ജനാധിപത്യം: ഇസ്‌ലാമിന്റെ കാഴ്ചപ്പാട്

സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി 

2017 ഡിസംബർ 09 1439 റബിഉല്‍ അവ്വല്‍ 20

ജനാധിപത്യത്തിന് അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തങ്ങളായ തലങ്ങളുണ്ട്. അത് കൊണ്ട് തന്നെ ജനാധിപത്യത്തെ നിരൂപണം ചെയ്യുന്നിടത്ത് ഒരൊറ്റ കോണിലൂടെയുള്ള വിശകലനം അപ്രസക്തമാവും. സാഹചര്യം, കാലഘട്ടം, ഇസ്‌ലാമിക രാഷ്ട്രം, ഇസ്‌ലാമികേതര രാഷ്ട്രം, അത് നടപ്പില്‍ വരുത്തുന്നവര്‍ അടിസ്ഥാനമാക്കുന്ന മാനദണ്ഡം തുടങ്ങി പലതിനെയും ആശ്രയിച്ചാണ് അതിന്റെ വിധി നിലകൊള്ളുന്നത്. അത് കൊണ്ട് ജനാധിപത്യത്തെ ചില പ്രത്യേക സാഹചര്യങ്ങളിലൂടെയും വീക്ഷണ കോണിലൂടേയും നോക്കിക്കണ്ട, അല്ലെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കിക്കണ്ട പണ്ഡിതന്‍മാര്‍ നല്‍കിയ ഫത്‌വകളെ എല്ലാ കാലഘട്ടത്തിലെയും എല്ലാ നാടുകളിലെയും ജനാധിപത്യ സംവിധാനത്തിനെതിരെ വിധി പറയുന്ന വിഷയത്തില്‍ അടിസ്ഥാനമാക്കുന്നത് പ്രമാണവിരുദ്ധവും യുക്തിരഹിതവുമാണ്. 

ഇതൊരല്‍പം വിശദീകരിക്കേണ്ടതുണ്ട്. ഒരു ഇസ്‌ലാമിക രാഷ്ട്രം, അല്ലെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രത്തിലെ ഭരണാധികാരി ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ് നാട്ടിലെ നിയമ വ്യവസ്ഥ നടപ്പിലാക്കേണ്ടത്. ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യങ്ങള്‍ ആ നാട്ടില്‍ നിഷിദ്ധമായിരിക്കണം. ഇസ്‌ലാമികശിക്ഷാ വിധികള്‍ അവര്‍ നടപ്പിലാക്കേണ്ടതുണ്ട്. ഇപ്രകാരം ശരീഅത്ത് നിയമങ്ങളെ പൂര്‍ണമായും നടപ്പിലാക്കിക്കൊണ്ടായിരിക്കണം ആ രാജ്യം മുന്നോട്ട് നീങ്ങേണ്ടത്. എന്നാല്‍ അങ്ങനെയുള്ള ഒരിസ്‌ലാമിക രാഷ്ട്രത്തില്‍ 'ഈ നാട്ടിലെ ഭൂരിപക്ഷം ജനങ്ങളുടെയും ഇഷ്ടമെന്താണോ അതനുസരിച്ചാണ് ഇവിടെ ഭരണം നടക്കുക... ഭൂരിപക്ഷവും കള്ളു കുടിക്കാനും വ്യഭിചരിക്കാനുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതവര്‍ക്ക് നിയമ വിധേയമാക്കി കൊടുക്കുന്നതാണ്. ഇസ്‌ലാമിക ശിക്ഷാ വിധികളിലും ജനങ്ങളുടെ ഇഷ്ടാനുസരണം മാറ്റം വരുത്തുന്നതാണ്''എന്നിങ്ങനെ ഒരാഹ്വാനം ഉണ്ടായി എന്ന് കരുതുക. എങ്കില്‍ ഇത്തരം ഒരു പശ്ചാത്തലത്തിലാണ് ജനാധിപത്യം മതവിരുദ്ധമോ കുഫ്‌റോ ആയിത്തീരുന്നത്. കാരണം ക്വുര്‍ആനിനും സുന്നത്തിനും എതിരാണെങ്കിലും ഭൂരിപക്ഷത്തിന്റെ ഇഷ്ടമാണ് അവിടെ പരിഗണനീയം. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള വിശദീകരണത്തില്‍ മാത്രമെ ജനാധിപത്യം കുഫ്‌റായിത്തീരുന്ന സാധ്യതകളെ സംബന്ധിച്ച് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്‍മാര്‍ ചര്‍ച്ച ചെയ്തിട്ടുള്ളു. അത് തന്നെ നിരുപാധികം കുഫ്‌റായിത്തീരുമോ ഇല്ലേ എന്നിടത്തും വിശദീകരണങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. 

