''ഞാന്‍ മുസ്‌ലിമാണ്...''
അബ്ദുല്‍ മാലിക് സലഫി
2017 ഡിസംബർ 23 1439 റബിഉല്‍ ആഖിര്‍ 05
'ഞാന്‍ മുസ്‌ലിമാണ്...' നാളുകള്‍ക്കു മുമ്പ് മലയാളികളുടെ കര്‍ണപുടങ്ങളില്‍ പതിച്ച ഒരു വാചകമാണിത്. തനിക്ക് സത്യമെന്നു മനസ്സിലായ മതം സ്വീകരിച്ചതിന്റെ പേരില്‍ പതിനൊന്നു മാസക്കാലം നീണ്ട തടങ്കലില്‍ നിന്ന് മോചനം തേടി സുപ്രീം കോടതിയിലേക്കുള്ള യാത്രാമധ്യെ, തന്നെ വളഞ്ഞ് ''ഹാദിയാ, എന്തെങ്കിലും പറയാനുണ്ടോ'' എന്ന് ചോദിച്ച പത്രക്കാരോടാണ് ഹാദിയ എന്ന ഇരുപത്തിനാലുകാരിയായ ഡോക്ടര്‍ ഈ പ്രഖ്യാപനം നടത്തിയത്. താന്‍ ശരിയാണെന്നു കണ്ടെത്തിയ ഇസ്‌ലാമിന്റെ ആത്മീയ മധു നുകര്‍ന്ന ആത്മനിര്‍വൃതി ആ വാക്കുകളില്‍ പ്രകടമായിരുന്നു.
വീട്ടുതടങ്കലില്‍ കഴിയവെ നിരന്തരം മാനസിക പീഡനങ്ങള്‍ക്കു വിധേയമാക്കപ്പെട്ടിട്ടും തന്റെ വിശ്വാസത്തെ വലിച്ചെറിയാന്‍ തയ്യാറാകാതിരുന്ന അവരുടെ മാനസികാവസ്ഥ ഏറെ പ്രശംസനീയമാണ്. ലോകം മുഴുവനും തന്നെ നോക്കുന്ന വേളയിലും ഇസ്‌ലാം ഒരു സ്ത്രീയോട് നിര്‍ബന്ധമായും മറയ്ക്കാന്‍ പറഞ്ഞ ശരീരഭാഗങ്ങള്‍ മറച്ചുവെച്ച് യാത്ര തിരിച്ച ഹാദിയയുടെ നിലപാട് ഏറെ മാതൃകാപരമാണ്. ഇല്ലാത്ത ലൗജിഹാദിനെ കുത്തിപ്പൊക്കിയെടുക്കുവാന്‍ ഹാദിയ കേസിനെ മറയാക്കാം എന്ന സംഘപരിവാര്‍ അജണ്ട ഇത്ര ദയനീയമാം വിധം തകര്‍ന്നടിഞ്ഞ മറ്റൊരു രംഗവും ഈയടുത്തകാലത്തൊന്നും കേരളം കണ്ടിട്ടില്ല. വനിതാ കമ്മീഷനു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ഹാദിയയുടെ വസതിയിലേക്ക് നിരന്തരം കടന്നുചെന്ന് അവരെ മാനസിക പീഡനത്തിനു വിധേയരാക്കിയവരും ഈ പെണ്‍കുട്ടിയുടെ വിശ്വാസ ധാര്‍ഢ്യത്തിനു മുന്നില്‍ അമ്പരന്നു നിന്നിട്ടുണ്ടാവണം. യഥാര്‍ഥ വിശ്വാസം മനുഷ്യ ഹൃദയങ്ങളില്‍ എപ്രകാരമാണ് ആഴ്ന്നിറങ്ങുന്നത് എന്ന് യോഗ കേന്ദ്രക്കാര്‍ക്ക് ഇതിലൂടെ ബോധ്യമായിക്കാണണം.
