ഹിംസയിലാറാടുന്ന അഹിംസാവാദികള്‍

ത്വാഹാ റഷാദ്

2017 സെപ്തംബര്‍ 16 1438 ⁠⁠ദുൽഹിജ്ജ 25

'സമാധാനം മനസ്സില്‍ നിന്നുണ്ടാവേണ്ടതാണ്; അതില്ലാതെ അതിനെ പ്രതീക്ഷിക്കരുത്' എന്ന് പറഞ്ഞ ബുദ്ധന്റെ അനുയായികള്‍ മ്യാന്‍മറില്‍ സമാധാനത്തിനു പകരം മരണം വിതച്ചുകൊണ്ടിരിക്കുകയാണിന്ന്.  

ഭിക്കു(ഭിക്ഷു)വിന്റെ പാത്രം ഒരു മുസ്‌ലിം കുരുന്ന് അറിയാതെ തൊട്ടുപോയതില്‍ തുടങ്ങിയ രണ്ട് ദിവസത്തെ മുസ്‌ലിം വേട്ടയുടെ കഥ പണ്ട് വായിച്ചതോര്‍ക്കുന്നു. മുസ്‌ലിം സ്ഥാപനങ്ങളില്‍ കൊള്ള നടത്തിയതും പള്ളികള്‍ ആക്രമിച്ചതും മരിക്കാന്‍ നേരത്ത് വെള്ളത്തിനപേക്ഷിച്ചവരെ ചൂണ്ടി 'വെള്ളമില്ല, അവന്‍ മരിക്കട്ടെ' എന്നാര്‍ത്തട്ടഹസിച്ച് സമാനതകളില്ലാത്ത ക്രൂരത കാണിച്ചതിന്റെ വീഡിയോയും(1) സന്യാസ മതത്തിന്റെ അനുയായികളിലെ 'മാര'യുടെ (ബുദ്ധനെ വഴി തെറ്റിക്കാന്‍ ശ്രമിച്ച പിശാച്) വീഥി തുറന്നു കാട്ടുന്നു.

 അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ കാറ്റില്‍ പറത്തി വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബര്‍മീസ് ആര്‍മി അഴിച്ചുവിട്ട അക്രമങ്ങള്‍ക്ക് കുടപിടിച്ച State Peace & Develepment Council (SPDC)യുടെ പേരിലും സമാധാനം കുടിയിരിക്കുന്നത്(2) വിരോധാഭാസമാണെന്ന് പറയാതെ വയ്യ. 

ആള്‍ക്കൂട്ട മര്‍ദനങ്ങള്‍ക്കും സൈനിക ആക്രമണങ്ങള്‍ക്കും ഇരയായവര്‍ക്ക് അന്താരാഷ്ട്ര സമൂഹം നല്‍കുന്ന സഹായങ്ങള്‍ പോലും വിലക്കുന്ന അ'ധര്‍മ'ഘോഷകരുടെ കിരാതത്വം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഹീനയാന -മഹായാന വേര്‍തിരിവ് മുതല്‍ ശക്തമായ ആന്തരിക സംഘര്‍ഷങ്ങള്‍ ബുദ്ധവിയോഗം മുതല്‍ തന്നെ പുലര്‍ത്തുന്ന അകവും പുറവും രണ്ടു നിറമുള്ള സംവിധാനത്തെയാണോ ഗയയിലും സാഞ്ചിയിലും അമരാവതിയിലും നാഗര്‍ജുനകൊണ്ടയിലും സാരാനാഥിലും സ്തൂപങ്ങളായും വിഹാരകളായും ലോകം സ്മരിക്കുന്നത്? 

