മുഹമ്മദ് നബി(സ്വ): ജീവിതവും സന്ദേശവും

ഫദ്‌ലുല്‍ ഹഖ് ഉമരി

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28

ലോകം കണ്ട ഏറ്റവും വലിയ മഹാനാണ് മുഹമ്മദ് നബി(സ്വ). മാതൃകാപരമായ പെരുമാറ്റത്തിലൂടെ ശത്രുക്കളുടെ പോലും ആദരവും സ്‌നേഹവും പിടിച്ചുപറ്റിയ വ്യക്തിത്വത്തിന്റെ ഉടമ.

ആ പ്രവാചകന്റെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ്. അധ്യാപകന്നും വിദ്യാര്‍ഥിക്കും നേതാവിന്നും ഭരണാധികാരിക്കും സൈനിക മേധാവിക്കുമെല്ലാം മാതൃക. അദ്ദേഹത്തിന്റെ ജീവിതം നല്‍കിയ സന്ദേശം സാര്‍വകാലികവും സാര്‍വലൗകികവുമാണ്. അവിടുത്തെ നിയോഗമനം ലോകത്തിനാകമാനം കാരുണ്യമാണ്. 'ലോകത്തിന് മുഴുവന്‍ കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല''എന്ന് അല്ലാഹു പറയുന്നു.

ഇരുലോകത്തും നന്മമാത്രം പ്രദാനം ചെയ്യുന്ന തത്ത്വങ്ങള്‍ മാത്രം പഠിപ്പിച്ച ആ പ്രവാചകനെ(സ്വ) അല്ലാഹു പരിചയപ്പെടുത്തുന്നത് കാണുക: ''(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍. പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍)''(അല്‍ അഅ്‌റാഫ് 157,158).

ജീവിതത്തിന്റെ ഏതു മേഖലയിയും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉദാത്തമായ മാതൃകയുണ്ട്:

''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്'' (അല്‍ അഹ്‌സാബ് 21).

ജീവിതത്തില്‍ ഒരിക്കല്‍പോലും കളവ് പറഞ്ഞിട്ടില്ല. ആരെയും വഞ്ചിച്ചിട്ടില്ല. കരാര്‍ലംഘനം നടത്തിയിട്ടില്ല. ജീവിതത്തിന്റെ ലക്ഷ്യം ഭൗതിക ലാഭമായി കണ്ടിട്ടില്ല. ഏതുവിഷയത്തിലും പരലോകം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു പ്രവര്‍ത്തനം. ശക്തമായ ചൂടുള്ള സന്ദര്‍ഭത്തില്‍ യാത്രചെയ്യുന്ന ഒരു വ്യക്തി അല്‍പസമയം മരത്തിനു കീഴിലെ തണലില്‍ വിശ്രമിക്കാനിരിക്കുന്നത് പോലെ മാത്രമെ ഞാനും ഇഹലോകവും തമ്മില്‍ ബന്ധമുള്ളു'(തുര്‍മുദി) എന്നാണ് നബി(സ്വ) പറഞ്ഞത്. ഐഹിക ജീവിതത്തിന് പ്രാധാന്യം നല്‍കുമ്പോഴാണ് മറ്റുള്ളവരെ പരാജയപ്പെടുത്തണമെന്ന ചിന്ത വരുന്നത്. വാശിയും വൈരാഗ്യവും വെറുപ്പും കളവും കാപട്യവും കടന്നുവരുന്നത്. അല്ലാത്ത പക്ഷം ഒരു വ്യക്തിയുടെ മനസ്സ് ശുദ്ധമായിരിക്കും. നിഷിദ്ധ മാര്‍ഗത്തിലൂടെ സമ്പാദിക്കുന്നതും ആര്‍ത്തികൂടുന്നതും അത്യാഗ്രഹം ജനിക്കുന്നതുമെല്ലാം ഇഹലോകത്തെ പരലോകത്തെക്കാള്‍ വലുതായി കാണുമ്പോഴാണ്.

ആഇശ(റ) പറയുന്നു: 'അതിഥികള്‍ ഉള്ളപ്പോഴല്ലാതെ നബി(സ്വ) റൊട്ടിയും മാംസവും കൊണ്ട് വയറു നിറച്ചിട്ടില്ല.' വെള്ളവും കാരക്കയും മാത്രം ഉപയോഗിച്ച് ദിവസങ്ങളോളം ജീവിച്ചിട്ടുണ്ട്. മരിക്കുന്ന സമയത്തുപോലും അവിടുത്തെ പടയങ്കി ജൂതന്റെ വീട്ടില്‍ പണയത്തിലായിരുന്നു.

