പ്രവാചകന്മാര്‍ ക്വുര്‍ആനില്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05

വിശുദ്ധ ക്വുര്‍ആനില്‍ 25 പ്രവാചകന്‍മാരുടെ പേരുകളാണ് വന്നിട്ടുള്ളത്. അതില്‍ 18 പ്രവാചകന്മാരുടെ പേരുകള്‍ തുടരെ പരാമര്‍ശിച്ചത് കാണാം.

''ഇബ്‌റാഹീമിന് തന്റെ ജനതക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമത്രെ. അദ്ദേഹത്തിന് നാം ഇസ്ഹാക്വിനെയും യഅ്ക്വൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി). അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു. സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്യാസ്, എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ. ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി). അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു''(6:83-86).

ബാക്കി 7 നബിമാരുടെ പേരുകള്‍ മറ്റു സ്ഥലങ്ങളില്‍ പറഞ്ഞതായും കാണാം.

ആദം(അ): ''തീര്‍ച്ചയായും ആദമിനെയും നൂഹിനെയും ഇബ്‌റാഹീം കുടുംബത്തെയും ഇംറാന്‍ കുടുംബത്തെയും ലോകരില്‍ ഉല്‍കൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു''(3:33).

ഹൂദ്(അ): ''ആദ് ജനതയിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും (നാം അയക്കുകയുണ്ടായി)''(ഹൂദ് 50).

സ്വാലിഹ്(അ): ''ഥമൂദ് ജനതയിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയക്കുകയുണ്ടായി)''(ഹൂദ് 61).

ശുഐബ്(അ): ''മദ്‌യന്‍കാരിലേക്ക് അവരുടെ സഹോദരന്‍ ശഐബിനെയും(നാം അയക്കുകയുണ്ടായി)''(ഹൂദ് 84)

ഇദ്‌രീസ്, ദുല്‍കിഫ്‌ലി (അ): ''ഇസ്മാഈലിനെയും ഇദ്‌രീസിനെയും ദുല്‍കിഫ്‌ലിനെയും (ഓര്‍ക്കുക). അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്ന.'' (അല്‍അമ്പിയാഅ് 85).

മുഹമ്മദ് (സ്വ)

''മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു''(അല്‍ഫത്ഹ് 29).

ക്വുര്‍ആനില്‍ പേര് പറയപ്പെട്ട പ്രവാചകന്മാരുടെ എണ്ണം 25 ആണെങ്കിലും പേര് പറയപ്പെടാത്തവര്‍ ധാരാളമുണ്ടെന്ന് (40:78)ല്‍ നിന്ന് മനസ്സിലാക്കാം. അതിന് ശക്തി നല്‍കുന്ന മറ്റൊരു വചനത്തില്‍ (23:44)ഇപ്രകാരം കാണാം:

''പിന്നെ നാം നമ്മുടെ ദൂതന്മാരെ തുടരെത്തുടരെ അയച്ചുകൊണ്ടിരുന്നു. ഓരോ സമുദായത്തിന്റെ അടുക്കലും അവരിലേക്കുള്ള ദൂതന്‍ ചെല്ലുമ്പോഴൊക്കെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവരെ ഒന്നിനു പുറകെ മറ്റൊന്നായി നാം നശിപ്പിച്ചു. അവരെ നാം സംസാര വിഷയമാക്കിത്തീര്‍ക്കുകയും ചെയ്തു. ആകയാല്‍ വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് നാശം.''

124000 പ്രവാചകന്മാരെ അല്ലാഹു അയച്ചിട്ടുണ്ടെന്നും അതില്‍ 313ഓ 315ഓ മുര്‍സലുകള്‍ ഉണ്ട് എന്നൊക്കെ അറിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ കാണാം. എന്നാല്‍ ഇതൊന്നും ശരിയായ റിപ്പോര്‍ട്ടുകളല്ലെന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാര്‍ പറയുന്നത്.

സൂറത്തുന്നിസാഇലെ 164-ാം ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു അത്വിയ്യ്(റ്വ) പറയുന്നു: ''അല്ലാഹു പറയുന്നു: 'അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല...' (ഈ സൂക്തം) നബിമാരുടെ ആധിക്യത്തെയാണ് കുറിക്കുന്നത്. (അവരുടെ) എണ്ണം ക്ലിപ്തമല്ല, അല്ലാഹു പറയുന്നു: 'ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല' (35:24). 'അതിന്നിടയിലായി അനേകം തലമുറകളെയും (നാം നശിപ്പിച്ചിട്ടുണ്ട്) (25:38). പ്രവാചകന്മാരുടെ എണ്ണം പറഞ്ഞതൊന്നും (ചില റിപ്പോര്‍ട്ടുകളില്‍ എണ്ണം വന്നിട്ടുണ്ടെന്ന് നാം പറഞ്ഞല്ലോ. ഈ റിപ്പോര്‍ട്ടുകളൊന്നും) സ്വീകാര്യയോഗ്യമല്ല. അവരുടെ എണ്ണത്തെ കുറിച്ച് നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്.''

