'വഹ്‌യ് ലഭിക്കുന്ന' ഇമാമുമാര്‍!

അബ്ദുല്‍ ജബ്ബാര്‍ മദീനി

2017 ഡിസംബർ 30 1439 റബിഉല്‍ ആഖിര്‍ 12

(ആരാണ് ശിയാക്കള്‍? ഭാഗം: 6)

ജിബ്‌രീലിനെക്കാള്‍ ഉല്‍കൃഷ്ഠനായ മലക്കുണ്ടെന്നും ശിയാഇമാമുമാര്‍ക്ക് വഹ്‌യുണ്ടെന്നും ശിയാഗ്രന്ഥങ്ങളിലുണ്ട്. ഹുജ്ജതുല്‍ ഇസ്‌ലാം എന്ന് ശിയാക്കള്‍ സ്ഥാനം കല്‍പിക്കുന്ന കുലയ്‌നിയുടെ ഗുരു മുഹമ്മദുസ്സ്വഫ്ഫാറിന്റെ ഗ്രന്ഥമായ 'ബസ്വാഇറുദ്ദറജാതില്‍കുബ്‌റാ''എന്ന ഗ്രന്ഥത്തില്‍ അല്ലാഹു ത്വാഇഫിലും മറ്റും വെച്ച് അലിയ്യി(റ)നോട് രഹസ്യസംഭാഷണം നടത്തിയെന്നും അവര്‍ക്കിടയില്‍ ജിബ്‌രീല്‍ ഇറങ്ങിയെന്നും അറിയിക്കുന്ന ഒരു അധ്യായം തന്നെ കാണാം. ആ അധ്യായത്തിനു താഴെ ശിയാ ഇമാമുമാര്‍ക്ക് വഹ്‌യുണ്ടെന്നും ജിബ്‌രീലിനെക്കാള്‍ ഉല്‍കൃഷ്ഠനായ മലക്കുണ്ടെന്നും പറയുന്ന പല ശിയാ നിവേദനങ്ങളും സ്വഫ്ഫാര്‍ നല്‍കിയിട്ടുണ്ട്.

ശിയാ ശയ്ഖായ ഹുര്‍റുല്‍ആമിലി തന്റെ ഗ്രന്ഥമായ 'അല്‍ഫുസ്വൂലുല്‍ മുഹിമ്മ'യില്‍ എഴുതുന്നു: ''നിശ്ചയം മലക്കുകള്‍ ക്വദ്‌റിന്റെ രാവില്‍(ലൈലതുല്‍ക്വദ്‌റില്‍) ഭൂമിയിലേക്ക് ഇറങ്ങുകയും ഇമാമുമാരോട് ആ വര്‍ഷത്തെ വിധി നിര്‍ണയം മുഴുവന്‍ പറയുകയും ചെയ്യും. നിശ്ചയം, നബിമാരുടെ മുഴുവന്‍ അ റിവുകളും ഇമാമുമാര്‍ അറിയുന്നു.''(43)

ഇമാമുമാരിലുള്ള ശീഈ തീവ്രത

ഏതാനും ഉദാഹരണങ്ങള്‍

ഇമാമുമാരുടെ വിഷയത്തില്‍ ശിയാക്കളുടെ തീവ്രതക്ക് ഉദാഹരണമാണ് കുലയ്‌നിയുടെ അല്‍കാഫീ എന്ന ഗ്രന്ഥത്തിലെ ചില അധ്യായങ്ങള്‍. അവയില്‍ ചിലത് ഇപ്രകാരമാണ്:  

(ശയ്ഖ് അബ്ദുല്‍മുഹ്‌സിന്‍ അല്‍ബദ്‌റിന്റെ ഫദ്‌ലുഅഹ്‌ലില്‍ബയ്ത് വ ഉലുവ്വി മന്‍സിലതിഹിം ഇന്‍ദ അഹ്‌ലിസ്സുന്നഃ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനത്തില്‍ നിന്നാണ്  ഈ ഭാഗം എടുത്തിട്ടുള്ളത്).

1. ഇമാമുമാര്‍ അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ പ്രതിനിധികളും അവനിലേക്ക് എത്തിപ്പെടുവാനുള്ള കവാടങ്ങളുമാകുന്നു എന്നത് പ്രതിപാദിക്കുന്ന അധ്യായം. (1:193).

2. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറഞ്ഞ അടയാളങ്ങളാകുന്നു ഇമാമുമാര്‍ എന്നത് പ്രതിപാദിക്കുന്ന അധ്യായം. (1:206). ഈ അധ്യായത്തില്‍ ശിയാക്കളുടെ മൂന്നു ഹദീഥുകള്‍, '(പുറമെ) പല വഴിയടയാളങ്ങളും ഉണ്ട്. നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു' (ക്വുര്‍ആന്‍ 16:16) എന്ന സൂക്തത്തിന്റെ വ്യാഖ്യാനം എന്നോണമുണ്ട്. ക്വുര്‍ആന്‍ സൂക്തത്തിലെ 'അന്നജ്മ്' എന്നത് അല്ലാഹുവിന്റെ തിരുദൂതരും അലാമാത്ത് എന്നത് ഇമാമുമാരുമാണ് എന്നതാണ് പ്രസ്തുത വ്യാഖ്യാനം!

3. ഇമാമുമാര്‍ അല്ലാഹുവിന്റെ പ്രകാശമാകുന്നു എന്നത് പ്രതിപാദിക്കുന്ന അധ്യായം. ഈ അധ്യായവും അവരുടെ ചില ഹദീഥുകള്‍ ഉള്‍കൊള്ളുന്നു. ഒരു ഹദീഥിന്റെ സനദ് ജഅ്ഫര്‍ സ്വാദിക്വിലേക്ക് ചെന്നത്തുന്നു. അത്, ''അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്കു വെക്കുവാനുള്ള) ഒരു മാടം. അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി അല്ലാഹു ഉപമകള്‍ വിവരിച്ചു കൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ'' എന്ന വചനത്തിന്റെ വ്യാഖ്യാനമാകുന്നു. ജഅ്ഫര്‍സ്വാദിക്വ് പറഞ്ഞതായി അതില്‍ വിവരിക്കുന്നത് പ്രകാശം, വിളക്ക്, സ്ഫടികം, ജ്വലിക്കുന്ന നക്ഷത്രം തുടങ്ങി ഈ വചനത്തില്‍ വന്ന വിശേഷണ പദങ്ങള്‍ കൊണ്ടുദ്ദേശം ഫാത്വിമ(റ), ഹസന്‍(റ), ഹുസൈന്‍(റ) തുടങ്ങിയവരാണ് എന്നെല്ലാമാണ്!

'അവര്‍ (ശിയാ ഇമാമുാര്‍) ജൂതരോ ക്രിസ്ത്യാനികളോ അല്ല. വിജ്ഞാനം അവരില്‍ നിന്ന് ബഹിര്‍സ്ഫുരിക്കുന്നു. ഒരു ഇമാമിനു ശേഷം മറ്റൊരു ഇമാമെന്ന നിലയ്ക്ക് അവരില്‍നിന്നാകുന്നു ഇമാമുമാര്‍. ഇമാമുമാരിലേക്ക് താനുദ്ദശിക്കുന്ന വര്‍ക്ക് അല്ലാഹു വഴി കാണിക്കുന്നു' എന്നും വിവരിക്കുന്നത് കാണാം.

4. വിശുദ്ധ ക്വുര്‍ആനില്‍ അല്ലാഹു പറഞ്ഞ ആയത്തുകളാകുന്നു ഇമാമുമാര്‍ എന്നത് പ്രതിപാദിക്കുന്ന അധ്യായം.(1:207).

''വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളും താക്കീതുകളും എന്ത് ഫലംചെയ്യാനാണ്?'' ഈ വചനത്തിന്റെ തഫ്‌സീറില്‍ ആയത്തുകള്‍ (ദൃഷ്ടാന്തങ്ങള്‍) എന്നാല്‍ ഇമാമുമാര്‍ എന്ന വിവരണമാണ് അവര്‍ നല്‍കിയത്.

''അവര്‍ (ഫിര്‍ഔന്‍ കുടുംബം) നമ്മുടെ ദൃഷ്ടാന്തങ്ങളെ മുഴുവന്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു'' ഈ വചനത്തിന്റെ തഫ്‌സീറിലും ആയത്തുകള്‍ (ദൃഷ്ടാന്തങ്ങള്‍) എന്നാല്‍ മുഴുവന്‍ ഇമാമുമാരും എന്ന വിവരണമാണ് അവര്‍ നല്‍കിയത്. 

അവരുടെ വിവരണത്തിന്റെ അര്‍ഥ പ്രകാരം ഫിര്‍ഔന്‍ കുടുംബം ശിക്ഷിക്കപ്പെടുവാനുള്ള കാരണം ഇമാമുമാരെ കളവാക്കിയതാണ്!