പക്ഷേ, ഇതൊന്നും അല്ലാഹുവോടുള്ള കടമകള്‍ നിറവേറ്റുന്നതിനോ ആരാധനകള്‍ നിര്‍വഹിക്കുന്നതിനോ ഒരിക്കലും തടസ്സമായിട്ടില്ല. കാലില്‍ നീര് വരുമാറ് രാത്രിയില്‍ നമസ്‌കരിക്കുമായിരുന്നു. 'ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടേ ആഇശാ?' എന്നായിരുന്നു ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രവാചകന്റെ മറുപടി. രാത്രിയുടെ ആദ്യഭാഗം ഉറങ്ങും. അവസാനഭാഗം നമസ്‌കരിക്കും. ബാങ്ക് കേട്ടാല്‍ പെട്ടെന്ന് എഴുന്നേല്‍ക്കും. വലിയ അശുദ്ധിയുണ്ടെങ്കില്‍ കുളിക്കും. അല്ലാത്ത പക്ഷം വുദൂഅ് ചെയ്ത് നമസ്‌കാരത്തിനു പുറപ്പെടും. സുബ്ഹി നമസ്‌കരിച്ചു കഴിഞ്ഞാല്‍ സൂര്യന്‍ നന്നായി ഉദിക്കുന്നത് വരെ നമസ്‌കാര സ്ഥലത്തുതന്നെ ഇരിക്കും. നാലു റക്അത്ത് ദുഹാ നമസ്‌കരിക്കും. ചിലപ്പോള്‍ അതിനെക്കാള്‍ കൂടുതലും. അടുപ്പത്തുവെച്ച പാത്രത്തിലെ വെള്ളം തിളക്കുന്ന പോലെ ശബ്ദം വരുമാറ് കരഞ്ഞ് നമസ്‌കരിക്കും. സദാസമയവും നാവിന്‍ തുമ്പില്‍ ദിക്‌റുകള്‍.

സ്രഷ്ടാവിനോടുള്ള ബന്ധത്തില്‍ മാത്രമല്ല, സഹജീവികളോടുള്ള ബന്ധങ്ങളിലും നബി(സ്വ) ബദ്ധശ്രദ്ധനായിരുന്നു. സ്വഭാവം, പെരുമാറ്റം, സംസ്‌കാരം... എല്ലാം ഏവരെയും ആകര്‍ഷിക്കുന്ന രൂപത്തില്‍.''താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു' എന്ന് അല്ലാഹു. 'അവിടുത്തെ സ്വഭാവം ക്വുര്‍ആനായിരുന്നു' എന്ന് ഭാര്യ ആഇശ(റ). കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ സാവകാശം വേര്‍തിരിച്ചുകൊണ്ടുള്ള സംസാരം. എപ്പോഴും മുഖത്ത് പുഞ്ചിരി. അഹങ്കാരം ലവലേശമില്ല. വിനയത്തിന്റെ നിറകുടം.

'ക്രിസ്ത്യാനികള്‍ ഈസാ നബിൗയെ അതിരുകവിഞ്ഞ് വാഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ അതിരുകവിഞ്ഞ് വാഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്റെ അടിമയും റസൂലുമാണ്' എന്ന് അദ്ദേഹം പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധേയമാണ്.

അദ്ദേഹം സാധാരണക്കാര്‍ക്കൊപ്പം ജീവിച്ചു. അവരോടൊപ്പം യാത്ര ചെയ്തു. അവരില്‍ ഒരാളായിക്കൊണ്ടു തന്നെ എല്ലാം ചെയ്തു. ''മാംസമില്ലാത്ത എല്ല് ഒരാള്‍ എനിക്ക് സമ്മാനമായി തന്നാല്‍ ഞാന്‍ സ്വീകരിക്കും. അതു (പാകം ചെയ്ത്) എന്നെ ക്ഷണിച്ചാല്‍ ആ ക്ഷണം ഞാന്‍ സ്വീകരിക്കും' പ്രവാചകന്‍(സ്വ)യുടെ ഈ വാക്കുകള്‍ അദ്ദേഹത്തിന്റെ സമഭാവനയുടെയും വിനയത്തിന്റെയും അടയാളമാണ്.

