അഴിയെണ്ണുന്ന ആത്മീയാചാര്യന്മാരും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന അനുചരന്മാരും

പി.വി.എ പ്രിംറോസ്

2017 സെപ്തംബര്‍ 09 1438 ⁠⁠ദുൽഹിജ്ജ 18

"Leave your mind where you leave your shoes." ഭാരതത്തിലെ അറിയപ്പെട്ട ആള്‍ദൈവമായിരുന്ന ഓഷോ രജനീഷിന്റെ ധ്യാനകേന്ദ്രത്തിന്റെ പടിവാതിലില്‍ എഴുതിവെച്ച വാചകമായിരുന്നു ഇത്. ചെരുപ്പും ചിന്തയും ഉപേക്ഷിച്ച് അകത്ത് കയറാന്‍ ആഹ്വാനം ചെയ്ത ആത്മീയാചാര്യന്മാരുടെ അന്ധവിശ്വാസികളായ അനുയായികള്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്ന വസ്തുതയാണ് ദേര സച്ചാ സൗദാ പ്രാസ്ഥാനികാചാര്യന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ ആരാധകര്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടത്തിയ അഴിഞ്ഞാട്ടങ്ങള്‍ കണ്ടപ്പോള്‍ ബോധ്യപ്പെട്ടത്.

ആള്‍ക്കൂട്ട ഭീകരത ഫാഷനായി മാറിയ സമകാലിക സാഹചര്യത്തില്‍, ഏതെങ്കിലും 'അഭിപ്രായ സ്വാതന്ത്യ'ത്തിനാണ് 'ഭക്തജനങ്ങള്‍' നിയമം കയ്യിലെടുത്തതെന്ന് കരുതിയെങ്കില്‍ തെറ്റി. സ്വാമിജി ചെയ്ത നിരവധി അധാര്‍മികവൃത്തികളില്‍ രണ്ട് ബലാല്‍സംഗ കേസുകള്‍ തെളിയിക്കപ്പെടുകയും അതിന് ശിക്ഷ വിധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കൂട്ടക്കൊലപാതങ്ങളും തീവണ്ടിയടക്കമുള്ള വാഹനങ്ങള്‍ കത്തിക്കലുമെല്ലാമുണ്ടായത്.

സിനിമാ തിരക്കഥകളെ പോലും വെല്ലുന്ന തരത്തിലായിരുന്നു സ്വാമിയുടെ ആശ്രമ ജീവിതം. എന്തു കൊള്ളരുതായ്മകള്‍ ചെയ്താലും ദൈവത്തിന്റെ നിയമങ്ങളാണെന്ന ഉറപ്പില്‍ അതെല്ലാം ശിരസ്സാവഹിക്കുന്ന അനുയായികളും സര്‍വ തോന്ന്യാസങ്ങള്‍ക്കും പച്ചക്കൊടി വീശുന്ന രാഷ്ട്രീയ മുതലാളിമാരുമുള്ളപ്പോള്‍ റാം റഹീം പകരം വെക്കാനില്ലാത്ത സാമ്രാജ്യത്തിന്റെ ഉടമയായി മാറി.

അധാര്‍മിക വൈകൃതങ്ങള്‍ക്കുള്ള അണികളുടെ 'ആചാര വായനകള്‍' പരകോടിയില്‍ നില്‍ക്കുന്നതിനിടെയാണ് ഹരിയാന സിര്‍സയിലെ ദേര ആസ്ഥാനത്ത് നിന്ന് ഒരു ഊമക്കത്ത് വരുന്നത്. 2002ല്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് ലഭിച്ച മൂന്ന് പേജ് കത്തോട് കൂടെയാണ് ആശ്രമത്തിലെ വനിതകള്‍ക്ക് നേരെ ആചാര്യന്‍ ചെയ്യുന്ന ക്രൂരമായ രതിവൈകൃതങ്ങളുടെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ പുറംലോകമറിയുന്നത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് വാജ്‌പേയ് കൈമാറിയ കത്ത് സിര്‍സിലെ ജില്ലാ ജഡ്ജി എം.എസ് സുള്ളര്‍ അന്വേഷണത്തിനായി ഉത്തരവിടുകയും 2002 ഡിസംബര്‍ 12 സി.ബി.ഐ ഏറ്റെടുക്കുകയും ചെയ്തു.