'ഞാന്‍ ഒരു മുസ്‌ലിമാണ്' എന്ന് എന്ന് ആ പെണ്‍കുട്ടി വിളിച്ചു പറയുമ്പോള്‍ പാരമ്പര്യമായി മുസ്‌ലിംകളായി ജീവിക്കുന്ന, ചെറുപ്പം മുതലേ ഇസ്‌ലാമിന്റെ വെളിച്ചത്തില്‍ ജീവിച്ചുവരുന്ന ആളുകള്‍ക്കും ചിലതൊക്കെ പഠിക്കുവാനും ചിന്തിക്കുവാനുമുണ്ട്. ഞാനൊരു മുസ്‌ലിമാണെന്നും ഞാനതില്‍ അഭിമാനിക്കുന്നു എന്നുമുള്ള പറച്ചില്‍ സ്വത്വബോധത്തെ തിരിച്ചറിഞ്ഞതിന്റെ അടയാളക്കുറിപ്പാണ്. എന്നാല്‍ ഇന്ന് മുസ്‌ലിം സമൂഹത്തില്‍ ജീവിക്കുന്ന എത്രപേര്‍ക്ക് ഞാനൊരു മുസ്‌ലിമാണെന്ന് ആത്മാഭിമാനത്തോടെ, ലജ്ജ തീണ്ടാതെ പ്രഖ്യാപിക്കുവാന്‍ പറ്റും?
ഇസ്‌ലാമിന്റെ അടിത്തറകളും അടയാളങ്ങളും പൊതുസമൂഹത്തില്‍ പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒരു പഴഞ്ചനായി ഞാന്‍ മുദ്രകുത്തപ്പെടാന്‍ കാരണമായിത്തീരുമോ എന്ന ഉള്‍ഭയത്താല്‍ അതിനു തുനിയാന്‍ മടിക്കുന്ന മുസ്‌ലിം നാമധാരികള്‍ ജീവിക്കുന്ന ഈ മണ്ണില്‍, ഞാനൊരു മുസ്‌ലിമാണെന്ന് ഒരു പെണ്‍കുട്ടി വിളിച്ചു പറയുമ്പോള്‍ അതിന് അനവധി മാനങ്ങളുണ്ട്. 'ഞാനൊരു മുസ്‌ലിമാണെന്ന്' പ്രഖ്യാപിക്കുന്നത് ഏറ്റവും നല്ല വാക്കുകളില്‍ പെട്ടതാണെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ട്:
''അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?''(41:33).
തന്റെ രക്ഷിതാവിന്റെ നിര്‍ദേശം നിര്‍ഭയം പ്രകടിപ്പിക്കുക മാത്രമാണ് ഹാദിയ ചെയ്തത്. ഏകദൈവവിശ്വാസത്തിലേക്കുള്ള മാറ്റത്തിലൂടെ ജീവിതത്തില്‍ ഉണ്ടാകുന്ന ആത്മീയതയുടെ പാരമ്യത എന്താണെന്ന് ഈ പ്രഖ്യാപനത്തിലൂടെ ഏവര്‍ക്കും തിരിച്ചറിയാനാവും. മതപരിവര്‍ത്തനം നടക്കുന്നത് മനസ്സുകളിലാണ് എന്ന സത്യവും ഇതിലൂടെ ലോകം തിരിച്ചറിയുകയാണ്. ഇരുലോക വിജയത്തിനാവശ്യമായ ആത്മീയ ഊര്‍ജത്തിന്റെ യഥാര്‍ഥ ഉറവിടം ഏകദൈവ വിശ്വാസത്തിന്റെ മൂര്‍ത്തരൂപമായ ഇസ്‌ലാമാണെന്ന് തിരിച്ചറിവിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കല്‍ കൂടിയാണ് ആ പ്രഖ്യാപനം.