അനസ്(റ) പറയുന്നു: 'പത്തുവര്‍ഷത്തോളം ഞാന്‍ പ്രവാചകന് സേവനം ചെയ്തിട്ടുണ്ട്. അനിഷ്ടകരമായ ഒരു വാക്ക് എന്നോട് പറഞ്ഞിട്ടില്ല. ചെയ്ത ഒരു കാര്യത്തില്‍ എന്തിനിത് ചെയ്‌തെന്നോ, ചെയ്യാത്ത ഒരു കാര്യത്തിന്റെ പേരില്‍ എന്തുകൊണ്ട് ചെയ്തില്ല എന്നോ എന്നോട് പറഞ്ഞിട്ടില്ല.'

നബി(സ്വ) മ്ലേഛമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല. അങ്ങാടിയില്‍ ശബ്ദകോലാഹലം ഉണ്ടാക്കുന്ന കൂട്ടത്തിലായിരുന്നില്ല. തിന്മയെ തിന്മ െകൊണ്ട് നേരിടാറില്ല. മാപ്പുകൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുകയായിരുന്നു പതിവ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തിലല്ലാതെ തന്റെ കൈകൊണ്ട് ആരെയും വേദനിപ്പിച്ചിട്ടില്ല.

പച്ചക്കരളുള്ള ഏതൊരു ജീവിയോടും കരുണ കാണിച്ചാല്‍ പ്രതിഫലം ലഭിക്കുമെന്ന് പഠിപ്പിച്ച നബി(സ്വ) അത് സ്വജീവിതത്തില്‍ അന്വര്‍ഥമാക്കി. വേനല്‍കാലത്ത് ഒട്ടകവുമായി യാത്രചെയ്യുമ്പോള്‍ വേഗത്തില്‍ നടക്കണമെന്നും തണുപ്പ് കാലത്തു യാത്രചെയ്യുമ്പോള്‍ പുല്ല് തിന്നാന്‍ ഒട്ടകത്തിന് കഴിയും വിധം സാവകാശം നടക്കണമെന്നും കല്‍പിച്ചു. പക്ഷിയോടും ഉറുമ്പിനോടും പോലും കാരുണ്യം കാണിക്കാന്‍ പ്രേരിപ്പിച്ചു.

ആര് ചോദിച്ചാലും നല്‍കും. ഇല്ല എന്ന് പറയില്ല. വീട്ടിലും നാട്ടിലും മാന്യത പുലര്‍ത്തി. ഇന്ന് പലര്‍ക്കും സാധിക്കാത്ത ഒന്നാണിത്! അദ്ദേഹം സ്വയം വസ്ത്രം അലക്കും. ആടിനെ കറക്കും. ഭാര്യമാരെ വീട്ടുജോലിയില്‍ സഹായിക്കും. ബാങ്ക് കേട്ടാല്‍ പള്ളിയിലേക്ക് പുറപ്പെടും. മരിക്കുമ്പോള്‍ ഒന്‍പത് ഭാര്യമാരുണ്ടായിരുന്നു. ആര്‍ക്കും പരാതിയില്ല. കാരണം അദ്ദേഹം നീതിപുലര്‍ത്തി ജീവിച്ചു. സ്‌നേഹം എല്ലാവര്‍ക്കും പകുത്തു നല്‍കി. നിങ്ങളില്‍ ഏറ്റവും നല്ലവന്‍ ഭാര്യയോട് ഏറ്റവും നല്ലവന്‍ എന്ന തത്ത്വം സ്വജീവിതത്തില്‍ കാണിച്ചു കൊടുത്തു. ആഇശ(റ) പറയുന്നു: 'ഞാന്‍ കുടിച്ച പാത്രം വാങ്ങി വെള്ളം കുടിക്കും. ഞാന്‍ കടിച്ച മാംസം പിടിച്ചു വാങ്ങി ഞാന്‍ കടിച്ചേടത്ത് കടിക്കും. വുദൂഅ് എടുത്ത് നമസ്‌കരിക്കാന്‍ പോകുമ്പോഴും വഴിയില്‍ വെച്ചൊരു ചുംബനം നല്‍കും. ഞാനും റസൂലും ഒന്നിച്ച് കുളിക്കാറുണ്ട്. എന്റെ മടിയില്‍ തലവെച്ച് കിടക്കാറുണ്ട്. ഞാന്‍ മുടിചീകി കൊടുക്കാറുണ്ടായിരുന്നു.'