ഊമക്കത്തെഴുതിയ ആളുകളെ കണ്ടെത്തി കേസുമായി മുന്നോട്ട് പോകുന്ന വേളയില്‍ എഴുതിയയാളുടെ സഹോദരനെ ദേര സച്ചാ സൗദയുടെ അനുയായികള്‍ കൊലപ്പെടുത്തി.മാത്രമല്ല കേസ് വാദിച്ച പ്രൊസിക്യൂട്ടര്‍ എച്ച്.പി.എസ് വര്‍മയെ കാറിടിച്ച് കൊലപ്പെടുത്താനും ശ്രമമുണ്ടായി. ജുഡീഷ്യറിയുടെ നിശ്ചയദാര്‍ഢ്യത്തിനൊടുവില്‍, 15 വര്‍ഷത്തെ നിരന്തര അന്വേഷണങ്ങളുടെയും നിയയമപ്പോരാട്ടങ്ങളുടെയും ഫലമായി 20 വര്‍ഷം കഠിന തടവ് വിധിച്ചിരിക്കുകയാണ് കോടതി. ഭക്തജനങ്ങളുടെ കണ്ണീരിന് പരിഹാരം കാണുന്ന സ്വാമി പൊട്ടിക്കരഞ്ഞ് കോടതിയോട് മാപ്പ് ചോദിച്ചതാണ് വിധിന്യായത്തിലെ കൗതുകവാര്‍ത്ത.

അധാര്‍മികവൃത്തികളുടെ പേരില്‍ ശിക്ഷിക്കുന്ന ആദ്യ ഇന്ത്യന്‍ ആത്മീയാചാര്യനൊന്നുമല്ല റാം റഹീം. ഇതിന് മുമ്പും ഇതിന് സമാനമായ സാഹചര്യത്തില്‍ നിരവധി പേരെ വിസ്താരം നടത്തുകയും കുറ്റക്കാരാണെന്ന് കണ്ട്കോടതി ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.

പതിനാറുകാരിയായ തന്റെ അനുയായിയെ മാനഭംഗപ്പെടുത്തിയതിന്റെ പേരില്‍ 2013ല്‍ അറസ്റ്റ് ചെയ്യപ്പെട്ട ആള്‍ദൈവമാണ് ആസാറാം ബാപ്പു. അസുമല്‍ സിരമലാനി എന്ന നാമധേയത്തിലറിയപ്പെടുന്ന 76കാരനായ ബാപ്പുവിനെ ബ്രഹ്മചര്യത്തിന്റെ മേന്മയും ആശ്രമജീവിതത്തിന്റെ മഹത്ത്വവും വാതോരാതെ ഉദ്‌ഘോഷിച്ചിരുന്ന സാത്വികനായാണ് അനുയായി വൃന്ദങ്ങള്‍ മനസ്സിലാക്കിയിരുന്നത്. സ്വദേശത്തും വിദേശത്തും നിരവധി ആശ്രമങ്ങളുള്ള ബാപ്പുവിനെ അഹ്മദാബാദിലെ സ്വന്തം ആശ്രമത്തില്‍ നിന്ന് പിടികൂടുമ്പോള്‍ ആയിരക്കണക്കിന് കോടിയുടെ സ്വത്ത് കൈവശം വെച്ചിരുന്നു എന്ന് നിയമപാലകര്‍ സാക്ഷ്യപ്പെടുത്തുന്നു.

സമാന കേസില്‍ മകനും, കേസിലെ സാക്ഷികളെ കൊലപ്പെടുത്തിയതിന്റെ പേരില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന കാര്‍ത്തിക് ഹല്‍ദറാമും ഇപ്പോള്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്നു എന്ന് പറയുമ്പോള്‍ സ്വാമിയുടെ ക്രിമിനല്‍ പശ്ചാത്തലത്തിന്റെ വ്യാപ്തി നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.

ഉറ്റ അനുയായിയുമായുള്ള പടലപ്പിണക്കത്താല്‍ തെന്നിന്ത്യന്‍ നടിയുമായുള്ള ലൈംഗികകേളി പുറം ലോകമറിഞ്ഞാണ് 2010ല്‍ സ്വാമി നിത്യാനന്ദഅറസ്റ്റിലാകുന്നത്. വീഡിയോയുടെ ആധികാരികത അംഗീകരിച്ച സിനിമാ നടിയാവട്ടെ നിത്യാനന്ദയില്‍ നിന്ന് തന്നെ കാര്‍മികത്വം സ്വീകരിച്ച് അതേ ആശ്രമത്തില്‍ തന്നെ സന്യാസിനിയായി ഇപ്പോഴും ജീവിക്കുന്നു.

