സത്യാന്വേഷണം കുറ്റകൃത്യമല്ല

ഡോ.മീന

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19

റോട്ടി, കപട, മകാന്‍ (ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം) എന്ന് പറയുന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായുള്ളവയാണ് വെള്ളവും ഭക്ഷണവും വായുവും എങ്കില്‍ ജീവിതത്തിന്റെ തന്നെ അര്‍ഥവും പ്രസക്തിയും അറിയാനുള്ള മൗലികമായ ഒന്നാണ് ഞാന്‍ എന്തിനുവേണ്ടി ജീവിക്കുന്നു എന്ന് ചോദിക്കാനുള്ള അവകാശം. ഈ ചോദ്യത്തിന്റെ ഉത്തരം അന്വേഷിക്കുന്നവര്‍ കുറേയൊന്നും സമൂഹത്തില്‍ ഉണ്ടാകണമെന്നില്ല. എങ്കിലും ഈ ചോദ്യം എപ്പോഴെങ്കിലും ആരോടെങ്കിലും ചോദിക്കാത്തവര്‍, അല്ലെങ്കില്‍ സ്വന്തത്തോടെങ്കിലും ചോദിക്കാത്തവര്‍ വളരെ വിരളമായിരിക്കും.

ഈ ചോദ്യം ഉള്ളില്‍ മുളപൊട്ടിയ ഒരാള്‍ക്ക് അതിന്റെ ഉത്തരം കണ്ടെത്തുക അത്യന്താപേക്ഷിതമാണ് താനും. ഈ ഒരു അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് ഇതിന്റെ ഉത്തരം എന്താണെന്നും എവിടെ അത് കണ്ടെത്തുമെന്നും ആദ്യമേ അറിയില്ല. കുറെ വായിക്കുമ്പോള്‍, കുറെ ആളുകളോട് സംസാരിക്കുമ്പോള്‍ ഒരു ദിശ കിട്ടിത്തുടങ്ങും. ഈ അന്വേഷണം അവസാനം എത്തിച്ചേരുന്നത് ൈദവത്തെക്കുറിച്ചും പ്രപഞ്ചത്തിലുള്ള അവന്റെ ഇടപെടലുകളെ കുറിച്ചുമെല്ലാമുള്ള പഠനത്തിലാണ്. ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള ഈ അന്വേഷണത്തില്‍ ഒരുവന്‍ മതങ്ങളെ അറിയാന്‍ ശ്രമിച്ചുവെങ്കില്‍, അവന്‍ മതതാരതമ്യ പഠനം നടത്തി എങ്കില്‍, അങ്ങനെ അവന് ബോധ്യമായ ഒരു മതം സ്വീകരിച്ചുവെങ്കില്‍ അതില്‍ എന്ത് തെറ്റാണുള്ളത്?

ഇന്ന് ഇത്തരത്തില്‍ ആത്മീയതയുടെ വഴിയില്‍ നീങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു സത്യാന്വേഷിയെ കുറ്റക്കാരനായിട്ടാണ് നമ്മുടെ സമൂഹത്തില്‍ പലരും കാണുന്നത്. അങ്ങനെയുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ തന്റെ മനസ്സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയം സമാധാനമേകുകയും ചെയ്യുന്ന ഒരു മതം ആശ്ലേഷിക്കുന്നതിനെ നിയമവ്യവസ്ഥയും ഭരണകൂടവും പൊതുസമൂഹവും മീഡിയകളുമെല്ലാം മഹാപാതകമായി കാണുവാന്‍ ശ്രമിക്കുന്നുണ്ടോ എന്ന സംശയത്തിന് ബലം നല്‍കുന്ന പല സംഭവങ്ങളും നമ്മുടെ നാട്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട് എന്ന വസ്തുത നാം വിസ്മരിച്ചുകൂടാ.

