ഇളകിയാടുന്ന നീലത്തിമിംഗലങ്ങള്‍

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

2017 ഡിസംബർ 16 1439 റബിഉല്‍ അവ്വല്‍ 27

പുതുതലമുറ പഴയതലമുറയ്ക്ക് അത്ഭുതവും ഭീതിയും വളര്‍ത്തുക സ്വാഭാവികമാണ്. ചക്രമെന്തെന്നറിയാതെ ജീവിച്ച ജനതക്ക് മുന്നില്‍ ചക്രവും വാഹനങ്ങളും പ്രത്യക്ഷപ്പെട്ടപ്പോള്‍ അത്ഭുതത്തെക്കാളുപരി ഭീതിയായിരിക്കും സമ്മാനിച്ചിരിക്കുക. കാളകളെ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്ന നെല്‍പാടങ്ങളിലേക്ക് യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി ട്രാക്ടര്‍ ഇറങ്ങിയപ്പോള്‍ കര്‍ഷക മനസ്സില്‍ ആഹ്ലാദത്തോടൊപ്പം തൊഴിലാളി മനസ്സുകളില്‍ അവ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന ഭീതിയാണുണ്ടാക്കിയത്. ആധുനികവത്ക്കരണത്തിന്റെ കാഹളം മുഴക്കി കംപ്യൂട്ടര്‍ വന്നപ്പോള്‍ നവോത്ഥാന പ്രസ്ഥാനങ്ങളെന്ന് സ്വയം വിലയിരുത്തുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോലും ഭയന്നതിന്റെ ചരിത്ര സാക്ഷ്യം കേരളത്തിനു മുമ്പിലുണ്ട്. മാനവ ചരിത്രത്തിലുടനീളം ഈ ഭീതി നിലനിന്നതായി കാണുവാന്‍ സാധിക്കും.

ഇതേ പ്രതിസന്ധിയാണ് 21-ാം നൂറ്റാണ്ടില്‍ ലോകത്തെ മുഴുവന്‍ മൊബൈല്‍ സ്‌ക്രീനിലേക്ക് ചുരുക്കിക്കെട്ടിയ സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഉടലെടുക്കുകയും ഇന്ന് അതിന്റെ അതിപ്രസരത്തില്‍ ഭീതിജനകമായ സാഹചര്യങ്ങള്‍ വിശിഷ്യാ കൗമാര പ്രായക്കാരുടെ രക്ഷിതാക്കളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുള്ളത്.

ആസ്വാദനങ്ങളുടെ അസാധ്യവും അപ്രാപ്യവുമായ മുഴുവന്‍ വഴികളും വീടിന്റെ സ്വീകരണ മുറിയിലേക്ക് കൊണ്ടുവരികയാണ് ടെലിവിഷന്‍ യുഗം ചെയ്തതെങ്കില്‍ അവയുടെയും അവയ്ക്കപ്പുറമുള്ളതിനെയും ഉള്ളം കൈയിലേക്ക് ചുരുക്കിക്കൊടുക്കുകയാണ് സ്മാര്‍ട്ട് ഫോണുകളുടെ സഹായത്തോടെ മീഡിയ ചെയ്തു വെച്ചത്! സ്വകാര്യത, സദാചാരം, ബന്ധങ്ങള്‍ക്കിടയില്‍ പാലിക്കേണ്ടതായ മറകള്‍, മര്യാദകള്‍ എന്നിങ്ങനെ മാനവരാശിയുടെ താളവും സുസ്ഥിരതയും സാധ്യമായിരുന്ന സകല അളവുകോലുകളെയും പറിച്ചെറിഞ്ഞിരിക്കുകയാണ് ന്യൂ മീഡിയ.

ഇവയുടെ തുറന്നുവെച്ച കരാള ഹസ്തങ്ങളിലേക്ക് പുതുതായി പിടിപ്പിച്ച ചില ഗെയ്മുകളാണ് തീവ്രവാദ ഭീഷണിയോളം ലോകത്തങ്ങോളമിങ്ങോളം ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ബ്ലൂവെയില്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മരണക്കെണിയുടെ വലവിരിച്ച് വേടന്‍മാര്‍ കാത്തിരിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലാണെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. കൗമാരക്കാരുടെ സ്വാഭാവിക ആകാംക്ഷകളെയും ആത്മവിശ്വാസ പരീക്ഷണങ്ങളെയും സ്വയം മരണം വരിക്കാനുള്ള ഉപാധിയാക്കി മാറ്റുന്നു എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ബ്ലൂവെയില്‍ ലോകത്തങ്ങോളമുള്ള കോടിക്കണക്കിന് ചെറുപ്പക്കാരെയും മധ്യവയസ്‌കരെയും കുട്ടികളെയും സ്ത്രീകളെയും ബുദ്ധിപരവും സാമൂഹികവുമായി അടിമകളാക്കി മാറ്റിയിരിക്കുകയാണ് എന്ന തിരിച്ചറിവ് എത്രപേര്‍ക്കുണ്ട്?