5. അല്ലാഹു പടപ്പുകളോടു ചോദിക്കുവാന്‍ കല്‍പിച്ച അഹ്‌ലുദ്ദിക്ര്‍ ഇമാമുമാരാകുന്നു എന്നതു പ്രതിപാദിക്കുന്ന അധ്യായം.(1:210).

6. ക്വുര്‍ആന്‍ ഇമാമിലേക്കു വഴികാണിക്കുന്നു എന്നതു പ്രതി പാദിക്കുന്ന അധ്യായം.(1: 216). ഈ അധ്യായത്തില്‍, 'തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും ചെയ്യുന്നു'  എന്ന വചനത്തിന്റെ തഫ്‌സീറില്‍ ക്വുര്‍ആന്‍ ഇമാമിലേക്കു വഴികാണിക്കുന്നു എന്ന വിവരണമാണ് അവര്‍ നല്‍കിയത്.

'നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്കും (അവരുടെ ഓഹരി നിങ്ങള്‍ കൊടുക്കുക)' എന്ന വചനത്തിന്റെ തഫ്‌സീറില്‍ അല്ലാഹു ഇമാമുമാരുമായി നിങ്ങള്‍ക്കു ബന്ധം സ്ഥാപിച്ചിരിക്കുന്നു എന്ന വിവരണമാണ് അവര്‍ നല്‍കിയത്.

7. അല്ലാഹു ക്വുര്‍ആനില്‍ പറഞ്ഞ അനുഗ്രഹം ഇമാമുമാരാകുന്നു എന്നത് പ്രതിപാദിക്കുന്ന അധ്യായം.(1:217). അതില്‍, 'അല്ലാഹുവിന്റെ അനുഗ്രഹത്തിന് (നന്ദി കാണിക്കേണ്ടതിനു) പകരം നന്ദികേടുകാണിച്ച ഒരു വിഭാഗത്തെ നീ കണ്ടില്ലേ?' എന്ന ആയത്തിന്റെ തഫ്‌സീറായി അലിയ്യ്(റ) പറഞ്ഞതായി ശിയാജല്‍പനം ഇപ്രകാരമാണ്: 'ഞങ്ങളാകുന്നു അടിയാറുകള്‍ക്ക് അല്ലാഹു അരുളിയ അനുഗ്രഹങ്ങള്‍. അന്ത്യനാളില്‍ വിജയിക്കുന്നവന്‍ വിജയിക്കുന്നതു ഞങ്ങളെ കൊണ്ടാണ്.'ഈ അധ്യായത്തില്‍ സൂറത്തുര്‍റഹ്മാനിലെ, 'അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?' എന്ന ആയത്തിന്റെ തഫ്‌സീറായി ഇപ്രകാരമുണ്ട്: 'അപ്പോള്‍ നബിയെയാണോ അതല്ല ഇമാമിനെയാണോ നിങ്ങള്‍ ഇരുവിഭാഗവും നിഷേധിക്കുന്നത്?'

8. നബി ﷺ ക്കും ഇമാമുമാര്‍ക്കും അമലുകള്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നത് പ്രതിപാദിക്കുന്ന അധ്യായം.(1:219).

9. അല്ലാഹുവില്‍നിന്നു അവതീര്‍ണമായ മുഴുവന്‍ കിതാബുകളും ഇമാമുമാരുടെ പക്കലുണ്ട്. അവ വ്യത്യസ്ത ഭാഷകളിലായിട്ടും അവര്‍ അത് അറിഞ്ഞുമനസ്സിലാക്കുന്നു എന്നതു പ്രതിപാദിക്കുന്ന അധ്യായം.(1:227).

10. ക്വുര്‍ആന്‍ മുഴുവനും ഇമാമുമാരല്ലാതെ സമാഹരിച്ചിട്ടില്ലെന്നതും അതിലെ മുഴുവന്‍ വിജ്ഞാനങ്ങളും അവര്‍ അറിയുന്നുവെന്നതും പ്രതിപാദിക്കുന്ന അധ്യായം. (1:228).

11. മലക്കുകളിലേക്കും നബിമാരിലേക്കും മുര്‍സലുകളിലേക്കും പുറപ്പെട്ട മുഴുവന്‍ വിജ്ഞാനങ്ങളും ഇമാമുമാര്‍ അറിയുന്നു എന്നതു പ്രതിപാദിക്കുന്ന അധ്യായം.(1:228).