ലൈംഗിക കേന്ദ്രത്തിന്റെയും മനുഷ്യക്കടത്തിന്റെയും പേരിലാണ് ഡല്‍ഹി സ്വദേശി സ്വാമി സദാചാരി അറസ്റ്റിലാകുന്നത്. കൊലപാതകമുള്‍പ്പെടെ 30 കേസുകളില്‍ പ്രതിയായിരുന്നു 2014ല്‍ അറസ്റ്റ് ചെയ്യപ്പെട്ട ഹരിയാനയിലെ റോഹ്തക് ജില്ലക്കാരനായ റാം പാല്‍. 1000 ഏക്കര്‍ ആശ്രമ സമുച്ചയത്തില്‍ നിത്യവും പാലില്‍ കുളിച്ച് സ്വന്തം നിയമങ്ങളുമായി കഴിഞ്ഞ രാഷ്ട്രീയ സമാജ് സേവാ സമിതി നേതാവ് റാം പാലിനെ അറസ്റ്റ് ചെയ്യാനായി 4000 കമാന്‍ഡോകളെ നിയോഗിക്കേണ്ടി വന്നു സര്‍ക്കാരിന്.

അധാര്‍മികവൃത്തികളുടെ പേരില്‍ ആരോപണം നേരിട്ട നിരവധി ആള്‍ദൈവങ്ങള്‍ ഇന്ത്യയില്‍ ഇനിയുമെമ്പാടുണ്ട്. തയ്യല്‍ക്കാരിയായി വളര്‍ന്നുവന്ന് 'അടിപൊളി വേഷ'ത്തില്‍ നൃത്തമാടി അനുയായികളെ ചുംബിക്കുന്ന പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശിനി സുഖവിന്ദര്‍ കൗര്‍ എന്ന രാധാമേ, നക്ഷത്രവേശ്യാലയം നടത്തിയതിന്റെ പേരില്‍ 1997ല്‍ അറസ്റ്റ് ചെയ്യപ്പെട്ട ചിത്രകൂടം സ്വാമി എന്ന് പേരുള്ള ഇച്ഛാധാരി സന്ത് സ്വാമി ഭീമാനന്ദ് മഹാരാജ്, നേതാജിയുടെ പുനരവതാരമെന്ന് അവകാശപ്പെട്ട് രാഷ്ട്രീയ നേതാക്കന്മാരുടെ ഇഷ്ട പ്രാണേശ്വരനായി വളര്‍ന്ന് അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട ജയ്ഗുരുദേവ് എന്ന തുള്‍സി ദാസ്,തിരിച്ചുവരവ് പ്രതീക്ഷിച്ച് മരിച്ചിട്ടും ഫ്രീസറില്‍ സൂക്ഷിച്ച് കാത്തിരുന്ന അനുയായികളുള്ള പഞ്ചാബിലെ ഗുരു അശുതോഷ്, ലൈംഗിക പീഡനത്തിന്റെയും ബ്ലൂഫിലിം നിര്‍മാണത്തിന്റെയും പേരില്‍ കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സന്തോഷ് മാധവന്‍... തുടങ്ങി പൗരസ്ത്യ ആത്മീയ പാരമ്പര്യത്തെ നാണം കെടുത്തിയ നിരവധി ആള്‍ദൈവങ്ങള്‍ ഭാരതത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്.

പിടിക്കപ്പെട്ട തട്ടിപ്പുകളുടെയും അസാന്മാര്‍ഗിക കഥകളുടെയും എണ്ണത്തെക്കാള്‍ വലുതാണ് പിടിക്കപ്പെടാതെ പോകുന്നത്. കേരളത്തിലെ അറിയപ്പെട്ട ആള്‍ദൈവമായ അമ്മയുടെ കഥ തന്നെയെടുക്കാം. ആത്മീയത തേടി 21ാം വയസ്സില്‍ മാതാ അമൃതാനന്ദമയിയുടെആശ്രമത്തിലെത്തി, 1979 മുതല്‍ 1999 വരെയുള്ള നീണ്ട 20 വര്‍ഷം അമ്മയുടെ അടുത്ത ശിഷ്യയും പേഴ്‌സണല്‍ അസിസ്റ്റന്റുമായി ഒടുക്കം ആശ്രമത്തിലെ തിക്താനുഭവങ്ങളില്‍ മനംമടുത്ത് സ്വദേശത്തേക്ക് തിരികെ പോയ ആസ്‌ത്രേലിയക്കാരി ഗെയ്ല്‍ ട്രെഡ്‌വെല്‍ രചിച്ച് കേരളത്തിന്റെ ആത്മീയ കാപട്യത്തിന് നടുപ്രഹരമേല്‍പിച്ച Holly Hell: A memoir of faith, devotion and pure madness എന്ന 229 പേജുള്ള വിവാദ പുസ്തകം മഠത്തിലെ ഇത്തരം തട്ടിപ്പുകളുടെ തുറന്നെഴുത്താണ്.

