മതം നിർഭയത്വമാണ്‌

ഉസ്മാൻ പാലക്കാഴി

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

ലോകത്ത്‌ ഇന്ന്‌ ഒട്ടേറെ മതങ്ങൾ നിലവിലുണ്ട്‌. വ്യക്തികളുടെ നാമവുമായോ അല്ലെങ്കിൽ ഏതെങ്കിലും സംസ്കാരവുമായോ ബന്ധപ്പെടുന്നതാണ്‌ അവയിലധികവും. ഹിന്ദുമതവും ക്രിസ്തുമതവും ബുദ്ധമതവുമെല്ലാം അതിന്റെ ചില ഉദാഹരണങ്ങളാണ്‌.

എന്നാൽ ഇസ്ലാം ഇതിൽനിന്നെല്ലാം വിഭിന്നമാണ്‌. ഇസ്ലാം എന്ന പദം തന്നെ അതിന്റെ വ്യതിരിക്തത അറിയിക്കുകയാണ്‌. ശാന്തി, സമാധാനം എന്നെല്ലാം അർഥം വരുന്ന `സില്മ്‌` എന്ന പദ ധാതുവിൽ നിന്നാണ്‌ `ഇസ്ലാം` നിഷ്പന്നമായിട്ടുള്ളത്‌. ഒരാൾ തന്റെ ജീവിതത്തെ സർവശക്തനായ അല്ലാഹുവിന്‌ സമ്പൂർണമായി സമർപിക്കുമ്പോഴാണ്‌ അയാൾ മുസ്ലിമായിത്തീരുന്നത്‌.

വിശുദ്ധ ക്വുർആൻ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത്‌ പ്രപഞ്ചത്തിന്റെയും മനുഷ്യപ്രകൃതിയുടെയും മതമായിട്ടാണ്‌. അതായത്‌ ആകാശങ്ങളുടെയും ഭൂമിയുടെയും ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സകല ജീവജാലങ്ങളുടെയും മതം. ക്വുർആൻ പറയുന്നത്‌ കാണുക:

“അപ്പോൾ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റുവല്ല മതവുമാണോ അവർ ആഗ്രഹിക്കുന്നത്‌? (വാസ്തവത്തിൽ) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിർബന്ധിതമായോ അവന്ന്‌ കീഴ്പെട്ടിരിക്കുകയാണ്‌. അവനിലേക്ക്‌ തന്നെയാണ്‌ അവർ മടക്കപ്പെടുന്നതും” (3:83).

“ആകയാൽ (സത്യത്തിൽ) നേരെ നിലകൊള്ളുന്നവനായിട്ട്‌ നിന്റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ച്‌ നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരിൽ അധിക പേരും മനസ്സിലാക്കുന്നില്ല” (30:30).

`മുഅ​‍്മിൻ` അഥവാ `വിശ്വാസി` എന്നും മുസ്ലിം വിളിക്കപ്പെടുന്നു. `നിർഭയത്വം,` `സുരക്ഷിതത്വം` എന്നൊക്കെ അർഥമുള്ള `അമ്ന്‌` എന്ന പദധാതുവിൽ നിന്നാണ്‌ `ഈമാൻ` (വിശ്വാസം) എന്ന പദം നിഷ്പന്നമായിരിക്കുന്നത്‌. സ്രഷ്ടാവിന്‌ സമ്പൂർണമായി കീഴ്പെട്ട്‌, അവനിൽ ഭരമേൽപിച്ച്‌, വിശ്വസിക്കേണ്ട കാര്യങ്ങളിലെല്ലാം ദൃഢമായി വിശ്വസിച്ചും ചെയ്യേണ്ട കർമങ്ങളെല്ലാം ചെയ്തും ജീവിക്കുന്ന മുസ്ലിം അനിർവചനീയമായ നിർഭയത്വം അനുഭവിക്കുന്നവനായിരിക്കുമെന്നതിൽ സംശയമില്ല.