പണ്ഡിതന്‍മാര്‍ നല്‍കുന്ന ഫത്‌വകളിലൊക്കെ തെളിവായി പൊതുവെ ഉപയോഗിക്കപ്പെടുന്ന 'ആര്‍ അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കുന്നില്ലയോ അവര്‍ കാഫിറുകളാകുന്നു' എന്ന ക്വുര്‍ആന്‍ വചനത്തില്‍ (5:44) നിന്നു തന്നെ വിഷയം വളരെ വ്യക്തമാകുന്നതാണ്.  

 അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കുന്ന ഓരോ മുസ്‌ലിമും തന്റെ ജീവിതത്തെ ചിട്ടപ്പെടുത്തേണ്ടത് അല്ലാഹുവിന്റെ 'ഹുക്മിന്റെ' അടിസ്ഥാനത്തിലാണ്. നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് മുതലായ കര്‍മങ്ങള്‍ നിര്‍വഹിക്കേണ്ടത് പോലെത്തന്നെ മദ്യപാനം, വ്യഭിചാരം, പലിശ എന്നിവ വര്‍ജിക്കുക എന്നതും അല്ലാഹുവിന്റെ 'ഹുക്മ്' നടപ്പിലാക്കുന്നതില്‍ പെട്ടതാണ്. ഒരു ഇസ്‌ലാമിക രാഷ്ട്രത്തിലെ ഭരണാധികാരി ഇസ്‌ലാമിക ശരീഅത്ത് പ്രകാരം ആ രാജ്യത്ത് ഭരണം നടത്തേണ്ടതുണ്ട്. അതില്‍ അയാള്‍ വീഴ്ച വരുത്തുവാന്‍ പാടില്ലാത്തതാണ്. മറ്റേതൊരു മതനിയമവും അനുസരിക്കേണ്ടത് പോലെത്തന്നെ ഒരു ഭരണാധികാരിയെ അല്ലാഹു ഏല്‍പിച്ച ഉത്തരവാദിത്തമാണ് ഇസ്‌ലാമിക നിയമമനുസരിച്ച് നാട്ടില്‍ ഭരണം നടത്തുക എന്നത്. ഓരോ മുസ്‌ലിമും; അയാള്‍ സാധാരണക്കാരനാകട്ടെ, ഉദേ്യാഗസ്ഥനാകട്ടെ, വക്കീലാകട്ടെ, ജഡ്ജിയാകട്ടെ, ഭരണാധികാരിയാകട്ടെ എല്ലാവരും അല്ലാഹു ഏല്‍പിച്ച 'വാജിബാത്തുകളെ' ഇസ്‌ലാമിക ചിട്ട പ്രകാരം നടപ്പിലാക്കേണ്ടതാകുന്നു. അല്ലാഹുവിന്റെ നിയമങ്ങളെ തെറ്റിക്കുന്ന ഏതൊരു വ്യക്തിയുടെയും തിന്മകളെ അയാളുടെ മനോഗതിയനുസരിച്ചും തെറ്റിച്ച വിഷയത്തിന്റെ ഗൗരവമനുസരിച്ചും ശിര്‍ക്ക്, കുഫ്‌റ്, ളുല്‍മ്, ഫിസ്‌ക്, നിഫാക്വ് തുടങ്ങിയ സാങ്കേതിക പദങ്ങളാല്‍ വിധി പറയപ്പെടുന്നു. ഇതില്‍ തന്നെ അഥവാ ശിര്‍ക്കിലും കുഫ്‌റിലും ചെറുതും വലുതുമുണ്ട് എന്നതും ശ്രദ്ധേയമാണ്.