ബുദ്ധമതത്തിന്റെ ആധികാരിക രേഖകളായി കണക്കാക്കുന്ന വിനയപീഠക(Vinaya Pitaka), സുത്രപീഠക(Sutta Pitaka), അഭിധര്‍മപീഠക (Abhidamma Pitaka) എന്നിവയും ഹീനയാന വിഭാഗത്തിന്റെ വിഭാഷകളും(Vibhasahas) ധര്‍മത്തിനു വഴി കാണിക്കുന്നു. ആഗ്രഹങ്ങളെ ഇല്ലായ്മ ചെയ്തവരെന്നും അതിനാല്‍ തന്നെ നിരാശയില്ലാത്തവരെന്നും ഭിക്ഷു-ഭിക്ഷുണിമാരടങ്ങുന്ന സന്യാസിമാര്‍ അവകാശപ്പെടുന്നു. എന്നാല്‍ ബുദ്ധന്റെ മരണശേഷം സപ്തപര്‍നിയില്‍ ചേര്‍ന്ന ഒന്നാം ബുദ്ധിസ്റ്റ് സഭയില്‍ വിനയപീഠക, സുത്രപീഠക എന്നിവ രചിക്കപ്പെടുകയും തുടര്‍ന്ന് വൈശാലിയില്‍ ചേര്‍ന്ന രണ്ടാം ബുദ്ധിസ്റ്റ് സഭയില്‍ സ്ഥാവിരവാദിന്‍, മഹാസംഘിക എന്നീ കക്ഷികളാകുകയും ചേരിതിരിയുകയും അശോക രാജാവിന്റെ കാലത്ത് പാടലീപുത്രയില്‍ ചേര്‍ന്ന സഭയില്‍ പരസ്പരം പുറത്താക്കുകയും ചെയ്ത വിവിധ കഷികളുടെ മുഴുനാമാണ് ഇന്ന് ബുധസമൂഹം(3)്യൂഎന്നറിയുമ്പോഴാണ് നിരാശയും പ്രയാസവുമില്ലാത്ത നെഗ്ലിജന്‍സ് മതത്തിന്റെ പിന്മുറക്കാരുടെ വിശുദ്ധി നാം തിരിച്ചറിയുന്നത് 

DKBA(4) സമരസേനക്ക് ശേഷം കൃത്യമായ മുസ്‌ലിം വിരോധത്തില്‍ അജണ്ടയെഴുതി ജന്മമെടുത്ത 969 മൂവ്‌മെന്റിന്റെ ലക്ഷ്യം ബുദ്ധിസ്റ്റ് ബര്‍മ എന്നതിലുപരി ഇസ്‌ലാമിന്റെ തകര്‍ച്ചയായിരുന്നു. ബുദ്ധപുണ്യം, ബുദ്ധിസ്റ്റ് ആചാരങ്ങള്‍, സംഘം എന്നിവയെ സൂചിപ്പിക്കുന്ന 969(5)്യൂഅഥവാ ബുദ്ധം-ധര്‍മം-സംഘം എന്ന ത്രിരത്‌ന സിദ്ധാന്ധം. ഈ സംഘടനയെ മുസ്‌ലിം വിരുദ്ധമെന്നും ഇസ്‌ലാമോഫോബിക് എന്നും ലോകം കുറ്റപ്പെടുത്തിയിട്ടും അംഗങ്ങളായി ചേരാനും സംഘടിക്കാനും അനുയായികളെ ആവോളം ലഭിച്ചു എന്നത് തെക്കുകിഴക്കന്‍ ഏഷ്യയുടെ മുറിവായി ഇന്നും അവശേഷിക്കുന്നു.

ഏറെ രസകരം 969 മൂവ്‌മെന്റ് മുന്നോട്ട് വെച്ച സംഖ്യാശാസ്ത്രമാണ്. ശക്തമായ ഇസ്‌ലാം വിരോധത്തിന്റെ നേര്‍ചിത്രമാണ് നമുക്കിവിടെ കാണാനാകുക. ദക്ഷിണേഷ്യയിലെ മുസ്‌ലിംകള്‍ പൊതുവില്‍ 786 എന്ന സംഖ്യയെ (ഈ സംഖ്യയുമായി ഇസ്‌ലാമിന് യാതൊരു ബന്ധവുമില്ല) വാഴ്ത്തുന്നത് 7+8+6=21, 21-ാം നൂറ്റാണ്ടില്‍ ഇസ്‌ലാം ബര്‍മ കീഴടക്കുമെന്നതിന്റെ പ്രഖ്യാപനമാണെന്നും അതിനെതിരെയുള്ള പ്രതിരോധമാണ് 969 മൂവ്‌മെന്റ്(6) എന്നുമുള്ള വിചിത്ര വാദമാണ് സംഘടനയില്‍ അംഗങ്ങളെ ചേര്‍ക്കാന്‍ കണ്ടെത്തിയ നയം എന്ന് അലക്‌സ് ബുക്‌ബൈന്‍ഡര്‍ പ്രസ്താവിക്കുന്നു 