മുഅ​‍്മിൻ, ഈമാൻ, അമാൻ, അമാനത്ത്‌, അമീൻ തുടങ്ങിയ പദങ്ങളെല്ലാം ഒരേ അർഥം സൂചിപ്പിക്കുന്നതാണ്‌. വിശുദ്ധക്വുർആനിൽ എണ്ണൂറിൽ പരം തവണ അംനിന്റെ വിവിധ രൂപങ്ങൾ ഉപയോഗിച്ചതായി കാണാം. സൗഭാഗ്യം, സുഖം, സന്തോഷം, ഭയത്തിൽനിന്നും ദുഃഖത്തിൽനിന്നുമുള്ള മോചനം തുടങ്ങിയവ അല്ലാഹുവിനെയും പ്രവാചകനെയും അനുസരിച്ച്‌ ജീവിതം ക്രമീകരിക്കുന്നവർക്ക്‌ ലഭിക്കുന്ന കാര്യങ്ങളാണ്‌.

ആരും ശാരീരികമായി ഉപദ്രവിക്കപ്പെടരുത്‌. ആരുടെയും അഭിമാനത്തിന്‌ ക്ഷതമേൽക്കരുത്‌, സമ്പത്ത്‌ മോഷ്ടിക്കപ്പെടുകയോ അന്യാധീനപ്പെടുകയോ ചെയ്യരുത്‌. അവനവന്റെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും വെച്ചുപുലർത്താനും അത്‌ പ്രചരിപ്പിക്കാനും ആരെയും ഭയപ്പെടേണ്ട അവസ്ഥയുണ്ടാകരുത്‌. വ്യക്തികളും കുടുംബങ്ങളും സമൂഹവും ഈ സുരക്ഷിതബോധത്തിനുള്ളിലായിരിക്കണം. ഈ നിർഭയത്വം എല്ലാവരും ആഗ്രഹിക്കുന്നു.

ഇസ്ലാം നിർഭയത്വത്തിന്‌ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്‌. നന്മ കൽപിക്കുക, തിന്മ വിരോധിക്കുക, കുറ്റകൃത്യങ്ങൾക്ക്‌ ശിക്ഷാവിധി നടപ്പിലാക്കുക തുടങ്ങിയവയെല്ലാം സമൂഹത്തിന്റെ നിർഭയാവസ്ഥ നിലനിർത്താൻ അനിവാര്യമാണെന്നതിൽ സംശയമില്ല. രാജ്യത്തിനും ജനങ്ങൾക്കും ഉന്നതമായലക്ഷ്യങ്ങൾ നേടിയെടുക്കാനും സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധിയുണ്ടാകുവാനും നിർഭയത്വം അനിവാര്യമാണ്‌.

നിർഭയ രാജ്യം

നിർഭയത്വമുള്ളതും ഫലഭൂയിഷ്ടവുമായ നാട്‌ മഹത്തായ അനുഗ്രഹമാണ്‌:

“നിന്നോടൊപ്പം ഞങ്ങൾ സൻമാർഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടിൽ നിന്ന്‌ ഞങ്ങൾ എടുത്തെറിയപ്പെടും. എന്ന്‌ അവർ പറഞ്ഞു. നിർഭയമായ ഒരു പവിത്രസങ്കേതം നാം അവർക്ക്‌ അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങൾ അവിടേക്ക്‌ ശേഖരിച്ച്‌ കൊണ്ടു വരപ്പെടുന്നു. നമ്മുടെ പക്കൽ നിന്നുള്ള ഉപജീവനമത്രെ അത്‌. പക്ഷേ, അവരിൽ അധികപേരും (കാര്യം ) മനസ്സിലാക്കുന്നില്ല” (28: 57).

“ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവർ ആരാധിച്ചുകൊള്ളട്ടെ. അതായത്‌ അവർക്ക്‌ വിശപ്പിന്ന്‌ ആഹാരം നൽകുകയും, ഭയത്തിന്‌ പകരം സമാധാനം നൽകുകയും ചെയ്തവനെ” (106:3,4).