പറഞ്ഞുവരുന്നത് ഇസ്‌ലാമിനെക്കുറിച്ചാണ്. ഇസ്‌ലാമിനെക്കുറിച്ച തെറ്റിദ്ധാരണകളാണ് എല്ലാ കുഴപ്പങ്ങളുടെയും പിന്നിലുള്ളത്. മതം ദൈവദത്തമാണ്. അവന്റെ മാര്‍ഗദര്‍ശനമാണ്. അത് സത്യത്തിലേക്കും നന്മയിലേക്കുമാണ് നമ്മെ ക്ഷണിക്കുന്നത്. നമ്മുടെ നീറുന്ന പ്രശ്‌നങ്ങള്‍ സമര്‍പ്പിക്കാന്‍ നമുക്ക് ദൈവമുണ്ട് എന്ന സത്യമാണത് നമ്മെ പഠിപ്പിക്കുന്നത്. ദൈവമാര്‍ഗത്തിലുള്ള നമ്മുടെ കഷ്ടപ്പാടുകള്‍ക്കും ത്യാഗങ്ങള്‍ക്കും മരണശേഷം പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്തയാണ് അത് നല്‍കുന്നത്.

ആ സ്രഷ്ടാവ് ഏകനാണ്. ജാതി, മത, വര്‍ഗ, വര്‍ണ, കുബേര, കുചേല, ദേശ, ഭാഷ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടെയും എല്ലാ ജീവജാലങ്ങളുടെയും എന്നല്ല അഖിലാണ്ഡ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്. അവനെ മാത്രം ആരാധിച്ച് അവന്റെ ദൂതന്റെ കല്‍പനകള്‍ പിന്‍പറ്റി നല്ല മനുഷ്യരായി ജീവിക്കാനാണ് മതം നമ്മെ പഠിപ്പിക്കുന്നത്. എല്ലാ നന്മകളുടെയും വിളനിലമായ നല്ല മനുഷ്യന്‍. കുടുംബത്തിലും സമൂഹത്തിലും കഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ അവരെ സഹായിക്കല്‍ തന്റെ ബാധ്യതയാണെന്ന് മനസ്സിലാക്കിയ മനുഷ്യന്‍. ഇതിനെല്ലാം പ്രതിഫലമായി നാളെ മരണാനന്തര ജീവിതത്തില്‍ ൈദവത്തിന്റെ സമ്മാനമായി സ്വര്‍ഗമുണ്ടെന്ന സന്തോഷവാര്‍ത്തയാണ് മതം നല്‍കുന്നത്.

പിന്നെ എന്തുകൊണ്ടാണ് പലരും ഇസ്‌ലാമിനെ വെറുക്കുന്നത്? ഭയക്കുന്നത്?

തീവ്രവാദം, സ്ത്രീ സ്വാതന്ത്ര്യനിഷേധം തുടങ്ങിയ ചില ആരോപണങ്ങള്‍ ഇസ്‌ലാമിനെതിരെ ഉന്നയിക്കപ്പെടുന്നു. അത് സ്ഥാപിക്കുവാന്‍ പല ഭാഗങ്ങളില്‍ നിന്നായി നിരന്തര ശ്രമങ്ങള്‍ നടക്കുന്നു. ലോക മാധ്യമങ്ങള്‍ അതിനു വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നു. ജനമനസ്സുകളില്‍ അത് ആഴത്തില്‍ പതിയുന്നു. അറബി പേരുകളില്‍ ചില തീവ്രവാദ സംഘടനങ്ങള്‍ ചില മതദ്രോഹികള്‍ തട്ടിപ്പടക്കുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ ആരോപണമെല്ലാം ശരിയാണെന്ന മട്ടില്‍ വ്യാഖ്യാനം വരുന്നു. ഇതാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

തീവ്രവാദം മതത്തിന് അന്യമാണ്. അത് നിരപരാധികളോടുള്ള കൊടും ക്രൂരതയാണ്. സത്യത്തില്‍ അത് പലപ്പോഴും ഉടലെടുക്കുന്നത് അതാത് രാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികളില്‍നിന്നാണ്. അവയോടുള്ള ആ രാജ്യങ്ങളിലെ യുവാക്കളുടെ പ്രതിഷേധവും പ്രതികരണവുമാണ് തീവ്രവാദമായി പുറത്തുവരുന്നത്. ഇതിന് പിന്നീട് മതത്തിന്റെ മുഖംമൂടി അണിയിക്കപ്പെടുന്നു എന്നു മാത്രം.

