പിശുക്ക്

ഫദ്‌ലുല്‍ ഹഖ് ഉമരി

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12

(നല്ല മനസ്സും നല്ല മനുഷ്യനും: 9)

വ്യക്തികളെയും സമൂഹത്തെയും ബാധിക്കുന്ന ഒരു ഹൃദയ സംബന്ധമായ രോഗമാണ് പിശുക്ക്. ഇത് ഏറെ അപകടകാരിയാണ്, ദുഷിച്ച സ്വഭാവവും ചീത്ത പ്രകൃതിയുമാണ്. പ്രമാണങ്ങള്‍ ഇതിനെതിരെ താക്കീത് നല്‍കുന്നുണ്ട്. 

ഒരാളുടെയും ബുദ്ധിയും ചിന്തയും ചീത്തയായി എന്ന് അംഗീകരിക്കുന്ന സ്വഭാവമാണിത്. അല്ലാഹു പറയുന്നു: ''ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍'' (ഹശ്ര്‍:9). 

''അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്'' (ആലുഇംറാന്‍:180).

''പിശുക്ക് കാണിക്കുകയും പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും തങ്ങള്‍ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്'' (അന്നിസാഅ്:37).

നബി(സ്വ) പറയുന്നു:''അക്രമത്തെ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയമായും അക്രമം അന്ത്യദിനത്തിലെ ഇരുട്ടുകളില്‍ പെട്ടതാണ്. പിശുക്കിനെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം പിശുക്കാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്. പരസ്പരം രക്തം ചിന്താനും പവിത്രതകള്‍ കളങ്കപ്പെടുത്താനും അവരെ പ്രേരിപ്പിച്ചത്''(മുസ്‌ലിം).

''പിശുക്കു കാണിക്കുന്നവനും ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നവനും താന്‍ ഉടമപ്പെടുത്തിയതില്‍ ചീത്ത ഇടപാട് നടത്തുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല''(അഹ്മദ്, തുര്‍മുദി).

പിശുക്കെന്ന രോഗം ഉള്ളതില്‍ നബി(സ്വ) നേതൃസ്ഥാനത്തു നിന്നും ഒരാളെ മാറ്റുകയും തല്‍സ്ഥാനത്ത് മറ്റൊരാളെ നിശ്ചയിക്കുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്: നബി(സ്വ) ചോദിച്ചു: 'ആരാണ് ബനൂസലമാ നിങ്ങളുടെ നേതാവ്?' അവര്‍ പറഞ്ഞു: 'ജദ്ദുബ്‌നുഖൈസ്. പക്ഷേ, അദ്ദേഹത്തില്‍ പിശുക്കുണ്ട്.' നബി(സ്വ) പറഞ്ഞു: 'പിശുക്കിനെക്കാള്‍ അപകടകരമായ രോഗം വേറെ ഏതാണ്? ഇനി നിങ്ങളുടെ നേതാവ് ബിശ്‌റുബ്‌നുല്‍ബര്‍റാഉബ്‌നു മഅ്മൂറാണ്'(ഹാകിം). 

അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം. നബി(സ്വ) പറഞ്ഞിരിക്കുന്നു: ''ഓരോ ദിവസവും നേരം പുലരുമ്പോള്‍ രണ്ട് മലക്കുകള്‍ ഇറങ്ങിവരും. അവരില്‍ ഒരാള്‍ പറയും: 'അല്ലാഹുവേ, ചെലവഴിക്കുന്നവര്‍ക്ക് വീണ്ടും കൊടുക്കേണമേ.' രണ്ടാമത്തെ മലക്ക് പറയും: 'പിടിച്ച് വെക്കുന്നവര്‍ക്ക് (പിശുക്ക് കാണിക്കുന്നവര്‍ക്ക്) നാശം കൊടുക്കേണമേ' (ബുഖാരി, മുസ്‌ലിം).

ധര്‍മിഷ്ഠനായ ഒരു വ്യക്തി ചെലവഴിക്കാന്‍ ഉദ്ദേശിച്ചാല്‍ അവന്റെ ഹൃദയം അതിലേക്ക് വിശാലമാകും. അവന്റെ കൈ അതിന് കീഴൊതുങ്ങും. എന്നാല്‍ പിശുക്കന്റെ ഹൃദയം കുടുസ്സാവുകയും അവന്റെ കൈ ചുരുട്ടിപ്പിടിക്കുകയും ചെയ്യും.

അലി(റ) പറയുന്നു: ''എല്ലാ തിന്മകളുടെയും സംഗമമാണ് പിശുക്ക്.'' ഇമാം അബൂഹനീഫ പറയുന്നു: ''പിശുക്കനെ ഞാനൊരിക്കലും നീതിമാനായി കാണുന്നില്ല. കാരണം പിശുക്കന്‍ എല്ലാം പൂര്‍ണമായി എടുക്കും. അതിനാല്‍ മറ്റുള്ളവന്റെ അവകാശവും എടുക്കാന്‍ സാധ്യതയുണ്ട്. അവന്‍ വഞ്ചിച്ചേക്കാം. ഇങ്ങനെയുള്ള ഒരാള്‍ വിശ്വസ്തനാവുകയില്ല''(ഇഹ്‌യാ:3/252). 

പിശുക്കന്റെ സാക്ഷിപോലും സ്വീകരിക്കാന്‍ പാടില്ലെന്ന് പണ്ഡിതന്മാര്‍ പറയുന്നുണ്ട്. (അഹ്കാമുല്‍ ക്വുര്‍ആന്‍ 2/235).

മറ്റുള്ളവര്‍ക്കു മുമ്പില്‍ നിന്ദ്യതയും ആദരവില്ലായ്മയും ജനങ്ങള്‍ക്കു ഭാരവും എല്ലാം വരുത്തിവെക്കുന്ന രോഗമാണ് പിശുക്ക്. അല്ലാഹുവിന്റെയും ജനങ്ങളുടെയും വെറുപ്പിന് കാരണമാകുന്ന വിഷയമാണത്: 

''പിശുക്ക് കാണിക്കുകയും പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും തങ്ങള്‍ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്'' (അന്നിസാഅ്:36,37).

ഹൃദയത്തിന്റെ കുടുസ്സത വര്‍ധിപ്പിക്കുന്ന ഒന്നാണ് പിശുക്കെന്ന് പറഞ്ഞുവല്ലോ. അതോടൊപ്പം 'എനിക്ക്','എനിക്ക് സ്വന്തം' എന്നൊക്കെയുള്ള ചിന്തയും പിശുക്ക് ഉണ്ടാക്കിത്തീര്‍ക്കുന്നുണ്ട്. സമൂഹത്തില്‍ ഇത് വലിയ വിപത്തിന് കാരണമായിത്തീരുന്നുണ്ട്. 

എന്നാല്‍ കൊടുക്കാനുള്ള മനസ്സ് സമൂഹത്തില്‍ വലിയ നിലയില്‍ നന്മകള്‍ക്കും സ്‌നേഹബന്ധങ്ങള്‍ക്കും കാരണമായിത്തീരും. മനുഷ്യത്വത്തിന്റെ പൂര്‍ണതയും ബുദ്ധിയുടെ പക്വതയും ഉന്നതമായ പ്രകൃതിയുമാണ് ഈ സ്വഭാവം.

മുസ്‌ലിം സമൂഹം ഒരൊറ്റ ശരീരം പോലെയാണ്. പരസ്പരം കരുണയും സ്‌നേഹവും കാണിക്കുന്നവരായിരിക്കണം ഓരോരുത്തരും. മറ്റൊരുത്തന്റെ വേദന സ്വന്തം വേദനയായി തോന്നണം. സന്തോഷത്തിലും സന്താപത്തിലും പരസ്പരം പങ്കുചേര്‍ന്ന് ദാനമനസ്‌കതയുടെ പ്രകടരൂപങ്ങളായി മുസ്‌ലിം സമൂഹം മാറണം. പിശുക്കനില്‍ കാണാന്‍ കഴിയാത്ത സ്വഭാവഗുണങ്ങളാണ് ഇതെല്ലാം. തന്റെ ചുറ്റുമുള്ളവരെക്കുറിച്ച് അവന് ഒരു ബോധവുമില്ല.

ജനങ്ങള്‍ക്ക് നന്മയും ഗുണവും ലഭിക്കണമെന്ന അല്ലാഹുവിന്റെ ഉദ്ദേശത്തിന് എതിര് പ്രവര്‍ത്തിക്കുന്നവനും ചിന്തിക്കുന്നവനുമാണ് പിശുക്കന്‍. ധനികന്റെ സ്വത്തില്‍ ദരിദ്രന് അവകാശം നിശ്ചയിച്ചതുതന്നെ അവന്‍ കൊടുക്കണം എന്നുള്ളതു കൊണ്ടാണ്. തന്റെ പിശുക്ക് കാരണം ഇതു വല്ലവനും തടഞ്ഞുവെച്ചാല്‍ അവന്‍ അക്രമിയും അതിരുകവിഞ്ഞവനുമാണ്.

കയ്യില്‍ അധികമുള്ളതു കൊണ്ട് മറ്റുള്ളവരോട് സ്‌നേഹം കാണിക്കല്‍ ഇസ്‌ലാം പ്രോത്സാഹനം നല്‍കിയ കാര്യമാണ്. തന്റെ കയ്യില്‍ തന്റെ ആവശ്യം കഴിഞ്ഞ് എന്തുണ്ടെങ്കിലും കൊടുക്കാനാണ് നബി(സ്വ) കല്‍പിച്ചിട്ടുള്ളത്.

അല്ലാഹു നബി(സ്വ)യുടെ അനുയായികളെ പുകഴ്ത്തിപ്പറയുന്നത് കാണുക: ''അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും'' (അല്‍ഹശ്ര്‍:9). 

തന്റെ സമ്പത്തില്‍ നിന്നും മറ്റുള്ളവരുടെ അവകാശങ്ങളായി നിര്‍ബന്ധമായോ ഐഛികമായോ കടമയായോ നല്‍കേണ്ടത് നല്‍കാതിരിക്കലാണ് പിശുക്ക്. സകാത്, കുടുംബത്തിന്റെ ചെലവ്, ജനങ്ങളുടെ അവകാശങ്ങള്‍, അത്യാവശ്യക്കാരനെ സഹായിക്കല്‍, അയല്‍വാസികളെ പരിഗണിക്കല്‍ തുടങ്ങിയവയെ ഒരുമുസ്‌ലിമിന്റെ ബാധ്യതകളാണ്. ഇത്തരം കാര്യങ്ങളിലൊന്നും ഒരിക്കലും പിശുക്ക് കടന്നുവരാന്‍ പാടില്ല. ചിലര്‍ ചെലവഴിക്കും; എന്നാല്‍ വെറുപ്പോടെയും ഇഷ്ടമില്ലാതെയുമായിരിക്കുമത്. വളരെ മോശമായ ഒരു കാര്യമാണിത്. കപടവിശ്വാസിയുടെ സ്വഭാവമായിക്കൊണ്ടാണ് അല്ലാഹു അതിനെ പരിചയപ്പെടുത്തുന്നത്.

''അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും, മടിയന്‍മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്‌കാരത്തിന് ചെല്ലുകയില്ല എന്നതും, വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്''(അത്തൗബ:54).

നല്ല മനസ്സോടെയും സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചും വേണം ചെലവഴിക്കാന്‍. ചെലവഴിക്കുന്നത് നഷ്ടത്തിന് ഹേതുവാകുമോ എന്ന് ഭയപ്പെടുന്നവരും ഉണ്ട്: ''തങ്ങള്‍ (ദാനമായി) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും നിങ്ങള്‍ക്ക് കാലക്കേടുകള്‍ വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്...'' (അത്തൗബ:98).

ഇതൊക്കെ പിശുക്കിന്റെ വ്യത്യസ്ത ഭാവങ്ങളാണ്. അല്ലാഹു തന്റെ ഇഷ്ട ദാസന്മാരെ പരിചയപ്പെടുത്തുന്നത് കാണുക: ''ചെലവു ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍'' (അല്‍ഫുര്‍ക്വാന്‍:67). 

നബി(സ്വ) പിശുക്കില്‍ നിന്ന് രക്ഷതേടിക്കൊണ്ട് അല്ലാഹുവോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ''അല്ലാഹു വേ, പിശുക്കില്‍ നിന്നും ഭീരുത്വത്തില്‍ നിന്നും പ്രായാധിക്യത്തില്‍ നിന്നും നിന്നോട് ഞാന്‍ ശരണം തേടുന്നു''(ബുഖാരി).

മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കുന്നതിന് ഇസ്‌ലാം നല്‍കിയ പ്രോത്സാഹനവും പ്രാധാന്യവും മനസ്സിലാക്കിയാല്‍ തന്നെ പിശുക്കിന്റെ നിന്ദ്യത എത്ര ത്തോളമാണെന്ന് ബോധ്യപ്പെടും: ''രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല'' (അല്‍ബക്വറ:274).