ഈ അനുഗ്രഹം നഷ്ടപ്പെടുമ്പോഴേ അതിന്റെ വിലയറിയൂ. ഫലസ്തീൻ, ഇറാഖ്‌, സിറിയ, മ്യാൻമർ... യുദ്ധക്കൊതിയുടെയും വംശവെറിയുടെയും തീച്ചൂളയിൽ വെന്തെരിയുന്ന ജനലക്ഷങ്ങൾ... അശാന്തിയുടെയും ഭയത്തിന്റെയും പുകപടലങ്ങൾക്കിടയിൽ ജീവിതം തള്ളിനീക്കുന്നവർ... ദാരുണമായി കൊല്ലപ്പെട്ടവർ... നിർഭയത്വമുള്ള ഇടംതേടി പലായനം ചെയ്ത്‌ അന്യനാടുകളിൽ അഭയാർഥികളായി കഴിയുന്നവർ... വഴിയിൽ മരിച്ചുവീണവർ.... അവർക്കറിയാം നിർഭയാവസ്ഥ എന്നത്‌ മഹത്തായ അനുഗ്രഹമാണെന്നും അത്‌ നഷ്ടപ്പെട്ടാലുണ്ടാകുന്ന അവസ്ഥ എന്തുമാത്രം കടുത്തതാണെന്നും.

സ്രഷ്ടാവിൽ പങ്കുചേർക്കാത്തവർക്ക്‌ ലഭിക്കുന്ന നിർഭയത്വം

ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്നവർക്ക്‌ (തൗഹീദ്‌ ഉൾക്കൊണ്ട്‌ ജീവിച്ചവർക്ക്‌) അല്ലാഹു നൽകുന്ന വാഗ്ദാനം കാണുക:

“വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടികലർത്താതിരിക്കുകയും ചെയ്തവരാരോ അവർക്കാണ്‌ നിർഭയത്വമുള്ളത്‌...”(6: 82).

ഇതിൽ പറഞ്ഞ അന്യായം അല്ലാഹുവിൽ പങ്കുചേർക്കലാണ്‌ അഥവാ ശിർക്കാണ്‌.

“ലുക്വ്മാൻ തന്റെ മകന്‌ സദുപദേശം നൽകികൊണ്ടിരിക്കെ അവനോട്‌ ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു). എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട്‌ പങ്കുചേർക്കരുത്‌. തീർച്ചയായും അങ്ങനെ പങ്കുചേർക്കുന്നത്‌ വലിയ അക്രമം തന്നെയാകുന്നു” (31:13).

“നിങ്ങളിൽ നിന്ന്‌ വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവർക്ക്‌ പ്രാതിനിധ്യം നൽകിയത്‌ പോലെത്തന്നെ തീർച്ചയായും ഭൂമിയിൽ അവൻ അവർക്ക്‌ പ്രാതിനിധ്യം നൽകുകയും അവർക്ക്‌ അവൻ തൃപ്തിപ്പെട്ട്‌ കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തിൽ അവർക്ക്‌ അവൻ സ്വാധീനം നൽകുകയും അവരുടെ ഭയപ്പാടിന്‌ ശേഷം അവർക്ക്‌ നിർഭയത്വം പകരം നൽകുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവർ ആരാധിക്കുന്നത്‌. എന്നോട്‌ യാതൊന്നും അവർ പങ്കുചേർക്കുകയില്ല...“ (24:55).

