തിഗാഥ

അല്ലാഹുവോട് മാത്രം തേടേണ്ട കാര്യങ്ങള്‍ ഇമാമുമാരോട് തേടുന്നവരാണ് ശിയാക്കള്‍. രോഗ ശാന്തിക്കായി തേടുന്നവര്‍ക്ക് ഇമാമുമാര്‍ ഏറ്റവും നല്ല രോഗശമനിയും മഹാമരുന്നുമാണെന്ന് മജ്‌ലിസീ ബിഹാറുല്‍ അന്‍വാറില്‍ എഴുതിയിട്ടുണ്ട്.(40) മാത്രവുമല്ല വിവിധങ്ങളായ പ്രതിസന്ധികള്‍ക്ക് വിളിച്ചുതേടുവാനുള്ള ഇമാമുമാരെ വരെ മജ്‌ലിസി വേര്‍തിരിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. ബിഹാറുല്‍ അന്‍വാറിലെ ഒരു റിപ്പോര്‍ട്ട് നോക്കൂ:

''ഭരണാധികാരികളില്‍നിന്നും പൈശാചിക ശല്യങ്ങളില്‍ നിന്നും രക്ഷകിട്ടുവാന്‍ അലിയ്യ്ബ്‌നു ഹുസയ്‌നെക്കൊണ്ട്, പരലോകത്തിനും അല്ലാഹുവിനു വഴിപ്പെടുന്നതിനുമുള്ള സഹായത്തിന് മുഹമ്മദ് ബ്‌നുഅലിയ്യ്, ജഅ്ഫറുബ്‌നു മുഹമ്മദ് തുടങ്ങിയവരെക്കൊണ്ട്, അല്ലാഹവില്‍നിന്നുള്ള സൗഖ്യം തേടുന്നതിന് മൂസാബ്‌നു ജഅ്ഫറിനെക്കൊണ്ട്, കടലിലെയും കാട്ടിലെയും സുരക്ഷക്കായി അലിയ്യ് ഇബ്‌നു മൂസായെക്കൊണ്ട്, അല്ലാഹുവില്‍നിന്നുള്ള രിസ്‌ക്വ് ഇറങ്ങുവാന്‍ മുഹമ്മദ് ബ്‌നു അലിയ്യിനെക്കൊണ്ട്, നാഫിലത്തുകള്‍ക്കും സഹോദരങ്ങള്‍ക്ക് പുണ്യം ചെയ്യുന്നതിനും അല്ലാഹുവിന് വഴിപ്പെടുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കും അലിയ്യ് ഇബ്‌നു മുഹമ്മദിനെക്കൊണ്ട്, പരലോകത്തിന് ഹസന്‍ ഇബ്‌നു അലിയ്യിനെക്കൊണ്ട് സഹായം തേടുക. വാള്‍ താങ്കളെ അറുക്കുവാനെത്തിയാല്‍ സ്വാഹിബുസ്സ മാനെക്കൊണ്ട് സഹായം തേടുക; കാരണം അദ്ദേഹം നിങ്ങളെ സഹായിക്കും.(41)

രണ്ട്: ക്വബ്ര്‍പൂജ, മണ്ണ്പൂജ

ശിയാ ശെയ്ഖായ ജഅ്ഫര്‍ ബിന്‍മുഹമ്മദ് ക്വുലവയ്ഹിയുടെ 'കാമിലുസ്സിയാറാത്' എന്ന ഗ്രന്ഥത്തിലെ ചില അധ്യായ ങ്ങളുടെ തര്‍ജുമഃ താഴെ കൊടുക്കുന്നു:

വല്ലവനും ഹുസയ്‌നെ സിയാറതു ചെയ്താല്‍ അവന്‍ അല്ലാഹുവിനെ തന്റെ അര്‍ശില്‍ സന്ദര്‍ശിച്ചവനെ പോലെയാണ് എന്നത് പ്രതിപാദിക്കുന്ന അധ്യായം.