യഥാര്‍ഥത്തില്‍ മതം സ്ത്രീ സുരക്ഷയാണ് ആഗ്രഹിക്കുന്നത്; അവളുടെ സ്വാതന്ത്ര്യത്തെ ഹനിക്കലല്ല. അതിനുവേണ്ടിയാണ് അവള്‍ക്ക് വസ്ത്രധാരണ വിഷയത്തില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയത്. പെരുമാറ്റ മര്യാദകള്‍ പഠിപ്പിച്ചത്. കൂടാതെ സ്ത്രീയോടും പുരുഷനോടും ഒരുപോലെ കണ്ണുകള്‍ നിയന്ത്രിക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുമുണ്ട്. ഇതൊക്കെ പാലിക്കപ്പെട്ടാല്‍ നിര്‍ഭയ പോലുള്ള സംഭവങ്ങള്‍ കൂടുകയാണോ കുറയുകയാണോ ചെയ്യുക എന്ന് നാം ചിന്തിക്കുക. സുരക്ഷ നല്‍കുന്ന ഈ നിയന്ത്രണങ്ങള്‍ എങ്ങനെയാണ് സ്വാതന്ത്ര്യനിഷേധമായി മാറുന്നത്?

ഇസ്‌ലാം മനുഷ്യരെ പരസ്പരം അകറ്റാനല്ല അടുപ്പിക്കാനാണ് ശ്രമിക്കുന്നത്. പരസ്പര സ്‌നേഹവും സാഹോദര്യവുമാണ് അത് കല്‍പിക്കുന്നത്. മതസമൂഹങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കി അധികാരക്കസേരയിലിരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു നമ്മുടെ രാജ്യത്ത്. ഇത് തീര്‍ത്തും മാനവിക വിരുദ്ധമാണ്.

എല്ലാവിധ അന്ധകാരങ്ങളില്‍നിന്നും മനുഷ്യരെ കൈപിടിച്ച് വെളിച്ചത്തിലേക്കു നയിക്കാന്‍ ൈദവത്താല്‍ നിയോഗിതരായ എല്ലാപ്രവാചകന്മാരെയും അന്തിമവേദം അഥവാ ഇസ്‌ലാം ഒരുപോലെയാണ് കാണുന്നത്. അവര്‍ക്കിടയില്‍ വിവേചനം കല്‍പിച്ചതാണ് മുമ്പ് സമൂഹത്തില്‍ വിഭാഗീയത വളരാനുള്ള ഒരു നിമത്തമായി മാറിയത്.

തീവ്രവാദത്തിനും അക്രമത്തിനും അരാജകത്വത്തിനും അവകാശലംഘനങ്ങള്‍ക്കും എല്ലാമുളള പരിഹാരം മതത്തിനുള്ളിലുണ്ട്. ദൈവഭയമുള്ളവന് ഇതിന് കഴിയില്ല.

മതം എന്നാല്‍ ദൈവത്തിന്റെ മാര്‍ഗദര്‍ശനം. അത് പിന്‍പറ്റി മനുഷ്യര്‍ നന്നായി ജീവിക്കരുത് എന്ന ലക്ഷ്യം ചില അന്തര്‍ദേശീയ ശക്തികള്‍ക്കുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. മാധ്യമങ്ങളെ നിയന്ത്രിക്കുന്ന പാശ്ചാത്യന്‍ ശക്തികേന്ദ്രങ്ങള്‍ ലോകത്താകമാനം ജനങ്ങളില്‍ ഇസ്‌ലാം വിരുദ്ധ ചിന്താഗതി വളര്‍ത്തുവാനുള്ള അജണ്ട മെനഞ്ഞെടുത്തിട്ടുണ്ട്. തല്‍ഫലമായി ഇന്ന് ഇസ്‌ലാം എന്നു കേള്‍ക്കുന്നതു തന്നെ പലര്‍ക്കും ഭയമാണ്. അത്രമാത്രം അവര്‍ക്ക് അത് അരോചകമായിത്തീര്‍ന്നിരിക്കുന്നു.

ദൈവഭയവും മനുഷ്യസാഹോദര്യവും നിലനില്‍ക്കുന്ന ഒരവസ്ഥക്കു വേണ്ടി നമുക്ക് ഒത്തുചേര്‍ന്ന് പണിയെടുക്കാം.