കാപട്യത്തെ സൂക്ഷിക്കുക

സി.പി. സ്വലാഹുദ്ദീന്‍ സ്വലാഹി

2017 ഏപ്രില്‍ 15 1438 റജബ് 18

ഞാന്‍ സത്യവാനാണ്, ഞാന്‍ സന്മാര്‍ഗിയാണ്, ഞാന്‍ നിഷ്‌കളങ്കനും പരിശുദ്ധനുമാണ് എന്നെല്ലാം വരുത്തിത്തീര്‍ക്കാന്‍ വ്യഗ്രത കാട്ടുന്നവനാണ് മനുഷ്യന്‍. എന്നാല്‍ അങ്ങനെ ആയിത്തീരുവാനുള്ള താല്‍പര്യം അവനില്ല. അതിനാല്‍ അതിനുവേണ്ടി പരിശ്രമിക്കുന്നുമില്ല. അങ്ങനെയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള താല്‍പര്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. പുറത്തുപറയുന്നതല്ല ഉള്ളില്‍ കരുതുന്നത്. ചിരിക്കുന്നവന്‍ ചതിക്കുന്നു. സ്‌നേഹം ഭാവിക്കുന്നവന്‍ ഉള്ളില്‍ പകവെച്ചു പുലര്‍ത്തുന്നു. ശോഭനമായ ഭാവിയിലേക്ക് വിരല്‍ ചൂണ്ടുന്നവന്‍ ഇരുളടഞ്ഞ ഭാവിയിലേക്ക് നയിക്കുന്നു. അതെ, കാപട്യം നിറഞ്ഞ മനസ്സുമായാണ് പലരും ജീവിക്കുന്നത്.

'മനുഷ്യരില്‍ ഏറ്റവും കൊള്ളരുതാത്തവനായി നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ഇരുമുഖസ്വഭാവക്കാരനെയാണ്. അവന്‍ ഒരു വിഭാഗത്തെ ഒരു മുഖത്തോടും വേറൊരു വിഭാഗത്തെ മറ്റൊരു മുഖത്തോടും കൂടി സമീപിക്കുന്നു' എന്ന പ്രവാചകവചനം ശ്രദ്ധേയമാണ്.

സത്യവിശ്വാസി പരോപകാരിയാണെങ്കില്‍ കപടവിശ്വാസി ഇതിനു വിപരീതമാണ്. ഞാന്‍, എന്റെ വീട്, എന്റെ സ്വത്ത്, എന്റെ കുടുംബം എന്ന ചിന്തയില്‍ നിന്ന് പിടിവിടാന്‍ അയാള്‍ തയ്യാറാവുകയില്ല. ഇവിടെ അതിരുകവിഞ്ഞ സ്വാര്‍ഥതയുടെ നിറപ്പകിട്ടുമാത്രമേയുള്ളു. സ്വാര്‍ഥത വര്‍ധിക്കുമ്പോള്‍ അത് പക്ഷപാതത്തിലേക്ക് വഴിമാറുന്നു. എന്റെ മാത്രം ശ്രേയസ്സ് എന്ന ചിന്ത വളരുമ്പോള്‍ കപടവിശ്വാസിക്ക് പക്ഷപാതിയാവാതെ തരമില്ല. ആരെയും ആവശ്യത്തിന് സ്തുതിക്കാനും അപകീര്‍ത്തിപ്പെടുത്താനും അയാള്‍ തയ്യാറാവുന്നു. സ്തുതിച്ചവരെ പിന്നീട് പുറംതള്ളാനും പരിഹരിസിച്ചവരെ പുകഴ്ത്താനും അയാള്‍ പഠിച്ചിരിക്കും. നനഞ്ഞ ഇടം നോക്കി നടക്കുന്നവനായിരിക്കും അയാള്‍. കുഴിച്ച ഇടങ്ങളിലെ നനവ് വറ്റുമ്പോള്‍ നനഞ്ഞ മറ്റൊരിടം തേടും.