തടസ്സങ്ങള്‍ ഒന്നുമില്ലെങ്കിലും തന്റെ തലയില്‍ തട്ടമിടാന്‍ തന്റേടം കാണിക്കാത്ത മുസ്‌ലിം നാമമുള്ള നിരവധി സഹോദരിമാര്‍ക്കുള്ള ഒരു മാതൃകയാണ് ഈ പെണ്‍കുട്ടി കാണിച്ചു കൊടുത്തത്. ക്യാമ്പസുകളിലും അങ്ങാടികളിലും വിവാഹ വീടുകളിലും തട്ടമഴിച്ച് കേശപ്രദര്‍ശനം നടത്തുന്ന സ്ത്രീ 'ഞാനൊരുമുസ്‌ലിമാണ്' എന്ന് പറയുന്നതിലെ ആശയ വൈരുധ്യം തിരിച്ചറിയാതെ പോവരുത് എന്നതാണ് ഹാദിയയുടെ തട്ടമിടല്‍ നല്‍കുന്ന തിരിച്ചറിവ്. ഞാനൊരു മുസ്‌ലിമാണെന്നു പ്രഖ്യാപിക്കുമ്പോള്‍ അത് വാക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും, ജീവിതത്തിന്റെ സര്‍വ മണ്ഡലങ്ങളിലും ആ പ്രഖ്യാപനത്തിന്റെ പ്രതിധ്വനികള്‍ പ്രകടമാവണമെന്നും, അതൊരിക്കലും സ്വയം അടിച്ചമര്‍ത്തപ്പെടുന്നതിന്റെ പ്രതീകമായിത്തീരില്ലെന്നും സഹോദരിമാര്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്. തന്റെ മനോനില ചോദ്യം ചെയ്യാന്‍ ഒരുങ്ങിയ സ്വന്തം പിതാവടക്കമുള്ളവര്‍ക്കുള്ള ശാന്തമായ മറുപടിയാണ് ആ തട്ടത്തിന് പറയാനുള്ളത്. ഇസ്‌ലാമിക വസ്ത്രത്തിനുള്ളില്‍ സ്ത്രീ എത്ര സുരക്ഷിതയാണെന്ന അടയാളപ്പെടുത്തലും ഈ ഒരു സംഭവത്തിലൂടെ നിരീക്ഷകര്‍ വായിച്ചെടുക്കുന്നുണ്ട്.
പരീക്ഷണങ്ങളിലും പീഡനങ്ങളിലും തളര്‍ന്ന് പോകേണ്ടവരല്ല വിശ്വാസികള്‍. പരീക്ഷണങ്ങള്‍ മുന്നോട്ട് പോകുന്നതിന്റെ ശക്തിസ്രോതസ്സുകളാണെന്ന ബോധ്യപ്പെടല്‍ വിശ്വാസികള്‍ക്കുണ്ടാകുമ്പോള്‍, പരീക്ഷണങ്ങളുടെ തീവ്രത അവന്റെ വിശ്വാസത്തെ ഊതിക്കാച്ചുകയാണ് ചെയ്യുന്നത് എന്ന ബോധത്തിലേക്ക് അവന്‍ ഉയരും. പതിനൊന്നു മാസക്കാലത്തെ തടങ്കല്‍ ഹാദിയക്ക് സമ്മാനിച്ചത് മുന്നോട്ടുപോക്കിനെ കുറിച്ചുള്ള സുചിന്തിതമായ തീരുമാനങ്ങളായിരുന്നുവെന്നതാണ് ജഡ്ജിയുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഒട്ടും പതര്‍ച്ചയില്ലാതെയുള്ള അവരുടെ മറുപടികള്‍ നല്‍കുന്ന സന്ദേശം. എന്തായിരുന്നാലും, ചിലരുടെ അനാവശ്യ ഇടപെടലുകള്‍ കൊണ്ട് ലോകശ്രദ്ധ നേടിയ ഈ കേസിലെ ചില സന്ദേശങ്ങള്‍ ലോകത്തിന് പാഠമാകേണ്ടതുണ്ട്. താന്‍ ഉള്‍ക്കൊണ്ട സത്യമാര്‍ഗത്തില്‍ ഹാദിയക്ക് ഉറച്ചു നില്‍ക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കാം.
ആര് വന്നാലും തിരികെ പോയാലും ഇസ്‌ലാമിന്റെ പ്രഭാവം വര്‍ധിക്കുകയോ അതിന് മങ്ങലേല്‍ക്കുകയോ ചെയ്യില്ല എന്നതാണ് യാഥാര്‍ഥ്യം. ഭരണഘടന നല്‍കുന്ന മൗലികാവകാശം ഉപയോഗിക്കുന്നവരെ വേട്ടയാടുന്നതിനെ തടയുവാന്‍ മതേതര വിശ്വാസികള്‍ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്.
മതവും ജാതിയും ഭാഷയുംവര്‍ണവും ഏതാകട്ടെ മനുഷ്യ സൗഹാര്‍ദമിവിടെ വളര്‍ന്ന് വരണം. അതിന് യാതൊരു കോട്ടവും തട്ടാന്‍ പാടില്ല. രാജ്യത്ത് സ്വസ്ഥതയും സമാധാനവും നിലനില്‍ക്കണമെന്നാണ് ഏതൊരു പൗരനും ആഗ്രഹിക്കേണ്ടത്.