12. ഇമാമുമാര്‍ തങ്ങള്‍ മരിക്കുന്നത് എപ്പോള്‍ എന്നത് അറിയുമെന്നതും തങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ തങ്ങള്‍ മരിക്കുകയില്ലെന്നതും പ്രതിപാദിക്കുന്ന അധ്യായം.(1:255).

13. ഉണ്ടായതും ഉണ്ടാകാനിരിക്കുന്നതും ഇമാമുമാര്‍ അറിയുമെന്നതും അവര്‍ക്ക് ഒന്നും ഗോപ്യമാകില്ല എന്നതും പ്രതിപാദിക്കുന്ന അധ്യായം.(1:260).

14. അല്ലാഹു നബി ﷺ യെ ഒരു അറിവും പഠിപ്പിച്ചിട്ടില്ല; പ്രസ്തുത അറിവ് അമീറുല്‍മുഅ്മിനീന്‍ അലിയ്യി(റ)ന് പഠിപ്പിക്കുവാന്‍ നബി ﷺ യോടു കല്‍പിക്കാതെ, അറിവില്‍ അലിയ്യ്(റ) നബി ﷺ യുടെ പങ്കാളിയാകുന്നുവെന്നതു പ്രതിപാദിക്കുന്ന അധ്യായം.(1:225).

15. ഇമാമുമാരില്‍നിന്നു വന്നതല്ലാത്ത യാതൊരു സത്യവും ജനങ്ങളുടെ പക്കലില്ല. ഇമാമുമാരില്‍നിന്ന് വന്നിട്ടില്ലാത്തതെല്ലാം ബാത്വിലാകുന്നുവെന്നത് പ്രതിപാദിക്കുന്ന അധ്യായം.(1:399).

ഉപരിസൂചിത അധ്യായങ്ങളെല്ലാം 'ശിയാക്കളുടെ ഹദീഥുകളെ' ഉള്‍കൊള്ളുന്നു. ഹിജ്‌റ വര്‍ഷം 1381 ല്‍ തെഹ്‌റാനിലെ അസ്സ്വദൂക്വ് ലൈബ്രറി പ്രസിദ്ധീകരിച്ച പ്രതിയില്‍ അവ ഉദ്ധരിച്ചിട്ടുണ്ട്. 

ശിയാ ഗ്രന്ഥങ്ങളില്‍ ഏറ്റവും മഹത്തായതാണത്; അത് അപ്രകാരമല്ലെങ്കിലും. ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ അതിനെക്കുറിച്ചും ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുമുള്ള വലിയ പ്രശംസയുണ്ട്. അയാളുടെ മരണം 329ല്‍ ആയിരുന്നു. 

ഇമാമുമാരെക്കുറിച്ച് പൂര്‍വികരായ ശിയാക്കളുടെ തീവ്രതയുടെ ഏതാനും മാതൃകകളാണിത്. എന്നാല്‍ ഇമാമുമാരിലുള്ള അവരിലെ പില്‍കാലക്കാരുടെ തീവ്രത ഖുമൈനിയുടെ അല്‍ഹുകൂമതുല്‍ ഇസ്‌ലാമിയ്യ(ഇസ്‌ലാമിക ഗവണ്‍മെന്റ്)(44) എന്ന ഗ്രന്ഥത്തിലെ (പേ: 52) വരികളില്‍ ശരിക്കും വ്യക്തമാണ്:

''ഇമാമി(അ)ന്റെ ഭരണവും അധികാരവും സ്ഥിരപ്പെടുന്നത്, അല്ലാഹുവിനടുക്കല്‍ അദ്ദേഹത്തിനുള്ള പദവിയില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞെന്ന് അര്‍ഥമാക്കുന്നില്ല. അദ്ദേഹത്തെ മറ്റു ഭരണാധികാരികളെപ്പോലെ ആക്കുകയും ചെയ്യുന്നില്ല. കാരണം, സ്തുത്യര്‍ഹമായ സ്ഥാനവും ഉന്നതമായ പദവിയും ഈ പ്രപഞ്ച ത്തിലെ മുഴുവന്‍ പരമാണുക്കളും കീഴ്‌പ്പെടും വിധം അധികാരവും ആധിപത്യവുമുള്ള പ്രാപഞ്ചിക ഖിലാഫത്തും ഇമാമിനുണ്ട്. നമ്മുടെ മദ്ഹബില്‍ നിര്‍ബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങളില്‍ പെട്ടതാണ്, നമ്മുടെ ഇമാമുമാര്‍(അ)ക്ക് ദൈവനിയുക്തനായ നബിക്കോ ദൈവസാമീപ്യമുള്ള മലക്കിനോ പ്രാപിക്കുവാനാകാത്ത സ്ഥാനമാണുള്ളത്. നമ്മുടെ അടുക്കലുള്ള നിവേദനങ്ങളുടെയും ഹദീഥുകളുടെയും തേട്ടമനുസരിച്ച് മഹാനായ റസൂലും ﷺ  ഇമാമുമാരും ഈ പ്രപഞ്ചത്തിനുമുമ്പ് പ്ര കാശങ്ങളായിരുന്നു. അങ്ങനെ അല്ലാഹു അവരെ തന്റെ അര്‍ശിനെ വലയം ചെയ്യുന്നവരാക്കി. അല്ലാഹുവിനു മാത്രമറിയാവുന്നത്ര പദവിയും സാമീപ്യവും അവര്‍ക്ക് അവന്‍ നിശ്ചയിച്ചു. മിഅ്‌റാജ് സംഭവത്തിന്റെ നിവേദനങ്ങളില്‍ വന്നതുപോലെ ജിബ്‌രീല്‍ പറഞ്ഞു: ഒരു വിരല്‍ ഞാന്‍ അടുത്താല്‍ ഞാന്‍ കരിഞ്ഞുപോയതു തന്നെ.' ഇമാമുമാര്‍(അ) പറഞ്ഞതായി ഇപ്രകാരം വന്നിട്ടുണ്ട്: അല്ലാഹുവോടൊപ്പം ഞങ്ങള്‍ക്കു ചില അവസ്ഥകളുണ്ട്; ദൈവസാമീപ്യമുള്ള മലക്കുകള്‍ക്കോ ദൈവ നിയുക്തരായ നബിമാര്‍ക്കോ ആ അവസ്ഥകള്‍ പ്രാപിക്കുവാനാകില്ല.'' (ഇസ്‌ലാമിക ഗവണ്‍മെന്റ് പേ: 52)(45)

വാഗ്ദത്ത മഹ്ദിയുടെ ദൗത്യം സ്വഹാബത്തിനെ ക്രൂശിക്കല്‍! 

ഹുജ്‌റത്തുന്നബി അഥവാ നബി ﷺ യുടെ വീട് പൊളിക്കലും അബൂബകര്‍(റ), ഉമര്‍(റ) എന്നിവരെ ക്വബ്‌റുകളില്‍നിന്ന് പുറത്തെടുക്കലും അവരെ ക്രൂശിക്കലും തീയില്‍ കരിക്കലും ശിയാക്കളുടെ മഹ്ദി ആഗതനായാല്‍ അയാളുടെ ദൗത്യമായിരിക്കുമെന്നറിയിക്കുന്ന വ്യാജമായ ശിയാ നിവേദനങ്ങളുണ്ട്. 

''ഞാന്‍ യഥ്‌രിബിലേക്ക് വരും. അങ്ങനെ ഹുജ്‌റഃ (നബി ﷺ യുടെ വീട്) പൊളിക്കും. അതിലുള്ള രണ്ടു പേരേയും ജീവനോടെ പുറത്തെടുക്കും. ബക്വീഇന്റെ ഭാഗത്തേക്ക് അവര്‍ രണ്ടുപേരെയും കൊണ്ടുപോകുവാന്‍ ഞാന്‍ കല്‍പിക്കും. രണ്ട് മരത്തടികള്‍ കൊണ്ടുവരുവാന്‍ ഞാന്‍ കല്‍പിക്കുകയും അവര്‍ രണ്ടുപേരും അതില്‍ ക്രൂശിക്കപ്പെടുകയും ചെയ്യും. അവരുടെ കീഴ്ഭാഗത്തു നിന്ന് അവര്‍ കത്തിക്കപ്പെടും. അതോടെ ജനങ്ങള്‍ അവര്‍ രണ്ടു പേരാലും ആദ്യത്തേതിനെക്കാള്‍ കടുത്ത പരീക്ഷണത്തിനു വിധേയരാകും. അതോടെ പരീക്ഷണത്തിന്റെ വിളിയാളന്‍ വിളിക്കും: ആകാശമേ എറിയുക. ഭൂമിയേ സ്വീകരിക്കുക. അതോടെ ഭൂമുഖത്ത് വിശ്വാസികള്‍ മാത്രമായിരിക്കും ശേഷിക്കുക.''(46)  