രാഖിനെ ബുദ്ധിസ്റ്റുകള്‍ക്ക് നേരെയുള്ള ബംഗാളി തീവ്രവാദികളുടെ ആക്രമണം ചെറുക്കുക എന്ന ലക്ഷ്യമാണ് സംഘടനക്കുള്ളത് എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ലോകത്തിന്റെ ചോദ്യത്തിന് മറുപടിയായി ഇവര്‍ പറഞ്ഞതും 'രാഖിലെ തീവ്രവാദികള്‍' എന്നെഴുതിവിടുന്ന മലയാള നാട്ടിലെ കാവിപ്പത്രങ്ങളും ഒരുമിച്ചു വായിക്കുമ്പോള്‍ രോഹിംഗ്യന്‍ കൂട്ടക്കുരുതിക്ക് ഒരു റെഡിമെയ്ഡ് ന്യായീകരണം മണക്കുന്നു. മുസ്‌ലിംകള്‍ക്കെതിരെ 'ബര്‍മീസ് ബിന്‍ലാദന്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന അഷിന്‍ വിരാതുവിന്റെ ജല്‍പനങ്ങളും പ്രവര്‍ത്തനങ്ങളും മാനുഷിക വിരുദ്ധവും വിഷമയവുമായിരുന്നു. മ്യാന്മറില്‍ വര്‍ഗീയധ്രുവീകരണത്തിനു ബര്‍മീസ് തീവ്രവാദികള്‍ക്ക് മുന്നില്‍ നിന്നതും അദ്ദേഹമായിരുന്നു. 

'അവരെ സ്വതന്ത്രമായി മതം ആചരിക്കാന്‍ അനുവദിച്ചത് നാം ബുദ്ധിസ്റ്റുകളാണ്. അധികാരം ഒരിക്കല്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചാല്‍ ബുദ്ധമതം ആചരിക്കാന്‍ അവര്‍ നമ്മെ അനുവദിക്കില്ല... ഈ മുസ്‌ലിംകള്‍ നമ്മുടെ രാജ്യത്തെ ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടുന്നു. നമ്മുടെ പെണ്‍കുട്ടികളെ അവര്‍ കാശ് കൊടുത്തു വാങ്ങുന്നു.' തലമുറകളായി ബുദ്ധ-മുസ്‌ലിം സമൂഹങ്ങള്‍ സൗഹാര്‍ദത്തിലും സ്‌നേഹത്തിലും കഴിഞ്ഞിരുന്ന മിക്തില എന്ന പ്രദേശത്ത് വര്‍ഗീയ ലഹളയുണ്ടായത്തിന്റെ പിന്നില്‍ ഈ വിദ്വേഷ-വിഷ പ്രസംഗത്തിനു മുഖ്യപങ്കുണ്ടായിരുന്നു.(7) ബുദ്ധമതത്തിന്റെ അടിസ്ഥാനമായ അഷ്ടാംഗമാര്‍ഗയിലെ എട്ട് നേര്‍വഴികളും വിസ്മരിച്ചുള്ള ഭീകരപ്രവര്‍ത്തനങ്ങളാണ് അല്‍പ വസ്ത്രവേഷത്തിനും ചതുര്‍സത്യം (Four Noble Truths) എന്ന താരാട്ടുപാട്ടിനും പാശ്ചാത്യലോകത്ത് മൊട്ടിട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ലേണിംഗ് സെന്ററുകള്‍ക്ക് പുറകിലും മറഞ്ഞിരിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