തന്നത്തന്നെ വിശ്വാസമില്ലാത്തവര്‍

മറ്റുള്ളവരോട് നുണ പറയുകയും വിശ്വാസവഞ്ചന കാട്ടുകയും മേനിനടിക്കുകയും ചെയ്യുന്നവര്‍ സ്വന്തം മനസ്സിന്റെ വാതിലുകളും ജാലകങ്ങളും സ്വയം അടച്ചിടുകയാണ് ചെയ്യുന്നത്. മനസ്സില്‍ അന്ധകാരമാണ് അവര്‍ നിറക്കുന്നത്. മാറാലമൂടിയ ഹൃദയത്തിന് വെളിച്ചം കാണാനുള്ള ശേഷി കുറയുന്നു. അങ്ങനെ അയാളുടെ മനസ്സിന് സത്യത്തെ തിരിച്ചറിയാനാവാതെ വരുന്നു. മറ്റുള്ളവരില്‍ സത്യമുണ്ടെന്ന് അയാള്‍ കരുതുന്നില്ല. ലോകം കപടമാണെന്നുതന്നെ അയാള്‍ കരുതുന്നു. എല്ലാറ്റിനെയും അയാള്‍ക്ക്‌സംശയമായിരിക്കും. തന്നോടുതന്നെ അയാള്‍ സംശയാലുവാണ്!

ഇങ്ങനെ ഇരുളടഞ്ഞുപോകുന്ന മനസ്സിന് വല്ലപ്പോഴും കണ്ണില്‍പെടുന്ന വെളിച്ചത്തെ സഹിക്കാന്‍ കഴിയുകയില്ല. മറ്റുള്ളവരുടെ നല്ല സംരംഭങ്ങള്‍, സഹായങ്ങള്‍ തുടങ്ങിയവ മുടക്കാന്‍ കപടവിശ്വാസി മുന്‍നിരയിലുണ്ടായിരിക്കും. വലിയവരും പ്രതാപികളും തങ്ങളാണെന്ന് അവര്‍ വിശ്വസിക്കുന്നു.

വിശ്വസിച്ചാല്‍ ചതിക്കുക. സംസാരിച്ചാല്‍ കളവ്പറയുക. കരാര്‍ ചെയ്താല്‍ വഞ്ചിക്കുക. പിണങ്ങിയാല്‍ അസഭ്യം പറയുക. ഈ നാലു ലക്ഷണങ്ങള്‍ ഒരാളില്‍ സമ്മേളിച്ചാല്‍ അയാള്‍ കറകളഞ്ഞ കപടവിശ്വാസിയാണ് എന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

''തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല'' (4:145).

ഒരിക്കല്‍ യുദ്ധകാലത്ത് പ്രവാചകന്‍(സ്വ) ബനൂസലമിലെ ജദ്ദ്ബ്‌നുഖൈസിനെ അരികില്‍ വിളിച്ചു. പോരാട്ടത്തില്‍ അയാളെകൂടി പങ്കെടുപ്പിക്കാന്‍ പ്രവാചകന്‍ ആഗ്രഹം പ്രകടിപ്പിച്ചു. കപടവിശ്വാസിയായിരുന്ന ജദ്ദ്ബ്‌നു ഖൈസ് യുദ്ധത്തില്‍ നിന്ന് എങ്ങനെയെങ്കിലും മാറിനില്‍ക്കാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു. ജദ്ദ്ബ്‌നുഖൈസ് പ്രവാചകരോട് ഇപ്രകാരം പറഞ്ഞു:

''തിരദൂതരേ! അങ്ങ് എന്നെ ഒഴിവാക്കിത്തന്നാലും എന്നെ കുഴപ്പത്തിലാക്കരുതേ. എന്റെ ഗോത്രക്കാര്‍ക്കെല്ലാം അറിയാവുന്നതുപോലെ ഞാനൊരു സ്ത്രീ തല്‍പരനാണ്. ബൈസന്റയിന്‍ സ്ത്രീകളെ കണ്ടാല്‍ എനിക്ക് ക്ഷമവരില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു.''

യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു അടവ് പ്രയോഗിക്കുകയായിരുന്നു ജദ്ദ്ബ്‌നുഖൈസ്. സ്വന്തം കടമയില്‍ നിന്ന് സത്യവിശ്വാസി ഒളിച്ചോടുകയില്ലെന്ന് ഓര്‍ക്കുക. പക്ഷേ, കപടവിശ്വാസി സത്യത്തോടും ധര്‍മത്തോടും അടുക്കാന്‍ ഭയപ്പെടുന്നു. അതില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടുതല്‍ കളവുകള്‍ കെട്ടിച്ചമക്കാന്‍ അയാള്‍ നിര്‍ബന്ധിതനാവുന്നു.

സത്യവിശ്വാസത്തെ ആത്മാര്‍ഥമായി അംഗീകരിക്കാന്‍ തയ്യാറാവുകയാണ് കപടവിശ്വാസത്തില്‍ നിന്ന് രക്ഷപ്പെടുവാനുള്ള വഴി. പൊയ്മുഖങ്ങളില്‍ ജീവിക്കാതിരിക്കുക.