അന്ധവിശ്വാസം വാഴുന്ന അകത്തളങ്ങള്‍

ഇ.യൂസുഫ് സാഹിബ് നദ്‌വി

2017 മാര്‍ച്ച് 04 1438 ജമാദുല്‍ ആഖിര്‍ 05

ചൊവ്വാഗ്രഹത്തില്‍പോയി തിരിച്ചു വന്നാലും പ്രബുദ്ധനായ ഭാരതീയന്റെ അന്ധവിശ്വാസങ്ങള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടാകില്ല. കോടാനുകോടികള്‍ ചെലവിട്ട് ബഹിരാകാശത്തേക്ക് പറത്തിവിടുന്ന റോക്കറ്റുകള്‍ക്കും ബഹിരാകാശ വാഹനങ്ങള്‍ക്കും പിന്നില്‍, പതിറ്റാണ്ടുകളായി കുടുംബ ജിവിതം പോലും ഉപേക്ഷിച്ച,് ഊണും ഉറക്കവുമില്ലാതെ പഠന ഗവേഷണങ്ങളില്‍ ആയുസ്സ് തള്ളിനീക്കിയ മഹാമനീഷികളുടെ പ്രയത്‌നത്തിന്റെ കഥയാകും നമുക്ക് പറയാനുണ്ടാവുക. എന്നാല്‍ ഖേദകരമെന്നു പറയട്ടെ, ഇത്തരം മഹാപരിശ്രമങ്ങളെയും സമര്‍പ്പണങ്ങളെയും നിമിഷനേരംകൊണ്ട് നിസ്സാരവല്‍ക്കരിച്ച് അന്ധവിശ്വാസങ്ങളുടെ ആലയങ്ങളില്‍ സ്വയം തളച്ചിടുന്ന പ്രവര്‍ത്തനങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

പ്രബുദ്ധ കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെ സിരാകേന്ദ്രമായ ഹൈക്കോടതിയുടെ കെട്ടിടത്തില്‍ പതിമൂന്നാം നമ്പറായി ഒരു റൂം ഇല്ലാത്തത് എന്തുകൊണ്ടാണ്? അന്ധവിശ്വാസം എത്ര പ്രബുദ്ധരായവരെയും കീഴ്‌പെടുത്തുമെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

അന്ധവിശ്വാസങ്ങളുടെ നിലനില്‍പിനായി പൊതുഖജനാവിലെ കോടികള്‍ എഴുതിത്തള്ളിയാലും ആരും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. മുംബൈയില്‍ കടലില്‍ സ്ഥാപിക്കുന്ന ശിവജിയുടെ പ്രതിമയുടെ നിര്‍മാണചെലവ് ഏകദേശം മൂവായിരത്തി അഞ്ഞൂറ് കോടിയാണത്രെ! ഇത്രയും ഭീമമായ സംഖ്യ ചെലവഴിച്ച് കടലില്‍ ശിവജിയുടെ ഒരു പ്രതിമ സ്ഥാപിച്ചാല്‍ രാഷ്ട്രത്തിനുണ്ടാകുന്ന 'മഹനീയ നേട്ടം' എന്താണ് എന്ന് ആരും ചോദിക്കുന്നില്ല. ചോദിച്ചവന്‍ ഒറ്റപ്പെടും, ചിലപ്പോള്‍ രാജ്യസ്‌നേഹമില്ലാത്തവനായി മുദ്രകുത്തപ്പെടും.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പകലന്തിയോളം പണിയെടുക്കുന്ന, ചേരികളില്‍ അന്തിയുറങ്ങുന്ന മുംബൈയിലെ ലക്ഷോപലക്ഷം ചേരിനിവാസികളുടെ ദയനീയ ചിത്രം ഇന്ത്യക്കാര്‍ക്ക് അപരിചിതമല്ല. റെയില്‍ പാളങ്ങളിലും പൊതുവീഥികളുടെ അരികിലുമൊക്കെയാണ് അവര്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. കടലില്‍ പടുത്തുയര്‍ത്തുന്ന കോടികളില്‍ അല്‍പമെങ്കിലും വിനിയോഗിച്ചാല്‍ ഇൗ ചേരിനിവാസികളുടെ ജീവിതം പുരോഗതിപ്പെടുത്താന്‍ സാധിക്കുമെന്ന് രാജ്യം ഭരിക്കുന്നവര്‍ക്ക് അറിയില്ലെന്നാണോ നാം കരുതേണ്ടത്?

കുഞ്ഞിന്റെ ജനനം നല്ല മുഹൂര്‍ത്തത്തിലും നാളിലുമാക്കാന്‍ സിസേറിയന്‍ നടത്തുന്നവര്‍ വിവരമില്ലാത്തവരല്ല. മരണവാര്‍ത്ത പ്രഖ്യാപിക്കാന്‍ നാളും നാഴികയും നോക്കുന്നവര്‍ വെറും സാധാരണക്കാരല്ല. മരണവാര്‍ത്ത സമയം നോക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ എന്തോ ചില അരുതായ്മകള്‍ സംഭവിക്കുമെന്ന് ആസ്ഥാന ജ്യോതിഷികള്‍ നമ്മുടെ നേതാക്കളെ ധരിപ്പിച്ചതായി തോന്നുന്നു.

മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ മരണപ്പെട്ട വാര്‍ത്ത പുറത്തുവിടാന്‍ വൈകിയതിന്റെ പിന്നില്‍ കടുത്ത അന്ധവിശ്വാസമായിരുന്നു. നക്ഷത്രവും രാഹുവും ഗുളികനും നോക്കി നേരത്തെ നിര്‍ണയിക്കപ്പെട്ട ഒരു പ്രോഗ്രാമില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു പങ്കെടുക്കാനുണ്ടായിരുന്നു. മരണവാര്‍ത്ത ഔദേ്യാഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രധാനമന്ത്രിയുടെ തീരുമാനിക്കപ്പെട്ട പ്രോഗ്രാമുകള്‍ നിലയ്ക്കും. രാഹുവും കേതുവും ഗുളികനും കാലനും കടന്നാക്രമിക്കാത്ത അനുയോജ്യമായ മറ്റൊരു സമയം കണ്ടെത്താന്‍ പിന്നെയും ഒരുപാടു കാത്തിരിക്കേണ്ടിവരും. അതിനാല്‍ മുന്‍ രാഷ്ട്രപതി ആയിട്ടുപോലും കെ.ആര്‍. നാരായണന്‍ പിന്നെയും ജീവിച്ചു; പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ചില പ്രോഗ്രാമുകള്‍ തീരുവോളം!

പാര്‍ലമെന്റിന്റെ അകത്തളത്തില്‍ കുഴഞ്ഞുവീണ ഇ. അഹ്മദിന്റെ ചേതനയറ്റ ശരീരമാണ് പുറത്തേക്ക് കൊണ്ടുപോയത് എന്നത് പരസ്യമായ രഹസ്യമാണ്. പക്ഷേ, മരണവിവരം പുറത്തറിയിക്കുന്നത് പതിനഞ്ച് മണിക്കൂര്‍ കഴിഞ്ഞ്! എന്തുകൊണ്ടാണിത് സംഭവിച്ചത്? പിറ്റേദിവസം ഫെബ്രുവരി ഒന്നാണ്. വസന്തപഞ്ചമി ദിനം. വസന്തപഞ്ചമി ദിനത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ സാധിച്ചാന്‍ സര്‍ക്കാരിന് ഇന്നയിന്ന നേട്ടങ്ങളുണ്ടാകുമെന്ന് ജ്യോത്സ്യന്മാര്‍ അറിയിച്ചിട്ടുണ്ട്; മറ്റൊരു ദിവസത്തില്‍ ബജറ്റ് അവതരിപ്പിച്ചാലുണ്ടാകുന്ന ഭവിഷത്തും. സഭാംഗം മരണപ്പെട്ടാല്‍ അനുശോചനം രേഖപ്പെടുത്തി പിരിയുന്നതിനുപകരം ഫെബ്രുവരി ഒന്നിലേക്ക് പ്രവേശിച്ച ശേഷം ബജറ്റ് അവതരിപ്പിക്കുകയും അതിനുശേഷം പുലര്‍ച്ചെ മരണവാര്‍ത്ത പ്രഖ്യാപിക്കുകയും ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഈ വസന്തപഞ്ചമിയുമായി ബന്ധപ്പെട്ട അന്ധവിശ്വാസമല്ലാതെ മറ്റെന്താണ്?

ജയപ്രകാശ് നാരായണനും ഐ.കെ.ഗുജ്‌റാലും ഇങ്ങനെ 'മരിച്ചിട്ടും മരിക്കാത്ത'വരുടെയും 'മരിക്കുംമുമ്പേ മരിച്ച'വരുടെയും ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ 'ഭാഗ്യം' ലഭിച്ച 'നിര്‍ഭാഗ്യ'വാന്മാരായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.