വള്ളിക്കാവിലെ ആശ്രമത്തില്‍ നടന്ന ബലാത്സംഗ പരമ്പരകളടക്കം ഞെട്ടിക്കുന്ന രഹസ്യങ്ങളാണ് ഗെയ്ല്‍ പുസ്തകത്തിലൂടെ അനാവരണം ചെയ്തിരിക്കുന്നത്. ആശ്രമം ലൈംഗികാതിക്രമണങ്ങളുടെയും അരാജകത്വത്തിന്റെയും കേന്ദ്രമായിരുന്നു എന്നും താന്‍ തന്നെ ആശ്രമത്തില്‍ പലതവണ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട് എന്നും അവര്‍ വെളിപ്പെടുത്തുന്നു.

കൊടുങ്ങല്ലൂര്‍ മഠത്തില്‍ പറമ്പില്‍ വെള്ളാപ്പുള്ളി വീട്ടില്‍ നാരായണന്‍ കുട്ടിയുടെ 1990 ഏപ്രിലില്‍ നടന്ന മരണത്തെ കുറിച്ചുംഅമൃതപുരി ആശ്രമത്തിലെ ധുരംധറിന്റെ 2000 ജൂലൈ 15ലെ മരണത്തെ കുറിച്ചും അമൃതാനന്ദ മഠത്തിലെ 12-ാം നിലയില്‍ നിന്ന് വീണ് 2001 സെപ്തംബര്‍ 6ന് കൊല്ലപ്പെട്ട രാമനാഥ അയ്യരെ കുറിച്ചും 'അല്ലാഹു അക്ബര്‍' എന്നുച്ചരിച്ചു കൊണ്ട് ഏതാനും വര്‍ഷം മുമ്പ് അമ്മയുടെ ആശ്രമത്തിലേക്ക് പ്രവേശിച്ച സത്‌നാം സിംഗിന്റെ ദുരൂഹ മരണത്തെ കുറിച്ചുമെല്ലാം നിരവധി ആരോപണങ്ങള്‍ അമൃതാനന്ദമയിയും ആശ്രമവും മുമ്പേ നേരിട്ടുകൊണ്ടിരുന്നതുമാണ്. എന്നിട്ടും നിയമപാലകരും ഭരണകൂടവും ഇക്കാര്യത്തിന് നേരെ കണ്ണടച്ചിരിക്കുകയാണ്.

'മനുഷ്യദൈവ'ങ്ങളില്‍ പലരും ഇത്തരം അധാര്‍മികവൃത്തികള്‍ തങ്ങളുടെ ആചാരങ്ങളുടെ ഭാഗമായി നടപ്പില്‍ വരുത്തിക്കൊണ്ടിരുന്നവരാണ് എന്നതാണ് വാസ്തവം. റഷ്യന്‍ ആചാര്യനായ ഗ്രിഗറി റാസ്പുടിന്‍ അഹങ്കാരമാണ് സ്വര്‍ഗപ്രാപ്തിക്ക് വിഘാതമെന്ന് വിശ്വസിച്ച ആളായിരുന്നു. അഹങ്കാരനിരാസത്തിന് മാര്‍ഗമായി അദ്ദേഹം നിര്‍ദേശിച്ചതാവട്ടെ താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയെന്നതും! തന്റെ ശിഷ്യഗണങ്ങളില്‍ ആരുമായും സ്വതന്ത്രരതി നടത്താന്‍ അധികാരമുണ്ടെന്ന് വിശ്വസിച്ചവരായിരുന്നു കൊറേഷും മഹേഷ് യോഗിയും ഇവാനോവിച്ച് ഗുര്‍ജിഫുമെല്ലാം. അടച്ചിട്ട മുറിയില്‍ നിന്ന് 72 മണിക്കൂര്‍ സംഘരതിയില്‍ ഏര്‍പ്പെട്ട് തന്ത്രധ്യാനം നടത്തിയ രജനീഷും തന്റെ അമേരിക്കന്‍ സഹായിയായ താല്‍ബ്രൂക്കിനെ സ്വവര്‍ഗരതിക്കായി ഉപയോഗിച്ച പുട്ടപര്‍ത്തിയിലെ 'മാജിക് ദൈവ'വുമെല്ലാം ഇക്കാര്യത്തില്‍ സ്വന്തം ഭാഗധേയം നിര്‍വഹിച്ചുകഴിഞ്ഞവരാണ്.