ജീവിതത്തെ യഥാര്‍ഥ ലക്ഷ്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനുവേണ്ടി ഉണ്ടാക്കിയ  ഏറ്റവും വലിയ മുദ്രാവാക്യമാണ് ജീവിതം ആവേശമാണ് എന്നത്. സത്യത്തില്‍ ജീവിതത്തില്‍ ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും അസുലഭ മുഹൂര്‍ത്തങ്ങളുണ്ടാകണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.  പക്ഷേ, ജീവിതം മുഴുവന്‍ ഒരു തരം ആഘോഷമായി കാണണമെന്നും ആ ആഘോഷങ്ങള്‍ പകിട്ടുള്ളതായി മാറണമെന്നും അതിന് നിറംകൂട്ടുന്നതിന് മദ്യത്തന്റെയും പെണ്ണിന്റെയും അകമ്പടി വേണമെന്നും അവ നേടിയെടുക്കുന്നതിന് കൂടുതല്‍ പണമുണ്ടാക്കുവാനുള്ള എളുപ്പ വഴികള്‍ തേടണമെന്നും പറയാതെ പറയുകയാണ് ഇത്തരം പതുമാധ്യമങ്ങള്‍.

അങ്ങനെ വരച്ചുവെച്ച കളത്തിനകത്ത് നില്‍ക്കുന്നവര്‍ മാത്രമെ ആധുനിക കാലത്തിനനുസരിച്ച് ജീവിക്കാന്‍ യോഗ്യത നേടിയിട്ടുള്ളൂ എന്ന് പറഞ്ഞ് ഈ കളത്തില്‍ നിന്ന് പുറത്താകാതിരിക്കുവാന്‍ സകല ധാര്‍മിക സീമകളെയും ലംഘിക്കുവാന്‍ പറ്റിയ പുതിയ തലമുറയുടെ വാര്‍ത്തെടുക്കലാണിവിടെ നടന്നുകൊണ്ടിരിക്കുന്നത്

 ഈ നിറക്കൂട്ടുകള്‍ക്കിടിയില്‍ വാര്‍ധക്യത്തിനും വൃദ്ധന്മാര്‍ക്കും സ്ഥാനമില്ലാതെ പോകുന്നു. രോഗികളും ശയ്യാവലംബികളും അധികപ്പറ്റായി മാറുന്നു. കറുത്തവരും ചുരുണ്ട മുടിക്കാരും അകറ്റിനിര്‍ത്തപ്പെടുന്നു. പണമില്ലാത്തവര്‍ ജീവിക്കാന്‍ യോഗ്യതയില്ലാത്തവരാകുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം ഭീതിതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

സാമൂഹ്യ അന്തരീക്ഷത്തെ ഗുരുതരമായി ത്രസിച്ചുകഴിഞ്ഞ ഈ ദുരന്തത്തെ നമുക്കൊന്നായി അതിജീവിക്കണം. അതിന് താഴെ പറയുന്ന കാര്യങ്ങള്‍ ഉറപ്പു വരുത്തുവാന്‍ നാം ശ്രമിക്കുന്നത് നന്നായിരിക്കും:

1. പണക്കൊഴുപ്പിന്റെ മേളകള്‍ മാത്രമല്ല ജീവിതമെന്ന് മക്കളെ നിരന്തരം ബോധ്യപ്പെടുത്തുക. ഇതിനായി ഹോസ്പിറ്റലുകള്‍, മാനസികാരോഗ്യകേന്ദ്രങ്ങള്‍, അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പ്രേരിപ്പിക്കുക.

2. സമ്പാദിക്കുന്നതിനോടൊപ്പം നല്ല കാര്യങ്ങളില്‍ ചെലവഴിക്കുവാന്‍ കൂടിയുള്ള പ്രേരണ ചെറുപ്പത്തിലേ നല്‍കുക

3. പുതിയ സാങ്കേതിക ഉപകരണങ്ങള്‍ (സ്മാര്‍ട്ട് ഫോണ്‍ അടക്കം) പ്രായവും പക്വതയും വിലയിരുത്തിയ ശേഷം മാത്രം നല്‍കുക.

4. മക്കളുടെ നല്ല സഹചാരിയും സുഹൃത്തുക്കളുമായി മാറുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക.

5. മതം ജീവിതത്തില്‍ നിലനിര്‍ത്തലാണ് ഏത് പ്രശ്‌നത്തിനുമുള്ള പരിഹാരമെന്ന തിരിച്ചറിവ് പകര്‍ന്നു നല്‍കുക.

6. മത-ധാര്‍മിക ശിക്ഷണങ്ങള്‍ ജീവിത വഴിയില്‍ മക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തുക.

7. സ്വകാര്യമായ ഇന്റര്‍നെറ്റ് ഉപയോഗം (വീട്ടിലായാലും) തടയുക.

8. ബാധ്യതകളെയും കഴിവുകളെയും പരസ്പരം ബന്ധപ്പെടുത്തി ഗുണപരമായി വിനിയോഗിക്കുവാന്‍ ശീലിപ്പിക്കുക