ശരീരത്തിലും അഭിമാനത്തിലും

സമ്പത്തിലുമുള്ള നിർഭയത്വം

ഇബ്നുഉമർ​‍്യ പറയുന്നു: നബില മിനായിൽവെച്ച്‌ ചോദിച്ചു: ”ഇത്‌ ഏതു ദിവസമാണെന്ന്‌ നിങ്ങൾക്കറിയാമോ?“?അവർ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം“. അവിടുന്ന്‌ പറഞ്ഞു: ”ഇത്‌ ഒരു പരിശുദ്ധ ദിനമാണ്‌. ഇത്‌ ഏതു സ്ഥലമാണെന്നറിയാമോ?“ അവർ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം.“ അവിടുന്ന്‌ പറഞ്ഞു: ”പരിശുദ്ധമായ സ്ഥലം. ഇത്‌ ഏതു മാസമാണെന്നറിയാമോ?“ അവർ പറഞ്ഞു: ”അല്ലാഹുവിനും അവന്റെ ദൂതനും അറിയാം“. അവിടുന്ന്‌ പറഞ്ഞു: ”പരിശുദ്ധമായ മാസം.“ പിന്നീട്‌ അവിടുന്ന്‌ പറഞ്ഞു: ”നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങൾക്ക്‌ പരിശുദ്ധമാക്കിയിരിക്കുന്നു“(ബുഖാരി).

ഇസ്ലാമിക നിയമത്തിന്റെ ദൃഷ്ടിയിൽ ഒരു വ്യക്തിയുടെ അഭിമാനത്തിന്റെ മാനദണ്ഡം അയാളുടെ സാമൂഹ്യപദവിയോ സാമ്പത്തിക സ്ഥിതിയോ അല്ല. ഏതൊരു വ്യക്തിയുടെയും അഭിമാനം സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌. അത്‌ പിച്ചിച്ചീന്തുവാൻ ഇസ്ലാം അനുവദിക്കുന്നില്ല. ചെറിയവനും വലിയവനും ഉള്ളവനും ഇല്ലാത്തവനുമൊക്കെ തന്റെ മാനം നഷ്ടപ്പെടുന്നത്‌ ചിന്തിക്കുവാൻ പോലും കഴിയാത്തവരാണ്‌. എന്നാൽ ഇതരരെ അവഹേളിക്കുവാനും അപമാനിക്കുവാനും പരിഹസിക്കുവാനും ആധുനിക ജനതക്ക്‌ വല്ലാത്തൊരു ഭ്രമമാണ്‌. രാഷ്ട്രീയരംഗത്തും മാധ്യമ പ്രവർത്ത നരംഗത്തും ഇതൊക്കെ അനുവദനീയമാണെന്ന നിലയാണ്‌ ഇന്നുള്ളത്‌! അന്യന്റെ അഭിമാനത്തിന്റെ നിലയും വിലയും വ്യക്തമാക്കുന്നതാണ്‌ മുകളിൽ കൊടുത്ത നബിവചനം.

കക്ഷിരാഷ്ട്രീയത്തിന്റെയും വർഗീയതയുടെയും പേരിലുള്ള കൊലപാതകങ്ങൾ, അക്രമങ്ങൾ, വ്യാജ ഏറ്റുമുട്ടൽ കൊലകൾ, പിടിച്ചുപറി, കൊള്ള, മോഷണം... അന്യന്റെ ജീവനും സമ്പത്തിനും വില കൽപിക്കാത്ത പ്രവർത്തനങ്ങൾ! ഇതിനെയെല്ലാം പാടെ എതിർക്കുന്ന, കഠിനമായ കുറ്റമായി പരിഗണിക്കുന്ന ഇസ്ലാം നിർഭയത്വത്തിന്റെ വിളനിലമാണ്‌ ഇസ്ലാം എന്ന്‌ പഠിപ്പിക്കുകയാണ്‌.