പതിനഞ്ചു വര്‍ഷത്തെ വീട്ടുതടങ്കലില്‍ നിന്ന് മോചിതയായ സമാധാനത്തിനുള്ള നോബല്‍ ജേതാവും ഡല്‍ഹി, ഓക്‌സ്‌ഫോര്‍ഡ്, ലണ്ടന്‍ ബിരുദധാരിയുമായ സുചി നേതൃത്വം നല്‍കിയ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (NLD)  2015ല്‍ വലിയ മാര്‍ജിനില്‍ അധികാരത്തിലെത്തിയിട്ടും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് അംഗീകാരം നല്‍കാനോ അവരുടെ നൊമ്പരങ്ങളും പരാതികളും കേള്‍ക്കാനോ പരിഹരിക്കാനോ വര്‍ഷാ വര്‍ഷം നടന്നു കൊണ്ടിരിക്കുന്ന ആര്‍മിയുടെ ആസൂത്രിത കൊലപാതകങ്ങള്‍ക്കും ബലാല്‍സംഗങ്ങള്‍ക്കും എതിരില്‍ ഒന്ന് ശബ്ദിക്കാന്‍ പോലും സാധിക്കാതെ, അല്ലെങ്കില്‍ അതിന് തയ്യാറാകാതെ നില്‍ക്കുന്ന പ്രഥമ സ്റ്റേറ്റ് കൗണ്‍സിലര്‍ സുചിയും പ്രതിക്കൂട്ടില്‍ തന്നെയാണ്. നോബല്‍ എന്ന തിലകമല്ല, മുഖം നോക്കാതെ നടപടിയെടുക്കാനുള്ള ആര്‍ജവമാണ് ഒരു നേതാവിനുണ്ടാകേണ്ടത്. 1990ല്‍ സംഭവിച്ചത് സുകി ഭയക്കുന്നു എങ്കില്‍ സൈന്യത്തെ പ്രീതിപ്പെടുത്തി എത്ര നാള്‍ ഭരിക്കാനാകും എന്ന ചോദ്യം ബാക്കിയാണ്. 

നാടുവിട്ട് രക്ഷപ്പെടാന്‍ അനുമതിയുണ്ടായിട്ടും ബര്‍മീസ് ജനങ്ങള്‍ക്ക് വേണ്ടി ആയുസ്സില്‍ നിന്ന് പതിനഞ്ചിലേറെ വര്‍ഷങ്ങള്‍ ത്യജിച്ച ധീരവനിതയെന്ന് ലോക മാധ്യമങ്ങള്‍ വാഴ്ത്തിയ, ആധുനിക മ്യാന്മറിന്റെ പിതാവ് ഓംഗ് സാനിന്റെ മകള്‍ക്ക് രോഹിംഗ്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന യാതനകളും വേദനകളും അറിയാനും പ്രതികരിക്കാനുമുള്ള ശേഷി നഷ്ടപ്പെട്ടെങ്കില്‍ അതിനു പിന്നില്‍ ചില കഥകളുണ്ട്. സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വിലങ്ങിടുന്ന ദര്‍ശനം വരിച്ചവര്‍ നീതിയും മനുഷ്യത്വവും ബലി നല്‍കുമ്പോള്‍ കാടത്തം ഭരണത്തിലേറി എന്നേ പറയാനാകൂ. ഒരു ബുദ്ധിസ്റ്റ് അക്രമം എന്നതിലുപരി ഈ ഫാസിസ്റ്റ് അക്രമങ്ങളുടെയെല്ലാം പിന്നില്‍ ഇസ്രായേലിന്റെ കരം നിഴലിച്ചു കാണുമ്പോഴാണ് ആസൂത്രിത ആഗോള അജണ്ടകള്‍ വ്യക്തമാകുന്നത്. മുതലാളിത്തവും കൊലപാതകവും ചേര്‍ന്നതാണ് ഫാസിസം എന്ന അമേരിക്കന്‍ എഴുത്തുകാരന്‍ അപ്റ്റണ്‍ സിന്‍ക്ലൈറിന്റെ നിര്‍വചനം ഏറെ പ്രസക്തമാണ്. 