അത് കൊണ്ടാണ് 'അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കാത്തവര്‍ കാഫിറുകളാണ്'(5:44), 'അക്രമികളാണ്'(5:45), 'അധര്‍മകാരികളാണ്'(5:47) എന്നിങ്ങനെ വ്യത്യസ്ത പദപ്രയോഗങ്ങള്‍ ക്വുര്‍ആനില്‍ കാണാന്‍ സാധിക്കുന്നത്. അഥവാ അല്ലാഹുവിന്റെ നിയമങ്ങള്‍ തെറ്റിക്കുന്നിടത്ത് വിഷയത്തിന്റെ ഗൗരവമനുസരിച്ചും ചെയ്യുന്ന വ്യക്തിയുടെ നിയ്യത്തനുസരിച്ചും പറയപ്പെടുന്ന ഹുക്മുകള്‍ വ്യത്യസ്തമായിരിക്കും എന്നര്‍ഥം. അത് പോലെത്തന്നെ ക്വുര്‍ആന്‍ ഒരു കാര്യം 'കുഫ്‌റ്' അല്ലെങ്കില്‍ 'ശിര്‍ക്ക്' എന്ന് പറയുമ്പോള്‍ അവിടെ ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും ഏതിനങ്ങളെയും ഉദ്ദേശിക്കാം. അഥവാ അത് 'ചെറിയ ശിര്‍ക്കോ' 'ചെറിയ കുഫ്‌റോ' ആകാം. ഇസ്‌ലാം പഠിപ്പിക്കുന്ന മറ്റു മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ചാണ് അത് ചെറുതോ വലുതോ എന്നൊക്കെ തീരുമാനിക്കുന്നത്. 

അത് കൊണ്ടാണ് 'അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കാത്തവര്‍ കാഫിറുകളാണ്'(5:44) എന്ന വചനത്തില്‍ ഉദ്ദേശിച്ച കുഫ്‌റിനെ ചെറിയ കുഫ്ര്‍ അഥവാ മില്ലത്തില്‍ നിന്ന് പുറത്തു പോകാത്ത കുഫ്ര്‍ (കുഫ്‌റുന്‍ ദൂന കുഫ്ര്‍) എന്ന് മഹാനായ 'റഈസുല്‍ മുഫസ്സിരീന്‍ ഇബ്‌നു അബ്ബാസ്(റ)' പറഞ്ഞത്. എന്നുവെച്ചാല്‍ സത്യനിഷേധത്തിന്റെ പര്യായമായി വരുന്ന സാങ്കേതിക അര്‍ഥത്തിലുള്ള 'കുഫ്ര്‍' അല്ല എന്നര്‍ഥം. കാരണം ഒരാള്‍ മദ്യപിക്കുമ്പോള്‍ അയാള്‍ അല്ലാഹുവിന്റെ വിധിക്കെതിരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മദ്യപിച്ചു എന്ന കാരണത്താല്‍ അയാള്‍ ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുമോ? ഇല്ല എന്നാണുത്തരം. അത് പോലെത്തന്നെയാണ് ഒരു ഭരണാധികാരിയോ വിധികര്‍ത്താവോ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു ഹുക്മിനെ തെറ്റിക്കുന്നുവെങ്കില്‍ അയാള്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന കുഫ്ര്‍ ചെയ്തു എന്ന് പറയുക സാധ്യമല്ല എന്ന് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞത്. അതൊരു പാപമെ ആയിത്തീരുന്നുള്ളൂ. എന്നാല്‍ അല്ലാഹുവോ റസൂലോ 'കുഫ്ര്‍' എന്നോ 'ശിര്‍ക്ക്' എന്നോ' പൊതുവെ പറഞ്ഞ ഒരു വിഷയത്തില്‍ അതിന്റെ രണ്ട് സാധ്യതകളും അഥവാ 'ചെറിയ കുഫ്‌റും' 'വലിയ കുഫ്‌റും', 'ചെറിയ ശിര്‍ക്കും' 'വലിയ ശിര്‍ക്കും' സംഭവിക്കാനുള്ള അവസ്ഥകളുണ്ട്. അത് കൃത്യമായി, പ്രമാണത്തിന്റെ പിന്‍ബലത്തോടെ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്‍മാര്‍ നമുക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്. അത് ഇപ്രകാരമാണ്:

പ്രസ്തുത വചനത്തില്‍ പറഞ്ഞ കുഫ്ര്‍ വലിയ കുഫ്ര്‍ ആയിത്തീരുന്നത് അഥവാ മില്ലത്തില്‍ നിന്ന് ഒരാളെ പുറത്താക്കുന്ന കുഫ്‌റായിത്തീരുന്നത് പ്രധാനമായും മൂന്ന് സന്ദര്‍ഭങ്ങൡലാണ്. 