അനീതിയും സ്വജനപക്ഷപാതവും

നിർഭയത്വം ഇല്ലാതാക്കും

ആഇശ​‍േ പറയുന്നു: ഒരു മഖ്സൂം ഗോത്രക്കാരിയുടെ മോഷണക്കേസ്‌ ഖുറൈശികൾക്ക്‌ വിഷമപ്രശ്നമായി. “അല്ലാഹുവിന്റെ ദൂതനോട്‌ അവളുടെ പ്രശ്നം സംബന്ധിച്ച്‌ ആരാണ്‌ സംസാരിക്കുക?” അവർ തമ്മിൽ തമ്മിൽ അന്വേഷിച്ചു. “തിരുമേനിയുടെ ഇഷ്ടനായ ഉസാമതുബ്നു സൈദിനല്ലാതെ മറ്റാർക്കാണ്‌ അതിന്‌ ധൈര്യം വരിക?”- ഇതായിരുന്നു അവരുടെയെല്ലാം അഭിപ്രായം. അങ്ങനെ ഉസാമ​‍േ നബിലയോട്‌ സംസാരിച്ചു. അപ്പോൾ തിരുമേനില ചോദിച്ചു: “അല്ലാഹുവിന്റെ ശിക്ഷാവിധിയിൽ നീ ശുപാർശയുമായി വരികയോ?”. തുടർന്ന്‌ അവിടുന്ന്‌ ചെയ്ത ഒരു പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു: “ഉന്നതർ മോഷ്ടിച്ചാൽ വെറുതെ വിടുകയും ദുർബലർ മോഷ്ടിച്ചാൽ ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പതിവ്‌ നിങ്ങളുടെ മുൻഗാമികൾക്കിടയിൽ നിലനിന്നത്‌ അവരുടെ നാശത്തിന്‌ ഹേതുവായിട്ടുണ്ട്‌. അല്ലാഹുവിനെക്കൊണ്ട്‌ സത്യം. മുഹമ്മദിന്റെ മകൾ ഫാത്വിമയാണ്‌ മോഷ്ടിക്കുന്നതെങ്കിൽ ഞാൻ അവളുടെ കൈ മുറിക്കുകതന്നെ ചെയ്യും”(ബുഖാരി, മുസ്ലിം).

ഇസ്ലാമിന്റെ അത്യുജ്വലമായ ഈ പ്രഖ്യാപനം ലോകചരിത്രത്തിൽ അതുല്യമാണ്‌; ആധുനിക ലോകത്തെ ഭരണാധികാരികൾക്ക്‌ ചിന്തിക്കുകപോലും അസാധ്യമായ പ്രഖ്യാപനം. നീതിയിൽ നിലകൊള്ളുകയും നീതിക്കുവേണ്ടി വാദിക്കുകയും സ്വന്തം ചെയ്തികൾ നീതിയിൽ അധിഷ്ഠിതമാക്കിയ ഒരു സമൂഹത്തെ വാർത്തെടുക്കുകയും ചെയ്ത്‌ സ്വജനതക്ക്‌ നിർഭയത്വം നൽകി പ്രവാചകൻ​‍ാർ.

വിശുദ്ധ ക്വുർആൻ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കണം. അത്‌ നിങ്ങൾക്കുതന്നെയോ നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിരുന്നാലും ശരി...” (4:135).

മാതാപിതാക്കൾക്ക്‌

നൽകുന്ന നിർഭയത്വം

ഇന്ന്‌ മനുഷ്യർ വാധക്യത്തെ വല്ലാതെ ഭയപ്പെടുന്നു; മരണത്തെ പേടിയുള്ളതുകൊണ്ടല്ല, വയസ്സായാൽ വീട്ടിൽനിന്നും പുറംതള്ളപ്പെടുമെന്നും സംരക്ഷണമില്ലാതെ കഷ്ടപ്പെടുമെന്നും ഭയന്ന്‌! വാർധക്യത്തിലെത്തിയവർക്ക്‌ ഇസ്ലാം നൽകുന്ന നിർഭയത്വം തുല്യതയില്ലാത്തതാണ്‌. ക്വുർആൻ പറയുന്നു:

“തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക്‌ നൻമചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ട്‌ പേരും തന്നെയോ നിന്റെ അടുക്കൽ വെച്ച്‌ വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയർക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക. കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവർ ഇരുവർക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക“ (17:23,24).

അബൂഹുറയ്‌റയ്ൽനിന്ന്‌ നിവേദനം. നബില പറഞ്ഞു: ”വാർധക്യം ബാധിച്ച മാതാപിതാക്കളെയോ അവരിൽ ഒരാളെയോ ലഭിച്ചിട്ടും സ്വർഗം നേടാൻ സാധിക്കാത്തവന്‌ നാശം! അവന്‌ നാശം! അവന്‌ നാശം!“ (മുസ്ലിം).

മാതാപിതാക്കളോടുള്ള കടമകളെ ഇസ്ലാം വളരെ ഗൗരവകരമായാണു കാണുന്നത്‌ ഈ പ്രമാണ വചനങ്ങൾ വ്യക്തമാക്കുന്നു. അതിൽ വീഴ്ച വരുത്തുന്നവർക്കു നാശമാണെന്നു പറഞ്ഞ പ്രവാചകൻ, അവരോടുള്ള കടമകൾ നിറവേറ്റുന്നത്‌ സ്വർഗപ്രവേശം സുസാധ്യമാക്കുമെന്നുകൂടി നമ്മെ പഠിപ്പിക്കുന്നു.

ലഹരി നിരോധിച്ചതിലൂടെയുള്ള

നിർഭയത്വം

ലഹരി സകല തിന്മകളുടെയും മാതാവാണ്‌. അതിന്റെ കെടുതി അനുഭവിക്കുന്ന ലക്ഷക്കണക്കിന്‌ വ്യക്തികളും കുടുംബങ്ങളും നമ്മുടെ നാട്ടിലുണ്ട്‌. ലഹരിയുപയോഗിച്ച്‌ വീട്ടിലേക്ക്‌ വരുന്ന ഭർത്താവിനെ ഭയന്ന്‌ ഉള്ളംപുകഞ്ഞ്‌ കഴിയുന്ന എത്രയെത്ര ഭാര്യമാർ... പിതാവിന്റെ നിഴലിനെ പോലും ഭയക്കുന്ന എത്രയെത്ര പിഞ്ചു മക്കൾ...! അയൽക്കാരുടെയും നാട്ടുകാരുടെയുമൊക്കെ സ്വസ്ഥവും നിർഭയവുമായ ജീവിതത്തിന്‌ ഭീഷണിയായ കുടിയന്മാർ!

ലഹരിവസ്തുക്കൾ വരുത്തിവെക്കുന്ന സാമൂഹ്യവിപത്തിന്റെ വ്യാപ്തി അറിയാത്തവരല്ല പ്രബുദ്ധ കേരളക്കാർ. എന്നിട്ടും നമ്മുടെ നാട്ടിൽ അതിന്റെ ഉപയോഗം വർധിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർഥി-വിദ്യാർഥിനികൾക്കിടയിൽ പോലും അതിവേഗത്തിൽ ലഹരിയോടുള്ള ജ്വരം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു!

വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സകലവിധ ലഹരിവസ്തുക്കളെയും നിഷിദ്ധമാക്കിക്കൊണ്ട്‌ ഇസ്ലാം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനു തന്നെയും നിർഭയത്വം പ്രദാനം ചെയ്യുന്നു.

ജാബിറുബ്നു അബ്ദില്ലയ്ൽനിന്നു നിവേദനം. നബി​‍ൃപറഞ്ഞു: “അധികമായാൽ ലഹരിയുണ്ടാക്കുന്നതിന്റെ അൽപവും നിഷിദ്ധമാണ്‌”(അബൂദാവൂദ്‌).

ഇസ്ലാം ഭീതിപടർത്തുന്ന

വർഗീയതക്കെതിര്‌

സമകാലിക ലോകത്ത്‌ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്‌ വർഗീയത. എന്താണ്‌ വർഗീയത? പലർക്കും പല രൂപത്തിലുള്ള നിർവചനങ്ങളുണ്ട്‌. മുഹമ്മദ്‌ നബി​‍ൃ നൽകിയ നിർവചനം കാണുക: വാസിലതുബ്നുൽ അസ്ഖഅ​‍്​‍്യ നിവേദനം: “ഞാൻ ചോദിച്ചു: `അല്ലാഹുവിന്റെ ദൂതരേ! എന്താണ്‌ വർഗീയത?` അവിടുന്ന്‌ മറുപടി നൽകി: `സ്വന്തം ആളുകളെ അന്യായത്തിൽ പിന്തുണക്കൽ” (അബൂദാവൂദ്‌).