ലജ്‌നതുദ്ദാഇമയിലെ പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ എണ്ണത്തെ കുറിച്ച് ചോദിക്കപ്പെട്ടു. ആ ചോദ്യവും അതിന് അവര്‍ നല്‍കിയ മറുപടിയും കാണുക:

''നബിമാരുടെയും റസൂലുകളുടെയും എണ്ണം എത്രയാണ്?'' (നബിയും റസൂലും തമ്മിലുള്ള വ്യത്യാസം തുടര്‍ന്ന് വിവരിക്കും).

''അവരുടെ എണ്ണം അല്ലാഹുവിനല്ലാതെ അറിയില്ല. അല്ലാഹു പറയുന്നു: 'നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചു തന്നിട്ടുണ്ട്. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല' (40:78). അവരില്‍ അറിയപ്പെട്ടവര്‍ ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പറയപ്പെട്ടവരാണ്'' (ഫതാവാ ലജ്‌നതുദ്ദാഇമ 3/256).

ആരാണ് അല്‍അസ്ബാത്വ്?

വിശുദ്ധ ക്വുര്‍ആന്‍ നബിമാരെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍ (2:136, 2:140, 6:84, 4:163) 'യഅ്ക്വൂബു വല്‍ അസ്ബാത്വ്' എന്ന് പറഞ്ഞതായി കാണാം. ആരാണിവര്‍ എന്നതിന് പല വിശദീകരണങ്ങളും പണ്ഡിതന്മാര്‍ നല്‍കിയതായി കാണാം. ഈ പദം അറബി ഭാഷയില്‍ മകന്റെയും മകളുടെയും മക്കള്‍ക്ക് (പേരമക്കള്‍ക്ക്) ഉപയോഗിക്കുന്നതാണ്. സാധാരണ ഈ വാക്കിന് യഅ്ക്വൂബി(അ)ന്റെ സന്തതികള്‍ എന്നാണ് അര്‍ഥം പറയാറുള്ളത്. അവര്‍ 12 പേരാണെന്നത് വ്യക്തമാണ്. എന്നാല്‍ ഈ ആയത്തുകളില്‍ പറയപ്പെട്ട അല്‍ അസ്ബാത്വിന് അല്ലാഹു വഹ്‌യ് നല്‍കിയിട്ടുണ്ടെന്നതും വ്യക്തമാണ്. പക്ഷേ, യൂസുഫ്(അ)ന് മാത്രമെ യഅ്ക്വൂബ്(അ)ന്റെ 12 മക്കളില്‍ നിന്ന് പ്രവാചകത്വം നല്‍കിയതായി കാണുന്നുള്ളൂ. ഈ 12 മക്കള്‍ക്കും വഹ്‌യ് നല്‍കപ്പെട്ടിട്ടുണ്ടെന്നും പണ്ഡിതന്മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അത് ശരിയെല്ലന്നാണ് ഭൂരിപക്ഷാഭിപ്രായം. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റ) പറയുന്നത് കാണുക:

''ക്വുര്‍ആനും ഭാഷാ പ്രയോഗവും യൂസുഫ്(അ)ന്റെ സഹോദരങ്ങള്‍ നബിമാരല്ലെന്നാണ് അറിയിക്കുന്നത്. അവര്‍ക്ക് അല്ലാഹു പ്രവാചകത്വം നല്‍കിയതായി ക്വുര്‍ആനിലില്ല; നബി(സ)യില്‍ നിന്നോ അവിടുത്തെ സ്വഹാബിമാരില്‍ നിന്നോ അവര്‍ക്ക് അല്ലാഹു നുബുവ്വത്ത് നല്‍കിയതറിയിക്കുന്ന യാതൊന്നുമില്ല... ഇവര്‍ (അല്‍ അസ്ബാത്വ്) അദ്ദേഹത്തിന്റെ (യഅ്ക്വൂബ്(അ)ന്റ) നേരിട്ടുള്ള മക്കളാണെന്ന് ഈ ആയത്തുകൊണ്ട് പ്രത്യേകമാക്കല്‍ അബദ്ധമാണ്. ആ വാക്കോ അതിന്റെ അര്‍ഥമോ അത് അറിയിക്കുന്നില്ല. ആരെങ്കിലും അങ്ങനെ വാദിക്കുന്നുവെങ്കില്‍ അയാള്‍ക്ക് വ്യക്തമായ തെറ്റുപറ്റിയിരിക്കുന്നു'' (ജാമിഉല്‍ മസാഇല്‍, 3/297).