തിരുദൂതരുടെ ജീവിതനാളില്‍ ശിക്ഷാര്‍ഹമായ ഒരു തെറ്റ് ഉമ്മുല്‍മുഅ്മിനീന്‍ ആഇശ(റ) പറഞ്ഞതിനാല്‍ അതിനുള്ള ശിക്ഷ മഹ്ദിയുടെ ആഗമന നാളില്‍ ആഇശ(റ)യെ കബ്‌റില്‍നിന്ന് പുറത്തെടുത്ത് മഹ്ദി നടപ്പിലാക്കുമെന്നാണ് വ്യാജമായ ശിയാജല്‍പനം. ഈ വിഷയത്തില്‍ അബൂജഅ്ഫര്‍ പറഞ്ഞതായി ശിയാ ഇമാം മജ്‌ലിസിയുടെ ഒരു കള്ള റിപ്പോര്‍ട്ട് ഇപ്രകാരമുണ്ട്: എന്നാല്‍ നമ്മുടെ ക്വാഇം (മഹ്ദി) വന്നാല്‍ ഹുമയ്‌റാഅ്(47) അദ്ദേഹത്തിലേക്ക് മടക്കപ്പെടും. അങ്ങനെ മഹ്ദി അവര്‍ക്ക് ശിക്ഷയായുള്ള അടിനല്‍കും. ഞാന്‍ (റാവി) ചോദിച്ചു: എന്തിനാണ് അവരില്‍ ശിക്ഷയായി അടി നടപ്പാക്കുന്നത്? അദ്ദേഹം പറഞ്ഞു: ഉമ്മു ഇബ്‌റാഹീമിനെ കുറിച്ച് ആഇശ(റ) അപവാദം പറഞ്ഞതിനാല്‍. ഞാന്‍ ചോദിച്ചു: മഹ്ദിയുടെ ആഗമന നാളുവരേക്കും എങ്ങനെയാണ് അല്ലാഹു പ്രസ്തുത ശിക്ഷ പിന്തിപ്പിക്കുക? അദ്ദേ ഹം പറഞ്ഞു: അല്ലാഹു മുഹമ്മദ് നബിയെ നിയോഗിച്ചത് കാരുണ്യമായിക്കൊണ്ടാണ്. മഹ്ദി നിയോഗിക്കപ്പെടുന്നത് പ്രതികാരമെടുക്കുന്നവനായാണ്.(48)

റഫറന്‍സ്:

43. അല്‍ഫുസ്വൂലുല്‍മുഹിമ്മ, പേ: 145.

44. തെഹ്‌റാനിലെ അല്‍മക്തബത്തുല്‍ ഇസ്‌ലാമിയ്യഃ അല്‍കുബ്‌റാ പ്രസിദ്ധീകരിച്ചത്.

45. ശെയ്ഖ് അബ്ദുല്‍മുഹ്‌സിന്‍ അല്‍ബദ്‌റിന്റെ ഫദ്‌ലുഅഹ്‌ലില്‍ബയ്ത് വ ഉലുവ്വി മന്‍സിലതിഹിം ഇന്‍ദ അഹ്‌ലിസ്സുന്നഃ എന്ന ഗ്രന്ഥത്തിലെ വരികളുടെ വിവര്‍ത്തനം ഇവിടെ അവസാനിക്കുന്നു.

46. ബിഹാറുല്‍അന്‍വാര്‍, മജ്‌ലിസീ 53: 39 കിതാബുര്‍റജ്അഃ, ശെയ്ഖ് ഇഹ്‌സാഈ: 186.

47. ആഇശ(റ)യുടെ വിളിപ്പേരായിരുന്നു ഹുമയ്‌റാഅ്. നബി ﷺ  അവരെ അപ്രകാരം വിളിച്ചിരുന്നു. തികഞ്ഞ സൗന്ദര്യവും വെളുത്ത നിറവും കാരണത്താലായിരുന്നു അവര്‍ക്ക് ഈ പേര് വിളിക്കപ്പെട്ടത്.

 48. ബിഹാറുല്‍അന്‍വാര്‍, മജ്‌ലിസീഗ വാ: 52: 314, 315, ഇലലുശ്ശറാഇഅ്ഗ പേ: 579, 580.