ഒന്ന്: അല്ലാഹുവിന്റെ വിധിയെക്കാള്‍ നല്ല വിധിയാണ് മറ്റൊരാളുടെ വിധിയെന്ന് വിശ്വസിക്കുക. ഇതിലെ 'കുഫ്‌റ്' വളരെ വ്യക്തമാണ്. 'അല്ലാഹുവാണ് ഏറ്റവും വലിയവന്‍' എന്നും 'വിധികര്‍ത്താക്കളില്‍ ഏറ്റവും നല്ല വിധികര്‍ത്താവ് അല്ലാഹു അല്ലയോ?'(95:8) 'ദൃഢവിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിനെക്കാള്‍ നല്ല വിധികര്‍ത്താവ് വേറെ ആരാണ് ഉള്ളത്?'(5:50) എന്നും മറ്റും പഠിപ്പിക്കപ്പെട്ട മുസ്‌ലിമിന് അല്ലാഹുവിന്റെ വിധിയെക്കാള്‍ മികച്ചതാണ് മറ്റൊരാളുടെ വിധിയെന്ന് വിശ്വസിക്കാന്‍ സാധിക്കുകയില്ല. തനിക്കോ മറ്റുള്ളവര്‍ക്കോ അതിന് സാധിക്കുമെന്ന വിശ്വാസം വലിയ കുഫ്ര്‍ ആകുന്നു.

 രണ്ട്: അല്ലാഹുവിന്റെ വിധിയോട് തുല്യം നില്‍ക്കുന്ന വിധിയായി മറ്റൊരാളുടെ വിധിയെ കാണുക. ഇതിലെ 'കുഫ്‌റും' വ്യക്തമാണ്. 'അവനെപ്പോലെ ഒന്നുമില്ല'(42:11), 'അവനോട് കിടയൊത്ത ആരുമില്ല'(112:4) എന്നെല്ലാം പഠിപ്പിക്കപ്പെട്ട മുസ്‌ലിമിന് അല്ലാഹുവിന് തുല്യം നില്‍ക്കുന്ന മറ്റൊരാളെ സങ്കല്‍പിക്കുക സാധ്യമല്ല. അങ്ങനെ വിശ്വസിക്കല്‍ വ്യക്തമായ കുഫ്‌റും മതപരിത്യാഗവുമാണ്.

മൂന്ന്: അല്ലാഹുവിന്റെ വിധി മഹത്തരമാണെങ്കിലും തനിക്കത് ബാധകമല്ല എന്ന് വിശ്വസിക്കുക. ഇതിലെ കുഫ്‌റും വ്യക്തമാണ്. ശരീഅത്തിലെ നിയമങ്ങള്‍ മൊത്തത്തിലോ ഭാഗികമായോ തനിക്ക് ബാധകമല്ലെന്ന് വിശ്വസിച്ച്‌കൊണ്ട് അല്ലാഹുവിന്റെ നിയമങ്ങളെ മറികടക്കുന്ന ഒരു വ്യക്തി മില്ലത്തില്‍ നിന്ന് പുറത്താണ് എന്ന കാര്യത്തിലും തര്‍ക്കമില്ല. ക്വുര്‍ആനിലെ (24:47,48), (4:150,151), (3:32) എന്നീ വചനങ്ങള്‍ നോക്കുക.

മേല്‍ പറഞ്ഞ മൂന്ന് വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാഹുവിന്റെ വിധിയെ മറികടക്കുന്ന വ്യക്തിയോ ഭരണാധികാരിയോ ഭരണകൂടമോ ആരാവട്ടെ, അവര്‍ 'വലിയ കുഫ്‌റാണ്' ചെയ്യുന്നത്. എന്നാല്‍ മേല്‍ പറഞ്ഞ വിശ്വാസ പ്രകാരമല്ല ഒരു വ്യക്തി അല്ലാഹുവിന്റെ നിയമങ്ങള്‍ തെറ്റിക്കുന്നതെങ്കില്‍ അയാള്‍ മില്ലത്തില്‍ നിന്ന് പുറത്തു പോകുന്ന കുഫ്ര്‍ ചെയ്തു എന്ന് ഒരിക്കലും പറയാന്‍ പാടില്ലാത്തതാകുന്നു. 