ഹാഫിദ് ഇബ്‌നു കഥീര്‍(റഹി) പറയുന്നത് കാണുക: ''യൂസുഫിന്റെ സഹോദരങ്ങളുടെ പ്രവാചകത്വത്തെ അറിയിക്കുന്ന ഒരു തെളിവും വന്നിട്ടില്ലെന്ന് നീ അറിയണം. സന്ദര്‍ഭം അറിയിക്കുന്നത് അതിന് എതിരായിട്ടാണ്. അവരിലേക്ക് വഹ്‌യ് നല്‍കപ്പെട്ടിട്ടുണ്ടെന്ന് വാദിക്കുന്നവര്‍ ജനങ്ങളിലുണ്ട്. ഇത് പരിശോധിക്കേണ്ടതുണ്ട്. വാദിക്കുന്നവന്‍ അതിന് തെളിവ് നല്‍കല്‍ ആവശ്യമാണ്.''

ലജ്‌നതുദ്ദാഇമയുടെ ഫത്‌വയിലും ഇതേ വിശദീകരണമാണ് നമുക്ക് കാണാന്‍ കഴിയുന്നത്:

''അസ്ബാത്വ് എന്നത് കൊണ്ടുള്ള ഉദ്ദേശ്യം യഅ്ക്വൂബ്(അ)ന്റെ പേരമക്കളാണ്. അദ്ദേഹത്തിന്റെ 12 മക്കളില്‍ നിന്ന് യൂസുഫ് (അ) അല്ലാതെ ഒരു നബിയും ഇല്ലെന്നതാണ് സ്വഹീഹായ അഭിപ്രായം.''

ഇവര്‍ നബിമാരാണോ അല്ലേ?

ക്വുര്‍ആനില്‍ പേരു പറയപ്പെട്ട ഇരുപത്തിയഞ്ച് പ്രവാചകന്മാരല്ലാത്ത ചില പേരുകള്‍ കാണാം. ഉദാഹരണം ശീസ്, യൂശഅ് ബ്‌നു നൂന്‍, ശംവീല്‍... ഇവരെല്ലാം നബിമാരാണെന്ന് ചില ഹദീഥുകളുടെ വെളിച്ചത്തില്‍ വിവരിക്കപ്പെട്ടത് കാണാം. എന്നാല്‍ ഈ ഹദീഥുകളുടെ സ്വീകാര്യതയില്‍ സംശയമുള്ളതിനാല്‍ ഇവര്‍ നബിമാരാണോ എന്ന് ഖണ്ഡിതമായി അഭിപ്രായം പറയുക സാധ്യമല്ല.

തുബ്ബഅ്, ദുല്‍ക്വര്‍നയ്ന്‍ തുടങ്ങിയ പേരുകള്‍ ക്വുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടവയാണ്. എന്നാല്‍ ഇവര്‍ പ്രവാചകന്മാരാണ് എന്ന് ഉറപ്പിച്ച് പറയാന്‍ നിര്‍വാഹമില്ല. നബി(സ) അവരെക്കുറിച്ച് പറഞ്ഞത് ഇമാം ഹാകിം റിപ്പോര്‍ട്ട് ചെയ്യുന്നു:

''തുബ്ബഅ് നബിയാണോ അല്ലേ എന്ന് എനിക്കറിയില്ല, ദുല്‍ക്വര്‍നയ്‌നിയും നബിയാണോ അല്ലേ എന്ന്എനിക്കറിയില്ല.''

ഇതുപോലെ ക്വുര്‍ആനില്‍ നാമം പറഞ്ഞിട്ടില്ലെങ്കിലും താഴെയുള്ള ആയത്തില്‍ നിന്ന് നബിയാണെന്ന് മനസ്സിലാക്കപ്പെടുന്ന വ്യക്തിയാണ് ഖള്വിര്‍(അ).

''അപ്പോള്‍ നമ്മുടെ അടിയാന്മാരില്‍ ഒരു അടിയാനെ അവര്‍ കണ്ടെത്തി. നമ്മുടെ പക്കല്‍നിന്നുള്ള ഒരു(മഹത്തായ) കാരുണ്യം നാം അദ്ദേഹത്തിനു നല്‍കിയിരുന്നു. നമ്മുടെ അടുക്കല്‍ നിന്നുതന്നെയുള്ള ഒരു (പ്രത്യേക) ജ്ഞാനം നാം അദ്ദേഹത്തിനു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു.''

ഈ ആയത്തിലുള്ള റഹ്മത്ത് കൊണ്ടുള്ള ഉദ്ദേശം വഹ്‌യാണെന്ന് വിശദീകരിച്ച് ഖള്വിര്‍(അ) നബിയാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. ഈ വിവരണം ശരിയല്ലെന്ന് ഉറപ്പിച്ചു പറയാന്‍ സാധ്യമല്ല. ഹദീഥുകൡലെ പദപ്രയോഗങ്ങളും അദ്ദേഹം നബിയാണെന്ന് തന്നെയാണ് അറിയിക്കുന്നത്.

അദ്ദേഹം മൂസാനബി(അ)യോട് ''ഞാന്‍ ഇത്(ഒന്നും) എന്റെ അഭിപ്രായപ്രകാരമല്ല ചെയ്തത്'' (18:82)എന്ന് പറഞ്ഞതില്‍നിന്നും അദ്ദേഹം പ്രവാചകനാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍.