സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍..

ശഹീറുദ്ദീന്‍ ചുഴലി

2017 നവംബര്‍ 11 1439 സഫര്‍ 22

ഭാഗം: 2

ഇമാം ഇബ്‌നു അബീദാവൂദ്(റഹി) അദ്ദേഹത്തിന്റെ കവിതാസമാഹാരത്തിന്റെ ആദ്യ വരി ആരംഭിക്കുന്നത് ഇപ്രകാരമാണ്:

1) അല്ലാഹുവിന്റെ പാശത്തില്‍ നീ മുറുകെ പിടിക്കുകയും സന്മാര്‍ഗം പിന്‍പറ്റുകയും ചെയ്യണം, നീ പുത്തന്‍വാദി ആകരുത്; എങ്കില്‍ നീ വിജയിച്ചേക്കാം.

ഈ വരിയിലൂടെ ഇമാം ഇബ്‌നു അബീദാവൂദ്(റഹി) അഹ്‌ലുസ്സുന്നയുടെ തെളിമയാര്‍ന്ന മാര്‍ഗം വിശദീകരിച്ച് തരികയാണ്. അതിലൂടെയാണ് ശ്വാശ്വതമായ വിജയം കൈവരിക്കുവാന്‍ സാധിക്കുക എന്നും അദ്ദേഹം ഉണര്‍ത്തുന്നു. അതിനായി സുപ്രധാനമായ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുവാനാണ് ഈ വരികളിലൂടെ അദ്ദേഹം നിര്‍ദേശിക്കുന്നത്. 

1. അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക.

2. സന്മാര്‍ഗം പിന്‍പറ്റുക.

3. പുത്തനാശയത്തയത്തെയും അനാചാരങ്ങളെയും വെടിയുക.

ഇവ മൂന്നുമാണ് ഇഹത്തിലെയും പരത്തിലെയും വിജയത്തിന്റെ മാനദണ്ഡം. ഇവയെ അല്‍പം വിശദീകരിക്കാം.

1. അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക എന്ന പ്രയോഗം ക്വുര്‍ആനിന്റെ പ്രയോഗമാണ്. സൂറ ആലുഇംറാനിലെ 103-ാം വചനത്തില്‍ അല്ലാഹു പറയുന്നു:

''നിങ്ങള്‍ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്.'' 

ഇവിടെ അല്ലാഹുവിന്റെ പാശം എന്നത് കൊണ്ടുള്ള വിവക്ഷ എന്ത് എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ പല രീതിയില്‍ വിശദീകരണം പറഞ്ഞിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: 'നിങ്ങള്‍ അല്ലാഹുവിന്റെ ദീന്‍ മുറുകെ പിടിക്കുക.' ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: 'അത് അല്‍ജമാഅയാണ്.' (അല്‍ ജമാഅയെന്നാല്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅ). അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ സംഘത്തെ മുറുകെ പിടിക്കുക. അതാണ് അല്ലാഹു കല്‍പിച്ചത്. നിങ്ങള്‍ സംഘത്തിലും അനുസരണയിലും വെറുക്കുന്ന കാര്യം ഭിന്നിപ്പിലും വിഘടനതയിലും നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യത്തെക്കാള്‍ ഉത്തമമാണ്.' 

ഇമാം മുജാഹിദ്(റഹി)യും അത്വാഅ്(റഹി)യും പറഞ്ഞു: 'അത് അല്ലാഹുവിന്റെ കരാറാണ്.' ഇമാം ക്വതാദയും സുദ്ദിയും പറഞ്ഞു: 'അത് ക്വുര്‍ആനാണ്.'

ഈ പറഞ്ഞ വിശദീകരണങ്ങള്‍ വ്യത്യസ്ത പ്രയോഗങ്ങളാണെങ്കിലും ഒരേ ആശയം ഉള്‍ക്കൊള്ളുന്നവയാണ്. എല്ലാ പ്രയോഗങ്ങളും ഇമാം ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞ 'അല്ലാഹുവിന്റെ ദീന്‍' എന്ന പ്രയോഗത്തെ പ്രതിനിധീകരിക്കുന്നു. 

ഇതേ പ്രയോഗം നബി ﷺ യും പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതായി അബൂഹുറയ്‌റ(റ) പറയുന്നു: 'അല്ലാഹു നിങ്ങള്‍ക്ക് മൂന്ന് കാര്യങ്ങള്‍ തൃപ്തിപ്പെടുകയും മൂന്ന് കാര്യങ്ങള്‍ കോപിക്കുകയും ചെയ്യുന്നു. അല്ലാഹു തൃപ്തിപ്പെടുന്ന മൂന്ന് കാര്യം നിങ്ങള്‍ അല്ലാഹുവില്‍ പങ്കുകാരെ ആക്കാതെ അവനെ മാത്രം ആരാധിക്കലും അവന്റെ പാശത്തെ മുറുകെ പിടിക്കലും അല്ലാഹു നിങ്ങളുടെ കാര്യം ഏല്‍പിച്ചവരോട് (ഭരണാധികാരികളോട്) ഗുണം കാംക്ഷിക്കലുമാണ്.

ഇമാം ബഗവിയും ഇബ്‌നു കഥീറും അവരുടെ തഫ്‌സീറുകളില്‍ ഉദ്ധരിച്ച ഇബ്‌നു മസ്ഊദ്(റ)വിന്റെ മറ്റൊരു ഹദീഥില്‍ റസൂല്‍ ﷺ ഇങ്ങെന പറഞ്ഞതായി കാണാം: 'തീര്‍ച്ചയായും ക്വുര്‍ആന്‍ അല്ലാഹുവിന്റെ പാശമാണ്. അത് വ്യക്തമായ പ്രകാശമാണ്. ഉപകാരപ്രദമായ ശമനമാണ്. അതിനെ മുറുകെ പിടിക്കുന്നവന് സുരക്ഷിതത്വവും അതിനെ പിന്‍പറ്റുന്നവന് വിജയവും ഉണ്ടാകുന്നതാണ്.'

ഇമാം ത്വബ്‌രി(റഹി) അല്ലാഹുവിന്റെ പാശം എന്ന പ്രയോഗത്തെ വിശദീകരിച്ച് ഒരുപാട് പണ്ഡിതന്മാരുടെ ഉദ്ധരണികള്‍ അദ്ദേഹത്തിന്റെ തഫ്‌സീറില്‍ കൊണ്ടുവരുന്നുണ്ട്. എന്നാല്‍ അവയെല്ലാം വൈവിധ്യങ്ങളാണ്. വൈരുധ്യമല്ല. എല്ലാ പ്രയോഗങ്ങള്‍ കൊണ്ടും അര്‍ഥമാക്കുന്നത് ഇസ്‌ലാമാണ്. അതു തന്നെയാവണം ഇവിടെ ഇമാം ഇബ്‌നു അബീദാവൂദ് (റഹി) ഉദ്ദേശിച്ചതും.

2. ഇവിടെ സന്മാര്‍ഗം പിന്‍പറ്റുക എന്നത് കൊണ്ടുള്ള ഉദ്ദേശം അല്ലാഹു പ്രവാചകന്‍ ﷺ മുഖേന അവതരിപ്പിച്ച വിശ്വാസപരവും കര്‍മപരവുമായ കാര്യങ്ങളെ പിന്‍പറ്റുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ്.

ഹിദായത്തിന്റെ ഭാഷാപരമായ അര്‍ഥം 'വഴി കാണിക്കുക' എന്നാണ്. 'ഹദാഹുല്ലാഹു' എന്ന് പറഞ്ഞാല്‍ 'അല്ലാഹു അവനെ ദീനിലേക്ക് വഴി കാണിച്ചു' എന്നാണ് അര്‍ഥം.

'ഹുദ' എന്ന് പറഞ്ഞാലും 'ഹിദായത്ത്' എന്ന് പറഞ്ഞാലും ഒരേ അര്‍ഥമാണ്. ഹിദായത്ത് രണ്ട് രീതിയിലാണ്. ഒന്ന്. ഹിദായത്തുല്‍ ബയാന്‍. രണ്ട് ഹിദായത്തു തൗഫീക്വ്.

ജീവിത വിജയം കൈവരിക്കുവാന്‍ ഹുദയെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. ഇതാണ് ആദം നബിൗമിനോട് അല്ലാഹു സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറക്കിയതിന് ശേഷം കല്‍പിച്ചത്.

''നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും'' (അല്‍ബക്വറ: 38,39).

''എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല'' (ത്വാഹ:123).

ഇവിടെ അല്ലാഹു പറഞ്ഞ 'ഹുദ' വിശ്വാസപരവും കര്‍മപരവുമായ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട വ്യക്തമായ തെളിവുകളും ഉല്‍ബോധനങ്ങളും ആണ്. അഥവാ യഥാര്‍ഥ ദീന്‍ ഉള്‍ക്കൊള്ളുക എന്നത്.

ഈ വചനങ്ങളെ വിശദീകരിച്ച് ഇമാം സഅദി പറഞ്ഞു: 'അതുകൊണ്ട് ഈ മാര്‍ഗത്തെ പിന്‍പറ്റണമെന്നും ഇതല്ലാത്തത് പിന്‍പറ്റിയാല്‍ നിങ്ങള്‍ വഴി പിഴച്ച് പോകുമെന്നും അല്ലാഹു നിര്‍ദേശിച്ചു.'

''ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്'' (അല്‍ അന്‍ആം: 153).

നിര്‍ദേശം നല്‍കുക, തെളിവുകള്‍ നിരത്തുക എന്നതാണ് ഹിദായത്തുല്‍ ബയാന്‍. തെളിവുകള്‍ സ്വീകരിക്കുവാനുള്ള അവസരവും തൗഫീക്വും നല്‍കുക എന്നതാണ് ഹിദായത്തു തൗഫീക്വ.് ആദ്യത്തെ അര്‍ഥമാണ് ഇവിടെ ഉദ്ദേശം. തൗഫീക്വ് നല്‍കുക എന്ന അര്‍ഥത്തിലുള്ള ഹിദായത്ത് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു'' (അല്‍ ഖസ്വസ്വ്:56).

ഇതില്‍ പിന്‍പറ്റലില്ല. ഇത് അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കനിഞ്ഞരുളുന്ന അവന്റെ ഔദാര്യമാണ്. പിന്‍പറ്റേണ്ടത് അവന്റെ തെളിവുകളും നിര്‍ദേശങ്ങളുമാകുന്ന ഹിദായത്തുകളെയാണ്. ജീവിത വിജയം കൈവരിക്കുവാന്‍ ഹുദയെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. ഇഹത്തിലെയും പരത്തിലെയും വിജയം ഇവയെ പിന്‍പറ്റുന്നതിലൂടെയാണ് കരഗതമാകുക. ഇതാണ് സ്വര്‍ഗലോകത്ത് നിന്ന് പുറത്താക്കിയ ശേഷം ആദം നബിൗമിനോട് കല്‍പിച്ചത്. (തുടരും)