അത് പോലെത്തന്നെ ഏതെങ്കിലും ഒരു മുസ്‌ലിം ഭരണാധികാരി ക്വുര്‍ആനിനെയും സുന്നത്തിനെയും പൂര്‍ണമായും മാറ്റി വെച്ച് മനുഷ്യനിര്‍മിത നിയമങ്ങള്‍ പകരം സ്ഥാപിച്ചാല്‍ അതും മില്ലത്തില്‍ നിന്ന് പുറത്ത് പോകുന്ന കുഫ്‌റാണെന്നു ചില അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്‍മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ നിലപാടെടുക്കുന്ന ഒരു ഭരണാധികാരിയെ സ്വാഭാവികമായും സ്വാധീനിച്ചിട്ടുണ്ടാവുക നാം നേരത്തെ സൂചിപ്പിച്ച മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്നാവാനുള്ള സാധ്യതയെ ബാഹ്യമായ അര്‍ഥത്തില്‍ പരിഗണിച്ചു കൊണ്ടാണ് അവര്‍ അപ്രകാരം പറഞ്ഞിട്ടുള്ളത്.

ഈയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ജനാധിപത്യം കുഫ്‌റാണെന്ന പണ്ഡിതന്‍മാരുടെ നിരീക്ഷണം പ്രസക്തമാവുന്നത്. ക്വുര്‍ആനും സുന്നത്തും പ്രമാണമാക്കി വിധി നടത്താന്‍ കല്‍പിക്കപ്പെട്ട ഒരു നാട്ടില്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കാതെ ഭുരിപക്ഷത്തിന്റെ തീരുമാനമനുസരിച്ച് ഭരണം നടത്താം എന്ന് ഭരണാധികാരി തീരുമാനിക്കുമ്പോള്‍ ഭരണാധികാരിയിലും അത്തരം ഒരു ഭരണം ആവശ്യപ്പെടുന്ന ജനങ്ങളിലും നേരത്തെ നാം വിശദീകരിച്ച വലിയ കുഫ്ര്‍ കടന്നുവരുന്ന മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്ന് കടന്നുവരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 'ചെറിയ കുഫ്ര്‍' എന്തായാലും കടന്നുവരുന്നുണ്ട്. അത് കൊണ്ടാണ് ക്വുര്‍ആനും സുന്നത്തും മാറ്റി വെച്ച് കൊണ്ട് ജനാധിപത്യത്തിന്റെ ഒരു വശമായ ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ച് ഭരണവും വിധിയും നടപ്പാക്കല്‍ കുഫ്‌റാണെന്നു പണ്ഡിതന്‍മാര്‍ ഫത്‌വ നല്‍കിയത്. രണ്ട് തരം കുഫ്‌റിന്റെയും സാധ്യതകള്‍ പരിഗണിച്ചു കൊണ്ടാണ് അത്തരം പൊതുവായ ഫത്‌വകള്‍ നല്‍കുന്നത്. എന്തെന്നാല്‍ മുസ്‌ലിംകളാരും തന്നെ അല്ലാഹുവിന്റെയും റസൂലിന്റെയും വിധിയെക്കാള്‍ നല്ല വിധികര്‍ത്താക്കള്‍ ഉണ്ടെന്നോ, അല്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും വിധിയോട് കിടപിടിക്കുന്ന വിധി കര്‍ത്താക്കള്‍ ഉണ്ടെന്നോ, അല്ലെങ്കില്‍ ശരീഅത്ത് നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്നോ വിശ്വസിക്കുന്നില്ല. 