  • ഹുസയ്‌നെയും ഇമാമുമാരെയും സിയാറതുചെയ്യല്‍ ഒരു നബിയുടെയും നബികുടുംബത്തിന്റെയും ക്വബ്‌റുകള്‍ സന്ദര്‍ശിച്ചതിനുതുല്യമാണെന്നത് പ്രതിപാദിക്കുന്ന അധ്യായം.
  • ഹുസയ്‌നെ സിയാറതു ചെയ്യല്‍ പാപങ്ങളെ മായ്ക്കും'എന്നത് പ്രതിപാദിക്കുന്ന അധ്യായം.
  • ഹുസയ്‌നെ സിയാറതു ചെയ്യല്‍ ഒരു ഉംറക്ക് തുല്യമാകും'എന്നത് പ്രതിപാദിക്കുന്ന അധ്യായം.
  • ഹുസയ്‌നെ സിയാറതു ചെയ്യല്‍ ഒരു ഹജ്ജിന് തുല്യമാകും'എന്നത് പ്രതിപാദിക്കുന്ന അധ്യായം.
  • ഹുസയ്‌നെ സിയാറതു ചെയ്യല്‍ ഒരു ഉംറക്കും ഹജ്ജിനും തുല്യമാകും'എന്നത് പ്രതിപാദിക്കുന്ന അധ്യായം.
  • ഹുസയ്‌നെ സിയാറതു ചെയ്യല്‍ കൊണ്ട് ഞരുക്കം നീങ്ങുകയും ആവശ്യം വീടുകയും ചെയ്യുംഎന്ന വിഷയം പ്രതിപാദിക്കുന്ന അധ്യായം.
  • ഹുസയ്‌നിന്റെ കബ്‌റിന്‍ മണ്ണു കൊണ്ട് സുന്നത്തായ കാര്യങ്ങള്‍, ഹുസയ്‌നിന്റെ കബ്‌റിന്‍ മണ്ണ് രോഗശമനിയാണ് എന്നീ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന അധ്യായം.
  • ഹുസയ്‌നിന്റെ കബ്‌റിന്റെ മണ്ണ് രോഗശമനിയും നിര്‍ഭയത്വവുമാണ്'എന്നത് പ്രതിപാദിക്കുന്ന അധ്യായം.
  • ഹുസയ്‌നിന്റെ കബ്‌റിന്‍ മണ്ണ് തിന്നാല്‍ പ്രാര്‍ഥിക്കേണ്ടത് എന്തെന്ന്'പ്രതിപാദിക്കുന്ന അധ്യായം
  • ഹുസയ്‌നെ സിയാറതു ചെയ്യുന്നവന്‍ ജനങ്ങള്‍ക്കുമുമ്പേ സ്വര്‍ഗത്തില്‍ പ്രവേശിക്കും'എന്നത് പ്രതിപാദിക്കുന്ന അധ്യായം.

മുഹമ്മദ് ബിന്‍ ഹസന്‍ എന്ന ശിയാ നേതാവിന്റെ 'നൂറുല്‍ ഐന്‍ ഫില്‍മശ്‌യി' എന്ന ഗ്രന്ഥത്തില്‍ 'അല്ലാഹു എല്ലാ വെള്ളിയാഴ്ച രാവിലും ഹുസയ്‌നെ സിയാറത്ത് ചെയ്യും,' 'നബിമാര്‍ ഹുസയ്‌നെ സിയാറത്തു ചെയ്യുവാന്‍ അല്ലാഹുവോട് അനുവാദം തേടും,''മലക്കുകള്‍ ഹുസയ്‌നെ സിയാറതു ചെയ്യുവാന്‍ അല്ലാഹുവോട് അനുവാദം തേടും''തുടങ്ങിയുള്ള ധാരാളം അധ്യായങ്ങള്‍ നല്‍കി അതിന് ചുവടെ വാറോലകള്‍ നിരത്തിയത് കാണാം.

ഖുമൈനി എഴുതുന്നു: ''ശിഫയെടുക്കുവാന്‍ മണ്ണില്‍ നിന്ന് പ്രത്യേകമാക്കേണ്ടത് ഞങ്ങളുടെ സയ്യിദായ ഹുസയ്‌നിന്റെ ക്വബ്‌റിന്‍ മണ്ണാകുന്നു. മറ്റു മണ്ണുകളോടൊപ്പം അത് തിന്നല്‍ അനുവദനീയമല്ല. ഇടത്തരം വലുപ്പമുള്ള കടലമണിയെക്കാള്‍ കൂടുതല്‍ തിന്നാവതുമല്ല. ഇതര ക്വബ്‌റുകളുടെ മണ്ണുകള്‍ ഹുസയ് നിന്റെ ക്വബ്‌റിന്റെ മണ്ണിനോട് ചേരാവതല്ല; നബിയുടെയും ഇമാമുമാരുടെയും കബ്‌റുകളുടെ മണ്ണുവരെ.''(42)

റഫറന്‍സ്:

33. തഫ്‌സീറുല്‍ അയ്യാശ് വാ: 2. പേ: 353,

തഫ്‌സീറുല്‍ ക്വുമ്മി വാ: 2. പേ: 47.

34. അല്‍കാഫി, കുലയ്‌നി, വാ: 1, പേ: 407.

35. അല്‍കാഫി, കുലയ്‌നി വാ: 1 പേ: 409.

36. അല്‍ കാഫി,കുലയ്‌നി, വാ: 1, പേ: 260.

37. അല്‍കാഫി, കുലയ്‌നി വാ: 1, പേ: 261

38. ബിഹാറുല്‍അന്‍വാര്‍ വാ: 97, പേ: 23.

39. ബിഹാറുല്‍അന്‍വാര്‍ വാ: 97, പേ: 23.

40. ബിഹാറുല്‍അന്‍വാര്‍ വാ: 94, പേ: 33

41. ബിഹാറുല്‍അന്‍വാര്‍. വാ: 33, പേ: 94.

42. തഹ്‌രീറുല്‍ വസീലഃ, വാ: 1, പേ: 164.