ഒരു രാജ്യത്തിന്റ ഭരണാധികാരം കയ്യാളുന്ന, അന്ത്യനാള്‍ വരെയുള്ളവര്‍ക്കെല്ലാം പ്രവാചകനായിട്ടുള്ള വ്യക്തിയുടെ മാതൃകാപരമായ ജീവിതത്തിന്റെ തേജോമയമായ സന്ദര്‍ഭങ്ങളാണിത്.

ഖൈബര്‍ യുദ്ധം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ സഫിയ്യ(റ)യുമായുള്ള വിവാഹം നടന്നു. അവര്‍ക്ക് ഒട്ടകപ്പുറത്തു കയറാന്‍ നബി(സ്വ) തന്റെ കാല്‍ വെച്ചുകൊടുത്തു. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിട്ട് അതിന്റെ പേരില്‍ കുടുംബകലഹമുണ്ടായിട്ടില്ല. യാത്രയില്‍ പോലും ഭാര്യമാര്‍ക്കിടയില്‍ നറുക്കിട്ട് നീതി കാണിക്കും. ആരാധനയില്‍ ഭാര്യമാര്‍ക്ക് പ്രേരണയും പ്രോല്‍സാഹനവും നല്‍കി. പാതിരാവായാല്‍ ഭാര്യമാരെ നമസ്‌കാരത്തിനു വിളിച്ചുണര്‍ത്തും.

അദ്ദേഹം കുട്ടികളെ ഉമ്മവെക്കും, താലോലിക്കും, അവരോടൊപ്പം കളിക്കും. ജഅ്ഫര്‍ (റ) യുദ്ധത്തില്‍ ശഹീദായപ്പോള്‍ നബി(സ്വ) അദ്ദേഹത്തിന്റെ മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഫാത്വിമ(റ)യോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. പെണ്‍കുട്ടികള്‍ അവഗണിക്കപ്പെടുന്ന കാലത്തായിരുന്നു ഈ മാതൃകാജീവിതം എന്ന് നാം പ്രത്യേകം ഓര്‍ക്കണം.

ചെറിയ കുട്ടികള്‍ക്കും ആവശ്യാനുസരണം ശിക്ഷണം നല്‍കി. ഇബ്‌നു അബ്ബാസി(റ)നോട് പറഞ്ഞു: 'നീ അല്ലാഹുവിനെ സൂക്ഷിക്കണം. അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കണം. നിന്റെ മുന്നില്‍ നിനക്കവനെ കാണാം. നീ ചോദിച്ചാല്‍ അല്ലാഹുവോട് ചോദിക്കണം. നീ സഹായം തേടിയാല്‍ അല്ലാഹുവോട് സഹായം തേടണം.'

അല്ലാഹുവിന്റെ നാമം ചൊല്ലി ഭക്ഷണം കഴിക്കൂ. വലതുകൈകൊണ്ട് കഴിക്കൂ. മുന്നില്‍ നിന്ന് ഭക്ഷിക്കൂ എന്നിങ്ങനെ നല്ല മര്യാദകള്‍ കുട്ടികളെ പഠിപ്പിച്ചു. അയല്‍വാസികളോട്, ശത്രുക്കളോട്, തെറ്റ് ചെയ്തവരോട് തുടങ്ങി എല്ലാവരോടും മാന്യതയുടെയും സഹനത്തിന്റെയും വിട്ടുവീഴ്ചയുടേയും സമീപനങ്ങള്‍. ആരെയും അന്യായമായി ദ്രോഹിച്ചില്ല. ആര്‍ക്കും അര്‍ഹതപ്പെട്ടത് തട്ടിയെടുത്തിട്ടില്ല. 'അല്ലാഹുവേ, എന്റെ സമൂഹം അറിവില്ലാത്തവരാണ്. അവര്‍ക്കു നീ പൊറുത്തു കൊടുക്കേണമേ''എന്ന് തന്നെ ഉപദ്രവിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ച മറ്റൊരു വ്യക്തി ചരിത്രത്തില്‍ അറിയപ്പെടുന്നില്ല.