അണിയറയിലെ പടലപ്പിണക്കം മൂലമോ മാനസാന്തരം മൂലമോ ആത്മീയ ഗുരുക്കന്മാരും സന്യാസിനിമാരുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകളും അധാര്‍മികവൃത്തികളും ഇടയ്ക്കിടെ പുറത്തുവരുന്നത് ആശ്വാസകരമാണ്. എന്നാല്‍ ഇതില്‍ ഏറിയ പങ്കും അണികളെ സ്വാധീനിക്കുന്നില്ലെന്നും മീഡിയകള്‍ ഏറ്റുപിടിക്കുന്നില്ലെന്നതും ദൗര്‍ഭാഗ്യകരമാണ്.

സാമൂഹിക കേന്ദ്രീകൃതമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുമായി ഇടപഴകി ജീവിക്കുവാന്‍ അവസരം ലഭിച്ചവരാണ് യഥാര്‍ഥ ആത്മീയതയുടെ വക്താക്കള്‍. സാമൂഹിക അസമത്വത്തിനെതിരിലും ജീവിതവ്യവഹാരത്തിന്റെ മറ്റിതരമേഖലകളിലെ അസന്തുലിതാവസ്ഥയോട് പ്രതികരിച്ചും സമൂഹത്തിന്റെ മുഖച്ഛായ മാറ്റാന്‍ യത്‌നിച്ചവരാണവര്‍. 'പ്രശ്‌നബാധിത പ്രദേശങ്ങ'ളിലൊന്നും ഇറങ്ങിച്ചെല്ലാതെ അരമനകള്‍ക്കുള്ളിലിരുന്ന് സര്‍വാംഗീകൃതമായ വിഷയങ്ങളെക്കുറിച്ച് മാത്രം വാചാലമാവുകയും സ്‌നേഹം, സമാധാനം തുടങ്ങിയ ഉദാത്ത ശബ്ദങ്ങളെ ആവര്‍ത്തിച്ചുരുവിടുന്നതില്‍ 'ശാന്തി' കണ്ടെത്തുകയും ചെയ്യുന്ന രൂപത്തിലാണ് വ്യാജ ആത്മീയതയുടെ വക്താക്കളെ അധികവും കണ്ടുവരുന്നത്.

ആത്മീയതയെ കച്ചവടച്ചരക്കാക്കിയ ഒരുപാട് വ്യക്തികളെ ലോകം കണ്ട് കഴിഞ്ഞതാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 36 മണിക്കൂര്‍ യാത്രാദൈര്‍ഘ്യമുള്ള തീരദേശതലസ്ഥാനമായ ഗയാനയില്‍ 'കൃഷികമ്യൂണ്‍' സ്ഥാപിച്ച് അനുയായികളൊഴികെയുള്ളവര്‍ക്കെല്ലാം പ്രവേശനം നിഷേധിച്ച രൂപത്തിലായിരുന്നു അറിയപ്പെട്ട ആള്‍ദൈവമായ ജിംജോണ്‍സ് തന്റെ ആശ്രമം പണിതിരുന്നത്. ആളുകള്‍ അകത്തുകടക്കുന്നതിനും പുറത്തു പോകുന്നതിനും കര്‍ശനമായ കാവലേപെടുത്തി അദ്ദേഹം തന്റെ അനുയായികളെപ്പോലെത്തന്നെ ഏതോ മായികലോകത്തിലായിരുന്നു ജീവിച്ചിരുന്നത്.