അത് കൊണ്ടാണ് 'അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കാത്തവര്‍ കാഫിറുകളാണ്' (5:44) എന്ന വചനത്തിലെ കുഫ്‌റിനെ 'ചെറിയ കുഫ്ര്‍' എന്ന് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞത്. കാരണം ഒരു യഥാര്‍ഥ സത്യവിശ്വാസിയില്‍ നേരത്തെ പറഞ്ഞ പ്രകാരമുള്ള കുഫ്ര്‍ കടന്നുവരാനുള്ള സാധ്യത വിദൂരമാണ്. അതിനാല്‍ തന്നെ ഒരു വ്യക്തിയെയോ ഭരണാധികാരിയെയോ ഭരണകൂടത്തെയോ കാഫിര്‍ എന്ന് വിശേഷിപ്പിക്കുന്നിടത്ത് അങ്ങേയറ്റം സൂക്ഷ്മത പാലിക്കണമെന്ന് പണ്ഡിതന്‍മാര്‍ സഗൗരവം വിശദീകരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും.

മേല്‍ വിശദീകരിച്ചതില്‍ നിന്നും നമുക്ക് വ്യക്തമാകുന്ന കാര്യം ഇതാണ്: ഇസ്‌ലാം കുഫ്‌റായി കാണുന്നത് ക്വുര്‍ആനിനെയും സുന്നത്തിനെയും മേല്‍പറഞ്ഞ മൂന്ന് മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ അടിസ്ഥാനത്തില്‍ മാറ്റിവെക്കുന്നതിനെയാണ്. അല്ലാത്ത പക്ഷം അത് സാങ്കേതിക അര്‍ഥത്തിലുള്ള കുഫ്‌റല്ല. അത് ഭരണകൂടം തന്നെ ചെയ്യണമെന്നില്ല. ഒരു വ്യക്തി ആയാലും മതി. ഭൂരിപക്ഷ തീരുമാനപ്രകാരം ആവണമെന്നുമില്ല. ന്യൂനപക്ഷത്തിന്റെയോ ഒരു വ്യക്തിയുടെ മാത്രം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ ആയാലും മതി. 

അപ്പോള്‍ വിഷയം ഭരണാധികാരത്തില്‍ എങ്ങനെ എത്തുന്നു എന്നതല്ല. മറിച്ച് ഇസ്‌ലാമിക ഭരണകൂടം ക്വുര്‍ആനിനെയും സുന്നത്തിനെയും മേല്‍ പറഞ്ഞ മൂന്നു മാനദണ്ഡപ്രകാരം അവഗണിക്കുന്നുണ്ടോ എന്നതാണ്. ഉദാഹരണത്തിന്, ഒരു ഇസ്‌ലാമിക രാജ്യത്തിലെ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നത് വോട്ടിംഗിലൂടെ ഭൂരിപക്ഷ തീരുമാന പ്രകാരമാണെന്ന് കരുതുക. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം ക്വുര്‍ആനും സുന്നത്തുമനുസരിച്ചാണ് വിധിക്കുന്നതെങ്കില്‍ അവിടെ നടന്ന തെരഞ്ഞെടുപ്പും ജനാധിപത്യ പ്രക്രിയയും ഹറാമാണെന്ന് പറയാന്‍ കഴിയുമോ? ഇല്ല എന്നാണ് ഉത്തരം. ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതില്‍ ഇസ്‌ലാം നിയതമായ ഒരു മാര്‍ഗരേഖ അവതരിപ്പിച്ചിട്ടില്ല. ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കെതിരാവാത്ത ഏതു മാര്‍ഗവും സ്വീകരിക്കാം. ഇസ്‌ലാമിലെ ആദ്യത്തെ നാല് ഖലീഫമാരും തെരഞ്ഞെടുക്കപ്പെട്ടത് വ്യത്യസ്തമായ രൂപത്തിലായിരുന്നു. എന്നാല്‍ അവരെല്ലാം വിധി നടത്തിയത് ക്വുര്‍ആനും സുന്നത്തുമനുസരിച്ചായിരുന്നു. 