ഒരേ വര്‍ഷം ബ്രിട്ടന്‍ അധികാരം പതിച്ചു നല്‍കിയ രണ്ട് രാഷ്ട്രങ്ങളാണ് ഇസ്രയേലും മ്യാന്മറും. മിഡില്‍ ഈസ്റ്റില്‍ അസ്ഥിരത വിതച്ചു കൊണ്ട് രൂപം കൊണ്ട ഇസ്രയേല്‍ എന്ന രാജ്യത്തെ അംഗീകരിക്കാതെ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ മടിച്ചു നിന്നപ്പോള്‍ ആദ്യമായി ഇസ്രയേലിനു സ്വാഗതമോതിയതും മ്യാന്മര്‍ തന്നെയായിരുന്നു. ടെല്‍ അവീവിലും യാങ്കൂനിലും എമ്പസികളായി. ആദ്യമായി ഇസ്രയേല്‍ സന്ദര്‍ശിച്ച വിദേശ പ്രധാനമന്ത്രിയും മ്യാന്മറിന്റെ ഉനു ആയിരുന്നു. അന്താരാഷ്ട്ര സഹകരണത്തിനുള്ള ഇസ്രയേലിന്റെ ങമവെമ് ഏജന്‍സി മ്യാന്മറിലെ ആരോഗ്യം, വാണിജ്യം, വിദ്യാഭ്യാസം, ടൂറിസം എന്നിങ്ങനെ സര്‍വ മേഖലകളിലും സഹായിച്ചു കൊണ്ടേയിരിക്കുന്നു. നര്‍ഗീസ് സൈക്ലോന്‍ നാശം വിതച്ചപ്പോള്‍ മ്യാന്മറില്‍ ആദ്യമെത്തിയ സഹായം അമേരിക്കന്‍-ജ്യൂയിസ്റ്റ് ജോയിന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്മിറ്റിയുടെതായിരുന്നു എന്നിങ്ങനെയുള്ള ഇസ്രയേല്‍ എംബസി റെക്കോര്‍ഡുകളും അതില്‍ പരാമര്‍ശിക്കാത്ത മിലിട്ടറി, ടെക്‌നോളജിക്കല്‍ സഹായങ്ങളെ കുറിച്ചുള്ള യു.എസ് അംബാസഡര്‍ ഡാനിയേല്‍ സോഹാര്‍ സെന്‍ശൈന്റെ സൂചനകളും(8) രാഖിനെയില്‍ ബര്‍മീസ് ഫോഴ്‌സിന് നല്‍കിയ മിലിട്ടറി ട്രെയ്‌നിംഗും എല്ലാം വ്യക്തമാകുന്നത് മ്യാന്മറിലെ ഫാസിസ്റ്റ് അക്രമങ്ങള്‍ക്ക് പിന്നിലും ജൂതലോബിയുടെ കാണാകരങ്ങളുണ്ട് എന്നതാണ്. മ്യാന്മറിന് പുറമെ ശ്രീലങ്കയിലും തായ്‌വാനിലും മുമ്പ് നടന്ന സമാന മനുഷ്യാവകാശ ധ്വംസനങ്ങള്‍ മതവും മതരഷ്ട്രവാദവും രണ്ടു കോണില്‍ നില്‍ക്കുന്നു എന്നതിന്റെ ബുദ്ധിസ്റ്റ് ഉദാഹരണങ്ങളാണ്. രാജകീയ സുഖവും അധികാരത്തിന്റെ ചെങ്കോലും വലിച്ചെറിഞ്ഞ ശ്രീബുദ്ധനെ ഗുരുവായി വരിച്ചവര്‍ മതരാഷ്ട്രത്തിനായി മുറവിളികൂട്ടി കൂട്ടക്കുരുതി നടത്തുന്നത് രാഷ്ട്രീയ-മുതലാളിത്ത ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെന്നത് പകല്‍ പോലെ തെളിഞ്ഞിരിക്കുന്നു.


Ref:
 

1. www.theguardian.com/world/2013/apr/22

2. Elaine Pearson (6 Aug 2008) HRW

3. Introduction to Indian Culture, Muhammad shameer Kaipangara, 2015

4. Democratic Karen Buddhist Army

5. Seattle Times 21/6/2013

6. Alex Bookbinder, The Atlantic, 9/4/2013

7. The National 29/3/2013

8. Mizzima TV 22/4/2016