ഒരു മതവിശ്വാസി തന്റെ വിശ്വാസവും തന്റെ മതവുമാണ്‌ ശരി എന്ന്‌ വിശ്വസിക്കുന്നത്‌ വർഗീയതയാണോ? അവൻ തന്റെ മതനിർദേശമനുസരിച്ച്‌ ജീവിക്കുന്നത്‌ വർഗീയതയാണോ? മതം നിഷ്കർഷിക്കുന്ന കർമാനുഷ്ഠാനങ്ങളിൽ നിഷ്കൃഷ്ടത പുലർത്തുന്നത്‌ വർഗീയതയാണോ? ഒരിക്കലുമല്ല! അങ്ങനെയുള്ള ഒരാളെക്കൊണ്ട്‌ ആർക്കും ഒരു പ്രയാസവും ഉണ്ടാവുകയില്ല.

“നിശ്ചയമായും അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാം മാത്രമാകുന്നു...” (ക്വുർആൻ 3:19).

“ഇസ്ലാമല്ലാത്ത മറ്റു വല്ല മതവും അവലംബിക്കുകയാണെങ്കിൽ ഒരിക്കലും (അല്ലാഹുവിങ്കൽ)​‍്യൂഅത്‌ സ്വീകാര്യമായിരിക്കയില്ല” (3:85).

ഈ ക്വുർആൻ സൂക്തങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇസ്ലാം മാത്രമാണ്‌ സത്യമതമെന്ന്‌ മുസ്ലിംകൾ വിശ്വസിക്കുന്നത്‌; അത്‌ പ്രഖ്യാപിക്കുന്നതും പ്രബോധനം ചെയ്യുന്നതും. മറ്റുള്ളവർക്കും ഇതേപോലെ ചെയ്യുവാനുള്ള അവകാശമുണ്ട്‌; പ്രമാണങ്ങളുടെ വെളിച്ചത്തിൽ അത്‌ സമർഥിക്കാനും. ഇതുകൊണ്ടൊന്നും ആർക്കും യാതൊരു പ്രയാസവുമുണ്ടാകാൻ പോകുന്നില്ല.

അന്യായമാണ്‌ ഒരാൾ ചെയ്തതെങ്കിലും അയാൾ തന്റെ സമുദായക്കാരനോ, തന്റെ സ്വന്തക്കാരനോ ആണെന്നതിനാൽ അയാളെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നത്‌ കടുത്ത അക്രമമാണ്‌. അതിനെയാണ്‌ ഇസ്ലാം വർഗീയത എന്ന്‌ വിശേഷിപ്പിച്ചത്‌. അത്‌ വൻ വിപത്തുകൾക്ക്‌ വഴിവെക്കും. നാട്ടിൽ അരാജത്വമുണ്ടാക്കും. ഭീതി പരത്തും. നിർഭയത്വം നഷ്ടപ്പെടുത്തും.

അതെ ഇസ്ലാം നിർഭയത്വത്തിന്റെ മതമാണ്‌. അത്‌ ലോകത്തിന്‌ സമർപ്പിക്കുന്ന സന്ദേശം നിർഭയത്വത്തിന്റെതാണ്‌. നീണ്ട താടിയും നെരിയാണിക്കു താഴെയിറങ്ങാത്ത പുരുഷവസ്ത്രവും ശരീരം വെളിവാക്കാത്ത സ്ത്രീ വേഷവും ഭയപ്പാടല്ല; നിർഭയത്വത്തിന്റെ സുരക്ഷത്വത്തിന്റെ സന്ദേശമാണ്‌ ലോകത്തിന്‌ നൽകുന്നത്‌. പരലോകത്ത്‌ നിർഭയത്വത്തിന്റെ സങ്കേതമായ സ്വർഗത്തിലെത്തണമെങ്കിൽ ഇഹലോകത്ത്‌ മറ്റുള്ളവർക്ക്‌ നിർഭയത്വവും ആശ്വാസവും നൽകി ജീവിക്കാനാണ്‌ ഇസ്ലാം ആവശ്യപ്പെടുന്നത്‌.