ഇനി മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള നാട്ടില്‍ ഇസ്‌ലാമിക ഭരണമല്ലെന്ന് കരുതുക. എന്നാല്‍ വോട്ടിംഗിലൂടെ ഭൂരിപക്ഷത്തിന് വിജയം ലഭിച്ചാല്‍ ഇസ്‌ലാമനുസരിച്ച് വിധി നടത്താന്‍ സാധ്യതയുള്ള ഒരു സന്ദര്‍ഭത്തിലും ജനാധിപത്യം ഉപകാരപ്രദമായിത്തീരും എന്നതും വാസ്തവമല്ലേ? അങ്ങനെ ജനാധിപത്യത്തിലൂടെ ഇസ്‌ലാമിക ഭരണം സ്ഥാപിച്ച ചില രാഷ്ട്രങ്ങള്‍ ആഫ്രിക്കയില്‍ ഉള്ളതായി നമുക്കറിയാം.  

അപ്പോള്‍ വിഷയം വ്യക്തമാണ്. ഇസ്‌ലാമിന്റെ വിയോജിപ്പ് ജനാധിപത്യം എന്ന പദത്തോടോ ജനാധിപത്യപ്രക്രിയയോടോ അല്ല. മുസ്‌ലിമായ ഒരു ഭരണാധികാരി ഇസ്‌ലാമിക രാഷ്ട്രത്തില്‍ ക്വുര്‍ആനിനെയും സുന്നത്തിനെയും മറികടക്കാന്‍ ജനാധിപത്യത്തെ ഉപയോഗപ്പെടുത്തുന്നിടത്താണ് 'കുഫ്‌റിന്റെ മസ്അല' കടന്നു വരുന്നത്. എന്നാല്‍ അനിസ്‌ലാമിക രാജ്യത്ത് പ്രത്യേകിച്ചും മുസ്‌ലിംകള്‍ വലിയ ന്യൂനപക്ഷമായിരിക്കുകയും ഭൂരിപക്ഷം ഉദ്ദേശിച്ചാല്‍ അവരുടെ മതമനുസരിച്ച് ഭരണം നടത്താന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യുന്ന ഒരു നാട്ടില്‍ അതിന് ശ്രമിക്കാതെ എല്ലാ മതക്കാര്‍ക്കും അവരുടെ മതമനുസരിച്ച് ജീവിക്കുവാനും ആ മതത്തിലേക്ക് പ്രബോധനം ചെയ്യാനും ഭരണ മേഖലകളില്‍ വരെ എത്തിപ്പെടാനും രാജ്യത്തെ ഭരിക്കുന്നതില്‍ പങ്കുവഹിക്കാനും സ്വാതന്ത്ര്യം ലഭിക്കുന്ന അവസ്ഥക്ക് കാരണമായിത്തീര്‍ന്ന ഇന്ത്യന്‍ ജനാധിപത്യം വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ഗുണപരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചു വിധിക്കുന്നില്ല എന്നതല്ലല്ലോ പ്രധാന വിഷയം. കാരണം അവര്‍ അല്ലാഹുവിലോ റസൂലിലോ ഈമാന്‍ കാര്യങ്ങളിലോ വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ കുഫ്ര്‍ അവരുമായി ബന്ധപ്പെട്ട വിഷയമാണ്. അവരെ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യുക എന്നതല്ലാതെ അവര്‍ ക്വുര്‍ആന്‍ അനുസരിച്ചു വിധിക്കുന്നില്ല എന്നത് പ്രബോധനമാക്കുന്നതില്‍ പ്രത്യേകിച്ചു നേട്ടമൊന്നുമില്ല. നമ്മുടെ വിഷയം അവരുടെ വിശ്വാസമെന്താണ് എന്നതല്ല. അവര്‍ നമുക്ക് നല്‍കുന്ന അഥവാ ജനാധിപത്യരാജ്യം നമുക്ക് നല്‍കുന്ന മതസ്വാതന്ത്ര്യം കുഫ്‌റാണോ അല്ലയോ എന്നതാണ്. 

അപ്പോള്‍ അനിസ്‌ലാമിക രാജ്യത്ത് ഏവര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനം വേറെ. ഇസ്‌ലാമിക രാജ്യത്ത് ഇസ്‌ലാമിക ശരീഅത്തിനെ അവഗണിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെടുന്നെ ജനാധിപത്യത്തിന്റെ അടിസ്ഥാനം വേറെ. അടിസ്ഥാനപരമായിത്തന്നെ രണ്ടിന്റെയും വിധി വേറെയാണ്. അത് കൊണ്ട് തന്നെ ജനാധിപത്യം എന്നാല്‍ കുഫ്‌റാകുന്നു എന്ന ഒറ്റ വാചകത്തിലെ പ്രസ്താവന അടിസ്ഥാനരഹിതവും അപകടം നിറഞ്ഞതുമാണ്.