റാഞ്ച് അപ്പോക്കാലിപ്‌സ് എന്ന് പേരിട്ട മൗണ്ട് കാര്‍മലിലെ ഒരു വൃത്തികെട്ട സ്ഥലത്ത് തന്റെ അനുയായികളൊടൊപ്പം ജീവിച്ച, വെളിപാട് പുസ്തകത്തില്‍ പ്രവചിക്കപ്പെട്ട പ്രവാചകനെന്ന് വാദിച്ച വെര്‍ണന്‍ ഹോവേലും, അമേരിക്കയിലെ ഓറിഗോ പ്രദേശത്ത് 64229 ഏക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങി അവിടെ ആസ്ഥാനം സ്ഥാപിച്ച് അനുയായികളോടൊപ്പം കഴിഞ്ഞുകൂടിയ ഓഷോയുമെല്ലാം ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ഥ്യങ്ങളില്‍ നിന്നും മാറി, സുഖലോലുപതയുടെ സൈകതഭൂവില്‍ സ്വന്തം മേച്ചില്‍പുറം കണ്ടെത്തിയവരാണ്.

കപട ആത്മീയതയുടെ വക്താക്കളില്‍ മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗം വിഭിന്നവും ഏറെ വിചിത്രവുമാണ്. ഗയാനയിലെ തെരുവില്‍ വച്ച് തൊള്ളായിരം അനുയായികള്‍ക്കൊപ്പം വിഷം കുടിച്ച് ആത്മഹത്യചെയ്ത ജിംജോണ്‍സ്, പിനോ ബാര്‍ബിറ്റോ എന്ന രാസവസ്തു വോഡ്കയില്‍ കലര്‍ത്തിക്കുടിച്ച് കയറ്റുകട്ടിലില്‍ ചാരിക്കിടന്ന് പരലോകം പൂകിയ ഹെവന്‍ഗേറ്റ് സംഘടനാ സാരഥികള്‍, തന്റെ അനുയായികള്‍ക്കൊപ്പം വൃഷണഛേദം നടത്തി ഹിജഡകളായി ജീവിച്ച് മരിച്ച മാര്‍ഷ്വല്‍ ആപ്പിള്‍വൈറ്റും ശിഷ്യന്മാരും, റാഞ്ച് അപ്പോക്കാലിപ്‌സ് പ്രദേശത്ത് വച്ച് അനുയായികളെക്കൊന്ന് തലക്ക് വെടിവെച്ച് മരിച്ച ഡേവിഡ് കൊറേഷ്, ഓക്‌ലോഹ തെരുവീഥിയില്‍ വച്ച് തന്റെ അനുയായികളെ നെര്‍വ്ഗ്യാസ് പ്രയോഗിച്ച് കൊന്നൊടുക്കിയ ഓംഷിന്റിക്കിയോ തലവന്‍ അസഹാര...

കപട ആത്മീയതയുടെ കാര്യത്തില്‍ ദേര സച്ചാ സൗദാ പ്രാസ്ഥാനികാചാര്യന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ മുന്‍ഗാമികളാണ് ഇവരെല്ലാം. തട്ടിപ്പും വെട്ടിപ്പും അധാര്‍മികവൃത്തികളും കൈമുതലാക്കിയ ഇത്തരം മഠങ്ങളുടെ പിന്നാമ്പുറങ്ങളില്‍ പുറത്തുവരാത്ത കഥകള്‍ ഇനിയുമുണ്ടാവും. ആയിരക്കണക്കിന് അനുയായികളുടെ ആശയും കീശയും അപഹരിക്കുന്ന വ്യാജ ആത്മീയത്തമ്പുരാക്കന്മാരെ കൂച്ചുവിലങ്ങിടാന്‍ ഭരണകൂടം തയ്യാറാവേണ്ടതുണ്ട്. ചുരുങ്ങിയത്, പുറത്തുവരുന്ന ഞെട്ടിക്കുന്നവാര്‍ത്തകളുടെ സത്യാവസ്ഥ പരിശോധിക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാവണം. ഇന്ദിരാഗന്ധിയുടെ കാലത്ത് ധീരേന്ദ ബ്രഹ്മചാരിക്കും നരസിംഹറാവു മന്ത്രിസഭാ കാലത്ത് ചന്ദ്രസ്വാമിക്കുമെല്ലാം സ്വാതന്ത്ര്യം നല്‍കിയതു പോലെയായാല്‍ അത് പുതിയ തട്ടിപ്പു കേന്ദ്രങ്ങളുടെ വളര്‍ച്ചക്കും അതുവഴി സമൂഹത്തിന്റെ സര്‍വനാശത്തിനും മാത്രമേ വഴി വെക്കൂ.