ഇസ്‌ലാമിക രാഷ്ട്രത്തിലെ മുസ്‌ലിം ഭരണകൂടങ്ങളും ഭരണാധികാരികളും ജനാധിപത്യ സംവിധാനത്തെ ശരീഅത്തിന് പകരം സ്വീകരിക്കുന്നിടത്ത് സംഭവിക്കുന്ന ചെറുതോ വലുതോ ആയ കുഫ്‌റിന്റെ സാധ്യതകളെ പരിഗണിച്ച്‌കൊണ്ട് നല്‍കപ്പെടുന്ന ഫത്‌വകളെ, അതും ജനാധിപത്യത്തിന്റെ ചില വശങ്ങളില്‍ മാത്രം കടന്നുവരുന്ന ഒന്നിനെ എല്ലാ നാടുകളിലെയും എല്ലാതരം ജനാധിപത്യങ്ങള്‍ക്കും ബാധകമാക്കാന്‍ ശ്രമിക്കുന്നത് അറിവില്ലായ്മയും യുക്തിരഹിതവുമാണ് എന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം ഉണ്ടാവേണ്ടതില്ല. 

 എന്നാല്‍ ഇത്തരം തത്ത്വങ്ങള്‍ ഒന്നും പരിഗണിക്കാതെ ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ക്കെതിരിലും അവിടുത്തെ മുസ്‌ലിംകള്‍ക്കെതിരിലും അനിസ്‌ലാമിക രാഷ്ട്രങ്ങളിലെ മുസ്‌ലിംകള്‍ക്കെതിരിലും കുഫ്‌റിന്റെയും ശിര്‍ക്കിന്റെയും ഹുക്മുകള്‍ പറഞ്ഞ് രംഗത്ത് വന്നവര്‍ ഉണ്ടാക്കിയ ഫിത്‌നകള്‍ ചില്ലറയല്ല. മുസ്‌ലിം ഭരണാധികാരികളെയും മറ്റു മുസ്‌ലിംകളെയും കാഫിറുകളായി പ്രഖ്യാപിച്ച് ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം സംഘടിപ്പിക്കുകയും മുസ്‌ലിംകളുടെ രക്തം അനുവദനീയമായിക്കണ്ട് ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ രക്തം ചിന്തുകയും അനിസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ആശയങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഇസ്‌ലാമില്‍ നിന്ന് ആദ്യമായി പുറത്തേക്ക് പോയ ഖവാരിജുകള്‍  'വിധികര്‍തൃത്വം അല്ലാഹുവിനല്ലാതെ ഇല്ല' എന്ന ക്വുര്‍ആനിലെ പ്രയോഗത്തെ തെറ്റായി മനസ്സിലാക്കി സ്വഹാബത്തിനെയടക്കം മുസ്‌ലിം ഭരണാധികാരികളെയും മറ്റു മുസ്‌ലിംകളെയും തക്ഫീര്‍ നടത്തി (കാഫിറുകളായി പ്രഖ്യാപിച്ച്) അവരില്‍ പലരുടെയും രക്തം ചിന്തിയത് പോലെത്തന്നെ ഇതേ വചനങ്ങളെ ആസ്പദമാക്കി ആധുനിക കാലഘട്ടത്തിലും മുസ്‌ലിം ഭരണാധികാരികളെയും മുസ്‌ലിംകളെയും തക്ഫീര്‍ ചെയ്യുന്ന തീവ്ര ചിന്താധാരകള്‍ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. അലി(റ) പറഞ്ഞത് പോലെ, 'സത്യമായ വാചകം, എന്നാല്‍ അവര്‍ ഉദ്ദേശിക്കുന്നത് തെറ്റായ അര്‍ഥമാണ്.' 

അതെ, ക്വുര്‍ആനിക വചനങ്ങള്‍ക്ക് തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ടാണ് ഇത്തരം തല്‍പര കക്ഷികള്‍ എക്കാലഘട്ടത്തിലും രംഗത്ത് വരുന്നത്. അല്ലാഹുവില്‍ ശരണം!